TMJ
searchnav-menu
post-thumbnail

Penpoint

അര്‍ജന്റീന; ഫുട്ബോളില്‍ പ്രതിഫലിക്കുന്ന സമൂഹം

31 Oct 2022   |   1 min Read
Dr. Veena Mani

PHOTO: WIKI COMMONS

സ്‌പോർട്‌സ് പഠിക്കാൻ പല വിജ്ഞാനശാഖകളും പല പാതകൾ തെരഞ്ഞെടുക്കാറുണ്ട്. കായിക വിദ്യാഭ്യാസ മേഖല കളിക്കാരുടെ ശരീരമാണ് മുഖ്യമായും പഠനവിഷയമാക്കാറുള്ളത്. ഉയരം, തൂക്കം തുടങ്ങി ശരീരത്തിന്റെ ശക്തിയും വഴക്കവുമനുസരിച്ചു കളിക്കൊത്ത കായികശേഷി നിർണയിക്കാനും ആ ശാഖ പരീക്ഷിക്കാറുണ്ട്. എന്നാൽ നരവംശശാസ്ത്രവും സമൂഹശാസ്ത്രവും കളിക്കാർക്കൊപ്പം തന്നെ, ചിലപ്പോൾ അവരിൽ കൂടുതലായി കാണികളെയും, ആരാധകരെയും കേന്ദ്രീകരിച്ചാണ് പഠനങ്ങൾ നടത്താറുള്ളത്. അത്തരം പഠനങ്ങളിൽ സാമൂഹ്യശാസ്ത്രജ്ഞരെക്കാളും എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ളത് ഒരു വാർത്തയെഴുത്തുകാരനാണ്. പോളിഷ് പ്രസ് ഏജൻസിക്കു വേണ്ടി തെക്കൻ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമടക്കം നിരവധി രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള റെഷാർദ് കപൂഷ്ചീൻസ്‌കി (Ryszard Kapuciski). കപൂഷ്ചീൻസ്‌കിയുടെ 'സോക്കർ വാർ' ഹോണ്ടുറാസിന്റേയും എൽ-സാൽവദോറിന്റേയും ആരാധകർക്കിടയിലെ സംഘർഷം ആഴത്തിൽ അവതരിപ്പിക്കുന്നു.

എന്നാൽ അത്തരം സംഘർഷങ്ങളിലൂടെയല്ലാതെ, ഒരു ആരാധകനെന്ന നിലയിൽ അർജന്റൈൻ പന്തുകളിയും അതിന്റെ ചിത്രവുമെല്ലാം വിവരിക്കുകയാണ്. രാജീവ് രാമചന്ദ്രൻ 'ചെളി പുരളാത്ത പന്ത് ' എന്ന തന്റെ പുസ്തകത്തിലൂടെ. 'ചെളി പുരളാത്ത പന്ത്' ഒരു നീണ്ട ആസ്വാദകക്കുറിപ്പാണ്. പന്തുകളി കാണുമ്പോഴുള്ള അതേരസം തന്നെയാണ് ഒരു ആരാധകൻ അതിനെക്കുറിച്ചു സംസാരിക്കുമ്പോഴും, എഴുതുമ്പോഴും. മറ്റൊരു കളി ആസ്വാദകനുമായി അത് ചർച്ച ചെയ്യുകയാണെങ്കിൽ ആവേശം ഇരട്ടിയാകുന്നു. ഒരു അർജന്റീന ആരാധകന്/ ആരാധികയ്ക്ക് വേണ്ട വകകളൊക്കെ മൂന്ന് ഭാഗങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകത്തിലുണ്ട്. അർജന്റൈൻ കളി പാരമ്പര്യത്തിന്റെ തുടർച്ചകളും ഇടർച്ചകളുമെല്ലാം അവരുടെ കായിക-രാഷ്ട്രീയ ചരിത്രത്തിലൂടെയും മറഡോണ, റിക്വൽമി, മെസ്സി എന്നീ കളിക്കാരിലൂടെയും രാജീവ് വരച്ചിടുന്നു. കളിയും, കളിയിടങ്ങളും മാത്രമല്ല കളിയുടെ വിശാല രാഷ്ട്രീയവും കൂടി ചേർന്നതാണ് ഈ പുസ്തകം. അർജന്റൈൻ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം പിന്നാമ്പുറത്തല്ല രാഷ്ട്രീയം, മറിച്ച് കളിയിലും കളിക്കാരുടെ ശരീരചലനങ്ങളിൽ പോലും അതുണ്ട്. ഗംബീത്തയും ഗ്രൗച്ചോയുമൊക്കെ അർജന്റീനയുടെ കളിയിൽ അന്തർലീനമാകുന്നത്, ഫുട്‌ബോളിൽ ആ സമൂഹം ഒന്നാകെ പ്രതിഫലിക്കുന്നതിനാലാണ്, കളി അവരുടെ മൂല്യങ്ങൾ രൂപപ്പെടുന്ന കാൻവാസ് ആകുന്നതിനാലാണ്.

