TMJ
searchnav-menu
post-thumbnail

Crime

'ശേഷം വഴിയെ'; ആലുംമൂട്ടില്‍ ചാന്നാര്‍ വധവും മാധ്യമ സഞ്ചാരങ്ങളും

24 Sep 2022   |   1 min Read
ബിനീഷ് പണിക്കര്‍

"ശേഷം വഴിയെ". പഴയ തിരുവിതാംകൂര്‍ രാജ്യത്തെ അപ്പാടെ പിടിച്ചുകുലുക്കിയ ആലുംമൂട്ടില്‍ വലിയ ചാന്നാര്‍ വധം സംബന്ധിച്ച ആദ്യ വാര്‍ത്ത പ്രസിദ്ധീകരിച്ച 1921 മാര്‍ച്ച് എട്ടിലെ മനോരമ പത്രം, ദീര്‍ഘമായ ആ സംഭവ കഥനം അവസാനിപ്പിക്കുന്നത് ഇങ്ങനെയായിരുന്നു. സംഭവങ്ങള്‍ ഒന്നൊന്നായി വെളിവായി വരുന്ന മുറയ്ക്ക്  വായനക്കാരിലേക്ക് എത്തിക്കാം എന്ന ഉറപ്പോടെ അവസാനിപ്പിക്കുന്ന വാര്‍ത്ത എഴുത്തുരീതി. കാത്തിരിക്കുക  ഞങ്ങളും പിന്നാലെ എന്നു പറഞ്ഞുവെച്ചതിലേയ്ക്ക് സൂക്ഷ്മമായി നോക്കിയാല്‍ ഇക്കാലത്തേയും  മാധ്യമസ്വഭാവത്തിന്റെ അടിസ്ഥാനങ്ങള്‍ കാണാനാകും. പുത്തന്‍ മാധ്യമരീതിയ്ക്ക് ഏറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നതും വാസ്തവം. നമ്മള്‍ ജീവിക്കുന്നത് മാധ്യവല്‍കൃതമായ അതിയാഥാര്‍ത്ഥ്യങ്ങളുടെ (mediated realities) കാലത്താണ്. എന്തു സംഭവിച്ചുവെന്നതിനേക്കാളേറെ  മാധ്യമങ്ങള്‍ എന്തു പകര്‍ന്നു തരുന്നുവെന്നതിലാവും ഊന്നല്‍. നമ്മുടെ ചിന്തയെ, വസ്തുബോധ്യങ്ങളെ ഒക്കെ മാധ്യമങ്ങള്‍ നിരന്തരം സ്വാധീനിക്കുന്നു. അച്ചടിയേതരമാധ്യമങ്ങളുടെ വരവും സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും വലിയ മുതല്‍മുടക്കില്‍ വന്‍വ്യവസായ ശൃംഖലകളുടെ ഭാഗമായി  സ്ഥാപനങ്ങള്‍ മാറിയതും ഒക്കെ മാധ്യമങ്ങളുടെ പ്രവര്‍ത്തനരീതിയെ അപ്പാടെ മാറ്റിമറിച്ചു. ഉള്ളടക്കങ്ങളേയും അവയുടെ ദൗത്യങ്ങളേയും നിത്യേന പുതുക്കലുകള്‍ക്ക് വിധേയമാക്കി.  

ശേഷം വഴിയെ എന്ന് എഴുതിയത് പത്രം വെറു വാര്‍ത്താദായകന്‍ (news-provider) മാത്രമായിരുന്ന കാലത്തായിരുന്നു. പുത്തന്‍ മാധ്യമപ്രവര്‍ത്തനത്തിന് നാനാര്‍ത്ഥങ്ങള്‍/ ദൗത്യങ്ങള്‍ വന്നുപെട്ടിരിക്കുന്നു, വാര്‍ത്ത പലപ്പോഴും നിര്‍മ്മിതികളായി (construct) മാറിപ്പോകുന്നത് പോലും അതുകൊണ്ടാണ്. സംഭവഗതികളുടെ അപ്പുറവും ഇപ്പുറവും അടക്കം പറച്ചിലുകളും ഒക്കെയായി, ഓരോ മാധ്യമവും തങ്ങളുടെ ശേഷിക്കും ശേമുഷിക്കും പറ്റിയ പാകത്തില്‍ കഥകള്‍ മെനഞ്ഞുപോകുന്നതിനെ അതിലളിതമായി കാണാനാവില്ല. ഓരോ സെക്കന്റിലും സംഭവിക്കുന്ന കാര്യങ്ങള്‍ അപ്പാടെ ചേര്‍ത്തുവെച്ച്, കുറ്റകൃത്യങ്ങളുടെ കാര്യത്തിലാണെങ്കില്‍ അന്വേഷണത്തേയും കോടതി നടപടികളേയുമൊക്കെ കൂടുതല്‍ വിപുലമായി വായനക്കാരിലേക്ക്/ കാഴ്ചക്കാരിലേക്ക്/ കേള്‍വിക്കാരിലേക്ക് എത്തിക്കുന്നതിനാണ് വാശിയോടെ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ജാഗ്രത ഏറെ സദ്ഫലങ്ങളും നല്‍കിയിട്ടുണ്ടെന്ന് മറക്കേണ്ട.

