TMJ
searchnav-menu
post-thumbnail

Crime

സ്വകാര്യത, ഒളിഞ്ഞുനോട്ടം, ഭരണകൂടം - ക്രൈം ടെലിവിഷനിലെ ക്യാമറക്കണ്ണുകള്‍

27 Sep 2022   |   1 min Read
രാജീവ്‌ രാമചന്ദ്രന്‍

ന്യരുടെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടം അഥവാ നിരീക്ഷണത്തിന് (Surveillance) മനുഷ്യന്റെ സാമൂഹ്യജീവിതത്തോളം തന്നെ പഴക്കം കാണും. ബൈബിള്‍ പ്രകാരം കൊട്ടാരമട്ടുപ്പാവില്‍ നിന്ന് സൈന്യാധിപനായ ഊറിയായുടെ ഭാര്യ ബത്‌ശേബ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ ഇസ്രായേല്‍ രാജനായ ദാവീദിന്റെ പ്രവൃത്തി ചെന്നവസാനിക്കുന്നത് ബലാത്സംഗം മുതല്‍ കൊലപാതകം വരെയുള്ള കുറ്റകൃത്യങ്ങളിലാണ്. രാജാവും പൊലീസും കൈയ്യടക്കിയ പില്‍ക്കാല സമൂഹത്തില്‍ അധികാരികളുടെ ഒളിഞ്ഞുനോട്ടം രാജ്യസുരക്ഷയ്ക്കും കുറ്റകൃത്യങ്ങള്‍ തടയാനും ക്രമസമാധാനപാലനത്തിനുമുള്ള ഉപായമായാണ് വിലയിരുത്തപ്പെട്ടത്. രാജ്യങ്ങള്‍ തമ്മിലും ഭരണകൂടം പൗരന്മാര്‍ക്കു മേലും ഏര്‍പ്പെടുത്തുന്ന നിരീക്ഷണം നിയമവിധേയവും ആശാസ്യവുമായി മാറിയത് ചരിത്രത്തിന്റെ ഈ പാതയിലൂടെയാണ്. ഒളിഞ്ഞു നോട്ടം നിയമവിധേയമാകുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പരിക്കേല്‍ക്കുന്നത് സ്വകാര്യത എന്ന സങ്കല്പനത്തിനു തന്നെയാണ്. എന്താണ് സ്വകാര്യത എന്ന് നിയമപരമായി കൃത്യമായി നിര്‍വചിക്കാനാവില്ലെങ്കിലും വ്യക്തിയുടെ സ്വാതന്ത്ര്യവും വിമോചനവും എന്തിന് ആത്മാഭിമാനവുമായി ഏറ്റവുമടുപ്പമുള്ള പരികല്‍പനയാണതെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. തനിയെ ആയിരിക്കാനുള്ള സ്വാതന്ത്ര്യം എന്ന് വിശാലാര്‍ത്ഥത്തില്‍ സ്വകാര്യതയെ നിര്‍വചിച്ചത് ലൂയിസ് ബ്രാന്‍ഡിസ്, സാമുഅല്‍ വാറന്‍ എന്നീ രണ്ട് നിയമജ്ഞരാണ്. സ്വകാര്യതക്കുള്ള അവകാശം എന്ന അവരുടെ പഠനമാണ് പില്‍ക്കാലത്ത് ലോകമെമ്പാടുമുള്ള നിരവധി നിയമ നിര്‍മ്മാണങ്ങള്‍ക്ക് ആധാരമായിട്ടുള്ളത്. സ്വകാര്യതയ്ക്കുള്ള പൗരന്റെ അവകാശവും നിരീക്ഷണത്തിനുള്ള ഭരണകൂടത്തിന്റെ അധികാരവും തമ്മിലുള്ള വൈരുദ്ധ്യം എങ്ങനെയാണ് പുതിയ തരത്തിലുള്ള കുറ്റകൃത്യത്തിന് ഹേതുവാകുന്നത് എന്ന് അമേരിക്കയിലും ബ്രിട്ടനിലും ജനപ്രീതി നേടിയ രണ്ട് ടെലിവിഷന്‍ സീരീസുകളെ മുന്‍നിര്‍ത്തി പരിശോധിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. പേഴ്‌സൺ ഓഫ് ഇന്ററസ്റ്റ് എന്ന അമേരിക്കന്‍ സീരീസും ദ കാപ്ച്വര്‍ എന്ന ബ്രിട്ടീഷ് സീരീസും ഭരണകൂടം പൗരന്മാര്‍ക്ക് മേല്‍ നടത്തുന്ന സ്വകാര്യതാലംഘനത്തെ വിമര്‍ശനവിധേയമാക്കുന്നവയാണ്.

