സംസ്കാര ചരിത്രത്തിന്റെ തടയണകള്‍
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് രണ്ടു വര്‍ഷത്തിനകം തന്നെ, സിനിമാരംഗത്തെ സര്‍ക്കാര്‍ സമീപനം എന്തായിരിക്കണം എന്നു തീരുമാനിക്കുന്നതിനായി കേന്ദ്ര ഭരണകൂടം ഒരു കമ്മീഷനെ നിയമിച്ചു. ഫിലിം എന്‍ക്വയറി കമ്മിറ്റി എന്നു പേരുള്ള ഈ കമ്മിറ്റി 1949 ലാണ് രൂപീകരിച്ചത്. എസ് കെ പാട്ടീല്‍ അദ്ധ്യക്ഷനും എം സത്യനാരായണ്‍, ഡോക്ടര്‍ ആര്‍ പി ത്രിപാഠി, വി ശങ്കര്‍, വി ശാന്താറാം, ബി എന്‍ സര്‍ക്കാര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്റെ റിപ്പോര്‍ട്ട് 1951 ഒക്ടോബറില്‍ സമര്‍പ്പിക്കപ്പെട്ടു. വളരെ പ്രധാനപ്പെട്ട കുറെ നിര്‍ദ്ദേശങ്ങള്‍ എസ് കെ പാട്ടീല്‍ കമ്മിറ്റി സമര്‍പ്പിച്ചെങ്കിലും ഭൂരിഭാഗവും സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. നാനൂറോളം പേജുകളുള്ള ബൃഹത്തായ ഒരു റിപ്പോര്‍ട്ടായിരുന്നു അത്. ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്റെ ദൃഢീകരണം, അതിന്റെ നിലവിലുള്ള ബലഹീനതകളെ മറികടക്കുന്നതിനുള്ള സഹായങ്ങള്‍, മറ്റുള്ളവ എന്നിങ്ങനെ മൂന്നായി തിരിക്കാവുന്ന നിര്‍ദ്ദേശങ്ങളാണതിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഒരു ഫിലിം കൗണ്‍സില്‍ രൂപീകരിക്കുകയും സിനിമാ വ്യവസായത്തെ ആകെ നിയന്ത്രിക്കുകയും മേല്‍നോട്ടം നിര്‍വ്വഹിക്കുകയും ചെയ്യണമെന്നതായിരുന്നു സുപ്രധാന നിര്‍ദ്ദേശം. വഴികാട്ടി, സുഹൃത്ത്, ദാര്‍ശനികന്‍ എന്നിങ്ങനെ സ്വതന്ത്ര ഇന്ത്യയുടെ വരുംകാല സിനിമയെ സര്‍ക്കാര്‍ മേലേ നിന്ന് കീഴോട്ട് വ്യാപകമായും സ്ഥിരമായും നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യണമെന്നതായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത. സര്‍ക്കാര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, പ്രദര്‍ശകര്‍, കലാകാര്‍, സാങ്കേതിക വിദഗ്ദ്ധര്‍, തൊഴിലാളികള്‍, അദ്ധ്യാപകര്‍, സാമ്പത്തികോപദേഷ്ടാക്കള്‍ എന്നിവരടങ്ങുന്ന കൗണ്‍സിലാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. നിര്‍മ്മാണത്തിനുള്ള സാങ്കേതിക നിയമാവലിയുടെ ഭരണം (പ്രൊഡക്ഷന്‍ കോഡ് അഡ്മിനിസ്ട്രേഷന്‍/പിസിഎ) സ്ഥാപിക്കണം. തിരക്കഥകള്‍, നിര്‍മ്മാണാനുമതിയ്ക്കായി ഈ പിസിഎയ്ക്ക് സമര്‍പ്പിക്കണം. പൊതു സദാചാരം, നല്ല സ്വഭാവം, വിദ്യാഭ്യാസ മൂല്യം എന്നിവ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരിക്കണം പരിശോധന നടത്തേണ്ടത്. പുറംരാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോയി കാണിക്കാന്‍ കൊള്ളുന്നതാണോ അതാതു സിനിമകള്‍ എന്നും ഈ സംവിധാനം തീരുമാനിക്കണം. ഈ പ്രധാന നിര്‍ദ്ദേശങ്ങളെല്ലാം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതെത്ര നന്നായി എന്ന് ഇന്നാലോചിയ്ക്കുമ്പോള്‍ ഒരു വിശദീകരണവുമില്ലാതെ തന്നെ നമുക്ക് ബോധ്യമാവും.
