തടിയുടെ വളവും, പണിക്കാരന്റെ പണിക്കുറ്റവും
'തടിയുടെ വളവും, പണിക്കാരന്റെ പണിക്കുറ്റവുമെന്ന' ചൊല്ലിനെ ഓസ്‌കാര്‍ അവാര്‍ഡും, കാര്‍പ്പെന്റേഴ്‌സിന്റെ മലയാളവുമെന്ന നിലയില്‍ ഇനിയുള്ള കാലം തിരിച്ചറിഞ്ഞാല്‍ അത്ഭുതമുണ്ടാവില്ല. ChatGPT സാങ്കേതികവിദ്യ ആദ്യമായി കൈപ്പിടിയില്‍ ഒതുക്കിയതിനെപ്പറ്റിയുള്ള മലയാളത്തിലെ ചില മാധ്യമങ്ങളുടെ ആവേശത്തെ നിലംപരിശാക്കുന്നതാണ് Carpenters ന്റെ മലയാളം. ഹാര്‍ഡ് റോക്കും, റെഗ്ഗെയുമെല്ലാം അരങ്ങുവാണിരുന്ന കാലഘട്ടത്തില്‍ സോഫ്‌റ്റ് റോക്ക് എന്ന ഗണത്തില്‍ വരുന്നതായിരുന്നു അമേരിക്കന്‍ സംഗീത ട്രൂപ്പായ Carpenters ന്റെ സവിശേഷത. 1970 ലും 80 ലും ലോകമാകെ അറിയപ്പെട്ടിരുന്നത് ട്രൂപ്പിലെ പ്രധാന പാട്ടുകാരി/ കാരന്‍ കാര്‍പ്പെന്റര്‍ ആയിരുന്നു. Carpenters എന്ന ട്രൂപ്പിന്റെ സംഗീതം തന്റെ പ്രചോദനങ്ങളില്‍ ഒന്നായിരുന്നുവെന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ കീരവാണിയുടെ പരാമര്‍ശം മലയാളത്തിലെത്തിയപ്പോള്‍ മരപ്പണിക്കാരുടെ തട്ടും മുട്ടുമായി മാറിയതാണ് ഇന്നത്തെ വൈറല്‍ വാര്‍ത്ത. പരിഭാഷയില്‍ നഷ്ടമാവുന്നത് കവിത മാത്രമല്ലെന്ന് മാധ്യമങ്ങള്‍ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു. കീരവാണിയുടെ പ്രചോദനത്തിന്റെ യഥാര്‍ത്ഥ ഉറവിടം തിരിച്ചറിഞ്ഞ മാധ്യമങ്ങള്‍ പറ്റിയ അമളി തിരുത്തിയപ്പോഴേക്കും ആദ്യം പുറത്തുവിട്ട തട്ടലിന്റെയും മുട്ടലിന്റെയും സ്‌ക്രീന്‍ ഷോട്ടുകളും, ശബ്ദരേഖകളും വൈറലായി കഴിഞ്ഞിരുന്നു. അതിന്റെ തട്ടലും, മുട്ടലും ട്രോളര്‍ക്ക് പ്രചോദനമായി കുറച്ചുകാലം നിലനില്‍ക്കുമെന്ന കാര്യത്തിലും സംശയിക്കേണ്ടതില്ല.
ബെല്ലും ബ്രേക്കുമില്ലാതെ ഇന്‍ഫര്‍മേഷന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് മാധ്യമപ്രവര്‍ത്തനമെന്ന തോന്നലും, പ്രവര്‍ത്തനവും വ്യാപകമായതിന്റെ ഫലമായാണ് ഇത്തരം ഊളത്തരങ്ങള്‍ സംഭവിക്കുന്നതിനുള്ള പ്രധാന കാരണം. ലഭിക്കുന്ന ഇന്‍ഫര്‍മേഷന്റെ ശരി-തെറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം അതിനെ വായനക്കാരിലും, കാഴ്‌ച്ചക്കാരിലും, ശ്രോതാക്കളിലും എത്തിക്കുന്ന രീതി വാര്‍ത്ത കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളില്‍ നിന്നും മിക്കവാറും അപ്രത്യക്ഷമായതിന്റെ എല്ലാ പിഴവുകളും Carpenters ന്റെ മലയാളം ചമച്ചതില്‍ കാണാനാവും. തൊഴില്‍പരമായ പ്രവര്‍ത്തികള്‍ ജാതിപരമായ അപമാനചിഹ്നങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങള്‍ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കണമെന്ന പാഠവും ഇവിടെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞു. കീരവാണിയുടെ ഓസ്‌കാര്‍ വാര്‍ത്ത ആദ്യം എത്തിക്കുന്നത് ഞങ്ങളാണെന്ന ലേലം വിളികളില്‍ അപ്രത്യക്ഷമാകുന്നത് മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രാഥമിക പാഠങ്ങളായതിനാലാണ് ഇതെല്ലാം എഴുതേണ്ടി വരുന്നത്.
