TMJ
searchnav-menu
post-thumbnail

Demography

വയോജന ക്ഷേമത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

16 Nov 2022   |   1 min Read

കേരളത്തിന്റെ പ്രശസ്തമായ മനുഷ്യശേഷി വികസന സൂചികകളുടെ ഒരു പ്രധാന നേട്ടം ആയുർ ദൈർഘ്യത്തിന്റെ വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമാണ്. അഭിനന്ദനാർഹമായ നേട്ടമാണ് അത്. കേരളത്തിലെ പുരുഷൻമാരുടെ ശരാശരി ആയുർദൈർഘ്യം 72 വയസും സ്ത്രീകൾക്ക് 78 വയസുമാണ്. ഇന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ, 60 വയസിനുമേൽ പ്രായമായവരുടെ ഉയർന്ന ജനസംഖ്യ കേരളത്തിലാണ്. സംസ്ഥാനത്ത് അഞ്ചിൽ ഒരാൾ വീതം പ്രായമായവർ ആണെന്നും അടുത്ത ദശകത്തോടെ സംസ്ഥാനത്തെ കുട്ടികളുടെ എണ്ണത്തേക്കാൾ പ്രായമായവരുടെ സംഖ്യ കൂടുമെന്നും കണക്കാക്കപ്പെടുന്നു.

മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ട വയോജനങ്ങളുടെ എണ്ണത്തിലെ വർദ്ധനവ്, ജോലി ചെയ്യുന്ന ആളുകളുടെയും ശിശുക്കളുടെയും എണ്ണത്തിൽ ആനുപാതികമായി ഉണ്ടാവുന്ന കുറവും സാമൂഹികസുരക്ഷ ചെലവ് വർദ്ധിപ്പിക്കുന്നു. യുവതലമുറ വിദേശരാജ്യങ്ങളിലേയ്ക്ക് കുടിയേറുന്ന പ്രവണത വർധിച്ചതോടെ പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഒന്നാം തലമുറ പ്രശ്‌നങ്ങളിൽപ്പെടുന്ന ശിശുമരണനിരക്ക്, മാതൃമരണ നിരക്കുകൾ കുറയ്ക്കുന്നതിനായി പരിശ്രമിക്കുകയാണ്. എന്നാൽ, രണ്ടാം തലമുറ വിഷയങ്ങൾ എന്ന് കരുതപ്പെടുന്ന വാർധക്യസഹജമായ ജീവിതശൈലി രോഗങ്ങളും, സാംക്രമികേതര രോഗങ്ങളുടെ വർധനവുമടക്കമുള്ള കാര്യങ്ങളാണ് കേരളത്തിന് മുന്നിലുള്ള വെല്ലുവിളികൾ.

