ദൈവദേശം
പെരുങ്കളിയാട്ടം അനുഷ്ഠാനങ്ങളുടെ ആഘോഷമാണ്. ഒരു ദേശത്തിന്റെ വ്യാഴവട്ടം നീളുന്ന കാത്തിരിപ്പിനൊടുവിലാണ് ഓരോ പെരുങ്കളിയാട്ടവും സംഭവിക്കുന്നത്. നാനാജാതി മനുഷ്യരുടെ കൂട്ടായ്മയാണ് അതിന്റെ ഭാഷ. അതിലെ മനുഷ്യരെയും ദൈവത്തെയും ഒരുപോലെ പകർത്തുകയെന്നത് അത്രയും ശ്രമകരമാണ്. ഒരു ഫോട്ടോഗ്രാഫർ നടത്തിയ പെരുങ്കളിയാട്ട യാത്ര.
ജന്മനിയോഗം
പെരുങ്കളിയാട്ടം അനേക വർഷങ്ങളുടെ കാത്തിരിപ്പാണ്. ഭഗവതിയുടെ കോലം ധരിക്കാൻ തെരഞ്ഞെടുക്കപ്പെടുകയെന്നത് ജന്മനിയോഗവും. മുച്ചിലോട്ട് കാവുകളിലെ പെരുങ്കളിയാട്ടത്തിന് നാന്ദി കുറിക്കപ്പെടുക വരച്ച് വെക്കൽ എന്ന ചടങ്ങോടെയാണ്. ഭഗവതിയുടെ തിരുമുടി ധരിക്കാനുള്ള ഒരു കോലക്കാരന്റെ നിയോഗം വരച്ചുവെക്കലിലാണ് തെളിയുക.
കുച്ചിൽ അഥവാ ഗർഭഗൃഹം
വരച്ച് വെക്കലിൽ തെളിയുന്നത് മുതൽ കോലധാരി പെരുങ്കളിയാട്ടത്തിന്റെ ഭാഗമാകും. കാവിന്റെ മതിൽക്കെട്ടിനുള്ളിൽ കുച്ചിൽ എന്ന താത്കാലിക അറയിലാണ് പിന്നീട് അയാളുടെ ജീവിതം. വൃതശുദ്ധിയിൽ ഭഗവതിയായുള്ള പരകായ പ്രവേശനത്തിനായി കോലക്കാരന്റെ ശരീരവും മനസ്സും കുച്ചിലിൽ പാകപ്പെടും. ഭഗവതിയെ പേറുന്ന ഗർഭപാത്രമായി കുച്ചിൽ മാറും.
തോറ്റിയുണർത്തൽ
തോറ്റത്തിലൂടെയാണ് കോലധാരി തെയ്യമായി മാറുക. മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനു കോലധാരി മൂന്ന് ദിവസം കൊണ്ട് ഒൻപതോളം തോറ്റങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.
കൊടിയിലയിൽ ഭഗവതിയെ ആവാഹിച്ച്
അവസാനമായി നടക്കുന്ന കൊടിയില തോറ്റത്തിനൊടുവിൽ പള്ളിയറയിൽ നിന്ന് തിരി കത്തിച്ച് കൊടിയിലയിൽ വെച്ച് കോലധാരിക്ക് നൽകുന്നതോടെ പള്ളിയറയിലെ ദൈവ ചൈതന്യം കോലധാരിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നാണ് സങ്കൽപം.
കൈലാസക്കല്ലിലേക്ക്
കൈലാസക്കല്ലിൽ ഇരുന്നാണ് ഭഗവതി തിരുമുടി വെക്കുക.
പ്രാക്കെഴുത്തിന്റെ സൗന്ദര്യം
കണ്ണിന് മുകളിൽ ശംഖും താഴെ രണ്ട് ഇണപ്രാവുകളും ഒരുക്കുന്ന സൗന്ദര്യമാണ് മുച്ചിലോട്ട് ഭഗവതിയുടെ മുഖത്തെഴുത്ത്. ഇരുകവിളിലും വെള്ളിയെകിറും പൊയ്ക്കണ്ണും. പൊയ്ക്കണ്ണിലെ സൂചിക്കുഴയുടെ വലിപ്പത്തിലുള്ള ദ്വാരത്തിലൂടെ, തന്നെ കാണാൻ എത്തിയവരെ മുച്ചിലോട്ട് ഭഗവതി കാണും.
