TMJ
searchnav-menu
post-thumbnail

Penpoint

യാത്രയുടെ അസാധാരണ വഴികൾ

24 Jul 2022   |   1 min Read
മുരളീധരൻ കരിവെള്ളൂർ

PHOTO: WIKI COMMONS

മാനവ സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളെല്ലാം മഹാനദികളുടെ തീരങ്ങളിലായിരുന്നു. മെസപ്പൊട്ടോമിയൻ-ചൈനീസ്-ഈജിപ്ഷ്യൻ-മൊഹന്‍ജദാരോ സംസ്ക്കാരങ്ങളെ പടുത്തുയർത്തിയ മഹാനദികളാണ് യൂഫ്രട്ടീസ്-ടൈഗ്രീസ്, ഹൊയാങ്ങ് ഹോ-യാങ്ങ് ടി, നൈൽ, സിന്ധു എന്നിവയെല്ലാം. ഇന്ത്യൻ നദികളിൽ പ്രധാനപ്പെട്ടതാണ് തെക്കേ ഇന്ത്യയിലെ കാവേരി. സഹ്യാദ്രി സാനുവിൽ കർണ്ണാടകയിലെ തലക്കാവേരി മുതൽ തമിഴ് നാട്ടിലെ 'കാവേരിപ്പൂം പട്ടണം' എന്നറിയപ്പെടുന്ന ബംഗാൾ ഉൾക്കടൽത്തീരത്തെ പും പുഹാർ വരെയുള്ള കാവേരിയുടെ സുദീർഘമായ അനർഗള പ്രവാഹത്തിനൊപ്പം ഒ.കെ.ജോണി നടത്തിയ അസാധാരണ യാത്രയുടെ പുസ്തകമാണ് 'കാവേരിയോടൊപ്പം എന്റെ യാത്രകൾ'.

മുപ്പത്തിയഞ്ച് അദ്ധ്യായങ്ങളിലായി നാന്നൂറ്റി നാല്പത്തിയേഴ് പുറങ്ങളിൽ പരന്നുകിടക്കുന്ന ഈ പുസ്തകം കാവേരി നദി പോലെ അനർഗള പ്രവാഹമായി വായനക്കാരെ കൂടെക്കൊണ്ടു പോകുന്നു. യാത്രാ വഴികളിൽ അസംഖ്യം ജനപഥങ്ങൾ, പുരാവൃത്തങ്ങൾ, പുരാസ്മാരകങ്ങൾ, ഭക്തിയുടെയും രാഷ്ട്രീയാധികാരത്തിന്റെയും ചിഹ്നങ്ങളായ ദേവാലയങ്ങളും ചരിത്ര സ്മാരകങ്ങളും. ചരിത്രവും പുരാവൃത്തവും തേടിയുള്ള ജോണിയുടെ സഞ്ചാരം അലസഗമനമല്ല. അത് ഒരസാധാരണ യാത്ര തന്നെയാണെന്ന് ഈ പുസ്തകം വായിച്ചു തീരുമ്പോൾ ഏതു വായനക്കാരനും സമ്മതിക്കും. കാവേരി നദി ഒരു സ്ത്രീയാണെന്ന സാമാന്യജനങ്ങളുടെ സങ്കല്പത്തെ പിൻപറ്റി സ്ത്രീപക്ഷ വീക്ഷണത്തിൽ എഴുതിയ പുസ്തകമാണിത്.

