കുമ്പനാടർ ഇല്ലാതാവുന്ന കുമ്പനാടുകൾ
പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ഗ്രാമപഞ്ചായത്തിലെ കുമ്പനാട് ദേശം പ്രവാസത്തിന്റെ പേരിൽ 1980 കളിൽ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. കോയിപ്പുറം പഞ്ചായത്തിലെ 1, 14, 16, 17 വാർഡുകൾ ചേർന്ന കുമ്പനാടിന്റെ ദേശപ്പെരുമ ലോകമാകെ പരക്കുന്നത് അവിടുങ്ങളിലെ ബാങ്കുകളിൽ കുമിഞ്ഞു കൂടിയ നിക്ഷേപത്തിന്റെ പേരിലായിരുന്നു. ഇന്ത്യയുടെ വിദേശനാണയ പ്രതിസന്ധി രൂക്ഷമായ 1980 കളുടെ അവസാനവും 90 കളുടെ തുടക്കത്തിലും കുമ്പനാടിന് ചുറ്റുവട്ടത്തുള്ള ദേശങ്ങളിലെ ബാങ്ക് ശാഖകളിൽ വന്നു ചേരുന്ന എൻആർഐ ഡെപ്പോസിറ്റുകളെക്കുറിച്ചുള്ള കണ്ണഞ്ചിക്കുന്ന വിവരണം ഇംഗ്ലീഷിലെ ബിസിനസ് ദിനപ്പത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകളായി. ദേശസാൽകൃത-സ്വകാര്യ ബാങ്കുകൾ കുമ്പനാടോ പരിസരങ്ങളിലോ ശാഖകൾ തുറക്കാൻ വെമ്പൽ കൊണ്ടു. എക്കണോമിക്സ് ടൈംസിലെ 2010 ലെ ഒരു റിപ്പോർട്ട് പ്രകാരം തിരുവല്ല, കുമ്പനാട്, കോഴഞ്ചേരി പ്രദേശങ്ങളിലെ ബാങ്കുകളിലെ വിദേശ നിക്ഷേപം ഏകദേശം 5,400 കോടി രൂപയോളം വരുമെന്നായിരുന്നു. 2013 ൽ ദ ഹിന്ദു ദിനപത്രവും സമാനമായ രീതിയിലുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 10 വർഷങ്ങൾക്ക് ശേഷം ബാങ്കുകളുടെ എണ്ണവും ഡെപ്പോസിറ്റുകളുടെ വണ്ണവും പെരുകിയതിനൊപ്പം കുമ്പനാട് മറ്റൊരു പരിണാമത്തിനും വിധേയമായി. ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഒഴിഞ്ഞുപോവുന്ന ദേശമെന്ന ഖ്യാതി കുമ്പനാടിനൊപ്പം മൊത്തം പത്തനംതിട്ട ജില്ലക്ക് തന്നെ സ്വന്തമായി. കുമ്പനാട് കുമ്പനാട്ടുകാർ ഇല്ല എന്ന് പറഞ്ഞാൽ തെറ്റില്ല എന്ന സ്ഥിതിയാണ്.
