TMJ
searchnav-menu
post-thumbnail

Crime

സ്ത്രീ സുരക്ഷിതയോ? പൊതുസമൂഹത്തിലും, സ്വന്തം വീടുകളിലും!

08 Oct 2022   |   1 min Read
അനിറ്റ് ജോസഫ്‌

REPRESENTATIONAL IMAGE

കേരളത്തില്‍ മാത്രമല്ല ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടിയ സംഭവമാണ് കേരളത്തിലെ പ്രമുഖ നടിക്ക് നേരെ നടന്ന ആക്രമണം. ഹിംസാത്മകമായ ആണധികാര ബോധത്തില്‍ വേരുറച്ച തിന്മകളെല്ലാം ഒത്തുചേരുന്ന ലക്ഷണയുക്തമായ ക്രിമിനല്‍ പ്രവര്‍ത്തനമായി അതിനെ കാണാവുന്നതാണ്. നിലവിലുള്ള നീതിനിര്‍വ്വഹണ സംവിധാനങ്ങളുടെ പരിഗണനകളില്‍ വരാത്ത ഒന്നായിരുന്നു അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ക്രിമിനല്‍ ആസൂത്രണ ബുദ്ധി. നീതിനിര്‍വ്വഹണ സംവിധാനങ്ങളുടെ പരികല്‍പനകളുടെയും അളവുകോലുകളുടെയും അപര്യാപ്തതകള്‍ വെളിപ്പെടുത്തുന്നതാണ് പ്രസ്തുത കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഇതു വരെയുള്ള കോടതി വ്യവഹാരങ്ങളും. സമാനമായ ലൈംഗിക അതിക്രമങ്ങള്‍ മുന്‍പും നടന്നതായുള്ള, ഭാഗികമായെങ്കിലുമുള്ള റിപ്പോര്‍ട്ടുകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് സ്ഥലകാല സീമകളെ മറികടക്കുന്ന തരത്തില്‍ സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തുന്ന ഒന്നായി ലൈംഗിക ആക്രമണങ്ങള്‍ പരിവര്‍ത്തനപ്പെടുന്നതിന്റെ സാഹചര്യങ്ങളെ വിലയിരുത്താനും അവ സൃഷ്ടിക്കുന്നുവെന്ന് പറയുന്ന അവമതിപ്പുകളെ മറിക്കടക്കാനും നാം പ്രാപ്തരാവുക. അക്രമത്തിന്റെ സ്ഥലകാല സീമകളില്‍ മാത്രമായി അവസാനിക്കുന്ന ഹീനതയെന്നതില്‍ നിന്നും അതിന്റെ ഇരയെ നിരന്തരം ഓര്‍മിപ്പിക്കുന്ന, പുനഃസൃഷ്ടിക്കാവുന്ന ഒന്നായി ലൈംഗികമായ ആക്രമണത്തെ മാറ്റി തീര്‍ത്തതാണ് നടിയുടെ നേരെ നടന്ന ആക്രമണത്തെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്നത്.

