രാഹുൽ ഗാന്ധി കോൺഗ്രസിന്റെ സ്പിരിച്വൽ സെന്റർ: ശശി തരൂർ
PHOTO: FACEBOOK
അഭിമുഖം ഇവിടെ കേള്‍ക്കാം
ടി ജെ ശ്രീലാൽ ശശി തരൂരുമായി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്
കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ ഒറ്റപ്പെടുന്നതായോ, പാർട്ടി ഒറ്റപ്പെടുത്തുന്നതായോ തോന്നുന്നുണ്ടോ ?
അങ്ങനെയൊരു തോന്നലൊന്നും എനിക്ക് ഇല്ല. ഞാൻ പാർട്ടിയിൽ ചെയ്യുന്നതെല്ലാം പാർട്ടി ആവശ്യപ്പെട്ടകാര്യങ്ങൾ തന്നെയാണല്ലോ… പാർട്ടി ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ആരംഭിക്കാൻ ആവശ്യപ്പെട്ടു. അതു ചെയ്തു. പാർലമെന്റിൽ ഡിബേറ്റ് വരുമ്പോൾ പ്രസംഗിക്കാൻ ആവശ്യപ്പെടും, അത് ചെയ്യും. ഞാൻ പാർട്ടിയോട് കൂറുള്ള പടയാളിയാണ്. പിന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി എന്നെ മാറ്റി നിർത്തുന്നോയെന്ന് പരിശോധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ എനിക്ക് തോന്നുന്നത് കുറച്ച് കൂടി സമയം കൊടുക്കണം. പ്ളീനറി വരുന്നതേയുള്ളു. അതിലാകും പുതിയ പ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ മാറ്റങ്ങൾ, പുനഃസംഘടന കാര്യങ്ങൾ കൊണ്ട് വരാൻ പോകുന്നത്. അതിലായിരിക്കും എന്റെ ഭാവി പാർട്ടിയെങ്ങനെയാണ് കാണുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുക. അതിന് മുമ്പ് അങ്ങനെയാരു തീരുമാനത്തിലേക്കെത്തുന്നത് ശരിയല്ല.
അപ്പോൾ അതുവരെ കാത്തിരിക്കും ?
കാത്തിരിക്കുകയല്ല. ആസ്വദിച്ച് മുന്നോട്ട് പോകുന്നു. പാർലമെന്റിൽ സംസാരിക്കുന്നു. മറ്റു ചുമതലകൾ നിറവേറ്റുന്നു.
കേരളത്തിലെ താങ്കളുടെ സന്ദർശനങ്ങൾ... അതുണ്ടാക്കിയിട്ടുള്ള വിവാദങ്ങൾ... അത് അനാവശ്യമായിരുന്നു എന്ന് തോന്നുന്നുണ്ടോ ?
വിവാദങ്ങൾ അനാവശ്യമായിരുന്നു എന്നത് ഉറപ്പാണ്. ഇങ്ങനെയുള്ള സന്ദർശനങ്ങളും കൂടിക്കാഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് വാർഷങ്ങളായി. രേഖകൾ പരിശോധിച്ചാൽ അത് മനസ്സിലാകും. കോഴിക്കോട്ടും, കാസർകോട്ടും, കണ്ണൂരിലും, മലപ്പുറത്തുമെല്ലാം മുമ്പ് പ്രസംഗിച്ചതാണ്. ആളുകൾ ക്ഷണിക്കും. ചിലത് പാർട്ടി പരിപാടികളായിരിക്കും. ചിലത് സംഘടനകളുടെ ക്ഷണമായിരിക്കും. മുമ്പ് ചെയ്യാത്ത കാര്യങ്ങളല്ല ഞാൻ ഇപ്പോൾ ചെയ്തത്. എഐസിസി പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളും മാധ്യമങ്ങളും ഒരുപക്ഷെ എന്നെ വേറെ രീതിയിൽ കാണുന്നുണ്ടാകും. അത് എനിക്ക് അറിയില്ല. പക്ഷെ ഞാൻ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ മുമ്പ് ചെയ്തിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. മാത്രവുമല്ല രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഞാൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രചാരാണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകൾക്ക് എന്നെ അറിയില്ല എന്ന പ്രചരണം തെറ്റാണ്. ഞാൻ ജനങ്ങൾക്കിടയിൽ ഇറങ്ങി നടക്കുന്ന വ്യക്തി തന്നെയാണ്. ഒരുപക്ഷെ ഞാൻ കൂടുതലും കേന്ദ്രീകരിക്കുന്നത് എന്റെ മണ്ഡലമായ തിരുവനന്തപുരത്തായതിനാൽ 90 ശതമാനം സമയവും ഞാൻ അവിടെ തന്നെയായിരിക്കും. അതുകൊണ്ട് അത്ര ശ്രദ്ധയോടെ ജനങ്ങൾ എന്റെ സന്ദർശനങ്ങളെ മുമ്പ് എടുത്തിട്ടുണ്ടാകില്ല. പക്ഷെ ഇത്തവണ അഞ്ചാറു ദിവസം ഒരുമിച്ച് ചെയ്തപ്പോൾ അവർ കൂടുതൽ ശ്രദ്ധിച്ചിട്ടുണ്ടാകം. എനിക്ക് അത് അതിശയമായി തോന്നിയില്ല. പക്ഷെ ഇത് വിവാദമാക്കിയപ്പോൾ അതിശയം തോന്നി.
