TMJ
searchnav-menu
post-thumbnail

Demography

ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ആവശ്യം 840 ബില്യണ്‍ ഡോളര്‍: ലോക ബാങ്ക്

18 Nov 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: PEXELS

ലോക ജനസംഖ്യ 800 കോടി കവിഞ്ഞതിന്റെ ഒപ്പം സംഭവിക്കുന്ന മറ്റൊരു സുപ്രധാന മാറ്റം നഗരവാസികളുടെ എണ്ണത്തില്‍ സംഭവിക്കുന്ന വന്‍ വര്‍ധനയാണ്.  ജനസംഖ്യാ വളര്‍ച്ചയെ പിന്നിലാക്കുന്ന തരത്തില്‍ അതിവേഗം നഗരവല്‍ക്കരിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ നഗരങ്ങളാകട്ടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഏറെ പിന്നിലാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും കടന്നുവരുന്നത്. വരുന്ന ദശാബ്ദങ്ങളില്‍, ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരും. 2036 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 40% വസിക്കുന്നത് നഗരങ്ങളിലാകും എന്നാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത്. അതായത് ഏകദേശം 60 കോടി ജനങ്ങള്‍ നഗരവാസികളാകും.  'Financing India's Urban Infrastructure Needs' എന്ന തലക്കെട്ടിലുള്ള ലോക ബാങ്ക് റിപ്പോര്‍ട്ട് ഇന്ത്യയിലെ നഗരങ്ങള്‍ നേരിടുന്ന പോരായ്മകളും വെല്ലുവിളികളും ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവില്‍ 47 കോടി ജനങ്ങളാണ് ഇന്ത്യയില്‍ നഗരങ്ങളില്‍ ജീവിക്കുന്നത്. എന്നാല്‍ അടുത്ത 15 വര്‍ഷക്കാലം കൊണ്ട് ഇത് 60 കോടിയോളമാകും. ഇതോടെ കുടിവെള്ളം, വൈദ്യുതി, ഗതാഗതം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആവശ്യമേറും. ജനസംഖ്യയുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്കൊത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കരുത്ത് ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ഇപ്പോഴില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പിലും സാമ്പത്തികത്തിലും കാര്യമായ മാറ്റമാണ് ഈ സാഹചര്യം ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

photo: wiki commons

അടുത്ത 15 വര്‍ഷക്കാലത്ത് നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 840 ബില്യണ്‍ ഡോളര്‍ ഇന്ത്യ ചെലവാക്കേണ്ടതുണ്ട് എന്നാണ് റിപ്പോര്‍ട്ട് കണക്കാക്കുന്നത്. ഇതിന്റെ ഏതാണ്ട് പകുതി, വെള്ളം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മുനിസിപ്പല്‍ സേവനങ്ങള്‍ വിപുലമാക്കുന്നതിന് ചെലവാക്കേണ്ടി വരും. 300 ബില്യണ്‍ ഡോളര്‍ നഗര ഗതാഗത സേവനങ്ങള്‍ക്കും ആവശ്യമായി വരും. എന്നാല്‍ രാജ്യത്തെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇത്രയും വലിയ ചെലവ് വഹിക്കുന്നതിനുള്ള കഴിവില്ല. അത്തരം സ്ഥാപനങ്ങളുടെ വരുമാന, വായ്പാ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ ആവശ്യമാണ്. ഒട്ടുമിക്ക നഗര സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രധാന സാമ്പത്തിക വരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ടുകളാണ്. ഇതില്‍ മാറ്റം വരേണ്ടത് അനിവാര്യമാണ് എന്നാണ് ലോക ബാങ്കിന്റെ് നിരീക്ഷണം. സ്വകാര്യ മേഖലയില്‍ നിന്നുള്ള വായ്പകളും പങ്കാളിത്തവും സ്വീകരിക്കാത്ത പക്ഷം ഈ ലക്ഷ്യം കൈവരിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  2023 ല്‍ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വേണം നഗരവളര്‍ച്ചയുടെ വിവരങ്ങള്‍ മനസ്സിലാക്കാന്‍.  