സ്ത്രീകളും, ഭിന്ന ലൈംഗികാഭിരുചിക്കാരും അനുഭവിക്കുന്ന വിവേചനങ്ങളും, മര്‍ദ്ദനങ്ങളും അധീശ-വിധേയ ബന്ധങ്ങളുടെ ആദിരൂപങ്ങളിലൊന്നായി തിരിച്ചറിയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ തിരിച്ചറിവുകള്‍ സൃഷ്ടിച്ച ഉണര്‍വുകള്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെങ്കിലും വിവേചനങ്ങളും മര്‍ദ്ദനങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും തുടരുന്നുവെന്നതില്‍ തര്‍ക്കമില്ല. ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി അതിനായി ഉപയോഗപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു നടിയുടെ നേരെ ഉണ്ടായ ആക്രമണം. ഭാഷാപരമായ പ്രയോഗങ്ങള്‍ മുതല്‍ ശാരീരികമായ ഉന്മൂലനം വരെ വിവിധ രൂപങ്ങളില്‍ ആവര്‍ത്തിക്കുന്ന ഹീനതകളുടെ മധ്യത്തില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും സ്ത്രീ സുരക്ഷയും സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായി മാറുന്ന സാഹചര്യം ആഗോളതലത്തില്‍ ഉടലെടുത്തു. കേരളവും അതില്‍ നിന്നും ഭിന്നമല്ലെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന മര്‍ദ്ദനവും, ചൂഷണവും, വിവേചനവും നൂറ്റാണ്ടുകളായി തുടരുന്നവയാണെങ്കിലും അതിനെ രേഖീയമായ ഒന്നായി കാണാനാവില്ല. സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള ചെറുത്തുനില്‍പ്പുകള്‍ രൂപപ്പെട്ടതും വികാസം പ്രാപിക്കുന്നതും അനുസരിച്ച്, മര്‍ദന-ചൂഷണ-വിവേചന സംവിധനങ്ങളിലും അവ നടപ്പിലാക്കുന്ന രീതികളിലും മാറ്റങ്ങള്‍ വരുന്നതിനെ ഇപ്പോള്‍ വ്യക്തമായി തിരിച്ചറിയിനാവുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റു തരത്തിലുള്ള ചൂഷണങ്ങളും മര്‍ദ്ദക സംവിധാനങ്ങളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഇപ്പോള്‍ അവഗണിക്കാനാവാത്ത വിഷയമായി മാറിയിരിക്കുന്നു. സാമ്പത്തികമായ അന്തരം, വംശീയത, ജാതി, മതപരമായ വിവേചനം, തുടങ്ങിയ നിരവധി ഘടകങ്ങളും സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍ക്ക് നിദാനമാവുന്നതായി കാണാവുന്നതാണ്.

Representational image: Wiki commons

പൊതു സമൂഹത്തിലും സ്വന്തം വീടുകളിലും സ്ത്രീകളുടെ സുരക്ഷ എന്ന വിഷയം സജീവമാവുന്ന സാഹചര്യം ഇതാണ്. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുമ്പോഴും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ പുറംപൂച്ചുകളെ തുറന്നുകാട്ടിയ പീഡനപരമ്പരകളായിരുന്നു സൂര്യനെല്ലി, വിതുര, കിളിരൂര്‍, കവിയൂര്‍ തുടങ്ങിയ കേസുകള്‍. കേരളത്തില്‍ വളരെ വ്യാപകമായി നിലനില്‍ക്കുന്ന ലൈംഗിക വാണിജ്യ വിപണിയുടെ സാന്നിധ്യമാണ് ഇത്തരം കേസുകളുടെ അടിസ്ഥാനം. സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ പങ്കാളികളായ ഈ വാണിജ്യ സംവിധാനം വലിയ പോറലൊന്നും ഏല്‍ക്കാതെ നിലനില്ക്കുന്നതിന്റെ തെളിവാണ് നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന പീഡന സംഭവങ്ങള്‍.