representational image : wiki commons

വാർദ്ധക്യം അതിന്റേതായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് പൊതുവെ കരുതപ്പെടുന്നു. പ്രായമായവരിൽ ഏറെയും ജോലിയില്ലാത്തവരോ, ആരോഗ്യപരമായി ജോലി ചെയ്യാൻ സാധിക്കാത്തവരോ ആയിരിക്കും. മതിയായ സാമ്പത്തിക സ്രോതസ്സുകളോ പെൻഷനോ ഇല്ലാത്തവർക്ക് അവരുടെ ദൈനംദിന ചിലവുകൾ നിറവേറ്റുന്നത് വലിയൊരു വെല്ലുവിളിയായതിനാൽ മറ്റുള്ളവരെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ ചിലവുകൾ അധികമായിരിക്കും. ചിലപ്പോൾ ഒന്നിലധികം രോഗങ്ങളും വൈകല്യങ്ങളും സംഭവിച്ചേക്കാം. ശാരീരിക വൈകല്യങ്ങൾ കൂടാതെ ഏകാന്തത, സമ്മര്‍ദ്ദം, ജീവിത പങ്കാളിയുടെയും മറ്റ് പ്രിയപ്പെട്ടവരുടെയും വിയോഗം മൂലമുണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങളും പ്രായമായവർ അനുഭവിക്കുന്നു. ലോകത്തിലെ മറ്റ് വികസിത രാജ്യങ്ങൾ ആരോഗ്യ സംരക്ഷണം, തൊഴിൽ, സഹായ സേവനങ്ങൾ തുടങ്ങി വയോജനങ്ങളുടെ വിവിധ ആവശ്യങ്ങളെ പരിഗണിക്കുന്ന നയങ്ങളും പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തിലും അത്തരത്തിലുള്ള പദ്ധതികളും നയങ്ങളും നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, പൊലീസ് തുടങ്ങിയവരുടെയും വിവിധ ഏജൻസികളുടെയും പങ്കാളിത്തത്തോടെ വയോജനങ്ങളുടെ വിവിധ ആവശ്യങ്ങളും ക്ഷേമവും ഉറപ്പു വരുത്തുന്ന ഒരു മുൻനിര പദ്ധതി കേരളത്തിൽ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പോഷകാഹാരം, വികസനം, ആരോഗ്യ സംരക്ഷണം, വളർച്ചാ നിരീക്ഷണം എന്നിവയുൾപ്പെടെ കുട്ടികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സർവീസസ് (ഐസിഡിഎസ് പ്രോഗ്രാം) മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്. സമാനമായ നിലയിൽ വയോജനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതികളും സംസ്ഥാനത്ത് പ്രാവർത്തികമാക്കണം. ഐസിഡിഎസ് പ്രോഗ്രാമിന്റെ ഗുണഭോക്താക്കളായ കുട്ടികളേക്കാൾ (0-6 വയസ് പ്രായമുള്ള കുട്ടികൾ സംസ്ഥാന ജനസംഖ്യയുടെ 10 ശതമാനം വരും) പ്രായമായവരുടെ എണ്ണം സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിൽ അത്തരമൊരു പദ്ധതി അനിവാര്യമാകുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ സ്വഭാവത്തിൽ സംഭവിക്കുന്ന പരിവർത്തനം തിരിച്ചറിയുകയും ആനുപാതികമായ നിലയിൽ പ്രായമായവരുടെ സവിശേഷമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വിഭവ സമാഹരണം നടത്തേണ്ട സമയമാണിത്.

വാർഡ് തലത്തിൽ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ വയോജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ആരോഗ്യ സംരക്ഷണവും നടപ്പിലാക്കാൻ സാധിക്കും. ഇത്തരം വാർഡ് തലത്തിലെ കൂട്ടായ്മ ജാഗ്രതാ സമിതിയായി പ്രവർത്തിക്കുന്നതിലൂടെ പ്രായമായവർ കൈയ്യേറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇടപെടാനും കഴിയുന്നതാണ്.

പ്രായമായവർ എന്നുള്ള ഒറ്റ ഗണത്തിൽ എല്ലാവരെയും ഉൾക്കൊള്ളാനാകുന്നതല്ല. പ്രായമായവർ, ഒറ്റയ്ക്ക് താമസിക്കുന്നവർ, വൃദ്ധർ, വികാലാംഗരായ വൃദ്ധർ, വിധവകൾ, പ്രായമായ സ്ത്രീകൾ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ളവരെ പരിഗണിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ ഓരോ അവസ്ഥയിലുള്ളവർക്ക് വ്യത്യസ്ഥമായ ആവശ്യങ്ങളാണ് ഉണ്ടാകുക. അതിനാൽ വയോജനങ്ങളിലെ വിവിധ വിഭാഗത്തിൽപ്പെടുന്നവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റണ്ടത് പ്രധാനമാണ്.

ജനസംഖ്യയിലെ ഈ മാറ്റങ്ങളും അതുമായി ബന്ധപ്പെട്ട് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കേരളത്തിലെ പൊതുസമൂഹത്തിൽ വേണ്ടത്ര അവബോധം ഇനിയും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. വയോജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, പ്രായമായവരുടെ ബലഹീനത, അവർക്ക് നല്‌കേണ്ട പരിചരണം, പിന്തുണ എന്നിവയെക്കുറിച്ച് കുടുംബാംഗങ്ങളെയും സമൂഹത്തെയും ബോധവൽക്കരിക്കാനുള്ള പ്രചാരണ പരിപാടി നടത്തേണ്ടതുണ്ട്. പരിചരണ ചുമതലകൾ ഏറ്റെടുക്കാൻ പരിശീലിപ്പിക്കുക, തടസ്സങ്ങളിലാത്ത ഒരു സംവിധാനം സൃഷ്ടിക്കുക, പൊതു ഇടങ്ങളിലും വിടിനകത്തും അനുയോജ്യമായ ചുറ്റുപാടുകൾ സൃഷ്ടിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സേവനങ്ങൾ ആരംഭിക്കേണ്ടതാണ്.