'ദ കാപ്ച്വര്‍' ഒന്നാം സീസണിലെ രംഗം | photo : wiki commons

2011 ലാണ് ജോനതന്‍ നോളനും ജെ.ജെ. അബ്രാംസും ചേര്‍ന്ന് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ്. ന് വേണ്ടി പേഴ്‌സൺ ഓഫ് ഇന്ററസ്റ്റ് (പി.ഓ.ഐ.) എന്ന സീരീസ് തുടങ്ങുന്നത്. മിഥ്യാഭയം (Paranoia) കൊണ്ട് ചകിതരായ ഒരു ജനതയെ മുന്‍നിര്‍ത്തി അമേരിക്കന്‍ ഭരണകൂടം പൗരന്മാര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധ രഹസ്യനിരീക്ഷണ പദ്ധതിയെ - ഒളിഞ്ഞു നോട്ടത്തെ - അതിനകത്തു നിന്നുതന്നെ മറ്റൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്നതാണ് അഞ്ചു സീസണ്‍ നീളുന്ന സീരീസെന്ന് പൊതുവില്‍ പറയാം. ലോകവ്യാപാരകേന്ദ്രം ആക്രമിക്കപ്പെട്ടതിന് ശേഷം, ഇനിയുണ്ടാകാനിടയുള്ള ഭീകരാക്രമണങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചെറുക്കുന്നതിനായി ജനങ്ങളെ ഒന്നാകെ നിരീക്ഷണത്തിലാക്കാനായി പരമരഹസ്യമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന, യന്ത്രം (Machine) എന്നറിയപ്പെടുന്ന നിര്‍മ്മിത ബുദ്ധിയാണ് സീരീസിന്റെ കേന്ദ്രബിന്ദു. ഇന്റര്‍നെറ്റുമായി ബന്ധിതമായതോ പൊതുവിടങ്ങളിലുള്ളതോ ആയ എല്ലാ ക്യാമറക്കണ്ണുകളുടേയും ശ്രവണോപകരണങ്ങളുടേയും കാഴ്ചയും കേള്‍വിയും ഏറ്റെടുത്തും ഫോണ്‍കോളുകളിലേക്ക് കാതോര്‍ത്തും കുറ്റകൃത്യങ്ങളെ അവയുടെ ആസൂത്രണവേളയില്‍ തന്നെ തടയാവുന്ന വിധമാണ് യന്ത്രത്തിന്റെ രൂപകല്പന. ഭരണകൂടത്തെ എല്ലാം കാണാനും കേള്‍ക്കാനും പ്രാപ്തമാക്കുന്ന 'യന്ത്രം' എന്ന സങ്കല്പത്തെ യാഥാര്‍ത്ഥ്യത്തോടടുത്തു നില്‍ക്കുന്ന സയൻസ് ഫിക്ഷനെന്ന നിലയിലാണ് സീരീസിന്റെ തുടക്കത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ സയൻസ് ഫിക്ഷനേയും മറികടക്കും വിധം നിരീക്ഷണ സാങ്കേതികവിദ്യയും അതുപയോഗിച്ചുള്ള ഭരണകൂടത്തിന്റെ അധികാര പ്രയോഗങ്ങളും വളരുന്ന കാഴ്ചയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലോകത്തിനു മുന്നില്‍ അനാവൃതമായത്. 2016 ജൂണില്‍ സീരിസിന്റെ അഞ്ചാം സീസണ്‍ പതിമൂന്ന് എപ്പിസോഡില്‍ അവസാനിക്കുമ്പോഴേക്കും നോളനും സംഘവും തുടക്കത്തില്‍ ഭാവന ചെയ്ത പല വിപല്‍സൂചനകളും മൂര്‍ത്ത രൂപം കൈവരിച്ചുകഴിഞ്ഞിരുന്നു.

പി.ഓ.ഐ.യുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യുമ്പോള്‍ 'സപ്തംബര്‍ പതിനൊന്നി'ന് പത്തു വയസ്സായിരുന്നു. ബ്രാഡ്‌ലി എഡ്വാര്‍ഡ് മാനിംഗ് എന്ന പട്ടാളക്കാരനെ ചാരവൃത്തി ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമപ്രകാരം ജയിലിലടച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. അയാള്‍ ചെല്‍സി മാനിംഗ് ആയി മാറിയിട്ടില്ലായിരുന്നു. വിക്കിലീക്‌സിന്റെ പേരില്‍ ജൂലിയന്‍ അസാന്‍ജിനെതിരെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രിസം വെളിപ്പെടുത്തലിന്റെ പേരില്‍ എഡ്വേഡ് സ്‌നോഡനെ ജനശത്രുവായി പ്രഖ്യാപിക്കാന്‍ ഇനിയും രണ്ട് രണ്ടരക്കൊല്ലം ബാക്കിയുണ്ടായിരുന്നു.

"നിങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവിടെ സര്‍ക്കാരിന് ഒരു രഹസ്യ സംവിധാനമുണ്ട്, അനുനിമിഷം നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഒരു യന്ത്രം. ഞാനാണത് നിര്‍മ്മിച്ചത്, എന്നതുകൊണ്ട് മാത്രമാണ് എനിക്കിതേക്കുറിച്ചറിയാവുന്നത്."