ഒമ്പതാം നൂറ്റാണ്ടിലെ വൈഷ്ണവ മിസ്റ്റിക്ക് കവയിത്രിയായ ആണ്ടാൾ, പതിനൊന്നാം നൂറ്റാണ്ടിൽ ഭർത്താവിന്റെ ചിതയിൽ ജീവനോടെ ദഹിപ്പിക്കപ്പെട്ട് മഹാസതിയായി മാറിയ ദെക്കബ്ബെ, പതിനേഴാം നൂറ്റാണ്ടിൽ പുരുഷ സ്വാർത്ഥതയാൽ വേട്ടയാടപ്പെട്ട് കാവേരിയിൽ ആത്മാഹുതി ചെയ്യേണ്ടി വന്ന അലമേലമ്മ, പതിനെട്ടാം നൂറ്റാണ്ടിലെ ദേവദാസിയായ കവയിത്രി മുദ്ദു പളനി, പത്തൊമ്പതാം നൂറ്റാണ്ടിൽ വിക്ടോറിയ മഹാറാണിയുടെ സംരക്ഷണയിൽ വളർന്ന് വിക്ടോറിയൻ സദാചാരത്തെത്തന്നെ വെല്ലുവിളിച്ച കുടക് രാജകുമാരി വിക്ടോറിയ ഗൗരമ്മ, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നർത്തകിയും പാട്ടുകാരിയുമായ തെന്നിന്ത്യയിലെ അവസാനത്തെ പ്രശസ്ത ദേവദാസി വിദ്യാ സുന്ദരി ബംഗ്ലൂർ രത്നമ്മ. ആയിരം വർഷങ്ങളിൽ കാവേരിക്കരയിൽ ജീവിച്ച ഉജ്ജ്വലരായ സ്ത്രീകളുടെ അറിയപ്പെടാത്ത ജീവിതം അനാവരണം ചെയ്യുന്നു ഈ കൃതി.

ഫ്യൂഡൽ വ്യവസ്ഥയുടെ പുരുഷാധിപത്യ പ്രത്യയശാസ്ത്രം മുന്നോട്ടുവെച്ച പ്രാകൃത ദുരാചാരമാണ് സതി. കാവേരിയുടെ പ്രധാന പോഷകനദിയായ കബനിയുടെ തീരഗ്രാമങ്ങൾ മുതൽ കാവേരി കടലിൽ ചേരുന്ന പും പുഹാർ എന്ന പുരാതന തുറമുഖം വരെയും സതി വ്യാപകമായിരുന്നു എന്നതിന്റെ തെളിവായി ആയിരക്കണക്കിന് മാസ്തിക്കല്ലുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. മഹാസതിക്കല്ലുകൾ എന്ന മാസ്തിക്കല്ലുകളെ നോക്കി ഒ.കെ.ജോണി ഇങ്ങനെ എഴുതി:
"ഏതോ നൂറ്റാണ്ടിൽ ആർക്കോ വേണ്ടി ബലിയർപ്പിക്കപ്പെട്ട നിസ്സഹായയായ ഒരു സ്ത്രീയുടെ നിശ്ശബ്ദ നിമന്ത്രണങ്ങളും നിലവിളികളുമാണ്, കാലം പാഴ് ശിലകളായി മാറ്റിയ ഓരോ മാസ്തിക്കല്ലിലും ഉറഞ്ഞുകിടക്കുന്നത്. ലിപിയില്ലാത്ത ഒരു മറുഭാഷയാണത്. "

കാവേരിയുടെ തീരങ്ങളിൽ ഒമ്പതു നൂറ്റാണ്ടുകളായി നിലനിന്ന സതി എന്ന ഉടന്തടിച്ചാട്ടത്തിനിരയായ സ്ത്രീകളിൽ ധനിക-ദരിദ്ര വ്യത്യാസമുണ്ടായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരിയിൽ നടന്ന സതിയുടെ തലേദിവസത്തെ അനുഷ്ഠാനത്തിന് ദൃക്സാക്ഷിയായ ഒരു ഇറ്റാലിയൻ സഞ്ചാരിയുടെ വിവരണം വായിക്കുമ്പോൾ വായനക്കാരൻ നടുങ്ങിപ്പോകും.

ഒരു സന്ധ്യാനേരത്ത് ദെല്ലാവെയ്ല്ലെ എന്ന ഇറ്റാലിയൻ സഞ്ചാരി സതി അനുഷ്ഠിക്കാൻ നിശ്ചയിച്ച വിധവയുടെ വിടവാങ്ങൽ ചടങ്ങിന്റെ ഭാഗമായി നടന്ന നഗരപ്രദക്ഷിണത്തിന് യാദൃച്ഛികമായി സാക്ഷിയായതാണ്.

