ഫെയിലോസഫി: പരാജയങ്ങളുടെ പ്രത്യയശാസ്ത്രം
രാവ് കൂടുതല്‍ അന്ധകാരാവൃതമെങ്കില്‍ നക്ഷത്രകാന്തിയ്ക്ക് പകിട്ടേറുമെന്ന് എഴുതിയത് ഡൊസ്റ്റോവ്‌സ്‌കിയാണ്. കൂരിരുളിനുമേലുള്ള താരകാകാശം ആസ്വാദ്യകരം തന്നെ. ഒരു താരകയെ കണ്ട് രാവു മറക്കൂവെന്ന് മലയാളത്തിലെ ഒരു കവിയും എഴുതിയിട്ടുണ്ട്. പരാജയത്തെ സാമ്യവത്ക്കരിയ്ക്കാറുള്ളത് ഇരുളുമായിട്ടാണ്. വ്യക്തിയാണെങ്കിലും സമൂഹമാണെങ്കിലും പരാജയങ്ങള്‍ക്കുമുന്നില്‍ ഇരുളില്‍ വഴിയേതെന്നറിയാത്തതുപോലെ പകച്ചു നിന്നുപോകുന്നതുകൊണ്ടാവണമത്. പക്ഷെ, തിരിച്ചടികളും പരാജയങ്ങളും ജീവിതത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവും പ്രസക്തവും ആക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നതെന്ന് കൂടുതല്‍ ആഴത്തിലേക്കിറങ്ങിയവര്‍ വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവ ഏറെപ്പേരെയും കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കി തീര്‍ക്കും. അന്യവല്‍ക്കരിക്കുകയല്ല, ഓരോരുത്തരേയും ലോകത്തോട് ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നവയാണ്. ഇക്കാര്യം അധികംപേര്‍ക്കും പക്ഷെ, തിരിച്ചടികളിലൂടെ കടന്നുപോകുന്നവേളയില്‍ മനസ്സിലാവുകയില്ലെന്നു മാത്രം. ലോകവുമായുള്ള പരാസ്പര്യത്തിലൂടെ തിരിച്ചടികളെ എങ്ങനെ അതിജീവിക്കാന്‍ സാധിക്കുമെന്ന് സ്വന്തം അനുഭവങ്ങളിലൂടേയും അപരാനുഭവങ്ങളിലൂടേയും ഹൃദ്യമായി വിശദീകരിക്കുന്നു ബ്രിട്ടീഷ് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ എലിസബത്ത് ഡെ(Elizabeth Day) എഴുതിയ ' ഫെയിലോസഫി എ ഹാന്‍ഡ്ബുക് ഫോര്‍ വെന്‍ തിംങ്‌സ് ഗോ റോംങ്'. (Failosophy, A Handbook For When Things Go Wrong)
പരാജയത്തേയും തിരിച്ചടികളേയും വസ്തുനിഷ്ടമായും വ്യക്തിനിഷ്ടമായും തിരിച്ചറിയുക എന്നത് ചരിത്രത്തേയും മനുഷ്യാവസ്ഥയേയും വ്യക്തിസ്വത്വത്തേയും നിര്‍വചിക്കുന്നതില്‍ അതി പ്രധാനമാകുന്നു. വ്യഷ്ടി എന്ന നിലയിലാണെങ്കിലും സമഷ്ടി എന്ന നിലയിലാണെങ്കിലും ഇതപര്യന്തമുള്ള ചരിത്രം അതു തന്നെയാകുന്നു. എതിരുകളോട് ഏറ്റുമുട്ടി ഏറ്റുമുട്ടി മുന്നോട്ടു പോകുന്ന രീതി. കലയിലും സാഹിത്യത്തിലും സംഗീതത്തിലും സംസ്‌ക്കാരത്തിലും ഒക്കെ അതിന്റെ പരിസ്ഫുരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. വ്യക്തി എതിരുകളോട് എതിരിടുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ സര്‍ഗാത്മക രചനകളുടെ ഉദാത്തമായ ഉള്‍ത്തലം തീര്‍ക്കുമ്പോള്‍, മനുഷ്യാവസ്ഥ അപ്പാടെ എതിരുകളെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നത് വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോള്‍ രൂപപ്പെടുന്നതാണ് സമൂഹത്തിന്റെ തലയിലെഴുത്ത് തന്നെ മാറ്റിത്തീര്‍ക്കുന്ന സാമൂഹ്യശാസ്ത്ര-പ്രത്യയശാസ്ത്ര അന്വേഷണങ്ങളും കണ്ടെത്തലുകളും. ഫിലോസഫിയായാലും ഫെയിലോസഫിയായാലും രൂപപ്പെടുന്നത് ഇത്തരത്തില്‍ തന്നെ. അവയിലൊക്കെ നിഴലിച്ച് നില്‍ക്കുന്നത് ഇത്തരം അന്വേഷണപരത തന്നെ. ഇതില്‍ വ്യക്തിതലത്തെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് എലിസബത്ത് ഡെ പരാജയ-അതിജീവന ഉള്‍ത്തലങ്ങളിലേക്കു നടത്തുന്ന സഞ്ചാരം എന്തുകൊണ്ടും സവിശേഷമാകുന്നു.
