ലഹരിയിൽ നുരയുന്ന ഭാവിതലമുറ; മാതാപിതാക്കളറിയാൻ
കൈയിലിട്ടിരുന്ന സ്വർണവള കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരിയായ ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ചില സത്യങ്ങൾ മനസിലാക്കാനുള്ള ശ്രമം നടത്തിയത്. കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ സ്വർണ വള മാത്രമല്ല വീട്ടിൽ നിന്ന്
പണവും മോഷ്ടിച്ചിരുന്നുവെന്ന് അറിയാനിടയായി. ഇത്രയും പണത്തിന്റെ ആവശ്യമെന്തിന് എന്ന ചോദ്യത്തിൽ നിന്നാണ് ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി വിദ്യാർത്ഥിനി കണ്ടെത്തിയ വഴിയാണെന്നുള്ള ഉത്തരം ലഭിച്ചത്. മാതാപിതാക്കളറിയാതെ തന്നെ ലഹരി ഉപയോഗിച്ച് തുടങ്ങിയിരുന്ന കുട്ടി പതിയെ ലഹരിക്കടിമപ്പെടുകയായിരുന്നു. നമ്മുടെ കുട്ടികൾ എത്രത്തോളം ഇത്തരത്തിലുള്ള ചതിക്കുഴികളിൽ ചെന്ന് വീഴുന്നു എന്നുളളതിന്റെ തെളിവുകളാണ് ഇത്തരത്തിൽ പുറത്ത് വന്നുകൊണ്ടിരിക്കുന്ന ഓരോ കഥകൾ.
ഈ കാലയളവിൽ പ്രത്യേകിച്ച് കോവിഡ് വ്യാപനത്തിന്റെ സമയത്തും അതിനു ശേഷവുമായി കുട്ടികൾക്കിടയിൽ കണ്ടുവരുന്നതാണ് ഡ്രഗ് അഡിക്ഷൻ, മൊബൈൽ അഡിക്ഷൻ എന്നീ രണ്ട് പ്രശ്‌നങ്ങൾ. വീടുകളിൽ ഒരുപാട് സമയം ചിലവഴിക്കുകയും ഓൺലൈൻ ക്ലാസുകൾക്കായി ഇന്റർനെറ്റ് സൗകര്യങ്ങൾ വളരെയധികം ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രായത്തിന്റെ പക്വതയിൽ കവിഞ്ഞ വിവരങ്ങൾ അവർക്ക് ലഭിക്കുന്നതിനും മാതാപിതാക്കളറിയാതെ മദ്യവും മയക്കുമരുന്നും വീടുകളിലേയ്ക്ക് വരുത്താനും കൈവശം വച്ച് ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. അങ്ങനെ ഉപയോഗം തുടങ്ങിയതിന് ശേഷം കുട്ടികളുടെ സ്വഭാവത്തിൽ വളരെ പെട്ടെന്നുള്ള ദേഷ്യം, അനുസരണയില്ലായ്മ തുടങ്ങിയ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയേക്കാം. എന്നാൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ പൊതുവെ പ്രായത്തിന്റേതായ പ്രശ്‌നമായിരിക്കാം അല്ലെങ്കിൽ ഇവ കാലക്രമേണ മാറുന്നവയായിരിക്കാം എന്നാണ് അച്ഛനമ്മമാർ ചിന്തിക്കുന്നത്. എന്നാൽ ഈ ലക്ഷണങ്ങളുമായി വരുന്ന കുട്ടികളെ പരിശോധിക്കുമ്പോൾ അവരുടെ സ്വഭാവത്തിൽ എടുത്തുചാട്ടമുള്ളതായി കാണപ്പെടും. ഈ ഒരു പ്രവണതയെ ഇമ്പൾസീവ് പേഴ്‌സണാലിറ്റി എന്ന് പറയപ്പെടുന്നു. ഇത്തരത്തിൽ സ്വഭാവ രീതിയുള്ള കുട്ടികൾക്ക് കൂട്ടുകാരുടെ സ്വാധീനം ധാരാളമായിട്ടുള്ളവരും തെറ്റും ശരിയും ഏതെന്ന് വിവേചിച്ചറിയാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരിക്കും. വീടുകളിലെ സാഹചര്യങ്ങൾ മോശമായതുകൊണ്ടോ അല്ലെങ്കിൽ ശരിയായ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ഇല്ലാതെ വരുന്നതുകൊണ്ടോ ആകും ഭൂരിഭാഗം കുട്ടികളും ഇത്തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നത്. അങ്ങനെ സാമൂഹികവും വ്യക്തിപരവുമായ നിരവധി കാരണങ്ങളാകാം അഡിക്ഷനിലേയ്ക്ക് കുട്ടികളെ നയിക്കുന്നത്.
