TMJ
searchnav-menu
post-thumbnail

Crime

കുറ്റകൃത്യങ്ങളുടെ കൂട്ടത്തില്‍ പെരുകുന്ന 'പ്രണയക്കൊലകള്‍'

31 Oct 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: WIKI COMMONS

ലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പുറത്തു വരുന്നതിന്റെ ഇടയിൽ തന്നെയാണ് പ്രണയക്കൊലകളെ കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നത്. പാറശ്ശാലയില്‍ കാമുകനായ
യുവാവിനെ വിഷം കൊടുത്തു കൊന്ന സംഭവമാണ് ഏറ്റവും പുതിയ വാര്‍ത്ത. കണ്ണൂരിൽ കാമുകിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് പാറശ്ശാല സംഭവം മാധ്യമങ്ങളിൽ ഇടം തേടുന്നത്. ഗ്രീഷ്മ ആര്‍ നായര്‍ എന്ന യുവതി, കൂട്ടുകാരന്‍ ഷാരോണ്‍ രാജിനെയാണ് കൊലപ്പെടുത്തിയത്. തനിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ച ശേഷവും പ്രണയബന്ധം വിടാന്‍ മടിച്ച ഷാരോണിനെ ഒഴിവാക്കുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

സ്വകാര്യ ചിത്രങ്ങള്‍ തിരികെ നല്‍കാന്‍ ഷാരോണ്‍ വിസമ്മതിച്ചതും കൊലയ്ക്ക് കാരണമായതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ ശരിയായ കാരണങ്ങളും മറ്റുള്ളവരുടെ പങ്കാളിത്തവുമെല്ലാം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് പോലീസ് പരസ്യപ്പെടുത്തിയ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് മനുഷ്യത്വ രഹിതമായ മറ്റൊരു ക്രൂര കൃത്യത്തിലേക്ക് തന്നെ.

ബിരുദ പഠനകാലത്താണ് ഇരുവരും കണ്ട് പരിചയപ്പെടുന്നത്. സ്ഥിരമായി ഒരേ ദിശയിലേക്ക് ബസ്സില്‍ യാത്ര ചെയ്തിരുന്ന ഇരുവരുടെയും അടുപ്പം പ്രണയത്തില്‍ എത്തുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. അതിന് ശേഷമാണ് ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിക്കുന്നത്. പക്ഷെ, യുവതിയുമായുള്ള സ്‌നേഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതിന് ഷാരോണ്‍ തയ്യാറല്ലായിരുന്നു. വീണ്ടും ഗ്രീഷ്മയുമായി അടുക്കാനും കാണാനും ശ്രമിച്ചുകൊണ്ടിരുന്നു. ഷാരോണിന്റെ ഭാഗത്ത് ഇങ്ങനെയൊരു സമീപനം ഉണ്ടായതോടെയാണ് അയാളെ എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ ഗ്രീഷ്മ ആവിഷ്‌കരിക്കുന്നതെന്ന് പോലീസ് പറയുന്നു.

ഗ്രീഷ്മയും ഷാരോണും

വീട്ടിലുണ്ടായിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ കൊലപാതകത്തിനായി ഉപയോഗിച്ചിരുന്നതെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് വാങ്ങിയതും മറ്റുള്ളവരുടെ പങ്കുമെല്ലാം പോലീസ് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഗ്രീഷ്മയുടെ ക്ഷണത്തെ തുടര്‍ന്ന് വീട്ടിലെത്തിയ ഷാരോണിന് കീടനാശിനി കലക്കിയ കഷായം നല്‍കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നത്. കഷായത്തിന്റ കയ്പ് മാറുന്നതിനായി പിന്നാലെ ജ്യൂസും നല്‍കി. ഇതിന് മുമ്പും പലതവണയായി ഗ്രീഷ്മ ഷാരോണിന് ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും അന്നെല്ലാം ഷാരോണ്‍ വീട്ടിലെത്തിയ ശേഷം ഛര്‍ദ്ദിയുണ്ടായിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. വിഷം നല്‍കാനുള്ള നീക്കം മുമ്പും ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

