നിയമം ലംഘിക്കുന്ന ക്രമസമാധാന പാലകര്‍
ഇന്ത്യയെ പോലുള്ള കൊളോണിയല്‍ രാജ്യങ്ങളില്‍ പോലീസ് സംവിധാനം ഒരു മര്‍ദ്ദക ശക്തിയെന്ന നിലയില്‍ ഉരുത്തിരിഞ്ഞ ചരിത്രം സുപരിചിതമാണ്. സിവില്‍ പൊലീസിംഗ് എന്ന സങ്കല്പനം അതിന്റെ തുടക്കം മുതല്‍ പോലീസിന് അന്യമായിരുന്നു. കൊളോണിയല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദകയന്ത്രം എന്ന നിലയില്‍ ഉരുത്തിരിഞ്ഞ പോലീസിന്റെ സ്വഭാവത്തിലും സംഘാടനത്തിലും സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല എന്നതും പരസ്യമായ രഹസ്യമാണ്. 1977 മുതല്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ പോലീസ് കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ ഇതഃപര്യന്തമുള്ള ഉള്ളടക്കം പരിശോധിക്കുന്ന ആര്‍ക്കും ഇക്കാര്യം വ്യക്തമാകും. ഇന്ത്യയിലെ ഏറ്റവും വലിയ സംഘടിത ക്രിമിനല്‍ സംഘമായി പോലീസ് മാറിയെന്ന് സുപ്രീം കോടതി പോലും നിരീക്ഷിക്കുന്ന സാഹചര്യം തന്നെ സംജാതമായിരുന്നു. കേരളത്തിലെ പോലീസ് സംവിധാനവും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്‍ ആയിരുന്നില്ല. സാധാരണ ജനങ്ങളാണ് പോലീസിന്റെ അതിക്രമങ്ങളുടെ ഇരകള്‍. ഭരണാധികാരികള്‍ പോലീസിന്റെ സംരക്ഷകരായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് മാത്രമല്ല ഭരണാധികാരികളുടെ വഴിവിട്ട പ്രവര്‍ത്തികളുടെ നടത്തിപ്പുകാരും സൂക്ഷിപ്പുകാരും പലപ്പോഴും പോലീസ് ആയി മാറുന്ന സാഹചര്യം നിലനില്‍ക്കുന്നു. പോലീസ് സംവിധാനത്തിലെ അഴിമതി അത്രയധികം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിനാല്‍ അവ അഴിമതിയാന്നെന്ന തോന്നല്‍ പോലും പൊതുബോധത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
മാങ്ങ മോഷ്ടിച്ചത് പോലുള്ളവ മുതല്‍ മാല മോഷണവും മര്‍ദ്ദനവും വരെയുള്ളവ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുന്നതും ഇതാദ്യമല്ല. കൊല്ലം കിളികൊല്ലൂരിലുണ്ടായ സംഭവവും പുതുതല്ല. സമാനമായ നിരവധി സംഭവങ്ങള്‍ ഇതിനു മുന്‍പും നടന്നിട്ടുണ്ട്. അതിന്റെ അര്‍ഥം ഇപ്പോഴത്തെ സംഭവങ്ങളെ വിലകുറച്ചു കാണണമെന്നല്ല. ഓഗസ്റ്റ് 25 മുതല്‍ അരങ്ങേറിയ സംഭവങ്ങളാണ് ഇപ്പോള്‍ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും പ്രതി സ്ഥാനത്താക്കുന്നത്. പൊതുപ്രവര്‍ത്തകനായ വിഘ്നേഷും സഹോദരനായ വിഷ്ണുവുമാണ് കിളികൊല്ലൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പ്രതികാര നടപടികള്‍ക്ക് ഇരകളായത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായവരെ ജാമ്യത്തില്‍ വിടുന്നതിനായി പോലീസ് വിളിച്ചു വരുത്തിയതാണ് വിഘ്നേഷിനെ. സഹോദരന്‍ വിഷ്ണു അനുഗമിക്കുകയായിരുന്നു. എന്നാല്‍ വിഷയം ലഹരി മരുന്ന് കേസാണ് എന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് സഹോദരനോടൊത്ത് ബൈക്കില്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ എ.എസ്.ഐ തടയുകയും വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് വിഷയം വാക്കേറ്റത്തിലേക്കും മര്‍ദ്ദനത്തിലേക്കും നീളുകയും പോലീസ് ഇരുവര്‍ക്കും എതിരെ കേസ് ചുമത്തുകയും ചെയ്തു.
