ഇലന്തൂര്‍ നരബലി - പണം, അന്ധവിശ്വാസം, ലൈംഗിക വൈകൃതം
PHOTO: WIKI COMMONS
ലൈംഗിക വൈകൃതവും അന്ധവിശ്വാസവും ചേര്‍ന്നുണ്ടായ കുറ്റകൃത്യം. കേരളത്തില്‍ ഇന്ന് ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങളിലൊന്നായ നരബലി കേസിനെ ചുരുക്കത്തില്‍ ഇങ്ങനെ നിര്‍വ്വചിക്കാം. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. കേസിന് ആസ്പദമായ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാനുള്ള അന്വേഷണം തുടരുകയാണ് പോലീസ്.
എറണാകുളം ജില്ലയിലെ കടവന്ത്ര, കാലടി എന്നിവിടങ്ങളില്‍ നിന്ന് കാണാതായ സ്ത്രീകളെയാണ് പ്രതികള്‍ മൂവരും ചേര്‍ന്ന് ബലി നല്‍കിയതായി പോലീസ് പറയുന്നത്. ഇരകളായ സ്ത്രീകള്‍ ഇരുവരും ലോട്ടറി വില്‍പ്പക്കാരായിരുന്നു. കടവന്ത്രയില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി പത്മം (56), കാലടിയില്‍ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസിലി (49). ഇവരില്‍ റോസിലിയെ കാണാതായത് ആറു മാസം മുമ്പാണ്. സെപ്റ്റംബര്‍ 26 നാണ് പത്മത്തെ കാണാതായത്. പത്മത്തെ കാണാനില്ലെന്ന പരാതി ലഭിച്ച് കേസന്വേഷിക്കുന്ന വേളയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ടായ സംശയമാണ് വിശദമായ അന്വേഷണങ്ങളിലേക്കും തുടര്‍ന്ന് കേസിലെ കുരുക്കുകള്‍ അഴിക്കുന്നതിലേക്കും നയിച്ചത്. എറണാകുളം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരന്‍ അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍, പത്മത്തെ കയറ്റിക്കൊണ്ട് പോയ സ്‌കോര്‍പിയോ കാര്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നീ വിവരങ്ങള്‍ അരിച്ചുപെറുക്കിയാണ് പോലീസ് അന്വേഷണം നടത്തിയത്.
സംഭവം നരബലിയാണെന്ന് പുറത്ത് വന്നതോടെ, കേരളത്തിലാകെ പല തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു കഴിഞ്ഞു. മന്ത്രവാദത്തിനും അനാചാരങ്ങള്‍ക്കും എതിരായ നിയമ നിര്‍മ്മാണം നടത്തണം എന്ന ആവശ്യവും വ്യാപകമാണ്. എന്നാല്‍ പ്രതികള്‍ ചേര്‍ന്ന് നടത്തിയ ഒരു കുറ്റകൃത്യമെന്ന നിലയിലാണ് നിയമവും നീതിപീഠവും ഈ പ്രവൃത്തിയെ കാണുന്നത്. ഒരു മനുഷ്യ പ്രവൃത്തി കുറ്റകൃത്യമാകുതിനുള്ള സുപ്രധാന ചേരുവകള്‍ പോലീസും കോടതിയും ഈ കേസിലും തിരയും: മെന്‍സ് റിയ അഥവാ കുറ്റം ചെയ്യുന്നതിനുള്ള മാനസികമായ ഒരുക്കവും, ആക്റ്റസ് റിയസ് അഥവാ പ്രവൃത്തിയിലൂടെയുള്ള പൂര്‍ത്തീകരണവും.
കൊലപാതകികളായ വ്യക്തികളെല്ലാം തന്നെ ചെയ്യുന്നത് ഒരേ പ്രവൃത്തിയാണ്. കുറ്റകരമായ ലക്ഷ്യത്തോടെ മറ്റൊരു മനുഷ്യന്റെ ജീവന്‍ അപഹരിക്കുന്നു. എന്നാല്‍ കുറ്റം ചെയ്യുന്നതിന് പിന്നില്‍ പലതരം ഉദ്ദേശ്യങ്ങളാണ് കാണാനാവുക. നരബലി കേസിനെ വ്യത്യസ്തമാക്കുന്നതും അതിന് പിന്നിലെ പ്രതികളുടെ ലക്ഷ്യവും ഉദ്ദേശ്യങ്ങളും തന്നെ. സാധാരണ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന കൊലപാതക കേസുകളില്‍ കാണാന്‍ സാധിക്കാത്ത മന്ത്രവാദം, സാമ്പത്തിക അഭിവൃദ്ധിക്കായുള്ള ബലി എന്നിവ നരബലി കേസില്‍ കാണാം. അതോടൊപ്പം മനുഷ്യ മാംസം പാകം ചെയ്തു ഭക്ഷിച്ചു എന്ന ആരോപണങ്ങളും ഉയരുന്നതുകൊണ്ടാണ് ഈ കേസ് സാധാരണയിലധികം ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. റോസിലി, പത്മം എന്നീ രണ്ട് ഇരകളെ കൊല്ലുന്നതിലേക്ക് നയിച്ച സാഹചര്യവും, പോലീസ് അന്വേഷണത്തില്‍ ഇതുവരെ പുറത്തുവന്ന ആരോപണങ്ങളും നോക്കാം.
