TMJ
searchnav-menu
post-thumbnail

Demography

അന്താരാഷ്ട്ര കുടിയേറ്റം: കണക്കുകള്‍ പറയുന്നത്

21 Nov 2022   |   1 min Read
തോമസ് കൊമരിക്കൽ

REPRESENTATIONAL IMAGE

വിദേശത്ത് ജീവിക്കുന്ന ദശലക്ഷക്കണക്കിന് പൗരന്മാരുള്ള രാജ്യമാണ് ഇന്ത്യ. ഇവരില്‍ അധികം പേരും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി രാജ്യം വിടുന്നവരാണ്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ തേടി മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ഷാവര്‍ഷം വര്‍ധിക്കുകയാണ്. വിദേശ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ കൂട്ടത്തില്‍ സാധാരണക്കാര്‍ മാത്രമല്ല ഉള്ളത് എന്നാണ് കണക്കുകള്‍ പറയുന്നത്. അതിസമ്പന്നരായ ഇന്ത്യക്കാരും അധികമായി വിദേശ പൗരത്വം സ്വീകരിക്കുകയാണ്. 2022 ല്‍ മാത്രം, ഇന്ത്യന്‍ കോടീശ്വരന്മാരില്‍ വലിയൊരു പങ്ക് രാജ്യം വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വര്‍ഷം 8,000 ഇന്ത്യന്‍ കോടീശ്വരന്മാര്‍ വിദേശത്തേക്ക് താമസം മാറുമെന്ന് ഹെന്‍ലി ഗ്ലോബല്‍ സിറ്റിസെന്‍സ് റിപ്പോര്‍ട്ട് പറയുന്നു. 2021 ല്‍ 7,000 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടത്. യുഎഇ, ഓസ്‌റ്റ്രേലിയ, സിംഗപ്പൂര്‍, ഇസ്രയേല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്സ്, പോര്‍ച്ചുഗല്‍, ഗ്രീസ്, കാനഡ, ന്യൂ സീലന്‍ഡ് എന്നീ രാജ്യങ്ങളാണ് സമ്പന്നരായ ഇന്ത്യക്കാര്‍ക്ക് പ്രിയം. കുറഞ്ഞ നികുതി, ഉയര്‍ന്ന ജീവിതനിലവാരം, കൂടുതല്‍ സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് എന്നിവ ലക്ഷ്യം വച്ചാണ് ധനികരായ ഇന്ത്യക്കാര്‍ കൂടുതലായും രാജ്യം വിടുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം തൊഴിലിനും വിദ്യാഭ്യാസത്തിനുമായി രാജ്യം വിടുന്നവരുടെയും, ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിക്കുന്നവരുടെയും എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3,00,000 പേര്‍ക്ക് പൗരത്വം നല്‍കാന്‍ ഒരുങ്ങുകയാണ് കാനഡ. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഗുണം ചെയ്യും. മറ്റ് വികസിത രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ജനസംഖ്യാ വളര്‍ച്ചയില്‍ അവ പിന്നോട്ടാണ് പോകുന്നത്. വരുന്ന പതിറ്റാണ്ടുകളില്‍ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിലൂടെ മാത്രമേ വികസിത രാജ്യങ്ങളില്‍ ജനസംഖ്യ വര്‍ധിക്കുകയുള്ളൂ എന്നാണ് യുഎന്‍ ജനസംഖ്യാ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വളരെ വലിയ സമ്പദ്ഘടന സ്വന്തമായുള്ള ഈ രാജ്യങ്ങളില്‍ മതിയായ തൊഴിലാളികളെ കിട്ടണമെങ്കില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചേ മതിയാകൂ. അതോടൊപ്പം ഈ രാജ്യങ്ങളില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണവും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യ പരിപാലന രംഗത്തും മറ്റും കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമായി വരും.