മുഖംമറയ്ക്കാതെ ഇടം കൈയിലെ വാൽക്കണ്ണാടിയിൽ ദൃഷ്ടികളുറപ്പിച്ച് കുതിരപ്പുറത്തു നീങ്ങുന്ന മുപ്പതുകാരിയായ വിധവയുടെ വലതുകൈ വിരലുകൾക്കിടയിൽ ഒരു ചെറുനാരങ്ങയുണ്ടായിരുന്നു. ഇടയ്ക്കിടെ, സംഭാഷണമോ ഗാനാലാപനമോ എന്നു തിരിച്ചറിയാനാവാത്ത വിലാപസമാനമായൊരു മന്ത്രോച്ചാരണത്തോടെയാണ് സ്ത്രീ – പുരുഷന്മാരുടെയും, ഉച്ചത്തിലുള്ള വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ അവൾ നഗരത്തെ വലംവെച്ചത്. ഭർത്താവിന്റെ മരണത്തിനു ശേഷം തനിക്കായി പ്രത്യേകമുണ്ടാക്കിയ ചിതയിൽ മരിക്കാൻ നിശ്ചയിച്ച വിധവ നാടിനോടും നാട്ടുകാരോടും ലോകത്തോടും വിടപറയാനായി നടത്തുന്ന പ്രദക്ഷിണത്തിനാണ് താൻ സാക്ഷ്യം വഹിക്കുന്നതെന്നറിഞ്ഞ ദെല്ലാവെയ്ല്ലെ; മരണത്തിനു മുൻപേ അവളെ കാണാനെത്തുന്നുണ്ട്. സതിയനുഷ്ഠാനച്ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അദ്ദേഹം ജിയാക്കമ്മയെ അവളുടെ ഭർത്തൃഗൃഹത്തിൽ സന്ദർശിക്കുന്നത്.

കാവേരി നദി , ദെല്ലാവെയ്ല്ലെ | photo: wiki commons

ദെല്ലാവെയ്ല്ലെ എഴുതി:
"വെള്ള വസ്ത്രങ്ങൾ ധരിച്ച് മുടിയിൽ പൂ ചൂടിയ വിധവ വിവാഹവേളയിലെന്ന പോലെ സർവ്വാഭരണ വിഭൂഷിതയായിരുന്നു. നിരവധി സ്വർണ്ണമാലകളും വിലപിടിപ്പുള്ള വളകളും മോതിരങ്ങളും കമ്മലുകളുമണിഞ്ഞ് നടുമുറ്റത്ത് ഒരു നവവധുവിനെപ്പോലെയാണ് അവളിരുന്നത്. ചെണ്ടവാദ്യക്കാരുടെ പശ്ചാത്തല സംഗീതത്തിൽ കൂട്ടുകാരോട് വർത്തമാനം പറഞ്ഞു കൊണ്ടിരുന്ന ആ ഹതഭാഗ്യ, അന്യരാജ്യക്കാരനായ ഒരു സന്ദർശകനെ കണ്ടതോടെ അത്ഭുതാദരങ്ങളോടെ എഴുന്നേറ്റ് അരികിൽ വന്നു.

ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഞങ്ങൾ സംസാരിച്ചത്. ജിയാക്കമ്മ എന്നാണ് പേരെന്നും തെലുങ്കു നാട്ടുകാരിയാണെന്നും അവൾ സ്വയം പരിചയപ്പെടുത്തി. ഭർത്താവ് രാജകൊട്ടാരത്തിലെ ചെണ്ടക്കാരനായിരുന്നു. മക്കളായി ആറോ ഏഴോ വയസ്സു മാത്രമുള്ള ഒരാൺകുട്ടിയേയും ചെറിയൊരു പെൺകുട്ടിയേയും അവളെനിക്കു പരിചയപ്പെടുത്തി. ഭർത്താവിന് ജിയാക്കമ്മയെക്കാൾ പ്രായം കൂടിയ രണ്ടു ഭാര്യമാർ കൂടിയുണ്ട്. സംഭാഷണ വേളയിൽ അവരിരുവരും അടുത്തു തന്നെയുണ്ടായിരുന്നു. ധാരാളം മക്കളുള്ളതുകൊണ്ടാണത്രേ അവർ സതിയനുഷ്ഠിക്കാൻ തയ്യാറാവാത്തത്.