'ചെളി പുരളാത്ത പന്ത്' നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളിലേക്കാണ്. ഒന്നാമതായി പുസ്തകം പറയുന്നത് ഫുട്‌ബോൾ ആരാധന ഒരു ചെറിയ കളിയല്ലെന്നാണ്. ഫുട്‌ബോൾ ചരിത്രത്തിൽ കളികൾക്കും കളിക്കാർക്കും കഥകൾക്കും ഒരുപക്ഷെ അതിലേറെ ആരാധകർക്കും പങ്കുണ്ട്. കളിയെഴുത്തുകാർ എഴുതുന്നത് ചരിത്രം കൂടിയാണ്.

സാമൂഹ്യശാസ്ത്രത്തിൽ മറ്റു പല മേഖലകളും പഠനവിധേയമാക്കുമ്പോഴും സ്‌പോർട്‌സ് കാലങ്ങളോളം പഠനയോഗ്യമല്ലാത്ത മേഖലായിരുന്നു; എന്നാൽ ഫുട്‌ബോളിനെ കാര്യമായി പഠിക്കുകയും അതേപറ്റി ഗൗരവമായി എഴുതുകയും ചെയ്ത ഒട്ടേറെ പേരെ രാജീവ് ഈ കഥ പറച്ചിലിൽ കൂടെ കൂട്ടിയിട്ടുണ്ട്. എഡ്വാർദോ അർക്കറ്റി, ജോനതൻ വിൽസൺ തുടങ്ങിയവരുടെ എഴുത്തിലൂടെ, വിശേഷിച്ച് ദിനപത്രങ്ങളിലെ കളിയെഴുത്തുകളിലൂടെയാണ് ഇന്ന് നമ്മൾ കാണുന്ന, ആസ്വദിക്കുന്ന അർജന്റൈൻ ഫുടബോൾ നടന്നു വന്ന വഴികൾ ഈ പുസ്തകം അടയാളപ്പെടുത്തുന്നത്.