ആലുംമൂട്ടില്‍ തറവാട് | PHOTO : TWITTER

കടുത്ത മത്സരാധിഷ്ടിതമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ തങ്ങളുടെ സ്വാധീനതാവലയം (reach) വര്‍ദ്ധിപ്പിക്കുന്നതിന് സീമാരഹിതമായി പ്രവര്‍ത്തനരീതികള്‍ അവലംബിക്കുവാന്‍ മാധ്യമസ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി തീരുന്നതിന് ഒട്ടേറെ ഉദാഹരണങ്ങള്‍. അത്തരം സാഹചര്യങ്ങളില്‍  വാര്‍ത്താപ്രവര്‍ത്തനത്തിലെ  സാമൂഹ്യദൗത്യം പിന്തള്ളപ്പെട്ടുപോവുകയും സെന്‍സേഷണലിസവും കച്ചവടതാല്പര്യങ്ങളും മേല്‍ക്കൈ നേടുകയും ചെയ്‌തേക്കും. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അത്യന്തം ശ്രദ്ധേയമായ ആശയ രൂപീകരണങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ട്. സമൂഹമനസ്സിനെ ചില വിധിതീര്‍പ്പുകളിലേക്ക് അവ നയിക്കുകയും ധാര്‍മ്മികമായ വ്യസനങ്ങളില്‍ എത്തിയ്ക്കുകയും ചെയ്തുവെന്നും വരാം. (But reporting of crime significantly alters the society's views and outlook so much so that we are almost forced to form certain judgments on the crime, the criminal and the victims which more often than not are incorrect.) ഇത് മനസ്സില്‍ വെച്ചു വേണം കുറ്റകൃത്യങ്ങള്‍ വാര്‍ത്തയാവുമ്പോള്‍  ഫോക്കല്‍ പോയിന്റില്‍ നിന്നും ചിതറിപ്പോകുന്നതെങ്ങനെയെന്ന് പരിശോധിയ്ക്കാന്‍. കുറ്റകൃത്യം എന്തുകൊണ്ടു സംഭവിക്കുന്നുവെന്നും അതിന്റെ വ്യക്തി-സാമൂഹ്യജന്യങ്ങളായ കാരണങ്ങളിലേക്കും സമൂഹത്തേയും ഭരണാധികാരികളേയും കൊണ്ടുപോയി സമാനസാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ഒരുക്കുകള്‍ ചെയ്യുന്നതിനുള്ള അവസരം രൂപപ്പെടുത്താന്‍ ഓരോ സംഭവഗതിയുടേയും പൊട്ടും പൊടിയും തിരയുമ്പോഴും പല ഘട്ടങ്ങളിലും മാധ്യമങ്ങള്‍ക്ക് സാധിക്കാതെ പോകുന്നുണ്ട്.

കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തരം വായ്ത്താരി നടത്തുകയും എന്നാല്‍  ജീവിതത്തിലുടനീളം അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുപോരുന്നവരുടെ വലിയ നിര തന്നെ ചരിത്രത്തിലെമ്പാടും കാണാനാകുമെന്ന് ഫ്രാങ് ബി മക്മഹോന്‍ (Frank B. McMahon) കുറ്റകൃത്യങ്ങളെ സൃഷ്ടിക്കുന്ന സാമൂഹികമായ വ്യതിയാനത്തെക്കുറിച്ചുള്ള തന്റെ സുദീര്‍ഘ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കുറ്റകൃത്യം എന്നു കേള്‍ക്കവെ തന്നെ അത്യന്തം നാടകീയമായ സംഭവശ്രേണികള്‍ മനസ്സില്‍ ജനിക്കുന്നു, ജനിപ്പിക്കുന്നു. കൊലപാതകം, ബലാത്സംഗം, ഭീകരാക്രമണം, ഭവനഭേദനം... ഇങ്ങനെ ഒരു സീക്വന്‍സ് തന്നെ രൂപപ്പെടുന്നു. അതിദാരുണമായ കുറ്റകൃത്യം, ഭയജന്യനായ കുറ്റവാളി, എല്ലാ അര്‍ത്ഥത്തിലും സഹതാപം അര്‍ഹിക്കുന്ന  ഇര. ഇത്തരത്തിലുള്ള വാര്‍പ്പുമാതൃകയിലേക്ക് സമൂഹത്തെ മാധ്യമങ്ങള്‍ എടുത്തെറിയുന്നു. നിരങ്കുശം അവയെ അപനിര്‍മ്മിക്കുവാനും മാധ്യമങ്ങള്‍ പലപ്പോഴും മടിക്കാറില്ല. മാധ്യമങ്ങളുടെ ഓരോ നിമിഷത്തേയും ബ്രോഡ്‌കാസ്റ്റ് ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചുറപ്പിച്ചെടുക്കുകയും അനുവാചകരുടെ അഭിരുചികള്‍ മനസ്സില്‍ വെച്ച് സംഭവഗതികള്‍ക്ക് തൊങ്ങലുകള്‍ സൃഷ്ടിച്ചെടുക്കുകയും കല്പനാഭരിതവും ഉദ്വേഗജനകവുമായ വിവരണങ്ങളിലേയ്ക്കും ചിത്രണങ്ങളിലേയ്ക്കും പാദമൂന്നുകയും ചെയ്യും. സമൂഹം ആകെത്തന്നെ കടന്നുപോകുന്ന മനോവിപര്യയങ്ങള്‍ അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പിന്‍നോട്ടങ്ങള്‍ക്കും പലപ്പോഴും പ്രേരകമാവുകയും ചെയ്യുന്നതായി സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാം. കാണുന്നയാളും കാണിപ്പിക്കുന്നയാളും ഒരേ പ്രകാരത്തില്‍ ഇത്തരം അവസ്ഥ രൂപപ്പെട്ടതില്‍ ഉത്തരവാദികളാവുന്നു. അതായത് സാമൂഹികമായ ചികിത്സ വൈയക്തിക ചികിത്സ പോലെ പ്രധാനമാകുന്നുവെന്ന് സാരം. അത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതിനുള്ള ഏറ്റവും അധികം അവസരങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളത് മാധ്യമങ്ങള്‍ക്കാവുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ തീര്‍ത്തും സദാചാരപരമായ ചില സാരോപദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് കുറ്റകൃത്യങ്ങളെ രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹിക സാഹചര്യങ്ങളിലേക്ക് കടക്കുവാന്‍ മാധ്യമങ്ങള്‍ കാര്യമായി മെനക്കെട്ടുകാണുന്നില്ല. ("The media version of crime is largely oriented around events, in the sense that it focuses on certain specific criminal cases rather than wider debates about causes, prevention or policy.")