കാലം മാറുന്നതനുസരിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ രീതികള്‍ മാറി വരുന്നതായി കാണാന്‍ കഴിയും. ലൈംഗിക ആക്രമണത്തിന് ശേഷം ട്രയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സൗമ്യ മുതല്‍ സിനിമ നടിയുടെ അവസ്ഥ വരെ അതിന്റെ തെളിവുകളാണ്. സ്ത്രീധനത്തെ ചൊല്ലി പാമ്പ് കടിയേറ്റ് മരിക്കേണ്ടി വന്ന ഉത്തരയും, ആത്മഹത്യ ചെയ്ത വിസ്മയയുമെല്ലാം ഈ പട്ടികയിലെ ഏറ്റവും പുതിയ അംഗങ്ങള്‍ ആണ്. ഇവരുടെ മരണങ്ങള്‍ക്ക് ശേഷവും കേരളം നിരവധി ആത്മഹത്യകള്‍ക്കും പീഡനങ്ങള്‍ക്കും സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീധനത്തെ ചൊല്ലിയുള്ള പരാതികളും പരിഭവങ്ങളും ഒരുകാലത്ത് മനസ്സിലൊതുക്കി നടന്നിരുന്നതില്‍ നിന്നും വ്യത്യസ്തമായി, തുറന്നു പറയുന്നതിന് പുതുതലമുറ ധൈര്യപ്പെടുമ്പോഴും സ്വന്തം ജീവനെടുക്കുന്ന തീരുമാനങ്ങള്‍ ആശങ്കയുളവാക്കുന്നു. വിദ്യാസമ്പന്നയാണെങ്കിലും അല്ലെങ്കിലും സാമ്പത്തിക ശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ക്രൂരതകള്‍ നേരിടുന്നതില്‍ തുല്യ ദുഃഖിതരാണ് സ്ത്രീകള്‍.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2020നെ അപേക്ഷിച്ച് 15.3 ശതമാനം കുറ്റകൃത്യങ്ങളാണ് 2021ല്‍ സ്ത്രീകള്‍ക്കെതിരെ സംഭവിച്ചിരിക്കുന്നത്. 3,71,503 കേസുകള്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ കേസുകള്‍ 4,28,278 ആയി ഉയര്‍ന്നു. ജനസംഖ്യയുടെ ഒരു ലക്ഷം ആളുകളില്‍ 56.5 ശതമാനം കേസുകളായിരുന്നു 2020ല്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2021ല്‍ ഇത് ഒരു പടി കൂടെ കടന്ന് 64.5 ശതമാനമായിരിക്കുന്നു. ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവയില്‍ 31.8 ശതമാനം കേസുകള്‍ ഭര്‍തൃപീഡനം അല്ലെങ്കില്‍ ബന്ധുക്കളുടെ പീഡനം മൂലമാണ്. സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയത് 20.8%, തട്ടികൊണ്ടുപോകല്‍ 17.6% ബലാത്സംഗം 7.4% എന്നിങ്ങനെ പോകുന്നു കണക്കുകള്‍.

സ്ത്രീധനം എത്ര നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ ജീവിതം വിലയിരുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടും. 2021ല്‍ ഇന്ത്യയിലാകമാനം 13,534 സ്ത്രീധന് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

കേരളത്തിലേക്ക് വന്നാല്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സര്‍വേ അനുസരിച്ച് 2021ല്‍ സ്ത്രീകള്‍ക്കെതിരെയുളള അക്രമം 16,199 കേസുകളില്‍ എത്തി നില്‍ക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വര്‍ഷം ഇതുവരെ 10,932 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ വിവിധ വിഭാഗങ്ങളിലായി പരിശോധിച്ചാല്‍ ഭര്‍ത്താവില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നുമുള്ള അക്രമങ്ങളാണ് കൂടുതല്‍; 2021ല്‍ 4,997 കേസുകള്‍. 2020ലെ 2,707 കേസില്‍ നിന്ന് 84% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2022ലും സ്ഥിതി വ്യത്യസ്തമല്ല. ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 3,059 കേസുകള്‍ പോലീസ് റെക്കോര്‍ഡുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.

സ്ത്രീധനമെന്ന വില്ലൻ

സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറ്റകൃത്യമായി പരിഗണിക്കപ്പെടുമ്പോഴും കേരള സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളിലൊന്നാണ് അത്. സ്ത്രീധനം എത്ര നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ ജീവിതം വിലയിരുത്തുന്ന സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനങ്ങള്‍ ആവര്‍ത്തിക്കപ്പെടും. 2021ല്‍ ഇന്ത്യയിലാകമാനം 13,534 സ്ത്രീധന് മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2020ല്‍ ഇതി 10,046 കേസുകളായിരുന്നു. 25% വര്‍ധനവാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്. 4,594 കേസുകളോടെ ഉത്തര്‍ പ്രദേശ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെലുങ്കാനയിലാണ് കൂടുതല്‍ കേസുകള്‍ (175) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കേരളാ പോലീസ് ക്രൈം റെക്കോര്‍ഡില്‍ കഴിഞ്ഞവര്‍ഷം 2021ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 6 കേസുകള്‍ മാത്രമാണ്. 2022 ജൂലൈ വരെയുളള കണക്കെടുത്താലും സമാനത നിലനിര്‍ത്തി 6 കേസുകള്‍ മാത്രം. ആളുകള്‍ പരാതി ബോധിപ്പിക്കാതെ ഒരാള്‍ക്കെതിരെയും കേസെടുക്കുന്നത് സാധ്യമല്ല. അതിനാല്‍ത്തന്നെ സമൂഹത്തില്‍ നടക്കുന്ന കുറ്റങ്ങളും പോലീസ് നടപടിയെടുക്കുന്ന കേസുകളുടെ എണ്ണവും തമ്മില്‍ വളരെ വ്യത്യാസമുണ്ടാകുമെന്ന് മലബാര്‍ ജേര്‍ണലിനോട് സംസാരിക്കവെ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിന്റെ ക്രൈം റിപ്പോര്‍ട്ടുകളില്‍ എണ്ണം കുറഞ്ഞിരിക്കുന്നതും സ്ത്രീധന കേസുകള്‍ തന്നെ. അവയൊക്കെ പുറത്തുവരുന്നത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ സ്വയം ജീവനെടുക്കുമ്പോള്‍ മാത്രമാണ്.