രണ്ടാമതായി, ഒരു കളിക്കാരനിലൂടെ ഒരു രാജ്യത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും കഥ പറയാമെന്നു ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു, ദ്യോഗോ മറഡോണയുടെ ജീവിതത്തിലൂടെ. ദ്യോഗോയെ കുറിച്ച് പറയുമ്പോൾ രാജീവ് ഒരു തികഞ്ഞ ആരാധകനായി മാറുന്നുണ്ട്. ചരിത്രാഖ്യാനത്തിലും ആ ആവേശം കടന്നുവരുന്നുണ്ട്. ചെഗുവേരയെ മറഡോണ കൈയിൽ പച്ചകുത്തിയത് ഇറ്റലിയിലെ നാപോളിയിൽ ആണ് എന്നുള്ളത് രാഷ്ട്രീയ പ്രാധാന്യമുള്ള വസ്തുതയാണ്. അർജന്റീനയിൽ ചെ ഒരു വില്ലനായിരുന്നപ്പോൾ, ഇറ്റലിയിലെ തൊഴിലാളിപ്രസ്ഥാനങ്ങളിലൂടെ മറഡോണ ചെ-യെ വീണ്ടെടുക്കുകയാണ് ചെയ്തത്. തന്റെ ശരീരത്തിൽ ആ വിപ്ലവകാരിയെ പുനരവതരിപ്പിക്കുമ്പോൾ മറഡോണ താൻ സ്വയം വായിച്ചറിഞ്ഞ ചെയെ ആഘോഷിക്കുകയായിരുന്നു. മറഡോണ കേരളത്തിൽ എത്തിയപ്പോൾ ചെഗുവേരയെ കൂടി സവിശേഷമായി ആഘോഷിക്കാനുള്ള അവസരം കൂടിയായിരുന്നു പലർക്കും എന്നുമോർക്കാവുന്നതാണ്.

ലയണല്‍ മെസ്സി, യുവാന്‍ റോമന്‍ റിക്വില്‍മി

ചെറുപ്പം മുതൽ തന്നെ തന്റെ കളി വീഡിയോയിൽ കാണാനും അത് വിശകലനം ചെയ്യാനും മെസ്സിക്ക് കഴിഞ്ഞിരുന്നു. കൂടാതെ സ്പെയിനിലേക്ക് പറിച്ചു നട്ടതിന്റെ ആനുകൂല്യവും മെസ്സിയുടെ കളിയെ നിർണ്ണയിക്കുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. രാഷ്ട്രത്തോളം വലിയ കളിക്കാരൻ ആയി വളർന്നിട്ടുകൂടി രാഷ്ട്രസ്വത്വം ആഘോഷിക്കാൻ കഴിയാത്ത ശരീരരാഷ്ട്രീയവും പീബെയുടെ പരിണാമം എന്ന അധ്യായത്തിൽ രാജീവ് ചർച്ച ചെയ്യുന്നുണ്ട്.

മൂന്നാമതായി, സാമൂഹ്യസ്ഥിതിക്കൊപ്പം ടെക്നോളജി എങ്ങനെ പന്തുകളിയെ മാറ്റുന്നു എന്നും കുടിയേറ്റങ്ങൾ കളിരീതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ലയണൽ മെസ്സിയെ മുൻ നിർത്തി ചർച്ച ചെയ്യുന്നു. 'കളർ ടീവി വന്ന ശേഷം കപ്പടിച്ചിട്ടുണ്ടോ?' എന്ന ചോദ്യം നാലു കൊല്ലം കൂടുമ്പോൾ മലബാറിലെ ഫ്‌ളക്‌സുകളിൽ വരാറുണ്ടല്ലോ. ആ ചോദ്യം മറ്റൊരു രീതിയിൽ മെസ്സിയുടെ കാര്യത്തിൽ പ്രസക്തമാണ് എന്ന് എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പം മുതൽ തന്നെ തന്റെ കളി വീഡിയോയിൽ കാണാനും അത് വിശകലനം ചെയ്യാനും മെസ്സിക്ക് കഴിഞ്ഞിരുന്നു. കൂടാതെ സ്പെയിനിലേക്ക് പറിച്ചു നട്ടതിന്റെ ആനുകൂല്യവും മെസ്സിയുടെ കളിയെ നിർണ്ണയിക്കുന്നതിൽ നല്ല പങ്കു വഹിച്ചിട്ടുണ്ട്. രാഷ്ട്രത്തോളം വലിയ കളിക്കാരൻ ആയി വളർന്നിട്ടുകൂടി രാഷ്ട്രസ്വത്വം ആഘോഷിക്കാൻ കഴിയാത്ത ശരീരരാഷ്ട്രീയവും പീബെയുടെ പരിണാമം എന്ന അധ്യായത്തിൽ രാജീവ് ചർച്ച ചെയ്യുന്നുണ്ട്. 'നമ്മുടേത്' എന്ന നിലയിൽ ആഘോഷിക്കുന്ന പന്തുകളിക്കാരെ തെരഞ്ഞെടുക്കുന്നതിൽ അതതു ആരാധകകൂട്ടങ്ങൾക്കു വ്യത്യസ്തമായ മാനദണ്ഡങ്ങളുണ്ട്. നമ്മുടെ നാട്ടിലും ഇത് പ്രസക്തമാണ്. ഉദാഹരണത്തിന്, മലബാറിൽ ഒരു കളിക്കാരൻ 'യഥാർത്ഥ' കളിക്കാരനാകണമെങ്കിൽ ഒരേ സമയം ഔദ്യോഗിക പന്തുകളികളിൽ നാടിനെ പ്രതിനിധീകരിക്കുമ്പോൾ തന്നെ, സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത ആളുമായിരിക്കണം. കാലങ്ങളായി സെവൻസ് ഫുട്‌ബോളിനോടുള്ള ഔദ്യോഗിക സംഘടനകളുടെ സമീപനമാണ് ഈ 'അകൽച്ച'യുടെ ഒരു കാരണം. മെസ്സിയുടേയും മറഡോണയുടേയും കാര്യത്തിലെന്ന പോലെ നൈസർഗികമായ കളിസൗന്ദര്യത്തിന്റെ പേരിൽ ഒരു കളിക്കാരനെ സവിശേഷമായി കണക്കാക്കാനും, അതിന്റെ അഭാവത്തിൽ അങ്ങനെ കണക്കാക്കാതിരിക്കാനുമുള്ള സാധ്യത ഇവിടെയുമുണ്ട്.

