മാരിറ്റല്‍ റേപ്പ് കുറ്റകൃത്യങ്ങളുടെ കൂട്ടത്തിലേക്കോ ?
PHOTO: WIKI COMMONS
വിവാഹ ബന്ധത്തിലെ ബലാത്സംഗം അഥവാ മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റമായി കാണാത്ത ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍, ഏതാനും നാളുകളായി രാജ്യത്താകമാനം ഈ വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചകളുണ്ടാവുന്നുണ്ട്. വ്യക്തിയുടെ അവകാശങ്ങളും സ്വയംശീര്‍ഷകത്വവും ഉയര്‍ത്തിപ്പിടിക്കുന്ന അനേകം കോടതി വിധികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നത്.
ഹൈക്കോടതികളുടെ കൂട്ടത്തില്‍, ഡല്‍ഹി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നാണ് മാരിറ്റല്‍ റേപ്പ് വിഷയത്തില്‍ വ്യക്തത കൊണ്ടുവരാനുള്ള ശ്രമം ഏറ്റവും ഒടുവിലായി ഉണ്ടായത്. എന്നാല്‍, കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലെ രണ്ട് അംഗങ്ങളും വിഭിന്നമായി വിധിയെഴുതുന്ന സ്ഥിതി വിശേഷമുണ്ടായി. ഭര്‍ത്താവില്‍ നിന്നുണ്ടാവുന്ന ബലാത്സംഗം കുറ്റമല്ലെന്ന് പറയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഭരണഘടനയുടെ 14-ാം വകുപ്പിന് വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശഖ്ദര്‍ വിധിച്ചു. ബെഞ്ചിലെ രണ്ടാമനായ ജസ്റ്റിസ് സി ഹരി ശങ്കറാകട്ടെ നേരെ എതിരായ രീതിയില്‍ വിധിന്യായം എഴുതി.
നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ് ഈ വിഷയമുളളത്. ഭര്‍ത്താവില്‍ നിന്നുള്ള ബലാത്സംഗം കുറ്റകരമാക്കണമെന്ന ആവശ്യവുമായി അനേകം ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ട്. ജസ്റ്റിസ് അജയ് രസ്‌തോഗി, ജസ്റ്റിസ് ബി നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് ഈ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗര്‍ഭഛിദ്ര നിയമത്തിലെ വിധിയും മാരിറ്റല്‍ റേപ്പും
രാജ്യത്ത് ആശുപത്രികളിലും ക്ലിനിക്കുകളിലും നടക്കുന്ന ഗര്‍ഭഛിദ്ര പ്രക്രിയകളെ നിയന്ത്രിക്കുന്ന നിയമമാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (എംടിപി) ആക്റ്റ്. ഈ നിയമവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 29ന് ഉണ്ടായ വിധിയിലൂടെയാണ് മാരിറ്റല്‍ റേപ്പ് വീണ്ടും ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചത്. ഡല്‍ഹി സംസ്ഥാന ആരോഗ്യ വകുപ്പിനെതിരായി ഒരു വ്യക്തി നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ നടന്ന ലൈംഗിക ബന്ധത്തിലൂടെ ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിനുള്ള അവകാശമുണ്ടെന്ന സുപ്രധാന വിധിയാണ് ഈ കേസ്സില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. എംടിപി നിയമത്തിന് കീഴില്‍, ഭര്‍ത്താവില്‍ നിന്നുള്ള ബലാത്സംഗവും 'റേപ്പ്' ആയി പരിഗണിക്കണമെന്ന് കോടതി വിധിച്ചു.
'ലൈംഗിക അതിക്രമം, ബലാത്സംഗം എന്നിവയെ അതിജീവിക്കുന്നവരുടെ കൂട്ടത്തില്‍ വിവാഹിതരും ഉണ്ടാകാം. സമ്മതില്ലാതെയുള്ള ലൈംഗിക ബന്ധത്തെയാണ് ബലാത്സംഗം എന്ന വാക്ക് സാധാരണയില്‍ അര്‍ത്ഥമാക്കുന്നത്. അത് വിവാഹ ബന്ധത്തിനുള്ളില്‍ ആയാലും അങ്ങനെ തന്നെ. തന്റെ സമ്മതമില്ലാതെ ഭര്‍ത്താവില്‍ നിന്നുണ്ടാവുന്ന ലൈംഗിക ബന്ധത്തിലൂടെയും ഒരു സ്ത്രീ ഗര്‍ഭിണിയായേക്കാം,' കോടതി വിധിന്ന്യായത്തില്‍ നിരീക്ഷിച്ചു.