പരാജയവും തിരിച്ചടികളുമാണ് ഇതുവരെ ലോകത്ത് എഴുതപ്പെട്ട കൃതികളില്‍ ഏറ്റവും അധികം ആവര്‍ത്തിച്ച് വന്ന പ്രമേയം. ഇനി എഴുതപ്പെടാനിരിക്കുന്ന കൃതികളുടെ കാര്യത്തിലും അങ്ങനെതന്നെ ആയിരിക്കണം. പരാജയം മനുഷ്യരെ വല്ലാതെ ഹതാശരാക്കിത്തീര്‍ക്കാറുണ്ട്. ഓരോ ചരിത്ര സന്ധിയിലും വ്യക്തിയും സമൂഹവും ഇപ്രകാരം തട്ടിനില്‍ക്കുന്നതും പതറിനില്‍ക്കുന്നതും അതിനെ അതിജീവീച്ച് മുന്നേറുന്നതും കാണാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ പിന്തുടരുന്ന കൊറോണ സമൂഹശരീരത്തിലും വ്യക്തിശരീരത്തിലും ഏതൊക്കെ തരത്തില്‍ അവശേഷിപ്പുകൾ സൃഷ്ടിച്ചുവെന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്-ഒരു മഹാവ്യാധി എപ്രകാരമാണ് ലോകത്തിന്റെ നട്ടെല്ല് ഒടിക്കുന്നതെന്ന്. പ്ലേഗിന്റെയും മലേറിയയുടേയും ഒക്കെ കാലത്ത് ലോകം ഇത് കണ്ടതാണ്.
പരാജയത്തെക്കുറിച്ചുള്ള ഒരു കൈപ്പുസ്തകമാണ് 'ഫെയിലോസഫി എ ഹാന്‍ഡ്ബുക് ഫോര്‍ വെന്‍ തിംങ്‌സ് ഗോ റോംങ്' എന്നു പറയാം. ഒരു കൈപ്പുസ്തകത്തിന്റെ ഹൃദ്യമായ ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്, പുസ്തക സംവിധാനത്തിലും അത് കാണാം. എന്തിലേക്കാണ് എഴുത്തുകാരി വിരല്‍ ചൂണ്ടുന്നതെന്ന് വളരെ വേഗത്തില്‍ മനസ്സിലാകുന്ന തരത്തിലാണ് അവതരണം. ലോകത്തില്‍ പ്രചാരത്തിലിരിക്കുന്ന പല തത്വചിന്തകളുടേയും അടരുകള്‍ ആവര്‍ത്തിച്ച് കടന്നുവരുന്നു. നാം വായിച്ചും കേട്ടും ശീലിച്ചിട്ടുള്ള പല ചിന്താധാരകളും പ്രത്യക്ഷമാകുന്നു. പോഡ്കാസ്റ്റിന്റെ ഭാഗമായി എലിസബത്ത് ഡെ പല പ്രമുഖരുമായി നടത്തിയിട്ടുള്ള ആശയവിനിമയങ്ങളും കണ്ടെത്തലുകളും പരാജയപഠന( Failosophy)ത്തിന്റെ തന്റെ നിലപാടുകളുടെ സാധൂകരണത്തിന്റെ ഭാഗമായി പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. എഴുത്തുകാരും തത്വചിന്തകരും അഭിനേതാക്കളും പോപ്സ്റ്റാറുകളും ഉള്‍പ്പെടെയുള്ള 23 പേരുടെ അനുഭവങ്ങള്‍ 'പരാജയങ്ങളുടെ നാമാവലി'(Addendum A Catalogue of Failure) എന്ന ശീര്‍ഷകത്തില്‍ പുസ്തകത്തിന്റെ അവസാന ഭാഗമായി ചേര്‍ത്തിട്ടുണ്ട്.
