TMJ
searchnav-menu
post-thumbnail

TMJ Family

ഞങ്ങളുണ്ടാക്കിയ കുടുംബം

09 Jul 2022   |   1 min Read
സോമി സോളമന്‍

കുടുംബത്തെ പറ്റിയുള്ള വ്യവസ്ഥാപിതമായ സങ്കൽപ്പനങ്ങൾക്കും മാമൂലുകൾക്കും വഴിപ്പെടാനാവാത്ത സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന വ്യക്തികൾ സമൂഹത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നും പുറത്താവുന്നത് സ്വാഭാവിക പ്രക്രിയയായി കണക്കാക്കപ്പെടുന്നു. മുൻവിധികളും , തെറ്റിദ്ധാരണകളും, അധിക്ഷേപങ്ങളും പരിഹാസങ്ങളും നിരന്തരം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട പ്രസ്തുത വ്യക്തികൾ രൂപപ്പെടുത്തുന്ന കുടുംബങ്ങൾ പൊതുസമൂഹത്തിന് ഇപ്പോഴും പരിചിതമല്ല. പൊതുസമൂഹത്തിന്റെ ഉത്തമ കുടുംബ സങ്കൽപ്പങ്ങൾക്കും നിർവചനങ്ങൾക്കും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ മുഖ്യധാരാ കുടുംബങ്ങളിൽ നിന്നും പുറത്താവാൻ നിര്ബന്ധിതരാവുന്ന വ്യക്തികളാണ് പലപ്പോഴും ട്രാന്സജൻഡർ ഗണത്തിൽ വരുന്ന മനുഷ്യർ. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലുമെല്ലാം കമ്മ്യൂണിറ്റി എന്ന നിലയിൽ അധികാരഘടനയും, ഹൈരാർക്കിയുമെല്ലാം നിലനിൽക്കുന്ന ശക്തമായ സംവിധാനങ്ങൾ ട്രാൻസ്‍ജൻഡർ വിഭാഗത്തിലെ ജനങ്ങളിൽ സാധാരണമാണെങ്കിലും കേരളത്തിൽ അതല്ല സ്ഥിതി. കേരളത്തിലെ ട്രാൻസ്ജൻഡർ സമൂഹത്തിൽ രൂപമെടുത്ത “കമ്മ്യുണിറ്റി ഫാമിലീസ് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുന്നു. പൊതുസമൂഹത്തിന് പരിചയമില്ലാത്ത ട്രാൻസ്ജൻഡർ വ്യക്തികളുടെ കമ്മ്യൂണിറ്റി ഫാമിലീസിലെ അംഗങ്ങൾക്കിടയിലും മറ്റുള്ള കുടുംബങ്ങളിലെ പോലെ ഇണക്കങ്ങളും, പിണക്കങ്ങളും, ആഘോഷങ്ങളും, വേർപാടുകളും ഉള്ളതായി കേരളത്തിലെ ഒരു കമ്മ്യൂണിറ്റീസ് ഫാമിലിയിലെ അമ്മയായ രഞ്ചു പറയുന്നു. പുറത്താക്കപ്പെടുന്ന ഇടങ്ങളിൽ നിരന്തരം പോരാടി അനുഭവങ്ങൾ അടുക്കി വച്ചുണ്ടാക്കുന്ന അത്തരം “കുടുംബങ്ങൾ“ ഇപ്പോഴും നമ്മുടെ കാഴ്ചകളുടെയും കേൾവികളുടെയും അപ്പുറത്താണ്. ദൃശ്യതയില്ലാത്ത ജീവിതങ്ങൾ ഇല്ല എന്നല്ല അതിന്റെ അർത്ഥമെന്ന് രെഞ്ചുവിന്റെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. പൊതുസമൂഹത്തിന്റെ കാഴ്ചകൾക്കും കേൾവിയ്ക്കും കലാബോധത്തിനും സൗന്ദര്യ സങ്കല്പങ്ങൾക്കും ഉത്തമ കുടുംബ സങ്കൽപ്പങ്ങളുടെ മാതൃകയാണ് പഥ്യം. അവിടേയ്ക്ക് മാത്രമായി എത്തുന്നതിന് പകരം അപരിചതമായ കമ്മ്യൂണിറ്റി ഫാമിലികളിലെ വൈവിധ്യങ്ങളെ പറ്റി പൊതുസമൂഹത്തെ എത്തിക്കാനുള്ള സാമൂഹിക പരിണാമത്തിനായി യത്‌നിക്കുകയാണ് സാമൂഹികനീതിയുടെ പാതയെന്ന് അവരുടെ വാക്കുകൾ വെളിപ്പെടുത്തുന്നു. വളരെ പ്രശസ്തയായ മേക്ക് അപ്പ് ആർട്ടിസ്റ്റും, ലൈംഗിക ന്യൂനപക്ഷാവകാശ പ്രവർത്തകയുമാണ് രഞ്ചു ഇന്ത്യയ്ക്ക് അകത്തും പുറത്തും മനുഷ്യരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് ജീവൻ നൽകി തന്റെ തൊഴിൽ മേഖലയിൽ വിജയകരമായി മുന്നോട്ട് പോവുന്ന രെഞ്ചുവിന്റെ കമ്മ്യൂണിറ്റി ഫാമിലിയിലൂടെ ഒരു യാത്ര.