ഇളംപ്രായക്കാരായ സ്വന്തം മക്കൾക്കു വേണ്ടി ജിയാക്കമ്മയും, ഭർത്താവിന്റെ മറ്റു രണ്ടു ഭാര്യമാരെപ്പോലെ ജീവിക്കുകയല്ലേ വേണ്ടെതെന്ന് ചോദിക്കാനും, അവളെ മരണത്തിൽ നിന്നു പിന്തിരിയാൻ പ്രേരിപ്പിക്കാനുമുള്ള അവസരമായിരുന്നു അത്. എന്നാൽ മക്കളെ പരിപാലിക്കുവാൻ തൻ്റെ ഒരമ്മാവൻ സന്നദ്ധനായിട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. പോരാത്തതിന് ഭർത്താവിന്റെ ഭാര്യമാരും അവരെ സ്വന്തം മക്കളെപ്പോലെ സംരക്ഷിക്കും. കുട്ടികൾക്ക് സ്വന്തം അമ്മയോളം വിലപ്പെട്ടതായി വേറൊന്നുമില്ലെന്ന എന്റെ വാദത്തെയും അവൾ മന്ദഹാസത്തോടെ അവഗണിച്ചതേയുള്ളൂ."

ജിയാക്കമ്മയുടെ അവിശ്വസനീയവും വിചിത്രവുമായ മനോഗതി ദെല്ലാവെയ്‌ല്ലെയെ നിരാശനും ദു:ഖിതനുമാക്കി. ഭർത്താവിനോടൊപ്പം ചേരാൻ, അഗ്നിയിൽചാടി മരിക്കാൻ സന്നദ്ധയായ ജിയാക്കമ്മയെ തന്റെ തൂലികയിലൂടെ അനശ്വരയാക്കമെന്ന വാഗ്ദാനത്തോടെയാണ് ആ കൂടിക്കാഴ്ച അവസാനിച്ചത്.

റോമിൽ തിരിച്ചെത്തിയ ദെല്ലാ വെയ്ല്ലെ, ജിയാക്കമ്മയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ അപ്രകാശിത ഗീതകത്തിന്റെ കൈയെഴുത്തുപ്രതി വത്തിക്കാൻ ബിബ്ലിയോത്തെക്കിലാണുള്ളത്. വത്തിക്കാൻ മീഡിയാ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന കവിയും ഇറ്റാലിയൻ സാഹിത്യ പണ്ഡിതനുമായ റെവറന്റ് ഫാദർ വിൻസെന്റ് അറയ്ക്കലാണ് ആ ഗീതകം ഓ.കെ.ജോണിക്കു വേണ്ടി പരിഭാഷപ്പെടുത്തിക്കൊടുത്തത്.

ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ കലാപചരിത്രത്തിലെ സുപ്രധാനമായ രംഗഭൂമിയാണ് ശ്രീരംഗപട്ടണം. മൈസൂരിൽ നിന്ന് പതിനാറു കിലോമീറ്റർ അകലെ കാവേരി രണ്ടായി പിരിഞ്ഞ് ഈ ചരിത്ര ഭൂമിയെ ആശ്ലേഷിക്കുന്നു. 'മൈസൂർ കടുവ ' എന്നറിയപ്പെടുന്ന ടിപ്പു സുൽത്താന്റെയും, പിതാവ് ഹൈദരലിയുടെയും ഉജ്ജ്വലപ്പോരാട്ടങ്ങൾക്ക് സാക്ഷിയായ പ്രദേശമാണിത്. സ്ഥാപിത താല്പര്യക്കാർ ബോധപൂർവ്വം മറച്ചുവെച്ച ടിപ്പുവിന്റെയും ഹൈദരലിയുടെയും അറിയപ്പെടാത്ത ചരിത്രം ശ്രമകരമായ ദൗത്യത്തിലൂടെ ഒ.കെ.ജോണി വെളിച്ചപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ.

