ചരിത്രത്തിൽ നിന്നും ഫെയ്‌ഡൗട്ട് ആയ സിനിമാ സ്ഥാപനങ്ങൾ
ഇന്ത്യയുടെ സിനിമാ ചരിത്രത്തിലെ നിർണ്ണായകമായ ഒരു മാറ്റം 2022 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വന്നുവെങ്കിലും അധികമാരും അത് തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ, നാഷണൽ ഫിലിം ആർകൈവ്സ് ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് എന്നീ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതാണ് നിർണ്ണായകമായ മാറ്റം. ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നതും സ്വതന്ത്രമായ ഒരു സ്ഥാപനമെന്ന നിലയിൽ ഇല്ലാതായി. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിന്റെ പിന്നിലുള്ള താൽപ്പര്യങ്ങളും ഈ സ്ഥാപനങ്ങൾ ഉരുത്തിരിഞ്ഞതിന്റെ ചരിത്രപരമായ പശ്ചാത്തലവും പരിശോധിക്കുകയാണ് സിനിമാ മേഖലയുമായി ദീർഘകാലമായി ബന്ധമുള്ള എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി ശശികുമാർ.
വാർത്താ വിതരണ വകുപ്പിന്റെ കീഴിലുള്ള ഫിലിം ഡിവിഷൻ, നാഷണൽ ഫിലിം ആർകൈവ്സ്, ഫെസ്റ്റിവൽ ഡയറക്ടററേറ്റ്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നീ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്ഥാനം 2022 ഡിസംബർ 31 മുതൽ ഇല്ലാതായി. 2023 മുതൽ അവ പിൽക്കാലത്തുണ്ടായ നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനു (എൻ എഫ് ഡി സി) കീഴിലുള്ള സ്ഥാപനങ്ങളായി. ബി വി കാരന്ത് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട എൻ എഫ് ഡി സി ക്ക് സ്വന്തമായി ഒരു കെട്ടിടം പോലും ഉണ്ടോ എന്ന സംശയം നിൽക്കുമ്പോഴാണ് കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമിയും, കെട്ടിടങ്ങളും, മറ്റ് ആസ്തികളും കൂടാതെ വിലമതിക്കാനാവാത്ത ഫിലിം ശേഖരങ്ങളുമുള്ള ഈ സ്ഥാപനങ്ങൾ അതിന്റെ കീഴിലേക്ക് പറിച്ചുനടപ്പെടുന്നത്. ഭരണച്ചിലവ് കുറയ്ക്കാനാണ് ഈ നീക്കം എന്നു പറയുന്നുവെങ്കിലും വിലമതിക്കാനാവാത്ത ആസ്തികളുള്ള ഈ സ്ഥാപനങ്ങളെ കോർപ്പറേറ്റുകളെ ഏൽപ്പിക്കുക എന്നതു തന്നെയാവും ലക്ഷ്യം. നാലു സ്ഥാപനങ്ങളെ നാലാക്കി കൈമാറ്റം ചെയ്യുന്നതിനു പകരം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് കൈമാറ്റം നടത്തുക എന്ന സാമ്പത്തിക ശാസ്ത്രം തന്നെയാവും ഈ നീക്കത്തിന്റെ പിന്നിലെ സൂത്രവാക്യം. കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള നാലു സ്ഥാപനങ്ങൾ ഒരു കോർപ്പറേഷന്റെ കീഴിലായി മാറുമ്പോൾ അവരും കോർപ്പറേഷൻ ജീവനക്കാരാകും. എം ടി എൻ എൽ ലും ബി എസ് എൻ എൽ ലും സംഭവിച്ചതുപോലെ ആകും ഇവിടുത്തെ ജീവനക്കാർക്കും സംഭവിക്കുക. ഇപ്പോഴത്തെ തീരുമാനത്തിന്റെ ദൂരവ്യപകമായ ഫലങ്ങളെ പറ്റി ഒരു ധാരണ രൂപീകരിക്കുന്നതിന് പ്രസ്തുത സ്ഥാപനങ്ങൾ ഉരുത്തിരിഞ്ഞതിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുക സഹായകരമാകും.
ഫിലിം ഡിവിഷൻ
സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞ് 1948 ലാണ് ഫിലിം ഡിവിഷൻ രൂപം കൊണ്ടത്. റഷ്യയിൽ ലെനിന്റെ ഭരണകാലത്ത് വാർത്തകളും, വിശേഷങ്ങളും, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ചിരുന്നത് ഫിലിമിലൂടെ ആണെന്നു മനസ്സിലാക്കിയ നെഹ്റുവാണ് അത്തരം സംരംഭം ഇന്ത്യയിൽ തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യയും റഷ്യ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ദൃശ്യ ശ്രവ്യ മാധ്യമങ്ങളുമായും, വാർത്താ മാധ്യമങ്ങളുമായി ബന്ധമുള്ള ഒരു സംഘത്തെ റഷ്യയിൽ വിട്ട് മനസ്സിലാക്കുകയും, കുറച്ചു പേരെ പരിശീലിപ്പിച്ചുമാണ് ന്യൂസ് റീൽ ഫിലിമിൽ ഉണ്ടാക്കിയതും, തീയറ്ററുകളിലും, പൊതു ഇടങ്ങളിലും പ്രദർശിപ്പിച്ചത്.