മാധ്യമങ്ങള്‍ക്കു പറ്റിയ അമളിയെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയില്‍ വരുന്നത്. മാതൃഭൂമി ദിനപത്രത്തിലെ ഗോപീകൃഷ്‌ണന്റെ കാകദൃഷ്ടിയെന്ന ഇന്നത്തെ (13-3-23 തിങ്കളാഴ്‌ച) പോക്കറ്റ് കാര്‍ട്ടൂണ്‍. "മാലിന്യ സംസ്‌ക്കരണത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ല. മാര്‍ക്‌സിസ്റ്റ് ഇക്കോളജി ശാസ്‌ത്രം വായിച്ചു നോക്കണം"- ഡോ. തോമസ് ഐസക്ക്. എന്നാണ് കാകദൃഷ്ടിയുടെ തലവാചകം. അതിനു താഴെ ഐസക്, എംഎ ബേബി എന്നിവരുടെ കാരിക്കേച്ചര്‍. അതിനും താഴെ കാര്‍ട്ടൂണിസ്‌റ്റിന്റെ സിഗ്നേച്ചര്‍ കമന്റ്. "ശ്വാസം മുട്ടലിന് ബെസ്‌റ്റാ. കൊച്ചിക്കാര്‍ക്ക് അയച്ചുകൊടുക്കാം." 12-13 ദിവസമായി കൊച്ചിയെ വലയം ചെയ്യുന്ന വിഷപ്പുകയെ കുറിച്ച് വ്യാകലപ്പെടുന്ന മുഴുവനാളുകളും ശ്രദ്ധിക്കുന്ന കാര്‍ട്ടൂണ്‍. സ്വാഭാവികമായും ഈ കാര്‍ട്ടൂണ്‍ വ്യാപകമായി പങ്കുവയ്‌ക്കപ്പെടുകയും ചെയ്‌തു. 'ബ്രഹ്മപുരത്തെ വിഷപ്പുക' എന്ന പേരില്‍ തോമസ് ഐസക് ഇന്നത്തെ (13-03-2023) മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനം അങ്ങനെയാണ് വായിക്കുന്നത്. "മാലിന്യ സംസ്‌ക്കരണത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ല" എന്ന കാകദൃഷ്ടിയില്‍ പെട്ട വാചകം ആ ലേഖനത്തില്‍ എവിടെയും കാണാനില്ല. എന്നു മാത്രമല്ല ആ ലേഖനത്തിന്റെ പൊതുവിലുള്ള സമീപനം വികേന്ദ്രീകൃതമായ മാലിന്യ സംസ്‌ക്കരണം ബ്രഹ്മപുരത്ത് സ്വീകരിക്കുന്നതില്‍ സംഭവിച്ച വീഴ്‌ച്ചയെ തുറന്ന് സമ്മതിക്കുന്നതുമാണ്. "മാര്‍ക്‌സിസ്റ്റു എക്കോളജി ശാസ്‌ത്രം വായിച്ചു നോക്കണം" എന്ന കാകദൃഷ്ടിയിലെ രണ്ടാമത്തെ വാചകവും ഐസക്കിന്റെ ലേഖനത്തില്‍ കാണാനില്ല. "മാര്‍ക്‌സിന്റെ ചിന്താപദ്ധതിയിലെ ഇക്കോളജിക്കല്‍ ശാസ്‌ത്രം സമീപനം ഇന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്" എന്ന വാചകത്തില്‍ തുടങ്ങുന്ന പാരഗ്രാഫ് അവസാനിക്കുന്നത് അത്തരം വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പറ്റിയ "പ്രവേശികയായിരിക്കും വികെ മധുസൂദനന്റെ 'മുതലാളിത്തത്തിന്റെ വളര്‍ച്ച സര്‍വനാശത്തിന്റെ വഴി' എന്ന ഗ്രന്ഥം" എന്നു പറഞ്ഞുകൊണ്ടാണ്. അതില്‍ എവിടെയും കാകദൃഷ്ടിയില്‍ പറയുന്ന വാചകം കാണാനായില്ല.
Carpenter എന്ന സംഗീത ട്രൂപ്പിന്റെ പേരില്‍ സംഭവിച്ചത് വിവരക്കേടിന് കൈയ്യും കാലും വച്ച മത്സരബുദ്ധിയില്‍ നിന്നും ഉളവായ അമളിയാണെങ്കില്‍ കാകദൃഷ്ടിയില്‍ സംഭവിക്കുന്നത് ബോധപൂര്‍വ്വമായ തെറ്റിദ്ധരിപ്പിക്കലാണ്. ബ്രഹ്മപുരത്തെ വിഷലിപ്‌തമായ പുക പോലെ മാരകമാണ് രണ്ടും. മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ വന്ന ലേഖനത്തിന്റെ ഉള്ളടക്കവുമായി ഒരു ബന്ധവുമില്ലാത്ത രണ്ടു പരാമര്‍ശങ്ങള്‍ പ്രസ്‌തുത ലേഖനകര്‍ത്താവിന്റെ പേരില്‍ അതേ പത്രത്തിന്റെ ഒന്നാം പേജിലെ കാര്‍ട്ടൂണായി വരുന്ന വിചിത്ര പ്രതിഭാസത്തിനാണ് വായനക്കാരന്‍ സാക്ഷ്യം വഹിക്കുന്നത്. ഇതില്‍ ആരെയാണ് വായനക്കാരന്‍ വിശ്വസിക്കേണ്ടത്. പത്രാധിപന്മാര്‍ മറുപടി പറയേണ്ട ഒന്നായി ഈ ചോദ്യം മാറിയെന്ന് എല്ലാവരും ഓര്‍ത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.