representational image

പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാര്‍

പഠനത്തിനും തൊഴിലിനും മറ്റുമായി കുടിയേറുന്നതില്‍ മാത്രമല്ല ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യമെന്നും കണക്കുകള്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നതിനും ഇന്ത്യക്കാര്‍ തയ്യാറാകുന്നുണ്ട്. ഇന്ത്യ ഇരട്ട പൗരത്വം അംഗീകരിക്കാത്ത രാജ്യം ആയത് കൊണ്ട് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചാണ് വിദേശത്തെ പൗരത്വം സ്വീകരിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ മടി കാട്ടുന്നില്ല എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ 9 ലക്ഷം ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലെ പൗരത്വം എടുത്തത്. ഇതില്‍ 2019-21 കാലഘട്ടത്തില്‍ മാത്രം 3.9 ലക്ഷം പേര്‍ എന്നന്നേക്കുമായി ഇന്ത്യന്‍ പൗരന്മാരാല്ലാതായി മാറി. യുഎസ്സ് ആണ് ഇവിടെയും ഏറ്റവും ആകര്‍ഷകമായ രാജ്യം. കാനഡ, യുകെ, ഓസ്‌റ്റ്രേലിയ, ഇറ്റലി എന്നിവയാണ് പിന്നാലെയുള്ളവ. എഷ്യന്‍ രാജ്യങ്ങളില്‍വച്ച് സിംഗപ്പൂരിലെ പൗരത്വമാണ് ഇന്ത്യക്കാര്‍ ഏറ്റവുമധികം സ്വീകരിച്ചത്.

കുടിയേറ്റം കൂടുന്നു

അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണവും വര്‍ഷാവര്‍ഷം ഉയര്‍ന്നു വരികയാണ്. 2020 ല്‍ 28.5 കോടി ആളുകള്‍ സ്വന്തം രാജ്യത്തിന് പുറത്ത് ജീവിക്കുന്നവര്‍ ആയിരുന്നു എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. അടുത്തിടെ ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വേള്‍ഡ് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2022 പ്രകാരം, കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെ സ്വന്തം രാജ്യത്തിന് വെളിയില്‍ താമസിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. 1990 ല്‍ 15.3 കോടി ജനങ്ങളാണ് ജോലി തേടി രാജ്യം വിട്ടിരുന്നത്. എന്നാല്‍ 2020 ല്‍ ഇത് 28 കോടിക്ക് മുകളിലായി.

കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ ഏറ്റവുമധികമുള്ളത് ഇന്ത്യക്കാരാണ്. 1.8 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളില്‍ ജീവിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. 1.1 കോടി മെക്‌സിക്കന്‍ പൗരന്മാര്‍ വിദേശത്ത് വസിക്കുന്നു. റഷ്യയും ചൈനയും അടുത്ത സ്ഥാനങ്ങളിലുണ്ട്. അഞ്ചാമത് സിറിയയാണ്.

1970 മുതല്‍ തന്നെ അന്താരാഷ്ട്ര കുടിയേറ്റം വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. എട്ട് കോടിക്ക് മുകളില്‍ മാത്രമായിരുന്നു അക്കാലത്ത് അന്താരാഷ്ട്ര കുടിയേറ്റക്കാര്‍. 2020 ല്‍ ലോക ജനസംഖ്യയുടെ 3.6% ആണ് മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്നത്. ഈ കണക്കുകള്‍ കുടിയേറ്റ തൊഴിലാളികളുടേത് മാത്രമല്ല. പല കാരണങ്ങള്‍ കൊണ്ട് വേറെ രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണമാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. അന്താരാഷ്ട്ര കുടിയേറ്റ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ രാജ്യങ്ങള്‍ക്ക് ഉള്ളില്‍ നടക്കുന്ന കുടിയേറ്റങ്ങള്‍ റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്നില്ല.

കുടിയേറ്റക്കാരുടെ കൂട്ടത്തില്‍ ഏറ്റവുമധികമുള്ളത് ഇന്ത്യക്കാരാണ്. 1.8 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളില്‍ ജീവിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് മെക്‌സിക്കോയാണ്. 1.1 കോടി മെക്‌സിക്കന്‍ പൗരന്മാര്‍ വിദേശത്ത് വസിക്കുന്നു. റഷ്യയും ചൈനയും അടുത്ത സ്ഥാനങ്ങളിലുണ്ട്. അഞ്ചാമത് സിറിയയാണ്. 80 ലക്ഷം സിറിയക്കാര്‍ രാജ്യത്തിന് പുറത്ത് ജീവിക്കുന്നു. എന്നാല്‍, ഇവരിലധികവും യുദ്ധംമൂലം അഭയാര്‍ത്ഥികളായി നാട് വിട്ടവരാണ്.

