മതവാക്യങ്ങളുടെ ദുർവ്യാഖ്യാനമാണ് പോപ്പുലർ ഫ്രന്റിന്റേത്
മതനാമങ്ങളാൽ ബന്ധിതമായി വളർന്നുവന്ന തീവ്രവാദ പ്രസ്ഥാനങ്ങളുടെ പൊതുവായ രീതി മത ടെക്സ്റ്റുകളെ തെറ്റായി വ്യാഖ്യാനിച്ചും, സന്ദർഭങ്ങളിൽ നിന്ന് അടർത്തി മാറ്റി ലക്ഷ്യാർത്ഥത്തെത്തന്നെ ചോർത്തിയും വിശദീകരിച്ചും ഹിംസ വിഭാവനം ചെയ്യുന്ന തരത്തിലുള്ള ആശയങ്ങൾ വ്യാപിപ്പിക്കുക എന്നതാണ്. മുസ്‌ലിംകളുടെ സംരക്ഷണത്തിനെന്നവണ്ണം പ്രവർത്തിക്കുന്ന ആഗോളാടിസ്ഥാനത്തിലുള്ളവയോ, പ്രാദേശികമായവയോ ആയ തീവ്രവാദ സംഘടനകളുടെ രീതിയും വിഭിന്നമല്ല. അങ്ങനെ മതവാക്യങ്ങളെ തെറ്റായി പ്രയോഗിക്കുന്നതിന്റെ ഒരു രീതിശാസ്ത്രവും കീഴ്‌വഴക്കവും വികസിപ്പിച്ചതിൽ ഇബ്നു തൈമിയ്യ, ഇബ്നു അബ്ദുൽ വഹാബ്, സയ്യിദ് ഖുതുബ്, അബുൽ അഅലാ മൗദൂദി തുടങ്ങിയ - സലഫി, ബ്രദർഹുഡ്, ജമാത്തെ ഇസ്‌ലാമി പ്രസ്ഥാന നേതൃത്വങ്ങളുടെ പലതരം പങ്കുകൾ കാണാനാകും.
ഈ കുറിപ്പ് എഴുതാനുള്ള നിമിത്തം, കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ മതപണ്ഡിത വേഷം ധരിച്ച തെക്കുനിന്നുള്ള ഒരാൾ പ്രസംഗിച്ചത്, പ്രവാചക വചനമായ ഹദീസുകളിൽ റിപ്പോർട്ട് ചെയ്തതിന് വിരുദ്ധവും, ഒരു പൂർണ്ണ സംഭവത്തിന്റെ പാതി മുറിച്ചുമാണ്. നബിയുടെ കാരുണ്യ ഭാവത്തെ ഉദാത്തമായി പ്രകടിപ്പിക്കുന്ന പ്രസ്തുത സംഭവത്തെ, പോപ്പുലർ ഫ്രണ്ട് മൗലവി ഉദ്ധരിക്കുന്നത് സമൂഹത്തിൽ പ്രശ്‌നം രൂക്ഷമാക്കുന്നതിനുള്ള ഉപാധിയായാണ്. അവർക്ക് ഖുർആനിക സൂക്തങ്ങളാകട്ടെ, ഹദീസുകൾ ആകട്ടെ - ഇത്തരത്തിൽ സമൂഹത്തിൽ പ്രശ്ന കലുഷിതമായ സാഹചര്യം സൃഷ്ടിക്കാനും, മുസ്‌ലിമിന്റെ ഉള്ളിൽ ഒരു തരം പ്രക്ഷുബ്ധത നിറക്കാനുമുള്ള ഉപാധികളാണ് പലപ്പോഴും.
എന്ന് മാത്രവുമല്ല, ഇസ്ലാമിനെ ഒരു പൊളിറ്റിക്കൽ എന്റിറ്റി എന്നതിലേക്ക് സവിശേഷമായി പരിമിതപ്പെടുത്തുകയും, അങ്ങനെ മുസ്ലിംങ്ങള്‍ക്ക്
മതപരമായി ജീവിക്കാൻ അത്തരം ഒരു സാഹചര്യം വേണമെന്ന് വികല വിശ്വാസം പലയിടങ്ങളിലായി ഊന്നിപ്പറയുകയും അതിനു സൈദ്ധാന്തിക ഭാഷ്യങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഇത്തരം പ്രസ്ഥാനക്കാർ. ആ ആശയധാരകളെ ഉൾവഹിക്കുന്നവരെ പോപ്പുലർ ഫ്രണ്ടിന്റെ ആദ്യകാലം മുതൽ അമരത്തു കാണാനാകും. അതിനാൽ, അവരുടെ പ്രഭാഷണം സലഫി, ജമാഅത്തെ ഇസ്ലാമി രൂപങ്ങളുടെ മറ്റു പതിപ്പുകളായി മാറുന്നത് ഒട്ടും യാദൃച്ഛികല്ലതാനും.
സലഫി ഡോഗ്മകളും സയിദ് ഖുതുബിന്റെ തീവ്ര ചിന്തകളും ആധുനിക കാലത്ത് ഐസിസ് പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളവും വേരും നൽകി അനേകം സുന്നി പണ്ഡിതർ വിവരിച്ചിട്ടുണ്ട്. ശൈഖ് മുഹമ്മദ് യഅഖൂബി, ഡോ ഉസാമ അസ്ഹരി എന്നിവർ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അത്തരം കാര്യങ്ങളെ സൂക്ഷ്മതലത്തിൽ വിശദീകരിച്ച് എഴുതിയ പുസ്തകങ്ങൾ മുസ്‌ലിം ലോകത്ത് പ്രശസ്തവുമാണ്.