ആരോഗ്യ സംരക്ഷണം പ്രായമായവരുടെ പ്രധാന ആവശ്യമാണ്. കൂടാതെ ആവശ്യമായ പരിചരണത്തിന്റെ സ്വഭാവം വിവിധ തലത്തിലുള്ളതാണ്. പതിവായുള്ള മരുന്നുകളും പരിശോധനകളും മുതൽ ആശുപത്രി സന്ദർശനങ്ങൾ, ആശുപത്രി അധിഷ്ഠിത സേവനങ്ങൾ, വീടുകളിൽ ലഭ്യമാകുന്ന പാലിയേറ്റീവ് കെയർ വരെ അവർക്കാവശ്യമാണ്. പൊതുജനാരോഗ്യ പ്രവർത്തകരും കുടുംബശ്രീ ഭാരവാഹികളും പാലിയേറ്റീവ് കെയർ പ്രവർത്തകരും വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ ചികിത്സിക്കുന്നതിനുള്ള ക്ലിനിക്കുകൾ, വയോമിത്രം തുടങ്ങിയ പരിപാടികളും അവരുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ, വയോജനങ്ങൾക്കായി ഒരു സമഗ്ര ആരോഗ്യ പരിപാലനം വിവിധ ഏജൻസികളുടെ നേത്യത്വത്തിൽ കാര്യക്ഷമമായി സമന്വയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

representational image : wiki commons

ഈ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. പ്രാദേശിക അധികാരികൾ വയോജനക്ഷേമത്തിൽ തങ്ങളുടെ പങ്ക് പകൽവീട് നിർമ്മാണത്തിലും കട്ടിലുകൾ, ബെഡ് എന്നിവയുടെ വിതരണത്തിലും മാത്രമായി ഒതുക്കുകയാണ്. എന്നാൽ ഇത് പര്യാപ്തമായവയല്ല. ആധികാരികത നിറഞ്ഞ വിവരങ്ങൾ ഉപയോഗിച്ച് മാത്രമേ പദ്ധതികളുടെ ഫലപ്രദമായ ആസൂത്രണം സാധ്യമാകൂ. പ്രാദേശിക ഗവൺമെന്റുകൾക്ക് അവരുടെ അധികാരപരിധിയിലുള്ള വയോജനങ്ങളുടെ എണ്ണവും വിശദമായ വിവരങ്ങളും ഉണ്ടായിരിക്കണം. ഒപ്പം, അവരുടെ രോഗാവസ്ഥ, വൈകല്യങ്ങൾ, ജീവിത ക്രമീകരണം, വരുമാന സ്രോതസ്സ് മുതലായവ അറിഞ്ഞിരിക്കണം. പ്രായമായവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പ്രാദേശിക തലത്തിൽ പിന്തുണാ സംവിധാനങ്ങളും പദ്ധതികളും രൂപകല്പന ചെയ്യാവുന്നതാണ്. കോവിഡ് വ്യാപനസമയത്ത് തുടക്കം കുറിച്ച കമ്മ്യൂണിറ്റി കിച്ചൺ സംവിധാനത്തിലൂടെ പ്രായമായവർക്ക് ഭക്ഷണം നല്കാം. കൂടാതെ, ആശ പ്രവർത്തകർ അവരുടെ വീടുകൾ സന്ദർശിച്ച് മരുന്ന്, റേഷൻ മറ്റ് അവശ്യ സാധനങ്ങൾ മുടങ്ങാതെ എത്തിച്ചുകൊടുക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കും.

