ശ്രീലങ്ക, ചെകുത്താനും കടലിനുമിടയിൽ
വേണമെങ്കില്‍ എന്റെ അന്നം തിരിച്ചെടുത്തോളൂ.
പ്രാണവായുപോലും.
പക്ഷെ, നിന്റെ ചിരി..
അതുമാത്രം എന്നില്‍നിന്നെടുക്കരുതേ
[പാബ്‌ളോ നെരൂദ]
ചിലിയൻ കവിയും നയതന്ത്രജ്ഞനുമായ നെരൂദ 1929-1931 കാലഘട്ടത്തിൽ സിലോണിലെ (ഇന്നത്തെ ശ്രീലങ്കയിൽ) സ്ഥാനപതിയായിരുന്നു. കൊളംബോ ദൗത്യകാലത്ത് ലോകമഹാസാമ്പത്തിക മാന്ദ്യത്തിന്റെ ദൃക്‌സാക്ഷി കൂടിയായിരുന്നു അദ്ദേഹം. തോട്ടം മേഖല ഉൾപ്പടെ നിരവധി രംഗങ്ങളിൽ തകർച്ച ഉണ്ടാകുന്നത് നെരൂദ കാണുന്നത് തന്റെ സിലോൺ ജീവിത കാലത്താണ്. കൊളോമ്പോയിലും റങ്കൂണിലും ലാറ്റിൻ അമേരിക്കയിലും വീശിയടിച്ച മഹാമാന്ദ്യം ഉണ്ടാക്കിയ അങ്കലാപ്പുകൾ നെരൂദയുടെ ചില വിഷാദകാവ്യങ്ങളിൽ കാണാം.
മറ്റൊരു മഹാസാമ്പത്തിക തകർച്ചയിൽ പിടയുന്ന ശ്രീലങ്കയിൽ 2.2 കോടി ജനങ്ങൾ അക്ഷരാർത്ഥത്തിൽ മുങ്ങിത്താഴുന്ന ഒരു കപ്പലിലാണ്. ചിരിക്കാൻ മറന്നു തുടങ്ങിയ ഒരു ജനത. അന്നവും പ്രാണവായുവും ഉപേക്ഷിച്ചു അവർ ഭരണസിരാകേന്ദ്രങ്ങളിലേക്കു ഇരച്ചു കയറുന്നു. പ്രതിഷേധം അണപൊട്ടിയൊഴുകി നാടെങ്ങും തലങ്ങും വിലങ്ങുമായി അവർ പായുന്നു. തങ്ങളെ പട്ടിണിക്കിട്ടവരെ, അന്നം മുടക്കിയവരെ, വെച്ചുപൊറുപ്പിക്കില്ലെന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടു.
ശ്രീലങ്ക കടന്നുപോകുന്നത് ചരിത്രത്തിൽ സമാനതകളില്ലാത്ത ഗുരുതരമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ്. സാമ്പത്തിക തകർച്ച വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കു കാരണമായിരിക്കുന്നു എന്ന് പറയുമ്പോഴും, മാറിവന്ന ഭരണകൂടങ്ങളുടെ അഴിമതിയും പിടിപ്പുകേടുമാണ് രാജ്യത്തെ ഇത്തരം സാമൂഹിക-സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കു വഴിയൊരുക്കിയതെന്ന യാഥാർഥ്യം മറച്ചുപിടിക്കാനാവില്ല.
മാസങ്ങൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്കു ഒരു പരിഹാരം കാണാൻ കഴിയാതെ ഗോതബായ രജപക്സെ സർക്കാർ സ്വയം കളം വിട്ടൊഴിയാൻ നിർബന്ധിതമായി. ഗോതബായ അക്ഷരാർത്ഥത്തിൽ പ്രാണനും കൊണ്ട് ഒളിച്ചോടുകയായിരുന്നു. ജനകീയ പ്രക്ഷോഭം ഭരണസിരാകേന്ദ്രങ്ങളിൽ എത്തിയതോടെ പോലീസും പട്ടാളവും കാര്യങ്ങൾ നിയന്ത്രിക്കാനാവാതെ പകച്ചുനിന്നു.
