കേരളത്തിന്റെ വാര്‍ദ്ധക്യത്തെക്കുറിച്ചുള്ള യൗവ്വനചിന്തകള്‍
PHOTO: WIKI COMMONS
കേരളം വൃദ്ധസമൂഹമായി മാറുന്നതിനെക്കുറിച്ചുള്ള ആകാംക്ഷകളും, ഉത്‌ക്കണ്‌ഠകളും അക്കാദമികതലങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന വിഷയമല്ലാതായി മാറിയിരിക്കുന്നു. സാമൂഹ്യ-മാനവശേഷി മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെപ്പറ്റി പതിവായി കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍ക്കൊപ്പം മലയാളികളുടെ പ്രായത്തില്‍ സംഭവിച്ച/സംഭവിക്കുന്ന മാറ്റങ്ങളും അതിന്റെ ഭവിഷ്യത്തുകളും പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും ചര്‍ച്ചയായി മാറുന്ന സാഹചര്യം ഇപ്പോള്‍ സംജാതമായിരിക്കുന്നു. ജനസംഖ്യ മാറ്റത്തിന് (ഡെമോഗ്രാഫിക് ട്രാന്‍സിഷന്‍) കേരളം വിധേയമായെന്ന വിലയിരുത്തലുകള്‍ അതിന്റെ ഭാഗമാണ്. എന്താണ് ജനസംഖ്യ മാറ്റം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ജനന-മരണ നിരക്കുകളില്‍ സംഭവിക്കുന്ന കുറവ്. അതിന്റെ ഫലമായി ജനസംഖ്യയിലെ വിവിധ പ്രായത്തിലുള്ള വ്യക്തികള്‍ തമ്മിലുള്ള ആരോഗ്യപരമായ അനുപാതങ്ങളില്‍ സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍. ഒറ്റനോട്ടത്തില്‍ അവയെല്ലാം സുഭഗമായ ഒരു പ്രക്രിയായി സാധാരണഗതിയില്‍ തോന്നുമെങ്കിലും വാസ്‌തവം അതല്ല. ജനസംഖ്യാ മാറ്റത്തിന്റെ അറിയപ്പെടുന്ന എല്ലാ മാനദണ്ഡങ്ങളും ഏതായാലും കേരളത്തിന്റെ കാര്യത്തില്‍ പ്രസക്തമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനന-മരണങ്ങള്‍ തമ്മിലുള്ള അനുപാതത്തിലെ അന്തരം, പ്രത്യുല്‍പ്പാദന നിരക്കിലെ കുറവ് (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്), സജീവ തൊഴില്‍ പ്രായത്തിലുള്ളവരേക്കാള്‍ 60-നു മേല്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ വരുന്ന വര്‍ദ്ധന തുടങ്ങിയ ഏതു മാനദണ്ഡമെടുത്താലും കേരളം വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ജനന-മരണ നിരക്കുകളിലെ അനുപാതം ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റുമായി (ടിഎഫ്‌ആര്‍) ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യുല്‍പ്പാദന പ്രായത്തില്‍ (15-55 വയസ്സ്) സ്‌ത്രീകള്‍ ശരാശരി 2.0 കുട്ടികള്‍ക്കെങ്കിലും ജന്മം നല്‍കുന്നതിലൂടെയാണ് ഒരു തലമുറയില്‍ നിന്നും അടുത്തതിലേക്കുള്ള തലമുറ മാറ്റം സംഭവിക്കുകയെന്നു കണക്കാക്കപ്പെടുന്നു. തലമുറ മാറ്റത്തിനു വേണ്ടിയുള്ള ഈ മിനിമം പരിധി റീപ്ലേസ്‌മെന്റ് ലെവല്‍ എന്നറിയപ്പെടുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ (എന്‍എഫ്‌എച്ച്‌എസ്സ്) 2019-21 ലെ കണക്കനുസരിച്ച് കേരളത്തിലെ ടിഎഫ്‌ആര്‍ ശരാശരി 1.8 ആണ്. അതായത് റിപ്ലേസ്‌മെന്റ് പരിധിയില്‍ നിന്നും വളരെ താഴെയാണെന്നര്‍ത്ഥം.