പഞ്ചായത്ത് തലത്തിൽ നല്ലൊരു തുക ചിലവിട്ടുകൊണ്ട് പ്രായമായവരെ സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന പകൽ വീടുകൾ പോലുള്ള സംവിധാനങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നത് വ്യാപകമാകുകയാണ്. പകൽവീടിനായി പുതിയ കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിന് പകരം അധികാരികൾക്ക് സൗകര്യങ്ങളുള്ള പൂട്ടിക്കിടക്കുന്ന വീടുകളോ സർക്കാർ വക കെട്ടിടങ്ങളോ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കാം. വാർഡ് തലത്തിൽ വയോജന വേദികളോ ക്ലബ്ബുകളോ രൂപീകരിക്കുകയും പകൽ വീടിന്റെ പ്രവർത്തനങ്ങൾ ഇത്തരം വയോജനവേദികൾ സംഘടിപ്പിക്കുകയും വേണം. അങ്കണവാടികൾ, സർക്കാർ സ്‌കൂളുകൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ഇത്തരം സംഘടനകളുടെ പ്രവർത്തനം നടത്താം. വാർഡ് തലത്തിൽ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ വയോജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും ആരോഗ്യ സംരക്ഷണവും നടപ്പിലാക്കാൻ സാധിക്കും. ഇത്തരം വാർഡ് തലത്തിലെ കൂട്ടായ്മ ജാഗ്രതാ സമിതിയായി പ്രവർത്തിക്കുന്നതിലൂടെ പ്രായമായവർ കൈയ്യേറ്റം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇടപെടാനും കഴിയുന്നതാണ്.

വയോജനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി പ്രാദേശിക തലത്തിൽ ഒരു കോർഡിനേറ്റർ ഇല്ലാത്തത് ഒരു പോരായ്മയാണ്. എസ്‌സി/ എസ്ടി പ്രമോട്ടർ എന്നതുപോലെ, വയോജനങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിപാടികളുടെ നടത്തിപ്പിന് ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരു വയോജന കോർഡിനേറ്ററിനെ പഞ്ചായത്ത് തലത്തിൽ നിയമിക്കേണ്ടത് ആവശ്യമാണ്.

പ്രായമായവർ, പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ആശുപത്രി, ബാങ്ക്, പഞ്ചായത്ത് എന്നിവിടങ്ങളിൽ പോകുമ്പോഴും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനോ അവരുമായി സംസാരിക്കുന്നതിനോ പലപ്പോഴും ഒരാളുടെ പിന്തുണ ആവശ്യമായി വരുന്നു. വീടുകളിൽ പ്രായമായവർ ഉണ്ടാകുമ്പോൾ, അവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ ആളുകളെ ലഭിക്കാതെ വന്നേക്കാം. അത്തരം സാഹചര്യത്തിൽ ഒരു കുടുംബാംഗത്തിന് ജോലിക്ക് പോകുന്നതിനോ മറ്റ് പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനോ സാധിക്കാതെ വരുന്നു. ഈ സാഹചര്യങ്ങളെ മറുകടക്കുന്നതിന് പ്രാദേശിക തലത്തിൽ സാധ്യതയുള്ള ആളുകളെ കണ്ടെത്തി ലേബർ ബാങ്ക് സൗകര്യങ്ങൾ രൂപികരിക്കാവുന്നതാണ്. ഇത്തരം പിന്തുണാ സംവിധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ കൂണുപോലെ മുളച്ചുപൊങ്ങുന്നുണ്ടെങ്കിലും പ്രാദേശിക തലത്തിലുള്ള സംരംഭങ്ങൾ പൊതുജനങ്ങൾക്ക് വളരെ സഹായകവും കൂടുതൽ വിശ്വസനീയവുമായിരിക്കും.

വയോജനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി പ്രാദേശിക തലത്തിൽ ഒരു കോർഡിനേറ്റർ ഇല്ലാത്തത് ഒരു പോരായ്മയാണ്. എസ്‌സി/ എസ്ടി പ്രമോട്ടർ എന്നതുപോലെ, വയോജനങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിപാടികളുടെ നടത്തിപ്പിന് ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഒരു വയോജന കോർഡിനേറ്ററിനെ പഞ്ചായത്ത് തലത്തിൽ നിയമിക്കേണ്ടത് ആവശ്യമാണ്. തുടർന്ന് പ്രാദേശിക തലത്തിലുള്ള ഏജൻസികളുമായും മറ്റ് വകുപ്പുകളുമായും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവർക്ക് സാധിക്കും.

