TMJ
searchnav-menu
post-thumbnail

Penpoint

തുറുങ്ക് ഭേദിക്കുന്ന പ്രണയ, സ്വാതന്ത്ര്യ ചിന്തകൾ

25 May 2022   |   1 min Read
K A Antony

അദൃശ്യമായ നിയമത്തിനു മുൻപിൽ നിസ്സഹായനായി ഒടുവിൽ മരണം ഏറ്റു വാങ്ങുന്ന ഒരു ചെറുപ്പക്കാരൻ (1), കുരുക്കിന് പാകമായ കഴുത്ത് തേടുന്ന ഭരണകൂടത്തിൽ നിന്നും രക്ഷ തേടി അലയുന്ന ഒരു ഹതഭാഗ്യൻ (2), കഴുത്തിൽ കൊലക്കയറുമായി മരണം കാത്തു നിൽക്കുമ്പോഴും സ്വാതന്ത്ര്യം സ്വപ്നം കാണുന്ന ഒരു മധ്യവയസ്കൻ(3), സ്വന്തം വീട്ടിൽ തടവിലാക്കപ്പെട്ടു കൊടിയ പീഡനത്തിനു വിധേയമാകപ്പെടുന്നയാളുടെ ഷെൽഫിൽ ഇരിക്കുന്ന പുസ്തകങ്ങൾക്ക് മേലെ മൂത്രം ഒഴിച്ചു രസിക്കുന്ന പോലീസുകാർ.... (4)

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടു തുറുങ്കിൽ അടക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി എൻ സായിബാബയുടെ ജയിലിൽ നിന്നുമുള്ള കവിതകളുടെയും കത്തുകളുടെയും സമാഹാരമായ ' Why Do You Fear My Way So Much'? (എന്റെ മാർഗത്തെ നിങ്ങൾ എന്തിന് ഇത്രമാത്രം ഭയപ്പെടുന്നു?) വായിച്ചുകൊണ്ടിരിക്കെ മനസിലേക്ക് ഓടിയെത്തിയ ചില മുഖങ്ങളും ദൃശ്യങ്ങളും ആണ് ഇവ. ഫിക്ഷനും യഥാർഥ്യവും എന്ന വ്യത്യാസം നിലനിൽക്കുമ്പോൾ തന്നെ ഫിക്ഷനിൽ പ്രതിപാദിക്കപ്പെടുന്നതിനു സമാനമായ, അല്ലെങ്കിൽ അതിലും ഭീകരമായ ഒരു അവസ്ഥയിലൂടെയാണ് അഞ്ചാം വയസിൽ പോളിയോ ബാധിച്ചു അരയ്ക്കു താഴോട്ട് തളർന്നു പോയ, വീൽ ചെയറിൽ ജീവിക്കുന്ന ജി എൻ സായിബാബയുടെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ജയിലിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ പറയുന്നത്.

കടുത്ത ശാരീരിക വെല്ലുവിളി നേരിടുന്ന (90 ശതമാനം എന്ന് മെഡിക്കൽ റിപ്പോർട്ടുകൾ ), പൂനെയിലെ അതീവ സുരക്ഷാ ജയിലിലെ കോഴിമുട്ടയുടെ ആകൃതിയിലുള്ള സെല്ലിൽ ചക്ര കസേരയിൽ ഏകാന്ത തടവുജീവിതം തള്ളി നീക്കുന്ന അദ്ദേഹത്തിനു ചികിത്സ നിഷേധിക്കുന്നു എന്ന വാർത്തക്ക് തൊട്ടു പിന്നാലെ പുറത്തു വന്ന മറ്റൊരു വാർത്ത അദ്ദേഹത്തിന്റെ ജയിൽ അറക്കുള്ളിലെ ടോയ്ലറ്റ് പോലും സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിൽ ആണെന്നാണ്‌. കെട്ടിച്ചമച്ച ആരോപണത്തിന്റെ മറവിൽ ഡൽഹിയിലെ വാസസ്ഥലത്തു നിന്നും സായിബാബയെ പോലീസ് അറസ്റ്റ് ചെയ്ത രീതി തന്നെ ആരെയും നടുക്കുന്ന ഒന്നായിരുന്നു.