1948 ൽ രൂപം കൊണ്ട ഫിലിം ഡിവിഷനിൽ നിർമ്മിക്കുന്ന ന്യൂസ് റീലുകൾ സിനിമാ കൊട്ടകകളിൽ പ്രധാന സിനിമ തുടങ്ങുന്നതിന് മുമ്പ് നിർബന്ധമായി കാണിക്കണമായിരുന്നു. അതിന് നിശ്ചിത തുക കേന്ദ്ര സർക്കാറിന് നൽകണമായിരുന്നു. ആ തുക കൂടി ഉപയോഗിച്ചു കൊണ്ടാണ് ന്യൂസ് റീലുകൾ തയ്യാറാക്കിയിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലും വാർത്തകൾ റിക്കാർഡു ചെയത് അയക്കാൻ ക്യാമറയും, അതു പ്രവർത്തിക്കാൻ ശേഷിയുള്ള ആളിനെയും നിയമിച്ചിരുന്നു. തീയറ്ററുകളിൽ ന്യൂസ് റീൽ കാണിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു റിപ്പോർട്ട് അയക്കണമായിരുന്നു. ഇന്ദിരാഗാന്ധി ഐ ആന്റ് ബി മന്ത്രി ആയിരുന്ന കാലത്ത് റഷ്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഇന്ത്യയിലും ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. സിനിമാരംഗത്തു പ്രവർത്തിച്ചിരുന്ന ഋഥ്വിക് ഘട്ടക്കിനെപ്പോലുള്ളവരെ സിനിമ പഠിപ്പിക്കാൻ നിയമിച്ചു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പാസായി വന്നവരിൽ പലരും ഫിലിം ഡിവിഷനിൽ പ്രവേശിക്കുകയും, ന്യൂസ് റീൽ കൂടാതെ കല, സാംസ്കാരിക, രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരെപ്പറ്റിയും, പ്രദേശങ്ങളെപ്പറ്റിയും, പുതിയ പദ്ധതികളെപ്പറ്റിയും ജലസേചന, വൈദ്യുതി, റെയിൽവേ, കൃഷി, തുടങ്ങിയവ പത്തു മിനിറ്റും ഇരുപതു മിനിറ്റും ദൈർഘ്യമുള്ള ഡോക്യുമെന്ററികളും ഉണ്ടാക്കി നാടുനീളെ പ്രദർശിപ്പിക്കാനുള്ള നെറ്റുവർക്കും ഉണ്ടാക്കി. അതായിരുന്നു ഫീൽഡ് പബ്ലിസിറ്റി വിഭാഗം.
8 എംഎം ഫോർമാറ്റിൽ നിന്നും 16 എംഎം, 35 എംഎം ഫോർമാറ്റിൽ ബ്ലാക്ക് ആന്റ് വൈറ്റിലും, കളറിലും നിർമ്മിച്ചു. 1970-80 കളോടെ ഫിലിംസ് ഡിവിഷൻ വലിയ ഒരു പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. ബോംബെയിൽ മലബാർ ഹില്ലിനും, ഹാജി ആലിയേയും ബന്ധിപ്പിക്കുന്ന പെഡറോഡിന് പടിഞ്ഞാറു ഭാഗത്ത് എട്ടു-പത്ത് ഏക്കർ സ്ഥലത്ത് ഫിലിം ഡിവിഷൻ ആസ്ഥാനമായി. ഫിലിം നിർമ്മാണത്തിനും പ്രദർശനത്തിനും വേണ്ട എല്ലാ സജ്ജീകരണങ്ങളോടും കൂടിയ കോംപ്ലക്സ്. പുറത്തുള്ള പ്രഗൽഭരായവരെക്കൊണ്ടും ധാരാളം ഡോക്യുമെന്ററികൾ ചെയ്യിച്ചു. സത്യജിത് റായ്, ഋഥ്വിക് ഘട്ടക്, മ്യണാൾ സെൻ, ബസു ഭട്ടാചാര്യ, ബസു ചാറ്റർജി, ബുദ്ധദേവ് ദാസ് ഗുപ്ത, മണി കൗൾ, കുമാർ ഷഹാനി, ശ്യാം ബെനഗൽ, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, എം പി സുകുമാരൻ നായർ, ശിവൻ, ഗിരീഷ് കാസറവള്ളി, തുടങ്ങി അനേകം അനേകം പേർ ഫിലിംസ് ഡിവിഷന് വേണ്ടി ഡോക്യുമെന്ററി സിനിമകൾ ചെയ്തു. 1947 നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ ദൃശ്യശേഖരമായിരിക്കും ഫിലിംസ് ഡിവിഷന്റെ പക്കലുള്ള ഡോക്യുമെന്ററി ശേഖരം.
എൺപതുകളായപ്പോൾ, ബാംഗ്ലൂരിലും, കൽകത്തയിലും ശാഖകൾ വന്നു. ഫിലിംസ് ഡിവിഷൻ തുടങ്ങി വച്ച ഡോക്യുമെന്ററികളുടെ മേളയായ MIFF നും (മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) ഇതോടെ തിരശ്ശീല വീണു. ഫിലിം ഡിവിഷന്റെ കണക്കുകൾ പ്രകാരം 6474 ന്യൂസ് റീലുകളും, 2640 ഡോക്യുമെന്ററികളും അവർ നിർമ്മിച്ചു. അവയെല്ലാം സുരക്ഷിതമായി സംരക്ഷിക്കുന്നുമുണ്ട്. ഇന്ത്യയുടെ കലാ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിന്റെ അമൂല്യമായ ഒരു ദൃശ്യ ശേഖരം ആണ് അവയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. വിലപ്പെട്ട ആ ചരിത്രരേഖകൾക്കെന്തു സംഭവിക്കുമെന്ന് കാലം തെളിയിക്കട്ടെ.
തുടരും