മാരിറ്റല്‍ റേപ്പിന് ഇരയായ സ്ത്രീകളും ഈ വിധിയിലൂടെ ഗര്‍ഭഛിദ്രത്തിന് അര്‍ഹരാവുകയാണ്. അതോടൊപ്പം, മാരിറ്റല്‍ റേപ്പിനെ ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമാക്കുന്നതിലേക്ക് കൂടി വഴിയൊരുക്കുന്നതാണ് സുപ്രീം കോടതിയുടെ വിധി. നിയമത്തില്‍, 'സ്ത്രീ' എന്നതുകൊണ്ട് ജന്മനാ സ്ത്രീ ആയിരിക്കുന്നവരെ മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പടെ മറ്റു വ്യക്തികള്‍ക്കും ഗര്‍ഭഛിദ്ര സേവനങ്ങള്‍ ആവശ്യമായി വന്നേക്കാമെന്ന, തികച്ചും പുരോഗമനപരമായ നിലപാടും വിധിയുടെ ഭാഗമായി കോടതി സ്വീകരിച്ചു.
ബലാത്സംഗത്തെ തുടര്‍ന്ന് പരിഹാരം തേടുന്നതിന് വിവാഹം ഒരു തടസ്സമാകരുതെന്ന് ബെഞ്ച് അടിവരയിട്ടു പറഞ്ഞു. 'ഭര്‍ത്താവില്‍ നിന്നുള്ള ബലാത്സംഗത്തിന്റെ ഫലമായി വിവാഹിതയായ സ്ത്രീ ഗര്‍ഭം ധരിക്കുന്നത് തീര്‍ത്തും ചിന്തിക്കാനാവാത്ത കാര്യമല്ല. ഒരാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതോടെ ലൈംഗിക അതിക്രമത്തിനും സമ്മതത്തിന്റെ സീമകള്‍ക്കും രൂപമാറ്റം വരുന്നില്ല. ലൈംഗിക ബന്ധത്തിന് സ്ത്രീയുടെ സമ്മതമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതില്‍ വിവാഹത്തിന് യാതൊരു സ്വാധീനവുമില്ല,' കോടതി നിരീക്ഷിച്ചു.
ജീവിത പങ്കാളിയില്‍ നിന്നുള്ള ശാരീരിക അതിക്രമം ബലാത്സംഗത്തിന്റെ രൂപത്തിലുമാകാം എന്ന യാഥാര്‍ത്ഥ്യം കോടതി ഉള്‍ക്കൊള്ളുകയും ചെയ്തു. അപരിചിതനായ വ്യക്തിയില്‍ നിന്ന് മാത്രമേ ബലാത്സംഗം ഉണ്ടാവുകയുള്ളൂ എന്ന മിഥ്യാധാരണ കോടതി തള്ളിക്കളഞ്ഞു. കുടുംബത്തില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും ലിംഗപരമായ ശാരീരിക അതിക്രമം നേരിടുന്ന രാജ്യത്തെ നൂറുകണക്കിന് സ്ത്രീകളുടെ ജീവിത യാഥാര്‍ത്ഥ്യത്തെ കോടതി ഇതോടെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു.
ഇന്ത്യന്‍ ശിക്ഷാ നിയമം മാരിറ്റല്‍ റേപ്പിനെ കുറ്റമകരമല്ലാതെ കാണുമ്പോള്‍തന്നെ, എംടിപി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബലാത്സംഗത്തിന്റെ നിര്‍വചനത്തില്‍ മാരിറ്റല്‍ റേപ്പും ഉള്‍പ്പെടും എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. എംടിപി നിയമത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇത്തരമൊരു നിര്‍വ്വചനം ഉപയോഗിക്കേണ്ടതെന്ന് കോടതി പ്രത്യേകം പറയുന്നുണ്ട്. ഗര്‍ഭഛിദ്രത്തിന്റെ കാര്യത്തില്‍ ബലാത്സംഗത്തെ നിര്‍വ്വചിക്കുമ്പോള്‍ മാരിറ്റല്‍ റേപ്പ് ഉള്‍പ്പെടുത്താതിരുന്നാല്‍, ശാരീരികവും മാനസികവുമായി അക്രമിക്കുന്ന ഒരാളുടെ കുട്ടിയെ പ്രസവിക്കുന്നതിന് സ്ത്രീ നിര്‍ബന്ധിതയാകും എന്നതാണ് കാരണമായി കോടതി കാണുന്നത്.
