ജലരേഖയാകുന്ന സ്ത്രീധന നിരോധനം
PHOTO: WIKI COMMONS
സംസ്ഥാന സർക്കാരിന്റെ വനിത-ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട വെബ്സൈറ്റിന്റെ മുഖചിത്രം ഫ്രാ ആഞ്ചലിക്കോ എന്ന ഇറ്റാലിയൻ ചിത്രകാരന്റെ ഒരു പെയിന്റിംഗ് ആണ്. സ്ത്രീധനം കൊടുക്കാൻ നിവൃത്തിയില്ലാത്ത മൂന്ന് പെൺകുട്ടികളെ അവരുടെ ദൈന്യാവസ്ഥയിൽ നിന്നും രക്ഷിക്കുവാൻ ഒരു പുണ്യാളൻ അവതരിക്കുന്നതാണ് പതിനഞ്ചാം നൂറ്റാണ്ടിൽ വരച്ച ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തിക്കുന്ന സ്ത്രീധന നിരോധന ഓഫീസർമാരുടെ മുന്നിൽ എത്തുന്ന കേസുകളുടെ എണ്ണം ഒരു സൂചകമായി എടുക്കാമെങ്കിൽ സ്ത്രീധനത്തിന്റെ കെടുതിയിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന പുണ്യാളന്റെ വരവിനായി ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് കരുതേണ്ടിയിരിക്കുന്നു.
2021 ഒക്ടോബറിലാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്. സ്ത്രീധന പീഡന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ത്രീധന നിരോധന ചട്ടം ഭേദഗതി ചെയ്യുകയും 14 ജില്ലകളിലും വനിതാ-ശിശു വികസന വകുപ്പ് സ്ത്രീധന നിരോധന ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്യുകയുണ്ടായി. ഓഫീസർമാർ വന്നതുകൊണ്ട് മാത്രം കാര്യമില്ലെന്നു ഇതുവരെ ലഭിച്ച പരാതികളുടെ സാക്ഷ്യപ്പെടുത്തുന്നു.
സംസ്ഥാന പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022 സെപ്തംബർ 30 വരെയുള്ള കാലയളവിൽ സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 22 മാത്രം. 2021 ൽ കേരളമാകെ രജിസ്റ്റർ ചെയ്ത കേസ്സുകളുടെ എണ്ണം 39 മാത്രമായിരുന്നു. സ്ത്രീധന നിരോധന ഓഫീസർമാർക്ക് ഇതുവരെ ലഭിച്ച പരാതികളുടെ എണ്ണം ബന്ധപ്പെട്ട വെബ്സൈറ്റിൽ ഇപ്പോഴും ലഭ്യമല്ല.
1960 കൾ മുതൽ സ്ത്രീധന നിരോധന നിയമം നിലവിലുണ്ടെങ്കിലും, അതായത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണെങ്കിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ എന്ന പോലെ കേരളത്തിലും നിർബാധം തുടരുന്ന ആചാരമായി സ്ത്രീധനം വളർന്നിരിക്കുന്നു. ജാതി കഴിഞ്ഞാൽ ഒരു പക്ഷെ ഇന്ത്യൻ ദേശീയ ഐക്യത്തിന്റെ ഏറ്റവും പ്രകടിതരൂപം സ്ത്രീധനത്തോടുള്ള ആർത്തിയും അതിന്റെ ഭാഗമായ മർദ്ദക സംവിധാനങ്ങളുമായിരിക്കും.
