പികെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ | PHOTO: FACEBOOK
രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് തിരിച്ചറിയണമെന്ന് മുസ്ലീം ലീഗ്
ജനുവരി 22 ന് നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചടങ്ങ് ബിജെപി രാഷ്ട്രീയ അജണ്ടയാക്കുകയാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷം ഓരോ രാഷ്ട്രീയ പാര്‍ട്ടിയും സ്വതന്ത്രമായ തീരുമാനം എടുക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ജനങ്ങളുടെ ആരാധന സ്വാതന്ത്രത്തിന് മുസ്ലീം ലീഗ് എതിരല്ല. ലീഗ് എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പമാണ്. ഇപ്പോള്‍ അവിടെ ആരാധന തുടങ്ങുന്നതല്ല വിഷയം പാര്‍ലമെന്റ് തെരഞ്ഞടുപ്പിന്റെ മുന്നോടിയായുള്ള രാഷ്ട്രീയ ഉദ്ഘാടനമാക്കി മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാമക്ഷേത്രം ഉദ്ഘാടനത്തിന് പങ്കെടുക്കില്ല; പ്രസ്താവനയിറക്കി സിപിഐഎം
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിസംബര്‍ 26 ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിറക്കിയിട്ടുണ്ട്. 'അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് സിപിഐഎം നയം. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുത്. അതിനാല്‍ ഞങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കില്ല. ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആര്‍എസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്വ് ഉണ്ടാകാന്‍ പാടില്ല എന്നതാണ് അടിസ്ഥാനതത്ത്വം. സുപ്രീം കോടതി ആവര്‍ത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണ്' എന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ജനുവരി 22 നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ചടങ്ങില്‍ ഏകദേശം 3,000 വിവിഐപികളും 4,000 ത്തിലേറെ സന്യാസിമാരും പങ്കെടുക്കും, 50 വിദേശ രാജ്യങ്ങളില്‍ നിന്നായി ഓരോ പ്രതിനിധികളെ ക്ഷണിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ബിഎസ്പി അധ്യക്ഷ മായാവതി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവരേയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.