സ്വകാര്യ മൂലധനത്തെ ആകര്‍ഷിക്കുകയെന്നതാണ് നഗരവളര്‍ച്ച നേരിടുന്ന പ്രതിസന്ധികളെ മറികടക്കുവാന്‍ ലോക ബാങ്ക് മുന്നോട്ടു വെക്കുന്ന പരിഹാരം.  അത് എത്രത്തോളം ഫലപ്രദമാണെന്ന കാര്യം ഇതിനകം തന്നെ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. കാലാവസ്ഥ മാറ്റം, സാമ്പത്തിക അസമത്വം, സമ്പത്തിന്റെ പുനര്‍വിതരണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ കണക്കിലെടുക്കാതെ സ്വകാര്യ മൂലധനം എന്ന ഒറ്റമൂലിയില്‍ ഊന്നുന്ന ലോക ബാങ്ക് നിര്‍ദേശങ്ങള്‍ ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുകയെന്ന വിമര്‍ശനങ്ങള്‍ തീര്‍ത്തും അവഗണിക്കാനാവില്ല. ലോക ബാങ്കിന്റെ തന്നെ കാര്‍മികത്വത്തില്‍ ഇന്ത്യയിലും മറ്റുള്ള രാജ്യങ്ങളിലും നടപ്പിലാക്കിയ നഗര വികസന പദ്ധതികളുടെ ഇതുവരെയുള്ള അനുഭവം വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതാണ്.

ഈ വര്‍ഷം ലോക ജനസംഖ്യ 800 കോടി കടക്കുമെന്ന വിവരമാണ് റിപ്പോര്‍ട്ടിലെ ഒരു പ്രധാന വിവരം. ജനസംഖ്യയുടെ വളര്‍ച്ചയിലെ മറ്റൊരു നാഴികകല്ലാണ് ഇത്. 2023 ല്‍ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ എത്തുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു.


ആഗോള ജനസംഖ്യ മറ്റൊരു നാഴികക്കല്ല് പിന്നിടുന്ന വേളയിലാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.  നവംബര്‍ 15 ന് ലോകത്തെ മനുഷ്യരുടെ എണ്ണം 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ലോക ജനസംഖ്യാ ദിനമായ ജൂലൈ 11 ന് പ്രസിദ്ധീകരിച്ച, വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റ്സ് 2022 ആണ് ഈ വിവരത്തിന് ആധാരം. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക-സാമൂഹ്യകാര്യ വിഭാഗത്തിന്റെ് (Department of Economic and Social Affairs - DESA) പ്രസിദ്ധീകരണമാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ലോക ജനസംഖ്യ 800 കോടി കടക്കുമെന്ന വിവരമാണ് റിപ്പോര്‍ട്ടിലെ ഒരു പ്രധാന വിവരം. ജനസംഖ്യയുടെ വളര്‍ച്ചയിലെ മറ്റൊരു നാഴികകല്ലാണ് ഇത്. 2023 ല്‍ ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ എത്തുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. ആഗോള ജനസംഖ്യയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കണക്കുകളും റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നുണ്ട്.

ജനസംഖ്യ 1950 മുതല്‍ 2050 വരെ

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍, അതായത് 1950 ല്‍ ഏകദേശം 250 കോടി മനുഷ്യര്‍ മാത്രമാണ് ഭൂമുഖത്ത് ജീവിച്ചിരുന്നത്. ഈ അക്കം ഇരട്ടിക്കുന്നതിന് 37 വര്‍ഷം വേണ്ടിവന്നു. 1987 ലാണ് ജനസംഖ്യ 500 കോടി കടക്കുന്നത്. എന്നാല്‍ 2022 ആവുമ്പോഴേക്ക് ആറ് മടങ്ങോളം ഉയര്‍ന്ന് 800 കോടിയില്‍ എത്തി നില്‍ക്കുന്നു. 2010-22 വര്‍ഷങ്ങളില്‍ ജനസംഖ്യയിലെ വര്‍ധന 100 കോടിയാണ്. 1998 മുതലുള്ള കണക്കുകള്‍ നോക്കുകയാണെങ്കില്‍ 200 കോടിയുടെ വര്‍ധനവ് കാണാനാകും. 2059 ഓടെ ജനസംഖ്യ 1000 കോടി കടക്കുമെന്നാണ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്‌പെക്ടസ് റിപ്പോര്‍ട്ട് 2022 ന്റെ അനുമാനം.  ഇപ്പോഴത്തെ 800 കോടി, 2030 ആകുമ്പോള്‍ 850 കോടിയും, 2050 ല്‍ 970 കോടിയുമായി ഉയരും.

