2024 മലയാളത്തിന്റെ സിനിമാ വര്‍ഷം
മലയാള സിനിമ വലുതാവണമെങ്കില്‍ തെലുങ്ക്, തമിഴ് മാസ് മസാല കച്ചവട സിനിമകളെ മാതൃകയാക്കി, അതിമാനുഷരായ നായകന്മാരെ ആഘോഷിക്കുന്ന 'പാന്‍ ഇന്ത്യന്‍' സിനിമകള്‍ ഇറക്കണം എന്ന് വാദിക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ കമല്‍ ഹാസന്‍ ഫിലിം കംപാനിയന്റെ റൗണ്ട് ടേബിളില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞത് മലയാള സിനിമ അതിന്റെ സ്വതസിദ്ധമായ ശൈലി ഉപേക്ഷിച്ച് തമിഴ്-തെലുങ്ക് കച്ചവടശൈലിയെ അനുകരിച്ച് തട്ടുപൊളിപ്പന്‍ കച്ചവട സിനിമകള്‍ തുടര്‍ച്ചയായി ഇറക്കിയ കാലമാണ് മലയാള സിനിമയുടെ ഇരുണ്ട യുഗം എന്നാണ്. താന്‍ ഉള്‍പ്പെടെ നിരവധി പേര്‍ സിനിമ പരിശീലിച്ചത് മലയാള സിനിമകള്‍ കണ്ടും, അവയില്‍ ഭാഗഭാക്കായും ആണെന്നും സാധാരണ മനുഷ്യജീവിതങ്ങളെ വരച്ചുകാട്ടുന്ന ആ ശൈലിയാണ് മലയാളസിനിമയെ രാജ്യത്തെത്തന്നെ ഏറ്റവും മികച്ച സിനിമയാക്കുന്നതും എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. 'നിര്‍മാല്യം' താന്‍ നാല് പ്രാവശ്യം കണ്ടു എന്നു പറഞ്ഞ കമല്‍ ഹാസന്‍ സബ്‌ടൈറ്റില്‍ ഇല്ലാതിരുന്ന കാലത്തും 'ചെമ്മീന്‍' കേരളത്തിന് പുറത്ത് നിറഞ്ഞോടിയിട്ടുണ്ട് എന്നും, അതായിരുന്നു യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ സിനിമ എന്നും മുന്‍പ് പറഞ്ഞിട്ടുണ്ട്.
2024- ന്റെ തുടക്കത്തില്‍ ഏറെ പ്രതീക്ഷകളോടെ എത്തിയ 'മലൈക്കോട്ടൈ വാലിബന്‍' ഒരു പരിധിവരെ നിരൂപക പ്രശംസ നേടിയെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ രണ്ടു ധ്രുവങ്ങളിലുള്ള അഭിപ്രായങ്ങള്‍ നേടുകയും, പ്രതീക്ഷിച്ച ബോക്‌സ് ഓഫീസ് വിജയം നേടാതിരിക്കുകയും ചെയ്തു. നമ്മുടെ സിനിമകളിലും നാടകങ്ങളിലും നിരവധി ഗാനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പ്രചോദനം ആയ ബാലെ എന്ന കലാരൂപം, വെസ്റ്റേണ്‍ സിനിമകള്‍, martial arts സിനിമകള്‍, ഷോലെ, സാംസണ്‍, നിരവധി തമിഴ് സിനിമകള്‍, പഴയകാല സിനിമകളിലെ മരംചുറ്റി പ്രേമം, കാനന ഛായയില്‍ ആടുമേക്കാന്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ തുടങ്ങിയവയ്ക്കും മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങള്‍ക്കും ഉള്ള tribute കൂടി ആയിരുന്നു ഈ സിനിമ. ചിത്രം OTT-യില്‍ എത്തിയശേഷവും പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയും ചെയ്യുന്നു.
ഫെബ്രുവരി മാസത്തിന്റെ ആരംഭത്തില്‍ ഗിരീഷ് എ.ഡി.യുടെ പ്രേമലു, ഡാര്‍വിന്‍ കുര്യാക്കോസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക പ്രശംസനേടി പ്രദര്‍ശനം തുടങ്ങി. പ്രേമലു ഓരോദിവസവും കളക്ഷന്‍ വര്‍ദ്ധിപ്പിച്ച് വമ്പന്‍ ഹിറ്റിലേക്ക് നീങ്ങുമ്പോള്‍ പിന്നീട് റിലീസായ രാഹുല്‍ സദാശിവന്റെ ഭ്രമയുഗവും, ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സും പ്രേക്ഷക പ്രശംസനേടി സമാനമായ ഹിറ്റിലേക്ക് നീങ്ങുകയാണ്.
