TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

സിസോദിയയുടെ കസ്റ്റഡി 5 ദിവസത്തേയ്ക്ക് കൂടി നീട്ടി

17 Mar 2023   |   1 min Read
TMJ News Desk

ൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാർട്ടി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ  മനീഷ് സിസോദിയയുടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡി അഞ്ച് ദിവസത്തേയ്ക്ക് കൂടെ നീട്ടി. ആരോപണങ്ങൾ അന്വേഷിക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു തീരുമാനം. ഇഡി തന്നെ എല്ലാ ദിവസവും 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ചോദ്യം ചെയ്യുന്നുവുള്ളെന്നും കൂടുതൽ കാലം ജയിലിലടയ്‌ക്കേണ്ട ആവശ്യമില്ലെന്നും സിസോദിയ വാദിച്ചു. നേരത്തെ, സിബിഐ തന്നോട് എല്ലാ ദിവസവും ഒരേ ചോദ്യങ്ങൾ ചോദിക്കുന്നുവെന്ന് അദ്ദേഹം കോടതിയിൽ പരാതിപ്പെടുകയും തുടർന്ന് ചോദ്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി ഏജൻസിയോട് ഉത്തരവിടുകയും ചെയ്തു. വീട്ടുചെലവിനുള്ള ചെക്കുകളിൽ ഒപ്പിടാൻ ഡൽഹി മുൻ ഉപമുഖ്യമന്ത്രിക്ക് കോടതി അനുമതി നല്കി. ഒമ്പത് മാസത്തിനുള്ളിൽ റദ്ദാക്കിയ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപിച്ച് ഫെബ്രുവരി 26 മുതൽ മനീഷ് സിസോദിയ ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഇഡി അന്വേഷിക്കുന്നുണ്ട്.

ഏഴ് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡി നീട്ടിത്തരണമെന്ന ആവശ്യമുന്നയിച്ചപ്പോൾ ഇത്രനാൾ അന്വേഷിച്ചതിന്റെ രേഖകൾ പുറത്ത് വിടണമെന്ന് സിസോദിയ ആവശ്യപ്പെട്ടു.  ഏഴ് മാസത്തെ അന്വേഷണത്തിന്റെ ഫലങ്ങൾ വ്യക്തമാക്കമെന്ന് സിസോദിയയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സിസോദിയ തന്റെ മെബൈൽ ഫോൺ പലതവണ മാറ്റിയതായി ഇഡി ആരോപിച്ചു. കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ സിബിഐയും ഇഡിയും ഒരേ ആരോപണം സിസോദിയക്കെതിരെ ഉയർത്തിയിരുന്നു. തുടർന്ന്, ചോദ്യം ചെയ്യലിലൂടെ കുറ്റങ്ങൾ ഒന്നും കണ്ടെത്താനായില്ലെന്നും ആരോപണങ്ങളിൽ കഴമ്പില്ലാതിരുന്നിട്ടും അദ്ദേഹത്തെ ജയിലിൽ അടയ്ക്കാനുള്ള ശ്രമങ്ങൾ മാത്രമാണ് രണ്ട് ഏജൻസികളുടെയും നീക്കമെന്ന് അദ്ദേഹത്തിന് വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതിനെ തുടർന്ന്, റദ്ദാക്കിയ പുതിയ മദ്യനയത്തിൽ അഴിമതി ആരോപിച്ചാണ് മനീഷ് സിസോദിയെ അറസ്റ്റ് ചെയ്തത്. 2021 നവംബറിൽ പുതിയ നയം ആരംഭിച്ചതിന് ശേഷം അരവിന്ദ് കെജ്രിവാൾ സർക്കാർ മദ്യ ലൈസൻസികൾക്ക് അനധികൃത ആനുകൂല്യങ്ങൾ നൽകിയെന്ന ആരോപണമാണ് അറസ്റ്റിലേയ്ക്ക് വഴിതെളിച്ചത്. എഎപിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപണങ്ങളെ ശക്തമായി നിഷേധിച്ചു, 2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വേട്ടയാണെന്നും ആരോപിച്ചു.


#Daily
Leave a comment