2019ല്‍ ഇറങ്ങിയ 'ഹൗ ടു ഫെയില്‍: എവരിതിംങ് ഐ ഹാവ് ലേണ്‍ഡ് ഫ്രം തിങ്‌സ് ഗോയിംഗ് റോങ്'(How to Fail: Everything I’ve Ever Learned From Things Going Wrong) എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയായി തൊട്ടടുത്ത വര്‍ഷം എഴുതിയതാണ് 150 പുറങ്ങളുള്ള ഫെയിലോസഫി. പരാജയം ഒരുവ്യക്തിയെ നിത്യമായി പങ്കിലമാക്കുന്നുവെന്ന ധാരണയില്‍ നിന്നും പുറത്തുകടക്കാനായാല്‍ തിരിച്ചടികള്‍ നല്‍കുന്ന ആഘാതശേഷി ഇല്ലാതെയാകും എന്നാണവര്‍ പല പുറങ്ങളിലൂടെ പറഞ്ഞുവെയ്ക്കുന്നത്. ഓര്‍മ്മകളില്‍ ഒരു ബാധപോലെ പിന്തുടര്‍ന്ന് ആവര്‍ത്തിച്ച് ആഞ്ഞുകൊത്തി മുറിവേല്‍പ്പിക്കുന്ന അവസ്ഥ ഒഴിച്ചുനിര്‍ത്താനായാല്‍ തിരിച്ചടികള്‍ മറ്റേത് അനുഭവത്തേയും പോലെ തന്നെ കടന്നുപോകല്‍ മാത്രമായിത്തീരുകയും ചെയ്യും. സ്വന്തം ജീവിതം തന്നെ അവര്‍ അതിനായി ഉദാഹരിക്കുന്നുമുണ്ട്.
പരാജയം എന്ന അനുഭവം
തന്റെ തന്നെ പരാജയങ്ങളെക്കുറിച്ച് എലിസബത്ത് ഡെ പുസ്തകത്തിന്റെ ആമുഖത്തില്‍ വിശദമാക്കുന്നുണ്ട്. പരാജയത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റ് ആരംഭിക്കുന്നതിനായി നടത്തിയ ഓരോ തയ്യാറെടുപ്പുകളും തിരിച്ചടികളില്‍ മുട്ടിനില്‍ക്കുകയായിരുന്നു. പോഡ്കാസ്റ്റിനായി തെരഞ്ഞെടുത്ത കാലം, അതിന്റെ ലോഗോ മുതല്‍ ശീര്‍ഷകം വരെ ഒട്ടുമിക്ക കാര്യങ്ങളിലും തനിക്ക് തെറ്റിപ്പോകുകയായിരുന്നുവെന്നവര്‍ പറയുന്നു. എന്തിന്, മതിയായ ഗവേഷണം നടത്തുന്നതില്‍ പോലും പിഴച്ചു. വിവാഹ വസ്ത്രം ഇ ബെയില്‍ ഇട്ട് വിറ്റ് അതില്‍ നിന്നും ലഭിച്ച പണം കൊണ്ടാണ് ആദ്യത്തെ ഏതാനും എപ്പിസോഡുകള്‍ക്കുള്ള പണം കണ്ടെത്തിയത്. ഒന്നും ഉദ്ദേശിച്ചതുപോലെ നടന്നില്ല. പിഴവുകളില്‍ നിന്നും പിഴവുകളിലേയ്ക്കു പോകുന്ന സാഹചര്യത്തില്‍ വന്‍ പരാജയം ഉണ്ടാകുമെന്ന് കരുതിയാണ് പോഡ്കാസ്റ്റിന്റെ അവതരണം നടത്തിയത്. പക്ഷെ അത് അപ്രതീക്ഷിതമായി വലിയ വിജയമായിത്തീര്‍ന്നു. പോഡ്കാസ്റ്റുമാത്രമല്ല, അത് പുസ്തകരൂപത്തില്‍ എത്തിയപ്പോഴും നന്നായി സ്വീകരിക്കപ്പെട്ടു. ഒട്ടേറെ രാജ്യങ്ങളില്‍ അവര്‍ പുസ്തകത്തെ കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തി.