ഹൈദരാലി, ടിപ്പു സുല്‍ത്താന്‍ | Photo: wiki commons

ഈസ്റ്റിന്ത്യാ കമ്പനിയുടെ അധിനിവേശ പദ്ധതികൾക്കെതിരെ ഇന്ത്യയിൽ ആദ്യമായി ഏറ്റവും വലിയ ഭീഷണിയുയർത്തിയത് ഹൈദരലിയും ടിപ്പു സുൽത്താനുമാണ് എന്നത് നിസ്തർക്കമായ കാര്യമാണ്. അതുകൊണ്ട് ഇന്ത്യയിലെ തദ്ദേശീയ ഭരണാധികാരികൾക്കെതിരെയുള്ള തങ്ങളുടെ ആക്രമണങ്ങളെ ന്യായീകരിക്കുവാനും ബ്രിട്ടന്റെ സാമ്രാജ്യത്വ താല്പര്യങ്ങളെ സാധൂകരിക്കുവാനും ഹൈദരലിയെയും ടിപ്പു സുൽത്താനെയും ക്രൂരന്മാരായ ഇസ്ലാമിക മതഭ്രാന്തന്മാരായി ചിത്രീകരിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. വെല്ലസ്ലി പ്രഭുവിന്റെ ആശീർവാദത്തോടെയാണ് ബൃഹത്തായ വ്യാജചരിത്ര നിർമ്മിതിക്ക് തുടക്കം കുറിച്ചത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ മൈസൂർ റസിഡണ്ടായ മാർക് വിൽക്സ് രചിച്ച 'മൈസൂർ ചരിത്രം'; ഇന്ത്യയിലും ഇംഗ്ലണ്ടിലുമുണ്ടാക്കിയ കൃത്രിമ രേഖകളുടെ പിൻബലത്തിൽ സൃഷ്ടിച്ചതാണ്. തുടർന്ന് ഇത്തരത്തിലുള്ള നൂറുകണക്കിനു രേഖകളും വ്യാജ ചരിത്രപുസ്തകങ്ങളും അവരുണ്ടാക്കി. മതേതരവാദികളും ആധുനിക കാഴ്ചപ്പാട് പുലർത്തിയ ഭരണാധികാരികളുമായ ടിപ്പു സുൽത്താനെയും ഹൈദരലിയെയും ചരിത്രരേഖകളുടെ പിൻബലത്തിൽ കണ്ടെടുക്കാൻ ജോണി നടത്തിയ പരിശ്രമം ധീരമാണ്.

മനുഷ്യരുടെയും പ്രകൃതിയുടെയും ചിന്തകളും ഭാവങ്ങളും വശ്യമനോഹര ഭാഷയിൽ ആവിഷ്ക്കരിക്കാനുള്ള ഒ.കെ.ജോണിയുടെ വൈഭവം അസാധാരണമാണ്. കൊക്കരെ ബെല്ലൂർ എന്ന പക്ഷി ഗ്രാമത്തെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത് നോക്കുക:
"പടർ പന്തൽപോലുള്ള പുളിമരങ്ങളിൽ പലവിധ പ്രേരണകളാൽ സദാ സജീവമായ പക്ഷികളുടെ നിലയ്ക്കാത്ത കലമ്പലുകളും ചിറകടിയൊച്ചകളുമാണ് കൊക്കരെ ബെല്ലൂരിന്റെ സ്വാഭാവികമായ പശ്ചാത്തല സംഗീതം."

