TMJ
searchnav-menu
post-thumbnail

TMJ Cinema Politico

ഫെസ്റ്റിവൽ ഡയറക്ടറേറ്റും ഓർമ്മയാവുന്നു

06 Jan 2023   |   0 min Read

യറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ആയിരുന്നു സിനിമയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഒരുകാലത്തെ ഏറ്റവും വലിയ ഗ്ലാമർ സ്ഥാപനം. ദേശീയ സിനിമ ഫെസ്റ്റിവൽ സംഘടിപ്പിക്കുക, വിദേശ ഫെസ്റ്റിവലുകളിലേക്കുള്ള ഇന്ത്യൻ സിനിമകൾ തെരഞ്ഞെടുക്കുക, വിദേശ ഫെസ്റ്റിവലുകളിൽ പങ്കെടുക്കുക തുടങ്ങിയവയായിരുന്നു ഡയറക്ടറേറ്റന്റെ പ്രധാന ചുമതലകൾ. കേന്ദ്ര സർക്കാറിന്റെ കീഴിൽ 1952 ൽ രൂപം കൊണ്ട ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ (ഐഎഫ്എഫ്ഐ) നടത്തിപ്പിനായി പിന്നീട് രൂപീകരിച്ചതാണ് ഫെസ്റ്റിവൽ ഡയറക്ടറേറ്റ്. 1973 ലായിരുന്നു അതിന്റെ രൂപീകരണം. കെ കെ റെയ്ന എന്ന വ്യക്തി ആയിരുന്നു അതിന്റെ ആദ്യ ഡയറക്ടറായി വന്നത് എന്നാണ് ഓർമ്മ. ബിന്ദു ഗുപ്ത, മാലതി സഹായി എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലായിരുന്നു ഡയറക്ടറേറ്റ്. കേന്ദ്ര വാർത്താവിനിമയ ഡിപ്പാർട്ട്മെന്റിലെ മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ ഡയറക്ടറേറ്റിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചു കൊണ്ടായിരുന്നു അതിന്റെ പ്രവർത്തനം. അങ്ങനെയാണ് ഇന്ത്യൻ ഇൻഫോർമേഷൻ ഓഫീസറായിരുന്ന പാലക്കാടുകാരൻ പരമേശ്വരനെ പോലുള്ളവർ അവിടെ പ്രധാന ചുമതലകളിൽ എത്തുന്നത്. നാരായണൻ എന്ന മറ്റൊരു മലയാളിയും അവിടെ ഉള്ളതായി ഓർക്കുന്നു.

എല്ലാ വർഷവും ഇന്ത്യയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തുക, വിദേശമേളകളിലേക്ക് ഫിലിമുകൾ തെരഞ്ഞെടുത്ത് അയക്കുക, ദേശീയ ഫിലിം അവാർഡുകൾക്കായി തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ പ്രധാനപ്പെട്ടതും, ഗ്ലാമർ ഉള്ളതുമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്ത ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ ആസ്ഥാനം ഡൽഹിയിലായിരുന്നു. ഇന്ത്യയിലെയും വിശേങ്ങളിലെയും പ്രശസ്തരായ ഫിലിം പ്രവർത്തകരുമായി ഇടപഴകാൻ വേണ്ട അവസരം ലഭിക്കുന്ന ഈ സ്ഥാപനത്തിൽ പ്രവർത്തിക്കാൻ മത്സരമായിരുന്നു. വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഗ്ലാമറസ്സായ സ്ഥാപനം എന്ന പദവി ഫെസ്റ്റിവൽ ഡയറക്ടറേറ്റിന് ലഭിക്കുന്നതിന്റ പ്രധാന കാരണം അതായിരുന്നു. ഫെസ്റ്റിവലുകളുടെ നടത്തിപ്പും സംഘാടനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും, വിദേശങ്ങളിലും സഞ്ചരിക്കാനുള്ള അവസരങ്ങളും ഫെസ്റ്റിവൽ ഡയറക്ടറേറ്റിലെ ജീവനക്കാരുടെ മാറ്റു കൂട്ടുന്നതായിരുന്നു. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ രൂപമെടുത്ത 1980 കളിൽ അതിന്റെ മാനേജിങ്ങ് ഡയറക്ടറായിരുന്ന മാലതി താംബെ വൈദ്യ ഫെസ്റ്റിവൽ ഡയറക്ടറേറ്റിനെ എൻ എഫ് ഡി സി യിൽ ലയിപ്പിക്കാൻ വേണ്ട ശ്രമം നടത്തിയതായിരുന്നു. ഫിലിം ഫെസ്റ്റിവൽ നടത്തിപ്പിന്റെ ചുമതല എൻ എഫ് ഡി സി യെ ഏൽപ്പിക്കുന്നത് വരെ ഫെസ്റ്റിവൽ ഡയറക്ടറായിരുന്നത് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴത്തെ ഡയറക്ടർ ആയ ശങ്കർ മോഹനനായിരുന്നു. നല്ല സിനിമകളുടെ പ്രൊമോഷന് ആദ്യകാലങ്ങളിൽ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് നിർണ്ണായകമായ പങ്കാണ് വഹിച്ചിരുന്നത്. എൺപതുകളിൽ പ്രാദേശിക സിനിമ, പ്രത്യേകിച്ചും, മലയാളം, കന്നട, ബംഗാളി സിനിമകൾക്ക് ദേശീയ അന്തർദേശീയ അംഗീകാരം ലഭിച്ചതും അക്കാലത്താണ്.