എന്നാല്‍, എസ് കെ പാട്ടീല്‍ കമ്മിറ്റിയുടെ മറ്റു ചില നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സിനിമാ നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷനും ചലച്ചിത്ര സങ്കേതം പഠിപ്പിക്കാനുള്ള ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കണമെന്നതായിരുന്നു അവയില്‍ പ്രധാനം. അന്നു രൂപീകരിച്ച ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്‍ പിന്നീട് നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ആയി മാറി. പൂനെയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. കൂടാതെ, ഇന്ത്യയില്‍ തന്നെ സിനിമാ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണം, കുട്ടികള്‍ക്കായുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം, ഫിലിംസ് ഡിവിഷന്‍ ശക്തിപ്പെടുത്തണം, നല്ല സിനിമകളുടെ പ്രിന്റുകള്‍ ശേഖരിച്ച് സംരക്ഷിയ്ക്കണം എന്നീ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചു. അതായത്, തള്ളേണ്ടത് തള്ളുകയും കൊള്ളേണ്ടത് കൊള്ളുകയും ചെയ്യുക എന്ന വിവേകപൂര്‍ണവും ദീര്‍ഘവീക്ഷണപരവുമായ സമീപനമാണ് നെഹ്റു സര്‍ക്കാര്‍ സ്വീകരിച്ചതെന്നു ചുരുക്കം.
ഇപ്പോള്‍ ഇതെല്ലാം ഓര്‍മ്മിപ്പിക്കപ്പെടാനുള്ള ചില സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നു. ദശകങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന നാല് സുപ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളെ അവയുടെ സ്വതന്ത്ര നിലനില്പുകളും പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചുകൊണ്ട് എന്‍എഫ്ഡിസിയിലേയ്ക്ക് കഴിഞ്ഞ ഡിസംബര്‍ 31ന് ലയിപ്പിച്ചു. 2022 ആരംഭത്തില്‍ തന്നെ ഇതു സംബന്ധിച്ച സര്‍ക്കാരുത്തരവുകള്‍ ഇറങ്ങിയിരുന്നെങ്കിലും അത് നടപ്പിലായത് ഇപ്പോഴാണ്. അതനുസരിച്ച്, ഫിലിംസ് ഡിവിഷന്‍ (എഫ്ഡി), നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ (എൻ എഫ് ഐ എ ), ഡയറക്ടരേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് (ഡി എഫ് എഫ്), ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ (സി എഫ് എസ് ഐ) എന്നിവയാണ് ഒറ്റയടിയ്ക്ക് എന്‍എഫ്ഡിസിയില്‍ ലയിപ്പിച്ചത്. സിനിമാരംഗത്തും പുറത്തുമുള്ളവര്‍ വ്യാപകമായി ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും അതൊക്കെ വനരോദനങ്ങളായി കലാശിച്ചു.
അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലായിരുന്നു എന്നതാണ് ഈ നടപടിയ്ക്കുള്ള പ്രാഥമിക കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. കേവലം വ്യവസായ സ്ഥാപനങ്ങളെപ്പോലെ സാംസ്ക്കാരിക സ്ഥാപനങ്ങളെ കണക്കുകൂട്ടുന്ന നിലപാടാണിതെന്നത് പ്രത്യേകം പറയേണ്ടതില്ല. സ്വതന്ത്ര ഇന്ത്യ എന്ന ആധുനിക രാഷ്ട്ര നിര്‍മ്മാണത്തില്‍ ഈ സ്ഥാപനങ്ങള്‍ നിര്‍വ്വഹിച്ച സുപ്രധാനവും ചരിത്രപരവുമായ പങ്കാളിത്തം ഒറ്റ ഉത്തരവിലൂടെയും അതിനെ തുടര്‍ന്നുള്ള കൂട്ടലയനത്തിലൂടെയും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. നിര്‍മ്മാണം, വ്യാപനം, ശേഖരണം എന്നീ മേഖലകളിലെല്ലാം നിര്‍ണായകവും അനുഭവസമ്പത്ത് കൊണ്ട് നിബിഡവുമായ സംഭാവനകളാണ് ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ നിര്‍വഹിച്ചത്. അതിനെ മറക്കുക എന്നു വെച്ചാല്‍, രാഷ്ട്രത്തിന്റെ ഓര്‍മ്മയെത്തന്നെ മറക്കുക എന്നാണര്‍ത്ഥം. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന് വ്യവസ്ഥാപിതമായി തന്നെ അറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കേയുടെ ആദ്യ ചിത്രം രാജാ ഹരിശ്ചന്ദ്ര, 1913 ലാണ് നിര്‍മ്മിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ പ്രിന്റുകളെല്ലാം നാമാവശേഷമായി. 1917 ല്‍ രാജാ ഹരിശ്ചന്ദ്രയുടെ നെഗറ്റീവുകള്‍ എല്ലാം ഇല്ലാതായി എന്നു മനസ്സിലാക്കിയ ഫാല്‍ക്കേ, ചിത്രം വീണ്ടും ഷൂട്ട് ചെയ്തു. ഇത്തവണ, ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന് ടൈറ്റില്‍ കാര്‍ഡില്‍ തന്നെ എഴുതി ഉള്‍പ്പടുത്താന്‍ അദ്ദേഹം മറന്നില്ല. 1960 കള്‍ മുതല്‍ 1991 വരെ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന് ചുക്കാന്‍ പിടിച്ച പി കെ നായര്‍, ഏറ്റവും ആത്മാര്‍ത്ഥമായതും അര്‍പ്പണബോധത്തോടു കൂടിയതുമായ കഠിനാധ്വാനത്തിലൂടെയാണ് ഈ ചിത്രമടക്കമുള്ള പഴയ സിനിമകള്‍ തേടിപ്പിടിച്ച് സംരക്ഷിച്ചത്. ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ സംവിധാനം ചെയ്ത പി കെ നായരെക്കുറിച്ചുള്ള സെല്ലുലോയ്ഡ് മാന്‍ (2012) എന്ന ഡോക്യുമെന്ററിയില്‍ ഇക്കാര്യമെല്ലാം വിശദീകരിക്കുന്നുണ്ട്. 1964 ല്‍ 123 സിനിമകളുമായി ആരംഭിച്ച ആ പ്രയാണം, പി കെ നായര്‍ വിരമിയ്ക്കുമ്പോള്‍ പന്ത്രണ്ടായിരമായി വര്‍ദ്ധിച്ചു. അതു പോലും, ഇന്ത്യന്‍ സിനിമയുടെ അതിവിപുലമായ ചരിത്രം വെച്ച് നോക്കുമ്പോള്‍ എത്രയോ ചെറുതാണെന്നാണദ്ദേഹത്തിന്റെ അഭിപ്രായം. സിനിമകള്‍ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവു പോലുമില്ലാത്ത കാലത്തു നിന്ന്, നമ്മുടെ വൈജ്ഞാനിക/സംസ്കാര/പഠന/ചരിത്ര/കലാ മേഖലകളിലെ ഏറ്റവും നിര്‍ണായകമായ സ്ഥാനത്തേയ്ക്ക് സിനിമയെ കൊണ്ടു ചെന്നെത്തിക്കുന്നതില്‍ ഫിലിം ആര്‍ക്കൈവ്സും അവരുടെ സഹായത്തോടെ ഫിലിം സൊസൈറ്റികളും മറ്റും നടത്തിയ പതിനായിരക്കണക്കിന് പ്രദര്‍ശനങ്ങളും വഴി വെച്ചു. ഇനിയതെല്ലാം ഓര്‍മ്മകള്‍ മാത്രം.