ഈ സംഭവങ്ങള്‍ക്കെല്ലാം മുമ്പാണ് നിങ്ങള്‍ നിങ്ങളുടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണെന്ന് മുന്നറിയിപ്പുമായി പേഴ്‌സന്‍ ഓഫ് ഇന്ററസ്റ്റ് കാണികള്‍ക്ക് മുന്നിലെത്തിയത്. ഓരോ എപ്പിസോഡിന്റേയും തുടക്കത്തില്‍ മൈക്കേല്‍ എമേഴ്‌സന്റെ ശബ്ദം തല്പരകക്ഷികളെ അഭിസംബോധന ചെയ്തു തുടങ്ങുന്നത് ഇങ്ങനെയാണ്. 'നിങ്ങള്‍ നിരീക്ഷണത്തിലാണ്. ഇവിടെ സര്‍ക്കാരിന് ഒരു രഹസ്യ സംവിധാനമുണ്ട്, അനുനിമിഷം നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഒരു യന്ത്രം. ഞാനാണത് നിര്‍മ്മിച്ചത്, എന്നതുകൊണ്ട് മാത്രമാണ് എനിക്കിതേക്കുറിച്ചറിയാവുന്നത്. ഭീകരപ്രവര്‍ത്തനം കണ്ടെത്തി തടയാനുദ്ദേശിച്ചാണ് ഞാനത് നിര്‍മ്മിച്ചതെങ്കിലും ഈ യന്ത്രത്തിന് എല്ലാം കാണാനാവും. സര്‍ക്കാരിന്റെ കണക്കില്‍ അപ്രസക്തങ്ങളായ, എന്നാല്‍ നിങ്ങളെ പോലുള്ള സാധാരണക്കാര്‍ ഉള്‍പ്പെട്ട ഹിംസാത്മകമായ കുറ്റകൃത്യങ്ങളുള്‍പ്പെടെ എല്ലാം. അവര്‍ പക്ഷെ അതിലൊന്നും ഇടപെടില്ലെന്ന് മനസ്സിലായതോടെ സ്വയം ഇടപെടാന്‍ ഞാന്‍ തീരുമാനിച്ചു. അതിന് എനിക്ക് ചില പങ്കാളികളെ വേണമായിരുന്നു. അധികൃതരുടെ നോട്ടപ്പുള്ളികളായ ഞങ്ങള്‍ രഹസ്യമായാണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്ക് ഞങ്ങളെ കണ്ടെത്താനാവില്ല, പക്ഷെ നിങ്ങള്‍ ഇരയായാലും കുറ്റവാളിയായാലും ഊഴമെത്തുന്ന മുറക്ക് ഞങ്ങള്‍ നിങ്ങളെ കണ്ടെത്തുക തന്നെ ചെയ്യും'.

ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം അതിന്റെ പരമാധികാരത്തെ ലക്ഷ്യം വെക്കുന്ന ഭീകരാക്രമണങ്ങളില്‍ കുറഞ്ഞ ഒന്നും തന്നെ പ്രസക്തമായ ഹിംസയല്ലെന്ന തിരിച്ചറിവാണ് ഫിഞ്ജിനെ ജനസാമാന്യത്തിന്റെ ജീവിതത്തില്‍ സംഭാവിക്കാനിരിക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരു ജാഗ്രതാസംഘം രൂപീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനരക്ഷകരാകേണ്ട ഭരണകൂടം തന്നെ ജനതയ്ക്കെതിരായി തിരിഞ്ഞേക്കാവുന്ന സവിശേഷ സാഹചര്യമുണ്ടായാല്‍ ഇടപെടാനായി യന്ത്രത്തിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ ഉണ്ടാക്കിയ പിന്‍വാതിലാണ് ഫിഞ്ജ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. യന്ത്രം മുന്‍കൂട്ടി കണ്ടെത്തുന്നതും ഭരണകൂടം അവഗണിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ തടയാനായി ഫിഞ്ജും സംഘവും നടത്തുന്ന സാഹസങ്ങളാണ് സീരീസിന്റെ ത്രില്‍ ഫാക്റ്റര്‍. സി.ഐ.എ.യുടെ ബ്ലാക് സ്‌ക്വാഡ് മുന്‍ ഓപ്പറേറ്റീവ് ജോണ്‍ റീസ് ആണ് ഫിഞ്ജിന്റെ വലം കൈ. ന്യൂയോര്‍ക്ക് പൊലീസ് ഡിപാര്‍ട്ട്‌മെന്റിലെ ഡിറ്റക്ടീവ് ലയണല്‍ ഫസ്‌കോയും ജോസലിന്‍ കാര്‍ട്ടറും പിന്നീട് ഇവര്‍ക്കൊപ്പം ചേരും. യന്ത്രത്തെക്കുറിച്ച് ലഭിക്കുന്ന സൂചനകള്‍ പിന്തുടര്‍ന്ന് ഫിഞ്ജിന്റെ അടുത്തെത്തുന്ന റൂട്ട് എന്നറിയപ്പെടുന്ന സമാന്‍ ഗ്രോവ്‌സ് എന്ന ഹാക്കറും ഭരണകൂടത്തിന് വേണ്ടി ആസൂത്രിത കൊലപാതകങ്ങള്‍ നടത്താന്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള മെഡിക്കല്‍ ഡോക്ടര്‍ കൂടിയായ സമീന്‍ ഷായും കൂടി ചേരുന്നതാണ് പിന്നീട് ടീം മെഷീന്‍ ആയി മാറുന്ന ഫിഞ്ജിന്റെ ജാഗ്രതാസംഘം. സയന്‍സ് ഫിക്ഷന്‍/ ടെക്‌നോ ത്രില്ലര്‍/ പൊലീസ് പ്രൊസീഡ്യുറല്‍ വിഭാഗത്തില്‍ തുടങ്ങിയ സീരീസ് പക്ഷെ രണ്ടാം സീസണ്‍ കടന്നതോടെ ഭരണകൂടത്തിന്റെ നിരീക്ഷണ സംവിധാനത്തേയും അതിലുള്‍ച്ചേര്‍ന്നിട്ടുള്ള കോര്‍പ്പറേറ്റ് താല്പര്യങ്ങളേയുമെല്ലാം പ്രശ്‌നവത്കരിക്കുന്ന പൊളിറ്റിക്കല്‍ കോണ്‍സ്പിരസി ഴോണറിലേക്ക് ചുവടുമാറുകയാണ്. ഹരോള്‍ഡ് ഫിഞ്ജ് എന്ന സാങ്കേതിക ശാസ്ത്രജ്ഞന് തന്റെ സ്വന്തം കണ്ടുപിടുത്തമായ യന്ത്രത്തെ പോലും വിശ്വാസമില്ലായിരുന്നു. മനുഷ്യന്റെ നിയന്ത്രണത്തില്‍ നിന്ന് അത് പുറത്തുപോകുന്നത് പ്രവചനാതീതമായ ദുരന്തത്തിന് വഴിവെക്കുമെന്ന അയാളുടെ ആശങ്കയിന്‍മേലാണ് സീരീസിന്റെ ആഖ്യാനം പടുത്തുയര്‍ത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ലോകത്ത് മിഥ്യാഭയമുള്ളവരേ അതിജീവിക്കൂ എന്ന മുന്നറിയിപ്പാണ് ജോനാതന്‍ നോളനും സംഘവും നല്‍കിയത്.