ഈ മാസം 14ന് ആണ് സംഭവം നടക്കുന്നത്. റെക്കോഡ് വാങ്ങാനെന്ന് പറഞ്ഞാണ് ഷാരോണ്‍ അന്ന് ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകുന്നത്. വീട്ടില്‍ ആ സമയം ഗ്രീഷ്മ ഒറ്റയ്ക്കായിരുന്നു. താന്‍ കുടിച്ചിരുന്ന കഷായത്തിന് കയ്പുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഷാരോണ്‍ കളിയാക്കിയതായും ഇതേ തുടര്‍ന്ന് രുചി നോക്കാനായി കീടനാശിനി ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയായിരുന്നു എന്നും ഗ്രീഷ്മ പറയുന്നു. പൊടി കലക്കി തിളപ്പിച്ചെടുക്കുന്ന രീതിയിലാണ് കഷായം പാകം ചെയ്തിരുന്നത്. അമ്മയ്ക്കുള്ളതായിരുന്നു കഷായം എന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് കുടിച്ചയുടന്‍ ഷാരോണ്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങുകയായിരുന്നു. അവശനായാണ് ഷാരോണ്‍ വീടിന് പുറത്തേക്ക് വന്നതെന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്ത് വെളിപ്പെടുത്തുകയുണ്ടായി. പിന്നീട് ഷാരോണിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നു. പിറ്റേന്ന് വായില്‍ വൃണങ്ങളുണ്ടായതിനെ തുടര്‍ന്ന് ചികില്‍സ തേടുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു. പിന്നീട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷമാണ് വിവരം പോലീസില്‍ എത്തുന്നത്. 20-ാം തിയതി മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തുകയും 21ന് പോലീസ് മൊഴിയെടുക്കുകയും ചെയ്തു. ഇതിലൊന്നുംതന്നെ ഷാരോണ്‍ ഗ്രീഷ്മയുടെ പേര് പരാമര്‍ശിക്കുകയുണ്ടായില്ല. ആയുര്‍വേദ ഡോക്റ്ററായ ഷാരോണിന്റെ സഹോദരന്‍ കുടിച്ച കഷായത്തിന്റെ പേരറിയാന്‍ നിരന്തരം ഗ്രീഷ്മയെ വിളിച്ചുകൊണ്ടിരുന്നു എങ്കിലും ഗ്രീഷ്മ ഒഴിഞ്ഞു മാറുകയായിരുന്നു.

ശാസ്ത്ര സാങ്കേതിക വളര്‍ച്ച ഇത്രയധികം പുരോഗമിച്ച കാലത്ത് പോലും തങ്ങളുടെ കുറ്റകൃത്യങ്ങളെ പൂര്‍ണ്ണമായി പഠിച്ച് മനസിലാക്കാന്‍ മനുഷ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനെ കുറിച്ചുള്ള പഠനങ്ങള്‍ ശരീരശാസ്ത്രം, മനഃശാസ്ത്രം, സാമൂഹ്യ ജീവിതം, മതം, സമ്പദ് ഘടന എന്നിങ്ങനെ വിശാലമായ മേഖലകളിലേക്ക് വ്യാപിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

25ന് വൈകുന്നേരം ഷാരോണിന്റെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും മരണപ്പെടുകയും ചെയ്തു. പോലീസ് അന്നുതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, വിഷയം പോലീസ് നേരത്തെ ഗൗരവമായി എടുത്തില്ല എന്ന് കുടുംബാംഗങ്ങള്‍ പരാതി ഉന്നയിച്ചു. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിഷം നല്‍കിയ കാര്യം മുന്നേതന്നെ വെളിപ്പെടുകയും ചികിത്സ നല്‍കുകയും ചെയ്യാമായിരുന്നു എന്നും ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. 26, 27 തീയതികളില്‍ പോലീസ് ഗ്രീഷ്മയെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം ഷാരോണിന്റെ ഫോണിലേക്ക് ഗ്രീഷ്മ അയച്ച സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതോടെ പോലീസ് നേതൃത്വം കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർബന്ധിതരായി..