ലോകത്ത് ഏറ്റവുമധികം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന രാഷ്ട്രമായ ഇന്ത്യയില്‍ ഇനി മുതല്‍ ഒരു ഫിലിം ആര്‍ക്കൈവ് ഉണ്ടാകില്ല എന്നത് നടുക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അമേരിക്കയും ഫ്രാന്‍സുമടക്കം, എല്ലാ പ്രധാന രാജ്യങ്ങളിലും കോടിക്കണക്കിന് ഡോളറും യൂറോയുമാണ് തങ്ങളുടേയും അല്ലാത്തതുമായ സിനിമകള്‍ ശേഖരിക്കുന്നതിന് ചിലവഴിക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ ആര്‍ക്കൈവുകള്‍ തുടങ്ങുകയാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, എല്ലാ നഗരങ്ങള്‍ക്കും വ്യത്യസ്തമായ സിനിമാ നിര്‍മ്മാണ ചരിത്രങ്ങളുണ്ട്. അവയെല്ലാം നഷ്ടമായാല്‍, എവിടെയാണ് നാം ഇന്ത്യന്‍ സിനിമയെയും ഇന്ത്യയെയും തിരയുക? നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന് ഒരു കാലത്തും സാമ്പത്തിക ലാഭമുണ്ടാക്കാന്‍ സാധിച്ചേക്കില്ല. എന്നാല്‍, സാംസ്ക്കാരികമായും ചരിത്രപരമായും രാഷ്ട്രനിര്‍മ്മാണപ്രക്രിയയുടെയും അതിന്റെ സുപ്രധാന ഘടകമായ സിനിമയുടെയും ശേഖരണം എന്നത് നിര്‍ത്തിവെക്കാനാകാത്ത പദ്ധതിയാണെന്ന് സര്‍ക്കാരിനോട് ആരാണ് പറഞ്ഞുകൊടുക്കേണ്ടത്. എന്‍എഫ്ഡിസിയുടെ ലാഭ-നഷ്ടക്കണക്കുകളില്‍, ഒടുങ്ങിയില്ലാതാവുന്ന ഒരോര്‍മ്മ മാത്രമായി ഇന്ത്യന്‍ സിനിമയുടെ ഡിജിറ്റല്‍ പൂര്‍വ്വകാലം മറഞ്ഞേയ്ക്കാം.
ഫിലിം ഫിനാന്‍സ് കോര്‍പ്പറേഷന്റെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെയുള്ള കാലയളവില്‍ നിരവധി സിനിമകള്‍ക്ക് ധനസഹായം നല്‍കുകയുണ്ടായി. ഇന്ത്യന്‍ സിനിമയിലെ നവതരംഗം അഥവാ സമാന്തരസിനിമ അഥവാ ആധുനിക സിനിമ കുറെയൊക്കെ സാധ്യമായത് ഇതിലൂടെയാണ്. മിക്ക സിനിമകളും രാജ്യത്തിനകത്തും പുറത്തും അവാര്‍ഡുകള്‍ നേടുകയും ലോകമാകെ മേളകളില്‍ സഞ്ചരിക്കുകയും ചെയ്തു. ഇന്ത്യയിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും കലാമികവും സമ്മേളിക്കുന്ന കുറെയധികം സിനിമകള്‍ ഉണ്ടായത് എന്‍എഫ്ഡിസിയുടെ സഹായത്തോടെയാണെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍, ഈ സിനിമകള്‍ കൃത്യമായ പദ്ധതികളിലൂടെ വിതരണം ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാരിന്റെ തന്നെ പ്രദര്‍ശന ശൃംഖലയുണ്ടാക്കി അതിലൂടെ പ്രദര്‍ശിപ്പിക്കാനോ എന്‍എഫ്ഡിസി ശ്രമങ്ങളൊന്നും നടത്തിയില്ല. അവസാനം, ഇതെല്ലാം സാമ്പത്തിക നഷ്ടം എന്ന ഒറ്റക്കണക്കിലേയ്ക്ക്; വിശേഷിച്ചും