ഇതിനിടയിൽ തന്നെയാണ് ഡൽഹി സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന രാം ലാൽ ആനന്ദ് കോളേജ് അധികൃതർ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതും. യു എന്നിന്റെ (യുണൈറ്റഡ് നേഷൻസ്) മനുഷ്യാവകാശ ഹൈ കമ്മീഷണർ ഓഫീസ്( OHCHR) നിയോഗിച്ച വിദഗ്ദ സംഘം നിർദ്ദേശിച്ചിട്ടും സായി ബാബയ്ക്ക് വിദഗ്ദ ചികിത്സ നിഷേധിച്ച ഒരു ഭരണകൂടത്തിൽ നിന്നും ഇതിനേക്കാൾ ഹീനമായ പലതും ഇനിയും പ്രതീക്ഷിക്കാം. പ്രത്യേകിച്ചും ജനാധിപത്യം എന്നത് വെറുമൊരു സങ്കല്പം മാത്രമാവുകയും നീതിയും നിയമവുമെല്ലാം നോക്കുകുത്തി ആവുകയും ചെയ്യുന്ന ഒരു ഭരണ സംവിധാനത്തിൽ! 10 പേർ കൊല്ലപ്പെടുകയും 82 പേർക്ക് മാരകമായ പരിക്കേൽക്കുകയും ചെയ്ത 2008 ലെ മലേഗാവ് ബോംബ് സ്ഫോടന കേസിൽ പ്രതിയായ പ്രഗ്യാസിങ് താക്കുറിന് പാർലിമെന്റിലേക്കു മത്സരിക്കാൻ എന്തൊക്കെ ഒത്താശകളാണ് നരേന്ദ്ര മോദി സർക്കാരും ദേശീയ അന്വേഷണ ഏജൻസിയും ചെയ്തു കൊടുത്തതെന്നും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

തടവറയിൽ നിന്നുമുള്ള കവിതകളും കത്തുകളും അടങ്ങുന്ന ജി എൻ സായിബാബയുടെ ' Why Do You Fear My Way So Much? എന്ന സമാഹാരത്തിലേക്കു വന്നാൽ (2022 മെയ് 05 ന് ആയിരുന്നു ഇതിന്റെ പ്രകാശനം) ഒരു മികച്ച ജയിൽ സാഹിത്യം തന്നെയാണ് ഇതെന്ന് നിസംശയം പറയാം. ഭാര്യ വസന്തകുമാരിക്കും തങ്ങളുടെ മകൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ജസ്റ്റിസ് കട്ജുവിനും ഒക്കെയുള്ള കത്തുകളുടെ കൂട്ടത്തിൽ ബുക്കർ പ്രൈസ് ജേതാവ് അരുന്ധതി റോയ്-യുടെ 'The Ministry of Utmost Happiness' എന്ന നോവലിലെ അൻജും എന്ന കഥാപാത്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ഒരു കത്തുമുണ്ട്.

ജി എൻ സായിബാബ |PHOTO: wiki commons

ഭാര്യ എ എസ് വസന്തകുമാരി ജയിലിൽ കഴിയുന്ന സായിബാബയ്ക്ക് എഴുതിയ ഒരു കത്താണ് ഈ സമാഹാരത്തിൽ അവതാരിക ആയി ചേർത്തിട്ടുള്ളത്. ഡൽഹിയിലെ സ്പീക്കിങ് ടൈഗർ ബുക്സ് ആണ് പ്രസാധകർ. അതീവ സുരക്ഷാ ജയിലിലെ ഏകാന്ത കാരാഗൃഹ വാസത്തിനൊപ്പം രോഗപീഡകളാൽ ഉഴലുന്ന തന്റെ ഭർത്താവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആകുലതകൾ പങ്കുവെക്കുന്ന ഒന്നാണ് വസന്തകുമാരിയുടെ കത്ത്." ഒരിക്കൽ നിങ്ങൾ എനിക്കെഴുതുകയുണ്ടായി ഈ അവസ്ഥയിൽ എത്രകാലം തുടരാൻ കഴിയുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന്….ചികിത്സാ നിഷേധം തുടരുന്ന പക്ഷം മറ്റൊരു സ്റ്റൻ സാമിയെ കുറിച്ചുള്ള വാർത്ത കേൾക്കാനിടയുണ്ടെന്ന്. ഈ വാക്കുകളെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എന്റെ മനസ് അത്യന്തം ഇരുണ്ട ഒരിടത്തേക്ക് പോകുകയും വിട്ടുമാറാത്ത ഒരു ഭാരം എന്റെ ഹൃദയത്തിൽ നിറയുകയും ചെയ്യുന്നു. (വസന്തകുമാരിയുടെ കത്തിൽ നിന്ന് ). സായിബാബയുടെ അറസ്റ്റിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി നടത്തിയ വേട്ടയാടലിനെക്കുറിച്ചും മനുഷ്യത്വരഹിതമായ ചെയ്തികളെക്കുറിച്ചും ഇതേ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. " ഒരു മണൽ ചാക്ക് എടുത്തെറിയുന്നതുപോലെ നിങ്ങളെ അവർ വീൽ ചെയറിൽ നിന്നും എടുത്ത് അവരുടെ വലിയ വണ്ടിയിലേക്ക് വലിച്ചെറിഞ്ഞുവെന്നും എഴുപത്തിരണ്ടു മണിക്കൂറിലേറെ നിങ്ങളെ മൂത്രമൊഴിക്കാൻ പോലും അനുവദിച്ചില്ലെന്നും രക്ത സമ്മർദ്ദത്തിനുള്ള അത്യാവശ്യ മരുന്ന് നിഷേധിച്ചുവെന്നും കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി…." -(കത്തിൽ നിന്ന് ).