ബോംബെ നവ സിനിമകൾ [ഹിന്ദി] ആണ് എഴുപതുകളുടെ തുടക്കം വരെ ലോകശ്രദ്ധയിൽ വന്നിരുന്നത്. ഇന്ത്യൻ ഫെസ്റ്റിവലുകളിൽ കാണിക്കാൻ, മത്സരത്തിലും, പനോരമയിലും കാണിക്കാൻ തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഫെസ്റ്റിവൽ ഡയറക്ടറേറ്റിന്റെ ചിലവിൽ തന്നെയാണ് സബ്ബ് ടൈറ്റിൽ ചെയ്തിരുന്നത്. വിദേശമേളകളിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി വിടുന്നതും ഫെസ്റ്റിവൽ ഡയറക്ടറേറ്റുതന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ ഫിലിം മേക്കേഴ്സ് ഫെസ്റ്റിവൽ ഡയറക്ടറേറ്റുമായി ചങ്ങാത്തം സുക്ഷിച്ചിരുന്നു. ആ സൗഹൃദം പലർക്കും സെലക്ഷൻ കമ്മറ്റികളിരിക്കാനുള്ള അവസരവുമായിട്ടുണ്ട്. സ്ഥിരമായി സെലക്ഷൻ കമ്മറ്റിയിൽ ചിലർ കടന്നു കൂടിയിരുന്നതും വെറുതെ അല്ലായിരുന്നു.

മേളകളിൽ പ്രാദേശിക സിനിമകൾക്കു പ്രാധാന്യം ലഭിച്ചു തുടങ്ങിയപ്പോൾ ഡൽഹിയിൽ മാത്രം നടത്തിയിരുന്ന അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകൾ, മത്സരമില്ലാത്തവർഷങ്ങളിൽ ഫിലിമോത്സവം എന്ന പേരിൽ തിരുവനന്തപുരം, ബാംഗ്ലൂർ, മദ്രാസ്, ബോംബെ, കൽക്കത്ത എന്നിവിടങ്ങളിൽ നടത്തുകയും, തുടർന്ന് അതാതു സംസ്ഥാനങ്ങൾ സ്വന്തമായി ഫിലിം ഫെസ്റ്റിവലുകൾ നടത്താൻ തുടങ്ങി. അങ്ങനെയാണ്, ഐഎഫ്എഫ്കെ എന്ന പേരിൽ കേരളത്തിലും, ബാംഗ്ലൂർ ഫെസ്റ്റിവൽ, കൽക്കത്ത ഫെസ്റ്റിവൽ, കട്ടക് തുടങ്ങിയ ഫെസ്റ്റിവൽ തുടങ്ങുകയും ചെയ്തു. അന്തർ ദേശീയ ഫിലിം ഫെസ്റ്റിവൽ സംഘടനയുടെ അംഗീകാരമുള്ളതുകൊണ്ട് അവർക്ക് വിദേശ സിനിമകളും ലഭിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഐഎഫ്എഫ്കെ തന്നെയാണ്.