ലോക ബാങ്ക് | photo : wiki commons

രാജ്യങ്ങളിലൂടെ

നിലവില്‍ കിഴക്കന്‍ ഏഷ്യയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുമാണ് ഏറ്റവുമധികം ജനങ്ങള്‍ വസിക്കുന്നത്. ഈ രണ്ട് ഭൂപ്രദേശങ്ങളിലുമായി 230 കോടി ജനങ്ങള്‍ അഥവാ ലോക ജനസംഖ്യയുടെ 29% ജീവിക്കുന്നു. 140 കോടിയിലധികം ജനങ്ങള്‍ വീതം വസിക്കുന്ന ചൈനയും ഇന്ത്യയുമാണ് ഈ പ്രദേശങ്ങളിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങള്‍. ലോകജനസംഖ്യയുടെ 2050 വരെയുള്ള വളര്‍ച്ച, പ്രധാനമായും എട്ട് രാജ്യങ്ങളെ കേന്ദ്രീകരിച്ചാകും. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, യുണൈറ്റഡ് റിപ്പബ്ലിക്ക് ഓഫ് ടാന്‍സാനിയ എന്നിവയാണ് രാജ്യങ്ങള്‍. 2050 വരെയുള്ള ജനസംഖ്യാ വളര്‍ച്ചയുടെ പകുതിയും മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലാകും നടക്കുക എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2022-50 കാലയളവില്‍ 61 രാജ്യങ്ങളുടെ ജനസംഖ്യയില്‍ കാര്യമായ കുറവ് സംഭവിക്കും. ബള്‍ഗേരിയ, ലാത്വിയ, ലിത്വാനിയ, സെര്‍ബിയ, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ ജനസംഖ്യ 20 ശതമാനത്തില്‍ അധികം കുറയാനും സാധ്യതയുണ്ട്. ചൈനയുടെ കാര്യത്തില്‍, ജനസംഖ്യയുടെ പിന്നോട്ട് പോക്ക് 2023 ല്‍ തന്നെ തുടങ്ങിയേക്കും.

ലിംഗം, വയസ്സ്

2022 ലെ കണക്കുകള്‍ പ്രകാരം ലോക ജനസംഖ്യയില്‍ പുരുഷന്മാരാണ് കൂടുതലുള്ളത്. ആകെ ജനങ്ങളില്‍ 50.3% പുരുഷന്മാരും 49.7% സ്ത്രീകളുമാണ് ഇപ്പോള്‍ ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ അനുപാതത്തില്‍ വൈകാതെ തന്നെ വലിയ മാറ്റം വന്നേക്കും. 2050 ഓടെ സത്രീ-പുരുഷ അനുപാതം തുല്യമാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന രാജ്യങ്ങളില്‍ വിദ്യാഭ്യാസവും വലിയ വെല്ലുവിളിയാണ്. വിദ്യാഭ്യാസത്തിന് ഒരേ സമയം ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലും ജനങ്ങളുടെ തൊഴില്‍ ക്ഷമത ഉറപ്പിക്കുന്നതിലും വലിയ പങ്കുണ്ട്. ജനസംഖ്യാ വര്‍ധനയ്ക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധികള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

ആഗോള തലത്തില്‍, ജനസംഖ്യയുടെ പത്ത് ശതമാനം 65 വയസ്സിന് മുകളിലുള്ളവരാണ്. നിലവില്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും ജനസംഖ്യയുടെ 19% 65 വയസ്സിന് മുകളിലുള്ളവരാണ്. ഓസ്ട്രേലിയ, ന്യൂ സീലന്‍ഡ് എന്നിവിടങ്ങളില്‍ 16.6% ജനങ്ങള്‍ 65 ന് മുകളിലുള്ളവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2050 ഓടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും നാലില്‍ ഒരാള്‍ 65ന് മുകളിലുള്ള നിലയിലേക്ക് പ്രായമായവരുടെ എണ്ണം വളരും. 2018 ല്‍ തന്നെ ലോകത്ത്, 65ന് മുകളിലുള്ളവരുടെ എണ്ണം 5 വയസ്സില്‍ താഴെയുള്ള കുട്ടികളുടേതിനേക്കാള്‍ ഉയര്‍ന്നിരുന്നു. ഇന്നത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് 77.1 കോടി കോടി പേര്‍ക്ക് 65 ന് മുകളില്‍ പ്രായമുണ്ട്. 1980 ല്‍ ഇത് 25.8 കോടിയായിരുന്നു. പ്രായമായവരുടെ എണ്ണം 2030 ല്‍ 99.4 കോടിയും 2050 ല്‍ 160 കോടിയുമായി ഉയരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022-50 കാലയളവില്‍ ഈ പ്രായക്കാരുടെ എണ്ണം കൂടുന്നതിന് ലോകം സാക്ഷ്യം വഹിക്കും. പ്രായമായവരുടെ കൂട്ടത്തില്‍ സ്ത്രീകളാണ് കൂടുതലുള്ളത്. 65 ന് മുകളിലുള്ള മനുഷ്യരില്‍ 55.7% സ്ത്രീകളാണ്.