നരബലി കേസില്‍ ഇരകളായ രണ്ട് സ്ത്രീകളും ലോട്ടറി വില്‍പ്പനക്കാരാണ്. ഒന്നാം പ്രതി ഷാഫിയാണ് ഇവരെ രണ്ട് പേരെയും പല രീതികളില്‍ ആകര്‍ഷിച്ച് ഇലന്തൂരിലെ വീട്ടില്‍ എത്തിക്കുന്നത്. ഷാഫിയുടെ സ്വഭാവപരമായ പ്രത്യേകതകളാണ് ഇതിന് സഹായിച്ചതെന്നാണ് പോലീസ് ഭാഷ്യം. കേരളത്തില്‍ പലയിടത്ത് താമസിക്കുകയും പലതരം ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്ത ആളാണ് ഷാഫി. താമസിക്കുന്ന ഇടങ്ങളിലെല്ലാം വഴിയോര കച്ചവടക്കാരായും മറ്റും അടുത്ത ബന്ധമുണ്ടാക്കുന്നതില്‍ ഇയാള്‍ക്ക് മിടുക്കുണ്ട്. എറണാകുളത്തും, താമസിക്കുന്ന ഇടത്തെ എല്ലാ ലോട്ടറി വില്‍പ്പനക്കാരുമായി ഷാഫി അടുത്ത സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കുറ്റകൃത്യം നടന്ന ഇലന്തൂരിലെ വീട്ടില്‍ താമസിക്കുന്ന ദമ്പതികളായ ലൈലയും ഭഗവല്‍ സിംഗും യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്.
മൂന്നിലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സ്വന്തമായുണ്ടായിരുന്നു ഷാഫിക്ക്. അവയിലൊന്നിലൂടെയാണ് കൂട്ടുപ്രതിയായ ഭഗവല്‍ സിംഗുമായി ബന്ധം സ്ഥാപിക്കുന്നത്. സമ്പല്‍ സമൃദ്ധിക്കായുള്ള കുറുക്ക് വഴികള്‍ വാഗ്ദാനം ചെയ്ത് ഭഗവലുമായുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. 2019 മുതല്‍ ഇരുവരും ഫേസ്ബുക്കിലൂടെ സംവദിക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. കടബാധ്യതകള്‍ ഉണ്ടായിരുന്ന ഭഗവല്‍ സിംഗിനെയും ലൈലയെയും മന്ത്രവാദത്തിലൂടെ എളുപ്പത്തില്‍ ധനികരാക്കാമെന്ന വാഗ്ദാനത്തില്‍ ഷാഫി കുരുക്കി. മന്ത്രവാദ ക്രിയകളുടെ ഭാഗമായി നരബലി നടത്തണമെന്നും ഷാഫി ഇരുവരെയും പറഞ്ഞ് ധരിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ അറിയാനാകുന്നു.