ഉദാരവത്ക്കരണ നയങ്ങളുടെ പൊതുബോധത്തിനിടയില്‍ കൂപ്പുകുത്തി. മാരകമായ ഈ പതനത്തിലേയ്ക്കാണ് രാഷ്ട്രത്തിന്റെ അഭിമാനങ്ങളായ നാലു സ്ഥാപനങ്ങള്‍ ഇപ്പോള്‍ കൂട്ടിക്കെട്ടിയിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടുകളുടെ കലയും ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തിയ നൂറുകണക്കിന് ഡോക്യുമെന്റികളാണ് ഫിലിംസ് ഡിവിഷന്‍ നിര്‍മ്മിച്ച് ശേഖരിച്ചിട്ടുള്ളത്. 1940 കളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ ഫിലിം അഡ്വൈസറി ബോര്‍ഡ്; ആര്‍മി ഫിലിം & ഫോട്ടോഗ്രാഫിക് യൂണിറ്റ്, ഇന്‍ഫോര്‍മേഷന്‍ ഫിലിംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ന്യൂസ് പരേഡ് എന്നിവ ലയിപ്പിച്ചാണ് 1948ല്‍ ഫിലിംസ് ഡിവിഷന്‍ സ്ഥാപിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ബ്രിട്ടീഷ് പ്രചാരണധര്‍മ്മം നിര്‍വഹിക്കാനായിരുന്നു ഫിലിം അഡ്വൈസറി ബോര്‍ഡ് ഉണ്ടാക്കിയത്. ഇതിന്റെ പുനര്‍നാമകരണവും പരിണാമവും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ പര്യായമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ബി ഡി ഗാര്‍ഗ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ വിശദീകരിക്കുന്നതുപോലെ, സ്വതന്ത്ര ഇന്ത്യയെ രാജ്യത്തിനകത്തും പുറത്തുമുള്ള ബഹുജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കു പോലും മനസ്സിലാക്കിയെടുക്കുന്നതിന് ഫിലിംസ് ഡിവിഷന്‍ സിനിമകള്‍ സഹായകമായി. എണ്ണായിരത്തി അഞ്ഞൂറു സിനിമകളാണ് ഫിലിംസ് ഡിവിഷന്‍ ഇത്രകാലം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ളത്. ഇതെല്ലാം ശേഖരിക്കപ്പെടുമോ എന്നും ആവശ്യമുള്ള ഗവേഷകര്‍ക്ക് ലഭ്യമാവുമോ എന്നതും അനിശ്ചിതമായ യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ടെലിവിഷന്‍ പൂര്‍വ്വ കാലത്തെ ഇന്ത്യയുടെ അവശേഷിക്കുന്ന ദൃശ്യ രേഖകള്‍ ഫിലിംസ് ഡിവിഷന്റെ ഡോക്യുമെന്ററികള്‍ മാത്രമാണ്. പതിനാറു ഭാഷകളില്‍ നിര്‍മ്മിച്ചിരുന്ന ന്യൂസ് റീലുകളും മറ്റ് ഡോക്കുമെന്ററികളും ഫീച്ചര്‍ സിനിമാ പ്രദര്‍ശനങ്ങള്‍ക്കു മുമ്പ് കാണിച്ചിരിക്കണമെന്ന നിര്‍ബന്ധിത വ്യവസ്ഥ തന്നെ നിലവിലുണ്ട്. മാത്രമല്ല, ഇതിനുള്ള വാടകയും തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിലൊടുക്കിയിരുന്നു. ഇതിലൂടെ ഫിലിംസ് ഡിവിഷന് കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു.