Photo: keralapolice.gov

1961ല്‍ നിലവില്‍ വന്ന സ്ത്രീധന നിരോധന നിയമം, 2006ല്‍ നടപ്പിലാക്കിയ ഗാര്‍ഹിക പീഡന നിയമം എന്നിവ നിലനില്‍ക്കെയാണ് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിച്ച് സ്ത്രീകള്‍ ഭര്‍തൃവീടുകളില്‍ കഴിയുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതും. 'a divorced daughter is better than a dead daughter 'എന്ന ചിന്ത സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി മലയാളികള്‍ കണ്ടുവരുകയാണ്. എങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്കുള്ള തിരിച്ചുപോകല്‍ ഭയന്ന് പല പെണ്‍കുട്ടികളും ആത്മഹത്യ എന്ന മാര്‍ഗം തന്നെ തിരഞ്ഞെടുക്കുന്നു.

2018ലെ ഭരണപരിഷ്‌കരണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍, കേരളത്തില്‍ സ്ത്രീധന നിരോധന നിയമം നടപ്പിലാക്കുന്നതിലെ പരാജയം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍, അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീധനം സമ്പ്രദായം പൂര്‍ണമായും സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന ലക്ഷ്യം മുന്നോട്ട് വച്ചിരുന്നു. വനിതാ-ശിശു വികസനവകുപ്പ് ആണ് ഇക്കാര്യത്തില്‍ നടപടികള്‍ കൈക്കൊണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും സ്ത്രീധന ഓഫീസര്‍മാരെ നിയമിക്കുകയും മേഖല അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രത്യേക തസ്തികകളും സൃഷ്ടിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കണ്ടെത്തുന്നതിനും അതിനെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനും ഓഫിസര്‍മാര്‍ക്ക് അധികാരമുണ്ടെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ 4 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വകുപ്പുകളുടെ പ്രവര്‍ത്തനക്ഷമത എത്രത്തോളമാണെന്ന കാര്യം പരിശോധിക്കേണ്ടതാണ്.

കേരളത്തിലെ ക്രൈം റിക്കോര്‍ഡ് പ്രകാരം 2021ല്‍ ഗാര്‍ഹീക പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളവരുടെ 10,898 കോളുകള്‍ വുമണ്‍ ഹെല്‍പ് ലൈന്‍ വഴി ലഭിച്ചിട്ടുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ തങ്ങേണ്ടിവന്നതിനാല്‍ മാനസികമായും ശാരീരികമായും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ എണ്ണം ഏറെയാണ്.