അടിയന്തിരാവസ്ഥയും നിശാനിയമവുമെല്ലാം പ്രക്ഷോഭകാരികളെ കൂടുതൽ അരിശം കൊള്ളിക്കുക മാത്രമാണ് ചെയ്തത്. രജപക്സെ കുടുംബവാഴ്ചയുടെ അവസാനത്തെ കണ്ണിയും പറിച്ചെറിഞ്ഞേ വിശ്രമമുള്ളൂ എന്ന പ്രഖ്യാപനം നാനാ കോണുകളിൽ നിന്നും മുഴങ്ങുന്നു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ രാജി പ്രഖ്യാപനവും പിന്നീട് ആക്ടിങ് പ്രസിഡന്റായുള്ള കടന്നുവരവും തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ജനങ്ങൾ തികഞ്ഞ അവഞ്ജയോടെയും കടുത്ത വിമർശനത്തോടെയുമാണ് എതിരേറ്റത്. ഗോതബായയുടെയും റനിലിന്റെയും രാജിക്കായി പോരാടിയവർ ഇപ്പോൾ കടുത്ത നിരാശയലിലാണ്. രാജിവെക്കുമെന്ന് പ്രഖ്യാപിച്ച ഗോതബായ അത് ചെയ്യാതെ ഒളിച്ചോടിയതു ജനങ്ങൾക്ക് സഹിക്കാനായില്ല. ഒളിച്ചോടിയ പ്രസിഡന്റിന്റെ രാജിയെത്തുമെന്നു സ്പീക്കർ ഉറപ്പുനല്കുന്നുണ്ടെങ്കിലും റനിൽ വിക്രമസിംഗെയുടെ താൽക്കാലിക സ്ഥാനാരോഹണത്തോടെ ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള അവിശ്വാസം വർധിക്കുക മാത്രമാണ് ചെയ്തത്.
ജനകീയ പ്രക്ഷോഭം ആര് നിയന്ത്രിക്കുന്നു എന്നുപോലും പറയാൻ കഴിയാത്തവിധം സങ്കീർണ്ണമാണ് കാര്യങ്ങൾ. രാഷ്ട്രീയ കക്ഷികൾ ഒരു സംയുക്ത ദേശീയ സർക്കാരിന് വേണ്ടി ശ്രമിക്കുമ്പോഴും രാജ്യത്തിന്റെ ഭാവിരാഷ്ട്രീയത്തെക്കുറിച്ചു ആർക്കും ഒന്നും മുൻകൂട്ടി പറയാൻ കഴിയുന്നില്ല. ആക്ടിങ് പ്രസിഡന്റായതോടെ റനിൽ നടത്തിയ അടിയന്തിരാവസ്ഥ പ്രഖ്യാപനവും, ‘ഫാസിസ്റ്റുകളെ’ അഴിഞ്ഞാടാൻ അനുവദിക്കില്ലെന്ന ഭീഷണിയും ജനങ്ങൾ കടുത്ത പ്രതിഷേധത്തോടെയാണ് എതിരിട്ടത്. നേരത്തെ റനിലിന്റെ വീടിനു തീയിട്ടതും ഇപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക മന്ദിരം ജനങ്ങൾ വളയാൻ തുടങ്ങിയതും റനിലിനോടുള്ള പ്രതിഷേധം എത്രമാത്രം ശക്തമാണെന്നതിന്റെ സൂചനയാണ്. ജനങ്ങൾ നിശ്ചയമായും ആഗ്രഹിക്കുന്നത് കെടുകാര്യസ്ഥതയുടെ പ്രതീകമായി മാറിയ ഭരണകൂടം കൊഴിഞ്ഞുപോകുന്നതും അവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്ന ഒരു സർക്കാർ അധികാരത്തിൽ വരുന്നതുമാണ്. ഇത് രണ്ടും ഇപ്പോൾ സംഭവിക്കുന്നില്ല എന്നത് പ്രശ്‍നങ്ങളെ കൂടുതൽ ഗുരുതരമാക്കുകയെ ഉള്ളൂ. ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങളെ തകിടം മറിക്കുന്ന ഒരു സർക്കാരിനെ അവർക്കിനി സങ്കൽപ്പിക്കാൻ ആവില്ല.
പട്ടാളവും ജീവിത സുരക്ഷയും
ജീവിതസുരക്ഷ സൈനികരിലൂടെയും പോലീസിലൂടെയും സാധ്യമല്ലെന്ന തിരിച്ചറിവ് ശ്രീലങ്കൻ ജനതയ്ക്കു വന്നിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ ജനങ്ങൾ--പട്ടാളം അനുപാതം ഉള്ള രാജ്യമാണ് ശ്രീലങ്ക. ഇന്ത്യയിൽ ഇത് 1000: 2.78 ആണെങ്കിൽ ശ്രീലങ്കയിൽ അനുപാതം 1000: 10.19 ആണ്. 138 കോടി ജനങ്ങൾക്ക് ഇന്ത്യയിൽ 12 ലക്ഷത്തോളം സൈനികർ ഉള്ളപ്പോൾ ശ്രീലങ്കയിൽ 2.2 കോടി ജനങ്ങൾക്ക് ഒരു ലക്ഷത്തിലേറെ പട്ടാളം ഉൾപ്പടെ എല്ലാ വിഭാഗങ്ങൾക്കുമായി ഏതാണ്ട് മൂന്നര ലക്ഷം യൂണിഫോം അണിഞ്ഞവർ ഉണ്ട്.