കൊക്കരെ ബെല്ലൂർ ഗ്രാമത്തിലെ പക്ഷികള്‍ | photo: wiki commons

ദേശാടനപ്പക്ഷികളുടെ ഗ്രാമത്തിലെ ദരിദ്ര യുവതി മരംഗിയുടെ വാക്കുകൾ കുറിച്ചിട്ടതിങ്ങനെ:
"കൂടിയാൽ ഒന്നു രണ്ടാഴ്ചയേ ഈ പക്ഷികൾ ഇവിടെയുണ്ടാവൂ. മടക്കയാത്രയ്ക്കു സമയമായി പ്രസവം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് യാത്രയാക്കും പോലെയാണ് ഞങ്ങളിവയെ പറഞ്ഞു വിടുന്നത്. നവംബർ മാസമാകുമ്പോഴേക്കും പുതിയ കൂട്ടുകാരുമൊത്ത് അവരവിടേക്ക് വീണ്ടും വരും. ഓരോ തവണയും തങ്ങൾ സൗഹൃദം സ്ഥാപിച്ച പക്ഷികളെ കൂട്ടത്തിൽ തിരിച്ചറിയാനാവാതെ ഞങ്ങളുടെ മക്കൾ വെറുതെ സങ്കടപ്പെടും. ഈ പക്ഷികളുമായി ഞങ്ങൾക്കുള്ളത് തലമുറകളായി തുടരുന്ന ബന്ധമാണ്. ചിലപ്പോൾ തോന്നും ഇവറ്റകളോടൊപ്പം പേരറിയാത്ത ദൂരദിക്കിലെങ്ങാനും പറന്നുപോകാൻ."

ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത വംശീയ സവിശേഷതകളുള്ള യോദ്ധാക്കളും വേട്ടക്കാരും കർഷകരുമായ ഒരു പ്രത്യേക നരവംശവിഭാഗമാണ് കുടകുമല നിരകളിലെ കൊടവർ. രണ്ടേകാൽ നൂറ്റാണ്ടിലധികം കുടകുഭരിച്ച ഹാലേരി രാജാക്കന്മാരുടെ വിചിത്രസ്വഭാവങ്ങൾ, കുടകു രാജാക്കന്മാരുടെ അംഗരക്ഷകരായ ആഫ്രിക്കൻ സിദ്ദികളുടെ ജീവിതം എന്നിവയെല്ലാം വിശദമാക്കുന്നുണ്ട് ഈ പുസ്തകം.

കാവേരീ തീരങ്ങളിലെ ബുദ്ധ-ജൈന മതങ്ങളുടെ സ്വാധീനം, ആയിരത്താണ്ടോളം തമിഴകത്തിന്റെയും തെന്നിന്ത്യയുടെയും രാഷ്ട്രീയ ഭാഗധേയം നിർണ്ണയിച്ച പുരാതന നഗരമായ തഞ്ചാവൂർ, അനശ്വര സംഗീത പ്രതിഭകളായ ത്യാഗരാജനും ദീക്ഷിതരും നടന്ന വഴികൾ, നടന ഭൂമിയായ ചിദംബരം…. ഈ വീഥികളെല്ലാം പിന്നിട്ട് അലയടിക്കുന്ന ബംഗാൾ ഉൾക്കടലിൽ കാവേരി നദി വിലയം പ്രാപിക്കുന്നു.

കലയും സാഹിത്യവും തത്ത്വചിന്തയും സംഗീതവും കാവേരിയോടൊപ്പമുള്ള യാത്രയിൽ വായനക്കാരന്റെ ഹൃത്തടത്തിൽ എത്തുന്നുണ്ട്. ചാരം മൂടിയ കനലുകൾ ഊതി ജ്വലിപ്പിക്കുകയും ചരിത്രബോധമുള്ളവരായി വായനക്കാരെ മാറ്റുകയും ചെയ്യുന്ന ഈ വേറിട്ട പുസ്തകം ഒരു ദശകത്തിലധികം കാലം ഒ.കെ.ജോണി നടത്തിയ കാവേരി യാത്രയുടെ അർത്ഥവത്തായ പ്രത്യക്ഷമാണ്.