പോലീസില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനം എല്‍ക്കേണ്ടി വന്ന സഹോദരങ്ങള്‍ക്ക് 12 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടതായും വന്നു. ലഹരിമരുന്ന് കേസിലെ പ്രതികളെ ജാമ്യത്തിലെടുക്കാന്‍ വന്നവര്‍ സ്റ്റേഷന്‍ ആക്രമിച്ചെന്ന വാര്‍ത്ത പോലീസ് നേരിട്ട് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു എന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനികനായ വിഷ്ണു വിവാഹത്തിനായി ലീവില്‍ വന്നതാണ്. റിമാന്‍ഡില്‍ ആയതിനെ തുടര്‍ന്ന് വിവാഹം നടന്നില്ല. പോലീസ് കായികക്ഷമത പരീക്ഷയില്‍ പങ്കെടുക്കേണ്ടിയിരുന്ന വിഘ്നേഷിന് അവസരം നഷ്ടപ്പെടുകയും ചെയ്തു. ഇവര്‍ പോലീസ് മേലധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ച് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസ് ഇവരെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ വെളിച്ചത്തായത്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട നാല് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്.
കേരളത്തിലെ പോലീസ് സേനയിലെ അംഗങ്ങളായ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ അക്ഷന്തവ്യമായ പെരുമാറ്റമാണ് ഇപ്പോള്‍ സേനയ്ക്കാകെ ദുഷ്‌കീര്‍ത്തിയുണ്ടാക്കുന്നതെന്നു പറഞ്ഞു ഒഴിയാന്‍ പറ്റാത്ത വിധം ഗുരുതരമായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നു. മോഷണവും മറ്റും വ്യക്തിപരമായ ദൂഷ്യങ്ങളാണെന്ന് പറയാമെങ്കിലും ഡ്യൂട്ടിയിലുള്ള സമയത്ത് സ്റ്റേഷനുകളിലും പുറത്തും വച്ചുണ്ടാകുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട വീഴ്ചകളായി അവഗണിക്കാന്‍ പറ്റില്ല. കിളികൊല്ലൂരില്‍ സഹോദരങ്ങള്‍ക്കെതിരെ നടന്ന മൂന്നാം മുറ പ്രയോഗവും കേസും, മഞ്ചേരിയില്‍ സ്ത്രീയ്ക്കെതിരെയുണ്ടായ അക്രമം എന്നിവ ഉദാഹരണങ്ങളാണ്. മഞ്ചേരിയില്‍ മകന്റെ സാന്നിധ്യത്തിലാണ് യുവതിയോട് പോലീസ് അതിക്രമം കാട്ടിയത്. വിദ്യാര്‍ത്ഥി, യുവജന സംഘടന നേതാക്കളും അടുത്തിടെ പോലീസിന്റെ മര്‍ദ്ദനമേറ്റവരുടെ കൂട്ടത്തിലുണ്ട്.
ലോകത്തെങ്ങും എന്നപോലെ കേരളത്തിനും പോലീസ് മര്‍ദ്ദനത്തിന്റെയും കസ്റ്റഡി കൊലപാതകത്തിന്റെയും അനേകം കഥകള്‍ പറയാനുണ്ട്. ബ്രിട്ടിഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ പൂര്‍ണ്ണമായും ജനവിരുദ്ധമായിരുന്ന പോലീസ് സേന അതിന് ശേഷവും നവീകരണത്തെ ഉള്‍ക്കൊള്ളാന്‍ ഏറെ താമസിച്ചു. 1975-77 കാലത്തെ അടിയന്തരാവസ്ഥ കാലത്ത് രാജ്യത്താകെ പോലീസിന്റെ കിരാത മുഖം വെളിപ്പെട്ടു. നിലവിലെ കേരള മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള പിണറായി വിജയനും അക്കാലത്ത് ലോക്കപ്പ് മര്‍ദ്ദനം ഏറ്റിരുന്നു. ഈ മാസം ആദ്യം മരണപ്പെട്ട സിപിഎം നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ അക്കാലത്ത് പിണറായിയുടെ സഹതടവുകാരന്‍ ആയിരുന്നു. 2006-11 കാലത്ത് വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ നേതൃത്വത്തിലാണ് ജനമൈത്രി പോലീസ് അടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ പോലീസ് സേനയിലുണ്ടായത്.