photo : wiki commons

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട, രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കിവെക്കേണ്ട ഭരണകൂടം അതിനുതകും വിധം നിര്‍മ്മിച്ച യന്ത്രത്തെ ഭരണവര്‍ഗ്ഗ താല്പര്യ സംരക്ഷണത്തിനുമാത്രമായി ഉപയോഗിക്കുന്നുവെന്നത് മാത്രമല്ല ഫിഞ്ജിന്റെ പ്രശ്‌നം. യന്ത്രത്തിന്റെ അസ്തിത്വത്തെക്കുറിച്ചറിയുന്ന, അറിയേണ്ടവരല്ലെന്ന് ഭരണകൂടം കരുതുന്നവരെ ഒന്നൊഴിയാതെ കൊന്നൊടുക്കിയതു കൂടിയാണ്. യന്ത്ര നിര്‍മ്മാണത്തിനായി സര്‍ക്കാരിനോട് കരാറിലേര്‍പ്പെട്ട ഫിഞ്ജിന്റെ സുഹൃത്തും പങ്കാളിയുമായ നെയ്തന്‍ ഇന്‍ഗ്രാമിനെ കൊലപ്പെടുത്താനായി ആസൂത്രണം ചെയ്യപ്പെട്ട ബോട്ട് ജെട്ടിയിലെ സ്‌ഫോടനത്തോടെയാണ് ഹരോള്‍ഡ് ഒളിവില്‍ പോകുന്നത്. യന്ത്ര നിര്‍മ്മാണത്തിലെ അയാളുടെ പങ്ക് നെയ്തന്‍ സര്‍ക്കാരിനു മുന്നില്‍ വെളിപ്പെടുത്താതിരുന്നതിനാല്‍ മാത്രമാണ് ഫിഞ്ജ് കൊല്ലപ്പെടേണ്ടവരുടെ പട്ടികയിലിടം പിടിക്കാതിരുന്നതും. ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന തങ്ങള്‍ ഒളിവിലാണ് പ്രവര്‍ത്തിക്കുന്നതെന്ന അയാളുടെ ആമുഖ വാചകം പ്രസക്തമാവുന്നതും ഇവിടെയാണ്.

