നരബലി: കേരളം പിന്നോട്ട് നടക്കുന്നതിന്റെ സൂചനയോ?
PHOTO: PIXABAY
സമീപകാലത്ത് കേരളം കാണാത്ത വിധത്തിലുള്ള ഞെട്ടിക്കുന്ന വാർത്തയാണ് നരബലിയുടേത്. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നരബലി നടന്നു എന്ന സംശയം പോലീസ് ഉന്നയിക്കുന്നതോടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ വളരെ അപൂർവ്വമായി മാത്രം കാണുന്ന നരബലിയുടെ മറ്റൊരു കഥ വെളിച്ചത്ത് വരികയാണ്. എറണാകുളം ജില്ലയിലെ കടവന്ത്ര, കാലടി എന്നിവിടങ്ങളിൽ നിന്ന് കാണാതായ സ്ത്രീകളെയാണ് ഒരു സംഘം ബലി നൽകിയതായി സംശയിക്കുന്നത്. ഇരകളായ സ്ത്രീകൾ ഇരുവരും ലോട്ടറി വിൽപ്പനക്കാരായിരുന്നു: പൊന്നുരുന്നി സ്വദേശി പത്മം (52), കാലടി സ്വദേശി റോസിലി (50). ഇവരിൽ റോസിലിയെ കാണാതായത് ആറു മാസം മുമ്പാണ്. സെപ്റ്റംബർ 26നാണ് പത്മത്തെ കാണാതായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു കേസ് അന്വേഷിക്കുന്നതിനിടെ ഉയർന്നുവന്ന ദുരൂഹതയാണ് സംശയത്തിലേക്ക് നയിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. മന്ത്രവാദ ക്രിയകളുമായി ബന്ധപ്പെട്ടാണ് രണ്ടു സ്ത്രീകളെയും ബലി നൽകിയതെന്ന് കണക്കാക്കപ്പെടുന്നു.
കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ലൈല ദമ്പതികൾ അതിൽ ഉൾപ്പെടുന്നു. കൂടാതെ സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്ന ഏജന്റായി പ്രവർത്തിച്ച ഷാഫി എന്ന ഷിഹാബും അറസ്റ്റിലായി. പ്രതികളെന്ന് സംശയിക്കപ്പെടുന്ന ദമ്പതികളുടെ വീട്ടിൽ രാത്രിസമയത്ത് വാഹനങ്ങളിൽ ആളുകൾ വന്നുപോയിരുന്നത് അയൽവാസികൾ കണ്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നാണ് പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇത് എഴുതുന്ന സമയത്ത് ലഭ്യമായ വിവരങ്ങളനുസരിച്ച് പ്രതിയായ ഭഗവൽ സിംഗ് തിരുവല്ലയിൽ തിരുമ്മൽ കേന്ദ്രം നടത്തുന്നുണ്ട്. ഇയാൾ കുറിച്ചതായ ഹൈകു കവിതകൾ ഫേസ്ബുക്ക് പേജിലും കാണാം. അതോടൊപ്പം ഭഗവൽ സിംഗ് സി പി എം ബന്ധമുള്ളയാളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ, ഇടത് രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും പുരോഗമനത്തെ വെറും മുഖംമൂടി മാത്രമായി കൊണ്ടുനടക്കുന്നവരും സമൂഹത്തിലുണ്ടെന്ന കാര്യമാണ് അത് വെളിപ്പെടുത്തുന്നത്.
ഈ മാസം ആദ്യവാരത്തിൽ ഡൽഹിയിൽ രണ്ടു ചെറുപ്പക്കാർ ചേർന്ന് ഒരു ആറു വയസ്സുകാരന്റെ കഴുത്തറുത്ത് ബലി നൽകിയിരുന്നു. തെക്കൻ ഡൽഹിലെ ലോധി കോളനിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. കൺസ്ട്രക്ഷൻ ക്യാമ്പിൽ ജോലി ചെയ്തു വരികയായിരുന്ന ഉത്തർ പ്രദേശ് സ്വദേശികളുടെ മൂന്ന് മക്കളിൽ ഒരാളായിരുന്നു ക്രൂരമായി കൊല്ലപ്പെട്ട ബാലൻ. ദേവി പൂജയുമായി ബന്ധപ്പെട്ട ഉത്സവ ദിനങ്ങളായിരുന്നതിനാൽ തൊഴിലാളികളെല്ലാവരും ആത്മീയ ആഘോഷ ലഹരിയിലായിരുന്നു. ഭജനയിലും ദേവീ സ്തുതിയിലും രാത്രി ചിലവഴിക്കുന്നതിനിടെ സ്വന്തം കുടുംബം താമസിക്കുന്ന ഷെഡ്ഡിലേക്ക് മടങ്ങിയ ആറു വയസ്സുകാരൻ പിറ്റേന്നത്തെ പ്രഭാതം കണ്ടില്ല.