വിവാദമാക്കിയവർ പറഞ്ഞു നടക്കുന്നത് താങ്കൾ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്നാണ്. അങ്ങനെ ആലോചിക്കുന്നോ ?
ഞാൻ രാഷ്ട്രീയത്തിൽ വന്നത് തന്നെ കേരളത്തിൽ പ്രവർത്തിക്കാനാണ്. മൂന്ന് തവണ എംപിയായി തിരുവനന്തപുരത്ത് മത്സരിച്ചു ജയിച്ചു. അപ്പോ കേരളവുമായി ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമോ ആവശ്യമോ ഇല്ല. ഞാൻ കേരളത്തിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. കർമ്മ ഭൂമി കേരളമാണ്. കേരളത്തിനകത്ത് തിരുവനന്തപുരമാണെങ്കിലും സംസ്ഥാനം മൊത്തം പ്രവർത്തിക്കാനുള്ള അവകാശവും അനുഭവവും എനിക്കുണ്ട്. അത് ചെയ്യുന്നതിൽ തെറ്റെന്താണെന്ന് മനസ്സിലാകുന്നില്ല. രണ്ടാമത് ഞാൻ ചെയ്യുന്നത് പാർട്ടി വിരുദ്ധമായ കാര്യങ്ങളല്ല. ഞാൻ വേദികളിൽ സംസാരിക്കുന്ന എന്റെ വിശ്വാസവും എന്റെ അറിവുമാണ്. അത് കോൺഗ്രസ് ഉയർത്തിപിടിക്കുന്ന പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതാണ്. അതുകൊണ്ട് ഈ വിവാദം തന്നെ എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
തരൂരിനെ വിളിക്കൂ… കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ… ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം. ഇങ്ങനെ ചില ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്... കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമോ ?
അത് ചിലരുടെ ആഗ്രഹമാണ്. എന്നോടും പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു ആവശ്യം ഉയർന്ന് കേട്ടിട്ടില്ല എന്ന് പറയുന്നില്ല. പക്ഷെ എന്റെ മനസ്സിൽ അത് അങ്ങനെയല്ല. കേരളത്തിൽ ഇപ്പോൾ ഒരു സർക്കാരുണ്ട്. മുഖ്യമന്ത്രിയുണ്ട്. 2026 വരെ ഭരിക്കാനുള്ള ഭൂരിപക്ഷവും അവർക്കുണ്ട്. മൂന്ന് വർഷമുണ്ട് ഇക്കാര്യം ചിന്തിക്കാൻ. ഇപ്പോൾ ഈ ചർച്ചയ്ക്ക് സമയമായിട്ടില്ല. ചിലർ പറയുന്നുണ്ട്. ഞാൻ കേൾക്കുന്നുമുണ്ട്. പക്ഷെ ഇപ്പോൾ ഇക്കാര്യം ചിന്തിക്കാനോ ആലോചിക്കാനോ ഉള്ള സമയം ആയിട്ടില്ല.
സമയം ആയിട്ടില്ല എന്ന് മാത്രം. ആ പദവിയിലേക്കില്ല എന്നല്ല. അതായത് ആവശ്യം വന്നാൽ താങ്കൾ തയ്യാറാണ് എന്നാണോ ?
