TMJ
searchnav-menu
post-thumbnail

Penpoint

ഏകാന്ത യാത്രികനെ ദണ്ഡകാരണ്യം വിളിച്ചു

01 Aug 2022   |   1 min Read
മുരളീധരൻ കരിവെള്ളൂർ

രും വരായ്കകളെക്കുറിച്ചൊരു ചിന്തയുമില്ലാതെ ഇറങ്ങിപ്പുറപ്പെടുക. ഏകാന്തവും ധീരവുമായ യാത്ര. വഴി തന്നെ ലക്ഷ്യമായിത്തീരുക. അപ്പൂപ്പൻ താടി പോലെ സ്വതന്ത്രമായി പറക്കുക. ഓരോ മാത്രയിലും യാത്രയുടെ ആനന്ദം അനുഭവിക്കുക.

ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ ആദ്യയാത്ര ഒറ്റയ്ക്കൊരു കാറിൽ കർണ്ണാടക, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൂടെയായിരുന്നു. അസാധാരണമായ ആ യാത്ര ' സോളോ സ്റ്റോറീസ് ' എന്ന പുസ്തകമായി വായനക്കാരുടെ ഹൃദയത്തിൽ ഇടം നേടി. പച്ചമണ്ണിൽ ചവിട്ടി നിൽക്കുന്ന മനുഷ്യരിലേക്കും അവരുടെ ജീവിത പരിസരങ്ങളിലേക്കും വേണു നടത്തിയ രണ്ടാം യാത്ര വേറിട്ട അനുഭവമാണ്. അതിന്റെ ചൂടും ചൂരും പ്രസരിക്കുന്ന പുസ്തകമാണ് 'നഗ്നരും നരഭോജികളും '.

''മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിനിമയം ഹൃദയഹാരിയായി മാറുന്നതാണ് ശ്രീ വേണുവിന്റെ യാത്രാ പുസ്തകങ്ങൾ. മനുഷ്യഗന്ധം, യഥാർത്ഥ മനുഷ്യന്റെ ഗന്ധമാണ് പ്രസരിക്കുന്നത്. ഒരു കൃത്രിമവുമില്ല, ചെന്നുകണ്ട മനുഷ്യർക്കും അവരുടെ പരിസരത്തിനും.'' -എഴുത്തുകാരനായ ജി.ആർ.ഇന്ദുഗോപൻ വേണുവിന്റെ പുസ്തകത്തെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്.

പ്രകൃതിയുടെ ജീവതാളത്തിൽ ലയിച്ച് സിനിമയുണ്ടാക്കിയ ജി.അരവിന്ദന്റെ ആദ്യ ചിത്രം 'കാഞ്ചനസീത'യുടെ ലൊക്കേഷൻ വേണുവിനെ സ്പർശിച്ചു. ദണ്ഡകാരണ്യ വനങ്ങളും ഗോദാവരീ നദിയും വേണുവിനെ കൈമാടി വിളിച്ചു. ആ മണ്ണിനെയും അവിടത്തെ മനുഷ്യരെയും കാണുക എന്ന ആഗ്രഹം തിടംവെച്ചു വളർന്നപ്പോൾ ഒരു ദിവസം അനന്തപുരിയിൽ നിന്ന് പ്രത്യേകിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ ഒറ്റയ്ക്കൊരു കാറിൽ ഇറങ്ങിപ്പുറപ്പെട്ടു.

