സല്‍മാന്‍ റുഷ്ദി; അതിശക്തമായ പ്രതിഷേധം ഉയരണം
സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണം വളരെ അപ്രതീക്ഷിതമായ സംഭവമാണ്. കാരണം, അദ്ദേഹം ആ പുസ്തകമെഴുതിയിട്ട് 34 വര്‍ഷം കഴിഞ്ഞു. 34 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് നേരെ ഇങ്ങനെയൊരു ആക്രമണമുണ്ടാകുന്നത്. ഈ മുപ്പത്തിനാല് വര്‍ഷവും അദ്ദേഹം സ്വതന്ത്രനായിട്ട് ജീവിച്ചിട്ടില്ല. ഭരണകൂടത്തിന്റെയോ പൊലീസിന്‍ന്റെയോ സംരക്ഷണയിലായിരുന്നു ഇക്കാലമത്രയും അദ്ദേഹം. അദ്ദേഹത്തെ സ്വതന്ത്രനായി ജീവിക്കാന്‍ മതതീവ്രവാദികള്‍ അനുവദിച്ചിട്ടില്ല എന്ന് പറയുന്നതാകും ശരി.ഒരു എഴുത്തുകാരന്‍ 34 വര്‍ഷം , എന്ന് വെച്ചാല്‍ തന്റെ ജീവിതത്തിലെ നല്ലൊരു പങ്ക് ഇങ്ങനെ പീഡിതനായി കഴിയുക എന്നത് വളരെ ദുഖകരമായ ഒരു കാര്യമാണ്. അതിന്റെ അവസാനം അത് എല്ലാവരും മറന്നു എന്ന് കരുതുന്ന സമയത്ത് ഇങ്ങനെ ഒരു ആക്രമണം ഉണ്ടാകുന്നു. അതും അക്രമി 24 വയസ്സുള്ള ഒരാളാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അയാള്‍ ജനിക്കുന്നതിന് ഉദ്ദേശം പത്ത് വര്‍ഷം മുമ്പ് എഴുതിയ ഒരു കൃതിയുടെ പേരിലാണ് അയാള്‍ ഒരെഴുത്തുകാരനെ ആക്രമിക്കുന്നത്. അതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം, മതം മനുഷ്യനില്‍ കുത്തി വെക്കുന്ന വിഷം എത്രമാത്രമുണ്ടെന്ന് .
മതം തീര്‍ച്ചയായും ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ചും,അത് ചെറുപ്പത്തില്‍ ആളുകളുടെ തലയില്‍ കയറ്റി വിടുന്നത് തീര്‍ച്ചയായും തീര്‍ത്തും അപകടകരമായ കാര്യമാണ്. അയാളെക്കുറിച്ച്, അക്രമിയെക്കുറിച്ച് കൂടുതല്‍ നമുക്ക് അറിയില്ല. എങ്കിലും എനിക്ക് തോന്നുന്നു, നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും അപലപനീയമായ സാഹചര്യങ്ങളിലൊന്നാണിത്. നമ്മളിതിനെ ശക്തമായി അപലപിക്കണം. അതിനകത്ത് യായൊരുവിട്ട് വീഴ്ചയും കാണിക്കേണ്ട ആവശ്യമില്ല. എനിക്ക് ഇന്ന് രാവിലെ വലിയ സങ്കടം തോന്നുന്ന സാഹചര്യമുണ്ടായി. ഫെയ്‌സ്ബുക്കിലൊക്കെ അപൂര്‍വ്വം ചിലര്‍ പരോക്ഷമായെങ്കിലും ഈ അക്രമത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരിക്കുന്നത് കണ്ടു. സല്‍മാന്‍ റുഷ്ദി ഇതിന് അര്‍ഹനാണ് എന്ന മട്ടില്‍. അത് വളരെ വേദനാജനകമായ കാര്യമായി എനിക്ക് തോന്നി. നമുക്ക് മതത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മതത്തിന്റെ ഏത് ആശയസംഹിതയെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, മതത്തെ കളിയാക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പുതിയ ഭാഷയില്‍ ട്രോള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. മതത്തെ വിമര്‍ശിക്കുമ്പോള്‍ മാത്രമെന്തിനാണ് ഈ വികാരം വ്രണപ്പെടുന്നത്, അതിന്റെ ആവശ്യമില്ലല്ലോ. ബാക്കി രാഷ്ട്രീയത്തെയോ വ്യക്തിജീവിതത്തെ വിമര്‍ശിച്ചാലോ ഇല്ലാത്ത വികാരം എന്തിനാണ് ഇവിടെ വ്രണപ്പെടുന്നത്. അത് കൊണ്ട്, നമ്മളിതിനെ ശക്തമായിട്ട് വിമര്‍ശിക്കണം. ഇപ്പോള്‍ സമൂഹത്തില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങള്‍ പോരാ എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ നാട്ടില്‍ ഇതിന് സമാനമായിട്ടുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്, അത് ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തണം. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ദുഖകരമായ സംഭവമാണ് ഇത് എന്ന് ഒന്ന് കൂടെ പറഞ്ഞ് കൊള്ളട്ടെ.