രാഷ്ട്രീയക്കാരൻ എന്ന നിലയ്ക്ക് പാർട്ടി ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ തയ്യാറാണ്. അടുത്ത തവണ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ അവിടെയല്ല എന്റെ സേവനം കൂടുതൽ വേണ്ടത്. ഏത് വെല്ലുവിളി വന്നാലും അത് ഏറ്റെടുത്ത് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് താൻ. രാഷ്ട്രീയത്തിൽ വരുന്നതിന് മുമ്പും അങ്ങനെയായിരുന്നു. ഓരോ ഉത്തരവാദിത്തങ്ങൾ ഐക്യരാഷ്ട്രസഭയിൽ പെട്ടെന്ന് ലഭിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. You have to adjust and prepare- യൂഗോസ്ലാവിയ യുദ്ധ സമയത്ത് എന്നെ ഐക്യരാഷ്ട്രസഭ സംഘത്തിന്റെ ചുമതല ഏൽപ്പിച്ചു. ആ വെല്ലുവിളി ഏറ്റെടുത്തു. നന്നായി നിർവ്വഹിച്ചു. അങ്ങനെയൊക്കെ സംഭവിക്കും. എല്ലാത്തിനും തയ്യാറാണ്. അത്ര മാത്രമേ ഇപ്പോൾ പറയുന്നുള്ളു.
എഐസിസി പ്ളീനറി സമ്മേളനം വരുന്നു. ഈ സമ്മേളനത്തിൽ സിഡബ്ള്യൂസി അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതുണ്ട്. പകുതിപ്പേരെ നാമനിർദ്ദേശം ചെയ്യാം. ബാക്കിയുള്ളവരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണം. ഇതാണ് നിയമം. പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച സാഹചര്യത്തിൽ ഇവിടെയും തെരഞ്ഞെടുപ്പ് വേണമെന്ന് തന്നയാണോ താങ്കളുടെ നിലപാട്. താങ്കൾ മത്സരിക്കില്ല എന്ന സൂചന മുമ്പ് നൽകിയിരുന്നു. അതിൽ ഉറച്ച് നിൽക്കുന്നുണ്ടോ. ഒപ്പം താങ്കളെ പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ ?
പ്രതീക്ഷയുണ്ടാകാൻ ആരെങ്കിലും എന്നോട് സംസാരിക്കേണ്ടേ. ആരും എന്നോട് സംസാരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് ചോദിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കില്ല, ചെയ്യും. പക്ഷെ ഇതുവരെ പാർട്ടി നേതൃത്വത്തിൽ തന്നെ അങ്ങനെയൊരു സംസാരം ഉണ്ടായിട്ടില്ല. രണ്ടാമത്തേത് മത്സരിക്കാനുള്ള വിഷയത്തിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. ചിലർ പറയുന്നു നിങ്ങൾ മത്സരിക്കണമെന്ന്. മത്സരിച്ചാൽ നിങ്ങൾക്കൊപ്പം വന്ന് മത്സരിക്കാമെന്ന്. നിങ്ങൾക്കൊപ്പം ഒരു പാനലായി മത്സരിച്ചാൽ ഞങ്ങളും വിജയിക്കുമെന്ന്. മറ്റു ചിലർ പറയുന്നു പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചതിന് ശേഷം പ്രവർത്തക സമിതിയിലേക്ക് മത്സരിച്ചിട്ട് കാര്യമുണ്ടോ. രണ്ടായാലും ഇക്കാര്യത്തിൽ താൻ തീരുമാനം എടുത്തിട്ടില്ല. ഇങ്ങനെയൊരുകാര്യത്തിൽ എന്തായാലും സഹപ്രവർത്തകരുമായി ആലോചിച്ചേ തീരുമാനം എടുക്കാൻ സാധിക്കൂ.
അപ്പോൾ മത്സരിക്കില്ല എന്ന തീരുമാനം എടുത്തിട്ടില്ല ?
മത്സരിക്കില്ല എന്ന് തീരുമാനം എടുത്തിട്ടില്ല. മത്സരിക്കുമെന്നും തീരുമാനം എടുത്തിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ അതനുസരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഞാൻ സമ്മതിച്ചിട്ടുണ്ട്. പക്ഷേ പാർട്ടി വേറെ വല്ല ഉത്തരവാദിത്തമാണ് ആലോചിക്കുന്നതെങ്കിൽ താൻ അതിനും തയ്യാറാണ്. എല്ലാത്തിനും മനസ് തുറന്നിട്ടാണ്.
ചരിത്രത്തിൽ ലഭിക്കാത്ത വോട്ടാണ് കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ താങ്കൾക്ക് ലഭിച്ചത്. ഇത്രയും പേർ പ്രതീക്ഷയോടെ താങ്കളെ കാണുന്നുമുണ്ട്. അങ്ങനെയുള്ളപ്പോൾ സിഡബ്‌ള്യൂസിയിലേക്കെങ്കിലും കൊണ്ട് വരാതെ മാറ്റി നിറുത്തുകയാണെങ്കിൽ എന്താകും താങ്കളുടെ തീരുമാനം ?