സര്‍ക്കാരിന്റെ പ്രചരണയന്ത്രം എന്ന അവസ്ഥയുണ്ടായിരുന്നെങ്കിലും ഫിലിംസ് ഡിവിഷന്‍ മുംബൈയില്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്താറുള്ള മുംബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഷോര്‍ട്ട് ആനിമേഷന്‍ ആന്റ് ഡോക്യുമെന്ററി ഫിലിംസ്(മിഫ്) ലോകപ്രശസ്തമാണ്. അടുത്ത കാലത്തായി സര്‍ക്കാരും സെന്‍സര്‍മാരും കര്‍ശനവിലക്കുകളോടെ ഈ മേളയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും സമ്പന്നമായ ഒരു ഭൂതകാലം സഹൃദയരുടെ ഓര്‍മ്മയിലെത്തുന്നു. തൊണ്ണൂറുകളുടെ ആദ്യത്തില്‍, ഔദ്യോഗിക ആതിഥേയത്വം സ്വീകരിച്ച് മിഫില്‍ പ്രതിനിധിയായി പങ്കെടുത്ത ഹൃദ്യമായ ഓര്‍മ്മ എനിയ്ക്കുമുണ്ട്. അന്ന്, ആനന്ദ് പട്വര്‍ദ്ധന്റെ വാര്‍ & പീസിനും പി ബാലന്റെ പതിനെട്ടാമത്തെ ആനയ്ക്കുമെല്ലാമാണ് അവാര്‍ഡുകള്‍ ലഭിച്ചത്. സര്‍ക്കാരനുകൂലമാണെങ്കിലും; വ്യവസായവത്ക്കരണം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം എന്നീ മേഖലകളില്‍ നൂറുകണക്കിന് ഡോക്യുമെന്ററികള്‍ ഫിലിംസ് ഡിവിഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. കലാ-സാംസ്ക്കാരിക-രാഷ്ട്രീയ-ശാസ്ത്ര മേഖലകളിലെ പ്രമുഖരെ സംബന്ധിച്ച് ഫിലിംസ് ഡിവിഷന്‍ എടുത്തിട്ടുള്ള ജീവചരിത്ര ഡോക്യുമെന്ററികളും പ്രശസ്തമാണ്.
എന്‍എഫ്ഡിസിയില്‍ ലയിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്റെയും ഫിലിംസ് ഡിവിഷന്റെയും പ്രാദേശിക ആപ്പീസുകളില്‍ മിക്കതും അടച്ചു പൂട്ടി. ഇവിടങ്ങളിലുള്ള ശേഖരങ്ങള്‍ നശിപ്പിക്കപ്പെടാനാണ് സാധ്യത. അതോടൊപ്പം, വൈവിധ്യമുള്ള നിലപാടുകള്‍ അസാധ്യമായിത്തീരുകയും ചെയ്യും. എഫ്ഡി സോണ്‍ എന്ന പേരില്‍ മുംബൈ അടക്കം ഒമ്പതു നഗരങ്ങളില്‍ എഫ്ഡി സിനിമകള്‍ താല്പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുത്തു കാണാനുള്ള പദ്ധതി നിലവിലുണ്ടായിരുന്നു. പ്രാദേശിക കേന്ദ്രങ്ങള്‍ അടച്ചതോടെ ഇതും ഇനി സാധ്യമാവില്ല. ജെബിഎച്ച് വാഡിയ, എസ്ര മിര്‍, വി ശാന്താറാം, ബി ഡി ഗാര്‍ഗ, ജീന്‍ ബൗനാഗരി, എസ് സുഖ്ദേവ്, എസ് എന്‍ എസ് ശാസ്ത്രി, വിജയ് മുലെ, പ്രമോദ് പാട്ടി, വിജയ് ബി ചന്ദ്ര, ലോക്സെന്‍ ലാല്‍വാനി, സത്യജിത് റായ്, ജി എല്‍ ഭരദ്വാജ്, റിത്വിക് ഘട്ടക്, മണി കൗള്‍, വി പക്കിരിസാമി, ജോഷി ജോസഫ്, കമല്‍ സ്വരൂപ്, അനിര്‍ബന്‍ ദത്ത, രേണു സാവന്ത്, ഫറാ ഖാത്തൂന്‍ എന്നിവരെല്ലാം ഫിലിംസ് ഡിവിഷന്റെ സിനിമകള്‍ സംവിധാനം ചെയ്ത സ്വതന്ത്ര ചലച്ചിത്രകാരന്മാരാണെന്ന് ഡോക്യുമെന്ററി സംവിധായകനായ അവിജിത് മുകുള്‍ കിഷോര്‍ സ്ക്രോളിലെഴുതിയ ലേഖനത്തില്‍ സ്മരിക്കുന്നു. സര്‍ക്കാരനുകൂല പ്രചാരണ ഡോക്യുമെന്ററിയാണെങ്കില്‍ പോലും അവ സംസ്കാര ചരിത്രത്തിന്റെ ഒരു തടയണയാണെന്നും അതു പൊട്ടിച്ചു വിടുന്നതിലൂടെ ദൃശ്യപാരമ്പര്യത്തിന്റെ ശേഖരവും തുടര്‍ച്ചയും ഇല്ലാതാവും. എയര്‍ ഇന്ത്യ നഷ്ടത്തിലായെന്നു കണ്ടെത്തി, സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റ സര്‍ക്കാര്‍, എന്‍എഫ്ഡിസി നഷ്ടമാണെന്നു കണ്ടെത്തി വില്പനയ്ക്കു വെയ്ക്കാനും മടിക്കില്ല. ഈയിടെ കൊല്‍ക്കത്തയില്‍ പോയപ്പോള്‍, നാഷണല്‍ ലൈബ്രറിയിലെ മുതിര്‍ന്ന ലൈബ്രേറിയനായി വിരമിച്ച ഡോക്ടര്‍ കൊച്ചുകോശിയുമായി സംസാരിക്കുന്നതിനിടെ അദ്ദേഹം അവിടെ നടന്ന ഒരു സംഭവം പറഞ്ഞു. ലോകത്തെ തന്നെ സുപ്രധാനവും വിപുലവുമായ ലൈബ്രറിയാണ് നാഷണല്‍ ലൈബ്രറി. വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫോര്‍ഡ് ഫൗണ്ടേഷന്‍ ഒരു പ്രൊപ്പോസല്‍ നല്‍കി. നാഷണല്‍ ലൈബ്രറിയിലെ മുഴുവന്‍ പുസ്തകങ്ങളും സൗജന്യമായി ഡിജിറ്റലൈസ് ചെയ്ത് തരാമെന്ന് അവര്‍ പറഞ്ഞു. ഒരു നിബന്ധന മാത്രം, ഇതിന്റെ ഒരു കോപ്പി അവര്‍ സ്വന്തമായെടുക്കും. സര്‍ക്കാര്‍ ഇതിനോട് നയപരമായി വിയോജിക്കുകയും അത് തള്ളുകയും ചെയ്തു. ഇനിയുള്ള കാലത്ത്, എല്ലാം ലാഭനഷ്ടക്കച്ചവടങ്ങളും വിസ്മരിക്കാവുന്നതുമായി മാറുന്ന കാലത്ത് നാഷണല്‍ ലൈബ്രറിയുടെയും ഫിലിം ആര്‍ക്കൈവിന്റെയും ഫിലിംസ് ഡിവിഷന്റെയും സ്ഥിതി എന്താവുമെന്ന് ഊഹിക്കാനാവുന്നില്ല.
1955 ല്‍ സ്ഥാപിച്ച ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റിയ്ക്ക് വേണ്ടി മൃണാള്‍ സെന്‍, ശ്യാം ബെനഗല്‍, കെ എ അബ്ബാസ്, എം എസ് സത്യു, സായ് പരാഞ്ച്പേ എന്നിവരെല്ലാം സിനിമകളെടുത്തിട്ടുണ്ട്. കുട്ടികളുടെ ചലച്ചിത്രമേളകളും നടത്തി വന്നിരുന്നു. അമ്പതുകള്‍ മുതലാരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെയും ദേശീയ അവാര്‍ഡിന്റെയും നടത്തിപ്പു ചുമതലയ്ക്കായാണ് ഡയരക്ടരേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് സ്ഥാപിച്ചത്. ഇന്ത്യയിലെ നല്ല സിനിമാ സംസ്കാരം വികസിപ്പിക്കുന്നതില്‍ ഡി എഫ് എഫ് വഹിച്ച പങ്ക് നിസ്തുലമാണ്. 