പരാജയോദ്യമങ്ങള്‍ ഓരോ വ്യക്തികളെക്കുറിച്ചും അവരുടെ ചിന്താ-പ്രവര്‍ത്തന രീതികളെക്കുറിച്ചും ഉള്‍ക്കാഴ്ച നല്‍കുന്ന ഒട്ടേറെ വിവരങ്ങള്‍ പകര്‍ന്നുതരുന്നു. അത്തരം അറിവുകളാവട്ടെ, തുടര്‍ജീവിതത്തിന്റെ ഊടും പാവുമാണ്, വ്യക്തിത്വ വികസനത്തിന്റേയും വളര്‍ച്ചയുടേയും അനിവാര്യതയുമാണ്. എലിസബത്ത് ഡെ ചൂണ്ടിക്കാണിക്കുന്നു. ''Most failure can teach us something meaningful about ourselves if we choose to listen and, besides, success tastes all the sweeter if you've fought for it.'' സാധ്യതകളില്‍ നിന്നും സൂചനകളില്‍ നിന്നും ഗ്രഹിക്കാനുള്ള ശേഷിയും സന്നദ്ധതയും ഉണ്ടെങ്കില്‍ ജീവിതം നമ്മളെ എല്ലാം പഠിപ്പിച്ചുകൊള്ളും, തുറവികളുള്ള മനസ്സാകണമെന്നു മാത്രം. പക്ഷെ നാം പോസിറ്റിവിറ്റി പ്രചാരകരുടെ എഴുത്തുകളേയും ചിന്തകളേയും കുറിച്ച് കരുതല്‍ എടുക്കേണ്ടതുണ്ട്. നോര്‍മന്‍ വിന്‍സെന്റ് പീലിനെപ്പോലുള്ളവരും അവരുടെ പിന്മുറക്കാരും ഉഴുതുമുറിച്ച ലോകത്ത് ഗുണാത്മക ചിന്തയുടെ വില്‍പ്പനക്കാരായി ഓരോ നിമിഷവും പ്രത്യക്ഷപ്പെടുന്ന പരശതം ആളുകളുണ്ട്. കണ്ണാടിക്കുമുന്നില്‍ നിന്ന് എല്ലാം ശുഭമായിത്തീരുമെന്ന് ആവര്‍ത്തിച്ചു പഠിപ്പിക്കുന്നവര്‍. അവരുടെ പാഠങ്ങളില്‍ നിന്നും താന്‍ എവിടെയാണ് വിടുതല്‍ നേടുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് എലിസബത്ത് ഡെ മുന്നോട്ട് പോകുന്നത്.
നമ്മുടേത് രൂപപ്പെടുത്തപ്പെട്ട ഉല്‍കൃഷ്ടത( curated perfection) യുടെ കാലമാണെന്ന് എലിസബത്ത് ഡെ പറയുന്നു. ഓരോരുത്തരുടേയും ആഘോഷ കഥാഖ്യാനങ്ങള്‍ അവരവര്‍ തന്നെ ചമയേക്കേണ്ടവയാണെന്ന് സോഷ്യല്‍ മീഡിയയുടെ കാലം ലോകത്തെ പഠിപ്പിച്ചു കഴിഞ്ഞു. ലോകമാകട്ടെ, വിജയകഥകളുടെ ആയുധാഘാതങ്ങള്‍ കൊണ്ടു നിറയ്ക്കപ്പെട്ടതായി തീര്‍ന്നിരിക്കുന്നു. പരാജയത്തെക്കുറിച്ച് പറയുന്നവരെ കേള്‍ക്കാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകാത്തിടത്താണ്, അത് ലജ്ജാകരമായ വിധത്തില്‍ പരസ്യമാക്കപ്പെടുന്ന ലോകത്താണ് നാം ജീവിയ്ക്കുന്നത്. അനുഭവങ്ങളില്‍ നിന്നും അറിവ് ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്നിടത്തോളം, അതെന്താണ് പകര്‍ന്നുതരാന്‍ ശ്രമിക്കുന്നതെന്ന ഉദ്വേഗം ഉള്ളിലുണര്‍ത്താന്‍ സന്നദ്ധരായിത്തീരുന്നിടത്തോളം കാലം തിരിച്ചടികള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയില്ല. പരാജയപ്പെടുകയെന്നാല്‍ വളരുക എന്നുകൂടി ആകുന്നു. '' Embracing failure is embracing growth.''
എന്താണ് പരാജയം?
വിശദീകരിക്കാന്‍ പലപ്പോഴും പ്രയാസമുള്ള അവസ്ഥയാണത്. നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും പദ്ധതികള്‍ക്കും അനുസരിച്ചല്ലാതെ കാര്യങ്ങള്‍ സംഭവിയ്ക്കുന്നതിനെയാണ് സാധാരണഗതിയില്‍ പരാജയം, തിരിച്ചടി എന്നൊക്കെ വിവക്ഷിക്കുന്നത്. പക്ഷെ പദ്ധതികളും കണക്കുകൂട്ടലുകളും എങ്ങനെയുണ്ടായി, ആര് രൂപപ്പെടുത്തി തുടങ്ങിയ ചോദ്യങ്ങള്‍ തുടര്‍ന്നുയരവെ, നമ്മള്‍ കുറച്ചുകുടി വിഷമത്തിലാകുന്നു. വ്യക്തിനിഷ്ഠമായ പ്രശ്‌നത്തിന് വസ്തുനിഷ്ഠമായ പരിഹാരം ആയിട്ടാണ് പദ്ധതികള്‍-plans- രൂപപ്പെടുത്തിയെടുക്കുന്നത്. അതില്‍ തന്നെ വൈരുദ്ധ്യമുണ്ട്. നേരത്തെ രൂപപ്പെടുത്തപ്പെട്ട പദ്ധതികള്‍ക്കൊന്നും ജീവതത്തിലെ ആക്‌സമിക വിപത്തുക്കളെ നേരിടുന്നതിനുള്ള ശേഷി ഉണ്ടാവുകയില്ല. അപ്പോഴാണ് കണക്കുകൂട്ടലുകളൊക്കെ പിഴച്ചുപോവുക. കാരണം, ഓരോ നിമിഷാര്‍ദ്ധത്തിലും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്തില്‍ ടെയിലര്‍ മെയ്ഡായി മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട പദ്ധതികള്‍ ആധിബാധ്യതകള്‍ ആയിത്തീരുക തന്നെ ചെയ്യും. ഇത്തരം പദ്ധതികളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്നവരുടെ പ്രവര്‍ത്തികള്‍ വൃഥാവ്യായാമമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ നാം തയ്യാറാക്കി ശിരസ്സില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതികളുടെ അടരുകള്‍ ഒന്നൊന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചടികളുടെ ആഘാതശേഷി കുറഞ്ഞുവരുന്നതായി കാണാം. തിരിച്ചടികളെ നമുക്ക് വളരെ വേഗത്തില്‍ മനസ്സിലാവുകയും ചെയ്യും.