"അനാദിയായ മലകളുടെ രഹസ്യ ഗർഭങ്ങളിൽ നിന്ന് ഒരു മഹാനദി എത്രയും സൗമ്യമായി പൊട്ടിപ്പുറപ്പെടുന്നത് കാണുക അനിർവചനീയമായ അനുഭവം തന്നെയാണ്. കടലിൽ പതിക്കുന്നിടത്തു നിന്ന് തുടങ്ങി ആ നദിയുടെ പ്രയാണ പഥങ്ങളിലെ ദ്രുത - വിളംബിത സ്ഥായികളും സൗമ്യ - രൗദ്രഭാവങ്ങളുമറിഞ്ഞ് പ്രഭവ ബിന്ദുവിലേക്ക് പിറകോട്ടാണ് യാത്രയെങ്കിൽ, വിശേഷിച്ചും… " - 'കാവേരിയോടൊപ്പം എന്റെ യാത്രകൾ ' എന്ന പുസ്തകത്തില ആദ്യ വരികളാണിത്.

തലക്കാവേരി | photo: wiki commons

ബ്രഹ്മഗിരി മലനിരകളിൽ കാവേരിയുടെ ഉത്ഭവസ്ഥാനം കാണിച്ചു കൊടുക്കാൻ ജോണിയെ കൂട്ടിക്കൊണ്ടു പോകുന്ന പ്രകൃത്യുപാസകനായ സ്വാമി ആനന്ദതീർത്ഥയെക്കുറിച്ച് ഈ പുസ്തകത്തിലുള്ള പരാമർശം ശ്രദ്ധേയമാണ്.
സ്വാമിയുടെ വാക്കുകൾ വായിക്കാം:
"ഒഴുകുന്ന ദിക്കിലെല്ലാം പൂജിക്കപ്പെടുന്നുണ്ടെങ്കിലും മനുഷ്യന്റെ മാലിന്യ സ്പർശമേൽക്കാത്ത കാവേരീ തീർത്ഥം ഇതു മാത്രമാണ്. പുണ്യതീർത്ഥങ്ങളും പാപനാശിനികളുമായി വാഴ്ത്തപ്പെടുന്ന കാവേരി ഉൾപ്പെടെയുള്ള നമ്മുടെ നദികളെല്ലാം ഇന്ന് മാലിന്യപ്രവാഹങ്ങളാണ്. സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്ന നദീതടങ്ങൾ പ്രകൃതി വിരുദ്ധ സംസ്ക്കാരത്തിന്റെ വിളനിലങ്ങളായിക്കഴിഞ്ഞു. ആലോചിച്ചാൽ; കാവേരിയുടെ പരിശുദ്ധമായ ഈ ജല പ്രാന്തത്തിൽ ജനിച്ചു വളരാൻ കഴിഞ്ഞതാണ് എന്റെ സൗഭാഗ്യമെന്നു പോലും ചിലപ്പോൾ തോന്നും."

ജോണി എഴുതി:
''പ്രകൃതിധ്വംസനങ്ങൾക്കെതിരെ എൺപതുകളിൽ നടന്ന പരിസ്ഥിതി പ്രവർത്തകരുടെ പശ്ചിമഘട്ട രക്ഷായാത്രയിൽ ആദ്യാവസാനം പങ്കെടുത്ത ഈ വൃദ്ധസന്ന്യാസിക്ക് പ്രകൃതിസംരക്ഷണത്തിലൂടെയുള്ള പ്രകൃതിധ്യാനം തന്നെയാണ് ഈശ്വരപൂജയും.