ശൈഖ് മുഹമ്മദ് യഅഖൂബി 'ഇൻഖാദുൽ ഉമ്മ' എന്ന ഗ്രന്ഥത്തിന്റെ രണ്ടാം അധ്യായത്തിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "ഐസിസ് ഖുർആനും പ്രവാചക വചനങ്ങളും അവരുടെ അങ്ങേയറ്റം മോശമായ പ്രവർത്തനങ്ങൾക്ക് സാധൂകരണം നൽകാൻ ഉപയോഗിക്കുന്നു. എന്നാൽ ഐസിസ് പ്രതിനിധാനം ചെയ്യുന്ന, മൃഗീയതയും മനുഷ്യ വിരുദ്ധതയും ഹിംസയും എല്ലാം മുഹമ്മദ് നബിയുടെ മനോഹരവും മാതൃകാപരവുമായ വ്യക്തിത്വഭാവത്തോട് നേരെ എതിരുനിൽക്കുന്നവയാണ്. ഈ ലോകത്തെ അധികാരമാർജിക്കാനുള്ള ടൂൾ ആയി ഇസ്‌ലാമിക ടെക്സ്റ്റുകളെ അവർ ദുർവ്യാഖ്യാനിക്കുകയാണ്".
മുസ്‌ലിം സമൂഹം വളരെ ജാഗ്രതയോടെയാണ് ഇത്തരം പ്രവണതകളെ മുമ്പേമുതലേ കണ്ടുവന്നിട്ടുള്ളത്. മൗദൂദിയോടും ഇബ്നു അബ്ദുൽ വഹാബിനോടും എല്ലാം മതപരമായ ടെക്സ്റ്റുകളെ മുൻനിറുത്തി നിശിതമായ നിലപാട് തെക്കേ ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതർ ഒരു നൂറ്റാണ്ടോളമായി സ്വീകരിച്ചത്, അവയിൽ ഉൾക്കൊണ്ട ക്രൗര്യഭാവം കൂടി മനസ്സിലാക്കിയാണ്. കാരണം, ഇസ്‌ലാമിക മൗലിക ടെക്റ്റുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് അവർ നിലമൊരുക്കിയത് തന്നെ. പോപ്പുലർ ഫ്രണ്ടിനോടും നിശിതമായ നിലപാട് സ്വീകരിക്കുന്നതിന്റെ നിമിത്തം മറ്റൊന്നല്ല.
ഐസിസിന്റെ രീതിശാസ്ത്രം അവരെ ഒരു ഏക മുസ്‌ലിം എന്റിന്റിയായി കാണുന്നുവെന്നതാണ്. അഥവാ, അവരാണ് ഇസ്‌ലാം. ആര് അവരോട് വിയോജിക്കുന്നുവോ, അവരെയൊക്കെ മുസ്‌ലിം വിരുദ്ധരാക്കും. വാസ്തവത്തിൽ തീവ്രവാദികളുടെ ഏറ്റവും വലിയ ഇരകൾ, അവർ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന മതത്തിലെ സാധാരണ വിശ്വാസികൾ ആയിരിക്കും. എത്രയെത്ര മുസ്ലിംപണ്ഡിതരെയും സാധാരണക്കാരെയുമാണ് ഐസിസ് കൊന്നുകളഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ രീതി നോക്കൂ, ആരൊക്കെ അവരെ ആശയപരമായി എതിർത്തുവോ, ആദ്യം വരുന്ന വിളിപ്പേര് മുസ്‌ലിം വിരുദ്ധൻ, സംഘി എന്നൊക്കെയാണ്. അത്തരം നാമകരണങ്ങളും ഭീഷണികളും കേരളത്തിൽ മാത്രമുള്ള രീതിയില്ല, ലോകത്താകെ മുസ്‌ലിംകളുടെ പേരിൽ പ്രവർത്തിക്കുന്ന തീവ്ര സംഘടനകൾ പയറ്റുന്നവയാണ്.
ഇവരെ എങ്ങനെ പ്രതിരോധിക്കാമെന്നതിനു നമ്മുടെ കാലത്ത് സമുദായം ഊന്നലോടെ ആലോചിക്കേണ്ടതുണ്ട്. ഇരു വിഭാഗം സമസ്തകളും നിശിതമായ നിലപാടാണ് പോപ്പുലർ ഫ്രണ്ടിനോട് എടുക്കാറുള്ളത്. മലബാറിൽ അതിനാൽ തന്നെ ഇവരുടെ വളർച്ച കുറവുമാണ്. അടിസ്ഥാനപരമായി പ്രവാചക നിലപാടിൽ നിന്ന് വ്യതിചലിച്ച, അതിനാൽ തന്നെ വിശ്വാസത്തിന്റെ മൗലികതയിൽ അപഭ്രംശം വരികയും അതുകാരണം, സമുദായം തുടർന്നുവരുന്ന നീതിയുടെയോ സഹിഷ്ണുതയുടെയോ ആയ വിവേക നിലപാട് ഉൾക്കൊള്ളാൻ കഴിയാത്തവരുമായി ഇവർ പരിണമിച്ചുട്ടുണ്ട്. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ സന്ദിഗ്ധതകളെ ഒന്നും കാണാതെ മുസ്‌ലിം സമൂഹത്തെ മൊത്തം അപകടത്തിൽ ആക്കാനുള്ള ഈ ആൾക്കൂട്ട വൈകാരിക അട്ടഹാസങ്ങൾ ഏൽപ്പിക്കുന്ന പരിക്ക് ചെറുതായിരിക്കില്ല. അത് നിശ്ചയമായും സംഘ്പരിവാറിനാണ് സഹായകമാകുന്നതും.