വിസ്മയ, ഉത്ര, സുചിത്ര… സ്ത്രീധന പീഡനത്തിന് ഇരയാകേണ്ടി വന്ന ഈ പെണ്‍കുട്ടികളുടെ ദുർവിധികൾ അവശേഷിപ്പിക്കുന്ന ചോദ്യങ്ങളെ ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കാനാവുക. ആഡംബരവും ധൂർത്തും, ദുരഭിമാനവും എല്ലാം ഒത്തുചേരുന്ന സാമൂഹ്യ വിരുദ്ധമായ ഒന്നായ വിവാഹ ആഘോഷങ്ങളുടെ അവിഭാജ്യഘടകമായി സ്ത്രീധനവും മാറിയിരിക്കുന്നു. മത-ജാതി വ്യതാസങ്ങളെയും സമ്പന്ന-ദരിദ്ര ഭിന്നതകളെയുമെല്ലാം അതിജീവിക്കുന്ന സാമൂഹ്യ വിരുദ്ധതയുടെ ചിഹ്നമായും സ്ത്രീധനത്തെ കാണാവുന്നതാണ്. വിവാഹവേളയിൽ ശരീരമാസകലം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചില്ലെങ്കില്‍ അതൊരു കുറവായി കാണുന്ന പെണ്‍കുട്ടികളും, മാതാപിതാക്കളും സ്വര്‍ണ്ണവും, സ്വത്തും തങ്ങളുടെ അവകാശമാണെന്ന് കരുതുന്ന ആണ്‍കുട്ടികളും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ മുന്നേറ്റം കൈവരിച്ചുവെന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം തിരിച്ചറിയുന്നതിനുള്ള ഏറ്റവും നല്ല ഉപാധികളായി വിവാഹപ്പരസ്യങ്ങൾ മുതൽ വിവാഹചടങ്ങുകൾ വരെ ഉള്ളവയെ കാണാനാവും. കേരളത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ അത്രയൊന്നും പുരോഗമന മുന്നേറ്റങ്ങൾ നടന്നിട്ടില്ലാത്ത മറ്റ് സംസ്ഥാനങ്ങളില്‍ എന്താകും സ്ഥിതിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
1961 ല്‍ നിയമം മൂലം നിരോധിക്കപ്പെട്ട സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരു നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയാനുള്ള വിവേകം ഇനിയും കൈവരിച്ചിട്ടില്ലെന്നുള്ള പരിദേവനങ്ങൾ കൊണ്ട് മാത്രം ഈ വിഷയത്തെ മനസ്സിലാക്കുവാനാവില്ല. സമൂഹത്തിൽ ആണ്ടിറങ്ങിയ ആണധികാര ബോധവും അതുമായി ബന്ധപ്പെട്ട സാമൂഹ്യ-സാംസ്‌കാരിക ശീലങ്ങളും ഈ വിഷയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നു. സ്വകാര്യ-കുടുംബ സ്വത്തിന്റെയും ആസ്തികളുടെയും പിന്തുടർച്ചാവകാശം രൂപപ്പെട്ടതിന്റെ സാമൂഹ്യ സാഹചര്യങ്ങൾ കാലഹരണപ്പെട്ടിട്ടും അവ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ നിലനില്കുന്നതിന്റെ രഹസ്യം തുടങ്ങിയ നിരവധി വിഷയങ്ങൾ സ്ത്രീധനമെന്ന വിപത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കനുസരിച്ച്, 2021 ല്‍ 13,534 കേസുകളാണ് സ്ത്രീധന നിരോധന നിയമപ്രകാരം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത 10,046 കേസുകളില്‍ നിന്ന് 25 ശതമാനം വര്‍ധനവാണ് 2021 ല്‍ എന്നത് ഇന്ത്യന്‍ ജനത സ്ത്രീധനത്തിന്റെ ദുരാഗ്രഹത്തില്‍ നിന്ന് തെല്ലും പിന്തിരിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണ്. സ്ത്രീധന മരണങ്ങളുടെ കണക്കെടുത്താല്‍, 2020 നെ അപേക്ഷിച്ച് 3.85% എണ്ണത്തില്‍ കുറവുണ്ടായി എന്നത് നിലവിലെ സാമൂഹികാവസ്ഥയില്‍ വലിയ പ്രതീക്ഷ നല്‍കാവുന്ന ഒന്നല്ല. 1980 കളുടെ തുടക്കം വരെ സ്ത്രീധന മരണം കേരളത്തില്‍ അജ്ഞാതമായിരുന്നു. ഇന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീധന മരണങ്ങളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ അതേ സമയം സ്ത്രീധനം കൊടുക്കുന്നതും സ്വീകരിക്കുന്നതും ക്രിമിനല്‍ കുറ്റമായി തുടരുന്നുണ്ടെങ്കിലും സ്ത്രീധനം വ്യാപകമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിയമം അനുസരിക്കുന്നവര്‍ എന്ന് പറയപ്പെടുന്ന ഒരു വലിയ വിഭാഗം ആളുകള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും മറവില്‍ ന്യായീകരിക്കപ്പെടുന്നതോടെ അവ അംഗീകരിക്കപ്പെടുക കൂടി ചെയ്യുന്നു. സ്ത്രീധനം സ്‌നേഹ സമ്മാനമെന്ന ഓമനപ്പേരു ചൊല്ലി വിളിക്കപ്പെടുന്നു.