ജനസംഖ്യ മാറ്റവുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ വളരെ പ്രധാനമായ കണക്കാക്കപ്പെടുന്ന മറ്റൊരു വിഷയമാണ് സജീവ തൊഴില്‍ പ്രായത്തിലുള്ളവരുടെ (ആക്ടീവ് വര്‍ക്കിംഗ് ഏജ്) എണ്ണം. ഇന്ത്യയിലെ നിലവിലുള്ള മാനദണ്ഡമനസരിച്ച് 15-59 വരെയാണ് സജീവ തൊഴില്‍ പ്രായം. ചില വിദേശരാജ്യങ്ങളില്‍ 18-65 വരെ സജീവ തൊഴില്‍ പ്രായമായി കണക്കാക്കപ്പെടുന്നു. സജീവ തൊഴില്‍ പ്രായത്തിലുള്ളവരുടെ എണ്ണം കുറയുകയും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുടെ എണ്ണം കൂടുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ വ്യാപകമായി കാണാനാവുന്നു. അതില്‍ തന്നെ 20-34 പ്രായത്തിലുള്ള താരതമ്യേന കൂടുതല്‍ ചെറുപ്പക്കാരുടെ എണ്ണത്തില്‍ 1991-2011 കാലഘട്ടത്തില്‍ ഗണ്യമായ കുറവു സംഭവിച്ചതായി ഡോ. ബൈഷാലി ഗോസ്വാമി ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2011-നു ശേഷമുള്ള കഴിഞ്ഞ ഒരു ദശകക്കാലത്തിനുള്ളില്‍ ഈ പ്രക്രിയ കൂടുതല്‍ വേഗത കൈവരിച്ചതല്ലാതെ കുറഞ്ഞതായി കണക്കാക്കുവാന്‍ ആവില്ലെന്നു വ്യക്തമാണ്. ജനസംഖ്യ മാറ്റം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌ക്കാരിക മേഖലകളില്‍ ഏതു തരത്തിലുളള ഭവിഷ്യത്തുകള്‍ക്കാണ് വഴിയൊരുക്കുക. കേരളത്തില്‍ സംഭവിക്കുന്നതിന് സമാനമായ ജനസംഖ്യാപരമായ മാറ്റങ്ങള്‍ സംഭവിച്ച മറ്റു രാജ്യങ്ങളുടെ അനുഭവങ്ങള്‍ എന്താണ്. ഏതു തരത്തിലുള്ള താരതമ്യമാണ് കേരളവും ഈ നാടുകളുമായി സാധ്യമാവുക. പ്രായമായവരുടെ എണ്ണം കൂടുന്ന പ്രവണത കേരളത്തിന്റെ മാത്രം പ്രത്യേകതയല്ല. ലോകാരോഗ്യ സംഘടനയുടെ അനുമാനങ്ങള്‍ പ്രകാരം 2015-നും 2050-നുമിടയിലുള്ള 35 വര്‍ഷക്കാലയളവില്‍ 60 വയസ്സു കഴിഞ്ഞവര്‍ ലോകജനസംഖ്യയുടെ 12 ശതമാനത്തില്‍ നിന്നും 22 ശതമാനമായി ഉയരുന്നതാണ്. 60 വയസ്സു കഴിഞ്ഞവര്‍ 2011-ല്‍ തന്നെ ജനസംഖ്യയുടെ 13 ശതമാനത്തിലെത്തിയ കേരളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അവരുടെ പങ്ക് വീണ്ടും ഗണ്യമായി ഉയര്‍ന്നിരിക്കാനാണ് സാധ്യത.
വികസനത്തിന്റെ കേരളമാതൃകയുമായി ഏറെ സമാനതകള്‍ ജനസംഖ്യ മാറ്റവുമായി ബന്ധപ്പെട്ട കേരളത്തിന്റെ അനുഭവത്തിലും കണ്ടെത്താനാവും. ജനസംഖ്യ മാറ്റത്തിന് വിധേയമായ മറ്റുള്ള രാജ്യങ്ങളില്‍ വ്യവസായ മുതലാളിത്തത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന സാമ്പത്തിക വളര്‍ച്ചയും അതുമായി ബന്ധപ്പെട്ടുണ്ടായ സാമൂഹ്യമാറ്റങ്ങളുമാണ് ജനസംഖ്യയുടെ കാര്യത്തില്‍ സംഭവിച്ച മാറ്റങ്ങളുടെ കാരണം. കേരളത്തിന്റെ കാര്യത്തില്‍ അത്തരമൊരു പ്രക്രിയ കാണാനാവില്ല. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ കാതലായ നേട്ടങ്ങളൊന്നും രേഖപ്പെടുത്താതെ സാമൂഹ്യ-മാനവശേഷി മേഖലകളില്‍ കൈവരിച്ച കേരള മാതൃകയുടെ മുന്നേറ്റങ്ങളുടെ പട്ടികയിലെ സുപ്രധാന ഇനങ്ങളിലൊന്നായി ജനസംഖ്യ മാറ്റത്തെയും കാണാവുന്നതാണ്. കേരളമാതൃക വികസനവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ് ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടം. കുടുംബാസൂത്രണത്തില്‍ കൈവരിച്ച വിജയം ആരോഗ്യ മേഖലയിലെ നേട്ടങ്ങളുടെ കാര്യത്തില്‍ സുപ്രധാനഘടകമാണ്. ജനന നിരക്കിലുണ്ടായ കുറവുമായി പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണ് ശിശു മരണനിരക്കിലുണ്ടായ കുറവും മാതൃ--ശിശു ആരോഗ്യ പരിപാലനത്തിലുണ്ടായ മുന്നേറ്റങ്ങളും.