കുറ്റകൃത്യങ്ങള്‍ക്കെതിരെ നിരന്തരം വായ്ത്താരി നടത്തുകയും എന്നാല്‍  ജീവിതത്തിലുടനീളം അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുപോരുന്നവരുടെ വലിയ നിര തന്നെ ചരിത്രത്തിലെമ്പാടും കാണാനാകുമെന്ന് ഫ്രാങ് ബി മക്മഹോന്‍ (Frank B. McMahon) കുറ്റകൃത്യങ്ങളെ സൃഷ്ടിക്കുന്ന സാമൂഹികമായ വ്യതിയാനത്തെക്കുറിച്ചുള്ള തന്റെ സുദീര്‍ഘ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മദ്യനിരോധനത്തെക്കുറിച്ച് ഭരണാധികാരികള്‍ നടത്തുന്ന ഗിരിപ്രസംഗങ്ങളും എന്നാല്‍ അതിനുനേരെ വിരുദ്ധമായ അവരുടെ ഭരണനടപടികളും അദ്ദേഹം ഉദാഹരിക്കുന്നു. സമാന അവസ്ഥയില്‍ മാധ്യമങ്ങളും പലപ്പോഴും ചെന്നെത്തുന്നുണ്ട്. തനിക്ക് മാധ്യമങ്ങളില്‍ കണ്ട ഒരു കാട്ടുകള്ളനെപ്പോലെ  ഒരു പിതാവിനെ ലഭിച്ചില്ലല്ലോയെന്ന് ഖിന്നനായിരുന്ന  വിദ്യാര്‍ത്ഥിയെക്കുറിച്ച് ഒരു അദ്ധ്യാപക സുഹൃത്ത് പറയുകയുണ്ടായി. മാധ്യമങ്ങള്‍  കൊടുംകുറ്റവാളിക്ക് സൃഷ്ടിച്ച നിറമുള്ള ചിത്രം ആ കൗമാരക്കാരനെ അത്രമേല്‍ ആകര്‍ഷിച്ചിരുന്നുവെന്നു വ്യക്തം. ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ബഹുജന മാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോള്‍ സൃഷ്ടിയ്ക്കുന്ന സ്വാധീനതയുടെ  ഒരു ഉദാഹാരണമാണിത്.

ആലുംമൂട്ടില്‍ തറവാട് | PHOTO : TWITTER

ആലുംമൂട്ടില്‍ വലിയ ചാന്നാര്‍ വധം

കല്പനാഭരിതമായ വിവരണങ്ങള്‍ക്കും കാഴ്ചകള്‍ക്കും എക്കാലത്തും ആവശ്യക്കാര്‍ ഏറെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തില്‍ സംഭവിച്ചതായിരുന്നു ആലുംമൂട്ടില്‍ ചാന്നാര്‍ വധം. അക്കാലത്ത് മാധ്യമങ്ങള്‍ പ്രധാനമായും അച്ചടിയില്‍ ഒതുങ്ങിയിരുന്നു. പത്രമാധ്യമങ്ങള്‍ തന്നെയാകട്ടെ, എണ്ണത്തിലും വണ്ണത്തിലും കുറവും. ജനസാമാന്യത്തില്‍ അത്രമേല്‍ സ്വാധീനം അവയ്ക്ക് ചെലത്താന്‍ കഴിഞ്ഞുരുന്നുമില്ല. എന്നാല്‍ അക്കാലത്തും പത്രമാധ്യമങ്ങള്‍ക്കുപരി, അച്ചടിച്ച പാട്ടുപുസ്തകങ്ങളായും വായ് മൊഴിയായും ഒട്ടേറെ കഥകളും നാടൊട്ടുക്കു പരക്കുകയും ഉണ്ടായി എന്നു പറയുമ്പോള്‍ കുറ്റകൃത്യങ്ങള്‍ എത്രമേല്‍ ആളുകളുടെ ശ്രദ്ധയ്ക്കും താല്പര്യത്തിനും പാത്രമായിരുന്നുവെന്ന മനസ്സിലാക്കാന്‍ സാധിക്കും.