അങ്ങനെയൊരു തീരുമാനം എടുത്താൽ ആസമയത്ത് ആലോചിക്കേണ്ടി വരും. ഇപ്പോഴേ അതിനെ കുറിച്ച് ആലോചിക്കുന്നത് എന്റെ രീതിയല്ല. ഇപ്പോഴത്തെ രീതിയിൽ ഞാൻ എന്റെ ജോലി ചെയ്യുന്നു. ഇനി പാർട്ടി എങ്ങനെ എന്നെ കാണുന്നു എന്നത് അറിയുമ്പോൾ അക്കാര്യം അപ്പോൾ പറയാം.
നമുക്ക് ദേശീയതലത്തിലേക്ക് വരാം. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷനായിട്ട് മാസങ്ങളായി. അദ്ദേഹം ഗാന്ധി കുടുംബത്തിന്റെ റബ്ബര്‍ സ്റ്റാമ്പ് എന്നൊക്കെ ആ സമയത്ത് ചിലരൊക്കെ പറയുന്നുണ്ടായിരുന്നു. താങ്കള്‍ എങ്ങനെയാണ് അദ്ദേഹത്തെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ച് വിലയിരുത്തുക. കോണ്‍ഗ്രസ്സിനെ അദ്ദേഹം വീണ്ടും ഊര്‍ജ്ജിതപ്പെടുത്തുമോ ?
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അധ്യക്ഷനായിട്ട് കഷ്ടി രണ്ട് മാസങ്ങളല്ലേ ആയിട്ടുള്ളൂ. അദ്ദേഹം ഇതുവരെയുള്ള നിലപാട് തുടരാനാണ് സാധ്യത. ഉദാഹരണത്തിന്, ഞാനദ്ദേഹത്തോട് പറഞ്ഞിരുന്നു, ഓള്‍ ഇന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വെക്കാന്‍ തയ്യാറാണെന്ന്. ഉദയ്പൂര്‍ ഡിക്‌ളറേഷന്‍ പ്രകാരം ആകാവുന്ന അഞ്ച് വര്‍ഷം ഞാന്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. നേരത്തെ സോണിയാ ഗാന്ധിയോടും ഇക്കാര്യം ഞാന്‍ അറിയിച്ചിരുന്നു. അവരെന്നോട് പറഞ്ഞു, പുതിയ അധ്യക്ഷന്‍ വരട്ടെ അത് വരെ തുടരൂ എന്ന്. ഖാര്‍ഗെ അധ്യക്ഷനായപ്പോള്‍ ഖാര്‍ഗെ സാഹിബിനോടും ഞാന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞു. അദ്ദേഹവും പക്ഷെ അതെ കാര്യമാണ് പറഞ്ഞത്. ഒന്ന് കൂടെ തുടരൂ എന്ന്. അതിനപ്പുറത്തേക്ക് പോകാന്‍ സമയം ആയിട്ടില്ല എന്ന് . അപ്പോ ഇക്കാര്യത്തില്‍ നമ്മള്‍ കണ്ടത് പോലെ ഒരു കണ്ടിന്യുവേഷന്‍ മൂഡിലാണ് അദ്ദേഹം എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇത്ര നേരത്തെ ഒരു സ്റ്റാന്‍ഡ് എടുക്കാന്‍ തയ്യാറാകാത്തത്. പ്ലീനറി എല്ലാം കഴിഞ്ഞിട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ ക്വാളിറ്റീസ് നമുക്ക് കാണാന്‍ സാധിക്കുമെന്ന് വിചാരിക്കുന്നു. എനിക്ക് അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. ഞാനദ്ദേഹത്തിനൊപ്പം ലോക്‌സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നത് മറക്കരുത്. അദ്ദേഹമായിരുന്നു ഞങ്ങളുടെ ലോക്‌സഭയിലെ ലീഡര്‍. അഞ്ച് വര്‍ഷം, 2014 മുതല്‍ 2019 വരെ. ആ സമയത്ത് എല്ലാ ദിവസവും കാണുന്ന ഒരു ബന്ധവും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. എന്നെ ഇടയ്ക്കിടക്ക് ഡിബേറ്റില് സംസാരിപ്പിക്കാനും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനും അദ്ദേഹം മുന്‍കൈയെടുക്കാറുണ്ടായിരുന്നു. മുമ്പ് തന്നെ അദ്ദേഹവുമായി അത്തരമൊരു വര്‍ക്കിംഗ് റിലേഷന്‍ ഉണ്ടായിരുന്നു. ഇനി അതില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം വല്ല മാറ്റവും ഉണ്ടായിരുന്നോ എന്ന് നോക്കാനുള്ള സമയമായിട്ടില്ല. ഏതായാലും ഏത് വ്യക്തിയെക്കാളും വലുതാണല്ലോ പാര്‍ട്ടി. അതിനെ നയിക്കുന്ന ആളിന്റെ കാര്യത്തില്‍ ഇത്ര വേഗത്തില്‍ എന്തെങ്കിലുമൊരു കണ്‍ക്ലൂഷനിലെത്താന്‍ എനിക്ക് ഇപ്പോള്‍ തോന്നുന്നില്ല.