ആരോഗ്യ പരിപാലനത്തിലുണ്ടായ വളര്‍ച്ചയുടെ മറ്റൊരു ഫലമാണ് ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം. ആയുര്‍ദൈര്‍ഘ്യം ഇന്ത്യയില്‍ ദേശീയതലത്തില്‍ 69 വയസ്സായിരിക്കുമ്പോള്‍ കേരളത്തില്‍ 75 വയസ്സാണ്. 70-80 വയസ്സു കഴിഞ്ഞവരുടെ എണ്ണം കേരളത്തില്‍ കൂടുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളും ഇപ്പോള്‍ ലഭ്യമാണ്. ഇന്ത്യയിലെ പ്രായമാവുന്നവരെക്കുറിച്ചുള്ള 2017-ലെ ഒരു പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മൂന്നു കാര്യങ്ങള്‍ കേരളത്തിന്റെ കാര്യത്തിലും പ്രകടമാണ്. പ്രായമായവരില്‍ സ്‌ത്രീകളെ കൂടുതലായി കാണാനാവുന്നു എന്നതാണ് ഒരു പ്രധാന നിരീക്ഷണം. അവരില്‍ നല്ലൊരു പങ്കും ജീവിതപങ്കാളികള്‍ ഇല്ലാത്തവരുമാണ്. മൊത്തം ജനസംഖ്യയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്‌ത്രീകളുള്ള കേരളത്തില്‍ ഈ വിഷയം കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു. ഗ്രാമ-നഗര വ്യത്യാസം പ്രായമായവരുടെ കാര്യത്തിലും പ്രതിഫലിക്കുവാൻ തുടങ്ങിയതും ശ്രദ്ധയര്‍ഹിക്കുന്ന വിഷയമാണ്. കേരളത്തേക്കാള്‍ ഒരു പക്ഷെ ഇക്കാര്യം കൂടുതല്‍ ബാധിക്കുക മറ്റുള്ള സംസ്ഥാനങ്ങളെയാകും. ചെറുപ്പക്കാര്‍ തൊഴിലിനായി അന്യനാടുകളിലേക്കു പോകുന്നതാണ് വാര്‍ദ്ധക്യത്തെ കാര്യമായി ബാധിക്കാനിടയുള്ള മൂന്നാമത്തെ വിഷയം. പ്രവാസം ജീവിതത്തിന്റെ മുഖമുദ്രയായ കേരളത്തില്‍ ഇപ്പോള്‍ തന്നെ അതൊരു സാമൂഹ്യവിഷയമായി മാറിയിരിക്കുന്നു. വൃദ്ധസദനങ്ങളെക്കുറിച്ചുള്ള പരിദേവനങ്ങളില്‍ മാത്രമായി ഈ വിഷയം ചുരുക്കാനാവില്ല.
സാമ്പത്തികവും, സാമൂഹ്യവും, സാംസ്‌ക്കാരികവും വൈയക്തികവുമായ പ്രത്യാഘാതങ്ങള്‍ നിറഞ്ഞ ജനസംഖ്യ മാറ്റങ്ങള്‍ ഗൗരവമായ പഠനങ്ങളും സാമൂഹ്യ ഇടപെടലുകളും അര്‍ഹിക്കുന്നു. ഭരണ സംവിധാനത്തിന്റെയും, പൊതുസമൂഹത്തിന്റെയും, വ്യക്തികളുടെയും ഭാഗത്തു നിന്നുള്ള സമഗ്രമായ ഇടപെടലുകള്‍ ആവശ്യപ്പെടുന്ന വിഷയമെന്ന നിലയില്‍ വൈവിധ്യങ്ങളായ വീക്ഷണങ്ങളും പരിപ്രേക്ഷ്യങ്ങളും ഈ വിഷയത്തില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ മലബാര്‍ ജേര്‍ണല്‍ പ്രധാന തീമായി ജനസംഖ്യ മാറ്റം അവതരിപ്പിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്‌ധരോടൊപ്പം മലബാര്‍ ജേര്‍ണലിന്റെ ലേഖകരും പങ്കുചേരുന്നു.