പ്രദേശത്തെ വീടുകളിൽ നിന്നെല്ലാം ഒരാൾ വീതം പ്രവാസികളായിരുന്ന അവസ്ഥയിൽ നിന്നും കുടുംബത്തോടെ വിദേശരാജ്യങ്ങളിലേയ്ക്ക് ചേക്കേറുന്ന രീതി സാധാരണമായിരിക്കുന്നു. പ്രവാസത്തിന്റെ രണ്ടും മൂന്നും തലമുറകൾ കുമ്പനാടിന്റെ വംശാവലിയുടെ ഭാഗമായി മാറി. ആദ്യ കാലങ്ങളിൽ ഗൾഫ് മേഖലകളിലേയ്ക്കായിരുന്നു ജോലിക്കായി ആളുകൾ യാത്ര ചെയ്തിരുന്നത്. കുടുംബത്തിലെ ഒരാൾ പോയതിനു ശേഷം ജോലിപ്രായമാകുന്നതനുസരിച്ച് വിസ തരപ്പെടുത്തി ബന്ധുക്കളെയും കൊണ്ടുപോയിരുന്നു. അതിനാൽ പ്രവാസികളുടെ വീടുകളിൽ അക്കാലം ആളനക്കങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ വിദേശ രാജ്യങ്ങളിലെ നഴ്സിംങ് മേഖലയിൽ തൊഴിൽ സാദ്ധ്യതകളുടെ അവസരം കൂടുതൽ മെച്ചപ്പെട്ടതോടെ പ്രവാസത്തിന്റെ ആഴവും പരപ്പും വിപുലമായി. ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിനെക്കാൾ അവസരങ്ങൾ അമേരിക്ക, ഓസ്ട്രേലിയ, യുകെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി. പിന്നീട് കുടുംബമായിത്തന്നെ കുടിയേറാൻ കഴിഞ്ഞതോടുകൂടി വീടുകൾ അനാഥമായി. വിദേശവരുമാനത്തിന്റെ ബലം കൊണ്ട്തന്നെ നാട്ടിൽ വരുമ്പോൾ താമസത്തിനായുള്ള പേരിൽ വലിയ വീടുകൾ നിർമ്മിച്ചു. ആളൊഴിഞ്ഞ വീടുകളോ അതുമല്ലെങ്കിൽ പ്രായമായ മാതാപിതാക്കൾ തനിച്ചോ താമസിക്കുന്ന അവസ്ഥയായി നാട്ടിൽ. കോയിപ്പുറം പഞ്ചായത്തിലെ കുമ്പനാട് പ്രദേശം വരുന്ന നാലു വാർഡുകളിലായി മാത്രം ഏകദേശം 250 ന് മുകളിൽ വീടുകൾ പൂട്ടിയിട്ട നിലയിലാണെന്ന് വാർഡ് പ്രതിനിധികൾ പറഞ്ഞു. ഒരു മാസത്തെ അവധിക്ക് നാട്ടിൽ വരുന്ന പ്രവാസികൾ പഞ്ചായത്ത് കരം 2,3 വർഷത്തെ ഒന്നിച്ചു അടക്കുകയാണ് പതിവെന്നും അവർ സൂചിപ്പിച്ചു. മോഷണശ്രമങ്ങൾ ഒഴിവാക്കുന്നതിനായി ചില വീടുകളിൽ വിദേശത്തുള്ളവരുടെ അടുത്ത ബന്ധുക്കളും താമസമാക്കിയിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന വീടുകൾ കൂടാതെ പ്രായമായ മാതാപിതാക്കൾ താമസിക്കുന്ന വീടുകളും കുറവല്ല. പ്രായമായവർ ഒറ്റക്ക് താമസിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി കുമ്പനാട് ഒരു വൃദ്ധസദനവും പ്രവർത്തിക്കുന്നുണ്ട്.
രണ്ടു മൂന്ന് തലമുറകളായി വിദേശത്തു കഴിയുന്നവർക്ക് കുടുംബവീടും സ്വത്തുക്കളും ബാധ്യത ആയി മാറുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി തങ്ങളുടെ വീടും പറമ്പും റിയൽ എസ്റ്റേറ്റ് ഏജൻസികൾക്ക് വിറ്റതിന് ശേഷം തിരുവല്ല, കോഴഞ്ചേരി, കുമ്പനാട് എന്നിവിടങ്ങളിലായി അപ്പാർട്മെന്റുകൾ വാങ്ങിക്കുകയാണ് പ്രവാസികൾ. 1990 ലെ ഗൾഫ് യുദ്ധകാലത്തും പിന്നീട് 2020 ലെ കോവിഡ് വ്യാപനത്തിലും ജോലി നഷ്ടപ്പെട്ട നിരവധി പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയിരുന്നതായി വാർഡ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ രണ്ടു പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്ത്കൊണ്ട് പ്രവാസികൾ തിരികെ പോകാനുള്ള ശ്രമങ്ങൾ നടത്തി. കൂടാതെ തിരികെ വന്നവരിൽ നിരവധി ആളുകൾ തങ്ങളുടെ സമ്പാദ്യം കൊണ്ട് നാട്ടിൽ ബിസിനസ് സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും വളർന്നു വരുന്ന തലമുറയിൽ പെട്ടവരും സ്വന്തം നാടുവിട്ട് ജോലിക്കായി പോകണമെന്ന ചിന്താഗതിക്കാർ തന്നെയാണ്.