ഹിന്ദു ഐഡന്റിറ്റി ഒളിച്ച് വെക്കാത്ത ആളാണ് താങ്കള്‍. അതെന്തുകൊണ്ടാണ്? ബിജെപി രാഷ്ട്രീയം ശക്തമായത് കൊണ്ട് ഇന്ത്യയില്‍ ഹിന്ദുവാണ് എന്ന് പറയാതെ നേതാവായിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നിട്ടുണ്ടോ ?
നോക്കൂ, ഞാന്‍ കുറെ വര്‍ഷങ്ങളായി പറയുന്നു. നമുക്ക് നമ്മുടെ സ്വന്തം മതത്തെക്കുറിച്ച് പറയാന്‍ ഒരു നാണക്കേടും തോന്നേണ്ട കാര്യമില്ല. ഹിന്ദു കോണ്‍ഗ്രസ്സുകാരന്‍ ഞാന്‍ ഹിന്ദുവാണ് എന്ന് പറയുന്നതിലോ, ഒരു മുസ്ലീം കോണ്‍ഗ്രസ്സുകാരന്‍ ഞാന്‍ മുസ്ലീം ആണെന്ന് പറയുന്നതിലോ ഞാന്‍ തെറ്റ് കാണുന്നില്ല. എല്ലാവര്‍ക്കും അവരുടെ മതം ഒബ്‌സര്‍വ് ചെയ്യാനും ബഹുമാനിക്കാനും അനുവാദവും ഉണ്ട്, ഉത്തരവാദിത്തവും ഉണ്ട്. മതം പക്ഷെ രാഷ്ട്രീയമാകാന്‍ പാടില്ല, കോണ്‍ഗ്രസ്സിന് മതം രാഷ്ട്രീയം അല്ല. എനിക്ക് മതവിശ്വാസം എപ്പോഴും ഉണ്ടായിട്ടുണ്ട്, ഞാന്‍ ജനിച്ച് വളര്‍ന്നത് തൊട്ട് അങ്ങനെയായിരുന്നു. എന്റെ അച്ഛന്‍ ഭയങ്കര സെക്കുലറായിട്ടുള്ള വ്യക്തിയായിരുന്നു, ഒരു ജാതി മതത്തിന്റെയും അടിസ്ഥാനത്തിലല്ല അദ്ദേഹം പ്രവര്‍ത്തിച്ചത്. പക്ഷെ, അദ്ദേഹത്തിന്റെ വിശ്വാസവും അങ്ങനെയായിരുന്നു. എല്ലാ ദിവസവും കുളി കഴിഞ്ഞ് അദ്ദേഹം പ്രാർത്ഥിക്കുന്നത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹം ക്ഷേത്രത്തില്‍ പോകാറുണ്ട് എന്ന് മാത്രമല്ല, വീട്ടിനകത്തും പൂജാമുറി ഉണ്ടായിരുന്നു. എവിടെ താമസിച്ച കാലത്തും വീട്ടില്‍ ഒരു പൂജാമുറി കാണും. അങ്ങനെയാണ് ഞാനും ആ വഴിയിലേക്ക് എത്തിയത്. ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോഴും എന്റെ വീട് എവിടെയാണ് അതിനകത്ത് പൂജാമുറി ഉണ്ടായിരുന്നു. എത്ര ചെറിയ മുറിയായിരുന്നാലും അത് അവിടെ ഉണ്ടാകുമായിരുന്നു. അങ്ങനെയാണ് ഞാന്‍ വളര്‍ന്നത്. പക്ഷെ ഇതൊന്നും പുറത്ത് പറയേണ്ട ആവശ്യം തോന്നിയില്ലായിരുന്നു എന്ന് മാത്രം. അതുകൊണ്ട് മുമ്പ് പറഞ്ഞിരുന്നില്ല. ഇന്നിപ്പോ പക്ഷെ മനുഷ്യരുടെ മതം ഒരു പബ്ലിക് ഇന്ററസ്റ്റ് വിഷയം ആയി മാറിയിട്ടുണ്ട്. അതുകൊണ്ട് മാത്രം ഞാനത് ഒളിക്കുന്നില്ല എന്നേയുള്ളൂ.