ഡെമോഗ്രാഫിക്ക് ഡിവിഡന്റ്

ഒരു രാജ്യത്തെ ജനസംഖ്യയിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. മരണനിരക്കിലും, ഗര്‍ഭധാരണത്തിലും കുറവ് വരുന്നതും, ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതും, ഒരു സ്ത്രീയില്‍ നിന്ന് ഉത്ഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. ഇത്തരം മാറ്റങ്ങള്‍ 'demographic transition' എന്നാണ് അറിയപ്പെടുന്നത്. ഈ മാറ്റങ്ങളുടെ ഒരു ഘട്ടത്തില്‍, തൊഴില്‍ ചെയ്യുന്ന പ്രായത്തിലുള്ളവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നത് കാണാനാവും. 25-64 പ്രായത്തിലുള്ളവരുടെ എണ്ണം വളരെ അധികമുള്ള ഒരു രാജ്യത്തിന്, ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള സാഹചര്യമാണ് വന്നുചേരുന്നത്. ഇതിനെയാണ് 'demographic dividend' എന്ന് വിളിക്കുന്നത്. എന്നാല്‍ മികച്ച ആരോഗ്യ, വിദ്യാഭ്യാസ മേഖലയുള്ള രാജ്യങ്ങള്‍ക്കും, ലിംഗസമത്വം പോലെ പുരോഗമനപരമായ മാറ്റങ്ങള്‍ നടപ്പില്‍ വന്നവയ്ക്കും മാത്രമേ ജനസംഖ്യയുടെ ഈ അനുഗ്രഹം കൊണ്ട് നേട്ടമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

representational image | photo: flickr

വെല്ലുവിളികള്‍

ജനസംഖ്യയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട് പദ്ധതികളും നയങ്ങളും രൂപീകരിക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനസംഖ്യയാണ് വരും വര്‍ഷങ്ങളില്‍ ഏറ്റവുമധികം വളരാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ രാജ്യങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ വരും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. ജനസംഖ്യയിലെ വളര്‍ച്ചയ്ക്ക് ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക രംഗവും വളര്‍ച്ച കൈവരിക്കാത്ത പക്ഷം, കൂടുതല്‍ ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യും. ദാരിദ്ര്യമുള്ളിടത്ത് ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങളും അവബോധവും ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കാതെ വരികയും, ജനസംഖ്യ വീണ്ടും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

കുട്ടികളുടെയും യുവാക്കളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന രാജ്യങ്ങളില്‍ വിദ്യാഭ്യാസവും വലിയ വെല്ലുവിളിയാണ്. വിദ്യാഭ്യാസത്തിന് ഒരേ സമയം ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലും ജനങ്ങളുടെ തൊഴില്‍ ക്ഷമത ഉറപ്പിക്കുന്നതിലും വലിയ പങ്കുണ്ട്. ജനസംഖ്യാ വര്‍ധനയ്ക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരുന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത് പ്രതിസന്ധികള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

അടുത്ത പതിറ്റാണ്ടുകളിലൊന്നും ജനസംഖ്യാ വളര്‍ച്ച കുറയാന്‍ സാധ്യതയില്ലെന്നാണ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റ്സ് 2022 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ ലോക ജനസംഖ്യയുടെ യൗവ്വന സ്വഭാവം അടുത്ത ദശാബ്ദങ്ങളില്‍ ഉറപ്പായും മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടവരുത്തും.