ഇത്തരം മിഥ്യാധാരണകള്‍ സൃഷ്ടിക്കുന്നതില്‍ ജ്വല്ലറി പരസ്യങ്ങള്‍ വഹിക്കുന്ന സ്ഥാനം ചെറുതല്ല. പ്രമുഖ ജ്വല്ലറി പരസ്യങ്ങള്‍ പെണ്‍കുട്ടികളുടെ മനസ്സിലേക്ക് 'അന്തസ്സുള്ള' വിവാഹം ഇങ്ങനെയാകണമെന്നുള്ള കണ്‍സെപ്റ്റ് രൂപപ്പെടുത്തിയെടുക്കുന്നതിനു കാരണമാവുന്നു. ബാധ്യതകളൊന്നുമില്ലാതെ 50,000 രൂപ കിട്ടിയാല്‍ എന്തു വാങ്ങും എന്ന ചോദ്യത്തിന്, ഗ്രാമങ്ങളില്‍ പ്രായവ്യത്യാസമില്ലാതെ ജനം സ്വര്‍ണം വാങ്ങുമെന്ന ഉത്തരത്തിനു മുന്‍തൂക്കം നല്‍കിയെന്നു ഗോള്‍ഡ് കൗണ്‍സില്‍ പഠനരേഖ പറയുന്നു. ബ്രൈഡല്‍ വസ്ത്രങ്ങളുടെ പരസ്യങ്ങളുടെയും അതിപ്രസരം ഇന്ന് നാം കാണുന്നു. സ്വര്‍ണ്ണം പോലെ തന്നെ വില കൂടിയ ബ്രൈഡല്‍ വസ്ത്രങ്ങളും വിവാഹ ചടങ്ങുകളില്‍ ഒഴിച്ചു കൂടാനാകാത്ത ആഡംബര ചിഹ്നമാണ്. പതിനായിരങ്ങള്‍ വിലയുള്ള ബ്രൈഡല്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമായി സാഹചര്യമില്ലാത്തവര്‍ക്ക് വസ്ത്രം വാടകയ്ക്ക് എടുക്കാനുള്ള സംവിധാനവും ഇന്ന് കേരളത്തിലുള്‍പ്പെടെ പലയിടങ്ങളിലുമുണ്ട്. നമ്മുടെ ദുരഭിമാനത്തിന്റെ മറ്റൊരു ചിഹ്നം.
'മാട്രിമോണി' എന്ന വാക്ക് തന്നെ സ്ത്രീയിലേയ്ക്കും സ്ത്രീധനത്തിലേക്കും വിരല്‍ചൂണ്ടുന്നു. ലളിതമായ മാട്രിമോണിയല്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ ഒഴിവാക്കി ഹൈബ്രിഡ് മാട്രിമോണിയല്‍ പരസ്യങ്ങള്‍ തിരഞ്ഞെടുക്കുക വഴി ഒരാളുടെ സാമ്പത്തിക നില തന്നെ വിലയിരുത്തുന്ന രീതി നിലവിലുണ്ടെന്ന് ഗുരു ജംഭേശ്വര്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെകിലെ ഗവേഷകയായ തഞ്ജും കാംബോജ് തന്റെ പഠനത്തില്‍ പറയുന്നുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് വിവാഹമെന്ന സങ്കല്‍പ്പം തന്നെ മാറ്റിമറിച്ച കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളിലേക്കാണ്. രണ്ടു പേര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്ന ഒരു ദിനം എന്നതിനപ്പുറം തന്റെ ജീവിതത്തിന്റെ എല്ലാം തീരുമാനിക്കുന്ന ദിനമാണ് വിവാഹം എന്ന തെറ്റിദ്ധാരണകളിൽ നിന്നും, അവകാശമാണ് സ്ത്രീധനം ആർത്തികളിൽ നിന്നും സ്വയം മോചിതരാവുന്ന സാഹചര്യത്തിലാണ് സ്ത്രീധനമെന്ന സാമൂഹ്യ വിരുദ്ധത അവസാനിക്കുക.
സ്ത്രീധന നിരോധന നിയമത്തിന് കീഴില്‍ നിയമിതരായ ഓഫീസർമാരുടെ സുപ്രധാന ചുമതലകൾ.
അപേക്ഷ ലഭിച്ച് 3 പ്രവര്‍ത്തി ദിവസത്തിനകം Dowry Prohibition Officer/ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടുന്നതാണ്.
പോലീസിന്റെയും, നിയമവിദഗ്ധരുടെയും ഉപദേശം, സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ പരാതിക്കാർക്ക് ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന കാതോര്‍ത്ത് പദ്ധതി മുഖേനെ സഹകരിച്ച് അവ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് മാധ്യമങ്ങളും സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെ സ്ത്രീധനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.
നിയമത്തിലോ ചട്ടങ്ങളിലോ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മേൽനോട്ട പരിശോധനകളും അന്വേഷണങ്ങളും നടത്തുക.
എല്ലാ പരാതികളും അന്വേഷണങ്ങളും അവയുടെ ഫലങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും രേഖപ്പെടുത്തുന്നതിന് രജിസ്റ്ററുകൾ പരിപാലിക്കുക.
ആക്‌ട് പ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യത്തെ കുറിച്ചുള്ള പരാതികൾ ആക്രമിക്കപ്പെട്ട വ്യക്തികളുടെ കക്ഷിയിൽ നിന്നോ മറ്റേതെങ്കിലും വ്യക്തിയിൽ നിന്നോ സംഘടനകളിൽ നിന്നോ സ്വീകരിക്കുക .
ഉപദേശക സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുക.