TMJ
searchnav-menu
post-thumbnail

Penpoint

റാക്കിന്റെ വീര്യമുറ്റുന്ന 'പൊനം'

06 Sep 2022   |   1 min Read
വിനീഷ് കെ എന്‍

PHOTO: WIKI COMMONS

‘ബോംബിന് ആളെ തിരിയൂല.അത് വേണ്ടുന്നോനേം വേണ്ടാത്തൊനേം കാണും. പക്ഷെ തോക്കിനു കണ്ണും ചെവിടും ഇണ്ട്. അത് പരിചയുള്ളോനെ മാത്രേ കാണൂ. വേണ്ടാത്ത ഒരുത്തനും ഇന്നോളം ഈട ചത്തിറ്റ്ല്ല. ഇത് തോക്കിന്റെ നാടാന്ന്.’

യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ എൻ പ്രശാന്തിന്റെ ആദ്യ നോവലായ ‘പൊനം’ ആരംഭിക്കുന്നതിങ്ങനെയാണ്. കരിയനെന്ന വൃദ്ധനാണാദ്യം കരിമ്പുനത്തെ കഥ പറഞ്ഞു തുടങ്ങുന്നത്. കഥയുടെ വന്യമായ ഭൂമികയിലേക്ക് നമ്മൾ കയറിക്കഴിഞ്ഞാൽ നാട്ടു നിയമങ്ങൾ ബാധകമല്ലാത്ത ദേശമായി കരിമ്പുനം അത്ഭുതപ്പെടുത്തും. പട്ടണങ്ങളോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലുള്ള ജനങ്ങളെപ്പോലെയല്ലാതെ, ആ അതിർത്തി ഗ്രാമത്തിലെ ജനങ്ങൾ കാമത്തെയും പകയേയും പരസ്യമാക്കും. ചിരുതയെന്ന കരിമ്പുനത്തിന്റെ കാമനകളെ അടക്കുന്ന സ്ത്രീയുടെ തിരോധനത്തെ പ്രാകുന്ന, അവളെ ഭർത്താക്കന്മാർക്ക് വേണ്ടി തേടിപോകുന്ന ഭാര്യമാരെ നമുക്ക് ഈ കഥയിൽ കാണാം. ഇവിടെ ജീവിതത്തിൽ ഒളിച്ചു കളികളില്ല. നേരിട്ടാണ് എല്ലാ യുദ്ധങ്ങളും. അതിനാൽ ശിക്ഷകളും മാരകമായ പ്രഹര ശേഷിയുള്ളതാണ്. പല്ലിനു പല്ല് കണ്ണിനു കണ്ണെന്ന ഇത്തരം നിയമാവലികൾ പക്ഷെ ഒരിക്കലും നാട്ടു നിയന്ത്രണത്തിൽ ഉള്ളതല്ല. ആ ലോകത്തേക്കാണ് ആഖ്യാതാവിനെയും വായനക്കാരനെയും ഒരുപോലെ കരിയൻ എന്ന വൃദ്ധൻ ആദ്യം തന്നെ കട്ടിയായ ഇരുട്ടുള്ള, കാമത്തിന്റെ ചൂടുള്ള, കാട്ടുമൃഗങ്ങളുടെ പുളപ്പുള്ള കരിമ്പുനമെന്ന വലിയൊരു ഗുഹയ്ക്കുള്ളിലൂടെ കടത്തി വിടുന്നത്.

കഥയിൽ ഒറ്റുകാരന്റെ വേഷമുള്ള കരിയന് ഒരു കാവൽ പട്ടിയുടെ ചേഷ്ടകളുമുണ്ട്. മുൻപ് കിട്ടിയ അന്നമോർത്ത് അയാൾ ഇടയ്ക്കിടെ വാലാട്ടുന്നു. സ്വന്തം അച്ഛന്റെ മരണത്തിന്റെ കാരണങ്ങൾ അന്വേഷിച്ചു കരിമ്പുനത്തെ തേടിപ്പോയ സിനിമാക്കാരനായ ആഖ്യാതാവിനെപ്പോലെ വായനക്കാരനും കഥാപാത്രമായി മാറുന്ന മാസ്മരിക കഥ പറച്ചിൽ പൊനത്തിലുണ്ട്. പാർവ്വതിക്ക് പിന്നാലെ ചെന്ന കരിമ്പുനത്തെ ഫോറസ്റ്റുകാരെയും യുവജനങ്ങളെയും പോലെ കഥകൾക്ക് ദാഹിക്കുന്നവരായി നമ്മളെയും ആഖ്യാതാവിനെയും നോവലിസ്റ്റ് നടത്തിക്കുന്നു. കഥാപാത്രമായിക്കഴിഞ്ഞ നമുക്ക് പിന്നാലെയും പകയുടെ കണ്ണുകൾ ഉണ്ടാകുമെന്നു ഏറ്റവുമവസാനമെത്തുമ്പോൾ സമർത്ഥിക്കുന്നു. പൊനം; കാട് വെട്ടിത്തെളിച്ചു നടത്തുന്ന ആദ്യ കൃഷിയാണ്. ഇവിടെ കരിമ്പുനത്തിലെ കഥാപാത്രങ്ങൾ വാളുന്നത് പകയാണ്. കൊയ്യുന്നതും പക തന്നെ. എന്നാൽ അതിനിടിയിൽ രതിയും പ്രതികാരവും ജീവിതത്തിന്റെ ഉപ്പും സ്നേഹവും കൂടി സമം ചേർത്ത് നോവലിസ്റ്റ് പൊനത്തെ വായനക്കാരന് അനുഭവിപ്പിക്കുന്നുമുണ്ട്.