അതിന് ശേഷമാണ് ജൂണ്‍ മാസത്തില്‍ റോസിലിയെ ഇലന്തൂരിലെത്തിക്കുന്നത്. എന്നാല്‍ റോസിലിയെ 'ബലി' നല്‍കിയത് തൃപ്തികരമായില്ലെന്നും മന്ത്രവാദ ചടങ്ങുകളുടെ പൂര്‍ത്തീകരണത്തിനായി ഒരാളെ കൂടി കൊല്ലണമെന്നും ഷാഫി ഭഗവലിനെയും ലൈലയെയും ധരിപ്പിച്ചു. പിന്നീട് സെപ്റ്റംബറില്‍ പത്മത്തെയും സാമ്പത്തിക ലാഭമുള്ള തൊഴില്‍ നല്‍കാമെന്ന വാഗ്‌ദാനം നല്‍കി ഇലന്തൂരില്‍ എത്തിക്കുകയായിരുന്നു. ഇരകളായ സ്ത്രീകളെ നീല ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
കൊലപാതകത്തിന്റെ രീതികള്‍ വളരെ ക്രൂരമായിരുന്നു എന്നാണ് ഇതുവരെയുള്ള പോലീസ് വെളിപ്പെടുത്തലുകളില്‍ നിന്ന് മനസ്സിലാവുന്നത്. കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയും ആന്തരിക അവയവങ്ങള്‍ കാര്‍ന്നെടുക്കുകയും ചെയ്തു. ഷാഫിയുടെ ലൈംഗിക വൈകൃതത്തിനും കൊല്ലപ്പെട്ടവര്‍ ഇരയായിരുന്നു. സ്ത്രീകളുടെ മാറിടം അറുത്ത് മാറ്റുകയും, സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് മുറിപ്പെടുത്തുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരുടെ ശരീരം പ്രതികള്‍ ചേര്‍ന്ന് 56 കഷ്ണങ്ങളായി മുറിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരകളുടെ ശരീരത്തില്‍ നിന്ന് വാര്‍ന്നൊഴുകിയ രക്തം ദമ്പതികളുടെ വീട്ടിലാകെ തളിച്ചും മന്ത്രവാദ ക്രിയകള്‍ നടത്തി. ഒന്നാം പ്രതി ഷാഫിയുടെ പേരില്‍ സംസ്ഥാനത്ത് പലയിടത്തായി അനേകം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 2020 ല്‍ എറണാകുളം ജില്ലയിലെ കോലഞ്ചേരി പാങ്കോട്, 75 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാസവും അനുഭവിച്ചു. ഈ സത്രീയെ പീഡിപ്പിക്കുന്ന വേളയില്‍ അവരുടെ ശരീരത്തിലുണ്ടാക്കിയതിന് സമാനമായ മുറിവുകള്‍ നരബലി കേസിലെ ഇരകളിലും കാണാനായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി നാഗരാജു അറിയിച്ചു. 50 വയസ്സിന് മുകളിലുള്ള ലൈംഗിക തൊഴിലാളികളായ സത്രീകള്‍ ഇയാളുടെ ക്രൂരതക്ക് ഇരകളായിട്ടുണ്ട് എന്നും ഇയാള്‍ ഇത്തരം പീഡനത്തില്‍ ആനന്ദം കണ്ടെത്തുന്ന ആളാണെന്നും പുത്തന്‍കുരിശ് എസ് എച്ച് ഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകളോട് പ്രതിക്കുള്ള വികൃതമായ മനോഭാവമാണ് ഇത് സൂചിപ്പിക്കുന്നത്. ഷാഫിയുടെ ഉള്ളിലുള്ള വൈകൃതങ്ങള്‍ ആകെയും ഇരകള്‍ക്ക് മേല്‍ കാണിക്കുവാനുളള അവസരമായി മന്ത്രവാദം-നരബലി എന്ന തട്ടിപ്പിലൂടെ സാധിച്ചു. മനുഷ്യരെ വേദനിപ്പിക്കുന്നതില്‍ ആനന്ദം ലഭിക്കുന്ന തികഞ്ഞ സാഡിസ്റ്റ് ആണ് ഷാഫി എന്ന് നരബലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെടുന്നു.
'Habitual Offender' ആയ ഷാഫി പങ്കാളിയായ അനേകം കുറ്റകൃത്യങ്ങളില്‍ ഒന്ന് മാത്രമാണ് നരബലി, ഒരുപക്ഷെ അവയില്‍ ഏറ്റവും ക്രൂരവും നീചവുമായത്. എന്നാല്‍ ഭഗവല്‍ സിംഗിന്റെയും ഭാര്യ ലൈലയുടെയും കാര്യം അങ്ങനെയല്ല. പാരമ്പര്യ വൈദ്യനാണ് ഭഗവല്‍ സിംഗ്. ഇലന്തൂരില്‍ തിരുമ്മല്‍ കേന്ദ്രം നടത്തുകയും സാമൂഹ്യ കാര്യങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇയാള്‍ സജീവ സിപിഎം പ്രവര്‍ത്തകന്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ 13 ലക്ഷത്തോളം വരുന്ന കടബാധ്യത ഇയാള്‍ക്കും ഭാര്യക്കും ഉള്ളതായാണ് പോലീസ് അന്വേഷണത്തില്‍ വെളിവാകുന്നത്. ഈ സാമ്പത്തിക പ്രശ്നമാകാം ധന സമ്പാദനത്തിനുള്ള കുറുക്ക് വഴികള്‍ തിരയുന്നതിലേക്ക് ഇരുവരെയും നയിച്ചത്. ഷാഫി കൈകാര്യം ചെയ്തിരുന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍, ധനം ആര്‍ജിക്കുതിനുള്ള എളുപ്പ വഴികള്‍ എന്ന പരസ്യം കണ്ടാണ് ഭഗവല്‍ സിംഗ് സമീപിക്കുന്നത്. ഒരു സ്ത്രീയുടെ പേരിലായിരുന്ന അക്കൗണ്ടിലൂടെ മന്ത്രവാദിയുടേത് എന്ന മട്ടില്‍ ഷാഫി സ്വന്തം ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു.