2006 ലെ ദേശീയ അവാര്‍ഡിന്റെ ഭാഗമായി ഏറ്റവും നല്ല നിരൂപകനുള്ള സ്വര്‍ണകമലം എനിയ്ക്ക് ലഭിച്ചു. ഇതിന്റെ പിന്നാലെ 2007ലെ രചനയ്ക്കുള്ള ദേശീയ അവാര്‍ഡിന്റെ ജൂറിയില്‍ അംഗമായിരിക്കാനും എനിയ്ക്ക് സാധിച്ചു. സിരിഫോര്‍ട്ടിലെ ഡിഎഫ്എഫ് ആസ്ഥാനത്ത് യോഗങ്ങളില്‍ പങ്കെടുക്കാനും ദേശീയ പുരസ്കാര നിര്‍ണയം എന്ന സംവിധാനത്തില്‍ ഭാഗഭാക്കാവാനും സാധിച്ചത്, ഈ പ്രക്രിയയുടെ സുതാര്യത ബോധ്യപ്പെടാന്‍ സഹായിച്ചു. ഇനി, സിനിമാ നിര്‍മ്മാതാക്കളായ എന്‍എഫ്ഡിസി തന്നെ സിനിമാ അവാര്‍ഡും നിര്‍ണയിക്കുന്ന പരിതസ്ഥിതി വരുമ്പോള്‍ അതിന്റെ ഗതിയും വിശ്വാസ്യതയും എന്താവുമോ ആവോ? ഇതെല്ലാം കേവലം സാമ്പത്തിക കാരണങ്ങളാല്‍ അളക്കപ്പടേണ്ട കാര്യങ്ങളല്ലെന്നും, ചരിത്രത്തെ മാറ്റിയെഴുതാനുള്ള പരിശ്രമങ്ങളാണെന്നും, സിനിമയ്ക്കകത്തെ പ്രത്യയശാസ്ത്ര പ്പോരാട്ടമാണെന്നും നാം തിരിച്ചറിയണമെന്ന് പ്രമുഖ ഡോക്കുമെന്‍ററി സംവിധായകനായ ആനന്ദ് പട്വര്‍ദ്ധന്‍ പറഞ്ഞു. രാജ്യത്തെ നൂറു കണക്കിന് ചലച്ചിത്രപ്രവര്‍ത്തകര്‍ അവര്‍ക്കാവും പോലെയെല്ലാം ഈ ലയനത്തെയും പിടിച്ചെടുക്കലിനെയും അടച്ചു പൂട്ടലിനെയും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ആരും അതൊന്നും ശ്രദ്ധിക്കാന്‍ മെനക്കെട്ടില്ല. ജോണ്‍ ബ്രിട്ടാസ് എം പി ഇക്കാര്യം രാജ്യസഭയില്‍ ഉന്നയിച്ചു. ഈ ഇടപെടലും മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണ് ആദ്യം വഴങ്ങാതിരുന്ന സര്‍ക്കാര്‍, ഈ അടച്ചുപൂട്ടലും ലയനവും ശുപാര്‍ശ ചെയ്ത ബിമല്‍ ജുല്‍ക്ക റിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ടില്‍ അദ്ധ്യക്ഷനായ ബിമല്‍ ജുല്‍ക്കയും ഒരു ജോയന്‍റ് സെക്രട്ടറിയും മാത്രമാണ് ഒപ്പിട്ടിട്ടുള്ളൂ എന്നും; അംഗങ്ങളായ സംവിധായകര്‍ എ കെ ബിര്‍, ടി എസ് നാഗഭരണ, രാഹുല്‍ റവൈല്‍, ശ്യാമപ്രസാദ് എന്നിവര്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതു സംബന്ധമായി എഴുതിയ ലേഖനത്തില്‍ മുന്‍ ഫിലിംസ് ഡിവിഷന്‍ ഉദ്യോഗസ്ഥനും സംവിധായകനുമായ ജോഷി ജോസഫ് വെളിപ്പെടുത്തി.
സര്‍ക്കാരിന്റെ സിനിമാ സ്ഥാപനങ്ങള്‍; പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ ചലച്ചിത്ര സംസ്കാരത്തിന്റെ മഹാ പ്രയാണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി അടയാളപ്പെടുത്താനും ഇന്ത്യക്കാരെ പരിചയപ്പെടുത്താനും ഇന്ത്യയിലെ സിനിമയെ ഗുണപരമായി പരിവര്‍ത്തിപ്പിക്കാനും ആയി വിഭാവനം ചെയ്യപ്പെട്ടവയാണ്. അവയുടെ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാതായതോടെ, രാഷ്ട്രത്തിന്റെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതാകുന്നു.
(സ്‌ക്രോള്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടെലഗ്രാഫ് എന്നിവയിലടക്കം ഈ വിഷയത്തിന്മേല്‍ വന്ന നിരവധി ലേഖനങ്ങള്‍ ഈ ലേഖനമെഴുതുന്നതിന് സഹായകമായിട്ടുണ്ട്)