ജനാധിപത്യത്തിന്റെ മറവിൽ ശക്തിയാർജ്ജിച്ച സൈന്യം കഴിഞ്ഞ നാല് പതിറ്റാണ്ടുകൊണ്ടു നേടിയ എല്ലാ 'നേട്ട'ങ്ങളും ഇട്ടെറിഞ്ഞിട്ടു ഓടുന്നത് ഇപ്പോൾ കാണാം. വംശീയകലാപങ്ങൾ അടിച്ചമർത്താൻ മാറിവന്ന സർക്കാരുകൾ ആശ്രയിച്ച സൈന്യവും ജനവിരുദ്ധനയങ്ങളും ഇപ്പോൾ സ്വന്തം ഭരണകൂടത്തെ തന്നെ നിലനിർത്താൻ കഴിയാതെ പരുങ്ങുന്നു.
ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ ഗോതബായ ഭരണകൂടം സൈനികരെ കൊണ്ട് കൃഷിചെയ്യിക്കാനും പരിപാടികൾ തുടങ്ങി. 1500 ഓളം ഏക്കർ തരിശുഭൂമിയിൽ കൃഷിചെയ്യാനുള്ള പദ്ധതിക്ക് അവർ തുടക്കമിട്ടു. എന്നാൽ ഇതൊന്നും ശ്രീലങ്ക നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്കു ഉടൻ പരിഹാരമാവില്ല എന്ന് ജനങ്ങൾ മനസ്സിലാക്കി. അതുകൊണ്ടാണ് സൈന്യത്തെപ്പോലും വക വെക്കാതെ പ്രസിഡന്റിന്റെ 'കൊട്ടാരത്തിലേക്കു ജനങ്ങൾ ഇരച്ചു കയറിയത്.
ജനാധിപത്യ-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് !
'ജനാധിപത്യ-സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്' എന്ന തലക്കെട്ടോടെ ഒരു ഭരണഘടനയുള്ള രാജ്യമാണ് ശ്രീലങ്ക. ലോകത്തുതന്നെ ഇത്തരം ഭരണഘടനയുള്ള രാജ്യങ്ങൾ ഇപ്പോൾ തീരെ ഇല്ലാതായി കഴിഞ്ഞു. ഒരു 'സോഷ്യലിസ്റ്റ്' ഭരണഘടന ഉള്ളതുകൊണ്ടോ, മുൻകാലങ്ങളിൽ ഉയർന്ന മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) രേഖപ്പെടുത്തിയത് കൊണ്ടോ, മനുഷ്യവിഭവസൂചികയിൽ ഉയർന്നു നിൽക്കുന്നതുകൊണ്ടോ ഒരു രാജ്യത്തിനും സാമൂഹിക-സാമ്പത്തിക സുരക്ഷ അവകാശപ്പെടാൻ കഴിയില്ല. ശ്രീലങ്ക നൽകുന്ന പാഠം അതാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം കറങ്ങിയ ശ്രീലങ്ക അതിൽ നിന്നും പുറത്തുകടക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തിയില്ല എന്ന വിമർശനം പരക്കെ ഉയർന്നിട്ടും "രജപക്സെ സഹോദരന്മാർ" അവരുടെ സ്വന്തം കാര്യങ്ങൾ മാത്രമാണ് നോക്കിയത്. രാജ്യം വലിയ പ്രക്ഷോഭങ്ങൾക്കു സാക്ഷിയാവുന്നത് അങ്ങനെയാണ്.