ഇതൊക്കെ നമ്മളെന്തിനാണ് ചർച്ച ചെയ്യുന്നതെന്ന് കേരളത്തിലെ സെവൻസ് ഫുട്‌ബോൾ കാണുന്ന, കളിക്കുന്ന, പഠിക്കുന്ന ആരും ചോദിക്കില്ല. ഒരു വ്യക്തിയെ ആഘോഷിക്കുമ്പോഴും അത് കൂട്ടായ്മകളെ മറന്നുകൊണ്ടല്ല എന്നാണ് സെവൻസിലൂടെ ഫുട്‌ബോൾ പഠിച്ച തലമുറ നമ്മോടു പറയുന്നത്. പ്രാദേശികമായ സൂക്ഷ്മ ചരിത്രങ്ങൾക്ക് ലോക ഫുട്‌ബോൾ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. അർജന്റീനയുടേയും അവിടുത്തെ ഉൾപ്രദേശങ്ങളുടെയടക്കം ചരിത്രം പറയാതെ, അവിടുത്തെ പന്തുകളി പൂർണ്ണമായും മനസിലാക്കാൻ കഴിയില്ല. അതിനോടൊപ്പം തന്നെ, അധികാരം കയ്യാളുന്നവർ എങ്ങനെ പന്തുകളിയെ ഉപയോഗപ്പെടുത്തിയെന്നതും വിട്ടുകളയാനാവില്ല. ദേശാതിർത്തികൾക്കപ്പുറമുള്ള, ഇത്തരം ചരിത്രസമാനതകൾ ചൂണ്ടിക്കാണിക്കാൻ പന്തുകളികഥകൾക്ക് എളുപ്പത്തിൽ കഴിയുന്നു. ഒരു അർജന്റീന/ മറഡോണ/ മെസ്സി ആരാധകനായിരിക്കെ തന്നെ ഇക്കാര്യങ്ങളെല്ലാം നമ്മെ ഓർമ്മിപ്പിക്കാനായാണ് ചെളി പുരളാത്ത പന്തിനെ രാജീവ് ഉപയോഗിച്ചിരിക്കുന്നത്.

Leave a comment