TMJ
searchnav-menu
post-thumbnail

Crime

സ്ത്രീ ജീവിതം കഥകളാകുമ്പോള്‍

26 Oct 2022   |   1 min Read
അനിറ്റ് ജോസഫ്‌

PHOTO: YOUTUBE

രുട്ടിനെ അകറ്റുന്നതിന് തിരികള്‍ തെളിക്കുന്ന അമ്മുവിനെയാണ് ചിത്രത്തിന്റെ ആരംഭത്തില്‍ കാണാന്‍ സാധിക്കുക. എന്നാല്‍ ആ ഇരുട്ട് പിന്നീടവളുടെ ജീവിതത്തില്‍ വീഴാനിരുന്ന കരിനിഴലുകളുടെ സൂചനയായിരുന്നുവെന്ന് മനസിലാകുന്നത് ഏറെ വൈകിയാണ്. ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ചാരുകേഷ് ശേഖര്‍ സംവിധാനം ചെയ്ത 'അമ്മു' ഗാര്‍ഹിക പീഡനത്തിന്റെ കാണാപ്പുറങ്ങളെ പ്രേഷകരുടെ മുന്നില്‍ തുറന്നുകാട്ടുന്നു. വീട്ടിലെ ഏകമകളായ അമ്മുവിന്റെ പെണ്ണുകാണലോടെയാണ് ചിത്രം തുടങ്ങുന്നത്. അയല്‍വാസിയായ പോലീസ് ഉദ്യോഗസ്ഥന്‍ രവീന്ദ്രനാഥാണ് വരന്‍. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച കല്യാണത്തിന് ശേഷം ഇരുവരും പട്ടണത്തിലേക്ക് താമസം മാറുന്നു. മധുവിധു കാലം ആഘോഷമാക്കുന്നെങ്കിലും അധികം താമസിയാതെ തന്നെ രവിയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ അമ്മുവിനെ ഞെട്ടിക്കുകയാണ്. പിന്നീട് രവിയില്‍ നിന്നും നേരിടുന്ന മാനസിക പീഡനങ്ങള്‍ സഹിച്ചു നില്‍ക്കാന്‍ പാടുപെടുന്ന അമ്മുവിനെയാണ് കഥയിലുടനീളം കാണാന്‍ കഴിയുക. മറ്റുള്ളവരുടെ മുന്നില്‍ ഏറെ മാന്യതയോടെ പെരുമാറുന്ന രവി, തിരികെ വീട്ടിലെത്തിയാല്‍ ആക്രമിക്കാന്‍ തുനിയുന്നത് തന്റെ സ്‌നേഹക്കുറവ് കൊണ്ടാകുമെന്ന് കരുതി വീണ്ടും പിടിച്ചുനില്‍ക്കാന്‍ അവള്‍ ശ്രമിക്കുന്നു. ഭര്‍ത്താവിന്റെ പീഡനം അമ്മയോട് വെളിപ്പെടുത്തുമ്പോള്‍, അടി കിട്ടുന്ന ആദ്യത്തെ ഭാര്യ നീയല്ലെന്നും ഇനിയും പീഡനങ്ങള്‍ സഹിക്കേണ്ടി വരുമെന്നും അതിനാല്‍ നീ തന്നെ തീരുമാനമെടുക്കണം എന്നുമാണ് അവര്‍ ഉപദേശിക്കുന്നത്. ക്രൂരപീഡനം സഹിക്കാന്‍ വയ്യാതെ സ്വന്തം വീട്ടിലേയ്ക് തിരികെ പോകാന്‍ ഇറങ്ങുന്ന അമ്മുവിന് ഭര്‍ത്താവിന്റെ യഥാര്‍ത്ഥ സ്വഭാവം മറ്റുള്ളവര്‍ക്ക് മനസിലാക്കി കൊടുക്കണമെന്ന വാശിയുണ്ടാവുകയാണ്. പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ പരാതിപ്പെടാന്‍ മടിച്ചുനില്‍ക്കുന്ന അമ്മു ധൈര്യം സംഭരിച്ച് സത്യങ്ങള്‍ വെളിപ്പെടുത്തുന്നു. പക്ഷെ അതിന് ശേഷവും രവിയുടെ അഭ്യര്‍ത്ഥന മാനിച്ച് പരാതി പിന്‍വലിക്കേണ്ടി വരികയും, തിരികെ വന്ന അമ്മു സ്വാഭാവികമായും വീണ്ടും അപഹാസ്യയാവുകയും ചെയ്യുന്നു. പക്ഷെ പിന്നീടുള്ള് നാടകീയമായ രംഗങ്ങളിലൂടെ അമ്മു ഭര്‍ത്താവിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിച്ചത്തു കൊണ്ടുവരുന്നു.