എല്ലാ മതങ്ങളെയും ബഹുമാനിക്കുക എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുക. ഇതാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്. ഞാന്‍ നിങ്ങളുടെ സത്യത്തെ ബഹുമാനിക്കുന്നു, നിങ്ങള്‍ എന്റെ സത്യത്തെ ബഹുമാനിക്കുക . അങ്ങനെയാണ് എല്ലാവരും ശീലിക്കേണ്ടത്. അങ്ങനെ എല്ലാവരും ചെയ്യുകയാണെങ്കില്‍ ഒരു പ്രശ്‌നവുമില്ല. ഹിന്ദു മതവും രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവും വരേണ്ട ആവശ്യമില്ല. ഞാന്‍ ഒരു ക്ഷേത്രത്തില്‍ കേറുമ്പോള്‍ എന്റെ സ്വന്തം പ്രാർത്ഥനയ്ക്കാണ്. ഞാന്‍ ഒരു മോസ്‌കിലോ മസ്ജിദിലോ കേറുമ്പോള്‍ അവരുടെ മതത്തെ ബഹുമാനിച്ച് കൊണ്ട്, എന്നാല്‍ എന്റെ മതം അല്ല എന്ന് മനസ്സിലാക്കി, അവരെ റെസ്‌പെക്ട് ചെയ്ത് തന്നെയാണ് അകത്ത് കേറുന്നത്. ഇതില്‍, ഞാന്‍ കാണുന്നത് രാഷ്ട്രീയമല്ല. ഒരു സിവിലൈസ്ഡ് സോഷ്യല്‍ ബിഹേവിയര്‍ ആയിട്ട് മാത്രമേ ഞാനിത് കാണുന്നുള്ളൂ. പക്ഷെ, നമ്മള്‍ക്ക് അറിയാം, ബിജെപിക്കാർ മതത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയം ചെയ്യുന്നത്. ഹിന്ദുത്വ അവർ ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആക്കി മാറ്റിയിട്ടുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്ന് കൂടെ അവരില്‍ ചിലര്‍ ഒളിക്കാതെ പറയുന്നുണ്ട്. അങ്ങനെ ഒരു വിശ്വാസമുള്ള രാഷ്ട്രീയത്തിനെ ഞാന്‍ തുടക്കം മുതലേ എതിര്‍ക്കുന്നുണ്ട്, ഇപ്പോഴും അതിനെ എതിര്‍ക്കുകയാണ്. എന്റെ അറിവില്‍ ഭാരതം എല്ലാ മതത്തിന്റെയും രാജ്യമാണ്. ഒരു മതത്തിന്റെ മാത്രമല്ല.
താങ്കളിപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വെച്ച് ഇതിനെ പലരും കോണ്‍ഗ്രസ്സിന് മൃദുഹിന്ദുത്വ ലൈനുണ്ട് എന്ന് പറയുന്നുണ്ട്. കോണ്‍ഗ്രസ്സ് മൃദുഹിന്ദുത്വ പാര്‍ട്ടിയാണോ ?