ആദ്യമേ തന്നെ ജാതക ദോഷം തുടങ്ങി അന്ധവിശ്വാസവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഉയര്‍ന്നു വന്നിരുന്നു. തന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജാതകത്തിലുണ്ടെന്നായിരുന്നു ഷാരോണോട് പറഞ്ഞിരുന്നത്. എന്നാല്‍ ഷാരോണ്‍ ജോത്സ്യത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവരും അനൗദ്യോഗികമായി വിവാഹിതരാകുന്നത്. പള്ളിയില്‍വച്ച് കുങ്കുമം ചാര്‍ത്തുകയും പിന്നീട് ഷാരോണിന്റെ വീട്ടില്‍വച്ച് താലി കെട്ടുകയുമായിരുന്നു. ഷാരോണ്‍ മരണപ്പെട്ടത് തന്റെ ജാതക ദോഷം മൂലമാണെന്ന വാദം ഉയര്‍ത്തുന്നതിന് വേണ്ടിയാണോ ഗ്രീഷ്മ മുന്നേ തന്നെ ഈ കഥ പ്രചരിപ്പിച്ചത് എന്നതെല്ലാം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില്‍, ഷാരോണെ ഒഴിവാക്കുന്നതിന് വേണ്ടി കെട്ടിച്ചമച്ച കഥയാണിതെന്നാണ് പോലീസ് പറയുന്നത്.

കേരളത്തിലെ മാറുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളിലേക്കു വെളിച്ചം വീശുന്ന ചില റിപ്പോർട്ടുകളും വിശകലനങ്ങളുമായിരിന്നു ദ മലബാര്‍ ജേര്‍ണൽ കഴിഞ്ഞ രണ്ടു മാസങ്ങളായി ഫോക്കസ് ചെയ്ത തീം. കുറ്റകൃത്യങ്ങളിലേക്കും അവയ്ക്ക് പിന്നിലെ സാമൂഹ്യവും സാംസ്‌കാരികവുമായ പ്രചോദനങ്ങളിലേക്കും അന്വേഷണം നടത്തുക എന്നതായിരുന്നു തീമിന്റെ ലക്ഷ്യം. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളിലേക്കും ക്രൈമുമായി ബന്ധപ്പെട്ട മറ്റനേകം പഠന മേഖലകളിലേക്കും കടന്നുചെല്ലുന്ന ലേഖനങ്ങളും അഭിമുഖ സംഭാഷണങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക വളര്‍ച്ച ഇത്രയധികം പുരോഗമിച്ച കാലത്ത് പോലും തങ്ങളുടെ കുറ്റകൃത്യങ്ങളെ പൂര്‍ണ്ണമായി പഠിച്ച് മനസിലാക്കാന്‍ മനുഷ്യര്‍ക്ക് കഴിഞ്ഞിട്ടില്ല. അതിനെ കുറിച്ചുള്ള പഠനങ്ങള്‍ ശരീരശാസ്ത്രം, മനഃശാസ്ത്രം, സാമൂഹ്യ ജീവിതം, മതം, സമ്പദ് ഘടന എന്നിങ്ങനെ വിശാലമായ മേഖലകളിലേക്ക് വ്യാപിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു കുറ്റകൃത്യം എങ്ങനെ ഉണ്ടാവുന്നു എന്ന ചോദ്യത്തിന് പൂര്‍ണ്ണമായ ഉത്തരം ലഭിക്കുന്നതിന് ഇനിയും ഏറെ കാത്തിരിക്കണം. ഇലന്തൂര്‍ നരബലിയില്‍, മുഖ്യപ്രതിയുടെ ലൈംഗിക വൈകൃതവും മറ്റ് പ്രതികളുടെ അന്ധവിശ്വാസവും, സമ്പന്നരാകാനുള്ള കുറുക്ക് വഴി തേടലുമാണ് കുറ്റകൃത്യത്തിന് കാരണമായത്. അവിടെ ഇരയാക്കപ്പെട്ടത് പണം സമ്പാദിക്കുന്നതിന് എന്ത് തൊഴിലും ചെയ്യാന്‍ തയ്യാറായിരുന്ന ലോട്ടറി വില്‍പ്പനക്കാരായ രണ്ട് സ്ത്രീകളും.

