TMJ
searchnav-menu
post-thumbnail

TMJ Cinema Politico

ആർക്കൈവുകൾ അനാഥമാകുമോ?

04 Jan 2023   |   1 min Read

PHOTO: WIKI COMMONS

ന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത പേരുകളാണ് പൂനയിലെ നാഷണൽ ഫിലിം ആർക്കൈവും പി കെ നായരും. മലയാളി സിനിമാ ആസ്വാദകരെ സംബന്ധിച്ചും ഈ പേരുകൾ അവിസ്മരണീയമാണ്. പൂനയിലെ ആർക്കൈവ്‌സും നായരും ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളും നവ-സിനിമ പ്രസ്ഥാനങ്ങളും ഒരു പക്ഷെ ഉണ്ടാവുമായിരുന്നില്ല എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ലോക സിനിമാ ക്ലാസിക്കുകളെ നമ്മുടെ അടുത്തേക്ക് എത്തിക്കാനും ആസ്വദിക്കാനവസരം ഉണ്ടാക്കി തന്നതും ഈ സ്ഥാപനവും, അതിന്റെ മേധാവിയായിരുന്ന പി കെ നായരുമായിരുന്നു.

പൂനയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു കഴിഞ്ഞപ്പോൾ അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദേശ സിനിമകളും, ഇന്ത്യൻ സിനിമകളും കാണാനും, ആസ്വദിക്കാനും ചരിത്രം മനസ്സിലാക്കാനുമായിട്ടാണ് 1964 ൽ നാഷണൽ ഫിലിം ആർക്കൈവ് ആരംഭിച്ചത്. പ്രൊഫസർ സതീഷ് ബഹാദുർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഫിലിം ഹിസ്റ്ററിയും, ആസ്വാദനവും പഠിപ്പിക്കുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കു വേണ്ട സിനിമകൾ കണ്ടെത്താനുമുള്ള ചുമതല ക്യൂറേറ്ററായ പി കെ നായർക്കായിരുന്നു. എംബസികൾ വഴിയും, വിദേശ ഫിലിം ഫെസ്റ്റിവലികളിൽ പങ്കെടുത്തും, പ്രൊഡ്യുസർമാരും, സംവിധായകരുമായി ബന്ധമുണ്ടാക്കിയുമാണ് ആർക്കൈവ്സിനു വേണ്ടുന്ന സിനിമകൾ ശേഖരിച്ചത്. കൂടാതെ വിശ്വവിഖ്യാതരായ സംവിധായകരെ ക്ഷണിച്ചു കൊണ്ടുവന്ന് അവരുടെ സിനിമകൾ കാണിക്കുകയും ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളുമായി സംസാരിക്കാനും ബന്ധമുണ്ടാക്കാനുമിടയുണ്ടാക്കിക്കൊടുത്തിരുന്നു.

പി കെ നായർ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി അതിന്റെ തന്നെ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന ആർക്കൈവ്സിൽ ശേഖരം വർദ്ധിച്ചപ്പോൾ ഫിലിമുകളും, നെഗറ്റീവുകളും, പോസ്റ്ററുകളും, ലഘുലേഖകളും നോട്ടീസുകളുമൊക്കെ സുരക്ഷിതമായി, സൂക്ഷിക്കാൻ ആധുനിക സാങ്കേതിക സൗകര്യങ്ങളോട്‌ സ്വന്തമായി കെട്ടിടവുമുണ്ടായി. ഊണും ഉറക്കവുമില്ലാതെ നാടാകെ സഞ്ചരിച്ചും, ബന്ധങ്ങളുണ്ടാക്കിയും പി കെ നായർ ആ സ്ഥാപനം ലോകത്തിന് ഒരു മാതൃക ആർക്കൈവാക്കി. ലോകത്തെ മറ്റു പല ആർക്കൈവ്സുകളിലുമില്ലാത്ത ശേഖരം ഇവിടെയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സിനിമ ആർക്കൈവുകളിൽ ഒന്നായി പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ് ഇന്ന് കണക്കാക്കപ്പെടുന്നു.

ദേശീയ അവാർഡ് ലഭിച്ചതും, ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്നതും, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് വഴി വിദേശമേളകളിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ ഒരു കോപ്പി എടുക്കാനുള്ള അവകാശവും ആർക്കൈവിനുണ്ടായിരുന്നു. പ്രൊഡ്യുസർമാർക്കും, സംവിധായകർക്കും ഇപ്പോഴും തങ്ങളുടെ അത്തരം ചിത്രങ്ങൾ ആർക്കൈവിൽ മാത്രമേ ലഭ്യമാകൂ.

ഡിജിറ്റലൈസ് ചെയ്യാനുള്ള ടെണ്ടർ പിടിച്ചത് റിലയൻസ് ആയിരുന്നു. ഒട്ടും തന്നെ പ്രൊഫഷണലല്ലാതെ, കളർ കറക്ഷൻ നടത്താതെ അവിടെയുള്ള ഫിലിമുകളെ അതുപോലെ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയാണ്‌ ചെയ്തതെന്ന ആക്ഷേപവും നിലനിൽക്കുമ്പോഴാണ് ആർക്കൈവിനെയും സ്വതന്ത്ര സ്ഥാപനമായി നിലനിർത്താതെ എൻ എഫ് ഡി സിയുടെ ഭാഗമാക്കുന്നത്.