എന്നാല്‍, അതിന് ശേഷവും കേരള പോലീസിനെതിരെ ലോക്കപ്പ് മര്‍ദ്ദനം, കസ്റ്റഡി കൊലപാതകം തുടങ്ങിയ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2017 ല്‍ വിനായകന്‍ എന്ന ദളിത് യുവാവ് പോലീസ് മര്‍ദ്ദനത്തിലും അതിക്രമത്തിലും മനംനൊന്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. ബ്യൂട്ടിഷ്യനായിരുന്ന വിനായകന്റെ മുടിയും കാതിലെ കടുക്കനും നോക്കി തൃശൂര്‍ പാവരട്ടി സ്റ്റേഷനിലെ പോലീസുകാര്‍ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി ആക്ഷേപമുയര്‍ന്നു. 2018 ല്‍ ഏറെ വിവാദമായ കെവിന്‍ കൊലക്കേസില്‍, മദ്യപിച്ച് വാഹനമോടിച്ച കൊലപാതക സംഘത്തില്‍ പെട്ടവരെ കൈക്കൂലി വാങ്ങി വിട്ടയച്ച പോലീസ് ഉദ്യോഗസ്ഥനും നടപടി നേരിട്ടിരുന്നു. കോട്ടയം ഗാന്ധി നഗര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ നിയമപരമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിന്‍ കൊല്ലപ്പെടില്ലായിരുന്നെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.
പോലീസിന്റെ ദൗത്യം
പോലീസും മറ്റ് സായുധ സേനകളും തമ്മില്‍ വലിയ അന്തരമുണ്ട്. പുറമെ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സൈനിക വിഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പോലീസ് സേന. ഇവ രണ്ടിന്റെയും സ്ഥാപന ഉദ്ദേശ്യങ്ങളും വേറെ തന്നെ. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനാണ് പോലീസ് രൂപീകൃതമായിരിക്കുന്നത്. സമൂഹ്യ ജീവിതം സമാധാനപരമാക്കുന്നതും, മനുഷ്യര്‍ പരസ്പരം അവകാശങ്ങളെ മാനിച്ച് ജീവിക്കുന്നതും ഉറപ്പു വരുത്താന്‍ നിയമങ്ങള്‍ ലക്ഷ്യമിടുമ്പോള്‍, ആ നിയമങ്ങളുടെ പിന്‍ബലത്തില്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുക എന്നതാണ് പോലീസ് എന്ന സിവിലിയന്‍ സേനയുടെ ഉദ്ദേശ്യം. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരം ആവണം എന്നത് രാജ്യത്തെ നിയമങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിയമം വഴി ലഭ്യമാകാത്ത യാതൊരു വിധ അധികാരങ്ങളും പോലീസിനില്ല എന്ന് ചുരുക്കം.
നിയമവാഴ്ചയെ അംഗീകരിക്കുന്ന ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിയമ നിര്‍മ്മാണ സഭയിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ജനത്തിന്റെ പക്കലാണ് രാജ്യത്തിന്റെ പരമാധികാരം. നിയമ നിര്‍മ്മാണ സഭകള്‍ പാസ്സാക്കി പ്രാബല്യത്തില്‍ വരുത്തുന്ന നിയമങ്ങളിലൂടെയാണ് ഈ പരമാധികാരം പ്രയോഗ രൂപം ആര്‍ജ്ജിക്കുന്നത്. Rule of law, Supremacy of law, Equality before law എന്നീ ചിരകാല പ്രതിഷ്ഠ നേടിയ തത്വങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. നിയമത്തിന് മുന്നിലും, നിയമത്തിന്റെ പ്രയോഗത്തിലും രാജ്യത്തെ ഓരോ പൗരനും സമന്മാരാണ് എന്നതാണ് ഈ തത്വങ്ങളും, രാജ്യത്തെ ഭരണഘടനയും മുന്നോട്ട് വെക്കുന്ന വീക്ഷണം. ചുരുക്കി പറഞ്ഞാല്‍ പോലീസും സാധാരണ മനുഷ്യരും നിയമത്തിന്റെ കണ്ണില്‍ തുല്യര്‍ തന്നെ.