കാലം ഏതായാലും സമ്പ്രദായങ്ങൾ മാറുന്നതിനപ്പുറത്തേക്ക് ജനസാമാന്യത്തിന്റെ കുറ്റകൃത്യങ്ങളുടെ ഉള്ളറകള്‍ തേടുന്നതിനുള്ള താല്പര്യം നിലനില്‍ക്കുന്നുവെന്ന് കാണാം. ഓരോ കാലത്തിന്റേയും സവിശേഷമായ രീതികളിലും സമ്പ്രദായങ്ങളിലും ഭേദങ്ങള്‍ ഉണ്ടാകാം എന്നു മാത്രം. പൗരാണിക കാലം മുതല്‍ ധനവും സ്വത്തും മനുഷ്യരെ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു. അത് നിലനിര്‍ത്തുന്നതിനായാലും പിടിച്ചെടുക്കുന്നതിനായാലും. ആലുംമൂട്ടില്‍ വലിയ ചാന്നാര്‍ കൊലക്കേസിലും സംഭവിച്ചത് അത് തന്നെയായിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്. ആലുംമൂട്ടില്‍ കുടുംബത്തില്‍ പുതിയ  കാരണവര്‍ അധികാരത്തില്‍ എത്തിയതോടെ രൂപപ്പെട്ട ഗതിവിഗതികളുടെ കൊട്ടിക്കലാശമായിരുന്നു 1921 മാര്‍ച്ച് മാസത്തില്‍ സംഭവിച്ചത്. മരുമക്കത്തായ ദായക്രമത്തില്‍ നിന്നും മക്കത്തായ ദായക്രമത്തിലേക്കുള്ള സംക്രമണ ദശയില്‍ പുതിയ  ക്രമം രൂപപ്പെടുന്നതിലുള്ള  അസംതൃപ്തികളും ഉദ്വേഗങ്ങളും സമ്പത്തിനെക്കുറിച്ചുള്ള വ്യാകുലതകളും ഈ കൊലയ്ക്ക് കാരണമായിട്ടുണ്ടെന്ന് സൂക്ഷ്മമായി നോക്കിയാല്‍ കാണാനാകും.

പഴയ തിരുവിതാംകൂറിലെ ഏറ്റവും സമ്പന്നമായ ഒരു കുടുംബങ്ങളിലൊന്നായിരുന്നു ആലുംമൂട്ടില്‍ ചാന്നാര്‍മാരുടേത്. തിരുവിതാംകൂര്‍ രാജാവ് പോലും പണത്തിനു മുട്ടുവരുമ്പോള്‍ ആശ്രയിച്ചിരുന്ന കുടുംബം. പുതിയതായി എത്തിയ കുടുംബക്കാരണവരുടെ നടപടികള്‍ മൂലം സ്വത്തുക്കളും സൗകര്യങ്ങളും നഷ്ടമായിപ്പോകുമോയെന്ന ചില കുടുംബാഗങ്ങളുടെ ഭയാശങ്കകളായിരുന്നു സംഭവത്തിലേക്ക് നയിച്ചതെന്ന് അനുമാനിക്കാം. പില്‍ക്കാലത്ത് കെ.പി.സി.സി. അധ്യക്ഷനും പത്രാധിപരും എഴുത്തുകാരനും ഒക്കെയായിരുന്ന ഏ.പി. ഉദയഭാനുവിന്റെ ജ്യേഷ്ഠസഹോദരന്‍ ശ്രീധരനായിരുന്നു കേസിലെ ഒന്നാം പ്രതി. പിന്നീട് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ശ്രീധരന്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു. വലിയ ധനം ചെലവിട്ട് മുന്തിയ അഭിഭാഷകരെ വച്ചു കേസ് നടത്തിയെങ്കിലും  കൊലക്കയറില്‍ നിന്നും ശ്രീധരനെ രക്ഷിക്കാന്‍  ആയില്ല.

കഠിനമായ ഈ വെട്ടുകള്‍ ഏറ്റ ചാന്നാരവര്‍കള്‍ അപ്പോള്‍ പുറപ്പെടുവിച്ച ദയനീയവും ഭയങ്കരവുമായ നിലവിളിയുടെ ശബ്ദം കേട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ കൃത്യസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും ഘാതകന്മാര്‍ ഇരുട്ടത്തു മറഞ്ഞുകളഞ്ഞു.