ഗര്‍ഭഛിദ്ര സേവനങ്ങള്‍ ലഭിക്കുന്നതിന് നിയമ നടപടികള്‍ ആരംഭിക്കണമെന്ന നിബന്ധനയുടെ ആവശ്യമില്ലെന്നും കോടതി വിധിച്ചു. നിയമ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെയും സാമൂഹ്യമായ അകറ്റി നിര്‍ത്തലുകളെയും ഉള്‍ക്കൊള്ളുന്ന നിലപാടാണിത്. ഇത്തരം കേസ്സുകളില്‍ ഇരകളായവര്‍ നേരിടുന്ന മാനസിക ക്ലേശങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട് എന്നും കോടതി ഓര്‍മ്മപ്പെടുത്തി.
മാരിറ്റല്‍ റേപ്പിന്റെ ഉത്ഭവം
ബ്രിട്ടീഷ് കോളനി വാഴ്ച കാരണമാണ് മാരിറ്റല്‍ റേപ്പ് ഇന്നും ഇന്ത്യയില്‍ കുറ്റകരമല്ലാതായത്. ബ്രിട്ടിഷ് നിയമ പണ്ഡിതര്‍ക്കിടയില്‍ നിലനിന്ന അപക്വമായ സിദ്ധാന്തങ്ങളാണ് അതിന്റെ അടിസ്ഥാനം. വിവാഹിതയായ സ്ത്രീ, തിരിച്ചെടുക്കാനാകാത്ത വിധത്തിലുള്ള സമ്മതം ഭര്‍ത്താവിന് നല്‍കുന്നുവെന്നും, അതിനാല്‍ ഭര്‍ത്താവ് ഒരിക്കലും ബലാത്സംഗത്തില്‍ കുറ്റക്കാരനാവില്ലെന്നും മാത്യു ഹേയ്ല്‍ എന്ന നിയമജ്ഞന്‍ 1736 ല്‍ പ്രസ്താവിക്കുകയുണ്ടായി. ഈ തത്വം ഹേയ്ല്‍സ് പ്രിന്‍സിപ്പിള്‍ എന്നറിയപ്പെടുകയും വര്‍ഷങ്ങളോളം ബ്രിട്ടിഷ് നിയമത്തിന്റെ ഭാഗമായി നിലനില്‍ക്കുകയും ചെയ്തു. തോമസ് മക്കോളെ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ ശിക്ഷാ നിയമം 1860 ല്‍ പ്രാബല്യത്തിലായതോടെ അത് ഇന്ത്യയിലുമെത്തി.
ജസ്റ്റിസ് ശഖ്ദറിന്റെ വാക്കുകള്‍ ശ്രദ്ധ ക്ഷണിക്കുന്നു
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രാജിവ് ശഖ്ദര്‍ എഴുതിയ വിധിന്യായം സൂക്ഷ്മ വായന ആവശ്യപ്പെടുന്നതാണ്. മാരിറ്റല്‍ റേപ്പ് എങ്ങനെയാണ് സ്ത്രീയുടെ മൗലിക അവകാശങ്ങളെ ലംഘിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഏറ്റവും ക്രൂരമായ ലൈംഗിക അതിക്രമത്തിന് (ബലാത്സംഗത്തിന്) ഇരയായ സ്ത്രീയോട്, നിയമത്തിലുള്ള മറ്റു പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടാന്‍ ആവശ്യപ്പെടുന്നത് ന്യായമല്ലെന്നാണ് അദ്ദേഹം പറയുന്നത്.
വിധിന്യായത്തില്‍ നിന്ന്, 'വിവാഹം ക്രൂരമാവുമ്പോള്‍, സര്‍ക്കാര്‍ അതിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതില്‍ ന്യായം ഒന്നുംതന്നെയില്ല.'
ഒരു സ്ത്രീയ്ക്ക് ഏത് സമയത്തും അവരുടെ സമ്മതം പിന്‍വലിക്കാമെന്നും വിധിയില്‍ പറയുന്നു. അത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം, സ്വന്തം മനസ്സിനെയും ശരീരത്തെയും സംരക്ഷിക്കാനുള്ള അവകാശം എന്നിവയുടെ ഭാഗമാണെന്നും ജസ്റ്റിസ് ശഖ്ദര്‍ കൂട്ടിച്ചേര്‍ത്തു.