Photo: youtube

നിസ്സഹായതയില്‍ നിന്നും പ്രതികാരം ഉടലെടുക്കുന്ന സാഹചര്യങ്ങളിലൂടെയാണ് അമ്മു കടന്നുപോകുന്നത്. ഒരേസമയം പ്രണയം കൊണ്ട് മൂടുകയും പിന്നീട് ആക്രോശിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബുദ്ധിമുട്ടുന്ന സ്ത്രീകളുടെ മാനസികവ്യഥകളിലൂടെ ചിത്രം പ്രേഷകരെ കൊണ്ടുപോകുന്നു. തന്റെ സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ സംവിധാനങ്ങളൊരുക്കുന്ന രവിയാകട്ടെ സ്വന്തം ഭാര്യയെ അതിക്രൂരമായി പീഡനത്തിനിരയാക്കുകയാണ്. അതിനാല്‍ത്തന്നെ വീട്ടില്‍ ക്രൂരമര്‍ദ്ദനമേല്‍ക്കുന്ന അമ്മു സമൂഹത്തിന്റെ മുന്നില്‍ ഏറ്റവും സുരക്ഷിതത്വമുള്ള സ്ത്രീ എന്ന നിലയ്ക്കാണ് ദൃശ്യയാകുന്നത്. അമ്മയെപ്പോലെ തന്നെ എല്ലാം സഹിച്ച് നില്‍ക്കാനായിരുന്നു അവളുടെ ആദ്യ തീരുമാനം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തിരികെ പോകാന്‍ വീടുണ്ടായിട്ടും പെണ്‍കുട്ടികളെ പിന്നിലേക്ക് വലിക്കുന്നത് എന്തെന്നും ചിത്രം വിശകലനം ചെയ്യുന്നു്. വിഷലിപ്തമായ ദാമ്പത്യജീവിതത്തില്‍ നിന്നും ഒരു ദിവസം കൊണ്ട് ഇറങ്ങിവരാനാവുന്നതല്ല. ചെറുപ്പം മുതല്‍ കേട്ടു ശീലിച്ച പൊരുത്തപ്പെടലിന്റെ കഥകളാകാം അവരെ തടയുന്നത്. മറ്റ് ചിലപ്പോള്‍ സമൂഹത്തിന്റെയും തന്റെ മാതാപിതാക്കളുടെയും മുന്നില്‍ അപഹാസ്യയായി നില്‍ക്കേണ്ടിവരുമെന്ന ഭീതിയാകാം. എങ്കിലും സ്വന്തം തീരുമാനം എടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും, മറ്റാരുമല്ല, സ്വയം മുന്നിട്ടിറങ്ങണം എന്നുമാണ് കഥ പ്രേക്ഷകരോട് പറയുന്നത്.