ഒന്നാം സീസണിലെ ഇരുപത്തിരണ്ടാം എപ്പിസോഡില്‍ എന്‍.എസ്.എ.ക്കു വേണ്ടി നിരീക്ഷണ പദ്ധതികളില്‍ പണിയെടുക്കുന്ന ഹെന്റി പെക്ക് എന്ന അനലിസ്റ്റിനെ നോളനും സഹപ്രവര്‍ത്തകരും അവതരിപ്പിക്കുമ്പോള്‍ എഡ്‌വേഡ് സ്‌നോഡനെ ലോകത്തിന് പരിചയമില്ലായിരുന്നു. നോ ഗുഡ് ഡീഡ് എന്ന് ഈ എപ്പിസോഡില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വന്‍തോതിലുള്ള നിരീക്ഷണ പദ്ധതി, ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നതാണെന്ന് കണ്ടെത്തുന്ന പെക്ക് അത് മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ സര്‍ക്കാര്‍ തന്നെയാണ് നമുക്കുമേല്‍ ചാരവൃത്തി നടത്തുന്നത്, അത് പുറത്തു പറയാന്‍ ശ്രമിച്ച എന്നെ അവര്‍ കൊല്ലാനും ശ്രമിക്കുന്നു എന്ന് കഥയിലെ ഹെന്റി പെക്ക് പറഞ്ഞ് പതിനാറു മാസം കഴിയുമ്പോഴേക്കും യഥാര്‍ത്ഥ എന്‍.എസ്.എ. കോണ്‍ട്രാക്ടറായിരുന്ന സ്‌നോഡന് രാജ്യമുപേക്ഷിക്കേണ്ടി വന്നു. പ്രവചന സ്വഭാവമുള്ള എപ്പിസോഡെന്ന് ന്യൂയോര്‍ക്കര്‍ പോലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സീരീസിന്റെ സ്രഷ്ടാക്കളെ സംബന്ധിച്ചിടത്തോളം അത് തീര്‍ത്തും യാദൃച്ഛികമായിരുന്നില്ല. യന്ത്രം എന്ന ആശയത്തിനുള്ള പ്രചോദനം തന്നെ മാധ്യമപ്രവര്‍ത്തകനായ ഷെയ്ന്‍ ഹാരിസ് എഴുതിയ ദ വാച്ചേഴ്‌സ് - എന്‍.എസ്.എ.യുടെ നിരീക്ഷണ പദ്ധതികളുടെ ചരിത്രം എന്ന പുസ്തകമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹെന്റി പെക്ക് എന്ന കഥാപാത്രത്തിന് സ്‌നോഡനുമായുള്ള സാദൃശ്യത്തോട് പൊരുത്തപ്പെടാന്‍ വല്ലാതെ പ്രയാസപ്പെട്ടുവെന്നാണ് ആ എപ്പിസോഡ് എഴുതിയ അമാന്‍ഡ സെഗല്‍ പറഞ്ഞത്. സ്‌നോഡന്റെ വെളിപ്പെടുത്തലുകളുമായി ഗാര്‍ഡിയനും വാഷിംഗ്‌ടൺ പോസ്റ്റും മുന്നോട്ടു പോയപ്പോള്‍, ഇനി ഞങ്ങളുടെ ഭാവനാവിലാസമെന്ന നിലയിലല്ല, യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരമെന്ന നിലയിലാവും പി.ഓ.ഐ. അറിയപ്പെടുക എന്നായിരുന്നു ഫിഞ്ജിനെ അവതരിപ്പിച്ച മൈക്കേല്‍ എമേഴ്‌സന്റെ പ്രതികരണം.

പി.ഓ.ഐ. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമായി ഭരണകൂടത്തിന്റെ നിരീക്ഷണത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ കാപ്ച്വര്‍ ഒരു പടി കൂടി കടന്ന്, ആര്‍ക്കെതിരെയും ഡിജിറ്റല്‍ തെളിവുകളുണ്ടാക്കുന്ന ഭരണകൂട പദ്ധതിയായാണ് അവതരിപ്പിക്കുന്നത്.

ഭരണകൂടത്തിന്റെ നിരീക്ഷണവും സ്വകാര്യതാ ലംഘനവുമെല്ലാം അനിവാര്യവും സ്വാഭാവികവുമാണെന്ന പൊതുബോധമാണ് പിന്നീടുണ്ടാകുന്നത്. യന്ത്രത്തിന് സമാന്തരമായി കൂടുതല്‍ ശക്തിയിലും ആഴത്തിലും പരപ്പിലും ജനങ്ങള്‍ക്കു മേല്‍ ചാരപ്രവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന സമാരിറ്റന്‍ എന്ന നിര്‍മ്മിത ബുദ്ധിയുമായി ഒരു ആഗോള കോര്‍പ്പറേഷന്‍ രംഗപ്രവേശം ചെയ്യുന്നതും, അതിനെതിരെ ടീം മെഷീന്‍ നത്തുന്ന ചെറുത്തു നില്‍പ്പുമാണ് സീരീസിന്റെ അവസാന രണ്ടു സീസണുകളുടെ ഇതിവൃത്തം. സമാരിറ്റന്റെ വരവോടെ സീരിസിന്റെ ആമുഖ വിവരണത്തിനും മാറ്റം വരുന്നുണ്ട്. അത് ഫിഞ്ജിന്റേയും സമാരിറ്റനെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് തലവന്‍ ജോണ്‍ ഗ്രീറിന്റേയും ആശയസംഘര്‍ഷം ഉള്‍ക്കൊള്ളുന്ന രീതിയില്‍ പരിഷ്‌കരിക്കപ്പെടുന്നു.

ഫിന്‍ജ് - നിങ്ങള്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാരിന് ഒരു രഹസ്യ സംവിധാനമുണ്ട്.