നിയമ ലംഘകരായ പൗരന്മാരെ തടഞ്ഞുവെക്കാനും, ബന്ധിക്കാനും നിയമം പോലീസിനെ അധികാരപ്പെടുന്നുണ്ട് എന്നത് സത്യം തന്നെ. എന്നാല്‍, പോലീസ് നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതും, നിയമത്തെ ദുരുപയോഗം ചെയ്യുന്നതും ശിക്ഷാകരമായ കുറ്റമാണ്. വ്യക്തികളെ അറസ്റ്റ് ചെയ്യുമ്പോഴും ചോദ്യം ചെയ്യുമ്പോഴും പോലീസ് സേനയിലെ ഓരോ അംഗവും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പോലീസിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉത്തരവാദിത്തവും അതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം വകുപ്പും ഇക്കാര്യം സംശത്തിന് ഇടയില്ലാത്തവണ്ണം വ്യക്തമാക്കുന്നുണ്ട്. 'നിയമം വഴി സ്ഥാപിതമായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ ഒരു മനുഷ്യന്റെയും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ചു കൂടാ' എന്നാണ് 21-ാം വകുപ്പ് പറയുന്നത്. പോലീസ് ആയാല്‍ പോലും നിയമം കണിശമായി പാലിക്കണമെന്ന് ചുരുക്കം.
ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള അതിക്രമങ്ങളും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകുന്ന വേളയില്‍ 'പൂച്ചയ്ക്കാര് മണികെട്ടും' എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ക്ക് പ്രസക്തി തീരെയില്ല. പോലീസ് സേനയുടെ എന്നല്ല രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓരോ സര്‍ക്കാര്‍ സംവിധാനത്തിനും, ഭരണഘടനയും മറ്റ് നിയമങ്ങളും കടിഞ്ഞാണ്‍ ഇട്ടിട്ടുണ്ട്. എന്നാല്‍, ബ്യൂറോക്രാറ്റിക്ക് കടും പിടിത്തവും, ലോബിയിംഗും, തിണ്ണമിടുക്കും അതിര് കടക്കുമ്പോള്‍ ജനകീയ പ്രതിഷേധങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരും.
മനുഷ്യാവകാശവും ശാരീരിക അവകാശങ്ങളും ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പോലീസ് സ്റ്റേഷനുകളില്‍ ആണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞതും ചിന്തനീയമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2020 ല്‍ 1,569 കസ്റ്റഡി മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍ പ്രദേശിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍: 11 വീതം. ഒരു കസ്റ്റഡി കൊലയ്ക്കാണ് കേരളം ആ വര്‍ഷം സാക്ഷ്യം വഹിച്ചത്; തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത ഷെമീര്‍ എന്ന യുവാവ്, കോവിഡ് ക്വാറന്റീന്‍ കേന്ദ്രത്തിലെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നാഷണല്‍ ക്യാംപെയ്ന്‍ എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ (NCAT) എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം 2020 ല്‍ ഇന്ത്യയില്‍ പോലീസ് പീഡനത്തിന് ഇരയായ 55 പേര്‍ ആത്മഹത്യ ചെയ്യുകയുമുണ്ടായി. പോലീസ് പീഡനത്തിനും കസ്റ്റഡി മരണങ്ങളില്‍ ഇരയാകുന്നതില്‍ ഭൂരിപക്ഷവും ദളിത്, ആദിവാസി, ന്യൂനപക്ഷം തുടങ്ങിയ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലുള്ളവരാണെന്നും പഠനങ്ങള്‍ പറയുന്നു.