"പക്ഷികളും ചതുപ്പുകളും പുഴകളും കാടുമൊക്കെയുള്ള പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന (അങ്ങനെ ജീവിക്കാനനുവദിക്കണം എന്നതു മാത്രമാണ് ഇവരുടെ നിർബ്ബന്ധം) സ്വതന്ത്രരായ ഗോത്ര വംശം. ആത്മാഭിമാനമുള്ള ഒരു ജനത. കഥയിലേതുപോലെ കൊമ്പുള്ള രാക്ഷസന്മാരല്ല. തലയിൽ നിന്നു മുളച്ചതുമല്ല. തലപ്പാവിൽ ചേർത്തുവെച്ച ആചാരം മാത്രം. അത് വാല്മീകിക്കും ആയിരക്കണക്കിനു കൊല്ലം മുമ്പ് തുടങ്ങിയതാണ്. ദൂരെ നിന്നു കണ്ടതേയുള്ളൂ വാല്മീകി. അസ്പൃശ്യരല്ലേ? അത് അവരുടെ ആചാരമാണെന്നും അന്തസ്സാണെന്നും ഓർത്തില്ല. അക്കാലത്തെ സാഹിത്യത്തിന്റെ കണക്കുകൂട്ടൽ വെച്ച്, വില്ലന്മാരാക്കാനും നായകന് വില്ലുകുലച്ച് വീര്യം കാട്ടി മുടിക്കാനുമൊരു നികൃഷ്ട കുലം മാത്രം. വാല്മീകി പറഞ്ഞതുകൊണ്ട് പക്ഷേ, അവർ അങ്ങനെയാവുകയുമില്ല. തങ്ങളുടെ തൊപ്പിയിൽ എടുത്തു വച്ച പോത്തിന്റെ കൊമ്പ് അവർ ഊരിമാറ്റുകയുമില്ല. ആയിരക്കണക്കിനു കൊല്ലം രാമായണം ഉരുവിട്ടിട്ടും മാറ്റിയില്ല. പിന്നല്ലേ! പക്ഷേ, ആയൊരു തന്റേടം അവർക്ക് ഇതിഹാസകാലം മുതൽ അസ്വസ്ഥതയും അവഹേളനവുമാണ് നൽകിയത്. അതിന്നും തുടരുന്നു. അതിജീവനവും തുടരുന്നു.

പണ്ട് ഇവരെ രാക്ഷസന്മാരെന്ന് വിളിച്ചു. ഇന്ന് മാവോയിസ്റ്റുകളെന്ന് വിളിച്ചു. പണ്ട് നാഗരികന്മാരുടെ, രാജാക്കന്മാരുടെ അമ്പുകൾ. ഇന്ന് ഭരണാധികാരികളുടെ വെടിയുണ്ടകൾ. അവരുടെ പ്രകൃതമറിയാൻ ആരും മെനക്കെട്ടില്ല. ആ ദണ്ഡകാരണ്യത്തിലെ പച്ച മനുഷ്യരെ കാണാൻ പോകുന്നതിലൊരു അഭിജാതമായ അന്തസ്സുണ്ട്. അതാണീ പുസ്തകത്തിന്റെ രാഷ്ട്രീയം. അതൊരു പാരസ്പര്യമാണ്. ദ്രാവിഡമായ ഒന്ന്. അത്തരമൊരു യാത്രയ്ക്ക്, യാത്രികന്റെ പ്രായമോ രണ്ടു ഗുളികയോ തടസ്സമല്ല. വിഷയവുമല്ല." എന്തായാലും അപരിഷ്കൃതരെന്ന് നാഗരികന്മാർ വിളിക്കുന്ന ദണ്ഡകാരണ്യത്തിലെ ഗോത്ര ജനതയുടെ ജീവിതം വായിക്കുമ്പോൾ നാം നമ്മുടെ ആദിമമായ ഈറ്റില്ലത്തിലെത്തും.

ദിനേദിനേ രണ്ടു ഗുളികകൾ കഴിക്കേണ്ട അറുപത്തിരണ്ടു വയസ്സുള്ള ഏകാന്ത യാത്രികന്റെ സഞ്ചാരത്തെ അവതരിപ്പിച്ചു കൊണ്ട് ഇന്ദുഗോപൻ ഇത്രയും കൂടി പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ബസ്തറിലേക്കും, അവിടെ നിന്ന് ഒഡീഷയിലേക്കും തിരികെ വീട്ടിലേക്കുമുള്ള ഏകാന്ത യാത്ര.ഇത്തരത്തിൽ യാത്ര പുറപ്പെടുന്നയാളെ നിരവധി കാരണങ്ങൾ പറഞ്ഞ് വിലക്കാൻ ആളുകളുണ്ടാകും. യാത്രയുടെ അർത്ഥശൂന്യത, വഴിയിൽ പതിയിരിക്കുന്ന അപകടങ്ങൾ, അപരിചിത ഭൂഭാഗങ്ങൾ, എല്ലാറ്റിലുമുപരി മാവോയിസ്റ്റ് ഉമ്മാക്കി…! പറയുന്നവർക്കങ്ങനെ അസംഖ്യം കാരണങ്ങളുണ്ട്.