രണ്ട് പത്രവാര്‍ത്തകള്‍; ഒട്ടേറെ അഭ്യൂഹങ്ങള്‍

ചാന്നാര്‍ വധത്തെക്കുറിച്ചുള്ള രണ്ട് പത്രറിപ്പോര്‍ട്ടുകള്‍  ഉദ്ധരിക്കുന്നത് അക്കാലത്തെ വാര്‍ത്തയെഴുത്ത്  എങ്ങനെയായിരുന്നുവെന്ന് കാണിച്ചുതരുന്നതിനു കൂടി വേണ്ടിയാകുന്നു. കൊലപാതക വാര്‍ത്തയും ഒന്നാം പ്രതിയെ തൂക്കിക്കൊന്നതിനുശേഷം അതു സംബന്ധിച്ചു വന്ന വാര്‍ത്തയും. രണ്ടും അക്കാലത്ത് തിരുവിതാംകൂറില്‍ കാര്യമായ വേരുകള്‍ ഉണ്ടായിരുന്ന  മനോരമ പത്രത്തില്‍ വന്നത്. 'ഭയങ്കരമായ ഒരു കൊലപാതകം' എന്ന ശീര്‍ഷകത്തില്‍ വധത്തെക്കുറിച്ച് 1921 മാര്‍ച്ച് എട്ടിന് വന്ന റിപ്പോര്‍ട്ട് കാണുക:
"തെക്കേ ഇന്ത്യയിലും കേരളമൊട്ടുക്കും പലവിധത്തില്‍ കേള്‍വിപ്പെട്ടിരിക്കുന്ന 'മുട്ടത്ത് ആലുംമൂട്ടില്‍' കുടുംബത്തിലെ മൂത്ത ചാന്നാര്‍ (കൊച്ചു കുഞ്ഞുചാന്നാര്‍ അവര്‍കള്‍) ഇന്നലെ രാത്രി ഒമ്പതര മണിക്കു കൊല്ലപ്പെട്ടിരിക്കുന്നു. ഇതിനു മുമ്പുഭരിച്ചിരുന്ന 'മൂത്ത ചാന്നാന്മാ'രുടെ ഭരണകാലത്ത് ആണ്ടുതോറും കുടുംബത്തിലേക്ക് പതിനായിരക്കണക്കിനു സമ്പാദിച്ചിരുന്നുവെങ്കിലും ആലുംമൂട്ടില്‍ കുടുംബത്തിന്റെ വാസ്തവമായ അന്തസ്സും ധനസ്ഥിതിയും ഈ പുരുഷ കേസരിയുടെ ഭരണകാലത്ത് തന്നെയാണ് സ്ഥാപിതമായിട്ടുള്ളത്. ഗംഭീരശ്രീമാനും സരസനുമായിരുന്ന മിസ്റ്റര്‍ കൊച്ചുകുഞ്ഞു ചാന്നാര്‍ ആലുംമൂട്ടില്‍ മൂപ്പേറ്റശേഷം ഭരണസമ്പ്രദായത്തിലും ചെലവിലും മറ്റും സ്വല്പം ഭേദഗതി വരുത്തിയതുമൂലവും മറ്റും ആദ്യകാലം മുതല്‍ക്ക് ഇളംമുറക്കാരും മൂപ്പനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായിത്തീര്‍ന്നു. കുടുംബത്തിലെ ആദായംകൊണ്ട് അതിന്റെ ധനസ്ഥിതിയെ വര്‍ദ്ധിപ്പിക്കാതെ കണ്ടമാനം ചെലവിടുന്നു എന്നും കുടുംബത്തിനു കേടുവരുത്തി പുത്രകളത്രാദികള്‍ക്ക് ക്രമത്തിലധികമായി സമ്പാദിച്ചുകൊടുക്കുന്നു എന്നും മറ്റുമുള്ള ദോഷാരോപണങ്ങള്‍ ഇളം മുറക്കാര്‍ മുപ്പന്റെ പേരില്‍ ചുമത്തുകയും അവ പറഞ്ഞു ശരിപ്പെടുത്തുന്നതിനായി കേരളത്തിലെ ഈഴവ പ്രധാനികളെയും എസ്.എന്‍.ഡി.പി. യോഗക്കാരെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടും  പറയത്തക്ക ഫലമൊന്നുമുണ്ടാകാതെ രസക്കേട് ക്രമേണ മുര്‍ദ്ധന്യത്തെ പ്രാപിച്ച് ഒരു വലിയ അന്തഃഛിദ്രമായി പരിണമിക്കുകയുമാണുചെയ്തത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം 15 കൊല്ലത്തോളമായി ഇരുഭാഗത്തുനിന്നും വളരെ പണം വ്യയം ചെയ്ത് പലതരത്തിലുളള അനേകം കേസുകള്‍ നടത്തിക്കൊണ്ടുവരികയാണ്.  