നിയമ നിര്‍മ്മാണ സഭകള്‍ നിര്‍മ്മിച്ച നിയമങ്ങള്‍ കാവലുണ്ട് എങ്കിലും, അതിനും അപ്പുറമുള്ള രാഷട്രീയ-സാമൂഹ്യ മേല്‍നോട്ടം പോലീസിന്റെ കാര്യത്തില്‍ ആവശ്യമുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കിളികൊല്ലൂര്‍ ഉള്‍പ്പടെ കേരള പോലീസിനെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ തള്ളിക്കളിയേണ്ടവ അല്ല. ഭരണം കയ്യാളുന്ന ഇടതുമുന്നണിയും പിണറായി വിജയന്‍ സര്‍ക്കാരും, പോലീസിന്റെ മനോവീര്യം കെടുത്തുമെന്ന കാരണം പറഞ്ഞ് നിയമ ലംഘകരായ പോലീസുകാരെ ഒരിക്കലും സംരക്ഷിച്ച് കൂടാ. കുറ്റവാളികള്‍ ആരുതന്നെ ആയാലും അവര്‍ ശിക്ഷ അര്‍ഹിക്കുന്നു.
പോലീസിംഗുമായി ബന്ധപ്പെട്ട സര്‍വ്വേകളില്‍ രാജ്യത്ത് പതിവായി മുന്‍നിരയില്‍ സ്ഥാനം പിടിക്കാറുണ്ട് കേരള പോലീസ്. ജനമൈത്രി, ഡിജിറ്റലൈസേഷന്‍ തുടങ്ങിയ മാറ്റങ്ങളിലൂടെ ദേശീയ ശ്രദ്ധയും പലകുറി പിടിച്ചു പറ്റുകയുണ്ടായി. പരാതിക്കാര്‍ക്കുള്ള ഇരിപ്പിടം, സ്റ്റേഷനില്‍ എത്തുന്നവരോടുള്ള പെരുമാറ്റം, എന്നിങ്ങനെ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തി ജനങ്ങളുമായുള്ള വിടവ് നികത്താനുള്ള നീക്കങ്ങളും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ നടപ്പില്‍ വരുത്തുകയുണ്ടായി. മാത്രമല്ല, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പോലുള്ള പരിപാടികളിലൂടെ സിവില്‍ സമൂഹവുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പോന്ന ഇടപെടലുകളും കേരള പോലീസ് നടത്തുന്നു. സംസ്ഥാനത്തെ ക്രിമിനല്‍ നീതിനിര്‍വ്വഹണ സംവിധാനങ്ങള്‍ എണ്ണയിട്ട പോലെ പ്രവര്‍ത്തിക്കുന്നതിലും പോലീസ് പങ്ക് വഹിക്കുന്നുണ്ടെന്നും കേരളത്തിലെ പോലീസിംഗ് യൂറോപ്യന്‍ രാജ്യങ്ങളെക്കാള്‍ നിലവാരമുള്ളതാണെന്നും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ദ മലബാര്‍ ജേര്‍ണലിനോട് പറയുകയുണ്ടായി. സമൂഹം കുറ്റകൃത്യങ്ങളെ വെച്ചുപൊറുപ്പിക്കാത്തതും ഉടനെ റിപ്പോര്‍ട്ട് ചെയ്യുന്നതും ജാഗ്രത പാലിക്കുന്നതുമാണ് പോലീസ് സംവിധാനത്തെ കാര്യക്ഷമമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസ് സേനയും പൊതു സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ കിടപ്പും ക്രമസമാധാന പാലനവുമായി വലിയ ബന്ധമുണ്ടെന്നാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ജനങ്ങളുമായി അകലം പാലിച്ച്, സ്റ്റേറ്റിന്റെ മര്‍ദ്ദക യന്ത്രമായി പ്രവര്‍ത്തിക്കുന്ന കൊളോണിയല്‍ ശൈലിയല്ല മറിച്ച് സമൂഹത്തില്‍ സ്വീകാര്യതയുള്ള സിവില്‍ ഫോഴ്സാണ് തങ്ങള്‍ എന്ന ബോധ്യം പോലീസ് സേനയിലെ ഓരോ അംഗത്തിനും വേണമെന്നതും ജനാധിപത്യത്തില്‍ അത്യാവശ്യമാണ്.