photo : facebook

കാടിനോട് കളിക്കുമ്പോൾ, കാടിനെ അറിഞ്ഞവരോട് കളിക്കുമ്പോൾ സൂക്ഷിക്കണമെന്ന സൂചന ഉത്തരമലബാറിലെ അനേകം തെയ്യം ഐതിഹ്യങ്ങളിലും പുരാവൃത്തങ്ങളിലുമുണ്ട്. നോവലിൽ ഒരു ഭാഗത്ത് പരാമർശിച്ചിട്ടുള്ള കണ്ടനാർ കേളന്റെ ഐതിഹ്യം തന്നെ അനാവശ്യമായി തന്നെ തൊട്ടാൽ പക തീർക്കുന്ന കാടിന്റെ നിയമം പഠിപ്പിക്കുന്നു. കുന്നരുവിൽ നിന്നും പുനം കൃഷിക്കായി ഒരു ഞായറാഴ്ച നട്ടുച്ചയ്ക്ക് പണിയായുധങ്ങളുമേന്തി ഒരു കുറ്റി റാക്കും ഒരു കുറ്റി കള്ളും കുടിച്ചു ഓരോ കുറ്റി കയ്യിലുമേന്തി കാട്ടിലെത്തുന്ന കേളന് താൻ തീയിട്ട കാട് തന്നെയും ചുടുന്നത് നിസ്സഹായതയോടെ കണ്ടു നിൽക്കാനേ കഴിയുന്നുള്ളൂ. പൊനത്തിൽ പറയുന്ന അക്കഥ നോവലിൽ സൂചിപ്പിക്കുന്നത് കാടിനോട് കളിച്ചവരുടെ ഗതി അറിയിക്കാനാണ്. രക്ഷപ്പെടാൻ കഴിയാതെ കരിനെല്ലി മരത്തിനു മുകളിൽ അഭയം തേടിയ കേളനെ ഏറ്റവും ഒടുവിലായി കാളിയനും കരിവേലനുമെന്ന രണ്ടു സർപ്പത്താന്മാരും ആഞ്ഞുകൊത്തി കത്തിയ കാടിന്റെ പകയുടെ കൈയ്യൊപ്പ് തീർക്കുന്നുണ്ട്. കാടിന്റെ നിയമങ്ങളെ തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ഓരോ നാടനെയും അത് കൃത്യം കുരുക്കുന്നത് പൊനത്തിൽ ഉടനീളം ദർശിക്കാം. കാടിന്റെ വന്യത നോവലിൽ പറഞ്ഞും പറയാതെയും രേഖപ്പെടുത്തിയിട്ടുണ്ട്. കാടുമായി ബന്ധപ്പെട്ട് പല കഥാപാത്രങ്ങളുടെ കാഴ്ചകളും വളരെ വ്യത്യസ്തമായി നോവലിലുണ്ട്. കരിയൻ കഥ പറയുമ്പോൾ കാട് നിഗൂഢമാണ്. പാർവ്വതിയുടെതെത്തുമ്പോൾ അതെ കാടിനെ രതിയുടെ ലക്ഷണങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. പകയുടെ നേർത്ത കമ്പി വലിച്ചു കെട്ടി അതിൽ കോർത്തിട്ട ഉപകഥകളുമായാണ് പൊനം മുൻപോട്ട് നീങ്ങുന്നത്. മലയാള നോവൽ ചരിത്രത്തിൽ ഇന്നുവരെ കാണാതിരുന്ന കാസർഗോഡിന്റെ തുളുവും മലയാളവും കന്നഡയും കലർന്ന ഭാഷയും നാടൻ പ്രയോഗങ്ങളും കൊണ്ട് സൂക്ഷ്മമായിട്ടാണ് കരിമ്പുനത്തിന്റെ പാരിസ്ഥിതിക ശരീരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഭാഷ, സംസ്കാരം, ജീവിത രീതികൾ എന്നിവ കൃത്യമായ കൂട്ടുകളിൽ ഉൾപ്പെടുത്തിയതിൽ നോവലിസ്റ്റ് വിജയിച്ചു നിൽക്കുന്നു. കാസർഗോഡൻ അതിർത്തി ഗ്രാമങ്ങളിലെ ഇപ്പോഴും നടക്കുന്ന കോഴിക്കെട്ടും തൊണ്ടച്ചൻ തെയ്യത്തിനു ബപ്പിടാനുള്ള വേട്ടയും നാട്ടു നിയമങ്ങളുടെ കുരുക്കുകളിൽ പെടാതെ രക്ഷപ്പെടുന്ന മനുഷ്യരുടെ അത്ഭുത ജീവിതവും യാഥാർഥ്യമാണോ അതോ ഭാവനയാണോയെന്ന് നഗരങ്ങളിലും മെച്ചപ്പെട്ട ജീവിത രീതികളുള്ള ഗ്രാമങ്ങളിലും വസിക്കുന്നവർക്ക് ഇടയ്ക്കെല്ലാം വരുന്ന പത്ര വാർത്തകളില്ലായിരുന്നുവെങ്കിൽ ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുകയില്ലയെന്നത് നേരാണ്.

പൊനത്തിലും അത്തരം ഭീഷണികൾ കഥാപാത്രങ്ങളുടെ ഇടപെടലുകളിൽ ദർശിക്കാം. പാർവ്വതി പറയുന്ന ‘ഇതിനു പാർവ്വതിക്ക് ലൈസൻസ്ണ്ട് സാറേ’ എന്ന വാചകം പോലും ഞങ്ങളെ തൊട്ടവന് രക്ഷയുണ്ടാകില്ല എന്ന് ധ്വനിപ്പിക്കുന്നതാണ്.

‘ചുരുളി’ പോലെയുള്ള സിനിമകൾ സംസാരിച്ചത് കാടിന്റെ അതിർത്തിയിൽ ക്രിമിനലുകൾ കൂട്ടമായി പാർക്കുന്ന ദേശത്തെക്കുറിച്ചാണ്. കുറ്റവാളികൾ ഒളിത്താവളമാക്കുന്ന, നിഷ്കളങ്കരായുള്ള ഗ്രാമവാസികളുള്ള കാടിന്റെ അതിർത്തി പ്രദേശങ്ങൾ ഒരുപാടുണ്ട്. കെ എൻ പ്രശാന്തിന്റെ തന്നെ കോട, പെരടി, ഗ്വാളിമുഖ തുടങ്ങിയ കഥകളിൽ കാടും അതിനോടടുത്ത ഗ്രാമവും അവിടുത്തെ ജനങ്ങളെയും കാണാം. കാടും അതിനടുത്തുള്ള പ്രദേശങ്ങളും പേറുന്ന ചില നിഗൂഢതകളെക്കുറിച്ചു നാലഞ്ച് വർഷത്തോളം ഒരതിർത്തി ഗ്രാമത്തിൽ ജോലി സംബന്ധമായി പോകേണ്ടി വന്ന ഒരു സുഹൃത്ത് മുൻപൊരിക്കൽ പറഞ്ഞ അനുഭവം ഓർക്കുന്നു. അയാളുടെ പറച്ചിലിൽ അന്നാട്ടിലെ ജീവിത രീതികൾ, വളരെ നിഷ്കളങ്കരായ മനുഷ്യർ അവരെല്ലാം അവരുടെ നിയമ വ്യവസ്ഥയിലേക്ക് നാടിന്റെ നിയമങ്ങളുമായി കയറി വരുന്നവരോട് കാണിക്കുന്ന ധാർഷ്ട്യം വിവരിച്ചത് അന്നെന്നെ അത്ഭുതപ്പെടുത്തി. കളിച്ചാൽ ‘കൊട്ട്’ പെറുക്കാൻ ബാക്കി കാണില്ല എന്നൊരു ഭീഷണി ഓർത്തു ആ സുഹൃത്ത് അക്കാലത്ത് ഏറെ ഭയപ്പെട്ടിട്ടുണ്ട്. അത് വെറുതെ നാടുകളിൽ തമ്മിൽ തമ്മിൽ വഴക്കിടുമ്പോൾ പറയുന്നൊരു രീതിയിലുള്ളതല്ലെന്ന് അയാൾക്കറിയാമായിരുന്നു. പൊനത്തിലും അത്തരം ഭീഷണികൾ കഥാപാത്രങ്ങളുടെ ഇടപെടലുകളിൽ ദർശിക്കാം. പാർവ്വതി പറയുന്ന ‘ഇതിനു പാർവ്വതിക്ക് ലൈസൻസ്ണ്ട് സാറേ’ എന്ന വാചകം പോലും ഞങ്ങളെ തൊട്ടവന് രക്ഷയുണ്ടാകില്ല എന്ന് ധ്വനിപ്പിക്കുന്നതാണ്. പകയും പ്രതികാരവും റാക്കിന്റെ വീര്യം പോലെ കത്തുമ്പോഴും അതിൽ ഉൾപ്പെട്ടവരുടെയെല്ലാം പിന്നീടുള്ള ജീവിതം എത്ര വിഷമമേറിയതാണെന്നു നോവൽ പഠിപ്പിക്കുന്നു. പകയുള്ളവർ തമ്മിലുള്ള മത്സരങ്ങളും യുദ്ധങ്ങളും ബാക്കിയാക്കുക എന്താണെന്നു പൊനം പറഞ്ഞു വെക്കുന്നുമുണ്ട്. നേരിട്ട് അറിയാതെ തലമുറകളായി പരസ്പ്പരം പകയുടെ വീര്യത്തിൽ മത്സരിക്കുന്നവർക്ക് പിന്നീട് തങ്ങളുടെ ശരിയും തെറ്റും, നീതിയും അനീതിയും നിർണ്ണയിക്കാൻ കഴിയാതെ വരുമെന്നും നോവൽ വിവരിക്കുന്നു. തമ്മിൽ എന്നും യുദ്ധം ചെയ്യുന്നവരുടെ തലമുറകൾക്ക് വരാവുന്ന ഭവിഷ്യത്തുകളെ, ഒന്നിലും ഉൾപ്പെടാതെ അത്തരം യുദ്ധത്തിൽ കൊല്ലപ്പെടുന്ന നിസ്സഹായരുടെ ജീവിതത്തെ ഓർമ്മിപ്പിക്കാൻ പൊനം ശ്രമിക്കുന്നു. കാടിനരികിലുള്ള ഒരു ഗ്രാമത്തിലേക്ക് ആ തത്വത്തെ ചേർത്ത് വെക്കുമ്പോൾ മരങ്ങളുടെയും മൃഗങ്ങളുടെയും വേട്ടയും റാക്കിന്റെ വാറ്റും കൂടിക്കലർന്നു കഥയുടെ വീര്യം കൂടുന്നു.