മനുഷ്യര്‍ക്കിടയിലെ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്ത ഭാവം എന്ന് വാഴ്ത്തപ്പെടുന്ന പ്രണയവും പലപ്പോഴും കൊലപാതകം ഉള്‍പ്പടെയുള്ള ക്രൂര കൃത്യങ്ങള്‍ക്ക് കാരണമാകുന്നു എന്നത് വലിയ വൈരുധ്യമാണ്. ഈ മാസം 22ന് പാനൂരില്‍ നടന്ന വിഷ്ണു പ്രിയയുടെ കൊലപാതകം പ്രണയം വേണ്ടെന്ന് വച്ചതിന്റെ പേരില്‍ ആയിരുന്നു. 'പ്രണയക്കൊല' എന്ന കൊലപാതക ഉപവിഭാഗം തന്നെ സൃഷ്ടിച്ച കൊലപാതക കേസുകളുടെ തുടര്‍ക്കഥ മാത്രമായിരുന്നു അത്. സ്വകാര്യ സ്ഥാപനത്തില്‍ ഫാര്‍മസിസ്റ്റായിരുന്ന വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുമ്പോള്‍ വിഷ്ണുപ്രിയ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഏറെ സമയത്തിനുശേഷവും കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ കഴുത്തിന് വെട്ടേറ്റ് കിടക്കുന്ന വിഷ്ണുപ്രിയയെയാണ് കണ്ടത്. മഞ്ഞത്തൊപ്പിയും മാസ്‌കും ധരിച്ച ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പിന്നീട് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ സഹായത്തോടെ പോലീസ് വിഷ്ണുപ്രിയയുടെ മുന്‍ കാമുകനായ ശ്യാംജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബന്ധം അവസാനിപ്പിച്ചതും മറ്റൊരു സുഹൃത്തുമായുള്ള സൗഹൃദവും പ്രതിയെ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ചുവെന്നാണ് പോലീസ് നിഗമനം. വിഷ്ണുപ്രിയയുടെ ജീവനെടുത്തതിനു ശേഷം സുഹൃത്തിനെ കൊലപ്പെടുത്തുന്നതിനും ശ്യാംലാല്‍ ലക്ഷ്യം വെച്ചിരുന്നുവെന്നും പോലീസ് പറയുന്നു.

സാമൂഹ്യ ഇടപെടലുകളിലും മനുഷ്യബന്ധങ്ങളിലും മാറ്റം വരുന്നതോടൊപ്പം കുറ്റകൃത്യങ്ങളും രൂപാന്തരം പ്രാപിച്ച് വളരുമെന്ന പഴക്കം ചെന്ന തത്വം ഓര്‍മ്മപ്പെടുത്തിയാണ് ഓരോ ക്രൂരകൃത്യവും കടന്നു പോകുന്നത്. അവയെ പ്രതിരോധിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതും ചിന്തിക്കുന്ന ജീവി എന്ന നിലയില്‍ മനുഷ്യന്റെ ഉത്തരവാദിത്തം തന്നെ.