പ്രതികാരം നടപ്പിലാക്കിയ ഡാര്‍ലിംഗ് സിനിമ

ജസ്മീത് കെ റാണയുടെ ഡാര്‍ക്ക് കോമഡി ചിത്രമാണ് 'ഡാര്‍ലിംഗ്'. ആലിയ ഭട്ട് ആണ് മുഖ്യ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. മുംബൈ തെരുവിലൂടെ പ്രണയിച്ചു നടന്നവരാണ് ബദ്രുവും ഹംസയും (ആലിയ ഭട്ട്, വിജയ് ശര്‍മ്മ). ഹംസയ്ക്ക് റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി ജോലി കിട്ടിയതിനെത്തുടര്‍ന്ന് അവര്‍ വിവാഹിതരാകുന്നു. വളരെ സ്‌നേഹത്തില്‍ തുടങ്ങിയ ആ ബന്ധത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം വിള്ളലുകള്‍ വീഴുകയാണ്. ഹംസയുടെ മദ്യപാനത്തിന്റെ ബാക്കിപത്രമായി പീഡനമേല്‍ക്കുന്ന ബദ്രുവാകട്ടെ, ഒരിക്കല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ മുന്നോട്ട് ജീവിക്കുന്നു. തന്റെ അമ്മയുടെ (ഷെഫാലി ഷാ) ജീവിതം തന്നിലൂടെ ആവര്‍ത്തിക്കാതിരിക്കാനുള്ള കഠിനപ്രയത്‌നമാണ് ബദ്രുവിനെ തന്റെ ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിക്കാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. അമ്മയുടെ ബിസിനസ് സഹായിയായ സുല്‍ഫി (റോഷന്‍ മാത്യു) നല്‍്കിയ പോലീസ് പരാതിയെത്തുടര്‍ന്ന് ബദ്രുവും ഹംസയും ബന്ധം മെച്ചപ്പെടുത്തുന്നു. ബദ്രു ഗര്‍ഭിണിയാകുന്നതും, ഹംസ മദ്യപാനം നിര്‍ത്തുന്നതുമൊക്കെ കഥയിലെ പ്രതീക്ഷ നല്‍കുന്ന ഭാഗങ്ങളാണ്. എന്നാല്‍ പരാതി നല്‍കിയത് സുല്‍ഫിയാണെന്നും അത് തന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നുവെന്നതും മനസിലാക്കിയ ഹംസ വീണ്ടും അതിക്രമം കാണിക്കുന്നു. അക്രമത്തില്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട ബദ്രു ക്ഷമ നശിച്ച് പ്രതികാരം ചെയ്യാന്‍ ഒരുങ്ങുകയാണ്. തന്നോട് പെരുമാറിയ അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് സിനിമയില്‍ കാണാനാവുക. കഥയുടെ ആദ്യം മുതല്‍ അമ്മ ഉപദേശിച്ചതുപോലെ ഹംസയെ കൊന്നുകളയുന്നതിന് ബദ്രു അപ്പോഴും ഒരുക്കമായിരുന്നില്ല. അവസാനം ഹംസയെ ബന്ധിച്ച് റെയില്‍ വേ ട്രാക്കില്‍ കിടത്തുമ്പോഴാണ് ബദ്രുവിന് ഹംസയില്‍ നിന്ന് ശാരീരികമായ മോചനം മാത്രമല്ല അയാളെ ഓര്‍മകളില്‍ നിന്ന് തന്നെ പറിച്ചുമാറ്റണമെന്ന ചിന്തയുണ്ടാകുന്നത്. ഹംസയെ കൊലപ്പെടുത്തിയാല്‍ തനിക്കതിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ അവള്‍ ഹംസയെ രക്ഷപ്പെടുത്തുന്നു. എന്നാല്‍ ജീവന്‍ രക്ഷപ്പെട്ട ഹംസ ബദ്രുവിനെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ബദ്രുവിന്റെ ജീവന് ഭീഷണമുഴക്കിക്കൊണ്ടിരുന്ന സമയത്ത് ട്രയിന്‍ തട്ടി ഹംസ മരിക്കുന്നു. പിന്നീടാണ് അമ്മയും അച്ഛനെ തങ്ങളുടെ ജീവിതത്തില്‍ നിന്ന് മാറ്റിയത് മരണത്തിലൂടെയായിരുന്നു എന്ന സത്യം അവള്‍ മനസിലാക്കുന്നത്.