ഗ്രീര്‍- നിങ്ങളെ സംരക്ഷിക്കാനായി നിങ്ങളാവശ്യപ്പെട്ട സംവിധാനമാണത്

ഫിന്‍ജ് - അനുനിമിഷം നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ഒരു യന്ത്രം

ഗ്രീര്‍- എല്ലാം കാണാനും ക്രമത്തില്‍ അടുക്കി വെക്കാനും സാധാരണക്കാരുടെ ജീവിതം നിയന്ത്രിക്കാനുമുള്ള അധികാരം നിങ്ങളതിന് കൊടുത്തിട്ടുണ്ട്

ഫിന്‍ജ് - സര്‍ക്കാരിന്റെ കണക്കില്‍ ഈ മനുഷ്യരെല്ലാം അപ്രസക്തരാണ്, ഞങ്ങള്‍ക്ക് പക്ഷെ അങ്ങനെയല്ല

ഗ്രീര്‍- അതിനെ സംബന്ധിച്ചിടത്തോളം പക്ഷെ തടസ്സം നില്‍ക്കുന്നവരെല്ലാം അപ്രസക്തരാണ്, ഇരയായാലും കുറ്റവാളിയായാലും

നിങ്ങളെ ഒളിഞ്ഞുനോക്കാനുള്ള അവകാശം സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്ന ആഗോള മുതലാളിത്തത്തിന്റെ അവകാശവാദത്തെയാണ്, നിര്‍മ്മിത ബുദ്ധിയുടെ ഏറ്റവും വിനാശകരമായ അവസ്ഥയായി അവതരിപ്പിക്കപ്പെടുന്നത്. ഒരു തരത്തിലുള്ള മാനുഷികമൂല്യങ്ങളും പരിചിതമല്ലാത്ത നിഷ്‌കാരുണ്യത്തിന്റെ പ്രതിനിധാനമാണ് സമാരിറ്റന്‍. ബിബ്ലിക്കല്‍ അര്‍ത്ഥകല്‍പനയില്‍ ദയാലുവെന്ന പേരാണ് അതിനായി തെരഞ്ഞെടുത്തിരിക്കുന്നതും. സമാരിറ്റന്റെ പിടിയില്‍ നിന്ന് ജനജീവിതം മോചിപ്പിക്കാനും യന്ത്രത്തെ (Machine) ഇടപെടലുകളില്ലാതെ നിലനിര്‍ത്താനുമുള്ള പോരാട്ടമാണ് സീരീസിന്റെ ക്ലൈമാക്‌സ്. ഭാവിയിലുണ്ടാവാനിരിക്കുന്ന നിരീക്ഷക ഭരണകൂടങ്ങളിലേക്കുള്ള ചൂണ്ടു പലകയായി വിലയിരുത്തപ്പെട്ട പേഴ്‌സന്‍ ഓഫ് ഇന്ററസ്റ്റ് അവസാനിക്കും മുമ്പ് തന്നെ പ്രിസം മുതല്‍ പെഗാസസ് വരെയുള്ള പലവിധ സംവിധാനങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയ ജീവിതത്തെ അപ്പാടെ മാറ്റിമറിക്കുന്ന നിലയിലേക്ക് ലോകക്രമം തന്നെ മാറിക്കഴിഞ്ഞുവെന്നത്, നമ്മുടെ കാലവേഗത്തിന്റെ സൂചനയാണ്.

2016 പി.ഓ.ഐ. അവസാനിക്കുമ്പോള്‍ പ്രേക്ഷകരോട് പങ്കുവെക്കുന്ന നിരീക്ഷക ഭരണകൂടങ്ങളെക്കുറിച്ചുള്ള ആശങ്കയുടെ അടുത്ത ഘട്ടമായി 2019 ല്‍ ബി.ബി.സി. സംപ്രേഷണം ചെയ്ത ദ കാപ്ച്വറിനെ കാണാവുന്നതാണ്. പി.ഓ.ഐ. സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്നു കയറ്റമായി ഭരണകൂടത്തിന്റെ നിരീക്ഷണത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ കാപ്ച്വര്‍ ഒരു പടി കൂടി കടന്ന്, ആര്‍ക്കെതിരെയും ഡിജിറ്റല്‍ തെളിവുകളുണ്ടാക്കുന്ന ഭരണകൂട പദ്ധതിയായാണ് അവതരിപ്പിക്കുന്നത്. അവര്‍ പറയുന്ന രാഷ്ട്രീയം നമ്മെ നടുക്കുന്നതാണ്. രഹസ്യാന്വേഷണ വിവരങ്ങള്‍ക്കനുസരിച്ച് തെളിവുകള്‍ സൃഷ്ടിച്ചെടുക്കാനുള്ള കറക്ഷന്‍ എന്ന പദ്ധതി സി.ഐ.എ. പരീക്ഷിക്കുന്നതാണ് സീരീസിന്റെ ഇതിവൃത്തം. അമേരിക്കയിലല്ല, ബ്രിട്ടീഷ് മണ്ണിലാണ് ഈ പരീക്ഷണം. ഭീകരവാദ കേസുകളിലെ പ്രതികള്‍ക്കെതിരെ ഡീപ് ഫെയ്ക്ക് വീഡിയോകള്‍ നിര്‍മ്മിച്ച് അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുകയാണ് കറക്ഷന്റെ ലക്ഷ്യം. പി.ഓ.ഐ. കാണിച്ചു തന്ന നിരീക്ഷണോപകരണങ്ങള്‍ - സി.സി.ടി.വി.യും ട്രാഫിക് കാമറയുമെല്ലാം തെളിവുകളുണ്ടാക്കാനായി ഉപയോഗിക്കുന്നു. ഭീമ - കൊറേഗാവ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മലയാളികളായ ഹാനി ബാബുവിന്റേയും റോണാ വില്‍സന്റേയും കംപ്യൂട്ടറുകളില്‍ കൃത്രിമത്തെളിവുകള്‍ സ്ഥാപിച്ചുവെന്ന വാര്‍ത്ത വായിക്കുന്ന നമ്മള്‍ കാപ്ച്വര്‍ കാണുമ്പോള്‍ ഒന്നു കൂടി നടുങ്ങും. നമ്മുടെ ലാപ് ടോപ്പിലെ ക്യാമറയും ഡി.റ്റി.എച്ച്. - സെറ്റ് ടോപ് ബോക്‌സും പരിശോധിക്കും. ഇനി നമ്മളെങ്ങാനും അവരുടെ കണ്ണില്‍ പെടുന്നുണ്ടോ എന്ന് ചുറ്റും നോക്കി പോകുന്നത്ര ഭയപ്പെടുത്തുന്നതാണ് ബി.ബി.സി.യില്‍ രണ്ടു സീസണുകളായി വന്നിട്ടുള്ള സീരീസ്. ഇത്രയും കാലം 'Big brother is watching you' എന്നായിരുന്നു ഭയമെങ്കില്‍ വരും കാലം 'He is plotting against you' എന്നാവണം അത്. രണ്ടിടത്തും അപകടത്തിലാവുന്നത് വ്യക്തികളുടെ സ്വകാര്യതയും അതിലൂടെ ജീവിതം തന്നെയുമാണ്.