നെഗറ്റീവ് വളർച്ചയിലെത്തി പത്തനംതിട്ട
കേരളത്തിലെ ജനസംഖ്യ മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളിൽ കുമ്പനാട് അടയാളമാവുന്നതിന്റെ സാഹചര്യം ഇതാണ്. കുമ്പനാടിന്റെ അനുഭവം ഏതാണ്ട് പത്തനംതിട്ട ജില്ലക്ക് മൊത്തമായി ബാധകമാവുന്ന തരത്തിലെ മാറ്റങ്ങളാണ് അവിടെ സംഭവിച്ചിട്ടുള്ളത്. 2011 സെൻസസ് അനുസരിച്ച് പത്തനംതിട്ട ജില്ലയുടെ ജനസംഖ്യാ വളർച്ച നിരക്ക് -3.12% ആണ്. കുറഞ്ഞ ജനന നിരക്കും കുറഞ്ഞ മരണ നിരക്കും ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. കൂടാതെ, ഉയർന്ന വിദ്യാഭ്യാസം, അണുകുടുംബങ്ങളുടെ ആശയം സമൂഹത്തിൽ സ്വീകാര്യമായതോടെ കുടുംബാംഗങ്ങളുടെ എണ്ണത്തിൽ വന്ന കുറവും ഒപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ജോലിക്കായും, മികച്ച ജീവിതസൗകര്യങ്ങൾ ലഭിക്കുന്നതിനായും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണവും കൂടുന്നു. സെൻസസ് കണക്ക് പ്രകാരം 0-14 വയസുവരെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും കുറവ് വളർച്ചാ നിരക്കാണ് (19.4%) രേഖപ്പെടുത്തിയത്.
ജില്ലയുടെ ടൗൺ പ്ലാനിങ് റിപ്പോർട്ട് അനുസരിച്ച് അടൂർ, കടമ്പനാട്, പന്തളം, പന്തളം തെക്കേക്കര, പള്ളിക്കൽ, കുന്നന്താനം, കോന്നി, മൈലപ്ര, ഓമല്ലൂർ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ മാത്രമാണ് ജനസംഖ്യാ വർദ്ധനവ് രേഖപ്പെടുത്തിയത്. നഗരസഭകളിൽ പന്തളം (+1.90%), അടൂർ (+0.80%) എന്നിവ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയപ്പോൾ, തിരുവല്ല (-0.7%), പത്തനംതിട്ട (-1.20%) എന്നീ നഗരസഭകൾ വിപരീത വളർച്ചാ നിരക്ക് രേഖപ്പെടുത്തി. 2011 ലെ സെൻസസ് പ്രകാരം ജില്ലയിലെ ഗ്രാമപ്രദേശങ്ങൾ വിപരീത വളർച്ചാ നിരക്ക് (-10.40%) രേഖപ്പെടുത്തിയപ്പോൾ നഗരങ്ങൾ വളർച്ചാ നിരക്ക് (+6.3%) രേഖപ്പെടുത്തി. ജനന നിരക്കിലുണ്ടായിട്ടുള്ള കുറവും തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്കും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുമുള്ള കുടിയേറ്റവുമാണ് വിപരീത വളർച്ചാ നിരക്കിനുള്ള ഒരു പ്രധാന കാരണം. ഉയർന്ന തലത്തിൽ ഉള്ള തൊഴിൽ സാദ്ധ്യത ലഭ്യമാക്കുന്ന സാമ്പത്തിക മേഖലകൾ ജില്ലയിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ലഭ്യമായ പഞ്ചായത്ത് തല നോർക്ക റിപ്പോർട്ട് പ്രകാരം ജില്ലയിലെ 60,185 കുടുംബങ്ങളിൽ നിന്നും 98,354 പേർ വിദേശത്ത് വസിക്കുന്നു. ഇത് ജില്ലയിലെ ആകെ ജനസംഖ്യയുടെ 8.21 ശതമാനമാണ്. ജില്ലയിലെ 98,354 പ്രവാസികളിൽ 77,802 പേർ വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്തു വരുന്നു. സംസ്ഥാനത്തെ ആകെ പ്രവാസികളുടെ 6% പത്തനംതിട്ടയിലാണ്. ഇതിൽ 80% ആളുകൾ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോയവരാണ്, 78732 പേർ. അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് (9%) 9178 പേർ കുടിയേറിയപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പോയവർ 5% വരുന്ന 4738 പേരാണ്. കാനഡയിലേയേക്ക് 1106 പേർ വിദ്യാർത്ഥികളായും ജോലിക്കായും കുടിയേറിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലേയ്ക്ക് 674 പേർ പോയപ്പോൾ മറ്റ് രാജ്യങ്ങളിലേയ്ക്കായി 3926 പേരും കുടിയേറിയിട്ടുണ്ട്.
