ലിസ് ട്രസ്സിന്റെ രാജി അഥവാ താച്ചറിസം 2.0 പടിയിറങ്ങുമ്പോള്‍
ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും കുറച്ചുകാലം അധികാരം കൈയ്യാളിയ പ്രധാനമന്ത്രിയെന്ന പദവി ലിസ് ട്രസ്സിനായിരിക്കുമെന്ന് എക്കണോമിസ്റ്റിന്റെ ഒക്ടോബര്‍ 15 ന് ഇറങ്ങിയ ലക്കത്തില്‍ പറഞ്ഞിരുന്നു. സെപ്‌തംബര്‍ 6 ന് അധികാരത്തിലെത്തിയ ട്രസ്സിന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സെപ്‌തംബര്‍ 23 ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജോടെ സംഭവങ്ങള്‍ കൈവിട്ടു പോയി. തീപ്പെട്ട എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ദുഃഖാചരണത്തിന്റെ ദിവസങ്ങള്‍ കൂടി വരവ് വെച്ചാല്‍ ട്രസ്സിന്റെ അധികാരം ഫലത്തില്‍ 7 ദിവസം മാത്രമായിരുന്നുവെന്ന് എക്കണോമിസ്റ്റ് വിലയിരുത്തുന്നു. ബ്രിട്ടനിലെ മാത്രമല്ല ലോകമാകെയുള്ള യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ജിഹ്വയാണെങ്കിലും കൃത്യതയ്ക്കു പേരുകേട്ട എക്കണോമിസ്റ്റിന്റെ കണക്കുകള്‍ അവിശ്വസിക്കേണ്ടതില്ല. സെപ്‌തംബര്‍ 23 മുതല്‍ രാജി സമര്‍പ്പിക്കുന്ന ഒക്ടോബര്‍ 20 വരെയുള്ള കാലയളവില്‍ പ്രധാനമന്ത്രിയെന്ന അധികാരത്തിന്റെ ശക്തിയും പ്രൗഢിയും വിനിയോഗിക്കാനുള്ള ശേഷി നഷ്ടമായ നേതാവായി അവര്‍ മാറിയിരുന്നു. "പോരാളിയാണ് താന്‍. ഓടിയൊളിക്കുന്നവളല്ല" എന്നെല്ലാമുള്ള വീമ്പിളക്കലുകള്‍ കഴിഞ്ഞ ദിവസം നടത്തിയെങ്കിലും ടോറി കക്ഷിയിലെ പ്രബലര്‍ അതിന് വലിയ വിലകല്‍പ്പിച്ചില്ല. സ്വയം സ്ഥാപിച്ച കുഴിബോംബുകളുടെ മുകളിലൂടെ മദ്യപിച്ചു ലക്കുകെട്ട് ബാലചാപല്യമെന്നു കരുതാവുന്ന അഹന്തയോടെ നടക്കുന്ന ഒരാളായി ട്രസ്സിനെ കോമണ്‍വെല്‍ത്ത് സ്‌കോളറും കോളമിസ്റ്റുമായ ബിനോയ് കംപ്‌മാര്‍ക്ക് (Binoy Kampmark) രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് വിശേഷിപ്പിച്ചിരുന്നു. ട്രസ്സ് രാജി വെച്ചതോടെ ബ്രിട്ടനിലെ അധികാരരാഷ്ട്രീയം പൊതുവെയും വലതുപക്ഷ-യാഥാസ്ഥിതിക കക്ഷികള്‍ പ്രത്യേകിച്ചും നേരിടുന്ന പ്രതിസന്ധികളും, വെല്ലുവിളികളും കൂടുതല്‍ വ്യക്തമായി എന്നതൊഴിച്ചാല്‍ ലോകത്തെ സംബന്ധിച്ചിടത്തോളം ട്രസ്സിന്റെ രാജിയില്‍ സവിശേഷമായി ഒന്നും കാണാനാവില്ല. വിട്ടുമാറാത്ത കൊളോണിയല്‍ അധമബോധം രൂഢമൂലമായതിനാലാവും ഇപ്പോഴും നാട്ടിലെ മാധ്യമങ്ങളില്‍ ട്രസ്സിന്റെ രാജി തലക്കെട്ടാവുന്നുവെന്ന പരമാര്‍ത്ഥവും മറക്കാവുന്നതല്ല.