വിദേശനാണയ ശേഖരം കൂപ്പുകുത്തിയതോടെ രൂക്ഷമായ വിലക്കയറ്റത്തിൽ രാജ്യം തകർന്നടിഞ്ഞു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഗോതബായ സർക്കാർ ശ്രീലങ്കൻ രൂപയുടെ മൂല്യം കുറച്ചിരുന്നു. നോട്ടടിച്ചും അന്താരാഷ്ട്ര വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്തും കാര്യങ്ങൾ നേരെയാക്കാമെന്ന പ്രതീക്ഷ അസ്തമിച്ചു. മഹാമാരി ടൂറിസം മേഖലയെയും തോട്ടവിള മേഖലയെയും സാരമായി ബാധിച്ചു. മഹാമാരി കുറഞ്ഞു തുടങ്ങിയെങ്കിലും യുക്രൈൻ യുദ്ധം കാര്യങ്ങളെ തകിടം മറിച്ചു. ഇത് അവശ്യസാധനങ്ങളുടെ വില അസാധാരണമാംവിധം കുതിച്ചുയരാൻ കാരണമായി. അരി, പാൽ, മരുന്നുകൾ, പെട്രോൾ ഡീസൽ തുടങ്ങിയവയ്ക്കു വില കൂട്ടിയതു സ്ഥിതിഗതികൾ രൂക്ഷമാക്കി. ഇതോടെ ഗതാഗതസംവിധാനങ്ങളും സർക്കാർ സ്ഥാപനങ്ങളും നിശ്ചലമായി. അടച്ചിടൽ സർവസാധാരണമായി. ഇന്ധനക്ഷാമം ഗുരുതരമായതോടെ പല വൈദ്യുതി നിലയങ്ങളും അടച്ചിട്ടിരിക്കുന്നു. മണിക്കൂറുകൾ നീളുന്ന പവർകട്ടാണ് ഇപ്പോൾ രാജ്യത്തു ഏർപ്പെടുത്തിയിരിക്കുന്നത്.
51 ബില്യൺ ഡോളറിന്റെ വിദേശക്കടം പേറുന്ന തകർന്നടിഞ്ഞ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയുടെ ഖജനാവിൽ വിദേശനാണയം ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതി നിർത്തി. അന്താരാഷ്ട്രനാണയനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടാൻ ശ്രീലങ്കയെ നിർബന്ധിതമാക്കിയത് ഈ സാഹചര്യങ്ങളാണ്.
ദുരിതത്തിൽ ആണ്ടുപോയ ശ്രീലങ്കയെ സഹായിക്കാൻ രാജ്യാന്തര തലത്തിൽ കാര്യമായ ശ്രമങ്ങൾ നടന്നില്ല. ഇന്ത്യയാണ് ഇതിനിടയിൽ കാര്യമായി എന്തെങ്കിലും ചെയ്തത്. ഇനിയും അക്കാര്യത്തിൽ ഇന്ത്യയിൽ നിന്നും സഹായം ശ്രീലങ്ക പ്രതീക്ഷിക്കുന്നു. ഐഎംഎഫിൽ നിന്ന് മുൻ വർഷങ്ങളിൽ ധാരാളം വായ്പ എടുത്ത ശ്രീലങ്കയ്ക്കു കൊടുത്തു തീർക്കാനുള്ള കടം തന്നെ ധാരാളമുണ്ട്. ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിനും മറ്റു അന്താരാഷ്ട്ര വാണിജ്യ സ്ഥാപനങ്ങൾക്കും കൊടുത്തുതീർക്കാനുള്ളത് വേറെ.
ശ്രീലങ്കയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ ഉണ്ടായ തകർച്ച കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം വർധിപ്പിച്ചു. ഇറക്കുമതി വല്ലാതെ കൂടിയതോടെ നാണയ കരുതൽ ശേഖരം തകർന്നടിഞ്ഞു.
വിദേശനാണയശേഖരം ശുഷ്കമായതും പതിന്മടങ്ങു വർധിച്ച വിദേശകടവും കടുത്ത നിയന്ത്രണങ്ങൾക്ക് കാരണമായി. ഇറക്കുമതി നിയന്ത്രണം വന്നതോടെ ഭക്ഷ്യക്ഷാമത്തിനും കരിഞ്ചന്തയ്ക്കും ആക്കം കൂട്ടി.
മഹാമാരി ഉണ്ടാക്കിയ സാമ്പത്തികപ്രശ്‌നങ്ങളിൽ മുഖ്യം പ്രധാനവരുമാന സ്രോതസ്സായ ടൂറിസം മേഖല തകർന്നടിഞ്ഞതാണ്. നേരത്തെ ഈസ്റ്റർ ബോംബാക്രമണത്തോടെ തുടങ്ങിയ പ്രശ്‍നം കോവിഡ് പ്രതിസന്ധിയിലൂടെ രൂക്ഷമായി. ലോകമാസകലം ഈ പ്രശ്‍നം സങ്കീർണമായി നിലനിന്നെങ്കിലും സേവനമേഖലയെ ആശ്രയിച്ചു കഴിഞ്ഞ രാജ്യങ്ങൾക്കാണ് ഇത് കൂടുതൽ കുഴപ്പമുണ്ടാക്കിയത്.
