TMJ
searchnav-menu
post-thumbnail

Education

ഉന്നതമല്ലാതാവുന്ന ഉന്നത വിദ്യാഭ്യാസം

15 Mar 2023   |   5 min Read
കെ പി സേതുനാഥ്

ന്ത്യയിലും കേരളത്തിലും സമീപകാലഘട്ടത്തില്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഉന്നത വിദ്യാഭ്യാസം. വിദേശത്തു നിന്നുള്ള സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളുടെ കരട് രേഖ യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ ജനുവരിയില്‍ പുറത്തിറക്കിയതും 2020 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയവുമാണ് ദേശീയതലത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ പ്രേരണ. ദേശീയതലത്തിലെ ചര്‍ച്ചകളുടെ അനുരണനങ്ങള്‍ കേരളത്തിലും കാണാനാവുമെങ്കിലും ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള സംസ്ഥാനത്തെ ചര്‍ച്ചകളുടെ അടിയന്തര പ്രേരണ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള ഉത്ക്കണ്ഠകളാണ്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ യൂണിവേഴ്‌സിറ്റി ഭരണവുമായി ബന്ധപ്പെട്ടുള്ള അധികാരത്തര്‍ക്കങ്ങള്‍, മതിയായ യോഗ്യതയില്ലാത്ത അദ്ധ്യാപക നിയമനം, താഴ്ന്ന ഗുണനിലവാരം, നിലവാരമില്ലാത്ത ഗവേഷണം, കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളേയും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളേയും കൂടുതല്‍ കൂടുതലായി ആശ്രയിക്കുക തുടങ്ങിയവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഗൗരവമായ സംവാദങ്ങളും, പരിശോധനകളും ആവശ്യമായ ഒന്നായി ഇന്ത്യയിലും, കേരളത്തിലും ഉന്നത വിദ്യാഭ്യാസ മേഖല മാറിയതിന്റെ തെളിവുകളായി ഈ ചര്‍ച്ചകളെ കണക്കാക്കാവുന്നതാണ്.

വൈജ്ഞാനികവും, സാംസ്‌ക്കാരികവുമായ വികാസത്തിന്റെയും, വളര്‍ച്ചയുടെയും അടയാളമായി പുരാതനകാലം മുതല്‍ കണക്കാക്കപ്പെടുന്ന ഒന്നാണ് ഉന്നത വിദ്യാഭ്യാസം. രാഷ്ട്രീയവും, സാമ്പത്തികവും, സാമൂഹികവുമായ അധിനായകത്വങ്ങളുടെ രൂപീകരണത്തിലും, നിലനില്‍പ്പിലും നിര്‍ണ്ണായക പ്രേരണയാവുന്നതിനൊപ്പം വിധ്വംസകങ്ങളായ ചിന്തകളുടെയും, ആശയങ്ങളുടെയും, കലാപങ്ങളുടെയും ഇടങ്ങള്‍ കൂടിയെന്ന നിലയിലാണ് വിജ്ഞാന വിനിമയ സ്ഥാപനങ്ങളുടെ അസ്തിത്വം. യാഥാസ്ഥിതകവും പുരോഗമനപരവുമായ ആശയങ്ങളും, ചിന്തകളും ഒരേ സമയം കെട്ടുപിണയുന്ന ഒന്നാണ് ജ്ഞാനത്തിന്റെ പ്രപഞ്ചം. അധികാരത്തിന്റെയും മോചനത്തിന്റെയും സാധ്യതകള്‍ ഒരുപോലെ പ്രലോഭനീയമായി പ്രത്യക്ഷപ്പെടുന്ന ഒരിടം. ദൈവ-മത പാഠശാലകള്‍ മുതല്‍ ആധുനിക സര്‍വ്വകലാശാലകള്‍ വരെയുള്ളവയുടെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള ദ്വിമുഖ സാധ്യതകളുടെ സാക്ഷ്യപ്പെടുത്തലുകള്‍ കാണാനാവും. വിജ്ഞാനത്തിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നതിനൊപ്പം ജ്ഞാനസമ്പാദനത്തെക്കുറിച്ചുള്ള വീക്ഷണങ്ങളിലും, രീതികളിലും, സൗകര്യങ്ങളിലും പുതിയ മാനങ്ങള്‍ രൂപപ്പെടുന്നതും അതിന്റെ ഭാഗമാണ്. സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലയെന്ന നിലയിലാണ് ഉന്നത വിദ്യാഭ്യസവുമായി ബന്ധപ്പെട്ട് ദേശീയതലത്തിലും കേരളത്തിലും ഇപ്പോള്‍ നടക്കുന്ന സംവാദങ്ങളെ വിലയിരുത്തുകയാണ് ഈ വിഷയത്തെ മുഖ്യപ്രമേയമായി ഏറ്റെടുക്കുന്നതിന്റെ ലക്ഷ്യം.