
മാലിന്യം: കൊച്ചിയും വികേന്ദ്രീകൃത രീതിയിലേക്ക്
ബ്രഹ്മപുരത്തെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് ചൂട് പിടിച്ചിരിക്കുകയാണ്. കേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജ്ജനം ഒഴിവാക്കി വികേന്ദ്രീകൃത രീതിയിലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി മുന്‍ ധനകാര്യ മന്ത്രി ടി എം തോമസ് ഐസക്കിനെ അധ്യക്ഷനാക്കി കൊച്ചി മാലിന്യ നിര്‍മ്മാര്‍ജ്ജന മിഷന് രൂപം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിനായി മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയിലെ വിദഗ്ദ്ധര്‍, ആരോഗ്യ വിദഗ്ദ്ധര്‍, ശുചിത്വ മിഷന് പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണവും ഉറപ്പാക്കും.
തിരുവനന്തപുരം, ആലപ്പുഴ നഗരങ്ങളില്‍ വിജയകരമായ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ നടപ്പാക്കിയത് തോമസ് ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു. മാലിന്യത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ തരം തിരിക്കുകയും, ജൈവ മാലിന്യത്തെ ഡമ്പിങ് യാര്‍ഡുകളിലേക്കു കൊണ്ടുപോകാതെ ഉറവിടങ്ങളില്‍ സംസ്കരിക്കുകയും ചെയ്യുന്ന രീതിയാണ് ഈ നഗരങ്ങളില്‍ പിന്തുടര്ന്നു പോരുന്നത്. പുനചംക്രമണം ചെയ്യാനാവുന്നവ അങ്ങനെയും, മറ്റു പ്ലാസ്റ്റിക്കുകള്‍ റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുകയും ചെയ്യും. ഈ മാതൃക, ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊച്ചിയില്‍ നടപ്പാക്കാനാണ് മിഷന് ലക്ഷ്യമിടുന്നത്.
അതേസമയം, ബ്രഹ്മപുരത്ത് ആളിപ്പടര്‍ന്ന തീയും പുകയും ഏതാണ്ട് മുഴുവനായും അണഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍, സംഭവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പുക അണയാന്‍ ഇനിയും സമയമെടുക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന് ചേരാന്‍ ഒരുങ്ങുകയാണ്. മേയര്‍ എം അനില്‍കുമാറിനെയും പ്രധാന ഭരണകക്ഷി പാര്‍ട്ടിയായ സിപിഎമ്മിനെയും പ്രതി സ്ഥാനത്തു നിര്‍ത്തിയുള്ള രാഷ്ട്രീയ ആക്രമണത്തിനാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ലക്ഷ്യമിടുന്നത്.
സ്വകാര്യ കമ്പനിക്കു നല്കിയ ബ്രഹ്മപുരത്തെ ബയോ മൈനിംഗ് കരാര്‍, ആരോഗ്യ സ്ഥിരം സമിതിയുടെ പ്രവര്‍ത്തനം എന്നിവയും തീപിടിച്ച ചര്‍ച്ചകളിലേക്കു നയിക്കാന്‍ സാധ്യതയുണ്ട്. അതേസമയം തീപിടുത്തത്തെ തുടര്‍ന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ബുധനാഴ്ച വരെ നീട്ടി. എന്നാല്‍, എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കൊച്ചി കോര്പ്പറേഷന്, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശ്ശേരി മുനിസിപ്പാലിറ്റികള്‍, വടവുകോട്-പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, എന്നീ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
നിലവില്‍ ബ്രഹ്മപുരത്തെ ചതുപ്പു പ്രദേശങ്ങളിലുള്ള മാലിന്യ കൂനകളില്‍ നിന്ന് ഉയരുന്ന പുകയാണ് അവശേഷിക്കുന്നത്. തിങ്കളാഴ്ചയോടെ ഇതും ശമിപ്പിക്കാനാവുമെന്നാണ് കരുതുന്നു്. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ വിവിധ ഷിഫ്റ്റുകളിലായി 24 മണിക്കൂറും ദുരന്ത നിവാരണം തുടരുന്നുമുണ്ട്. പുകയെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്നുമുതല്‍ മേഖലയില്‍ ലഭ്യമാകും. വീടുകളിലെത്തിയുള്ള ആരോഗ്യ പരിശോധന ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ശ്വാസ സംബന്ധമായ പ്രശനങ്ങളുള്ളവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിന് മേഖലയിലെ എല്ലാ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്ക് പ്രവര്‍ത്തനസജ്ജമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.