representational image : wiki commons

അന്താരാഷ്ട്ര കുടിയേറ്റം ഏറ്റവുമധികം ലക്ഷ്യം വെക്കുന്നത് യൂറോപ്പാണ്. കുടിയേറ്റക്കാരുടെ 30.9 ശതമാനം അതായത് 8.7 കോടി പേര്‍ യൂറോപ്പില്‍ ജീവിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 8.6 കോടി കുടിയേറ്റക്കാര്‍ എഷ്യന്‍ ഭൂഖണ്ഡത്തിലും ജീവിക്കുന്നു. യുഎസ്സും കാനഡയും ഉള്‍പ്പെടുന്ന വടക്കേ അമേരിക്കയിലേക്ക് പറക്കുന്നവരുടെ എണ്ണവും കുറവല്ല. 5.9 കോടി പേര്‍ രാജ്യം വിട്ട് ജീവിക്കുന്നത് ഇവിടെയാണ്.

കുടിയേറ്റക്കാര്‍ ഏറ്റവുമധികം ലക്ഷ്യമാക്കുന്ന രാജ്യം യുഎസ്സാണ്. 2020 ല്‍ കുടിയേറ്റക്കാരില്‍ 5.9 കോടി പേര്‍ യുഎസ്സിലാണ് ജീവിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷമായി യുഎസ്സ് തന്നെയാണ് കുടിയേറ്റക്കാര്‍ക്ക് ഏറ്റവുമധികം ചെന്ന് ചേരുന്ന രാജ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജര്‍മനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 1.6 കോടി പേര്‍ ജര്‍മനിയില്‍ ജീവിക്കുന്നു. 1.3 കോടി കുടിയേറ്റക്കാര്‍ വസിക്കുന്ന സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്തുള്ളത്. 1.2 കോടി കോടി കുടിയേറ്റക്കാര്‍ ജീവിക്കുന്ന റഷ്യയും 90 ലക്ഷം പേരുള്ള യുകെയും യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.

2020 ല്‍ ലോകത്തെ കുടിയേറ്റക്കാരില്‍ 6.3% ഇന്ത്യക്കാരായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറഞ്ഞ് വെക്കുന്നത്. ഏറ്റവുമധികം ഇന്ത്യക്കാര്‍ കുടിയേറുന്നത് യുഎഇ യിലേക്കാണ്. എമിറേറ്റ്‌സ് കഴിഞ്ഞാല്‍ ഇന്ത്യക്കാരെ ഏറ്റവും ആകര്‍ഷിക്കുന്നത് യുഎസ്സാണ്. കഴിഞ്ഞ മൂന്ന് വര്‍ത്തിനിടയിലും തൊഴില്‍ വിസയില്‍ രാജ്യം വിടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ (2022 ജൂലൈ 27 വരെ) 13 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തൊഴില്‍ തേടി രാജ്യം വിട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2019 നെ അപേക്ഷിച്ച് 2020 ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം 74.3% കുറഞ്ഞിരുന്നു. എന്നാല്‍, 2022 ആവുമ്പോഴേക്ക് ജിസിസി രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് വീണ്ടും വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കുറഞ്ഞിരുന്നു. 2019 നെ അപേക്ഷിച്ച് 2020 ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം 74.3% കുറഞ്ഞിരുന്നു. എന്നാല്‍, 2022 ആവുമ്പോഴേക്ക് ജിസിസി രാജ്യങ്ങളിലേക്കുള്ള ഒഴുക്ക് വീണ്ടും വര്‍ധിച്ചിരിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 2020 മുതല്‍ 2022 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം, 1,85,948 ഇന്ത്യക്കാര്‍ ജിസിസി രാജ്യങ്ങളിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുടിയേറ്റത്തിന്റെ കണക്കെടുക്കുന്നതും കാരണങ്ങള്‍ വിലയിരുത്തുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട് തന്നെ വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് തന്നെ 45 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. മാത്രമല്ല, ആഭ്യന്തര കുടിയേറ്റം, നിയമപ്രകാരമല്ലാത്ത കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല. ലോകത്താകമാനം നിയമപ്രകാരമല്ലാത്ത കുടിയേറ്റം നടക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. അത്തരം ശ്രമങ്ങള്‍ നടത്തി മരണപ്പടുന്നവരുടെയും, മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരകളാകുന്നവരുടെയും വിവരങ്ങള്‍ മാത്രമാണ് പുറം ലോകം അറിയുക. കുടിയേറ്റത്തെ പഠിക്കുന്നതിനും ശരിയായി അവലോകനം ചെയ്യുന്നതിനും ഇനിയും ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്ന് ചുരുക്കം.

Leave a comment