പദ്ധതി ആസൂത്രണത്തിലും തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രക്രിയകളിലും പ്രായമായവരുടെ തന്നെ പങ്കാളിത്തം നിർണായകമാണ്. അധികാരികളുടെ തീരുമാനങ്ങൾ പിന്തുടരുന്നതിനേക്കാൾ വയോജനങ്ങളിൽ നിന്നുള്ള വിലയിരുത്തലുകളും അവരുടെ ആവശ്യങ്ങളും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം പദ്ധതികൾ. റിട്ടയർമെന്റ് ഡിവിഡന്റ് സംസ്ഥാനം ഉപയോഗപ്പെടുത്തണം. പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആരോഗ്യമുള്ള വിരമിച്ച ആളുകൾക്ക് വയോജന സ്ഥാപനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള ചുമതല നല്കണം. പ്രായമായവരുടെ അനുഭവസമ്പത്ത് യുവജനങ്ങൾക്ക് അവരുടെ ജോലിമേഖലകളിലെ പരിശീലനത്തിന് സഹായകരമായിരിക്കും.

representational image : wiki commons

വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ ഊന്നൽ നൽകേണ്ടതും പരിഗണിക്കേണ്ടതാണ്. പുതിയ സാങ്കേതിക വിദ്യകൾ ഇനിയും രൂപപ്പെട്ടേക്കാം. വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതിക ക്രമീകരണങ്ങൾ സംസ്ഥാനത്തെ പ്രാദേശിക തലങ്ങളിൽ പ്രായമായവർക്കും അവർക്ക് പരിചരണം നല്കുന്ന കെയർ ഹോമുകളിലും ഉപയോഗപ്പെടുത്താനാകും. എമർജൻസി അലാറം, ബെല്ലുകൾ, ഫാൾ അലേർട്ടുകൾ, എളുപ്പത്തിൽ ഉയർത്താവുന്ന ലിവർ പിടിപ്പിച്ച കിടക്കകൾ, സുഖമമായ ചലനത്തിനുതകുന്ന വീൽചെയറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ച് പരിചരണങ്ങൾ മെച്ചപ്പെടുത്താവുന്നതാണ്. അതുപോലെ മോഷൻ സെൻസറുകളും വോയ്‌സ് റെക്കോർഡ് ചെയ്ത റിമൈൻഡറുകളും ഉള്ള മെഡിസിൻ ഡിസ്‌പെൻസറുകൾ, സിസിടിവി, ട്രാക്കിംഗ് ഉപകരണങ്ങൾ, പതിവ് നിരീക്ഷിക്കുന്നതിനുള്ള ആപ്പ് അധിഷ്ഠിത പിന്തുണാ സംവിധാനങ്ങൾ മുതലായവ പ്രായമായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പരിചരണം നല്കുന്നവർക്കും സഹായകരമാകും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കീഴിലുള്ള സ്റ്റാർട്ട് അപ്പുകൾ വഴി സംസ്ഥാനം അത്തരം സാങ്കേതിക വിദ്യയുടെ വികസനത്തിനും സാമൂഹിക- സാമ്പത്തിക ഗ്രൂപ്പുകളിലുടനീളം സൗകര്യങ്ങൾ നടപ്പാക്കുന്നതിനും വേണ്ടി പരിശ്രമിക്കണം. സാങ്കേതിക പരിജ്ഞാനത്തിന്റെ പോരായ്മ പ്രായമായവരുടെ ഇടയിൽ നിന്ന് മാറ്റി അവരിലേയ്ക്കും സൗകര്യങ്ങൾ എത്തിക്കുന്നതിന് കോളേജ് തലത്തിലുള്ള വോളന്റിയേഴ്‌സിന്റെ സഹായം ലഭ്യമാക്കാവുന്നതാണ്.

മാനുഷിക വികസനത്തിൽ കേരളം നേടിയ വിജയത്തിന്റെ അനന്തരഫലമാണ് വയോജനങ്ങളുടെ എണ്ണത്തിലുള്ള ഉയർച്ച. ഈ രണ്ടാം തലമുറ പ്രശ്‌നം പരിഹരിക്കുന്നതിൽ പ്രാദേശിക സർക്കാരുകൾക്ക് വലിയ പങ്കുണ്ട്. വയോജനങ്ങൾക്കായി സംസ്ഥാന സർക്കാർ ഒരു പദ്ധതി ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. അതിന് മതിയായ ഫണ്ട് അനുവദിക്കേണ്ടതും അത്യാവശ്യമാണ്.

കുറിപ്പ്: കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് വേണ്ടി കൊച്ചിയിലെ സിഎസ്ഇഎസ് നടത്തിയ 'കേരളത്തിലെ വയോജനങ്ങൾക്കായുള്ള സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും വിലയിരുത്തൽ' എന്ന പഠനത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലേഖനം.

Leave a comment