രയരമംഗലത്ത് ഭഗവതിയുടെ കാര്യസ്ഥയും അതീവ സമർത്ഥയുമായ സ്ത്രീയുടെ കഴിവിൽ അസൂയ പൂണ്ടവർ അപവാദം പറഞ്ഞു പരത്തിയപ്പോൾ അതിൽ അപമാനിതയായി ആത്മാഹൂതി ചെയ്യുകയാണവൾ. തന്റെ ആത്മപരിശുദ്ധിയാൽ ദൈവക്കരുവായി മാറി മുച്ചിലോടൻ പടനായരുടെ വീട്ടുകിണറ്റിൽ സാന്നിധ്യമറിയിച്ച് മുച്ചിലോട്ട് ഭഗവതിയായെന്ന് വിശ്വാസം. വടക്കേ മലബാറിലെ വാണിയ സമുദായത്തിന്റെ കുലദേവതയായി മുച്ചിലോട്ട് ഭഗവതി ആരാധിക്കപ്പെടുന്നു.
പെരുങ്കളിയാട്ടങ്ങൾ ഭഗവതിമാരുടെ മംഗല്യമാണെന്നാണ് വിശ്വാസം. കല്യാണം മുടങ്ങുകയും ഭഗവതി നിത്യകന്യകയായി തുടരുകയും ചെയ്യും. തന്റെ പന്തൽമംഗലത്തിന് എത്തിയവരെ മുഴുവൻ കണ്ട് അവരെ ഊട്ടി അവരുടെ സങ്കടങ്ങൾ മുഴുവൻ കേട്ട ശേഷം മാത്രമേ ഭഗവതിക്ക് മടങ്ങാൻ കഴിയൂ. പെരുങ്കളിയാട്ടത്തിന്റെ അവസാന ദിവസം ഉച്ചയോടെ അരങ്ങിലെത്തുന്ന മുച്ചിലോട്ട് ഭഗവതി മുടിയഴിക്കുക അന്ന് അർദ്ധരാത്രിയോടെ മാത്രമാണ്.
ഭഗവതിയുടെ മുടി
തെയ്യത്തിൽ മുടി എന്നാൽ തലയിലേന്തുന്ന കിരീടമാണ്. തെയ്യത്തെ നിർണയിക്കുന്നത് ഈ മുടിയാണ്. മുച്ചിലോട്ട് ഭഗവതിയുടെ വട്ടമുടി ആകാശവും ഭൂമിയും ആണെന്നാണ് സങ്കൽപം.
ദൈവം വീണ്ടും മനുഷ്യനാകുന്നു
മുടിയഴിക്കുന്നതോടെ കോലക്കാരൻ വീണ്ടും മനുഷ്യനായി. വരച്ച് വെക്കൽ മുതൽ സ്വയം പേറുന്ന ദേവതയുമായുള്ള ബന്ധത്തെ അയാൾ അഴിച്ചു മാറ്റുന്നു.
ചാരിതാർത്ഥ്യം
തന്നിലേക്ക് വന്ന് ചേർന്ന ജന്മ നിയോഗത്തെ പൂർണതയിൽ എത്തിച്ച ചാരിതാർത്ഥ്യമാകും തെയ്യം മുടിയഴിച്ചാൽ ഓരോ തെയ്യക്കാരനുമുണ്ടാവുക. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന കഠിനമായ അനുഷ്ടാന പ്രക്രിയകൾക്കൊടുവിലാണ് ഓരോ പെരുങ്കളിയാട്ടവും പൂർണതയിലെത്തുക. തെയ്യക്കാരൻ തന്റെ ശാരീരികവും മാനസികവും ആത്മീയവുമായ കരുത്ത് കൂടിയാണ് തെളിയിക്കുന്നത്.
കൂട്ടായ്മ
ഓരോ തെയ്യവും കൂട്ടായ്മയുടെ ആഘോഷവും വിജയവും ആണ്. ഓരോ പെരുങ്കളിയാട്ടം നടത്തപ്പെടുന്നത് ആയിരക്കണക്കിന് പേരുടെ അധ്വാനത്തിന്റെ മേലെയാണ്. കോലക്കാരന്റെ മാത്രമല്ല അയാളുടെ പിറകിൽ സഹായികളായി നിൽക്കുന്നവരുടെ കൂടി സമർപ്പണമാണ് ഓരോ തെയ്യവും.
അനുഷ്ടാന ജീവിതങ്ങൾ
തെയ്യക്കാരെ പോലെ തന്നെ അനുഷ്ടാന ബന്ധിതമായ ജീവിതമാണ് കാവുകളിലെ ആചാരക്കാരുടെതും.
കോലധാരി : സജീവ് കുറുവാട്ട്
കുഞ്ഞിമംഗലം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടം 2018