കുടകിലെ ഹാലേരി രാജാവ് മുന്നൂറ് വർഷം മുൻപ് തലക്കാവേരിയിലെ അനുഷ്ഠാന കർമ്മങ്ങൾക്കായി തെക്കൻ കാനറയിലെ പുത്തൂരിൽ നിന്ന് കൊണ്ടുവന്നു കുടിയിരുത്തിയ തുളു ബ്രാഹ്മണ കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരാണ് എഴുപത്തിരണ്ടുകാരനായ നാരായണാചാർ എന്ന സ്വാമി ആനന്ദ തീർത്ഥ. ബോംബെയിൽ അധ്യാപകനായിരിക്കെയാണ് ഏതോ ഉൾവിളി കേട്ടെന്നോണം ജീവിതാസക്തികളുപേക്ഷിച്ച് നാരായണാ ചാർ സന്ന്യാസം സ്വീകരിച്ചത്. തലക്കാവേരിയിലെയും ഭാഗമണ്ഡലയിലെയും പുരാതന ക്ഷേത്രങ്ങളുടെ പരമ്പരാഗത ട്രസ്റ്റിയും അധ്യക്ഷനുമായ സ്വാമിയുടെ അനുജനാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി.

തലക്കാവേരിയിലെ ക്ഷേത്രത്തിനും തീർത്ഥോദ്ഭവത്തിനും താഴെ മലയിടുക്കിലെ നിരപ്പായ ഒരു ചെറിയ തുറസ്സിലാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വാമിയുടെ കുടുംബ വീട്. ഓടുമേഞ്ഞ ആ മാളിക വീടിന്റെ പരിസരങ്ങളിൽ സ്വാമിയുടെ പൂർവ്വികരുടേതായിരുന്ന ഏതാനും മൺവീടുകളുടെ ജീർണ്ണാവശിഷ്ടങ്ങളുണ്ട്.

2020 ആഗസ്ത് 5 ന് രാത്രി തലക്കാവേരിയിലുണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും സ്വാമി ആനന്ദ തീർത്ഥയും അദ്ദേഹം താമസിച്ച വീടും വീട്ടുകാരും അപ്രത്യക്ഷമായ ദു:ഖകരമായ വാർത്ത ഒ.കെ.ജോണി തന്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചു.
'കാവേരിയോടൊപ്പം എന്റെ യാത്രകൾ' എന്ന പുസ്തകം സ്വാമിക്കു നേരിട്ടു നൽകാൻ തലക്കാവേരിയിൽ പോകാനിരുന്നപ്പോൾ വന്ന അപ്രതീക്ഷിതമായ യാത്രാവിലക്കും, കൊടുക്കാൻ കഴിയാതെ പോയതിലുള്ള സങ്കടവും പങ്കുവെച്ച അദ്ദേഹം ഇങ്ങനെയാണത് അവസാനിപ്പിച്ചത്.
"താനേറെ സ്നേഹിച്ചിരുന്ന കാവേരിയിൽ, അദ്ദേഹം ആരുമറിയാതെ കുടുംബവുമൊത്ത് വിലയം പ്രാപിച്ചിരിക്കാമെന്നു വേണം ഊഹിക്കുവാൻ. സ്വാമി ആനന്ദതീർത്ഥയില്ലാത്ത തലക്കാവേരിയിലേക്ക് ഞാനിനി ഒരിക്കലും പോവുകയുണ്ടാവില്ല."

വായനക്കാരന്റെ ഹൃദയതന്ത്രികളിൽ ചെന്നു തൊടുന്ന ഈ പുസ്തകത്തിന്റെ വായനാനുഭവം അപൂർവ്വാനുഭൂതി പകരുന്നു. അഞ്ഞൂറ്റി ഇരുപതു രൂപ വിലയുള്ള യാത്രയുടെ പുസ്തകം പ്രസിദ്ധീകരിച്ചത് 'മാതൃഭൂമി ബുക്സാ'ണ്.
'കാവേരിയോടൊപ്പം എന്റെ യാത്രകൾ' ഒരുവട്ടം വായിച്ച ഒരാൾ അത് നെഞ്ചോടു ചേർത്തു വയ്ക്കും. ഇതിനകം നിരവധി പതിപ്പുകൾ ഇറങ്ങിയ ഈ പുസ്തകത്തിന്റെ കന്നട പതിപ്പ് കഴിഞ്ഞ വർഷമാണ് വായനക്കാരുടെ കൈകളിലെത്തിയത്.

Leave a comment