വിഷ്ണുപ്രിയയും ശ്യാംജിത്തും

പ്രണയവും പ്രണയ നിരാസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ 350 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2017 മുതല്‍ 2020 വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ നല്‍കിയത്. 350 മരണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെടുകയായിരുന്നു. 2017ല്‍ പ്രണയ ബന്ധങ്ങളുടെ പേരില്‍ 83 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മൂന്ന് കൊലപാതകങ്ങളും 80 ആത്മഹത്യകളുമാണ് അക്കൊല്ലം റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ പ്രണയനൈരാശ്യത്തിന്റെ പേരില്‍ 76 പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ അഞ്ച് കൊലപാതകങ്ങളും 88 ആത്മഹത്യകളും അടക്കം 93 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2020ലാകട്ടെ രണ്ട് കൊലപാതകങ്ങളും 96 ആത്മഹത്യകളുമായി 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ ഇരകളാകുന്ന 'പ്രണയക്കൊല' കളില്‍ ആണുങ്ങള്‍ പേറി നടക്കുന്ന പുരുഷാധിപത്യ മനോഭാവം നിശ്ചയമായും ഒരു ചാലക ശക്തിയാണ്. സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ കരുത്ത് കൊണ്ട് തടയാന്‍ ശ്രമിക്കുന്ന ആണത്തത്തെ അതില്‍ കാണാനാവും. പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ കൊലയും അതിന്റെ ചേരുവകളുടെ അടിസ്ഥാനത്തില്‍ പ്രണയക്കൊല തന്നെ എന്ന് പറയാം. പക്ഷെ ഒഴിവാക്കാന്‍ ഏറെ ശ്രമിച്ചിട്ടും പോകാന്‍ കൂട്ടാക്കാതിരുന്ന കാമുകന്‍ ആണ് ഇവിടെ ഇരയായത്. സ്‌നേഹം ചോര്‍ന്ന പ്രണയ ബന്ധങ്ങള്‍ വ്യക്തിസ്വാതന്ത്ര്യവും പരസ്പര ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ എങ്ങനെ അവസാനിപ്പിക്കാമെന്ന അറിവ് യുവാക്കള്‍ക്ക് അന്യമാകുന്നോ എന്ന ചോദ്യവും പ്രസക്തമാണ്. ബാല്യ-കൗമാര കാലത്തുതന്നെ മനസില്‍ പതിയേണ്ടതായ അടിസ്ഥാനപരമായ പാഠങ്ങള്‍ നമ്മുടെ കുടുംബങ്ങളിലും സ്‌കൂളുകളിലും ലഭ്യമാകുന്നില്ല എന്നതിലേക്കും ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

മനുഷ്യരെ ബാല്യകാലം മുതല്‍ രൂപീകരിക്കുന്ന കുടുംബം, ചുറ്റുപാട്, മതം, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നല്ല മനുഷ്യരെ വാര്‍ത്തെടുക്കുന്നത് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനം കൈവരേണ്ടിയിരിക്കുന്നു. പോലീസും മറ്റ് നിയമ സംവിധാനങ്ങളും മാത്രമാണ് ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് എന്ന് കരുതുന്നത് അബദ്ധമാണ്. ക്രൈം തീമിന്റെ ഭാഗമായി ദ മലബാര്‍ ജേര്‍ണല്‍ അഭിമുഖം ചെയ്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പോലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. മുന്‍ ഡിജിപി മാരായ ജേക്കബ് പുന്നൂസും ലോക്‌നാഥ് ബെഹ്‌റയും, കുറ്റകൃത്യം നിയന്ത്രിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് പ്രത്യേകം എടുത്ത് പറയുകയുണ്ടായി. സാമൂഹ്യ ഇടപെടലുകളിലും മനുഷ്യബന്ധങ്ങളിലും മാറ്റം വരുന്നതോടൊപ്പം കുറ്റകൃത്യങ്ങളും രൂപാന്തരം പ്രാപിച്ച് വളരുമെന്ന പഴക്കം ചെന്ന തത്വം ഓര്‍മ്മപ്പെടുത്തിയാണ് ഓരോ ക്രൂരകൃത്യവും കടന്നു പോകുന്നത്. അവയെ പ്രതിരോധിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതും ചിന്തിക്കുന്ന ജീവി എന്ന നിലയില്‍ മനുഷ്യന്റെ ഉത്തരവാദിത്തം തന്നെ.

Leave a comment