സുരക്ഷിതത്വത്തിനുള്ളിൽ കഴിയുന്നവരുടെ ഇത്തരം വിലക്കുകൾ വേണുവിന്റെ വിഷയമല്ല. എല്ലാ പുറമ്പൂച്ചുകളും അഴിച്ചു വെച്ച് പച്ച മനുഷ്യനായി ഈ മണ്ണിലൂടെ, മനുഷ്യർക്കിടയിലൂടെയുള്ള സ്വതന്ത്ര സഞ്ചാരം. ആ യാത്രയുടെ സ്വാഭാവിക ഗന്ധം പരത്തുന്ന പുസ്തകമാണ് 'നഗ്നരും നരഭോജികളും' മദ്ധ്യേന്ത്യയിലെ ഛത്തീസ്ഗഡ്ഢിലേക്ക് പോകാൻ ഒരാൾ ആഗ്രഹിച്ചാൽ ഇന്ന്, എട്ടുദിക്കുകളിൽ നിന്നും ഒരു പാട് ചോദ്യങ്ങളുയരും. എന്തിന്….? എന്തിന്…..?' ചോദ്യങ്ങൾ അലയടിക്കും. ഭരണകൂടം സൃഷ്ടിച്ചെടുത്ത ഭയം ആയിരം നാവായി ചീറിയടുക്കും.

'നഗ്നരും നരഭോജികളും' എന്ന പുസ്തകത്തിന്റെ കവർ 

"മ്യാവോ മ്യാവോ എന്ന്
അസ്വസ്ഥതയോടെ കരഞ്ഞു നടന്നിരുന്ന
കാടൻ പൂച്ചയെ
അർധരാത്രി മുതൽ കാണ്മാനില്ല.
മാവോ പുളിയോ വിൽക്കാനുണ്ടോ എന്ന് ചോദിച്ച്
ഈ വഴി വരാറുണ്ടായിരുന്നയാളെപ്പറ്റി
ഒരു മാസമായി വിവരമൊന്നുമില്ല.
മാവു പുളിപ്പിക്കാൻ എത്ര ഈസ്റ്റു വേണം
എന്നു ചോദിച്ച് നാക്കു വായിലിട്ടില്ല;
ആ മാവോയിസ്റ്റിനെ
ചായ കുടിക്കാൻ വന്ന പോലീസുകാരൻ പൊക്കി.
വാവോ വാവോ എന്ന് കുഞ്ഞിനെ ഉറക്കുന്നവളെ
മാവോ മാവോ എന്ന് ദൂരെ നിന്നു കേട്ട്
നിരീക്ഷണത്തിൽ വച്ചു.
മാവോ മാവോ എന്നു മിണ്ടിയാൽ തൂങ്ങേണ്ടി വരുമെന്നും
അങ്ങനെ തൂങ്ങിയ ഒരാൾ
ചൈനയിലുണ്ടെന്നും ഉള്ള താക്കീത്
പാറമടകളിലും സമരപ്പന്തലുകളിലും മുഴങ്ങി.
ഉഗ്രവാദികളെ ബുദ്ധിപരമായി നേരിടാൻ
ഭാഷയിലെ മ, വ എന്നീ അക്ഷരങ്ങളെ
ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിരോധിച്ച്
ഉത്തരവായതു കാരണം
പിന്നീടാരും
ആ വാക്ക് ഉച്ചരിച്ചതേയില്ല."

വീരാൻ കുട്ടിയുടെ 'മാവോ' എന്ന കവിതയുടെ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്റെ മാവോയിസ്റ്റ് ഉമ്മാക്കിയിൽ വേണു ഊറിയൂറി ചിരിച്ചിട്ടുണ്ടാകും. വേണുവിന്റെ പുസ്തകം വായിച്ച് നിൽക്കക്കള്ളിയില്ലാതെ ദണ്ഡകാരണ്യത്തിലേക്ക് യാത്ര പോകാനുള്ള ആഗ്രഹം അവിടെ സേവനം ചെയ്യുന്ന നാട്ടുകാരനായ സൈനികനെ അറിയിച്ചു. അദ്ദേഹവും ഭരണകൂടത്തിന്റെ പരിഭാഷകനായിരുന്നു! എന്തായാലും അപരിഷ്കൃതരെന്ന് നാഗരികന്മാർ വിളിക്കുന്ന ദണ്ഡകാരണ്യത്തിലെ ഗോത്ര ജനതയുടെ ജീവിതം വായിക്കുമ്പോൾ നാം നമ്മുടെ ആദിമമായ ഈറ്റില്ലത്തിലെത്തും.