ഉദാരീകരണവും നവലിബറൽ ഭൂതവും
മുൻകാലങ്ങളിൽ മാറിവന്ന ഭരണകൂടങ്ങൾ നടപ്പാക്കിവന്ന സാമ്പത്തിക- ഉദാരീകരണ നവലിബറൽ നയങ്ങൾ ശ്രീലങ്കയെ കൂടുതൽ കുഴപ്പത്തിൽ ചാടിച്ചു.1970 കളിൽ ജയവർദ്ധനെ സർക്കാരാണ് ഉദാരീകരണം നടപ്പാക്കാൻ തുടങ്ങിയത്. ഇത് സിംഹള-തമിഴ് വംശീയ പ്രശ്‍നം ഗുരുതരമാക്കുന്നതിനും കാരണമായി. ഭരണകൂടത്തിന്റെ വംശീയ പക്ഷപാതിത്വമുള്ള വികസന നയങ്ങളെ തുടർന്ന് തമിഴ് രാഷ്ട്രവാദം ശക്തിപ്രാപിച്ചു. എൽ.ടി.ടി.ഇ. ഉൾപ്പടെയുള്ള തമിഴ് തീവ്രവാദ പ്രസ്ഥാനങ്ങൾ മുന്നേറിയതും ഈ ഘട്ടത്തിലായിരുന്നു.
ജനവിരുദ്ധമായ തീവ്രവാദനിരോധന നിയമനങ്ങൾ ഭരണകൂടം കൊണ്ടുവരുന്നത് ഈ ഘട്ടത്തിലാണ്. തമിഴ് പുലികളെ അമർച്ചചെയ്യാൻ കൊണ്ടുവന്ന, അന്താരാഷ്ട്ര സ്റ്റാറ്റൂട്ട് പ്രമാണങ്ങൾക്ക് വിരുദ്ധമായ ഈ നിയമങ്ങൾ ആർക്കെതിരെ വേണമെങ്കിലും പ്രയോഗിക്കാമെന്ന നിലവന്നു. ജനാധിപത്യത്തിന്റെ മറവിൽ മാറിവന്ന സർക്കാരുകൾ സ്വേച്ഛാധികാരം കയ്യാളുന്നത്തിനു ഇത് വലിയൊരു ആയുധമാക്കി. ജനകീയ പ്രക്ഷോഭണങ്ങളെ അമർച്ചചെയ്യാൻ റനിലിനു ഇപ്പോഴും ഈ നിയമങ്ങളെ ആശ്രയിക്കാം. 2009 ൽ പുലികൾക്കെതിരെയും തമിഴ് ജനതയ്ക്കു നേരെയും പ്രയോഗിച്ച ഈ നിയമങ്ങൾ കൊണ്ട് ഒരു ലക്ഷത്തിലേറെ മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഈ കൊലകളെ മുൻനിർത്തി ശ്രീലങ്കയെ പരസ്യമായി വിമർശിച്ചു.
ഉദാരീകരണവും സൈനികവൽക്കരണവും മാറിവന്ന സർക്കാരുകൾ മുന്നോട്ടു കൊണ്ടുപോയെങ്കിലും അതിന്റെ മുഖ്യ ഇരകളായതു സാധാരണ ജനങ്ങളാണ്. "രജപക്സെ സഹോദരന്മാരും" ഉദ്യോഗസ്ഥ വൃന്ദവും അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുപിടിച്ചു കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോയപ്പോൾ കാര്യങ്ങൾ ഭദ്രമായിരിക്കുമെന്നു കരുതി.
കർഷകരെയും ചെറുകിട, ഇടത്തരം കച്ചവടക്കാരെയുമാണ് തലകീഴായ സാമ്പത്തിക നയങ്ങൾ മുഖ്യമായും ബാധിച്ചത്. തൊഴിലിടങ്ങളിൽ നിന്നും പറിച്ചെറിഞ്ഞത് അനേക ലക്ഷം പേരെയാണ്. ആകെ പ്രതീക്ഷകൾ ടൂറിസമായിരുന്നു. വംശീയ സംഘർഷങ്ങളുടെ കാലത്തു പോലും ആ മേഖലയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ ഈസ്റ്റർ ബോംബിങ് കാര്യങ്ങളെ മാറ്റിമറിച്ചു. ഒരു വർഷത്തിനുള്ളിൽ വ്യാപകമായ കോവിഡ് മഹാമാരി ടൂറിസം മേഖലയെ തകർത്തെറിഞ്ഞു. മഹാമാരിക്ക് ശമനം വന്നു തുടങ്ങിയപ്പോൾ യുക്രൈൻ യുദ്ധം ശ്രീലങ്കയെ ബാധിച്ചു തുടങ്ങി. ഇതിനിടയിൽ ഗോതബായ സർക്കാർ നടപ്പാക്കിയ സാമ്പത്തിക 'പരിഷ്‌കാരങ്ങൾ' അക്ഷരാർത്ഥത്തിൽ ശ്രീലങ്കയെ തകർത്തു. ഒരു ഭാഗത്തു സർക്കാരിന്റെ അമിത ചെലവും ധൂർത്തും നടമാടിയപ്പോൾ, നികുതി വരുമാനം വർധിപ്പിക്കുന്നതിന് പകരം ഇളവുകൾ നൽകി കൂടുതൽ 'ജനകീയ'മാകാൻ ഗോതബായ ശ്രമിച്ചു.