പെരുകുന്ന ആത്മഹത്യകൾ

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ ബ്യൂറോ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2021ല്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആകസ്മിക മരണങ്ങളും ആത്മഹത്യകളും കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ 7.2% കൂടുതലാണ്. ഈ കണക്കുകളില്‍ 27% വരുന്ന ആത്മഹത്യകളില്‍ 45,026 പേരും സ്ത്രീകളാണ്. ഇതില്‍ 23,179 പേരും കുടുംബിനികളുമാണ്. 10,881 രേഖപ്പെടുത്തിയ കര്‍ഷക ആത്മഹത്യകളെക്കാളും കൂടുതലാണ് ഈ കണക്കുകള്‍. ഗാര്‍ഹിക പീഡനം, ഉത്കണ്ഠ, വിഷാദം, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. 7,903 ആത്മഹത്യകള്‍ വിവാഹജീവിതത്തിലെ അസ്വസ്ഥകള്‍ മൂലവും 15,769 മരണങ്ങള്‍ കുടുംബത്തിലെ അസ്വസ്ഥകള്‍ കാരണവും സംഭവിച്ചതാണ്. കൂടാതെ ഡാറ്റ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏകദേശം മൂന്നിലൊന്ന് (1,32,580) ഭര്‍ത്താക്കന്മാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ നേരിട്ട ക്രൂരതകളാണ്.

കേരളത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ആത്മഹത്യകള്‍ 21.3% ഉയര്‍ന്നിരിക്കുന്നു. 2021ലെ എന്‍ സി ആര്‍ ബി കണക്കുകള്‍ പറയുന്നത് 7,870 ആളുകള്‍ സ്വയം ജീവനെടുത്തിരിക്കുന്നുവെന്നാണ്. അതില്‍ 78% ആളുകളും വിവാഹിതരാണ്. കൂടുതലും 19നും 40നും ഇടയില്‍ പ്രായം വരുന്നവരാണെന്നുള്ളതും വിവാഹജീവിത്തിലെ ആസ്വാരസ്യങ്ങള്‍ എത്രമാത്രം ബാധിക്കുന്നുവെന്നത് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ക്രൈം റിക്കോര്‍ഡ് പ്രകാരം 2021ല്‍ ഗാര്‍ഹീക പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളവരുടെ 10,898 കോളുകള്‍ വുമണ്‍ ഹെല്‍പ് ലൈന്‍ വഴി ലഭിച്ചിട്ടുള്ളതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ തങ്ങേണ്ടിവന്നതിനാല്‍ മാനസികമായും ശാരീരികമായും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ എണ്ണം ഏറെയാണ്. അഭ്യസ്ഥവിദ്യരായിട്ടുള്ള പെണ്‍കുട്ടികളും ആത്മഹത്യയെ എല്ലാത്തിനും പരിഹാരമായി കാണുന്ന ചിന്താഗതി കേരളത്തിന്റെ സാക്ഷര സമൂഹത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിപത്താണെന്ന് തന്നെ പറയാം.