മാര്‍ഗരറ്റ് താച്ചര്‍ 1980 കളില്‍ നടപ്പിലാക്കിയ നവ-യാഥാസ്ഥിതിക നയങ്ങളെ 'ക്ലോണ്‍' ചെയ്യുന്നതിലൂടെ 2022 ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ബോറിസ് ജോണ്‍സണ്‍ മുതല്‍ ലിസ് ട്രസ്സ് വരെയുള്ളവരുടെ പതനത്തിന്റെ സമീപകാല ചരിത്രം വെളിപ്പെടുത്തുന്നു. വെല്‍ഫയര്‍ ക്യാപിറ്റലിസം അകപ്പെട്ട പ്രതിസന്ധിയില്‍ നിന്നും മൂലധനശക്തികള്‍ക്ക് കരകയറുന്നതിന് താച്ചറുടെ നിയോ-ലിബറൽ നയങ്ങള്‍ ഫലപ്രദമായിരുന്നു. പക്ഷെ നിയോ-ലിബറല്‍ ക്യാപിറ്റലിസം നേരിടുന്ന പ്രതിസന്ധിക്ക് അതേ നയങ്ങള്‍ പരിഹാരമാവില്ല. ബ്രിട്ടന്‍ മാത്രമല്ല മുന്‍നിര മുതലാളിത്ത രാജ്യങ്ങള്‍ ആകമാനം നേരിടുന്ന വര്‍ത്തമാനകാലത്തെ രാഷ്ട്രീയ പ്രതിസന്ധി അത് വിളിച്ചു പറയുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികള്‍ പരമ്പരാഗത യാഥാസ്ഥിതികരും, വിവിധ നിറങ്ങളിലുളള ലിബറല്‍ കക്ഷികളും ഒരു നയം മാറ്റങ്ങള്‍ക്കും ഒരുക്കമല്ല. നിയോലിബറല്‍ തേര്‍വാഴ്‌ച്ച സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ രാഷ്ട്രീയത്തിലും, സമൂഹത്തിലും സ്വാഭാവികമായും ചലനങ്ങളുണ്ടാക്കുമെന്ന കാര്യമുറപ്പാണ്. അധികാരത്തിന്റെ പഴയ സമവാക്യങ്ങള്‍ പുതിയതിന് വഴിമാറും. പരമ്പരാഗത യാഥാസ്ഥിതിക കക്ഷികള്‍ തീവ്രവലുതുപക്ഷമായി രൂപാന്തരപ്പെടുന്ന പ്രവണതയും ലിബറല്‍ കക്ഷികള്‍ കൂടുതല്‍ വലത്തോട്ട് ചായുന്നതും അതിന്റെ ഭാഗമാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിസം കൈവരിച്ച സ്വാധീനം, ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് കക്ഷിയില്‍ ബ്രെക്‌സിറ്റ് വാദികള്‍ നേടിയ അധീശത്വം എന്നിവ അതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങളാണ്. ഇരു രാജ്യങ്ങളിലെയും ലിബറല്‍-പുരോഗമന കക്ഷികളെന്നു കരുതപ്പെട്ടിരുന്ന ഡെമോക്രാറ്റിക്, ലേബര്‍ പാര്‍ട്ടികള്‍ വലതുപക്ഷ നയങ്ങളുടെ വിശ്വസ്‌ത സേവകരായതും അതിന്റെ ഭാഗമാണ്. ന്യൂ ഡെമോക്രാറ്റിക്, ന്യൂ ലേബര്‍ എന്നിങ്ങനെ ഈ പ്രക്രിയ വിശേഷിപ്പിക്കപ്പെടുന്നു. അമേരിക്കയില്‍ ബില്‍ ക്ലിന്റണും, ബ്രിട്ടണില്‍ ടോണി ബ്ലെയറുമായിരുന്നു അതിന്റെ പതാകവാഹകര്‍. ജര്‍മനിയും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങളിലും സമാനമായ പരിവര്‍ത്തനങ്ങള്‍ അരങ്ങേറി. ലോകത്തിലെ മറ്റുള്ള രാജ്യങ്ങളിലും ഇതേ പ്രക്രിയ അതാതു രാജ്യങ്ങളിലെ സവിശേഷ സാഹചര്യങ്ങളനുസരിച്ച് അരങ്ങേറുന്നതായി കാണാവുന്നതാണ്. രണ്ടാം ലോക യുദ്ധശേഷം രൂപപ്പെട്ട വെല്‍ഫയര്‍ ക്യാപിറ്റലിസം ഒളിയും മറയുമില്ലാത്ത നിയോലിബറല്‍ മുതലാളിത്തമായി മാറിയതാണ് ഈ പ്രക്രിയയെന്ന് വിശാലമായ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാം. ചരിത്രം അതോടെ അവസാനിച്ചുവെന്ന അവകാശവാദങ്ങള്‍ വിചാരിച്ചതു പോലെ ഫലിച്ചില്ല എന്നു മാത്രം. 