മറ്റു പല ചിന്തകരും നേരത്തെ പറഞ്ഞുവെച്ചതിനു സമാനമായി, വിജയപരാജയങ്ങളില്‍ സത്യത്തില്‍ മാത്രാഭേദം മാത്രമേയുള്ളുവെന്ന് എലിസബത്ത് ഡെ പറയുന്നു. അതുപോലെ തന്നെയാണ് ആശനിരാശകളും. ഒരേ വസ്തുതകളെ അടിസ്ഥാനപ്പെടുത്ത കഥ രണ്ടു തരത്തില്‍ അവതരിപ്പിക്കപ്പെടുന്നുവെന്ന വ്യത്യാസം മാത്രമേ പ്രത്യാശയും പ്രത്യാശാരാഹിത്യവും തമ്മിലുള്ളു. ഇത് മുന്നില്‍ വെച്ച് ഏഴ് ശീര്‍ഷകങ്ങളില്‍ അവര്‍ പരാജയത്തെ അടുത്തുനിന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.
പരാജയം എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടതെന്ന് എലിസബത്ത് ഡെ പറയുന്നു. പ്രാണവായു പോലെ നമ്മുടെ നിലനില്‍പ്പും അതിജീവനവും സാധ്യമാക്കുന്ന യാഥാര്‍ത്ഥ്യം. ഓരോരുത്തരും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പരാജയം അനുഭവിച്ചവരായിരിക്കും, മുന്നോട്ടുള്ള യാത്രയിലും അതുമായി അഭിമുഖം നില്‍ക്കേണ്ടവരുമായിരിക്കും. പരാജയത്തില്‍ നിന്നും വിടുതല്‍നേടിക്കൊണ്ടൊരു ജീവിതം സാധ്യമല്ലെന്ന തിരിച്ചറിവ് നമ്മളെ സമചിത്തതയോടെ, കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തരാക്കും. പരാജയം എന്ന യാഥാര്‍ത്ഥ്യത്തോട് ചേര്‍ത്തുവെയ്ക്കാന്‍ ശ്രമിക്കുന്ന വികാരങ്ങളാണ് നമ്മളെ മിക്കവാറും കുഴപ്പത്തില്‍ കൊണ്ടുചെന്ന് ചാടിക്കുന്നത്. മറ്റുള്ളവര്‍ നടത്തുന്ന വിധിതീര്‍പ്പാവരുത് പരാജയം. മറ്റുള്ളവര്‍ അവരുടെ വൈകാരിക വൈചാരിക സാംസ്‌കാരിക തലങ്ങളില്‍ നിന്നാണ് നമ്മുടെ ഓരോ പ്രവര്‍ത്തികളെക്കുറിച്ചും വിധി തീര്‍ക്കുന്നതെന്ന ഓര്‍മ്മ വേണം. അത്തരം തീര്‍പ്പുകളുടെ ഇരകളായി ആരും സ്വയം എറിഞ്ഞുകൊടുക്കരുത്. വസ്തുനിഷ്ഠമായി, വിധിതീര്‍പ്പുകളില്ലാതെ, ഭയഭേദങ്ങളില്ലാതെ വൈകാരിക ആധിബാധ്യതകളില്ലാതെ തിരിച്ചടികളെ യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളുക. യാഥാര്‍ത്ഥ്യത്തോട് പുറം തിരിഞ്ഞുനില്‍ക്കുകയും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കടുത്ത അസന്തുഷ്ടിക്ക് ഇരകളാവേണ്ടിവരുന്നത്. പരാജയാനുഭവങ്ങളില്‍ പീഢിതരായി നില്‍ക്കുകയല്ല, തിരിച്ചടികളെ പ്രസാദാത്മകമായി ഉള്‍ക്കൊള്ളുകയും അത്തരം അനുഭവത്തില്‍ നിന്നും അറിവ് നേടുകയും ചെയ്യുക എന്നതാണ് പ്രധാനം.
നമ്മുടെ ചിന്തകള്‍ പലതായിത്തീരാം, അവയെയെല്ലാം ചേതോഹരമാംവിധം ഉള്‍ക്കൊള്ളാന്‍ ആവുക എന്നതാണ് അടുത്തതത്വം. ഒരു സവിശേഷ സാഹചര്യമല്ല, ആ സാഹചര്യത്തെക്കുറിച്ചുള്ള ചിന്തകളും വേവലാതികളുമാണ് അസന്തുഷ്ടിയുടെ പ്രാഥമിക കാരണങ്ങള്‍. ഇത്തരം ചിന്തകളേയും വേവലാതികളേയും ഒഴിച്ചുനിര്‍ത്തി, സ്വന്തം സ്വത്വത്തെ രൂപപ്പെടുത്തണം. ജീവിതത്തിലെ എല്ലാകാര്യങ്ങളും വിധിയാംവണ്ണം നിര്‍വഹിക്കലാണ് അസ്തിത്വത്തിന്റെ സാരമെന്ന് ബോധ്യപ്പെട്ട് ജീവിക്കേണ്ടി വരിക. ലോകാംഗീകാരം നേടിക്കൊണ്ടുള്ള ജീവിതമെന്ന തീം പാര്‍ക്ക് അനുഭവത്തിലേക്കുള്ള പ്രവേശനത്തിനു ഒരു വ്യക്തി ഒടുക്കേണ്ടിവരുന്ന ഫീസാണത്. പക്ഷെ ഇത്തരം അംഗീകാരങ്ങളെല്ലാം താത്ക്കാലികങ്ങള്‍ മാത്രം. ഒരു വ്യക്തി എങ്ങനെ ആയിത്തീരണമെന്ന ബാഹ്യമായ ആശയതലത്തെ- പുറം ലോകം അടിച്ചേല്‍പ്പിക്കുന്ന വാര്‍പ്പ് രൂപങ്ങള്‍- അപനിര്‍മിക്കാന്‍ സാധിക്കുന്നതോടെ ഓരോരുത്തരും അപര ലോകത്തില്‍നിന്നും വിടുതല്‍ നേടുകയും സ്വന്തം ആശയതലത്തെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തരാകുകയും ചെയ്യും. ലോകം ആഗ്രഹിക്കുന്ന ഒരാളാകാന്‍ ശ്രമിക്കാതെ അവനവനായിത്തീരാന്‍ ഈ വിടുതല്‍ സഹായിക്കും.
നമ്മളില്‍ പലരും യൗവ്വനകാലാരംഭത്തെക്കുറിച്ച് ഏറെ വ്യാകുലതകള്‍ ഉള്ളവരായിരിക്കും. ഭൂതകാലത്തിലേക്ക് ഉറ്റുനോക്കി ഇരുപതികളില്‍ വല്ലാതെ പരാജയപ്പെട്ടുപോയി എന്നു വിഷമിക്കുന്നവരെ ധാരാളമായി കാണാം. ഇത്തരത്തിലുള്ള പിന്തിരിഞ്ഞുനോട്ടങ്ങള്‍ നമ്മളെ വിഷമത്തിലാക്കുക തന്നെ ചെയ്യും. അതുപോലെ തന്നെയാണ് പിരിഞ്ഞുപോക്കുകളും. അത് തൊഴിലിലും പ്രണയത്തിലും കുടുംബ ജീവിതത്തിലും സൗഹൃദങ്ങളിലും മറ്റ് തരത്തിലുള്ള ബന്ധങ്ങളിലുമൊക്കെ തീര്‍ത്തും സാധാരണമാണ്. അവ സ്വ ജീവിതത്തിലെ പരാജയങ്ങളായി കണക്കിലെടുക്കുകയും അതേക്കുറിച്ച് നിരന്തരം വേവലാതിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. എല്ലാം വന്നുപോയിക്കൊള്ളട്ടെ എന്ന മനോഗതിയിലേക്ക് എത്തിച്ചേരാന്‍ കഴിയണം. ഒന്നും സ്ഥിരതയാര്‍ന്നതല്ലെന്ന തിരിച്ചറിവും അനിവാര്യമാകുന്നു. അന്തമില്ലാത്ത സാധ്യതകള്‍ നമുക്കുചുറ്റുമുണ്ട്. ഒന്നു കൈവിട്ടുപോകുമ്പോള്‍ എണ്ണമില്ലാത്ത അവസരങ്ങളാണ് മുന്നില്‍ നില്‍ക്കുന്നതെന്ന ഓര്‍മ്മ വേണം. കണിശമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം.
ഓരോരുത്തരും ജീവിതത്തിലേക്ക് എത്തുന്നത് സവിശേഷതയാര്‍ന്ന ഒരു ദൗത്യവുമായിട്ടാണെന്ന് തത്വചിന്തകനായ അലൈന്‍ ദെ ബോട്ടണെ ഉദ്ധരിച്ചുകൊണ്ട് എലിസബത്ത് ഡെ ഓര്‍മ്മിപ്പിക്കുന്നു. ആ ദൗത്യത്തിനുശേഷം അവര്‍ കടന്നുപോകുന്നു. മനോഹരമായ വസന്തകാലത്തിന്റെ ഓര്‍മ്മപോലെ അതിനെ അനുയാത്ര ചെയ്യുകയാണ് വേണ്ടത്. അല്ലാതെ പട്ടുപോയ ബന്ധത്തെക്കുറിച്ചോര്‍ത്ത് ഉറക്കം നഷ്ടപ്പെടുത്തുകയല്ല. ഒരു ബന്ധം അവസാനിച്ചുവെന്ന് പറഞ്ഞാല്‍ അത് പരാജയപ്പെട്ടുവെന്നല്ല അര്‍ത്ഥം. ഒരുവേള, അത് അവസാനിച്ചുവെന്നതുകൊണ്ടു മാത്രമാകാം ഒരാളുടെ ജീവിതം വിജയകരമായിത്തീരുന്നതും. ആര്‍ക്കും ആരേയും തള്ളിക്കളയാം. ഒരാള്‍ തള്ളിക്കളഞ്ഞുവെന്നതിനര്‍ത്ഥം അപരന്‍ മോശമാണെന്നതല്ല, ആ ബന്ധത്തില്‍ ചേര്‍ന്നുപോകുന്നയാളല്ലെന്നാണ്. ഓരോ വഴിപിരിയലിനും അതിന്റെതായ മൂല്യമുണ്ട്. അല്ലാതെ നമ്മളില്‍ ഏറെപ്പേരും കരുതുന്നതുപോലെ വിട്ടുപോക്ക് ദുരന്തമല്ല.
പരാജയം സംഭവിക്കുമ്പോള്‍ ലോകം നമ്മളെ ഒന്നിനും കൊള്ളാത്തവരെന്ന് പറയുമോയെന്ന ഭീതിയിലകപ്പെട്ടുപോകുന്നവരാണ് ഏറെപ്പേരും. തിരിച്ചടികളല്ല അവയോടുള്ള നമ്മുടെ പ്രതികരണങ്ങളുടെ സ്വഭാവമാണ് പ്രസക്തമാകുക. പ്രതിസന്ധികളിലൂടെ കടന്നുപോകമ്പോള്‍ ഭീതിയും അഹംബോധവും മാറ്റിവെച്ച് കാര്യങ്ങള്‍ കാണാനായാല്‍ എന്തിന്റെ അഭാവത്തിലാണ് ആ തിരിച്ചടി സംഭവിച്ചതെന്ന തെളിമയോടെയുള്ള കാഴ്ച ലഭിക്കും. അതോടെ അതിജീവനത്തിനുള്ള വഴി വ്യക്തമാവുകയും ചെയ്യും. ഭാവിയെക്കുറിച്ചുള്ള വലിയ കണക്കുകൂട്ടലുകളും പദ്ധതികളും തയ്യാറാക്കി അതനുസരിച്ച് കാര്യങ്ങള്‍ നടക്കാതെ പോകുമ്പോള്‍ എല്ലാം തുലഞ്ഞുവെന്ന് വിലപിക്കുകയല്ല വേണ്ടത്. ഭാവിയിലല്ല, വര്‍ത്തമാന കാലത്തിലാണ് പാദമൂന്നേണ്ടതെന്ന് തിരിച്ചറിയുകയാണ്. നാളേയ്ക്ക് വേണ്ടി കണക്കുകൂട്ടി ഇക്കാലത്തെ നഷ്ടപ്പെടുത്താതെ, മുന്നിലുള്ള വഴികളില്‍ ശ്രദ്ധാപൂര്‍വ്വം കാലടികള്‍ വെയ്ക്കുക. ഇനിയും സംഭവിച്ചിട്ടില്ലാത്ത ഒന്നിനെക്കുറിച്ചുള്ള വേവലാതികളാണ് നിങ്ങളെ ബാധിച്ചിട്ടുള്ളതെന്ന ചിന്തതന്നെയാവണം ഭാവിയെക്കുറിച്ചുള്ള ഭീതി വെടിയാനുള്ള ഏറ്റവും ലളിതമായ സാധന. പരാജയത്തെ മുഖാമുഖം കാണാനുള്ള കരുത്ത് നേടിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. താന്‍ ഏത് നിമിഷവും കാലിടറിപ്പോകാമെന്നും വീഴ്ചയില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിജീവിക്കാനുള്ള ആര്‍ജ്ജവം നേടിയെടുക്കാനാവുമെന്ന ആത്മവിശ്വാസം സത്യസന്ധവും ആധികാരികവുമായ ജീവിതത്തിന് ഓരോ വ്യക്തിയേയും പ്രാപ്തരാക്കുക തന്നെ ചെയ്യുമെന്നും എലിസബത്ത് ഡെ ചൂണ്ടിക്കാട്ടുന്നു.