ഹെന്റി പെക്ക്, എഡ്വേഡ് സ്‌നോഡന്‍

ഇറാഖില്‍ നിന്ന് ആഘാതാനന്തര മാനസിക പ്രശ്‌നങ്ങളുമായി (PTSD) ബ്രിട്ടനില്‍ മടങ്ങിയെത്തുന്ന ഒരു പട്ടാളക്കാരന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഒരു വക്കീലിന്റെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്നതാണ് ആദ്യ സീസണിന്റെ പ്രമേയം. കറക്ഷന്‍ എന്ന പദ്ധതിയുടെ പരീക്ഷണത്തിനുള്ള പാവയായി അയാള്‍ ഉപയോഗിക്കപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തുന്നതോടെ നായികാസ്ഥാനത്തുള്ള റേച്ചല്‍ കാരി എന്ന പൊലീസ് ഉദ്യോഗസ്ഥക്കു മുന്നില്‍ രണ്ട് വഴികളാണവശേഷിക്കുക. ഒന്നുകില്‍ ആ പദ്ധതിയുടെ ഭാഗമാവുക, അല്ലെങ്കില്‍ അതിനെ എതിര്‍ത്ത് ഭരണകൂടത്തിന്റെ അപ്രീതിക്കു പാത്രമായി തടവിലാവുക. അവസാനമെത്തുന്നതോടെ ഏജന്‍സി തന്നെ ഇതെല്ലാം ഒരു ഗൂഢാലോചനാ സിദ്ധാന്തമായി പുറത്തുവിടുന്നതും സത്യം എന്നൊന്നില്ലെന്ന തരത്തിലുള്ള ആശയക്കുഴപ്പത്തിലേക്ക് ജനങ്ങള്‍ (പ്രേക്ഷകരും) എത്തുന്നതും അസ്വാസ്ഥ്യത്തോടെയല്ലാതെ കാണാനാവില്ല. എഡ്വേഡ് സ്‌നോഡന്‍ അടക്കമുള്ളവര്‍ ഭരണകൂട ഗൂഢാലോചനാ പദ്ധതിയുടെ സൃഷ്ടിയാണെന്ന് പറഞ്ഞുവെക്കുമ്പോള്‍ കാണി എന്ന നിലയില്‍ വിറച്ചു പോവുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ !

ഡീപ് ഫെയ്ക് വീഡിയോ മാനിപ്പുലേഷനിലൂടെ ആവശ്യമുള്ള ദൃശ്യത്തെളിവുകള്‍ ഉണ്ടാക്കിയെടുത്ത് 'കുറ്റവാളികള്‍'ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്ന കറക്ഷന്‍ പദ്ധതിയാണ് ആദ്യ സീസണില്‍ കണ്ടതെങ്കില്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഡിജിറ്റല്‍ - സൈബറിടങ്ങളില്‍ പ്രതീതി യാഥാര്‍ത്ഥ്യങ്ങള്‍ നിര്‍മ്മിക്കുന്ന അടുത്ത ഘട്ടമാണ് രണ്ടാം സീസണില്‍. ഒരു ചെറു യൂറോപ്യന്‍ രാജ്യത്തെ മേയര്‍ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ചു വിജയിപ്പിച്ച പ്രതിഛായാ നിര്‍മ്മിതി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരീക്ഷിക്കാനൊരുങ്ങുന്നത് ഒരു അമേരിക്കന്‍ കോര്‍പ്പറേഷനാണ്. അതിനായി അവരുപയോഗിക്കുന്നതോ സി.ഐ.എ വികസിപ്പിച്ചെടുത്തിട്ടുള്ള കറക്ഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടവും. Seeing is deceiving എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍ തന്നെ. ബിഗ് ഡാറ്റാ അനാലിസിസും വോട്ടുബാങ്ക് രാഷ്ട്രീയവും സമ്മേളിക്കുന്നിടത്ത്, പ്രേക്ഷകന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയേയും 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പുമെല്ലാം ഓര്‍ത്തുപോവുന്നത് സ്വാഭാവികം. ഒരു ബി.ബി.സി. അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയത്തിന് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്ന സുരക്ഷാ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഐസക് ടേണര്‍ എന്ന ലേബർ പാര്‍ട്ടി എം.പി. ആ ടി.വി.യില്‍ സംസാരിക്കുന്നത് താനല്ലെന്ന് അയാള്‍ക്കു പോലും പറയാനാവാത്തവിധം യഥാതഥമായ ഡീപ് ഫെയ്ക്, ഇത്തവണ വെറും ദൃശ്യങ്ങളല്ല, മറിച്ച് സി.ജി.യിലൂടെ സൃഷ്ടിക്കപ്പെട്ട രൂപം തന്നെ. ആരേയും വിശ്വസിക്കാനാവാത്ത കാലത്ത് റേച്ചല്‍ കാരി ഈ ബൃഹദ് പദ്ധതിയെ നേരിടാനും രഹസ്യങ്ങള്‍ പുറത്തുകൊണ്ടു വരാനും തീരുമാനിക്കുന്നതാണ് സീരീസിലെ സംഘര്‍ഷ ഹേതു.