ഉയർന്നു വരുന്ന രാസലഹരി ഉപയോഗം
എം.ഡി.എം.എ, എൽ.എസ്.ഡി. സ്റ്റാമ്പ് തുടങ്ങിയ കൈവശം വയ്ക്കാൻ എളുപ്പമുള്ള രാസ-ലഹരി പദാർത്ഥങ്ങളാണ് ഇപ്പോൾ സാധാരണയായി സ്‌കൂൾ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്. ആൺ-പെൺ വ്യത്യാസം ഇല്ലാതെയാണ് ഇവയുടെ ഉപയോഗവും. ഉപയോഗിച്ച് കുറച്ച് നാളുകൾക്ക് ശേഷം കുട്ടികളിൽ വിഷാദം, ഒറ്റപ്പെടൽ അല്ലെങ്കിൽ ജീവിതത്തിൽ ഒരർത്ഥവുമില്ലാതെ പ്രതീക്ഷ നഷ്ടപ്പെടുന്ന അവസ്ഥ ഒപ്പം മറവിയും ആകെ ഭയവും നിയന്ത്രിക്കാനാകാത്ത ദേഷ്യവും കണ്ടുവരുന്നു. കുറെ നാളത്തെ ഉപയോഗത്തിന് ശേഷമായിരിക്കും മാനസികവും ശാരീരികവുമായ ഇത്തരം ലക്ഷണങ്ങൾ പുറത്ത് കാണിക്കാൻ തുടങ്ങുന്നത്. അല്ലെങ്കിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധയിൽ പെടുന്നത്. വിഷാദം കൂടുന്നതനുസരിച്ച് പിന്നീട് അവരിൽ ആത്മഹത്യയുടെ ചിന്തകളായിരിക്കും കൂടുതലും വരുക. കൂടാതെ ഡെല്യൂഷൻ ഹാലൂസിനേഷൻ എന്ന അവസ്ഥയിലൂടെ ഇല്ലാത്ത കാര്യങ്ങളും സംഭവങ്ങളും സ്വയം ചിന്തിച്ചുകൂട്ടി അവ മനസിനെ വിശ്വസിക്കാൻ ശ്രമിക്കുക തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു പോകുന്നവരുമുണ്ട്. ഇത്തരം സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ടുതുടങ്ങുമ്പോഴായിരിക്കും കൂടുതലും മാതാപിതാക്കൾ എന്താണിതിന്റെ കാരണമെന്നറിയാൻ മക്കളെ കൗൺസലിംഗിനായി കൊണ്ടുവരുന്നത്. പഠനത്തിൽ മികവ് പ്രകടിപ്പിച്ചിരുന്ന ശാന്ത സ്വഭാവമുണ്ടായിരുന്ന കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി മാതാപിതാക്കളെയും മുതിർന്നവരെയും എതിർക്കുന്നതിനും പഠനത്തിൽ ഒട്ടും തന്നെ ശ്രദ്ധയില്ലാതെയുമായി മാറുന്നു. 'കണ്ടക്റ്റ് ഡിസോഡർ' പോലെ അനുസരണക്കുറവ് അതുപോലെ തന്നെ കുറ്റബോധം ഇല്ലായ്മ, കളവ് പറയുക, മോഷ്ടിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക അങ്ങനെയുള്ള സ്വഭാവ പ്രശ്‌നങ്ങൾ ഇവരെ അലട്ടുന്നവയാണ്. അതുപോലെ തന്നെ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) മൂലമുള്ള എടുത്തുചാട്ടം, ഹെപ്പർ ആക്ടിവിറ്റി, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും പ്രകടിപ്പിക്കുന്നു. ആലോചന കൂടാതെയുളള എടുത്തുചാട്ടത്തിലൂടെ കുട്ടികൾ മയക്കുമരുന്നിൽ അഭയം പ്രാപിക്കുന്നു. പിന്നീട് തെറ്റായ കൂട്ടുകെട്ടുകളിൽ പോയി ഇടപെടുന്ന രീതികൾ ഇവയെ കൂടുതൽ സങ്കീർണമാക്കുന്നു. കുട്ടികളിലെ മാറുന്ന വ്യക്തിത്വം മനസിലാക്കി ചെറുപ്പം തൊട്ടെ അവരുടെ സ്വഭാവത്തിലെ മാറ്റങ്ങൾ നിരീക്ഷിച്ച് തെറ്റുകൾ തിരുത്തി കരുതലോടെ അവരെ പരിഗണിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പരിഹാരം.