photo: wiki commons

ഭാര്യയില്‍ നിന്നും വില്ലന്‍ സ്വഭാവത്തിലേയ്ക്ക് മാറേണ്ടി വന്ന രണ്ട് കഥാപാത്രങ്ങളുടെ നിസ്സഹായവസ്ഥയാണ് കഥയിലൂടെ കാണാന്‍ സാധിക്കുക. മുഴുനീള കോമഡി ചിത്രമായ ഡാര്‍ലിംഗ്, സമൂഹത്തില്‍ നടക്കുന്ന അനീതികളെ പ്രേഷകരിലേക്കെത്തിക്കാന്‍ നടത്തിയ വ്യത്യസ്തമായ ശ്രമങ്ങളിലൊന്നാണ്. എന്നാല്‍ ഗാര്‍ഹിക പീഡനം ചിരിച്ചു തള്ളേണ്ട ഒന്നായി കാണാനും കഴിയില്ല എന്നും സിനിമ പറഞ്ഞു നിര്‍ത്തുന്നു. മകളെ തിരിച്ചു വിളിച്ചുകൊണ്ട് പിന്തുണ നല്‍കുന്ന ഒരമ്മയെ കാണാന്‍ സാധിക്കും. ബദ്രുവിനാകട്ടെ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം താമസമാക്കാന്‍ സാധിക്കുന്നില്ല. സ്ത്രീകളുടെ ഈ ബലഹീനതയാണോ ഗാര്‍ഹിക പീഡനത്തിന് അവരെ ഇരകളാക്കുന്നതെന്ന ചോദ്യവും ഉയരുന്നു.

സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന പീഡനങ്ങളും തുടര്‍ന്നുളള അതിജീവനവുമാണ് കഥയുടെ ഉള്ളടക്കം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 2020നെ അപേക്ഷിച്ച് 15.3 ശതമാനം കുറ്റകൃത്യങ്ങളാണ് 2021ല്‍ സ്ത്രീകള്‍ക്കെതിരെ സംഭവിച്ചിരിക്കുന്നത്. 3,71,503 കേസുകള്‍ 2020ല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021ല്‍ കേസുകള്‍ 4,28,278 ആയി ഉയര്‍ന്നു. ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവയില്‍ 31.8 ശതമാനം കേസുകള്‍ ഭര്‍തൃപീഡനം അല്ലെങ്കില്‍ ബന്ധുക്കളുടെ പീഡനങ്ങളോ മൂലമാണ്. സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയത് 20.8%, തട്ടികൊണ്ടുപോകല്‍ 17.6%, ബലാത്സംഗം 7.4% എന്നിങ്ങനെ പോകുന്നു കണക്കുകള്‍. കേരളത്തിലേ്ക്ക് വന്നാല്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ സര്‍വേ അനുസരിച്ച് 2021ല്‍ സ്ത്രീകള്‍ക്കെതിരെയുളള അക്രമം 16,199 കേസുകളില്‍ എത്തി നില്‍ക്കുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഈ വര്‍ഷം ഇതുവരെ 12,373 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ വിവിധ വിഭാഗങ്ങളിലായി പരിശോധിച്ചാല്‍ ഭര്‍ത്താവില്‍ നിന്നും ബന്ധുജനങ്ങളില്‍ നിന്നും നേരിട്ടിരുന്ന അക്രമങ്ങളാണ് കൂടുതല്‍. കഴിഞ്ഞ വര്‍ഷം 2021ല്‍ 4997 കേസുകളാണ്. 2020ലെ 2707 കേസില്‍ നിന്ന് 84% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2022ലും സ്ഥിതി വ്യത്യസ്തമല്ല. ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 3,436 കേസുകള്‍ പോലീസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

അവസരങ്ങള്‍ ലഭിച്ചവരും തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചവരും സമൂഹത്തില്‍ ഇപ്പോഴും ഉണ്ടെന്നുള്ളതും തള്ളിക്കളയാനാവുന്നതല്ല. സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങളെ കുടുംബജീവിതത്തിന്റെ ഭാഗമായി കാണിച്ചിരുന്ന സിനിമകളില്‍ നിന്നുള്ള പരിവര്‍ത്തനമായി ഈ സിനിമകളെ കാണാന്‍ സാധിക്കും.