വികസിതം എന്ന് വിളിക്കപ്പെടുന്ന ഉയര്‍ന്ന സാമ്പത്തിക നിലയുള്ള രാജ്യങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. 2000-2020 കാലഘട്ടത്തില്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യാ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് കുടിയേറ്റമാണ്. ഈ കാലയളവില്‍ വികസിത രാജ്യങ്ങളിലെ സ്വാഭാവിക ജനസംഖ്യ വളര്‍ച്ച 6.62 കോടി ആയിരുന്നു. എന്നാല്‍, അക്കാലത്ത് ആ രാജ്യങ്ങളിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8.5 കോടി ആയിരുന്നു. വരുന്ന പതിറ്റാണ്ടുകളില്‍ കുടിയേറ്റക്കാരുടെ വരവുകൊണ്ട് മാത്രമാകും വികസിത രാജ്യങ്ങളിലെ ജനസംഖ്യ വളരുന്നത്. വികസിത രാജ്യങ്ങളിലെ ജനസംഖ്യ സ്വാഭാവിക രീതിയില്‍ വളരുന്നില്ലെങ്കിലും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുന്ന പ്രവര്‍ത്തനങ്ങളില്‍ അവയാണ് ഏറ്റവും മുന്നില്‍. വമ്പിച്ച ഉപഭോഗവും, ഉയര്‍ന്ന ഹരിതഗൃഹ വാതക പുറന്തള്ളലുമായി ഈ രാജ്യങ്ങള്‍ ആഗോളതാപനത്തില്‍ വലിയ പങ്ക് വഹിക്കുന്നു.

അടുത്ത പതിറ്റാണ്ടുകളിലൊന്നും ജനസംഖ്യാ വളര്‍ച്ച കുറയാന്‍ സാധ്യതയില്ലെന്നാണ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്റ്റ്സ് 2022 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ ലോക ജനസംഖ്യയുടെ യൗവ്വന സ്വഭാവം അടുത്ത ദശാബ്ദങ്ങളില്‍ ഉറപ്പായും മനുഷ്യരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടവരുത്തും. എന്നാല്‍, ജനങ്ങള്‍ പെരുകുന്ന ലോകം, മറ്റ് പല പ്രശ്നങ്ങളെയും നേരിടേണ്ടതായി വരികയും ചെയ്യും. കാലാവസ്ഥാ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാമ്പത്തിക അസമത്വവുമാണ് അവയില്‍ ഏറ്റവും പ്രധാനം. ആഗോളതലത്തില്‍, സമ്പത്തിന്റെ 75 ശതമാനവും ജനസംഖ്യയിലെ 10% വരുന്ന മനുഷ്യരുടെ കൈവശമാണ് ഉള്ളത്. 10 അതിസമ്പന്നര്‍ ലോകത്തെ 310 കോടി ജനങ്ങളുടേതിനേക്കാള്‍ അധികം സമ്പത്ത് കൈവശം വച്ചിരിക്കുന്നു.

representational image : PtI

ഇത്തരത്തില്‍ തീവ്രമായ അസമത്വത്തില്‍ അധിഷ്ഠിതമായ സമ്പദ് ക്രമത്തില്‍ മുന്നോട്ട് പോകുന്ന ലോകത്തില്‍, ജനസംഖ്യാ വര്‍ധനവ് കൂടുതല്‍ പ്രതിസന്ധികളാകും വരുത്തി വെക്കുക. ഇന്ത്യന്‍ നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന ആവശ്യത്തെ കുറിച്ചുള്ള ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ഉദാഹരണമാണ്. മാത്രമല്ല കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ സമ്പന്ന രാജ്യങ്ങളെക്കാള്‍ കൂടുതലായി മറ്റ് രാജ്യങ്ങളെയാകും ബാധിക്കുന്നത്. അവികസിത രാജ്യങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുക കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. ജനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒപ്പം കാലാവസ്ഥാ വ്യതിയാനത്തെയും സാമ്പത്തിക ബുദ്ധിമുട്ടുകളേയും നേരിടേണ്ടി വരുന്ന രാജ്യങ്ങള്‍ക്ക് കൂടൂതല്‍ പണം ആവശ്യമായി വരും. ജനസംഖ്യ കണക്കുകള്‍ വെറും പഠന വിഷയം മാത്രമല്ലെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഭാവി മുന്‍കൂട്ടി കാണാന്‍ കഴിയുമ്പോള്‍, മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നീതിപൂര്‍ണ്ണമായ ഭാവിക്കായി ഒരുങ്ങുക എന്ന ഉത്തരവാദിത്തവും മനുഷ്യര്‍ മറക്കാന്‍ പാടില്ല.

Leave a comment