2007-08 വര്‍ഷങ്ങളിലെ സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും നിയോലിബറല്‍ ക്യാപിറ്റലിസത്തിന്റെ പ്രതിസന്ധിയുടെ ലക്ഷണമായി വെളിപ്പെട്ടതോടെ ചരിത്രം അത്ര പെട്ടെന്നു അവസാനിക്കുമെന്ന പ്രതീക്ഷകളും അവസാനിച്ചു. സമ്പത്തിന്റെ അസാധാരണമായ കേന്ദ്രീകരണം ഒരു ഭാഗത്തും പെരുകുന്ന അസമത്വം മറുഭാഗത്തുമായ സാമൂഹ്യ ധ്രൂവീകരണം ഓരോ രാജ്യങ്ങളെയും ഗ്രസിച്ചതോടെ സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളും, ചെറുത്തുനില്‍പ്പുകളും സജീവമായി. രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ അധികാര-ഭരണ നീതികരണത്തിനായി പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ആശയങ്ങളും, ചിഹ്നങ്ങളും പുതിയ സാഹചര്യത്തെ നേരിടാന്‍ മതിയാവാതെ വന്നതോടെ പുതിയ രൂപത്തിലും, ഭാവത്തിലുമുള്ള വാഗ്‌ദാനങ്ങളും, ശത്രു നിര്‍മ്മിതികളും ദൈനംദിന രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി.
മുന്‍നിര മുതലാളിത്ത രാജ്യങ്ങളില്‍ ശത്രു നിര്‍മ്മിതിയുടെ പ്രധാന ഉപാധികളിലൊന്നായി വംശീയ വിദ്വേഷം സ്ഥാപനവല്‍ക്കരിക്കപ്പെട്ടു. ഏഷ്യയിലും, ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും നിയോലിബറല്‍ മുതലാളിത്തവും സാമ്രാജ്യത്വവും ദിവസേന സൃഷ്ടിക്കുന്ന കെടുതികളിലും, കലാപങ്ങളിലും, യുദ്ധങ്ങളിലും നിന്നും രക്ഷയും അഭയവും തേടി അലയുന്ന ദശലക്ഷക്കണക്കിന് മനുഷ്യര്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട വംശീയതയുടെ പുതിയ ശത്രുനിര്‍മിതികള്‍ക്ക് വഴിയൊരുക്കി. ഇസ്ലാമിക ഭീകരതയെ ചൊല്ലിയുള്ള ഉത്‌കണ്ഠകൾ അതോടൊപ്പം ചേര്‍ന്നതോടെ പാശ്ചാത്യ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയം 'അഥോറിട്ടേറിയന്‍ പോപ്പുലിസത്തിന്റെ' ആവിഷ്‌ക്കാരത്തിനുളള പ്രധാന വേദിയായി മാറി. താച്ചറിസത്തിന്റെ വരവിനെ വിശദീകരിയ്‌ക്കുവാന്‍ ബ്രിട്ടീഷ് സാമൂഹ്യശാസ്ത്രജ്ഞനായ സ്റ്റുവാര്‍ട്ട് ഹാള്‍ രൂപപ്പെടുത്തിയ പരികല്‍പ്പനയായ അഥോറിട്ടേറിയന്‍ പോപ്പുലിസം കൂടുതല്‍ ആക്രമണോത്സുകമായ മാനങ്ങളിലേക്ക് വളരുന്നതിന്റെ ലക്ഷണമായി ട്രമ്പ് മുതല്‍ ബോറിസ് ജോണ്‍സണ്‍ വരെയുള്ളവരുടെ തെരഞ്ഞെടുപ്പു വിജയങ്ങളെ കണക്കാക്കാം. അത്തരമൊരു പ്രക്രിയയുടെ മറ്റൊരു പ്രതീകമായിരുന്നു ലിസ് ട്രെസ്സ്. പക്ഷെ ഏല്‍പ്പിച്ച ദൗത്യം ഭംഗിയായി നിറവേറ്റുന്നതിനുള്ള കഴിവും വിവരവും ഇല്ലാതെ പോയതോടെ അവരുടെ വീഴ്‌ച്ച ഉറപ്പായി.
ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ ഏതാണ്ട് കഴുത്തൊപ്പം മുങ്ങിയ അവസ്ഥയിലാണ് അതിസമ്പന്നരുടെയും കോര്‍പ്പറേറ്റുകളുടെയും നികുതി കുറയ്‌ക്കുന്ന മിനി ബഡ്‌ജറ്റ് ട്രസ്സിന്റെ ധനമന്ത്രി അവതരിപ്പിക്കുന്നത്. മൊത്തം കമ്മിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാര്‍ ഖജനാവിലെ വരുമാനത്തില്‍ ഗണ്യമായി ഇടിവിന് വഴിതെളിക്കുന്ന മിനി ബഡ്‌ജറ്റ് ശരാശരി നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളൊന്നും സ്വീകരിച്ചില്ലെന്നു മാത്രമല്ല ബ്രിട്ടന്റെ സമ്പദ്‌ഘടനയെ മൊത്തം പിടിച്ചുലയ്‌ക്കുന്ന തരത്തിലുള്ള സംഭവങ്ങളിലേക്കു നയിച്ചു. ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം ശരവേഗത്തില്‍ താഴോട്ടു പോയതും ബോണ്ട് റേറ്റുകള്‍ ഉയര്‍ന്നതും കാര്യങ്ങള്‍ പിടിവിട്ടു പോയതിന്റെ സൂചകങ്ങളായി. ധനമന്ത്രിയെ മാറ്റി പുതിയൊരാളെ നിയമിക്കുകയും, നികുതി കുറയ്‌ക്കല്‍ തീരുമാനം മരവിപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവെങ്കിലും ട്രസ്സ് പ്രധാനമന്ത്രിയായി തുടരാനുള്ള സാധ്യത വിരളമാണെന്നു വ്യക്തമായിരുന്നു. രാജി സമര്‍പ്പിച്ചതോടെ ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ അവസാനിച്ചുവെന്നു മാത്രം.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് 2024 വരെ സമയമുള്ളതിനാല്‍ പുതിയ നേതാവിനെ കണ്ടെത്തി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഋഷി സൂനാക് മുതല്‍ ബോറിസ് ജോണ്‍സണ്‍ വരെയുള്ളവരുടെ പേരുകള്‍ ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. മുഖ്യധാരയിലെ രാഷ്ട്രീയത്തില്‍ അന്തസ്ഥിതമായ സമ്പത്തിന്റെയും, വര്‍ഗ-വംശീയ സ്വാധീനങ്ങളുടെയും പുതിയ സമവാക്യങ്ങള്‍ താമസിയാതെ രൂപപ്പെടും. കെട്ടുകാഴ്‌ച്ചകളുടെ വേദിയായി മാറിയ ജനാധിപത്യത്തില്‍ താച്ചറിസം 2.0 ഫലപ്രദമായി നടപ്പിലാക്കാന്‍ ശേഷിയുള്ള മനുഷ്യപ്പറ്റില്ലാത്ത വൈതാളികരെ കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യമല്ല. കണ്‍സര്‍വേറ്റീവ് കക്ഷിക്ക് പകരം ലേബര്‍ പാര്‍ട്ടി നാളെ അധികാരത്തില്‍ വന്നാലും ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടാവുമെന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. ലേബര്‍ പാര്‍ട്ടിയുടെ നയങ്ങളില്‍ ചെറുതായെങ്കിലും റാഡിക്കലായ മാറ്റങ്ങള്‍ വരുത്തുമെന്നു പറഞ്ഞ ജെര്‍മി കോര്‍ബിനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യപങ്കു വഹിച്ചത് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗമായിരുന്നുവെന്ന ചരിത്രം അറിയുന്നവര്‍ അത്തരം വ്യാമോഹങ്ങള്‍ പുലര്‍ത്തുമെന്നും കരുതാനാവില്ല.