ആഗോളതലത്തിലും, ഇന്ത്യയിലും, കേരളത്തിലും ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിയ്ക്കുന്ന വിഷയങ്ങളില്‍ സമാനതകള്‍ ഉണ്ടെങ്കിലും ഈ പ്രദേശങ്ങളില്‍ പ്രകടമായും ദൃശ്യമാവുന്ന സവിശേഷതകളും സുപ്രധാനമാണ്. ഇന്ത്യയിലെ സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലുമെന്ന പോലെ വിദ്യാഭ്യാസത്തിന്റെ മേഖലയും കൊളോണിയല്‍ അധിനിവേശത്തിന്റെ സ്വാധീനങ്ങളില്‍ നിന്നും മുക്തമല്ല. ഉന്നത വിദ്യാഭ്യാസമടക്കം നമ്മള്‍ ഇപ്പോള്‍ തിരിച്ചറിയപ്പെടുന്ന തരത്തിലുള്ള ആധുനിക വിദ്യാഭ്യാസം കൊളോണിയല്‍ ഭരണസംവിധാനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞതാണ്. പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍ ആധിപത്യം അവസാനിച്ചുവെങ്കിലും കൊളോണിയല്‍ സംവിധാനത്തില്‍ വളര്‍ന്നു പക്വത നേടിയ സമ്പ്രദായമാണ് ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുഖമുദ്ര. കൊളോണിയല്‍ ആധിപത്യവും അതിനേക്കാള്‍ വളരെ മുമ്പ് നിലനിന്നിരുന്ന ബ്രാഹ്മണ്യ-സവര്‍ണ്ണ അധീശത്വവും സവിശേഷമായ നിലയില്‍ സംഗമിക്കുന്ന ഒരിടമാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം. ഈയൊരു സംഗമത്തിന്റെ തിക്തഫലങ്ങള്‍ - സാമ്പത്തികവും, സാമൂഹ്യവുമായ വിവേചനങ്ങള്‍, അവസരനിഷേധം, പഠന വിഷയങ്ങളുടെ മുന്‍ഗണന ക്രമം, മതിയായ സൗകര്യങ്ങളുടെ അഭാവം - പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനുഭവപ്പെടുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ മേഖലയിലെ ഗുണനിലവാരത്തെയും മറ്റുള്ള സൗകര്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഈയൊരു പശ്ചാത്തലത്തിലാവണം ഉള്‍ക്കൊള്ളേണ്ടതെന്നു പൊതുവെ കരുതപ്പെടുന്നു. അതേസമയം കൊളോണിയല്‍ സ്വാധീനത്തെ വിമര്‍ശനവിധേയമാക്കുന്നവെന്ന പേരില്‍ പ്രത്യക്ഷപ്പെടുന്ന എല്ല സമീപനങ്ങളെയും ഒരേ നിലയില്‍ പരിഗണിക്കാനാവില്ലെന്ന കാര്യവും സുപ്രധാനമാണ്. കൊളോണിയല്‍ അല്ലെങ്കില്‍ പാശ്ചാത്യമായ ജ്ഞാനസിദ്ധാന്തങ്ങളെ മറികടക്കുന്നുവെന്ന വ്യാജേന അറുപിന്തിരിപ്പനായ ആശയങ്ങളും കാഴ്ച്ചപ്പാടുകളും മുന്നോട്ടുവയ്ക്കുന്ന തല്‍പ്പരകക്ഷികള്‍ അക്കാദമികവൃത്തങ്ങളില്‍ മാത്രമല്ല മൊത്തം പൊതുമണ്ഡലത്തില്‍ സുലഭമാമാവുന്ന പ്രക്രിയയെ മനസ്സിലാക്കലും വളരെ പ്രധാനമാണ്. ഒരു വിഷയം പഠിക്കുന്നതിനും, പഠിപ്പിക്കുന്നതിനും സാര്‍വലൗകികമായി അംഗീകരിക്കപ്പെടുന്ന മാനദണ്ഡങ്ങളെ നോക്കുകുത്തിയാക്കുന്ന തരത്തില്‍ വളര്‍ന്നു വരുന്ന ഈ പ്രവണത ജ്ഞാനസമ്പാദനമെന്ന വ്യവഹാരത്തെ തന്നെ ഇല്ലാതാക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. അടിമക്കച്ചവടത്തിന്റെ നിഷ്ഠൂരമായ ചരിത്രവും, വര്‍ണ്ണ-വംശവെറികളും പാഠപുസ്തകങ്ങളില്‍ മാത്രമല്ല അത്തരം പരാമര്‍ശങ്ങളടങ്ങിയ പുസ്തകങ്ങള്‍ വായനശാലകളുടെ ശേഖരത്തില്‍ നിന്നും