"അരവിന്ദന്റെ ഏറ്റവും നല്ല സിനിമയെന്നു ചിലരെങ്കിലും - അതിൽ ഞാനും പെടും - കണക്കാക്കുന്ന 'കാഞ്ചനസീത'യുടെ ചിത്രീകരണം നടന്നത് ഗോദാവരി തടങ്ങളിലും അതിനപ്പുറത്തുള്ള ദണ്ഡകാരണ്യ വനങ്ങളിലുമാണ്. അരവിന്ദൻ തന്റെ സിനിമയിൽ ഭൂമിപുത്രിയായ സീതയുടെ സാന്നിദ്ധ്യം കാണിക്കുന്നത് പ്രകൃതീ ഭാവങ്ങളായാണ്. കാടായും കാറ്റായും ജ്വലിച്ചു നിൽക്കുന്ന പുൽപ്പൂക്കളായും വെയിലിൽ തിളങ്ങുന്ന മണൽത്തീരങ്ങളായും സീതാദേവി അരവിന്ദന്റെ സിനിമയിൽ അരൂപിയായി നിറഞ്ഞു നിൽക്കുന്നു. ചെറുപ്പം മുതൽ മനസ്സിൽ നിന്നു മായാതെ നിൽക്കുന്ന കാഞ്ചനസീതയിലെ മായക്കാഴ്ചകൾ അനുനിമിഷം മാറുന്ന ഈ ലോകത്ത് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടാകും എന്നു തെറ്റിദ്ധരിച്ചിട്ടല്ല എനിക്കാ സ്ഥലങ്ങൾ കാണണമെന്നു തോന്നിയത്. ദണ്ഡകാരണ്യം ഇന്നു ലോകത്ത് അറിയപ്പെടുന്നത് രാമായണ കഥകളിലെ വനവാസത്തിന്റെ പശ്ചാത്തലം ആയി വാല്മീകി വർണ്ണിച്ച രാക്ഷസ രാജ്യമായി മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ടതും രക്തരൂഷിതവുമായ രാഷ്ട്രീയ സായുധ സമരത്തിന്റെ അരങ്ങായി കൂടി ആണ്." ഗോദാവരി തീരത്തെത്തിയ വേണു എഴുതി.



വൃക്ഷച്ഛായയിൽ കുന്തിച്ചിരിക്കുന്ന മനുഷ്യരുടെ തുറന്നു വച്ച പാത്രങ്ങളിൽ നിന്ന് നാട്ടു മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന കാറ്റു വീശും. ആദിവാസിച്ചന്തയുടെ സ്വാഭാവിക ഗന്ധം നാട്ടു മദ്യത്തിന്റേതാണ്. ഗോദാവരി, ഇന്ദ്രാവതി നദീതീരങ്ങളിലൂടെ വനകല്ലോലിനികളുടെ അരികിലൂടെ നടന്നും, പൊടി പാറുന്ന വഴികളിലൂടെ വണ്ടിയോടിച്ചും ബസ്തറിലെത്തിയ അദ്ദേഹം ആദിവാസികളുടെ ആഴ്ചച്ചന്തകൾ സന്ദർശിച്ചു. പൂക്കളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വാറ്റിയെടുത്ത് അലൂമിനിയം - സ്റ്റീൽ കുടങ്ങളിലും കലങ്ങളിലും ചില്ലുക്കുപ്പികളിലും നിറച്ച വീര്യമേറിയ മദ്യം വിൽക്കാൻ വന്ന മനുഷ്യരെ കണ്ടു.