 

 

“കുടുംബം“ എന്ന പൊതു ഭാവന/ സംവിധാനം എങ്ങനെയാണ് ട്രാൻസ് കമ്മ്യൂണിറ്റികൾക്കിടയിൽ നിർവചിക്കപ്പെടുന്നത് ?

 

കേരളത്തിലെ സാമൂഹിക ഘടനയിൽ ഉത്തരേന്ത്യയിലെ പോലെ ഹിജഡ സംവിധാനം നിലവിൽ ഇല്ല. ഹിജഡ സംവിധാനത്തിൽ ഒരു ഗുരുവുണ്ടാകും. ഗുരുവിന്റെ നിർദേശാനുസരണം ലൈംഗിക തൊഴിലിനോ, ബദായി (വീടുകളിൽ പോയി അനുഗ്രഹം നൽകുന്ന ആചാരം) പോലെയുള്ള തൊഴിലുകൾക്കോ പോകുന്ന ഒരു നിയന്ത്രിത ഘടനയ്ക്ക് അകത്ത് പ്രവർത്തിക്കുന്ന സംവിധാനമാണ് ഹിജഡ സമ്പ്രദായം. എന്നാൽ കേരളത്തിലേത് പൂർണമായും സ്വതന്ത്രമാണ് .

 

തിരഞ്ഞെടുക്കുവാനുള്ള അധികാരം പൂർണമായും വ്യക്തികളിൽ നിക്ഷിപ്‌തമാണ് . അതിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല. സ്നേഹം, ബഹുമാനം, പരിഗണന, പരിചരണം എന്നിവയൊക്കെ കൊണ്ട് ബന്ധിപ്പിക്കപ്പെട്ട കമ്മ്യൂണിറ്റി ഫാമിലീസ് ആണ് കേരളത്തിലേത്. അമ്മയാരാകണം എന്ന് തിരഞ്ഞെടുക്കുവാനും മകൾ/മകൻ ആരാകണം എന്ന് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമൊക്കെ വ്യക്ത്യാധിഷ്ഠിതമാണ്. സാധാരണയായി കേരളത്തിൽ അമ്മയാണ് തലപ്പത്ത്. അമ്മയ്ക്ക് മക്കളുണ്ടാകും, മരുമക്കളുണ്ടാകും, കൊച്ചുമക്കളുണ്ടാകും. ’അച്ഛൻ’ എന്ന വ്യക്തി/വിശ്വാസം ഇവ ഓരോ കുടുംബത്തെ സംബന്ധിച്ചും വ്യത്യസ്‍തമായിരിക്കും.

 

എന്റെ മക്കളുടെ അമ്മയാണ് ഞാൻ. ദയ ഗായത്രി, ഹരിണി, വിഹാൻ പീതാംബർ, ഇഷാൻ, സൂര്യ, ദീപ്തി, ഹണി, തീർത്ഥ, പിങ്കി, സുസ്‌മി, സാൻഫ്രിയ, സാദിയ എന്നിവരൊക്കെ എന്റെ മക്കളും മരുമക്കളുമാണ്. ശീതൾ, ഭദ്ര, ജാൻമണി എന്നിവർ എന്റെ സഹോദരിമാരാണ് .

 

രേവതിയാണ് എന്റെ 'അമ്മ’. എല്ലാ കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങൾ വിശേഷ ദിവസങ്ങളിൽ ഒരുമിച്ച് കൂടും. ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കും. തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കും. പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകും. ദൂരെനിന്ന് വരുന്ന മകന് അവനിഷ്ടമുള്ള ബീഫ് അമ്മയുണ്ടാക്കി വെക്കണം എന്ന് പറയുമ്പോൾ അതുണ്ടാക്കി കാത്തിരിക്കുന്ന അമ്മയാണ് ഞാൻ. അമ്മയുടെ ഇഷ്ട വിഭവങ്ങളായ തെരളിയപ്പവും, ശർക്കര പായസവും അമ്മയ്ക്കായി ഒരുക്കുന്ന മക്കളാണ് എനിക്കുള്ളത്.