ഒഴിവാക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ അമേരിക്കയില്‍ ഇപ്പോള്‍ ഏതാണ്ട് സ്ഥിരം വാര്‍ത്തയാവുന്ന സാഹചര്യമാണ്. ബ്രാഹ്മണ്യ-സവര്‍ണ്ണ അധീശത്വത്തിന്റെ കെടുതികള്‍ ഇന്ത്യയിലെ സാമൂഹ്യ ജീവിതത്തെ കാലങ്ങളായി മുരടിപ്പിച്ചതിനെയും വിവിധ ശ്രേണികളിലുള്ള കീഴാള ജനതയുടെ ചെറുത്തുനില്‍പ്പുകളെയും പറ്റിയുള്ള പഠനങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാനമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യങ്ങളും അടിയന്തിരമായ ശ്രദ്ധ ആവശ്യപ്പെടുന്ന മേഖലയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ യാഥാസ്ഥിതികമായ വീക്ഷണങ്ങളും, കാഴ്ച്ചപ്പാടുകളും ഭരണകൂട സംവിധാനങ്ങളുടെ പിന്തുണയോടെ നടപ്പിലാക്കുന്ന പ്രക്രിയ ആഗോളതലത്തിലല്‍ തന്നെ അരങ്ങേറുന്ന സാഹചര്യം ശക്തമായി നിലനില്‍ക്കുന്നു. പെഡഗോഗി അഥവ ബോധനശാസ്ത്രമെന്ന നിലയില്‍ തന്നെ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചിന്തകള്‍ ഇപ്പോള്‍ സജീവമാണ്.        

സമൂഹത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയോടൊപ്പം വ്യക്തിപരമായ അഭിവൃത്തിയുടെ കാര്യത്തിലും ഉന്നത വിദ്യാഭ്യാസം നിര്‍ണ്ണായക പങ്കുവഹിക്കുന്നുവെന്ന കാര്യം അവിതര്‍ക്കിതമാണ്. ഒരു പ്രത്യേക വിഷയത്തില്‍ ഏറ്റവും ആഴത്തിലുള്ള വിജ്ഞാനം കൈവരിക്കുന്നതിനായുള്ള ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം അത്തരത്തിലുള്ള സമര്‍പ്പിത വ്യക്തികളുടെ ഭൗതികമായ അഭിവൃത്തിയും (മെച്ചപ്പെട്ട വരുമാനം, ജീവിത നിലവാരം) ഉറപ്പാക്കുന്ന അവസ്ഥയിലാണ് ഉന്നത വിദ്യാഭ്യാസം സാര്‍ത്ഥകമാവുക. ഇന്ത്യയില്‍ മാത്രമല്ല, ലോകമാകെ അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നില്ലെന്നു മാത്രമല്ല മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന സൗകര്യങ്ങള്‍ പലതും ഇപ്പോള്‍ ഇല്ലാതായിരുക്കുന്നു. 1980 കളോടെ ആഗോളതലത്തില്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നല്‍കിയിരുന്ന സര്‍ക്കാര്‍ ധനസഹായം ഗണ്യമായി വെട്ടിക്കുറച്ചതോടെയാണ് ഇപ്പോഴത്തെ നിഷേധ പ്രവണതകളുടെ തുടക്കമെന്നു കരുതപ്പെടുന്നു. തുടക്കത്തില്‍ അമേരിക്കയിലും, ബ്രിട്ടനിലും പ്രത്യക്ഷപ്പെട്ട ഈ പ്രവണതകള്‍ ഇപ്പോള്‍ ഏറിയും, കുറഞ്ഞും ലോകമാകെ വ്യാപകമാണ്. അധ്യാപനം, ഗവേഷണം, ചില പ്രത്യേക വിഷയങ്ങളുടെ തമസ്‌ക്കരണം തുടങ്ങിയ പല നിഷേധ പ്രവണതകളും അതിന്റെ ഭാഗമാണ്. പൊതുവായ സാമൂഹ്യ അഭിവൃത്തിയുടെ ആവശ്യമെന്ന നിലയില്‍ നിന്നും ലാഭകരമായ ബിസിനസ്സായി വിദ്യാഭ്യാസത്തെ പുനര്‍നിര്‍വചനം ചെയ്യുന്ന പ്രവണത വിദ്യാഭ്യാസവുമായി നയരൂപീകരണത്തിന്റെ ഭാഗമായി മാറി. സര്‍ക്കാരില്‍ നിന്നുള്ള സഹായം ദുര്‍ലഭമായതോടെ സ്വകാര്യ മൂലധനത്തെ ആശ്രയിക്കുകയല്ലാതെ നിവര്‍ത്തിയില്ലെന്ന സാഹചര്യം സംജാതമായി. സ്വകാര്യ സര്‍വ്വകലാശാലകളും, കോളേജുകളും ഇതോടെ ലോകമാകെ വ്യാപകമായി. കോര്‍പ്പറേറ്റ് യൂണിവേഴ്‌സിറ്റികള്‍ എന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ യു ജി സിയുടെ പട്ടികയിലുള്ള 817 യൂണിവേഴ്‌സിറ്റികളില്‍ ഏതാണ്ട് പകുതിയോളം സ്വകാര്യ മേഖലയുടെ സംഭാവനയാണ്. സ്വകാര്യ മേഖലയുടെ വരവ് സര്‍വ്വകലാശാല വിദ്യാഭ്യസത്തെ ഏതെല്ലാം തരത്തിലാണ് ബാധിക്കുന്നതെന്ന് ആഗോളതലത്തിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവ മെച്ചമെന്നും, സ്വകാര്യമേഖല മോശമെന്നുമുള്ള ബൈനറിയില്‍ മാത്രമായി ഈ വിഷയത്തെ ചുരുക്കാനാവില്ല.വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെയും ഈയൊരു പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. ഇന്ത്യയില്‍ നിന്നും 2022 ല്‍ ഏഴര ലക്ഷത്തിലധികം കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുത്തതായി വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ അടുത്ത കാലത്ത് പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി 28 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ചെലവഴിക്കുന്നതായി പ്രൊഫസര്‍ മിലിന്‍ഡ് സൊഹോനി ഒരു ലേഖനത്തില്‍ പറയുന്നു. അതില്‍ 6 ബില്യണ്‍ ഡോളര്‍ അതായത് 45,000 കോടി രൂപ ഫീസ് മാത്രമാണ്. 10 പുതിയ ഐഐടികള്‍ അല്ലെങ്കില്‍ ജെഎന്‍യുകള്‍ സ്ഥാപിക്കുന്നതിന് മതിയായ തുകയാണ് ഇതെന്നും അദ്ദേഹം വിലയിരുത്തുന്നു. ഐഐടികള്‍ സ്ഥാപിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. 18,800 വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുമെന്ന അവകാശവാദത്തോടെ യുപിഎ സര്‍ക്കാര്‍ 2004-09 കാലയളവില്‍ സ്ഥാപിച്ച 8 പുതിയ ഐഐടി-കളില്‍ 67 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നതായി 2014-19 വരെയുള്ള കാലയളവിനെ കേന്ദ്രീകരിച്ചുള്ള സിഎജി അവലോകനത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങള്‍ ഉപരിപഠനത്തിനായി തെരഞ്ഞെടുക്കുന്നതിന് പ്രേരകമായ ഘടകങ്ങളെ സമഗ്രമായി മനസ്സിലാക്കാതെയുള്ള വിലയിരുത്തലുകളും, നയരൂപീകരണങ്ങളുമാണ് പലപ്പോഴും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ വിദേശത്തു പോവുന്നതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ സംവദാങ്ങളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ പഠിക്കാനായി പോകുന്നത് കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ മാത്രമാണെന്നു തോന്നിയാല്‍ അത്ഭുതമുണ്ടാവില്ലെന്ന അവസ്ഥയാണ്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ സര്‍വ്വകലാശാലകളുടെ ഗുണനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ വ്യാപകമായതായി സംശയിക്കപ്പെടുന്നു. പ്രകടമായ രാഷ്ട്രീയ ചായ്‌വുകള്‍ പുലര്‍ത്തുന്ന വ്യക്തികളെ സര്‍വ്വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്ന സമീപനം വ്യാപകമായതായി കരുതപ്പെടുന്നു. സര്‍വ്വകലാശാലകളില്‍ സ്വതന്ത്രവും, നിര്‍ഭയവുമായ നിലയിലുള്ള സംവാദങ്ങളും, ചര്‍ച്ചകളും പൂര്‍ണ്ണമായും ഇല്ലാതാവുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നതാണ് മറ്റൊരു വ്യാകുലത. ഇപ്പോഴത്തെ ഭരണകക്ഷിയുടെ ആശയങ്ങളെ വിമര്‍ശിക്കുന്നവരെ മുഴുവന്‍ ദേശവിരുദ്ധരായി മുദ്ര കുത്തുക മാത്രമല്ല കായികമായി ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്ന സാഹചര്യം നിലനില്‍ക്കുന്നു. വ്യതസ്തങ്ങളായ വീക്ഷണങ്ങളും, ചിന്താഗതികളും, അഭിപ്രായങ്ങളും സ്വതന്ത്രമായി രേഖപ്പെടുത്താനും അത്തരം സമീപനങ്ങള്‍ പഠനത്തിന്റെയും, അധ്യാപനത്തിന്റെയും, ഗവേഷണത്തിന്റെയും അവിഭാജ്യഘടകമായി പരിഗണിക്കുന്നതിന് പകരം സര്‍വ്വകലാശാല ക്യാമ്പസ്സുകളെ ഭീതിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുന്നതും അവഗണിക്കാവുന്നതല്ല.


മെറിറ്റിന്റെ പേരില്‍ ദളിത്-ആദിവാസി, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവകാശപ്പെട്ട സംവരണത്തെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുന്ന നടപടികളും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരങ്ങേറുന്നതായി വീക്ഷണങ്ങള്‍ ഇപ്പോള്‍ പ്രബലമാണ്. സംവരണാടിസ്ഥാനത്തിലുള്ള സീറ്റുകള്‍ ഒഴിച്ചിടുക, സംവരണ സമുദായങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ്സിലെ ജീവിതം ദുസ്സഹമാക്കുക തുടങ്ങിയ നിരവധി ഗൂഢതന്ത്രങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യാപകമായി നിലനില്‍ക്കുന്നതായി കരുതപ്പെടുന്നു. കേരളത്തിലെ ക്യാമ്പസ്സുകളും ഇത്തരം വിവേചനങ്ങളില്‍ നിന്നും മുക്തമല്ലെന്ന വിലയിരുത്തലുകളും കുറവല്ല.കേരളത്തിലെ സര്‍വ്വകലാശാലകളുടെ തുച്ഛമായ സാമ്പത്തിക പിന്‍ബലം, കക്ഷി രാഷ്ട്രീയത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ സംവിധാനങ്ങള്‍, സമുദായവും, സ്വകാര്യ മൂലധനവുമായി  ചേര്‍ന്ന കെട്ടുപാടുകള്‍, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന കോളേജുകളില്‍ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളില്‍ നിലനില്‍ക്കുന്ന വ്യാപകമായ കോഴ, സര്‍വ്വകലാശാലകളിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, കേരളത്തിലെ ഗവേഷണ മേഖലയിലെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍, രാഷ്ട്രീയക്കാരുടെ അടുത്ത ബന്ധുക്കളുമായി ബന്ധപ്പെട്ട വിവാദ നിയമനങ്ങള്‍, അര്‍ഹതയുള്ളവരെ ബോധപൂര്‍വ്വം ഒഴിവാക്കല്‍ തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത തെറ്റുകുറ്റങ്ങളുടെ വേദിയായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മാറിയെന്ന വ്യാകുലതകളെ ഏതുവിധത്തിലാണ് ഉള്‍ക്കൊള്ളാനാവുക. അക്കാദമികമായ മികവും, മേന്മയും ഉറപ്പാക്കുന്ന തരത്തില്‍ പാഠ്യപദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കുന്നതിലും, മാറ്റുന്നതിലുമുള്ള കാലതാമസം, സാങ്കേതിക വിദ്യകളില്‍ വന്ന വിപ്ലവകരമായ മാറ്റങ്ങളെ അധ്യാപനത്തിനും, ഗവേഷണങ്ങള്‍ക്കും സക്രിയമായി ഉപയോഗപ്പെടുത്തുന്നതിനുള്ള വൈമുഖ്യം, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ കോഴ്‌സുകളുടെ അഭാവം തുടങ്ങിയവയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ദൗര്‍ബല്യങ്ങളുടെ പട്ടികയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളാണ്.