Photo: keralapolice.gov

മറയ്ക്കപ്പെടുന്ന ബലാത്സംഗം, ലൈംഗീക പീഡന കേസുകൾ

1862ല്‍ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ അനുസരിച്ച് കുറ്റകൃത്യമായി പരിഗണിച്ചിരുന്ന ഒന്നായിരുന്നു ബലാത്സംഗം. എന്നാല്‍ അതിനെതിരെ പരാതിപ്പെടാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം വളരെ പരിമിതമായിരുന്നു. ബലാത്സഗത്തിനിരയായി എന്നറിയുന്നത് മാനക്കേടാകുന്ന സമൂഹത്തില്‍ ഒരിക്കലും കേസുകള്‍ പുറത്ത് വരണമെന്നില്ല. മതിയായ പിന്തുണയുള്ളതുകൊണ്ടോ അല്ലെങ്കില്‍ മറച്ചുവക്കാന്‍ കഴിയാതെ പോയതുകൊണ്ടോ ആകും പല ലൈംഗീക അതിക്രമങ്ങളും കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്ന് ജേക്കബ് പുന്നൂസ് ഐ പി എസ് അഭിപ്രായപ്പെടുന്നു. എന്നാല്‍ കാലകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പീഡന പരമ്പരകളില്‍ എല്ലാത്തിലും പ്രതികളെ കണ്ടെത്തുന്നതിനോ ശിക്ഷ വിധിക്കുന്നതിനോ കോടതികള്‍ക്കോ പോലീസിനോ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അട്ടിമറിക്കപ്പെട്ട സൂര്യനെല്ലി മുതല്‍ വാളയാര്‍ കേസുകള്‍ സമൂഹത്തിലെ ഉന്നതരുടെ പങ്കിനെപ്പറ്റി പറയാതെ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഉന്നതര്‍ക്കു വേണ്ടി ചട്ടങ്ങള്‍ മാറ്റപ്പെടുന്നുവെന്ന ആശങ്കകളും ഉയര്‍ന്നുവന്നിരുന്നു. ഈ അടുത്ത കാലത്ത് ലൈംഗീകച്ചുവയുള്ള വേഷം ധരിച്ചതിനാലാണ് പീഡനത്തിനിരയായതെന്ന് ജാമ്യ ഉത്തരവില്‍ കുറിച്ച ജില്ലാ കോടതി ജഡ്ജിയുടെ നടപടി കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ കേസുകള്‍ പരിശോധിച്ചാല്‍, 2021ല്‍ 2,339 ബലാത്സംഗ കേസുകളും 2022 ജൂലൈ വരെ 1,383 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ലൈംഗീക പീഡനത്തിനിരയായവരുടെ 4,059 കേസുകളും ഈ വര്‍ഷം ജൂലൈ വരെ 3,029 കേസുകളും രേഖപ്പെടുത്തിയിരിക്കുന്നു. സ്ത്രീധനത്തിനെതിരെ പരാതികള്‍ നല്‍കാന്‍ മടിക്കുന്നതുപോലെ തന്നെയുള്ള ഒരു വിഭാഗമായി ഇതിനെയും പരിഗണിക്കാവുന്നതാണ്. മറ്റ് ലൈഗീംകാതിക്രമങ്ങളുടെ പേരില്‍ 3,029 കേസുകളും റെക്കോര്‍ ചെയ്യപ്പെട്ടു. ലഹരി നല്‍കി പീഡനത്തിനിരയാക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ വരെ ഈ നീക്കങ്ങള്‍ക്ക് ഇരകളാകുന്നുവെന്നതാണ് മറ്റൊരു ഭീഷണിയാവുന്നത്. സ്വന്തം താല്‍പര്യത്തോടെയോ അല്ലാതെയോ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ത്രീകള്‍, താന്‍ പീഡനത്തിനിരയായ വിവരം അറിയുന്നത് ഏറെ വൈകിയായിരിക്കും. സൗജന്യമായി ലഹരി നല്‍കി അടിമയാക്കപ്പെട്ട ശേഷം പിന്നീട് ലഹരി ലഭിക്കുന്നതിനായി പീഡനത്തിരയാകേണ്ടി വന്ന വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തലുകള്‍ ലഹരിമാഫിയയുടെ വേട്ട എത്രത്തോളം കേരളസമൂഹത്തില്‍ വേരാഴ്ത്തിയെന്ന് മനസിലാക്കിത്തരുന്നതാണ്. ഈ സാഹചര്യത്തിലും പരാതി പറയാന്‍ മുന്നോട്ട് വരുന്നവരുടെയും കൗണ്‍സിലിംഗിനായി തയ്യാറാകുന്നവരുടെയും എണ്ണം പരിമിതമാണ്.

തൊഴിലില്ലായ്മ, കുറഞ്ഞ വരുമാനം, വിഭവങ്ങളുടെ പരിമിതി എന്നിവ മൂലം ജീവിതപങ്കാളിയുടെ അക്രമത്തിന് ഇരയാകേണ്ടി വന്ന സ്ത്രീകളാണ് ഭൂരിഭാഗവും. വീടുവിട്ട് പുറത്ത് പോകാനാകാതെ വന്ന സാഹചര്യത്തിലുണ്ടായ പിരിമുറുക്കങ്ങള്‍ ഭാര്യയോടും മക്കളോടും പ്രകടിപ്പിച്ചു തീര്‍ത്ത സംഭവങ്ങളും കുറവല്ല.