കുട്ടികളുടെ സിനിമകൾക്കായി സവിശേഷമായി രൂപീകരിച്ച ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളൊന്നും നടത്താതിരുന്ന ഒരു സ്ഥാപനമാണ്. ബോംബെ, പെഡർ റോഡിലുള്ള ഫിലിം ഡിവിഷൻ കോമ്പൗണ്ടിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അതും എൻ എഫ് ഡി സി ക്കു കീഴിലായി.

1982 ൽ ഡൽഹിയിൽ നടന്ന ഏഷ്യാഡ് ഫെസ്റ്റിവലിനു വേണ്ടി ഡൽഹിയിലെ സീരി ഫോർട്ടിലെ നാലു തീയറ്ററുകൾ പിന്നീട് ഫെസ്റ്റിവലിന് കൈമാറുകയും അവിടെയാണ് ഫിലിം ഫെസ്റ്റിവലുകളും, ദേശീയ ഫിലിം അവാർഡ് വിതരണവും നടത്തിയിരുന്നത്. ഐ എഫ് എഫ് ഐ ക്ക് സ്ഥിരം വേദി വേണമെന്ന ആശയം വന്നപ്പോൾ ഗോവ സർക്കാർ ആ ദൗത്യം ഏറ്റെടുക്കുകയും 2004 മുതൽ വേദികൾ ഒരുക്കിക്കൊടുക്കുകയും ചെയ്തിരുന്നു. 2022 നു മുമ്പ് വരെ ഫെസ്റ്റിവൽ ഡയറക്ടറേറ്റിനായിരുന്നു ഐ എഫ് എഫ് ഐ നടത്തിപ്പിന്റെ ചുമതല. ഇക്കഴിഞ്ഞ ഐ എഫ് എഫ് ഐ യുടെ ചുമതല എൻ എഫ് ഡി സി ക്കായിരുന്നു. 2023 ജനുവരി ഒന്നു മുതൽ ഫെസ്റ്റിവൽ ഡയറക്ടറേറ്റും അതിന്റെ ആസ്ഥിയും എൻ എഫ് ഡി സി ക്കായി. മറ്റു മൂന്നു സ്ഥാപനങ്ങളുടെ കാര്യത്തിലെന്ന പോലെ ഇവിടുത്തെയെയും പരിചയസമ്പന്നരായവരെ ഒഴിവാക്കിക്കൊണ്ടു തന്നെയാണ് പുനഃസംഘടന നടത്തിയിരിക്കുന്നത്.

ചിൽഡ്രൻസ് ഫിലിം സൊസൈറ്റി

കുട്ടികളുടെ സിനിമകൾക്കായി സവിശേഷമായി രൂപീകരിച്ച ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ശ്രദ്ധേയമായ പ്രവർത്തനങ്ങളൊന്നും നടത്താതിരുന്ന ഒരു സ്ഥാപനമാണ്. ബോംബെ, പെഡർ റോഡിലുള്ള ഫിലിം ഡിവിഷൻ കോമ്പൗണ്ടിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അതും എൻ എഫ് ഡി സി ക്കു കീഴിലായി. ഒരു കുടക്കീഴിലാക്കിയ ഈ സ്ഥാപനങ്ങളുടെ സിനിമ നിർമ്മിക്കുന്നതും, പ്രദർശിപ്പിക്കുന്നതും അവാർഡ് നൽകുന്നതുമെല്ലാം ഇനി മുതൽ മാതൃസ്ഥാപനമായിരിക്കും.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സിനിമയുമായി ബന്ധപ്പെട്ട ദൃശ്യ സംസ്കാരത്തിന്റെ ഭാവുകത്വം രൂപപ്പെടുത്തിയ സ്ഥാപനങ്ങൾ പൊതുമണ്ഡലത്തിൽ ഒരു ചർച്ചയുമില്ലാതെ ഇല്ലാതാവുന്നത് ഒരു പക്ഷെ ഇന്ത്യയിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയത്തിന്റെ പ്രതിഫലനമാകാം. ഒരു കാലഘട്ടത്തിന്റെ ചരിത്രവും കൂടിയാണ് അതോടെ ഇല്ലാതാകുന്നതെന്നു പറയാതെ വയ്യ.

Leave a comment