ഇതേ കത്തിൽ തന്നെ ജയിൽ സന്ദർശന വേളയിൽ ആയാലും കത്തുകളിൽ ആയാലും തങ്ങളുടെ മാതൃഭാഷയായ തെലുങ്ക് സംസാരിക്കാൻ അനുവാദം ഇല്ലെന്നതിനാൽ താൻ അനുഭവിക്കുന്ന കഷ്ടപ്പാടിനെക്കുറിച്ചും വസന്തകുമാരി പറയുന്നുണ്ട്. തന്റെ പ്രിയപ്പെട്ടവൾക്ക് എളുപ്പം മനസിലാവുന്ന ഭാഷ നിഷേധിക്കപ്പെടുന്നതിലുള്ള സങ്കടം ചില കത്തുകളിലൂടെയും " From a World of Forbidden Things ' പോലുള്ള കവിതകളിലൂടെയും സായിബാബയും പങ്കുവെക്കുന്നുണ്ട്.

തന്റെ ദുരിതം നിറഞ്ഞ ജയിൽ ജീവിതത്തേക്കുറിച്ച് പറയുമ്പോഴും വല്ലാത്ത ഒരു ശുഭാപ്ദി വിശ്വാസം പ്രകടമാക്കുന്നുണ്ട് സായിബാബയുടെ കത്തുകളും കവിതകളും. തുറുങ്കിൽ എല്ലു നുറുങ്ങുന്ന വേദന തിന്ന് നരക യാതന അനുഭവിക്കുമ്പോഴും പ്രത്യാശയുടെ കിരണങ്ങൾ ആ മനസ്സിൽ ഒളിമിന്നുന്നുണ്ട്. സ്നേഹത്തെ അറിയുന്ന, അതിനായി കൊതിക്കുന്ന ഒരാളുടെ മനസ് സായിബാബയുടെ ഒട്ടുമിക്ക കവിതകളിലും വായിക്കാൻ കഴിയും. ഈ സ്നേഹം കേവലം ഇന്ദ്രിയമായ ഒന്നല്ല. വാൾട്ട് വിറ്റ്മാന്റെ (Walt Whitman) ഒക്കെ കവിതകളിൽ കാണുന്ന അതീന്ദ്രിയം ആയ ഒന്നാണത്. അതുപോലെ തന്നെ നരക യാതനകളിൽ നിന്നും തന്നെ രക്ഷിക്കണേ എന്ന യാചനയോ ദീന രോദനമോ അല്ല ഈ കവിതകൾ.മറിച്ചു ഒരു രാഷ്ട്രത്തിന്റെയും അതിന്റെ ജനതയുടെയും മനസാക്ഷി തൻ ഭിത്തിമേൽ ആഞ്ഞു പതിക്കുന്ന കുത്തുകളാണവ.