എന്നാല്‍ 'മന്ത്രവാദിയുടെ' നീക്കങ്ങള്‍ നരബലിയിലേക്ക് നീങ്ങിയപ്പോഴും അതില്‍ നിന്ന് പിന്‍വാങ്ങാനുള്ള ശ്രമം ഇരുവരും നടത്തിയില്ല. മാത്രമല്ല, ഇപ്പോള്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ട് കൊലപാതകങ്ങളിലും ഇരുവരും ഷാഫി നടത്തിയ എല്ലാ നീക്കങ്ങളുടെയും കൂടെ നിന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല കൊല്ലപ്പെട്ട മനുഷ്യരുടെ മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചു, ഉപ്പിലിട്ട് സൂക്ഷിച്ചു എന്ന ആരോപണങ്ങളും ഇരുവരും വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നില്ല എന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. അത് കൂടാതെ മറ്റ് രണ്ട് സ്ത്രീകളെയും കെണിയിലാക്കി കൊലപ്പെടുത്താനുള്ള ശ്രമം ദമ്പതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി സംശയിക്കപ്പെടുന്നു. അടൂര്‍ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയായ സ്ത്രീയോട് ലൈല വീട്ടില്‍ കയറി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ ജോലിക്കെത്തിയ മറ്റൊരു സ്ത്രീ കട്ടിലില്‍ കെട്ടിയിടാനുള്ള ശ്രമത്തില്‍ നിന്ന് രക്ഷപെട്ട് ഓടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളും പോലീസ് കസ്റ്റഡിയിലാണ്. വിശദമായ ചോദ്യം ചെയ്യലും കുറ്റകൃത്യവുമായി ബന്ധമുള്ള ഇടങ്ങളില്‍ നേരിട്ടെത്തിയുള്ള തെളിവെടുപ്പും പുരോഗമിക്കുകയാണ്. നിയമപരമായ നടപടികളും കോടതയിലെ വിചാരണയും പൂര്‍ത്തിയായ ശേഷം മാത്രമേ പ്രതികളുടെ ചെയ്തികളുടെ പൂര്‍ണ്ണ ചിത്രം ലഭിക്കുകയുള്ളൂ. ഒരു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്കുണ്ടായ പിഴവുകളും നരബലി കേസില്‍ പ്രകടമായി. സെന്‍സേഷണലായ വാര്‍ത്ത നല്‍കാനുള്ള വ്യഗ്രതയില്‍ അടിസ്ഥാനപരമായ ശാസ്ത്ര യുക്തി പോലും മാധ്യമങ്ങള്‍ക്ക് കൈമോശം വന്നോ എന്ന സംശയം പലപ്പോഴും ഉയര്‍ന്നു. കൊല്ലപ്പെട്ടവരുടെ ആന്തരിക അവയവങ്ങള്‍ പ്രതികള്‍ കാര്‍ന്നെടുത്തു എന്ന വിവരം ലഭിച്ചയുടന്‍ 'അവയവ മാഫിയ ബന്ധം' എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ പിറന്നു. എന്നാല്‍, അവയവമാറ്റം എന്ന മെഡിക്കല്‍ പ്രക്രിയ എത്രയധികം സങ്കീര്‍ണ്ണമാണെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തവര്‍ മറന്നു എന്നത് ദൗര്‍ഭാഗ്യകരമായി.