ലഹരിയിൽ നിന്ന് മുക്തി നേടാൻ 'വിമുക്തി'
സ്‌കൂൾ കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും അവരെ തിരികെ സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടു വരുന്നതിനുമായി സംസ്ഥാന സർക്കാർ തുടക്കമിട്ട് കേരളത്തിലുടനീളം സേവനം നല്കുന്നതാണ് വിമുക്തി ഡി-അഡിക്ഷൻ ആന്റ് കൗൺസലിംഗ് കേന്ദ്രങ്ങൾ. ഒന്നര വർഷത്തിനിടയിൽ 21 വയസിൽ താഴെ പ്രായമുള്ള 3933 വിദ്യാർത്ഥികളാണ് സഹായം തേടിയിരിക്കുന്നത്. അതിൽ 40% കുട്ടികളും 18 വയസിനും താഴെയുള്ളവരാണ്. ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്ന് മാറ്റി സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുകയെന്നത് ശ്രമകരമായിട്ടുള്ള ലക്ഷ്യമാണ്. 100 ദിവസം നീണ്ടുനിൽക്കുന്ന ട്രീറ്റ് മെന്റ് നേടിയവരിൽ 20% കുട്ടികളും മുഴുവനായും വീണ്ടെടുക്കുന്നതിന് സാധിച്ചിട്ടില്ല എന്നതും ആശങ്കയുളവാക്കുന്നതാണ്. ഇതുകൂടാതെ 219 വിദ്യാർത്ഥികൾ കൗൺസലിംഗ് സെഷനുകളിൽ മാത്രമായി പങ്കെടുക്കാൻ എത്തിയിരുന്നതായും റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചികിത്സയ്ക്കായി എത്തുന്ന ഭൂരിഭാഗം കുട്ടികളും എം.ഡി.എം.എ., എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയ്ക്ക് അടിമപ്പെട്ടവരാണ്. മാതാപിതാക്കളുടെ നിർബന്ധപ്രകാരം വരുന്നവരായതുകൊണ്ട് കുട്ടികൾ ഇത്തരം ട്രയിനിംഗ് സെഷനുകളോട് താല്പര്യം കാണിക്കുന്നില്ല എന്നതും വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ കണക്കുകൾ രേഖപ്പെടുത്തുന്നതിനേക്കാൾ ഏറെ കുട്ടികൾ ലഹരിക്ക് അടിമകളാണെന്നും അവ പുറത്തറിഞ്ഞാൽ അവരുടെ ഭാവി നഷ്ടപ്പെടുമെന്നുള്ള ഭയത്താൽ മറച്ചുവെയ്ക്കുന്നതിനും മാതാപിതാക്കൾ ശ്രമിക്കുന്നുവെന്നതാണ് സത്യം.
മാതാപിതാക്കളറിയാൻ
മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ, അവർക്ക് കിട്ടുന്ന ഉപദേശം വളരെ കാർക്കശത്തോടെ കുട്ടികളെ വളർത്തണമെന്നായിരിക്കും. അവർ വഴി തെറ്റിപ്പോകാതിരിക്കാൻ ചിട്ടയിൽ വളർത്തണമെന്നും എപ്പോഴും വഴക്ക് പറയണം, അല്ലെങ്കിൽ ശിക്ഷിക്കണം എന്ന തെറ്റായ ധാരണയുണ്ടാകും. സ്വാതന്ത്ര്യം നിഷേധിച്ച് കടുത്ത ശിക്ഷണരീതിയിലൂടെ മക്കളെ വളർത്താൻ ശ്രമിക്കുമ്പോൾ കൂട്ടികൾ അതിനെതിരായി തെറ്റായ പ്രവണതയിലേയ്ക്ക് വീഴുന്നതിനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. മാത്രമല്ല, കുട്ടികളുടെ മനസിലുള്ളത് തുറന്ന് സംസാരിക്കാൻ അവസരം കൊടുക്കാതെ വരുമ്പോഴോ, അവർക്ക് പറയാനുള്ളത് കേൾക്കാൻ ആരുമില്ലാതെ വരുന്ന വീട്ടിലെ സാഹചര്യങ്ങൾ മൂലവും തങ്ങളുടെ രീതിയിൽ കാര്യങ്ങൾ നടത്തിയെടുക്കാൻ അവർ ശ്രമിക്കും. പക്വമായ തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്ത പ്രായത്തിൽ അവരെടുക്കുന്ന തീരുമാനങ്ങൾ ഒരു പക്ഷെ തെറ്റിലേയ്ക്ക് നടക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം. അവരുടെ മനസിലുള്ള ആശങ്കകൾ പങ്കുവെയ്ക്കുന്നതിനുള്ള സാഹചര്യങ്ങൾ മാതാപിതാക്കൾ ഒരുക്കിയില്ലെങ്കിൽ ഒരു പക്ഷെ അവരെ മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലേയ്ക്ക് തള്ളിവിട്ടേക്കാം. മറ്റൊരു സാഹചര്യം ചൂണ്ടിക്കാട്ടിയാൽ മാതാപിതാക്കളിലൊരാൾ സ്ഥിരമായി മദ്യപാനത്തിന് അടിമകളായിരിക്കുകയും ഇവ സ്ഥിരം കണ്ടും കേട്ടും വളരുന്ന കുട്ടികൾക്ക് വളരെ ചെറുപ്രായത്തിൽ തന്നെ ഈ ശീലങ്ങൾ ഒപ്പം കൂടുന്നവയായിരിക്കും. മുതിർന്നവരെ അനുകരിക്കാൻ ഏറെ താല്പര്യമുള്ള നമ്മുടെ കുഞ്ഞുങ്ങൾ നാളെ അതുപോലെ തന്നെ അനുകരിച്ചേക്കാം.
ലഹരിക്കടിമപ്പെടുന്ന മനസും ശരീരവും
മയക്കുമരുന്നിന് അടിമകളായ കുട്ടികളും മുതിർന്നവരും ഒരിക്കലും ഇതിൽ നിന്ന് മാറണമെന്ന് ആഗ്രഹമുള്ളവരല്ല. വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമേ അത്തരത്തിൽ സ്വയം ആഗ്രഹം പ്രകടിപ്പിക്കൂ. ഇവയുടെ ഉപയോഗം മൂലം ആകെ നശിച്ച അവസ്ഥയിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി മാത്രം വരുന്നവരായിരിക്കും കൂടുതലെന്നും ലഭ്യമായിട്ടുള്ള സൈക്കാട്രിക് കൗൺസലേഴ്‌സിന്റെ രേഖകൾ പരിശോധിച്ചാൽ കാണാൻ സാധിക്കും. സ്വഭാവത്തിലെ മാറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും പോലീസ് കേസുകളിൽ പിടിക്കപ്പെട്ടോ ആയിരിക്കും കൗൺസലിംഗിനായി വരുന്നത്. വീട്ടുകാരെയും നാട്ടുകാരെയും ഉപദ്രവിക്കുകയും അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിൽ ഒട്ടും മടിയില്ലാത്ത അവസ്ഥയിലായിരിക്കും ഏറെപ്പേരും. സ്ഥിരമായിട്ട് ഉപയോഗിക്കുന്നവരുടെ ശരീരത്തിന് അതിന്റെ ഉപയോഗം നിർത്തുകയെന്നത് ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കുന്നതല്ല. വളരെ സമയമെടുക്കുന്ന ഈ പ്രക്രിയയിൽ, ശരീരത്തിനെ പൊരുത്തപ്പെടുത്തിക്കൊണ്ട് വന്നാലും മാനസികമായി അതിനെ അംഗീകരിക്കുക അത്ര എളുപ്പമല്ല. ശരിയായ ഭക്ഷണ രീതി ഇല്ലാത്തതുമൂലം നല്ല ആരോഗ്യമുണ്ടാവില്ല എന്നതും വെല്ലുവിളിയാണ്. ശരീരത്തിൽ നിന്ന് ലഹരിയുടെ അളവ് പൂർണമായി കുറച്ചെടുത്ത് കൃത്യമായ മരുന്നുകൾ നല്കി തിരികെ കൊണ്ടുവരാൻ ശ്രമിച്ചാലും മനസിൽ അവർക്ക് വീണ്ടും ലഹരി ഉപയോഗിക്കണം എന്ന ചിന്തയായിരിക്കും. ഹരം തോന്നുന്ന രീതിയിൽ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുകയും അപകടകരമായ സാഹസികത ഇഷ്ടപ്പെടുന്നവരുമായിരിക്കും. മാത്രമല്ല ആന്റി സോഷ്യൽ പേഴ്‌സണാലിറ്റി രൂപപ്പെടുന്നതോടെ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് തെറ്റാണെന്നോ അവരെ ബുദ്ധിമുട്ടിക്കുന്നതിൽ കുറ്റബോധമോ തോന്നില്ല. ഇതിനെല്ലാമായി ലഹരി ഉപയോഗിച്ചെങ്കിൽ മാത്രമേ ഹൈപ്പർ മോഡ് നിലനിർത്താൻ സാധിക്കൂ. മറ്റൊന്നും അവരിൽ താല്പര്യമുളവാക്കുന്നുമില്ല. അതിനാൽ ട്രയിനിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയാലും വീണ്ടും പഴയതുപോലെ ലഹരിക്കടിമപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള അക്രമങ്ങൾ നടത്തുന്നതുമൂലം വീട്ടുകാരോ പോലീസോ വീണ്ടും കൗൺസലിംഗിനായി കൊണ്ടുവരുന്നു. അങ്ങനെ, ഈ പ്രക്രിയ വീണ്ടും തുടരുന്നു. പിന്നീട് ജീവിതത്തിലെവിടെയും എത്തിയില്ല എന്ന ചിന്തയോടെ ആത്മഹത്യയ്ക്ക് കീഴടങ്ങുന്ന ദയനീയമായ അവസ്ഥയിലൂടെയായിരിക്കും ഇവർ കടന്നുപോകുക.
'ഡെലീറിയം ട്രമൻസ്' എന്ന വില്ലൻ
ഇന്ന് മദ്യപിക്കുന്നു അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നാൽ നാളെ എനിക്കത് ഉപേക്ഷിക്കാൻ സാധിക്കും എന്ന് അമിതമായി ആത്മവിശ്വാസം ഉള്ളവരായിരിക്കും അഡിക്ഷൻ ഉള്ള ആളുകളിൽ ഭൂരിഭാഗവും. അഡിക്ഷനെപ്പറ്റി പൊതുവെ ആളുകൾക്കുള്ള ഒരു തെറ്റായ ധാരണയാണിത്. എന്നാൽ ഇതിനൊരു ടോളറൻസ് ലെവലുണ്ട് എന്നതാണ് സത്യം. തുടക്കത്തിൽ എത്ര അളവിൽ കഴിക്കുന്നോ അല്ലെങ്കിൽ ഉപയോഗിക്കുന്നോ അതിൽ കൂടുതൽ അളവിൽ ഉപയോഗിച്ചെങ്കിൽ മാത്രമേ മുന്നോട്ട് ഉപയോഗിക്കുമ്പോൾ ആദ്യം തോന്നിയിരുന്ന ഇഫക്ട് ലഭിക്കുകയുള്ളു. ദിവസങ്ങളും മാസങ്ങളും കഴിയുന്തോറും കഴിക്കുന്ന അളവിലും വലിയ വ്യത്യാസം ഉണ്ടായിക്കൊണ്ടിരിക്കും. ഇത് മനസിലാക്കാതെ പെട്ടെന്ന് നിർത്തുമ്പോൾ വിഡ്രോവൽ സിംപ്റ്റംസ് അഥവാ പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നു. വിറയലും ദേഷ്യമുണ്ടാകുന്നതും ശ്രദ്ധക്കുറവുണ്ടാകുന്നതുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. മയക്കുമരുന്ന്, മദ്യം ഇവയില്ലാതെ ജീവിതം മുന്നോട്ട് പോകില്ലായെന്ന ധാരണയിൽ കുട്ടികൾ കൂടുതൽ അക്രമാസക്തരാകുന്നു. 'ഡെലീറീയം ട്രമൻസ്' എന്ന അവസ്ഥ ഇതിന്റെ ബാക്കിപത്രമാണ്. അതായത് മരണത്തിലേയ്ക്ക് വരെ ആളുകളെ നയിക്കാവുന്ന അല്ലെങ്കിൽ ആളുകൾക്ക് സുബോധം നഷ്ടപ്പെട്ട് പോകുന്ന അവസ്ഥ, ഭയങ്കരമായ ഹാലൂസിനേഷൻ, ഭയം എന്ന അവസ്ഥയിലേയ്ക്കും ഇവ നയിക്കുന്നു. ഈ ലക്ഷണങ്ങൾ പൊതു സമൂഹത്തിന് ധാരണയില്ലാത്തതു മൂലം വിദഗ്ധരുടെ ഉപദേശമോ സഹായമോ തേടുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ജീവിതം വഴിയടഞ്ഞു പോകുന്നതിന് ഇവയെല്ലാം കാരണങ്ങളായിത്തീരുന്നു.
ട്രീറ്റ്‌മെന്റ് കഴിഞ്ഞുപോകുന്നവരെ 'ആൽക്കഹോളിക്‌സ് അനോണിമസ്' എന്ന കൂട്ടായ്മയിൽ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു നടപടിക്രമം. ഓരോ മാസത്തിലും കൗൺസലേഴ്‌സിന്റെ സഹായത്തോടെ ഒത്തുകൂടുന്നതിനും മീറ്റിംഗിൽ ഒരുമിച്ചിരുന്ന് അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാറുണ്ട്. ഇനിയൊരിക്കും ലഹരിക്കടിമപ്പെടില്ല അവ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ ചെയ്യാനും ഒന്നിച്ച് ഈ സാഹചര്യങ്ങളെ മറികടക്കാനുമുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നുള്ള ശ്രമം നടത്തുന്നതാണ് അവസാന ഘട്ടമെന്നോണം ചെയ്യാൻ സാധിക്കുന്നത്. എന്നാൽ തുടക്കത്തിൽ കാണുന്ന പങ്കാളിത്തം നാളുകൾ കഴിയുമ്പോൾ കാണാറില്ല. പകുതിക്ക് വെച്ച് നിർത്തിപ്പോകുന്നവരാണ് ഏറെയും. ഒരിക്കൽ കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ ഭാരവാഹിയായി നിയമിച്ചിരുന്ന വ്യക്തി മദ്യം കഴിച്ച ശേഷം മീറ്റിംഗ് കൂടാൻ വന്ന അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഏറെ സങ്കീർണത നിറഞ്ഞ അവസ്ഥയിലേയ്ക്കാണ് ഭാവി തലമുറ ഒന്നും അറിയാതെ നടന്നടുക്കുന്നത്. നാളെയുടെ പ്രതീക്ഷകളായ യുവതലമുറ മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം നഷ്ടപ്പെടുക എന്നത് മാതാപിതാക്കൾക്ക് മാത്രമല്ല രാജ്യത്തിന്റെ പുരോഗതിയെത്തന്നെ ബാധിക്കുന്നതാണ്. അതിനെ തടയുക എന്നതാണ് സമൂഹമെന്ന നിലയിൽ നമ്മൾ ചെയ്യേണ്ട കടമ.
കുട്ടികളോട് അടുത്ത് ഇടപഴകുക, അവരോടൊപ്പം ഉണ്ടെന്നുള്ള ബോധ്യം നല്കുക എന്നതാണ് മാതാപിതാക്കൾക്കും കുട്ടികളുമായി ബന്ധപ്പെട്ടവർക്കും ചെയ്യാൻ കഴിയുന്ന സഹായം. മാതാപിതാക്കൾ ശരിയും തെറ്റും നേരിട്ട് പറഞ്ഞു ബോധ്യപ്പെടുത്തുന്നതിലൂടെ പിന്നീട് സ്വയം ചിന്തിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും അവരെ സഹായിക്കും. കൂടാതെ അവരുടെ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലൂടെയും നല്ല പുതിയ ശീലങ്ങൾ കുട്ടികളോടൊത്ത് വളർത്തിയെടുക്കുകയും ചെയ്യുന്നതിലൂടെയും ഒരു പരിധിവരെ തെറ്റായ ശീലങ്ങളിൽ നിന്നും കുട്ടികളെ വഴിതിരിച്ചു വിടാൻ സാധിക്കുന്നതാണ്.