TMJ
searchnav-menu
post-thumbnail

Penpoint

ആഭ്യന്തര കലാപങ്ങളുടെ ചരിത്രവും വർത്തമാനവും

06 May 2022   |   1 min Read
K A Antony

PHOTO: WIKI COMMONS

"നാം നമ്മുടെ നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുകയാണ്. നമ്മുടെ വൈവിധ്യത്തിൽ ഒരു പരസ്പരവിരുദ്ധതയും നമുക്ക് കാണാൻ കഴിയുന്നില്ല, പകരം അതിൽ ഐക്യത്തിന്റെ ശക്തമായ ഒരു നൂലിഴയാണ് കാണാനാകുന്നത്. വൈവിധ്യത്തിന്റെ ആഘോഷം, വൈവിധ്യത്തിന്റെ ഉത്സവം ശരിക്കും നമ്മുടെ ഹൃദയത്തിലെ ഐക്യത്തിന്റെ തന്ത്രികളെയാണ് സ്പർശിക്കുന്നത്" - ഗുജറാത്തിലെ കെവാഡിയയിൽ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മശതാബ്‌ദി ആഘോഷത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഏകതാ ദിവസ് പ്രസംഗത്തിൽ നിന്നുള്ളതാണിത്. 'നാനാത്വത്തിൽ ഏകത്വം' എന്ന ഏറെ പാടിപ്പഴകിയ ഒരു വിശേഷണം എത്ര സമർത്ഥമായാണ് നമ്മുടെ ഭരണാധികാരികൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നത് എന്ന് കാണിക്കുന്നതിനുവേണ്ടിയാണ് മോദിയുടെ പ്രസംഗത്തിൽ നിന്നുള്ള ഈ വരികൾ ഇവിടെ ഉദ്ധരിച്ചത്.

എന്നാൽ പ്രശസ്ത ചിന്തകനും ചരിത്രകാരനുമായ പെറി ആൻഡേഴ്സൺ (Perry Anderson) പറഞ്ഞതുപോലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു സാംസ്കാരിക പൈതൃകത്താൽ കോർത്തിണക്കപ്പെട്ട ഒരു ജനത, രാഷ്ട്രം എന്നൊക്കെ ഇന്ത്യയെക്കുറിച്ചു അവകാശപ്പെടുന്നത് ഒരു വലിയ വിഡ്ഡിത്തം ആയിരിക്കും എന്നിടത്തേക്കാണ് യഥാർത്ഥ ഇന്ത്യൻ അവസ്ഥ എത്തിനിൽക്കുന്നത്. മോദി ഭരണത്തിനുകീഴിൽ കാര്യങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണമാവുകയാണ്. പൗരത്വ ബില്ലും ഏക സിവിൽ കോഡും മാത്രമല്ല, ഭക്ഷണ, വസ്ത്ര സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റവും വ്യാജ ചരിത്ര നിർമിതിയും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള തീവ്ര ശ്രമവുമൊക്കെ ഈ സങ്കീർണതയുടെ ആഴവും പരപ്പും വർധിപ്പിക്കുകയാണ്. മോദി-അമിത്ഷാ ദ്വന്ദ നേതൃത്വം നൽകുന്ന ഫാസിസ്റ്റു ഭരണത്തിൽ ഇന്ത്യയുടെ ഭാവി തന്നെ ഒരു വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.

ഇന്ത്യൻ അവസ്ഥ അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്ന, അത്യന്തം ഭീതിതമായ ഈ ഘട്ടത്തിൽ കൊളോണിയൽ കാലഘട്ടത്തിലും അതിനു മുൻപും ശേഷവുമുള്ള ഇന്ത്യയെ ആഴത്തിൽ മനസ്സിലാക്കാൻ ഉതകുന്ന ഒരു പഠന ഗ്രന്ഥമാണ് മാധ്യമ പ്രവർത്തകനായ എൻ കെ ഭൂപേഷ് രചിച്ച "ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ". ഡി സി ബുക്‌സാണ് പ്രസാധകർ. കേവലം ഒരു ചരിത്ര പുസ്തകം എന്നതിലുപരി ഗഹനമായ രാഷ്ട്രീയ വായനക്ക് ഉതകുന്ന ഒന്ന് തന്നെയാണ് ഭൂപേഷിന്റെ ഈ പഠന ഗ്രന്ഥം.

മതേതര ആശയങ്ങളെ അംഗീകരിക്കാത്ത, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആശയങ്ങളും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും ഇതിന്റെ പരിധിയിൽ വരേണ്ടതാണെന്ന വാദത്തോട് യോജിക്കുന്ന ആൾത്തന്നെയാണ് ഈ ലേഖകൻ.

photo: wiki commons

വ്യത്യസ്ത ദേശീയതകളും ഉപദേശീയതകളും മാത്രമല്ല മതവും ജാതിയും ഭിന്നങ്ങളായ രാഷ്ട്രീയ ചിന്താധാരകളും ഭരണാധികാരികളുടെ വലിയ പിഴവുകളും ഇന്ത്യയുടെ ഭൂത-വർത്തമാന കാലത്തെ കലുഷിതമാക്കുന്നതിൽ വഹിച്ച പങ്കുകൂടി ഇവിടെ കൃത്യമായി അനാവരണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. " കാശ്മീർ", “കശ്മീർ ആഗസ്ത് അഞ്ചിനുശേഷം", "ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം 'പുതിയ' കാശ്മീരിൽ " എന്നിങ്ങനെ മൂന്ന് അധ്യായങ്ങളിലൂടെ പഴയ കാശ്മീരിനെയും പുതിയ കാശ്മീരിനെയും കൃത്യവും വ്യക്തവുമായി അവതരിപ്പിക്കുന്നു ഗ്രന്ഥകാരൻ. പിന്നാലെയുള്ള അധ്യായങ്ങളിൽ അസം, മണിപ്പൂർ, മിസോറാം, നാഗാലാ‌ൻഡ്, ത്രിപുര തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ദേശീയ വാദ മുന്നേറ്റങ്ങളും അസമിലെ പൗരത്വ രജിസ്റ്റർ പ്രശ്‌നവും പഞ്ചാബിലെ ഖാലിസ്ഥാൻ വാദവും തമിഴ്‌നാട്ടിലെ ദ്രാവിഡ വാദവും തെലുങ്കാനയിലെ വസന്തത്തിന്റെ ഇടിമുഴക്കവും ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുമൊക്കെ ഏതാണ്ട് വിശദമായി തന്നെ പഠനവിധേയമാക്കപ്പെടുന്നുണ്ട്.

തന്റെ പഠനത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട ചെറുതും വലുതുമായ ചില സംഘടനകളും അവയുടെ പ്രവർത്തനങ്ങളും ഉണ്ടെന്ന് ഭൂപേഷ് ആമുഖത്തിൽ പറയുന്നുണ്ട് . ഗ്രന്ഥകാരന്റെ കുറിപ്പിൽ നിന്ന് : "ഇന്ത്യ ഇന്നത്തെ നിലയിലുള്ള ഒരു രാജ്യമായി രൂപീകരിക്കപ്പെട്ടതിനു ശേഷം, അതിന്റെ അടിസ്ഥാനമായിരിക്കുന്ന രാഷ്ട്രഘടനയെ വെല്ലുവിളിച്ചു രംഗത്തുവന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ഉൾപ്പെടുത്തേണ്ടതെന്നു ന്യായമായും വാദിക്കാവുന്ന ചില സംഘടനകൾ ഉണ്ട്. മതേതര ആശയങ്ങളെ അംഗീകരിക്കാത്ത, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആശയങ്ങളും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളും ഇതിന്റെ പരിധിയിൽ വരേണ്ടതാണെന്ന വാദത്തോട് യോജിക്കുന്ന ആൾത്തന്നെയാണ് ഈ ലേഖകൻ. അതുപക്ഷേ, കൂടുതൽ വിശദമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ചെറുതും വലുതുമായ നിരവധി സംഘടനകളാണ് അത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം നടന്ന വിവിധ വർഗീയ കലാപങ്ങളും ഇതിന്റെ പരിധിയിൽ വന്നിട്ടില്ല. എല്ലാ വർഗീയ കലാപങ്ങളും അടിസ്ഥാനപരമായി ഇന്ത്യൻ മതേതര സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പൊതുവിൽ പറയാമെങ്കിലും ഓരോന്നിനും ഓരോ സവിശേഷമായ കാരണങ്ങൾ കണ്ടെത്താൻ കഴിയും. അവ ക്രമസമാധാന പ്രശ്നം കൂടിയാണ്. ഒരു തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ നടത്തപ്പെടുന്ന കലാപങ്ങൾ മുതൽ വംശഹത്യ ലക്ഷ്യമാക്കി അരങ്ങേറിയ കൂട്ടക്കൊലകൾ വരെ അതിന്റെ ഭാഗമാണ്. ഈ പുസ്തകത്തിൽ വിശദീകരിക്കാൻ ശ്രമിച്ച സംഭവങ്ങളിൽ നിന്നും അടിസ്ഥാനപരമായിതന്നെ വ്യത്യസ്തമായ സംഭാവനകളാണ് ഇതെന്നതുകൊണ്ടുതന്നെ ഇതിന്റെ ഭാഗമാക്കിയിട്ടില്ല."

ഗ്രന്ഥകാരന്റെ ഈ വാദം പൂർണമായും തള്ളിക്കളയുന്നില്ല. അതേസമയം തന്നെ ഒരു പക്ഷെ വംശഹത്യ അടക്കമുള്ള വിഷയങ്ങൾകൂടി ഈ പുസ്തകത്തിന്റെ ഭാഗമായിരുന്നുവെങ്കിൽ കൂടുതൽ നന്നായിരുന്നു എന്ന് പറയാതെയും വയ്യ. എന്തായാലും ഒഴിവാക്കിയ കലാപങ്ങളെക്കുറിച്ചും അവയ്ക്കുപിന്നിലെ ശക്തികളെക്കുറിച്ചും അവരുടെ ഗൂഢലക്ഷ്യങ്ങളെക്കുറിച്ചുമൊക്കെയുള്ള ഒരു പഠനം അധികം വൈകാതെതന്നെ മറ്റൊരു പുസ്തകമായി ഗ്രന്ഥകാരനിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

Leave a comment