നരബലിയെന്ന ക്രൂരകൃത്യത്തിന് കേരളം മുമ്പും സാക്ഷ്യം വഹിച്ചിച്ചുണ്ട്. ഇത്തരത്തില്‍ ആദ്യത്തെ കേസ് 1955 ല്‍ ആണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കരുതുന്നു. തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസ്സുകാരനാണ് അന്ന് ക്രൂരകൃത്യത്തിന് ഇരയായത്. കഴിഞ്ഞ വര്‍ഷവും നരബലിയുമായി ബന്ധപ്പെട്ട കേസ് കേരളത്തിലുണ്ടായി. 2021 ഫെബ്രുവരിയില്‍ പാലക്കാട് ജില്ലയിലാണ് അമ്മ ആറ് വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദൈവത്തിനുള്ള ബലിയായാണ് മകനെ കൊന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. ദേവപ്രീതി, ധനാകര്‍ഷണം, ഇഷ്ട കാര്യസാധ്യം എന്നീ കാരണങ്ങള്‍ക്കാണ് കൂടുതലായും ബലിയെന്ന പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത്. മതത്തെയും ആത്മീയതയെയും മനുഷ്യര്‍ മനസ്സിലാക്കുന്നതിലെ പിഴവോ, ദൈവവിശ്വാസം മനുഷ്യ യുക്തിയെ പൂര്‍ണ്ണമായി തമസ്‌കരിക്കുന്ന നിലയിലേക്ക് അധഃപതിക്കുന്നതോ ആവാം ഈ ദുരവസ്ഥയ്ക്ക് കാരണം.
നരബലിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലുള്ള പലരും ഞെട്ടല്‍ പ്രകടപ്പിക്കുകയുണ്ടായി. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയത്. മന്ത്രവാദത്തിനും അനാചാരങ്ങള്‍ക്കും എതിരായി നിയമം കൊണ്ടുവരുന്നതിനുള്ള നടപടികളുണ്ടാവുമെന്ന് രാഷ്ട്രീയ രംഗത്തുള്ളവര്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ നിയമത്തേക്കാള്‍ അധികമായി വേണ്ടത് സാമൂഹ്യ ജാഗ്രത തെന്നയാണ്. മനുഷ്യ അന്തസ്സ് പോലും പണവുമായി ബന്ധപ്പെട്ട് അളക്കപ്പെടുന്ന ആധുനിക സാമൂഹ്യ വ്യവസ്ഥയില്‍, പണം ഉണ്ടാക്കുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗങ്ങളിലേക്ക് ജനങ്ങള്‍ വീണുപോകുന്നതിനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാഹചര്യത്തില്‍ യുക്തിചിന്ത, മത നവീകരണം എന്നിവയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. നിയമപരമായ മുന്നൊരുക്കങ്ങളും സാമൂഹ്യ പരിഷ്‌കരണവും കൈകോര്‍ത്ത് മുന്നേറുന്നതിലൂടെ മാത്രമേ ഇത്തരം പ്രവണതകളെ തോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണ് ചരിത്രം കേരളത്തിന് നല്‍കുന്ന പാഠം.
സാധാരണ കുറ്റകൃത്യം എന്നതിലുപരിയായി സാമൂഹ്യവും സാമ്പത്തികവും മതപരവുമായ അന്വേഷണങ്ങള്‍ക്കും പുനര്‍ചിന്തനങ്ങള്‍ക്കും പ്രേരിപ്പിക്കുന്നു എന്നതാണ് നരബലി കേസിന്റെ പ്രാധാന്യം. ഒരു കുറ്റകൃത്യത്തിലെ ക്രൂരതയുടെ കഥകള്‍ വെളിവാക്കുന്നതോടൊപ്പം അതിന് പ്രതികളെ പ്രേരിപ്പിച്ച ഘടകങ്ങളും ചിന്തയെ ക്ഷണിക്കുന്നു. ലൈംഗിക വൈകൃതവും മരവിച്ച മനസ്സാക്ഷിയുമുള്ള ഒരാള്‍ക്ക് അന്ധവിശ്വാസങ്ങളെയും പണക്കൊതിയും ഉപയോഗപ്പെടുത്തി എത്രയെളുപ്പം കൂട്ടാളികളെ തരപ്പെടുത്താന്‍ സാധിച്ചെന്നും, യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാതെ അവര്‍ ചേര്‍ന്ന് രണ്ട് മനുഷ്യരെ അതിക്രൂരമായി കൊന്നു എന്നുമുള്ള വസ്തുത സമൂഹത്തെയാകെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളം എക്കാലവും ഓര്‍ത്തിരിക്കുന്ന ക്രൂരകൃത്യങ്ങളുടെ കൂട്ടത്തില്‍ ഇത്തരം സവിശേഷതകളുള്ള ഇലന്തൂരിലെ നരബലിയും ഉണ്ടാകുമെന്ന് നിസ്സംശയം പറയാം.