ഭരണകൂടത്തേയും നിയമ സംവിധാനത്തെയും വിമർശിക്കുന്ന കവിതകളും ഇക്കൂട്ടത്തിലുണ്ട്. W B Yeats ന്റെ,' The Second Coming ' നെ അനുസ്മരിപ്പിക്കുന്ന ' A Nightmare in My Dystopian Prison Cell' എന്ന കവിത ഇതിനൊരു നല്ല ഉദാഹരണമാണ്. യേറ്റ്സിന്റെ കവിതയിലെ ഭീകര ജീവിയെപ്പോലെ ചെകുത്താൻ രൂപീയായ സർവ്വ നാശം വിതക്കുന്ന ഒന്നായി ഭരണകൂടം ഇവിടെ ബിംബ കല്പന ചെയ്യപ്പെട്ടിരിക്കുന്നു. ' A True Story of My Heaven and Hell ' എന്ന കവിതയിലും ഭരണകൂടവും നീതി ന്യായ വ്യവസ്ഥയുമൊക്കെ പരിഹസിക്കപ്പെടുന്നുണ്ട്. രോഹിത് വെമുലയുടെ ആത്മഹത്യയും തന്നിലെ എഴുത്തുകാരൻ മരിച്ചുവെന്ന പെരുമാൾ മുരുകന്റെ പ്രഖ്യാപനവും ഹൻസ്ദ സ്വവേന്ദ്ര ശേഖറിന്റെ ' The Adivasi Will not Dance ' എന്ന പുസ്തകത്തിന്റെ നിരോധനവും 'എനിക്ക് സ്വാതന്ത്ര്യം വേണം ' എന്ന് കേരള ഹൈക്കോടതിയിൽ ഹാദിയ എന്ന യുവതി നടത്തിയ പ്രഖ്യാപനവുമൊക്കെ തന്നിൽ ഉളവാക്കിയ വികാരത്തേക്കുറിച്ചുള്ള അതി മനോഹരമായ ഒരു കവിതയാണ് ' Now We Have More Freedoms'.

ഇതേ സമാഹാരത്തിൽ തന്നെ ചേർത്തിട്ടുള്ള 'Preface: Poetry has Carried the Flame of Resistance' എന്ന തന്റെ ലേഖനത്തിൽ പ്രശസ്ത കവയിത്രി മീന കന്തസാമി (Meena Kandasamy) സായിബാബയുടെ കവിതകളെയും ഇങ്ങനെ വിലയിരുത്തുന്നു. അവരുടെ അഭിപ്രായത്തിൽ സായിബാബയുടെ കവിതകൾ ഒരു ഇരയുടെ സാക്ഷ്യവും അതിജീവിതനായ ഒരു സ്വപ്നാടകന്റെ ഡയറി ആയോ ഒരു വിമതന്റെ പോരാട്ടങ്ങളെക്കുറിച്ചുള്ള കാല്പനിക ചിന്തയായോ ക്രൂര ഭരണത്തെക്കുറിച്ച് ഏറ്റവും ലളിതമായ രീതിയിൽ വിവരിക്കാനുള്ള ഒരു അധ്യാപകന്റെ ശ്രമമായോ കാണാം എന്നാണ്. അപ്പോഴും സ്നേഹം അഥവാ പ്രണയം പോലും സായിബാബയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ പ്രൊജക്റ്റ്‌ ആണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് ഉദാഹരണമായി അവർ ചൂണ്ടികാട്ടുന്നത് 'Love Isn't in Shrines' ( സ്നേഹം ആരാധനാലയങ്ങളിൽ അല്ല ) എന്ന സായിബാബ കവിതയാണ്.
"love can be found / neither in shrines nor in Scriptures,/ It can't be achieved /
through yoga or meditation.
Listen to me, O grievers,/
The world of love takes shape/
in your acts of struggle for it."
സ്നേഹം ആരാധനാലയങ്ങളിലൊ വേദപുസ്തകങ്ങളിലൊ കണ്ടെത്താൻ ആവില്ലെന്നും യോഗയിലൂടെയോ ധ്യാനത്തിലൂടെയോ അത്‌ നേടാനാവില്ലെന്നും മറിച്ചു സ്നേഹത്തിന്റെ ലോകം പിറവിയെടുക്കുന്നത് അതിനുവേണ്ടി ഓരോരുത്തരും നടത്തുന്ന പോരാട്ടങ്ങളിലൂടെയാണെന്നാണ് കവി ഉദ്ബോധിപ്പിക്കുന്നത്.

1. The Trial - Franz Kafka

2. ഗോവർദ്ധന്റെ യാത്രകൾ - ആനന്ദ്

3. An Occurrence at Owl Creek Bridge - Ambrose Bierce

4. One for the Road - Harold Pinter.

Leave a comment