കെ.എന്‍ പ്രശാന്ത് | photo : facebook

കാട് അതിരിടുന്ന മിക്ക അതിർത്തി ഗ്രാമങ്ങളിലും കാട്ടിലെ മനുഷ്യരുടെ സാന്നിധ്യം കാട്ടുന്ന ബിംബങ്ങളാണ് റാക്കും തോക്കും. കരിമ്പുനത്തിലും അതേറെയുണ്ട്. അതിസൂക്ഷ്മമായാണ് പൊനത്തിലെ പരിസ്ഥിതി വിവരിക്കപ്പെട്ടിട്ടുള്ളത്. മാൻകുരയും കുറുക്കന്റെ രോദനങ്ങളും പന്നിയുടെ അനക്കങ്ങളും കാടിന്റെ മറ്റു ശബ്ദ വ്യതിയാനങ്ങളും ഇവിടെ മനുഷ്യരുടെ വികാര വിചാരങ്ങൾക്ക് അനുസൃതമായി ദർശിക്കാം. ഓരോ കഥകൾക്കും എഴുത്തുകാരൻ പറഞ്ഞു വെക്കുന്നതിനപ്പുറം വായനക്കാരൻ കഥകൾ അറിയാതെ തിരഞ്ഞു പോകുന്നിടത്താണ് എഴുത്തുകൾ വിജയിക്കുന്നത്. വായനക്കാരൻ തിരയേണ്ട കഥകളുടെ അത്തരം കണ്ണികൾ ഒരുപാട് പൊനത്തിലുണ്ട്. കഥയിൽ കയറി കഴിഞ്ഞാൽ നമ്മുടെ ഏറ്റവും അടുത്ത ആളായി കഥയിലെ ആഖ്യാതാവ് മാറുകയും എഴുത്തുകാരനെ പൂർണ്ണമായും മറന്നു പോകുകയും ചെയ്യുന്നുണ്ട് പൊനത്തിൽ. മികച്ച എഴുത്തിന്റെ ലക്ഷണമാണ് അതെല്ലാം. നോവലുകളുടെയും കഥകളുടെയും വസന്തകാലമാണ് മലയാള സാഹിത്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതെല്ലാം നമ്മുടെ ഭാഷയെ കൂടുതൽ ശുദ്ധീകരിക്കാനും ആഖ്യാനങ്ങൾ ലോകോത്തരമാകാനും സഹായിക്കും. ഈയടുത്തു പുറത്തിറങ്ങിയ മീശ അതിന്റെ എഴുത്തുകാരനെക്കാൾ വളർന്നു കൊണ്ടിരിക്കുന്നത് നമ്മളിപ്പോൾ കാണുന്നു. പൊനവും സഞ്ചരിക്കുന്നത് ആ വഴിയിലേക്കാണെന്ന സൂചന അതിന്റെ ഘടനയിൽ തെളിഞ്ഞു കിടക്കുന്നുണ്ട്. പൊനത്തിൽ പാർവ്വതി എന്ന സ്ത്രീയെ കരിയൻ പേടിക്കുന്നയത്രയും ആഴത്തിൽ നമ്മളും പേടിക്കുന്നുണ്ട്. ആഖ്യാതാവിന്റെ കാമം നമുക്കും അവരോട് തോന്നുന്നു. വായനയിലൂടെയുള്ള ഈ അനുഭവിപ്പിക്കൽകൊണ്ട്, കഥ പറച്ചിലിന്റെ വേഗത കൊണ്ട് പുതുകാല നോവലുകളിൽ ഏറ്റവും മികച്ചവയിൽ ഒന്നായി പൊനം മാറുന്നു.