 

‘കുടുംബം‘ എന്ന നിർവ്വചനങ്ങൾ ഒക്കെ ഓരോ ട്രാൻസ് വ്യക്തികളിൽ അധിഷ്ടിതമാണ്. എന്റെ കുടുംബത്തിന്റെ ഘടന ആയിരിക്കില്ല മറ്റൊരു ട്രാൻസ് കുടുംബത്തിന്റെത്.

 

കുടുംബത്തിലെ ചടങ്ങുകൾ എന്തൊക്കെയാണ്?

 

തന്റെ ഐഡന്റിറ്റി മനസ്സിലാക്കി കഴിയുമ്പോ സാമ്പത്തികമായ മുന്നൊരുക്കങ്ങൾ ഒക്കെ നടത്തികൊണ്ട് തന്നെ ഹോർമോൺ ചികിത്സയും, ലേസർ ചികിത്സയും ആരംഭിക്കും. അതിന് ശേഷമാണ് സെക്സ് റീ അറേഞ്ച്മെന്റ് സർജറി എന്ന ഘട്ടം. ശസ്ത്രക്രീയക്ക് മുൻപായി അമ്മയെ നമസ്കരിക്കുമ്പോൾ മുതൽ ചടങ്ങുകൾ തുടങ്ങുന്നു. സന്തോഷ് മാതായെ പ്രാർത്ഥിച്ച് ശസ്ത്രക്രീയക്കായി തിരിക്കുന്ന രീതിയാണ് (രഞ്ചുവിന്റെ) കുടുംബം പിന്തുടരുന്നത്. ശസ്ത്രക്രീയക്ക് ശേഷം പ്രാർത്ഥനയോടെ അമ്മ കയ്യിൽ ചരട് കെട്ടി നൽകും. ഒരു രൂപ കോയിൻ ബന്ധിച്ചിട്ടുണ്ടാവും. നാളികേരം തലയിലുഴിഞ്ഞ് ദോഷങ്ങളെല്ലാം മാറാൻ പ്രാർത്ഥിക്കും. പന്ത്രണ്ടാം ദിവസം മഞ്ഞളും ചന്ദനവുമൊക്കെ തേച്ച് കുളിപ്പിക്കും.

 

നാല്പത്തി ഒന്നാം ദിവസം വധുവിനെ പോലെ അണിയിച്ചൊരുക്കും. കണ്ണടച്ച് കൊണ്ടാണ് പൂജാവിധികളൊക്കെ പിന്തുടരേണ്ടത്. പഴയ ജീവിതത്തിന്റെതായതെല്ലാം കടലിൽ ഒഴുക്കി കളഞ്ഞതിന് ശേഷം കണ്ണ് തുറക്കും. താലികെട്ട്, ലച്ച, പാദസരം, മൂക്കുത്തി, പട്ടുസാരി ഒക്കെ ആഘോഷത്തിന്റെ ഭാഗമായുണ്ടാകും. ഒരു വര്‍ഷം കഴിഞ്ഞ് വാർഷിക പൂജയുണ്ടാകും. അതിന് ശേഷം വിവാഹമുണ്ടാകാം, മറ്റു വിശേഷങ്ങൾ ഉണ്ടാകാം.

 

 

തങ്ങളുടെ ഐഡന്റിറ്റി എപ്പോഴാകും തിരിച്ചറിയുക?

 

അതെപ്പോഴാണ് തിരിച്ചറിയുക എന്ന് പറയാൻ കഴിയില്ല . ചിലർക്ക് അത് പുബെർട്ടിക്ക് മുൻപാകാം. ചിലർക്ക് ശേഷമാകാം, ചിലർക്ക് വളരെ പ്രായംചെന്ന ശേഷമാകാം.

 

കമ്മ്യൂണിറ്റി ഫാമിലിയിൽ എത്തുന്നതിന് മുൻപ് തങ്ങൾ ജനിച്ച കുടുംബങ്ങളിൽ നിന്ന് പുറത്താക്കപ്പെടുന്ന മനുഷ്യർ എങ്ങനെയാണ് ജീവിക്കുന്നത്.

 

പലപ്പോഴും അരക്ഷിതാവസ്ഥകളിലേക്കാണ് വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന മനുഷ്യർ എത്തിപ്പെടുന്നത്. ഒടുവിൽ ജീവിക്കാനായി ലൈംഗിക തൊഴിൽ ഏറ്റെടുക്കേണ്ടി വരും.

 

ട്രാൻസ്ജൻഡർസ് പുബെർട്ടീ സമയത്ത് കടന്നുപോകുന്ന മാനസിക സഘർഷങ്ങളോടെയൊക്കെ എങ്ങനെയാണു അതിജീവിക്കുന്നത്.