കോവിഡ് കാലത്തു ശ്രീലങ്കയിൽ പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടത് ഗോതബായ ഭരണകൂടം ശ്രദ്ധിച്ചില്ല എന്ന് തന്നെ പറയേണ്ടിവരും. ഏതാണ്ട് അര ദശലക്ഷത്തോളം പേർ പുതുതായി ദരിദ്രരായി. ഇതിനിടയിൽ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും വ്യാപകമായി. അവശ്യവസ്തുക്കൾ പൂഴ്‌ത്തിവയ്ക്കുന്നത് തടയാൻ സൈന്യത്തിന്‌പോലും അമിതാധികാരം നൽകി.
ഗോതബായ പെട്ടെന്ന് ജൈവകൃഷിയിലേയ്ക്ക് തിരിഞ്ഞതും രാസവളം-കീടനാശിനികൾ നിയന്ത്രിച്ചതും ഭഷ്യസുരക്ഷാമേഖലയിൽ അപ്രതീക്ഷിതമായി പ്രതിസന്ധി ഉണ്ടാക്കി. ഇത് ജൈവകൃഷിക്ക് എതിരെയുള്ള വ്യാപക പ്രചരണത്തിന് കാരണമായി. വാസ്തവത്തിൽ ജൈവകൃഷിയല്ല, അത് നടപ്പാക്കാൻ കാണിച്ച ധൃതിയാണ് കാര്യങ്ങൾ വഷളാക്കിയത്. പെട്ടെന്നുള്ള നടപ്പാക്കൽ കൊണ്ട് ഉൽപ്പാദനം കൂടില്ലന്നുള്ള സാമാന്യധാരണപോലും സർക്കാരിന് ഇല്ലാതെപോയി.
പ്രതിസന്ധിയുടെ കാരണങ്ങൾ അന്വേഷിച്ച് പോയവർ ഇതിനിടയിൽ ചൈനയെ പ്രതിസ്ഥാനത്തു നിർത്തി. പല വികസന-പശ്ചാത്തല പ്രവർത്തനങ്ങൾക്കുമായി ഭരണകൂടം ചൈനയിൽ നിന്നും വൻതോതിൽ കടമെടുത്തിരുന്നെന്നും അതിന്റെ തിരിച്ചടവുപോലും സാധ്യമല്ലാത്ത വിധം കടക്കെണിയിൽ ശ്രീലങ്ക വീണെന്നും ആരോപണങ്ങൾ വന്നു. ചൈന ഇതിനെയെല്ലാം നിഷേധിച്ചു. വിദേശകടത്തിന്റെ പത്തു ശതമാനം മാത്രമേ ചൈനയിൽ നിന്നും ഉള്ളൂ എന്നും ജപ്പാനും ഏതാണ്ട് ഇത്രത്തോളം കടം ശ്രീലങ്കയ്ക്കു നൽകിയിട്ടുണ്ടെന്നും കണക്കുകൾ നിരത്തി ചൈന പറഞ്ഞു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും അന്താരാഷ്ട്ര വാണിജ്യ ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളുമാണ് കടം നൽകി ശ്രീലങ്കയെ കടലിൽ താഴ്ത്തിയതെന്നു ഇന്ന് സാമ്പത്തിക വിദ്ഗ്ദർ അംഗീകരിക്കുന്നുണ്ട്. ധനകാര്യ മാനേജ്‌മന്റ് തീരെയില്ലാത്ത ഒരു സർക്കാരിന് കടക്കെണിയുടെ അർത്ഥശാസ്ത്രം പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല.
ചൈനാ വിരുദ്ധ പ്രചരണങ്ങൾ
ശ്രീലങ്കൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചൈനാ വിരുദ്ധപ്രചാരണങ്ങൾക്ക് ഇന്ത്യയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും വ്യാപക പ്രാധാന്യം കൊടുത്തിരുന്നു. ഇത് കലക്കവെള്ളത്തിൽ മീൻ പിടിക്കലാണെന്നു ബോധ്യപ്പെടാൻ ശ്രീലങ്കൻ സമ്പദ്ഘടന സഞ്ചരിച്ച വഴികൾ നിരീക്ഷിച്ചാൽ മതി. എന്നാൽ ശ്രീലങ്കയുടെ കഴിഞ്ഞ കുറെ വർഷങ്ങളിലെ ചൈന ബന്ധങ്ങൾ ഇത്തരം പ്രചരണങ്ങൾക്ക് ഊർജം നൽകിയിരുന്നു എന്നത് വാസ്തവം. ഇന്ത്യ, ശ്രീലങ്കയുടെ ചൈനാബന്ധങ്ങളെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിട്ടുള്ളത്.