അതിക്രമങ്ങൾ ത്വരിതപ്പെടുത്തി കോവിഡ് കാലം

മോഷണം, കൊലപാതകം, തുടങ്ങിയ കേസുകള്‍ കുറഞ്ഞ കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ലോകവ്യാപകമായി സ്ത്രീകള്‍ക്കെതിരെ ഗാര്‍ഹിക പീഡനവും സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലും അതേ അവസ്ഥയിലൂടെയാണ് സ്ത്രീകള്‍ കടന്നുപോയിരുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. കേരളത്തില്‍ 2020 മാര്‍ച്ച് മുതല്‍ 2021 ഏപ്രില്‍ വരെ 5,507 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. ജീവിതപങ്കാളിയില്‍ നിന്ന് നേരിടേണ്ടി വന്ന് അതിക്രമങ്ങള്‍, പീഡനം, ശൈശവ വിവാഹം തുടങ്ങിയവയും ഈ കാലഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളാണ്. വിദ്യാഭ്യാസം അവസാനിപ്പിച്ച് ചെറുപ്രായത്തില്‍ തന്നെ കുടുംബജീവിതം ആരംഭിക്കേണ്ടി വന്ന കുട്ടികളും ഈ അക്രമങ്ങള്‍ക്ക് വിധേയരാകുന്നു. തൊഴിലില്ലായ്മ, കുറഞ്ഞ വരുമാനം, വിഭവങ്ങളുടെ പരിമിതി എന്നിവ മൂലം ജീവിതപങ്കാളിയുടെ അക്രമത്തിന് ഇരയാകേണ്ടി വന്ന സ്ത്രീകളാണ് ഭൂരിഭാഗവും. വീടുവിട്ട് പുറത്ത് പോകാനാകാതെ വന്ന സാഹചര്യത്തിലുണ്ടായ പിരിമുറുക്കങ്ങള്‍ ഭാര്യയോടും മക്കളോടും പ്രകടിപ്പിച്ചു തീര്‍ത്ത സംഭവങ്ങളും കുറവല്ല. പ്രത്യേകിച്ച് ലോക്ഡൗണ്‍ കാലത്ത് മദ്യലഭ്യത കുറഞ്ഞപ്പോഴുണ്ടായ പുരുഷന്‍മാരുടെ മാനസിക സമ്മര്‍ദങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരായെന്ന വസ്തുത കേരള വനിതാ കമ്മീഷന്‍ എടുത്തുകാട്ടിയിരുന്നു. ഇത്തരത്തില്‍ ക്രൂരതകള്‍ക്ക് വിധേയരായ സ്ത്രീകള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി കൗണ്‍സിലിംഗ് സെഷനുകളുടെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കേരളത്തിലുടനീളം പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. പുരുഷാധിപത്യ പ്രവണതയുള്ള നമ്മുടെ സമൂഹത്തില്‍ സ്ത്രീ സമത്വത്തിന് പ്രാധാന്യമര്‍ഹിക്കാതെ പോകുന്നതിന്റെ തെളിവുകളാണ് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും പീഡനങ്ങളും. കൂടാതെ പങ്കാളിയുടെ വളര്‍ച്ചയിലുണ്ടാകുന്ന അപകര്‍ഷതാബോധവും സംശയ രോഗങ്ങളുമെല്ലാം അക്രമത്തില്‍ ചെന്നവസാനിക്കുകയാണ് ചെയ്യുന്നത്.

പൊതുവിടങ്ങളില്‍ അക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ സ്വന്തം വീടുകളില്‍ സുരക്ഷിതരാണെന്ന് പറയുക സാധ്യമല്ല എന്നതാണ് ക്രൈം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാറ്റങ്ങളുടെ തുടക്കം സ്വന്തം വീടുകളില്‍ ആയിരിക്കണമെന്നതാണ് ഈ വിപത്തുകള്‍ നല്‍കുന്ന സൂചന. പുരോഗമനവാദികളെന്ന് സ്വയം അവകാശപ്പെടുമ്പോഴും കേരളത്തിലെ സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളില്‍ കുറവുകളൊന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ധൈര്യപൂര്‍വം മുന്നോട്ട് വന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, തെറ്റ് ചെയ്തവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ ഉണ്ടാവുകയും ചെയ്‌തെങ്കില്‍ മാത്രമേ നാം നേടിയെടുത്ത സാക്ഷരതയ്ക്കും കാലാകാലങ്ങളായി പകര്‍ന്നു നല്‍കപ്പെട്ട മൂല്യങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകൂ.

Leave a comment