ബസ്തറിൽ മൂന്നു തരം മദ്യങ്ങളുണ്ട്. മൗവ്വ മരത്തിന്റെ ഉണങ്ങിയ പൂവ് പുളിപ്പിച്ച് വാറ്റി എടുക്കുന്ന 'മെൽ' എന്ന മദ്യം ഗോത്ര ജനതയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. സ്ത്രീ പുരുഷ ഭേദമന്യേ എപ്പോഴും അവരത് കഴിക്കും. അരിമാവ് പുളിപ്പിച്ച് ഉണ്ടാക്കുന്ന ലാണ്ടയാണ് മറ്റൊരു മദ്യം. ലഹരി കുറഞ്ഞ ലാണ്ട കുഞ്ഞുങ്ങൾ പോലും സ്വാദ് പിടിച്ച് കുടിക്കുന്നത് വേണു കണ്ടു. സൽഫി എന്ന പനങ്കള്ളാണ് മദ്യത്തിലെ ഏറ്റവും വലിയ താരം. സ്വന്തം പനയും ചെത്താനുള്ള സംവിധാനവും ഉള്ളവർക്കു മാത്രം പറഞ്ഞ ആഢംബര പാനീയമാണ് സൽഫി.

വൃക്ഷച്ഛായയിൽ കുന്തിച്ചിരിക്കുന്ന മനുഷ്യരുടെ തുറന്നു വച്ച പാത്രങ്ങളിൽ നിന്ന് നാട്ടു മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന കാറ്റു വീശും. ആദിവാസിച്ചന്തയുടെ സ്വാഭാവിക ഗന്ധം നാട്ടു മദ്യത്തിന്റേതാണ്. "ചന്തയിൽ ഭക്ഷണ സാധനങ്ങൾ മുതൽ ഓട്ടുപ്രതിമകൾ വരെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ഏറ്റവും സുലഭമായി കണ്ടതു മദ്യമാണ്. വലിയ പ്ലാസ്റ്റിക്ക് കന്നാസുകളിൽ നിന്ന് ഇലക്കുമ്പിളുകളിലേക്ക് മൗവ്വ നിരന്തരം ഒഴുകിക്കൊണ്ടിരുന്നു. ലാണ്ടയും ഇടയ്ക്കിടെ കണ്ടു. ലാണ്ട ഇളം മദ്യമാണ്. കുടിയേറ്റക്കാരായ കച്ചവടക്കാർ ആദിവാസികളിൽ നിന്നു നെല്ലും പയറും മറ്റും വലിയ തോതിൽ വാങ്ങിക്കൂട്ടി നഗരങ്ങളിൽ വലിയ ലാഭത്തിനു വിൽക്കുന്നവരാണ്. കൂളിങ്ങ് ഗ്ലാസ്സും വാളൻപുളിയും പുഴ മീനും ലിപ്സ്റ്റിക്കും പോരുകോഴികളും ജീവനുള്ള ഉറുമ്പുകളും ഇവിടെ വാങ്ങാൻ കിട്ടും." ചന്ത വിഭവങ്ങളെപ്പറ്റി അദ്ദേഹം വാചാലനായി. അവിടെ വില്പനയ്ക്കു വച്ച ഒരു കൗതുകത്തിൽ വേണുവിന്റെ കണ്ണുകളുടക്കി. അദ്ദേഹം എഴുതിയത് വായിക്കാം:

"ചെറിയ ഇലക്കുമ്പിളുകളിൽ കണ്ട ഉറുമ്പുകളിൽ പലതിനും ജീവനുണ്ടായിരുന്നു. നൂറു കണക്കിനു വെളുത്ത മുട്ടകളും ചേർത്ത് പിടിച്ച് പുകയടിച്ച് മയങ്ങിക്കിടക്കുന്ന ഈ ചുവന്ന ഉറുമ്പുകൾ നമ്മുടെ നാട്ടിൽ കാണുന്ന നീറ് ആണെന്ന് തോന്നി. ഇതെന്താണെന്ന് വില്പനക്കാരിയോടു ചോദിച്ചപ്പോൾ അവർ പത്തു രൂപ എന്ന് വിരൽ നിവർത്തിക്കാണിച്ചു. പത്തു രൂപയ്ക്ക് ഒരു ചെറിയ കുമ്പിൾ ഉറുമ്പും ഒരു സവാളയും രണ്ട് പച്ചമുളകും ഒരു നുള്ള് ഉപ്പും ആണ് കോംബോ ഓഫർ. ഇതുകൊണ്ടെന്തു ചെയ്യുമെന്നു ഞാൻ ഹിന്ദിയിൽ ചോദിച്ചത് അവർക്ക് മനസ്സിലായില്ല. അടുത്ത കടക്കാരി എനിക്കത് ആംഗ്യ ഭാഷയിൽ പറഞ്ഞു തന്നു. ഇതെല്ലാം കൂടി ചേർത്ത് കല്ലിൽ വച്ച് നന്നായി ചതച്ചരച്ചു കൂട്ടി എടുക്കണം. അതാണ് ബസ്തറിന്റെ പ്രിയപ്പെട്ട തൊട്ടുകൂട്ടാനായ ചാപ്ഡാ അല്ലെങ്കിൽ ഉറുമ്പു ചമ്മന്തി.




പത്തു രൂപയ്ക്ക് ഒരു ചാപ്ഡാ കോംബോ വാങ്ങി ഇനിയെന്ത് എന്നു സന്ദേഹിച്ചു നിന്ന എന്നെ അവർ അടുത്തേക്കു വിളിച്ചു. എന്നിട്ട് കുമ്പിളിൽ നിന്ന് മൂന്നാല് ഉറുമ്പുകളെ എടുത്ത് വായിലിട്ടു ചവച്ചു കാണിച്ചു. ഉറുമ്പുകൾക്കു പലതിനും ജീവനുണ്ടായിരുന്നെങ്കിലും എല്ലാം പുകയുടെ മയക്കത്തിലായിരുന്നു. എന്തും വരട്ടെ എന്നു വിചാരിച്ച് ഞാനും ഒരുറുമ്പിനെ എടുത്തു കടിച്ചു നോക്കി. അടുത്ത നിമിഷം നാവിൽ അനുഭവപ്പെട്ട രൂക്ഷമായ പുളിരസത്തിൽ പകച്ച് എന്റെ താടിയെല്ലുകൾക്കിടയിൽ ഉമിനീർ ഗ്രന്ഥികൾ ഉറവപൊട്ടി. ഉറുമ്പുകളുടെ ശരീരത്തിലെ ഉയർന്ന അളവിലുള്ള ഫോർമിക്ക് ആസിഡ് ആണു കടുത്ത പുളിരസത്തിന്റെ കാരണം. ആദ്യത്തെ അല അടങ്ങിയപ്പോൾ നാവിൽ മുൻ പരിചയമുള്ള ഒരു സ്വാദിന്റെ ഓർമ്മ തെളിഞ്ഞു വന്നു. നമ്മുടെ നാട്ടിൽ ധാരാളം കാണുന്ന ഇരുമ്പൻ പുളിയുടെ സ്വാദായിരുന്നു അത്. ഈ ഉറുമ്പുകളും നമ്മുടെ നാട്ടിൽ ധാരാളം കാണുന്നവയാണ്. നീറ് അല്ലെങ്കിൽ മിശിറ് എന്നൊക്കെയാണ് ഇവർ നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്."

'ഇരുമ്പുമണ്ണിലെ ഉറുമ്പ് ചമ്മന്തി' എന്ന അധ്യായത്തിൽ സാമൂഹ്യജീവിതത്തിന്റെ രുചിയും ഗന്ധവും വായനക്കാരന് അനുഭവിക്കാനാകും. റൊമ്പ കെട്ട എടം, ഗോദാവരിയും പൊച്ചമ്മയുടെ പോഷായും, രാക്ഷസരാജ്യം, ഇരുമ്പു മണ്ണിലെ ഉറുമ്പ് ചമ്മന്തി, സുക്ഡാ ഗഡ്ഢോ മൂപ്പന്റെ കൊമ്പ്, തുമോറോ വീ ഗോ നോ ത്രൈബെൽ, ബാജാവണ്ടിലെ വീട്, ജേതാവ് എല്ലാം എടുക്കുന്നു, ചുങ്കക്കാരും നല്ലവരും, ഒഡീഷ, വഴി നടക്കുന്നവർ എന്നിങ്ങനെ പതിനൊന്ന് അധ്യായങ്ങളിലായി മുന്നൂറ്റി ഇരുപത് പുറങ്ങളിൽ പരന്നു കിടക്കുന്ന വേറിട്ട പുസ്തകമാണിത്.