വടക്കേ മലബാർ ഭാഷ പുതിയ എഴുത്തുകളിൽ വ്യപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും മലയാള എഴുത്തുകളിൽ അപരിചിതമായ തുളു കലർന്ന മലയാളം സംഭാഷണങ്ങളിൽ വരുന്നത് പ്രശാന്തിന്റെ കഥയെഴുത്തിനെ വ്യത്യസ്തമാക്കി നിർത്തുന്നുണ്ട്. അയാളുടെ എഴുത്തിലെ ചടുലത വായനക്കാരന് പുതിയൊരു ഉന്മേഷം കൊടുക്കുന്നു. ആഖ്യാനം, കടഞ്ഞെടുത്ത ചിത്രപണികളുള്ള ക്ഷേത്രത്തിന്റെ സൂക്ഷ്മ സുഭഗത പ്രകടിപ്പിക്കുന്നു. കാടിനുള്ളിലെ ചോലയിലെ തെളിനീര് പോലെ വാക്കുകൾ ഒഴുകി വരുന്നു. കാടിനേയും കാമത്തെയും പകയേയും സ്നേഹത്തെയും അത് അനുഭവിപ്പിക്കുന്നു. നോവലിലെ ഒരൊറ്റ കഥാപാത്രം പോലും സ്നേഹത്തിനോ കാമത്തിനോ വേണ്ടി ആരോടും സംസാരിക്കുന്നില്ല. അതെല്ലാം ചില വാക്കുകളിലൂടെയും നോട്ടങ്ങളിലൂടെയും പ്രതിഫലിപ്പിക്കുകയാണ് അവരോരുത്തരും. യഥാർത്ഥ ജീവിതവും അങ്ങനെയാകുന്നു. അത് സിനിമാറ്റിക് ആയ സ്നേഹമുള്ള ലോകമല്ല. സ്നേഹം അദൃശ്യമായ ഒരു രേഖയായിട്ടാണ് പൊനത്തിലുള്ളത്. പുരുഷൻ സ്നേഹത്തിനൊപ്പം പരതുന്ന രതിയെ ‘കാമമൊഴിഞ്ഞ പുരുഷനോളം നിസ്സഹായനായ മറ്റൊരു ജന്തുവില്ല ‘ എന്ന വ്യക്തമായ തിരിച്ചറിവിലൂടെ ഉച്ചിരിയും ചിരുതയും പാർവ്വതിയും രമ്യയും തുടങ്ങി നാല് തലമുറയിലെ സ്ത്രീകൾ തങ്ങളുടെ ദേഹത്തിനു മേലേക്ക് അടക്കുന്നത് കാണാം. പുതിയതും പഴയതുമായ കാലവും കഥകളും കലർന്ന്, സൂചനകളില്ലാത്ത വിധം കഥകൾ മറിഞ്ഞും തിരിഞ്ഞും പാഞ്ഞിട്ടും കഥയുടെ ഒഴുക്കിനെ മുറിക്കാതെ കൊണ്ടുപോകുവാനുള്ള അസാധ്യമായ കയ്യടക്കം പ്രശാന്ത് ഇതിൽ സ്വീകരിച്ചു വച്ചിട്ടുണ്ട്. ‘കഥയും റാക്കും ഒരുപോലെയാണ്. പഴകും തോറും അവയ്ക്ക് വീര്യം കൂടും.’ എന്ന നോവലിലെ വാക്യം ‘പൊനത്തെ’കൂടി ഉദ്ദേശിച്ചാണ്. കാലം കഴിയുംതോറും പൊനത്തിനും വീര്യം കൂടാനാണ് സാധ്യത. പുതുകാല കഥകളുടെ സഞ്ചാര പാതകളിൽ നിന്നും മാറി പ്രശാന്ത് സ്വന്തമായി കൊത്തിയെടുത്ത വരമ്പിലൂടെ അതിവേഗം മുന്നോട്ട് നടക്കുകയാണ്. അയാൾ തീർത്തും ഒറ്റയ്ക്കുമാണ്. ആദ്യ കഥ സമാഹാരമായ ആരാനും നോവലായ പൊനവും അത് അടിവരയിടുന്നു. കാലവും അത് തെളിയിക്കട്ടെ.

Leave a comment