താന്‍ രചിച്ചത് ഒരു തത്വവിചാരഗ്രന്ഥമല്ലെന്ന് അവര്‍ പുസ്തകത്തിന്റെ അവസാന അധ്യായങ്ങളില്‍ ഒന്നില്‍ വിശദീകരിക്കുന്നു. കുറെ പ്രമുഖര്‍ നല്‍കിയ ഉള്‍ക്കാഴ്ചകള്‍ സ്വന്തം അനുഭവത്തോടു ചേര്‍ത്തുവെന്ന് പരാജയം എന്ന അനുഭവത്തെ മനസ്സിലാക്കാനും അതിനെ സമ്യക്കായി ഉള്‍ക്കൊള്ളാനും വിശദീകരിക്കാനുമാണ് ശ്രമിച്ചതെന്നും കൂട്ടിച്ചേര്‍ക്കുന്നു. നമുക്ക് പരാജയപ്പെടുകയും പ്രശാന്തമായി ജീവിയ്ക്കുകയുമാകാം (We can fail, and still be at peace). ജീവിതത്തെ സുഖകരമെന്നോ അസുഖകരമെന്നോ വിലയിരുത്താന്‍ ആവില്ല, പ്രശാന്തതയോടെ സ്വീകരിയ്‌ക്കേണ്ട ആശ്ചര്യകരമാം വിധം ഭിന്നാനുഭവങ്ങള്‍ ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണത്. (Life is neither wholly good nor wholly bad, but a miraculous collage of myriad different experiences which we can strive to meet equally with grace. )
നന്നായി പരാജയപ്പെടാന്‍ ശീലിക്കുകയാണ് വേണ്ടത്. ആദ്യം ഇത് വിഷമകരമായി തോന്നും. പക്ഷെ തോല്‍ക്കാന്‍ പഠിച്ചാല്‍ വിജയിക്കാന്‍ ആവും. തിരിച്ചടികള്‍ ഓരോ വ്യക്തികളേയും സ്വയം കണ്ടെത്താന്‍ സഹായിക്കും. നമ്മളാരെന്ന് അത് നിരന്തരം പഠിപ്പിച്ചുകൊണ്ടേയിരിക്കും. വേവലാതിപ്പെടേണ്ട ഒന്നേ അല്ല പരാജയം. തിരിച്ചടികള്‍ എന്റെ സൃഷ്ടിയാണ്, നിങ്ങളുടേയും. എലിസബത്ത് ഡെ ചൂണ്ടിക്കാട്ടുന്നു.
ഒരു വൈയക്തിക അതിജീവന വഴികാട്ടി പുസ്തകത്തിനപ്പുറത്തേയ്ക്കുള്ള സാമൂഹ്യ സാമ്പത്തിക ഘടകങ്ങളേയും തലങ്ങളേയും പരിശോധിക്കുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പരിമിതി. വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ തിരുത്തപ്പെടുന്നതോടെ പ്രതിസന്ധികളെ അതിജീവിയ്ക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കപ്പെടുന്നുവെന്ന വ്യക്തിവാദ ചിന്തയാണ് എഴുത്തുകാരിയെ നയിക്കുന്നത്. വ്യക്തിമനശാസ്ത്ര ബന്ധിയായ കൈപ്പുസ്തകം എഴുതുമ്പോള്‍ അത്തരം തലത്തിന് ഊന്നല്‍ വന്നുചേരുക സ്വാഭാവികമാണ്. പക്ഷെ സാമുഹ്യജനകങ്ങളായ പ്രശ്‌നങ്ങളിലേയ്ക്ക് പരിശോധന നീണ്ടിരുന്നുവെങ്കില്‍ ഈ പുസ്തകത്തിന് കൈവരുന്ന മാനം വളരെ വിപുലമായിരുന്നുവെന്ന കാര്യം സൂചിപ്പിക്കാതെ ഇരിക്കാനാവില്ല.
അവലംബം:
Failosophy ( A Handbook For When Things Go Wrong)-Elizabeth Day, 4th Estate, An imprint of Harper Collins Publishers, London