ക്യാമ്പസ്സുകളിലെ ലൈംഗിക ചൂഷണം, പുരുഷമേധാവിത്തം, ലൈംഗിക ന്യൂനപക്ഷങ്ങളും, ഭിന്നശേഷിക്കാരും നേരിടുന്ന വിവേചനങ്ങള്‍ തുടങ്ങിയവ ദേശീയ തലത്തിലും, കേരളത്തിലും കാണാവുന്നതാണ്. ലൈബ്രറി സൗകര്യം, അന്താരാഷ്ട്ര നിലവാരമുള്ള ജേര്‍ണലുകളുടെ ലഭ്യത തുടങ്ങിയവയും ഗൗരവമായ പരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളാണ്. കേരളത്തിലെ പരിമിതമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഈ പരിമതികള്‍ക്കുള്ളിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി അന്താരാഷ്ട്രതലത്തില്‍ ഉന്നതമെന്നു കരുതപ്പെടുന്ന അക്കാദമിക സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട അവസരങ്ങള്‍ സ്വായത്തമാക്കിയ മലയാളികള്‍ നിരവധിയാണ്. ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ മാത്രമല്ല എഞ്ചിനീയറിംഗ്  പോലുള്ള സാങ്കേതിക മേഖലകളിലും അവരുടെ സാന്നിദ്ധ്യം ഏറെയാണ്. സര്‍വ്വകലാശാലകളുടെ കോര്‍പ്പറേറ്റുവല്‍ക്കരണം, യാഥാസ്ഥിതിക ചിന്തകളുടെയും, വീക്ഷണങ്ങളുടെയും സ്വാധീനം, ഗുണനിലവാരം, വിദേശ സര്‍വ്വകലാശാലകളുടെ കടന്നു വരവിന്റെ പ്രത്യാഘാതങ്ങള്‍, സ്വകാര്യ സര്‍വ്വകലാശാലകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനാനുഭവങ്ങള്‍, ഇന്ത്യന്‍ ക്യാമ്പസ്സുകളിലെ ബ്രാഹ്മണ്യ-സവര്‍ണ്ണാധിപത്യങ്ങള്‍, ന്യൂനപക്ഷ വിരുദ്ധത, ആണ്‍മേധാവിത്തങ്ങള്‍, ചിന്താ നിയന്ത്രണങ്ങള്‍, കേരളം ഇതുവരെ ആര്‍ജ്ജിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിനും, അഭിവൃദ്ധിക്കുമായി പ്രയോജനപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങളായ വിഷയങ്ങളെ സമഗ്രമായ നിലയില്‍ കൈകാര്യം ചെയ്യുന്ന ലേഖനങ്ങളും, അഭിമുഖങ്ങളും, അഭിപ്രായങ്ങളുമാണ് ഞങ്ങള്‍ വിഭാവന ചെയ്യുന്നത്. പതിവുപോലെ എല്ലാവരുടേയും പിന്തുണയും, സഹകരണവും നിര്‍ല്ലോഭമുണ്ടാവുമെന്ന പ്രതീക്ഷിക്കുന്നു.


#Higher Education
Leave a comment