പുരുഷ വിരോധം സൃഷ്ടിക്കുന്നതിന് നിര്‍മ്മിച്ച സിനിമകളെന്നല്ല മറിച്ച് സമൂഹത്തിലെ സ്ത്രീജീവിത യാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാണാന്‍ ലഭിച്ച അവസരങ്ങളായിട്ട് വേണം ഈ സിനിമകളെ കണക്കാക്കാന്‍. നിഷ്‌കളങ്കമായ സാഹചര്യങ്ങളിലൂടെ വളര്‍ന്ന് വന്നവരാണ് അമ്മുവും ബദ്രുവും. എന്നാല്‍ പിന്നീട് അവര്‍ ചെന്നുചേര്‍ന്ന സാഹചര്യങ്ങള്‍, ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോയതിന് ശേഷമുള്ള ജീവിതം എങ്ങനെയാകുമെന്ന ഭയവും രണ്ടു സ്ത്രീകളെ അലട്ടുന്നുണ്ട്. അതിന് പ്രധാന കാരണം സാമ്പത്തിക സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ്. മാതാപിതാക്കളില്‍ നിന്നുണ്ടായിരുന്ന പിന്തുണ രണ്ട് സ്ത്രീകളെയും ഒരുപാട് സഹായിക്കുന്നതായി കാണാന്‍ കഴിയും. സമൂഹത്തിന് കണ്ടുപഠിക്കാവുന്ന മാറ്റങ്ങളിലൊന്നാണത്. എന്നാല്‍ ബദ്രുവിനും അമ്മുവിനും അവരുടെ പങ്കാളികള്‍ക്കെതിരെ നടത്തിയ മധുരപ്രതികാരങ്ങള്‍ പോലെ ഒരുപക്ഷെ കേരളത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച് ജീവിതം നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ക്ക് കഴിയാതെ പോയതാകാം. അവസരങ്ങള്‍ ലഭിച്ചവരും തങ്ങളുടെ ജീവിതം തിരിച്ചുപിടിച്ചവരും സമൂഹത്തില്‍ ഇപ്പോഴും ഉണ്ടെന്നുള്ളതും തള്ളിക്കളയാനാവുന്നതല്ല. സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങളെ കുടുംബജീവിതത്തിന്റെ ഭാഗമായി കാണിച്ചിരുന്ന സിനിമകളില്‍ നിന്നുള്ള പരിവര്‍ത്തനമായി ഈ സിനിമകളെ കാണാന്‍ സാധിക്കും. എന്നിരുന്നാലും സിനിമയുടെയും ജീവിതത്തിന്റെയും യാഥാര്‍ത്ഥ്യങ്ങള്‍ തമ്മിലുള്ള അന്തരം ഏറെയാണ്. സ്ത്രീകളുടെ സുരക്ഷിതത്വത്തിനും സന്തോഷത്തോടെയുള്ള ജീവിതത്തിനും പുരുഷന്‍മാര്‍ ഇല്ലാതാകണമെന്നുണ്ടോ? അതോ പുരുഷന്‍മാരിലെ അധികാര സ്വഭാവം ഒരിക്കലും മാറില്ല എന്നതാണോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സമൂഹം തിരഞ്ഞെടുക്കേണ്ടവയാണ്. എന്നിരുന്നാലും രണ്ട് കഥകളും പറഞ്ഞുനിര്‍ത്തുന്നിടത്തു നിന്ന് ഇനിയും ഏറെ മാറ്റങ്ങള്‍ വരേണ്ടിയിരിക്കുന്നു.

Leave a comment