കനത്ത ബൂട്ടണിഞ്ഞ് രാജ്യരക്ഷ ഫ്‌ളാഗ് മാര്‍ച്ച് നടത്തുന്ന വഴികളില്‍ അതിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു പോകുന്ന ജീവിതങ്ങളാണ് പുതിയ കാലത്തെ പല സീരീസുകളുടേയും വിഷയം.

ഭരണകൂടങ്ങളുടെ അതിരുവിട്ട ഇടപെടലുകളെ നേര്‍ക്കു നേര്‍ ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പ് കാണിക്കുന്നുവെന്നതാണ് പേഴ്‌സൺ ഓഫ് ഇന്ററസ്റ്റ് മുതല്‍ ദ കാപ്ച്വര്‍ വരെയുള്ള സീരീസുകളുടെ പ്രധാന സവിശേഷത. കനത്ത ബൂട്ടണിഞ്ഞ് രാജ്യരക്ഷ ഫ്‌ളാഗ് മാര്‍ച്ച് നടത്തുന്ന വഴികളില്‍ അതിന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞു പോകുന്ന ജീവിതങ്ങളാണ് പുതിയ കാലത്തെ പല സീരീസുകളുടേയും വിഷയം. വര്‍ഗ്ഗം, വംശം, കുടിയേറ്റം എന്നീ വിഷയങ്ങള്‍ ബ്രിട്ടീഷ് സീരീസുകളില്‍ ഇപ്പോള്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. കൊലാറ്ററല്‍ മുതല്‍ ബി.ബി.സി.യുടെ ഏറെ ജനപ്രിയമായ ബോഡി ഗാഡ് വരെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കൌണ്ടര്‍ ടെററിസം പ്രോജക്റ്റുകളെ നേര്‍ക്കു നേര്‍ ചോദ്യം ചെയ്യുന്നുണ്ട്. 2001 മുതല്‍ അമേരിക്ക നേതൃത്വം നല്‍കുന്ന ആഗോള ഭീകരവിരുദ്ധ പോരാട്ടത്തെ ഒരല്‍പം ഉപ്പു കൂട്ടിയല്ലാതെ വിഴുങ്ങാന്‍ ശരാശരി നിലവാരമുള്ള സീരീസുകള്‍ വരെ തയ്യാറാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി. ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം തുടങ്ങിയ കാലത്തു തന്നെ ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരകള്‍ അതിനെ ശക്തമായി ചോദ്യം ചെയ്യുന്നുണ്ട്. സ്‌പൈ സീരീസുകളില്‍ ഇതിഹാസ തുല്യമായ സ്ഥാനം നേടിയിട്ടുള്ള ബി.ബി.സി.യുടെ സ്പൂക്സ് ബ്രിട്ടീഷ് വിദേശകാര്യ നയത്തെ വരെ നിശിതമായി വിമര്‍ശിച്ചിരുന്നു. ജനപ്രിയമായവയും അല്ലാത്തവയുമായ മിക്ക അമേരിക്കന്‍ സീരീസുകളും സി.ഐ.എയേയും അവരുടെ ഓപ്പറേറ്റീവ്‌സ് ആയ കഥാപാത്രങ്ങളേയും പ്രതിനായകസ്ഥാനത്താണ് നിര്‍ത്താറുള്ളത്.

പോസ്റ്റ് സ്‌ക്രിപ്റ്റ്:
1988 ല്‍ ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത് കമല്‍ഹാസന്‍ മുഖ്യവേഷത്തിലഭിനയിച്ച ചാണക്യന്‍, ദ കാപ്ച്വറിന്റെ അനലോഗ് പതിപ്പായി കണക്കാക്കാം എന്നതാണ് മലയാളികളെന്ന നിലയില്‍ നമുക്ക് തോന്നാവുന്ന മറ്റൊരു കൗതുകം.

Leave a comment