ഈ കേസുകള്‍ സംബന്ധിച്ച്  ഇളമുറക്കാരുടെ ഭാഗത്തുനിന്നു 22 പേര്  2000 രൂപവീതം ഓരോ വര്‍ഷത്തേക്ക് നല്ല നടപ്പിനു ജാമ്യം കൊടുത്തിട്ടുണ്ട്. ഇങ്ങനെയിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ഭയങ്കര സംഭവം നടന്നിട്ടുള്ളത്. മൂത്ത ചാന്നാര്‍ ഈ കേസു സംബന്ധിച്ച് കൊല്ലത്തിനുപോയി തിരികെ വന്നു തേച്ചുകുളിയും ഊണും കഴിഞ്ഞു നാലുകെട്ടില്‍ നിന്നിറങ്ങി മേടയുടെ താഴത്തെ നിലയിലിട്ടിരുന്ന കട്ടിലില്‍ ക്ഷീണാധിക്യം നിമിത്തം പതിവിനു മുമ്പായിത്തന്നെ ഉറങ്ങാനായി കിടന്നതായും തല്‍ക്ഷണംതന്നെ നിദ്രപ്രാപിച്ചതായും പറയപ്പെടുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും  കെട്ടിനകത്തുതന്നെയിരുന്നു സന്തോഷവര്‍ത്തമാനങ്ങള്‍ പറഞ്ഞു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്തു(രാത്രി ഒമ്പതര മണിക്ക്) ഏതാനും ഘാതകന്മാര്‍ മേടയില്‍ പ്രവേശിച്ച് ശരറാന്തലിന്റെ വെളിച്ചത്ത് ഉറങ്ങിക്കിടന്നിരുന്ന മൂത്ത ചാന്നാരവര്‍കളെ സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആ മഹാന്‍ ഗാഢനിദ്രയില്‍ ലയിച്ചികിടക്കുന്നുവെന്ന് ബോധ്യം വന്നയുടനെ  ഒറ്റ വെട്ടിനു തലവും ഉടലും തമ്മില്‍ വേര്‍പ്പെടുത്തണമെന്നുളള ഉദ്ദേശത്താല്‍ ലാക്കുനോക്കി ഘാതകന്മാരിലൊരാള്‍ വെട്ടുകയും ലാക്കുതെറ്റി മൂക്കിനും ചെവിക്കും മാത്രം കൊള്ളുകയാല്‍ ധൃതിയില്‍ സ്‌കന്ദപ്രദേശങ്ങളില്‍ അഞ്ചാറു വെട്ടുകയും ചെയ്തു. കഠിനമായ ഈ വെട്ടുകള്‍ ഏറ്റ ചാന്നാരവര്‍കള്‍ അപ്പോള്‍ പുറപ്പെടുവിച്ച ദയനീയവും ഭയങ്കരവുമായ നിലവിളിയുടെ ശബ്ദം കേട്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ കൃത്യസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും ഘാതകന്മാര്‍ ഇരുട്ടത്തു മറഞ്ഞുകളഞ്ഞു. മൂത്ത ചാന്നാരവര്‍കളെ ഉടനെതന്നെ ഒരു വണ്ടിയിലാക്കി മാവേലിക്കരയാശുപത്രിയിലേക്കുകൊണ്ടുപോയി എങ്കിലും വഴിമദ്ധ്യേവച്ചു മരിച്ചുപോകയാല്‍ തിരിയെ കൊണ്ടുവന്നു. മൃതശരീരം അരിപ്പാട്ടു പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോകപ്പെട്ടു. സ്ഥലത്തെ മജിസ്രേട്ട്, മെഡിക്കലോഫീസര്‍ മുതലായ ഉദ്യോഗസ്ഥന്മാര്‍ മൃതശരീരത്തെ മഹസ്സര്‍ എഴുതി ശരീരത്തെ പോസ്റ്റുമോര്‍ട്ടത്തിനായി മാവേലിക്കരയ്ക്കു അയയ്ക്കുയും ചെയ്തു. പോലീസ് സൂപ്രണ്ട്, ഡിസ്ട്രിക്ട് മജിസ്രേട്ട്, ദിവാന്‍ജി  മുതലായ വലിയ ഉദ്യോഗസ്ഥന്മാര്‍ക്കു രാത്രിയില്‍ത്തന്നെ കമ്പിയടിച്ചിട്ടുണ്ട്. തഹസിൽദാർ, പോലീസ് ഇൻസ്‌പെക്ടർ മുതലായ ഉദ്യോഗസ്ഥന്മാര്‍ ആലുമ്മൂട്ടില്‍ കൃത്യസമയത്തു ചെന്നു പരിശോധനകള്‍ നടത്തുകയും സാമാനങ്ങള്‍ തിട്ടപ്പെടുത്തി മുദ്രവയ്ക്കുകയും ചെയ്തുവരുന്നു. ഈ ഭയങ്കര വര്‍ത്തമാനം കേട്ട് മൃതശരീരം കാണാനായി വളരെ ജനങ്ങള്‍ താലുക്കിന്റെ നാനാഭാഗങ്ങളില്‍നിന്നും വന്നുചേരുന്നു. ആകപ്പാടെ വലിയ ബഹളം തന്നെ. ഘാതകന്മാര്‍ ആരെല്ലാമെന്നും  ഇവരെ ഈ ക്രൂരകര്‍മത്തിനു പ്രേരിപ്പിച്ചതാരെന്നും  മറ്റും ഇതുവരെയും വെളിവായിട്ടില്ല. മൂത്ത ചാന്നാരവര്‍കള്‍ക്കു മൂന്നു ഭാര്യമാരും അവരില്‍ വേണ്ടിടത്തോളം സന്താനങ്ങളുമുണ്ട്. ശേഷം വഴിയേ."*