ഡി വി ഡിയിലും, സി ഡിയിലും സിനിമ സിനിമകൾ ലഭ്യമാകുന്നതിനു മുമ്പ് ഫിലിം ആർക്കൈവ് ഫിലിം ആസ്വാദന കോഴ്‌സുകൾ നടത്തിയിരുന്നു. ആ കോഴ്‌സുകളിൽ പങ്കെടുത്ത ചിലർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി. ചിലർ സിനിമാനിരൂപകരും, സിനിമ പഠിപ്പിക്കുന്നവരുമായി മാറി. സതീഷ് ബഹാദുറും പി കെ നായരുമാണ് അതിന് നേതൃത്വം നൽകിയിരുന്നത്. പല ഫിലിം സൊസൈറ്റികൾക്കും ആർക്കൈവിൽ നിന്നും ഫിലിമുകൾ നൽകിയിരുന്നു. ഫിലിം സൊസൈറ്റികൾക്കു സിനിമ നൽകുന്നതിനും, അതാതു പ്രദേശത്തെ സിനിമ സബന്ധിയായ ശേഖരങ്ങൾ നടത്തുന്നതിനും, തിരുവനന്തപുരം, ബാംഗ്ലൂർ, കൽക്കത്ത എന്നിവടങ്ങളിലും ഓഫീസുകൾ തുടങ്ങിയിരുന്നു.

പി കെ നായരും, ഒന്നു രണ്ടു ഓഫീസ് സഹായികളുമായിത്തുടങ്ങി പതിനഞ്ചോളം പേരുമായി ലോകത്തുള്ള അപൂർവ്വ സിനിമകളുടെ പ്രിന്ററുകളും, എഡിറ്റു ചെയ്ത് കളഞ്ഞ ഫിലിമുകൾ വരെ ശേഖരിച്ച ഒരു വലിയ ഭണ്ഡാരത്തിനാണിപ്പോൾ സ്വന്തം അസ്തിത്വം ഇല്ലാതാവുന്നത്. സിനിമ, ഫിലിം മീഡിയത്തിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്കു മാറിയപ്പോൾ പ്രസാദ് ലാബ് അടക്കമുള്ള പല പ്രോസസിങ്ങ് ലാബുകൾ പൂട്ടിയപ്പോൾ പലരും തങ്ങളുടെ ചിത്രങ്ങളുടെ നെഗറ്റീവുകൾ വാങ്ങാത്തതിനാൽ എല്ലാം നശിച്ചുപോയി. പിൽക്കാല ആവശ്യങ്ങൾക്ക് ഫിലിം കോപ്പികൾ എടുക്കാനും ഡിജിറ്റലൈസു ചെയ്യാനും ആർക്കൈവിനെ ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. സത്യജിത് റായ്, അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, മണി കൗൾ, കുമാർ ഷഹാനി, മൃണാൾ സെൻ, തുടങ്ങിയവരുടെ ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തത് അങ്ങനെയാണ്. അടൂർ ഗോപാലകൃഷ്ണൻ നേരിട്ടു ചെന്ന് മാസങ്ങളോളമിരുന്നാണ് തന്റെ ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്തെടുത്തത്. ആർക്കീവിലുള്ളതും, അല്ലാത്തതുമായ പ്രധാന ചിത്രങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ കോടിക്കണക്കിന് തുകയാണ് കേന്ദ്ര സർക്കാർ അലോട്ട് ചെയ്തത്.

നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ

ഡിജിറ്റലൈസ് ചെയ്യാനുള്ള ടെണ്ടർ പിടിച്ചത് റിലയൻസ് ആയിരുന്നു. ഒട്ടും തന്നെ പ്രൊഫഷണലല്ലാതെ, കളർ കറക്ഷൻ നടത്താതെ അവിടെയുള്ള ഫിലിമുകളെ അതുപോലെ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയാണ്‌ ചെയ്തതെന്ന ആക്ഷേപവും നിലനിൽക്കുമ്പോഴാണ് ആർക്കൈവിനെയും സ്വതന്ത്ര സ്ഥാപനമായി നിലനിർത്താതെ എൻ എഫ് ഡി സിയുടെ ഭാഗമാക്കുന്നത്. ചരിത്രങ്ങൾ സംരക്ഷിക്കുന്ന ഈ സ്ഥാപനത്തിലുള്ള ചിത്രരേഖകൾ നിറഞ്ഞുനിൽക്കുന്ന സിനിമകൾ പുതിയ സംവിധാനത്തിൽ വേണ്ട നിലയിൽ പരിരക്ഷിക്കപ്പെടുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ആർക്കും അറിയില്ല.

ഇന്ത്യൻ സിനിമകളിൽ ഇന്ത്യയുടെ സാമുഹിക, രാഷ്ട്രീയ അവസ്ഥകളും, ജീവിതവും, നിറഞ്ഞു നിൽക്കുന്ന സിനിമകൾ കൂടി ഇല്ലാതായാൽ എഴുതപ്പെടുന്ന ചരിത്രം മാത്രമായിരിക്കും ആധുനിക ഇന്ത്യൻ ചരിത്രമായി മാറുക. പല ഗവേഷക വിദ്യാർത്ഥികളും സിനിമകളിലെ ദൃശ്യങ്ങളും, സംഭവങ്ങളും, പഠന വിഷയങ്ങളാക്കുമ്പോഴാണ് ഈ ഭരണമാറ്റം. അവരുടെ വാതായനങ്ങളും അടയ്ക്കില്ല എന്ന് എങ്ങനെ ഉറപ്പിക്കാനാവും? ഒരു രാജ്യത്തിന്റെ ദൃശ്യചരിത്രം സുരക്ഷിതമായി ഏതു പൗരനും ലഭ്യമാക്കിയിരുന്ന നെഹ്റുവീയൻ സാംസ്കാരിക നയമാണ് പുതിയ നയത്തിലൂടെ ഇല്ലാതാകുന്നതെന്നു കരുതിയാൽ അതിനെ കുറ്റം പറയാനാവില്ല.

Leave a comment