അത് ശരിയല്ല. ഹിന്ദുത്വ എന്നത് മതവിശ്വാസമല്ല, രാഷ്ട്രീയ ഐഡിയോളജിയാണ്. ആ വ്യത്യാസം ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. നിങ്ങള്‍ക്കെല്ലാര്‍ക്കും എന്തുകൊണ്ട് മനസ്സിലാകുന്നില്ല എന്ന് ഞാന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയാണ്. കാരണം ഹിന്ദുത്വ ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആണ്. അതും മതവിശ്വാസവുമായി ബന്ധമില്ല. സവര്‍ക്കര്‍ വലിയൊരു മതവിശ്വാസി ആയിരുന്നില്ല. പക്ഷെ അദ്ദേഹം ഹിന്ദുത്വയെ ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആയി ഫോര്‍മുലേറ്റ് ചെയ്ത്, പുസ്തകം എഴുതി പ്രസിദ്ധീകരിച്ച്, പ്രസംഗിച്ച് കൊണ്ട് വന്നു. അതാണ് ഹിന്ദുത്വയും ഹിന്ദു രാഷ്ട്രവും ഒക്കെ. ഹിന്ദു എന്നത് ഒരു പൊളിറ്റിക്കല്‍ ഐഡിയോളജി ആയി കാണണമെന്നാണ് അവർ പറയുന്നത്. ഞങ്ങള്‍ പറയുന്നത് അതല്ല. നിങ്ങള്‍ ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിച്ച് കൊള്ളൂ. ഹിന്ദുവാണെങ്കിലും മുസ്ലീം ആണെങ്കിലും ക്രിസ്ത്യാനി ആണെങ്കിലും. മതവിശ്വാസിയല്ലെങ്കിലും പ്രശ്‌നമൊന്നുമില്ല. അതൊന്നും ഒരു പ്രശ്‌നമേയല്ല. നിങ്ങളുടെ രാഷ്ട്രീയം എല്ലാവരെയും ഒരുപോലെ കാണണം. അതാണ് കോണ്‍ഗ്രസ്സിന്റെ വിശ്വാസം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആണ് ഞങ്ങളുടേത്. മൃദുഹിന്ദുത്വ എന്ന് അതിനെ എങ്ങനെ പറയും. അങ്ങനെയാണെങ്കില്‍ ഒരു മുസ്ലീമിന്റേത് എന്താണ്, മൃദു ഇസ്ലാമാകുമോ. അതില്‍ അർത്ഥമില്ല. ഞങ്ങൾ സെക്കുലറിസം പ്രാക്ടീസ് ചെയ്യുന്നു. നിങ്ങൾ ഏത് മതവും പ്രാക്ടീസ് ചെയ്‌തോളൂ, രാഷ്ട്രീയത്തില്‍ കൊണ്ട് വരണ്ട. അതാണ് ഞങ്ങളുടെ നിലപാട്. അത് മൃദുഹിന്ദുത്വമല്ല.
ബിജെപി പൊതുശത്രു, ഇടത് സഹകരണം എന്നതിനെ എങ്ങനെ കാണുന്നു ?
നോക്കൂ, ദേശീയസ്ഥിതിയില്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം തന്നെയാണ്. പാര്‍ലമെന്റില്‍ അടക്കം, അവര് എണ്ണം കൂടുതലില്ലെങ്കിലും.ദേശീയവിഷയങ്ങളിലും ബി ജെ പിയെ എതിര്‍ക്കുന്നതിലും ഒക്കെ ഞങ്ങള്‍ക്ക് വലിയ അഭിപ്രായവ്യത്യാസമൊന്നുമില്ല. പക്ഷെ കേരളത്തിനകത്ത് നമ്മുടെ രാഷ്ട്രീയചരിത്രം തന്നെ നിങ്ങള്‍ക്കറിയുമല്ലോ, തുടക്കം മുതല്‍ക്കേ ഞങ്ങള്‍ക്ക് അവരുമായി ചില കാര്യങ്ങളില്‍ യോജിപ്പില്ല. അത് അവരുടെ പ്രവര്‍ത്തന ശൈലിയും ഐഡിയോളജി, അവരുടെ വിശ്വാസങ്ങള്‍. എല്ലാത്തിലും ഞങ്ങള്‍ക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ട്. അപ്പോ, കേരളത്തില്‍ നമ്മള്‍ എതിര്‍ക്കുന്നത് ദേശീയ വിഷയങ്ങളെക്കുറിച്ചല്ല. എന്തായാലും സെക്കുലറിസത്തെക്കുറിച്ച് കേരളത്തിനകത്തെ ആളുകള്‍ക്ക് അഭിപ്രായവ്യത്യാസമേയില്ല. ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ വികസനത്തെ എതിര്‍ത്ത, അക്രമ രാഷ്ട്രീയം, ഇതിനെയൊക്കെ ഞങ്ങള്‍ മുമ്പും എതിര്‍ത്തിട്ടുണ്ട്, ഇപ്പോഴും എതിര്‍ത്ത് കൊണ്ടിരിക്കുന്നുണ്ട്. ഞങ്ങള്‍ അതിനെ കോണ്‍ട്രഡിക്ഷനായിട്ട് കാണുന്നില്ല. കാരണം ഓരോരോ മേഖലയിലും ഓരോരോ ലോജിക് കാണും. കേരളത്തിന്റെ അകത്ത് ഓപ്പസിറ്റ് ആണ്. ദേശീയസ്ഥിതിയില്‍, പ്രത്യേകിച്ച് ബിജെപിയെ നമ്മൾ ഫെയ്‌സ് ചെയ്യുമ്പോള്‍ ഒരു സംശയവും വേണ്ട.