ജില്ലയിൽ നിന്നുള്ള പ്രവാസികളിൽ ഏതാണ്ട് 40 ശതമാനം പേർ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഐ.ടി, അദ്ധ്യാപനം, ബാങ്കിംഗ്, നഴ്‌സിംഗ് എന്നീ പ്രൊഫഷണൽ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണ്. അദ്ധ്യാപകർ - 1963 (സംസ്ഥാനത്ത് 1-ാം സ്ഥാനം), നഴ്സ് - 18,857 (സംസ്ഥാനത്ത് 2-ാം സ്ഥാനം), ബാങ്കിംഗ് മേഖല - 1027 (സംസ്ഥാനത്ത് - 3-ാം സ്ഥാനം), ഐ.ടി മേഖല -2814 (സംസ്ഥാനത്ത് 5-ാം സ്ഥാനം) എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം.
2011 ലെ സെൻസസ് കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 60 വയസിനു മുകളിൽ പ്രായമായവർ 12.6% ആയിരുന്നു. പത്തനംതിട്ട ജില്ലയിലെ കണക്ക് പരിശോധിച്ചാൽ 60 വയസിന് മുകളിൽ പ്രായമായവരുടെ എണ്ണം 2,14,540 പേരാണ്. അതായത് 17.9%. കേരളത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല കൂടിയാണ്. ആയുർ ദൈർഘ്യം ഉയരുന്ന സാഹചര്യത്തിൽ വൃദ്ധ ജനങ്ങളുടെ എണ്ണം കൂടിവരികയാണ്. വിദേശങ്ങളിലും സംസ്ഥാനത്തിനു പുറത്തുമായി ജോലി ചെയ്യുന്നവർ ധാരാളം ഉളളതിനാൽ അവരുടെ മാതാപിതാക്കൾ ഒറ്റയ്ക്ക് താമസിക്കുന്നു. ഇങ്ങനെയുളളവർ മറ്റു ജില്ലകളിലുള്ളതിനേക്കാൾ കൂടുതൽ ഈ ജില്ലയിൽ ഉണ്ടെന്നാണ് കണക്ക്.