 

മാനസിക സംഘർഷങ്ങളെ അഭിമുഖീകരിക്കാനും മറ്റും ‘ദ്വയ’ പോലെയുള്ള സംഘടനകൾ ശില്പശാലകളും, ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് . സർക്കാരിന്റെ ഭാഗത്ത് നിന്ന് പല പരിപാടികൾ സ്‌കൂൾതലം മുതൽ നടക്കാറുണ്ട്. അത് വഴിയാണ് കൂടുതലും ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ സാധിക്കുന്നത്

 

പരമ്പരാഗത കുടുംബ സങ്കൽപ്പങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത് .

 

അവഗണനയും, ചൂഷണവും, അധിക്ഷേപവുമൊക്കെ അഭിമുഖീകരിച്ചാണ് ഓരോ ട്രാൻസ് മനുഷ്യരും കടന്നുവരുന്നത്. നിങ്ങൾ അവരെ മാറ്റി നിർത്തുമ്പോൾ ചിന്തിക്കേണ്ടത് ഇതൊരു രോഗമോ കുറ്റകൃത്യമോ അല്ലെന്നുള്ളതാണ്. ഈ കളിയാക്കുന്ന മനുഷ്യരുടെ വീടുകളിൽ തന്നെ ലൈംഗിക ന്യൂനപക്ഷത്തിൽ നിന്നുള്ള ഒരു കുഞ്ഞ് നാളെ ജനിക്കാം. അവരെ ഉൾകൊള്ളാൻ എല്ലാവര്‍ക്കും കഴിയണം.

 

കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ, എന്തൊക്കെ പ്രതിസന്ധികളാണ് നേരിട്ടിട്ടുള്ളത്?

 

പൊതുസമൂഹത്തിന്റെ കാഴ്ചയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് കൊണ്ട് തന്നെ കുട്ടികളെ വളർത്താൻ ഞങ്ങൾക്ക് കഴിയില്ല എന്നൊരു മുൻവിധി സമൂഹം മുന്നോട്ട് വെക്കുന്നുണ്ട് . നിയമ സംവിധാനങ്ങൾ എല്ലാം തന്നെ മുഖ്യധാരയ്ക്ക് ഒപ്പമായത് കൊണ്ട് നിയമസഹായവും ലഭിക്കില്ല. പക്ഷെ, സാമ്പ്രദായിക മാതാപിതാക്കൾ വളർത്തുന്നതിനേക്കാൾ നന്നായിട്ട് കുഞ്ഞുങ്ങളെ ഞങ്ങൾക്ക് വളർത്താൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണല്ലോ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

സർക്കാർ നയരൂപീകരണത്തിൽ ഇടപെടാൻ ഒരവസരമുണ്ടായാൽ പറയാൻ ആഗ്രഹിക്കുന്നത് എന്തെല്ലാമായിരിക്കും.

 

സർക്കാർ പദ്ധതികളുമായി നിരന്തരം ഇടപെടാൻ അവസരം ലഭിക്കുന്ന ഒരാളാണ് ഞാൻ . പക്ഷെ, പ്രയോഗിക തലത്തിൽ എത്തുമ്പോൾ പലതും യാഥാർഥ്യമാകുന്നില്ല . പ്രധാനമായും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ തിരക്കേറിയ നഗരങ്ങളുടെ അരക്ഷിതാവസ്ഥയിൽ നിന്ന് ഒരു ‘ഗ്രാമം’ എന്ന സങ്കൽപ്പത്തിലേക്ക് മാറാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്നാണ്. വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്നവർക്ക് പുനരധിവാസം വേണം അതിനു വേണ്ടി കെട്ടിടങ്ങൾ ഉണ്ടാകണം. അവിടെ അവരെ സ്വയം പര്യാപ്തരാക്കാൻ തൊഴിൽ പരിശീലനം നല്കണം, സ്കിൽ ഡെവലപ്മെന്റിന് അവസരമുണ്ടാകണം, അവർക്ക് വേണ്ടി ചെറുകിട വ്യവസായങ്ങൾ രൂപകല്പന ചെയ്യണം,പഠിക്കാൻ കഴിയാതെ ഡ്രോപ്പ് ഔട്ട് ആയവർക്ക് പഠനം പൂർത്തിയാക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം.

 

അത്യധികം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കുട്ടികളോട് എന്താകും പറയാനുള്ളത്.

 

അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയായിട്ട് മാത്രമേ ഐഡന്റിറ്റി വെളിപ്പെടുത്താവൂ. അല്ലെങ്കിൽ മുന്‍പോട്ടുള്ള ജീവിതം വളരെയേറെ ബുദ്ധിമുട്ടാകും. അതുപോലെ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വയം സമയം കൊടുക്കുക. ചില യാത്രകൾക്ക് മടക്കയാത്രകൾ ഇല്ലെന്ന് ഓർക്കുക.

 

 

 

 

 

 

 

 

 

 

 

 

Leave a comment