ഏ.പി. ഉദയഭാനു | photo : wiki commons

'ചാന്നാര്‍ കൊലക്കേസ് വിധിനടത്തില്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖകന്റേതായി വന്നതാണ് രണ്ടാമത്തെ റിപ്പോര്‍ട്ട്. അത് ഇങ്ങനെ ആരംഭിക്കുന്നു:
"തിരുവനന്തപുരം 19-9-22 ല്‍ ആലുംമൂട്ടില്‍ ചാന്നാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീധരനെ തൂക്കിക്കൊല്ലുന്നതിനു വിധിച്ച വിവരവും വിധി നടത്തിയ വിവരവും പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചിങ്ങം 31ാം തിയതി കാലത്താണ് ഈ കൃത്യം നടത്തിയത്. ശ്രീധരനു സുഖക്കേടാണെന്നും ഭ്രാന്താണെന്നും അതിനാല്‍ തൂക്കിക്കൊല്ലരുതെന്നും ശ്രീധരന്റെ ശേഷക്കാര്‍ ദിവസം പ്രതി പല ഹര്‍ജികളും മഹാരാജാ തിരുമനസ്സിലേക്കും മറ്റും കൊടുത്തുകൊണ്ടിരുന്നു. സെന്റര്‍ പ്രിസണ്‍ മെഡിക്കലോഫീസർ, ഡര്‍ബാര്‍ ഫിസിഷ്യന്‍ മുതലായവര്‍ ഇത് വാസ്തവമാണോ എന്നുള്ള പല പരിശോധനകളും നടത്തുകയും സുഖക്കേട് ഒന്നുമില്ലെന്നും ഇങ്ങനെയെല്ലാം പ്രതിഭാവിക്കുക മാത്രമാണ് പ്രതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനാല്‍ നിശ്ചയമനുസരിച്ച് 31ാം തിയതി കാലത്ത് അഞ്ചു മണിക്കു മുമ്പായിത്തന്നെ ഡിസിട്രിക്ട് മജിസ്‌ട്രേറ്റിന്റെ ആജ്ഞ അനുസരിച്ച് രണ്ടാം മജിസ്‌ട്രേട്ടവര്‍കര്‍ സെന്റര്‍ പ്രിസണ്‍ മെഡിക്കലോഫീസർ, ജയില്‍ സൂപ്രണ്ട്, പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട്, ഏതാനും പോലീസുകാര്‍, ജയില്‍ ശിപായികള്‍ മുതലായവര്‍ സെന്റര്‍ പ്രിസണ്‍ കച്ചേരിയില്‍ ഹാജരുകൊടുത്തു. ഈ സമയത്തെല്ലാം ശ്രീധരന്‍ വളരെ ശാന്തതയോടും ധൈര്യത്തോടും നിന്നുകൊണ്ട്  "ഞാന്‍ ചെയ്തിട്ടില്ലാത്ത കൃത്യത്തിന് നിങ്ങള്‍ നിശ്ചയിച്ച ശിക്ഷ നടത്തിക്കൊള്ളിന്‍" എന്നു തുടരെത്തുടരെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കൈയും കാലും കെട്ടിക്കഴിഞ്ഞപ്പോള്‍ തലയും കണ്ണും മൂടത്തക്ക വിധത്തില്‍ ഒരു കറുത്ത തൊപ്പി വെക്കുകയും തൂക്കുകയറിന്റെ കുരുക്കില്‍ ഇട്ട് സുമാറാക്കുകയും ചെയ്തു. ഉടന്‍ തന്നെ കഴുമരത്തിന്റെ ആന്താഴമോ സാക്ഷയോ ഏതാണ്ട് ആരാച്ചാര്‍ തട്ടുന്നതും ശ്രീധരന്‍ കയറില്‍ തൂങ്ങുന്നതും കാണാറായി. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് മെഡിക്കലോഫീസർ മരിച്ചോ ഇല്ലയോ എന്നു പരിശോധന നടത്തി മരിച്ചുപോയി എന്നു മജിസ്‌ട്രേറ്റിനേയും മറ്റും അറിയിക്കുകയും കഴുമരത്തില്‍ നിന്നിറക്കി പ്രേതത്തെ ഉടമസ്ഥരുടെ ആവശ്യപ്രകാരം അവരെ ഏല്പിച്ചുകൊടുക്കുകയും ചെയ്തു."

വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് പത്രവാര്‍ത്ത ഇത്തരത്തില്‍ വന്നുവെങ്കില്‍പ്പോലും കഥകള്‍ പലതരത്തില്‍ പിന്നേയും ഉണ്ടായി. ശ്രീധരനെയാണ് തൂക്കിലേറ്റിയതെന്ന് വിശ്വസിക്കാതെ പലയാളുകളും ഒട്ടേറെ അഭ്യൂഹങ്ങള്‍ പരത്തി.  രാജാധികാരത്തില്‍ വരെ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ആലുംമൂട്ടില്‍കാര്‍ ശ്രീധരന് പകരം മറ്റാരെയോ പകരം കൊടുത്തുതൂക്കിലേറ്റിയെന്നും ശ്രീധരന്‍ സിദ്ധനായോ സന്യാസിയായോ അജ്ഞാതജീവിതം നയിക്കുകയാണെന്നുമൊക്കെ  കഥകള്‍ നാടെങ്ങും പരന്നു. അച്ചടിച്ച രൂപത്തില്‍ വിതരണം ചെയ്ത നാടന്‍ പാട്ടുകള്‍ വരെ ഈ സംഭവത്തെക്കുറിച്ചുണ്ടായി.  ആളുകള്‍ വാര്‍ത്താ വേളയ്ക്കു കാത്തിരിയ്ക്കുന്നതുപോലെ ചാന്നാര്‍ വധത്തെക്കുറിച്ച് വിവിധ ഉള്ളടക്കങ്ങളുമായിട്ടെത്തുന്ന പാട്ടുപുസ്തകങ്ങളും കാത്തിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ പാടി പ്രചരിപ്പിക്കാനും ആളുകള്‍ ഏറെ. റെഡ്യാര്‍ പ്രസ്സില്‍ നിന്നും മറ്റുമാണ് ഇത്തരം കവനങ്ങള്‍ അച്ചടിച്ച് ജനങ്ങളിലേയ്ക്ക് എത്തിയിരുന്നതെന്ന്  പറയപ്പെടുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ മാധ്യമാന്തരീക്ഷം അതായിരുന്നു.