ബാങ്കുകളുടെ കൂടുതൽ ശൃംഖലകളുള്ള ജില്ലയാണ് പത്തനംതിട്ട. ദേശസാൽകൃത ബാങ്കുകളുടെ 238 ശാഖകളും, ഷെഡ്യൂൾഡ് ബാങ്കുകളുടെ 138 ശാഖകളും, സഹകരണ ബാങ്കുകളുടെ 167 ശാഖകളും ജില്ലയിൽ പ്രവർത്തിക്കുന്നു. കൂടാതെ സംസ്ഥാന സഹകരണ ബാങ്കിന്റെയും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെയും ഓരോ ശാഖകളും നിലവിലുണ്ട്. വ്യവസായ മേഖലയിലേക്ക് ആകർഷിക്കുവാനും അനുധാവനം ചെയ്യുവാനും ഉതകുന്ന വിധത്തിലുള്ള അനുഭവ സമ്പത്തും, ക്രിയാശേഷിയും ഉള്ള വിദേശ മലയാളികൾ ജില്ലയിലുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഈ ജില്ലയിൽ വളരെ ഉയർന്ന തോതിലുള്ള വിദേശ നിക്ഷേപം ഉണ്ട്. ബാങ്കുകളിലെ ആകെ നിക്ഷേപം ഏകദേശം 39,209 കോടിയോളമാണ്. ജില്ലയുടെ ആകെ ബാങ്ക് ഡിപ്പോസിറ്റിൽ 47% എൻ ആർ ഐ ഡിപ്പോസിറ്റാണ്. വായ്പാ നിക്ഷേപ അനുപാതം 33% ആണ്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യ 800 കോടിയിലെത്തുന്നു. ആരോഗ്യ രംഗത്തെ പുരോഗതി, വ്യാവസായികമായുളള കുതിച്ചു ചാട്ടം, കൃഷിയുടെ പ്രചാരം എന്നിവയെല്ലാം ജനസംഖ്യാവർധനവിനെ ത്വരിതപ്പെടുത്തിയ ഘടകങ്ങളാണ്. അതിൽ ലോകജനസംഖ്യയുടെ 17.5% ജനങ്ങൾ ഇന്ത്യയിലാണ്. 141 കോടിയിലേക്ക് വളരുന്ന ഇന്ത്യൻ ജനസംഖ്യ 2100 ൽ ഒന്നാം സ്ഥാനത്ത് എത്തുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് പോപുലേഷൻ പ്രോസ്‌പെക്ടസ് പഠനങ്ങൾ വ്യക്തമാക്കുന്നു.
2011 ലെ ഇന്ത്യയിലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്. അതായത് ഇന്ത്യൻ ജനസംഖ്യയുടെ 2.76%. കേരളത്തിലെ ആകെ ജനസംഖ്യയിൽ 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളുമാണ്. 1.6 പുരുഷന്മാരും 1.74 കോടി സ്ത്രീകളുമുള്ള മൊത്തം ജനസംഖ്യ 3.34 കോടിയുള്ള കേരളത്തിലെ ജനസംഖ്യാ സൂചകങ്ങൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. പഠനങ്ങൾ അനുസരിച്ച് വർധിച്ചു വരുന്ന വിവാഹപ്രായം, കുടുംബാസൂത്രണ സ്വീകാര്യത, മരണ-ജനന നിരക്കുകളിൽ ഉണ്ടായ കുറവ്, ജോലിക്കായും പഠനത്തിനായും മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം എന്നിവ കേരളത്തിലെ ജനസംഖ്യ കുറയുന്നതിന് കാരണമാകുന്നു. കഴിഞ്ഞ ദശകത്തിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക് കേരളം രജിസ്റ്റർ ചെയ്തത് വരും വർഷങ്ങളിൽ സംസ്ഥാനം 'പൂജ്യം ജനസംഖ്യാ വളർച്ച' യിലെത്താൻ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ്. ഇത്തരത്തിൽ ജനന നിരക്കിലുണ്ടാകുന്ന മാറ്റമാണ് വികസിത രാജ്യങ്ങളിൽ വയോജനങ്ങളുടെ എണ്ണം കൂടുകയും യുവജനങ്ങളുടെ എണ്ണം കുറയുകയും ചെയതത്. കേരളത്തിലും അതെ സ്ഥിതി ആവർത്തിക്കുന്നു എന്നതാണ് കണക്കുകൾ സൂചന നൽകുന്നത്. പഠനത്തിനും ജോലിക്കായും വിദേശത്ത് പോകുന്നവർ തിരിച്ച് നാട്ടിലേയ്ക്ക് വരണമെന്ന താല്പര്യം കാണിക്കുന്നില്ല. സ്വന്തം നാടും സംസ്‌കാരവും ഉപേക്ഷിച്ച് 'വിദേശങ്ങളിൽ' ജീവിക്കണമെന്ന ആഗ്രഹം സ്വപ്നം കാണുന്ന പുതു തലമുറ കേരളത്തിൽ വ്യാപകമാണ്. യുവജനങ്ങളുടെ കുടിയേറ്റം കേരളത്തിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള ആഘാതങ്ങൾ വലുതായിരിക്കുമെന്ന സൂചനയുടെ തുടക്കം മാത്രമാണ് ഇപ്പോഴത്തെ കണക്കുകൾ.