ജോഡോ യാത്ര, കോണ്‍ഗ്രസ്സിന്റെ പുനരുജ്ജീവനം. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് കഴിയുന്നുണ്ടോ ?
അതാണ് കോണ്‍ഗ്രസ്സ് സംഘടനയുടെ ഉത്തരവാദിത്തം. ഒരു സംശയവും വേണ്ട യാത്ര വലിയൊരു വിജയമായിട്ടുണ്ട്. അത് പത്രങ്ങളിലും കാണാം, ജനങ്ങളോട് സംസാരിച്ചാലും അറിയാം, സാമൂഹ്യമാധ്യമങ്ങളിലും അതിന്റെ തെളിവുകള്‍ കാണാം. എല്ലായിടത്തും യാത്രയെക്കുറിച്ച് നല്ല വാക്കുകള്‍ തന്നെയാണ്, പക്ഷെ അതിനെ വോട്ടാക്കി മാറ്റേണ്ടത് സംഘടനയുടെ ചുമതലയാണ്. എനിക്ക് ആ ഉത്തരവാദിത്തമില്ലാത്തത് കൊണ്ട് പറയാന്‍ സാധിക്കില്ല. പക്ഷെ നമ്മുടെ പാര്‍ട്ടിയുടെ ഓരോ സംസ്ഥാനത്തും ദേശീയ സ്ഥിതിയിലും സംഘടന നയിക്കുന്നവർ ഈ ജനങ്ങളുടെ ആവേശത്തിനെയും മറ്റും എങ്ങനെയാണ് ഒരു ഇലക്ടറല്‍ വിജയമായി മാറ്റിക്കൊണ്ട് വരിക, അതാണ് ഏറ്റവും വലിയ വെല്ലുവിളി, അത് ഏറ്റെടുക്കണമെന്ന് ഞാന്‍ തുടക്കം മുതല്‍ പറയുന്നുണ്ട്, അതാണ് ഇപ്പോഴും പറയുന്നത്. അത് നടക്കുമെന്നാണ് വിശ്വാസം.
രാഹുൽഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു, ജോഡോയാത്ര കഴിഞ്ഞ ശേഷം എന്താകും അദ്ദേഹത്തിന്റെ റോൾ? എന്താകണം അദ്ദേഹത്തിന്റെ റോൾ ?
നോക്കൂ… അദ്ദേഹം പാര്‍ട്ടിയുടെ സ്പിരിച്വല്‍ സെന്റര്‍ ആയി മാറിവന്നു കഴിഞ്ഞു. അദ്ദേഹം പറയുന്നതും ചെയ്യുന്നതും സംസാരിക്കുന്നതും ഒക്കെ പ്രസിഡന്റിനെക്കാളും, വലിയ ഒരു ലീഡറെക്കാളെക്കാളും ഉയരത്തിലാണ്. അത് ഗാന്ധി കുടുംബത്തിന്റെ ബന്ധത്തിന്റെ ഒക്കെ ഒരു അടയാളമാണ്. സോണിയാ ഗാന്ധിയും അധ്യക്ഷ സ്ഥാനം വിട്ടു, അവരും അന്ന് പറഞ്ഞിരുന്നു, അതിനെ ബഹുമാനിക്കാന്‍ ആളുകൾ തയ്യാറാണെന്ന്. രാഹുല്‍ ഗാന്ധിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള റോള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടാകും. അദ്ദേഹത്തിന്റെ ഇഷ്ടം എന്താണ് എന്ന് അദ്ദേഹം തന്നെ തീരുമാനിക്കേണ്ടി വരും. ഞാന്‍ കേട്ടിരിക്കുന്നത് അടുത്തത് ഒരു വെസ്റ്റ്, ഈസ്റ്റ് യാത്ര കൂടെ ഉണ്ടായേക്കും എന്നാണ്. അങ്ങനെയാണെങ്കില്‍ അദ്ദേഹം കുറച്ച് കൂടെ നടക്കും. പക്ഷെ വരാന്‍ പോകുന്ന ജനറല്‍ ഇലക്ഷനില്‍ അദ്ദേഹത്തിന് ഒരു പ്രധാനപ്പെട്ട ഒരു റോള്‍ ഉണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ല. മുമ്പ് നമ്മള് കണ്ടിരിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകർ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ പ്രചാരണവും പ്രസംഗവും സാന്നിധ്യവും ഒക്കെയാണ്. അത് ഉണ്ടാവുക തന്നെ ചെയ്യും.