'സമ്മതമില്ലാത്ത ലൈംഗിക ബന്ധം കാതലായതിനെ നശിപ്പിക്കുകയും സ്ത്രീയ്ക്ക് ഏറ്റവും വിലപ്പെട്ടതായ അഭിമാനം, ശരീര ശുദ്ധി, സ്വംയംശീര്‍ഷകത്വം, തെരഞ്ഞെടുപ്പ്, കുട്ടികളെ ഉല്‍പ്പാദിപ്പിക്കാനോ ഉല്‍പ്പാദിപ്പിക്കാതിരിക്കാനോ ഉള്ള അവകാശം എന്നിവയെ ലംഘിക്കുകയും ചെയ്യുന്നു. അത് ഇരയുടെ മനസ്സില്‍ ഏറെ നാളത്തേക്ക് ഉണങ്ങാത്ത ആഴമേറിയ മുറിവുണ്ടാക്കുന്നു.'
മുന്നോട്ടുള്ള വഴിയെന്ത്?
അങ്ങേയറ്റം മനുഷ്യത്വരഹിതവും ക്രൂരവുമായ ശാരീരിക അതിക്രമമാണ് ബലാത്സംഗം. സുപ്രീം കോടതിയും ഹൈക്കോടതികളും പലവട്ടം ഇക്കാര്യം അടിവരയിട്ട് പറഞ്ഞിട്ടുള്ള കാര്യമാണ്. മാരിറ്റല്‍ റേപ്പിനെ കുറ്റകരമാക്കുന്ന കാര്യം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കാര്യവുമാണ്. ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി മാരിറ്റല്‍ റേപ്പിനെ കുറ്റകരമാക്കുന്നതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാം.
വൈയക്തിക അവകാശങ്ങളുടെ വിജയം എന്ന് പറയാവുന്ന മറ്റൊരു വീക്ഷണവും വിധി മുന്നോട്ടുവെക്കുന്നുണ്ട്. ഭ്രൂണം സ്ഥിതി ചെയ്യുന്നത് സ്ത്രീയുടെ ശരീരത്തിലായതിനാല്‍ അതിനെ ഉപേക്ഷിക്കുന്നതിനുള്ള അവകാശം സ്ത്രീയുടെ ശാരീരിക സ്വയം ശീര്‍ഷകത്വത്തിന്റ ഭാഗമാണെന്ന നിരീക്ഷണമാണത്. ആധുനിക കാലത്തെ നിയമങ്ങള്‍, വിവാഹം വ്യക്തികളുടെ അവകാശങ്ങള്‍ക്ക് മുന്‍ഉപാധിയാണെന്ന ചിന്തയെ പിന്‍പറ്റുന്നവയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശാരീരിക അതിക്രമങ്ങള്‍ക്കിടയിലും വിവാഹത്തെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്ന വാദത്തെ നിഷ്പ്രഭമാക്കുന്ന നിരീക്ഷണമാണിത്.
കെ എസ് പുട്ടസ്വാമി കേസ്സില്‍ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ തന്നെ മറ്റൊരു നിരീക്ഷണം കടമെടുത്ത് ലേഖനം അവസാനിപ്പിക്കുന്നതാവും ഉത്തമം. 'സ്വകാര്യതയുടെ അഭാവത്തില്‍ അഭിമാനത്തിന് നിലനില്‍പ്പില്ല. ഇവ രണ്ടും നിലനില്‍ക്കുന്നതാവട്ടെ, ഭരണഘടന അംഗീകരിച്ചിട്ടുള്ള ജീവിക്കാനുള്ള അവകാശം, സ്വാതന്ത്ര്യത്തിനായുള്ള അവകാശം എന്നീ മൂല്യങ്ങള്‍ക്കുള്ളിലും.'
അരീബ് ഉദ്ദിന്‍ അഹ്‌മദ് ഡല്‍ഹിയില്‍ അഭിഭാഷകനാണ്. ലൈവ് ലോയില്‍ ലീഗല്‍ ജേണര്‍ണലിസ്റ്റ് ആണ് ആരാത്രിക ഭൗമിക്.
livelaw.in ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം: തോമസ് കൊമരിക്കല്‍