എഴുത്തുകാരായ ജി.ആർ.ഇന്ദുഗോപൻ, ഉണ്ണി ആർ എന്നിവരുടെ പ്രൗഢഗംഭീരങ്ങളായ രണ്ടു കുറിപ്പുകൾ പുസ്തകത്തിൻ്റെ മാറ്റുകൂട്ടുന്നു.  ഒരു മാസം നീണ്ടു നിന്ന യാത്രയുടെ തീവ്രവും അനന്യവുമായ അനുഭവങ്ങളാണ് 'നഗ്നരും നരഭോജികളും 'പങ്കു വയ്ക്കുന്നത്.2022 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ യാത്രയുടെ ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 'മനോരമ ബുക്സ്' ആണ്. മുന്നൂറ്റി തൊണ്ണൂറ് രൂപയാണ് വില. ഛായാഗ്രഹണ കലയിൽ പ്രധാനിയായ വേണുവിന്റെ ചാരുതയാർന്ന ദണ്ഡകാരണ്യ ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാനേ തോന്നില്ല. വൃക്ഷച്ഛായകളതിരിട്ട ഗ്രാമവഴികൾ, ചതുപ്പുകളിൽ ഇരപിടിക്കുന്ന ഫ്ലമിംഗോകളും, സൈബീരിയൻ കൊക്കുകളും, ഗോദാവരിക്കരയിലെ ചുവന്ന മുളകു കളങ്ങൾ, നിറഞ്ഞൊഴുകുന്ന ഗോദാവരി - ഇന്ദ്രാവതി നദികൾ, ദർഭയിലെ കോഴിപ്പോരാളിയുടെയും ദുർവയിലെ നായാട്ടുകാരന്റെയും മുഖഭാവങ്ങൾ, ബസ്തറിലെ ആഴ്ചച്ചന്തകൾ, വൃക്ഷച്ചുവട്ടിൽ കുന്തിച്ചിരിക്കുന്ന മദ്യവില്പനക്കാരികൾ, ആദിവാസി ചിത്രകാരൻ ചേരംഗയുടെ പ്രകൃതി ചിത്രങ്ങൾ, തലയിൽ കൊമ്പുവെച്ച ഗഡ്ഢോ മൂപ്പന്റെയും ഹാട്ടി ഗാവിലെ വെളിച്ചപ്പാടിന്റെയും തീക്ഷ്ണമായ നോട്ടങ്ങൾ, ബാജാവണ്ടിയിലെ മാടോടു പുതച്ച ചിത്രച്ചുമരുള്ള വീട്, മഡായിലെ വെളിച്ചപ്പാടുകൾ, ദാനപ്പാറയിലെ അങ്കക്കളത്തിൽ കോഴിപ്പോരിൽ പറന്നുയർന്നു വീഴുന്ന വീരൻ കോഴികൾ, ചിൽക്കാ തടാകത്തിലെ മീൻപിടിത്തക്കാർ, വീട്ടിലേക്കു മടങ്ങുന്ന പശുക്കളും മടക്കയാത്രക്കൊരുങ്ങുന്ന ദേശാടനപ്പറവകളും. അങ്ങനെ എത്രയെത്ര ജീവൻ തുടിക്കുന്ന ചിത്രങ്ങൾ!

ഈ പുസ്തകം പകർന്നു തരുന്ന അനുഭവം വായനക്കാരനെ വിദൂരങ്ങളിലേക്കു യാത്ര പോകാൻ പ്രേരിപ്പിക്കും. ദണ്ഡകാരണ്യം പൂത്തുലയുമ്പോൾ പരക്കുന്ന ഗന്ധം ഇനിമേൽ സഹ്യന്റെ മണ്ണിലെ മനുഷ്യർക്കും അനുഭവിക്കാനാകും. 'നഗ്നരും നരഭോജികളും ' എന്ന വേണുവിന്റെ പുസ്തകം തുറക്കുമ്പോൾ അകലങ്ങളിലെ മനുഷ്യരുടെ, പൂക്കളുടെ, പഴങ്ങളുടെ, ജീവജാലങ്ങളുടെ നിറവും മണവും രുചിയും ഒച്ചയുമാണ് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ വന്നു നിറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

Leave a comment