ഫ്യൂഡല്‍ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രത്യേക സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങളായിരുന്നു ഉദയഭാനുവിന്റെ സഹോദരനേയും അദ്ദേഹത്തിനു കൃത്യം ചെയ്യാന്‍ സഹായം ചെയ്ത ബന്ധുക്കളേയും പ്രകോപിപ്പിച്ചിരുന്നത്.

കുറ്റവാസനയും കുടുംബപശ്ചാത്തലവും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒന്നാണ് (delinquency results from a chaotic family life). പല കുറ്റകൃത്യങ്ങളിലേക്കും ആളുകളെ നയിച്ചുകൊണ്ടുപോകുന്നത് കുടുംബത്തില്‍ രൂപപ്പെട്ടിട്ടുള്ള സവിശേഷ സാഹചര്യങ്ങളാണ്. ആലുംമൂട്ടില്‍ ചാന്നാരുടെ കൊലപാതകം തന്നെ അത്തരം ഒരു സവിശേഷ സാഹചര്യത്തില്‍ രൂപപ്പെട്ടതാണെന്ന് ഏ.പി. ഉദയഭാനു തന്റെ ആത്മകഥയായ 'എന്റെ കഥയില്ലായ്മകളി'ല്‍ സവിസ്തരം വിവരിക്കുന്നുണ്ട്. ഫ്യൂഡല്‍ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രത്യേക സാമൂഹികവും കുടുംബപരവുമായ പ്രശ്‌നങ്ങളായിരുന്നു ഉദയഭാനുവിന്റെ സഹോദരനേയും അദ്ദേഹത്തിനു കൃത്യം ചെയ്യാന്‍ സഹായം ചെയ്ത ബന്ധുക്കളേയും പ്രകോപിപ്പിച്ചിരുന്നത്. വളരെ അധികം മാതൃസ്‌നേഹവും മറ്റും അനുഭവിച്ചിരുന്ന ശ്രീധരനും ചാര്‍ച്ചക്കാരും പക്ഷെ പുതിയ കുടുംബകാരണവരുടെ പ്രവൃത്തികളില്‍ പ്രകോപിതനാവുകയും അതൊടുവില്‍ പലവിധ വ്യവഹാരങ്ങളിലേക്ക് പോവുകയും ആത്യന്തികമായി കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍.

കോളിളക്കം സൃഷ്ടിച്ച പല കുറ്റകൃത്യങ്ങളിലും ഇത്തരത്തില്‍ സാമൂഹ്യജന്യമായ കാരണങ്ങള്‍ കാണാം. പക്ഷെ, അതിനൊപ്പം കുറ്റകൃത്യം ചെയ്ത വ്യക്തിയുടെ മനോഘടനയും പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. സമൂഹജന്യവും വ്യക്തിജന്യവുമായ കാരണങ്ങള്‍ കൂടിച്ചേര്‍ന്ന് അത്യന്തം സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങളില്‍ ഏറിയ പങ്കും ചെയ്യപ്പെടുന്നത്. മാധ്യമങ്ങള്‍ പക്ഷെ, കൂടുതല്‍ സൂക്ഷ്മമായ പരിശോധനകള്‍ക്ക് കൂടുതല്‍ മെനക്കെടാറില്ല. അത്തരം കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്ന സ്‌പെഷ്യലൈസ്ഡ് ജേണലുകളുടെ അഭാവവും ഇവിടെയുണ്ട്. മീഡിയ ക്രിമിനോളജി ഏറെ പഠനങ്ങള്‍ നടക്കുന്ന മേഖലയാണ്. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ അതേക്കുറിച്ച് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. (തുടരും)

അവലംബം:
1. എന്റെ കഥയില്ലായ്മകള്‍-എ.പി. ഉദയഭാനു, ഡിസി ബുക്‌സ്, കോട്ടയം
2. Abnormal Behaviour,Psychology's View,-Frank B. McMahon, Prientice-Hal Inc, NewJersey
3. The Criminal Mind: A New Look At An Ancient Puzzle-Constance Holden, Pearson Custom Publishing,Boston
4. Narcotisation By Media; The Public Perspective of Crime, Srabanee Ghosh and Titisha Mukherjee, www.manupatra.com
5. The little magazine, vol 2, issue1, jan feb 2001(issue on sex and violence)
*, **പത്ര റിപ്പോര്‍ട്ടുകള്‍ എ.പി. ഉദയഭാനുവിന്റെ ആത്മകഥയില്‍ നിന്നും

Leave a comment