ക്യാമ്പിലെ തന്നെ തൊഴിലാളികളായ വിജയ് കുമാറും അമർ കുമാറും ചേർന്ന് ആത്മീയതയാൽ അന്ധരായി, കുട്ടിയെ കഴുത്തറുത്ത് ബലി നൽകി. കുട്ടിയെ കാണാതായതോടെ തിരച്ചിൽ ആരംഭിച്ച പിതാവും കൂട്ടരും മറ്റൊരു ഷെഡ്ഡിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ട് സ്തബ്ദരായി. അകത്ത് ചെന്നപ്പോൾ കാണാനായതാവട്ടെ കഴുത്തിൽ നിന്ന് രക്തം വാർന്ന് കിടക്കുന്ന കുട്ടിയെയും.
സംഭവമറിഞ്ഞ് അന്വേഷണം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥരും സംഭവം നരബലിയാണെന്ന് മനസ്സിലാക്കിയതോടെ ഇന്ന് കേരളത്തിലെ പോലീസ് എന്ന പോലെതന്നെ ഞെട്ടിപ്പോയി. ഉത്സവത്തിന്റെ ഭാഗമായി പ്രസാദം കഴിച്ചതോടെ, സമ്പൽസമൃദ്ധിക്കായി ദൈവത്തിന് നരബലി നൽകണമെന്ന ദർശനം ഉണ്ടായെന്നും ആ സമയത്ത് അവിടേക്ക് നടന്നുവന്ന കുട്ടിയെ കണ്ടയുടൻ ആക്രമിച്ച് കീഴ്പ്പെടുത്തി കഴുത്തറുക്കുകയായിരുന്നെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. ബിഹാർ സ്വദേശികളാണ് പ്രതികൾ. രാജ്യത്തെ മാധ്യമങ്ങളെല്ലാം സംഭവത്തെ കൊടും കുറ്റകൃത്യമെന്ന നിലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇത്തരം ചെയ്തികളിലേക്ക് മനുഷ്യരെ നയിക്കുന്ന ചിന്താധാരകളെക്കുറിച്ചുള്ള ചർച്ചകൾ നിശ്ചയമായും വിരളമായിരുന്നു.
കേരളത്തിലിരുന്ന് ഈ വാർത്ത വായിച്ചവരിൽ ബഹുഭൂരിപക്ഷവും നരബലിയെ തങ്ങളിൽ നിന്ന് അതിവിദൂരമായ കുറ്റകൃത്യമായിട്ടാവും കണ്ടിട്ടുണ്ടാവുക. ഉത്തരേന്ത്യയിലും, അസംസ്‌കൃതരായ മനുഷ്യക്കൂട്ടങ്ങൾക്കിടയിലും സംഭവിക്കുന്ന ഒന്നായി, കേരളത്തിന്റെ സാക്ഷരതയുടെയും പുരോഗമന ചിന്തയുടെയും പരിചയ്ക്ക് അപ്പുറമുള്ള ഒന്നായി. എന്നാൽ, ഇന്ന് എറണാകുളത്തെ പോലീസ് വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതെന്ന് പറഞ്ഞാൽ മതിയാകില്ല. കേരളമെന്ന പുരോഗമന ബിംബത്തിൽ കാര്യമായ വിള്ളൽ വീഴ്ത്തുന്ന മറ്റൊരു സംഭവം കൂടിയാണത്.
ഡൽഹിയിലും ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങളിലും സംഭവിക്കുന്നതായി കേട്ടിട്ടുള്ള സ്ത്രീധന മരണങ്ങൾ ഒരു സമയത്ത് കേരളത്തിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തിൽ, കേരളീയ പൊതുബോധം പുരോഗമനപരം ആയിരിക്കുമ്പോഴും സമൂഹത്തിൽ മനുഷ്യ വിരുദ്ധമായ സമ്പ്രദായങ്ങൾ എത്രത്തോളം വ്യാപകമാണ് എന്ന ചോദ്യമുയർന്നിരുന്നു. ജാതിയില്ല എന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക വ്യവഹാരങ്ങളിൽ നിഴലാടുന്ന ജാതീയതയും, സ്ത്രീ വിരുദ്ധതയും ട്രാൻസ്ഫോബിയയും അത്തരമൊരു സംശയം ബലപ്പെടുത്തുന്നതാണ്. എന്നാൽ, മന്ത്രവാദം, ബലി തുടങ്ങിയ തികച്ചും നീചമായ കുറ്റകൃത്യങ്ങളുടെ സാന്നിധ്യം സമൂഹത്തിൽ അന്ധവിശ്വാസവും പ്രാകൃത മനോഭാവവും ഇന്നും നിലനിൽക്കുന്നുവെന്നതിന്റെ തെളിവായി കണക്കാക്കാം. നഗരവൽക്കരണത്തിന്റെയും വികസനത്തിന്റെയും അതിവേഗ പാതയിൽ മുന്നേറുന്ന ഈ കാലഘട്ടത്തിലും സാമൂഹ്യ പരിഷ്‌കരണത്തിലും, മത നവീകരണത്തിലും, യുക്തി ചിന്തയുടെ പ്രചരണത്തിലും സൂക്ഷ്മമായ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് നരബലിയെ കുറിച്ചുള്ള വാർത്തകൾ.