ഇപ്പോൾ തകർന്നടിഞ്ഞ ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ തയാറാകുന്നത് സ്വാഭാവികം. മാത്രമല്ല, കഴിഞ്ഞ കുറെ നാളുകളായി ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ കാര്യമായ നിക്ഷേപങ്ങൾ നടത്തി വന്നിരുന്നു. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പടെ ഈ രംഗത്തു നിക്ഷേപം നടത്തിയവർക്കെല്ലാം ശ്രീലങ്കൻ സമ്പദ് വ്യവസ്ഥ തിരിച്ചുവന്നേ പറ്റൂ. മാത്രമല്ല ഇന്ത്യയുടെ അന്താരാഷ്ട്രസമുദ്ര വ്യാപാരത്തിൽ നിർണായകമായ സ്ഥാനമാണ് ശ്രീലങ്കൻ തുറമുഖങ്ങൾക്കുള്ളത്. തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്രത്തിൽ അതീവ താല്പര്യമുള്ള ഇന്ത്യക്കു ചൈനയുടെ മേഖലാവ്യാപന തന്ത്രങ്ങളിൽ ആശങ്കയുമുണ്ട്.
ശ്രീലങ്കയെ പാടെ ഉപേക്ഷിക്കാൻ ചൈന തയ്യാറാകില്ല എന്നതിന്റെ സൂചനകൾ ഇപ്പോൾ വന്നിട്ടുണ്ട്. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ അവർക്കു ശ്രീലങ്കയിൽ ഉള്ള കാലത്തോളം. മാത്രമല്ല, കഴിഞ്ഞ കുറെ നാളുകളായി ഒരു സ്വതന്ത്ര വ്യാപാര കരാർ ശ്രീലങ്കയുമായി ഉണ്ടാക്കാൻ ചൈന ശ്രമിച്ചുവരികയുമാണ്. പക്ഷെ ശ്രീലങ്കയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഇടപെടാൻ ചൈനയ്ക്കു പരിമിതികളുണ്ട്. അതിൽ പ്രധാനം നിലവിലുള്ള ശ്രീലങ്കയുടെ കടബാധ്യതകൾ തന്നെയാണ്. കടം തിരിച്ചടവിനും അത്യാവശ്യ ഇറക്കുമതിക്കും ശ്രീലങ്ക മറ്റു മാർഗ്ഗങ്ങൾ തേടട്ടെ എന്ന് ചൈന സൂചിപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയെ വീണ്ടും അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെ കടക്കെണിയിലേക്കു തള്ളിവിടുക എന്നതാണ് അതിനർത്ഥം.
ആശ്രിത മുതലാളിത്തവും ബദലുകളുടെ അഭാവവും
ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാൻ ഐ.എം.എഫ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങൾ ശ്രീലങ്കൻ സർക്കാരുമായി ഇതിനോടകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധികൾ അവസരങ്ങൾ ആക്കുന്ന ഈ സംവിധാനങ്ങൾ നിശ്ചയമായും ശ്രീലങ്കയുടെ തുറന്നുകൊടുക്കൽ പ്രക്രിയയ്ക്ക് ആക്കം കൂട്ടും. എന്നാൽ അവരുടെ മുന്നിലുള്ള കീറാമുട്ടി സ്ഥിരതയുള്ള സർക്കാരിന്റെ അഭാവമാണ്. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോൾ ആർക്കു കടം കൊടുക്കണം, ആരായിരിക്കും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നിവയെല്ലാം ഐ.എം.എഫ് കൃത്യമായി നിരീക്ഷിക്കും. നീണ്ടു പോകുന്ന രാഷ്ട്രീയ പ്രതിസന്ധി സാമൂഹികാസ്വാസ്ഥ്യങ്ങൾക്കും സാമ്പത്തിക തകർച്ചയ്ക്കും തീക്ഷണത കൂട്ടുകയേയുള്ളൂ.
ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും പല വികസ്വര രാജ്യങ്ങളിലും ശ്രീലങ്കയുടേതിന് സമാനമായ പ്രതിസന്ധി രൂപപ്പെടാൻ സാധ്യതയുണ്ട്. ആഗോളവൽക്കരണത്തിനു നേരിട്ട തിരിച്ചടി പല സാമ്പത്തിക ശാസ്‌ത്രജ്ഞന്മാരും തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും ഉദാരീകരണം ഈ രാജ്യങ്ങളിലെല്ലാം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കിയ വികസ്വര രാജ്യങ്ങളിൽ ദുരിതങ്ങളും ദുരന്തങ്ങളും ഒന്നിനൊന്നു വർധിച്ചു വന്നു. ഭരണകൂടത്തിന്റെ ഇടപെടൽ അനിവാര്യമായ ഇടങ്ങളിൽ പോലും അവർ അറച്ചുനിന്നു. സ്വകാര്യ മൂലധനം എല്ലാം പരിഹരിക്കുമെന്ന അമിതവിശ്വാസം ആസ്ഥാനത്തായപ്പോഴും പ്രതിസന്ധി പരിഹരിക്കാൻ ആളില്ലാതെ കുഴഞ്ഞു. ശ്രീലങ്കയിൽ കണ്ടത് അതാണ്. ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വം ഇല്ലാതെ, സാമൂഹിക ബോധത്തോടെയുള്ള ധനകാര്യ മാനേജ്‌മെന്റ് ഇല്ലാതെ കാര്യങ്ങൾ നേരെയാവില്ല എന്ന് ഇന്ന് തിരിച്ചറിഞ്ഞത് ജനങ്ങളാണ്. എന്നാൽ അവരുടെ മുമ്പിൽ മറ്റു മാർഗങ്ങൾ ഇല്ലാതെയുമിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസം നഷ്ട്ടപെട്ട അവർ അസ്വസ്ഥരാണു. ക്ഷുഭിതരാണ്. എന്നാൽ അരാജകത്വം ഒന്നിനും പരിഹാരമാകില്ല എന്ന യാഥാർഥ്യം ശ്രീലങ്കൻ രാഷ്ട്രീയം മുന്നറിയിപ്പും നൽകുന്നുണ്ട്.
ഒരു ആശ്രിത മുതലാളിത്ത രാജ്യമായ ശ്രീലങ്കയിൽ നടക്കുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണെന്നും ആഗോളവൽക്കരണത്തിനെതിരെയുള്ള ജനകീയ സമരമാണെന്നുമുള്ള നിരീക്ഷണങ്ങൾ ചില കോണുകളിൽ നിന്നും വരുന്നുണ്ട്. ഇത് തികച്ചും തെറ്റിദ്ധാരണജനകമാണ്. ജനങ്ങളുടെ മുദ്രാവാക്യങ്ങളിൽ ഒന്ന് പോലും അത്തരത്തിൽ കാണാൻ കഴിയില്ല. പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ള ജനത വിമുക്തി പെരുമന തുടങ്ങിയ രാഷ്ട്രീയകക്ഷികൾ പോലും അത്തരത്തിൽ ഒരു എടുത്തു ചാട്ടത്തിനു തയ്യാറല്ല. സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിച്ചു ജനങ്ങളുടെ ജീവിന ഉപാധികളെ നിലനിർത്തണമെങ്കിൽ മുതലാളിത്തത്തിനുള്ളിൽ നിന്ന് തന്നെ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നു മുഖ്യ രാഷ്ട്രീയകക്ഷികൾ കരുതുന്നു. ഒരു സോഷ്യലിസ്റ്റ് ബദൽ സംവിധാനത്തിനും ആരും സഹായം നൽകില്ലെന്ന് അവർക്കു അറിയാം. ഭരണഘടനയിൽ സോഷ്യലിസം വിളംബരം ചെയ്തിട്ടുണ്ടെങ്കിലും ഒരിക്കലും അത്തരത്തിലുള്ള ഒരു സമൂലമാറ്റത്തിനു ശ്രീലങ്കൻ ഭരണകൂടമോ മുഖ്യധാരാ രാഷ്ട്രീയക്ഷികളോ തയ്യാറാകില്ല. സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ പോലും ഇനി അന്താരാഷ്ട്ര ധനസഹായ സ്ഥാപനങ്ങൾ പറയുന്ന രീതിയിലേക്ക് മാറ്റാൻ സമ്മർദ്ദങ്ങൾ ഏറും. അവശേഷിക്കുന്ന പൊതുമേഖല കൂടുതൽ സ്വകാര്യ സംരംഭങ്ങൾക്കു തുറന്നു കൊടുക്കേണ്ടിവരും. ചുരുക്കത്തിൽ പ്രശ്നങ്ങളുടെ പരിഹാരം എന്ന നിലയിൽ വരുന്ന അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ സഹായവും സ്വാധീനവും കുറെകാലത്തേക്കെങ്കിലും ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കും. ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന വികസ്വര രാജ്യങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മകൾ ഇന്ന് തീർത്തും ഇല്ല എന്ന് തന്നെ പറയാം.