മലൈക്കോട്ടൈ വാലിബന്‍ | PHOTO: YOUTUBE
മൂന്ന് സിനിമകളും സ്വന്തം genre-നോട് സത്യസന്ധത പുലര്‍ത്തുന്ന genre സിനിമകളാണ്. മൂന്ന് സിനിമകളുടെയും മറ്റൊരു പ്രത്യേകത ഇവയിലെ protagonist-കള്‍ തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളില്‍ നിന്നോ, അടിച്ചമര്‍ത്തപ്പെട്ട പശ്ചാത്തലത്തില്‍ നിന്നോ വരുന്നവരാണ് എന്നതാണ്. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണ്. പോലീസും, നാട്ടുകാരും, ഫയര്‍ ഫോഴ്‌സും ഒക്കെ കൈവിട്ടിട്ടും തങ്ങളുടെ കൂട്ടുകാരനെ പുറത്തെത്തിക്കാന്‍ ഭീകരമായ ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങുന്ന കുട്ടേട്ടനും, കുട്ടന്‍ ഇറങ്ങിയില്ലെങ്കില്‍ താന്‍ ഇറങ്ങും എന്നു പറയുന്ന സുധിയും, അവസാനം വരെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളും മഹത്തായ മാനവ സ്‌നേഹത്തിനും, സൗഹൃദത്തിനും പുറമേ അവര്‍ വരുന്ന തൊഴിലാളി വര്‍ഗ്ഗ സാഹചര്യങ്ങള്‍ മനുഷ്യജീവന് നല്‍കുന്ന വിലയുടെ കൂടി ദൃഷ്ടാന്തമാണ്.
റോം-കോം ആയ പ്രേമലുവിലെ നസ്ലന്‍ അവതരിപ്പിച്ച സച്ചിനും, ഫോക്ലോര്‍- ഹൊറര്‍ ആയ ഭ്രമയുഗത്തിലെ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച തേവനും തങ്ങള്‍ അകപ്പെട്ടുപോയ സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടാനും survive ചെയ്യാനുമുള്ള ശ്രമങ്ങളാണ് സിനിമയില്‍ ഉടനീളം കാണുന്നത്. പ്രേമലുവിന് മുന്‍പ് രോമാഞ്ചം മാത്രമാണ് ഐ.ടി. ബൂമിന് ശേഷവും ബാംഗ്ലൂര്‍, ഹൈദരാബാദ് പോലെയുള്ള ഐ.ടി. സിറ്റികളില്‍ അങ്ങനെ മലയാള സിനിമ അടയാളപ്പെടുത്താതെ പോയ, പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മലയാളി യുവത്വത്തെ കുറേയെങ്കിലും സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ളത്. ഈ രണ്ട് ചിത്രങ്ങളും വലിയ രീതിയില്‍ ഏറ്റെടുക്കപ്പെട്ടതിന് ഈ അടയാളപ്പെടുത്തലുകളും ഒരു പ്രധാന കാരണമാണ് എന്ന് കരുതുന്നു.
കൂടാതെ മുന്‍പ് മുഖ്യധാരാ മലയാള സിനിമ നായികാ-നായക സ്ഥാനത്ത് കാര്യമായി പരിഗണിക്കാതിരുന്ന കഥാപാത്രങ്ങളെയാണ് ഗിരീഷിന്റെ മൂന്നു സിനിമകളിലും നമുക്ക് കാണാന്‍ കഴിയുക. സംവിധായകരുടേയും, എഴുത്തുകാരുടേയും ഫാന്റസികളെ ആണ് മിക്കപ്പോഴും നായക കഥാപാത്രങ്ങളുടെ പ്രവര്‍ത്തികളായി കാണിക്കുന്നത് എന്ന് ഗിരീഷ് മേല്‍പ്പറഞ്ഞ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാവും നാം ചുറ്റും അങ്ങനെ കണ്ടിട്ടില്ലാത്ത സര്‍വ്വകലാവല്ലഭരും, അതീവ ബഹിര്‍മുഖരും, ചിലപ്പോഴൊക്കെ അസാമാന്യ ശക്തിയുള്ള അതിമാനുഷരും നമ്മുടെ നായക കഥാപാത്രങ്ങളായി അരങ്ങുവാഴുന്നത്. പെട്ടെന്ന് ഓര്‍മ്മവരുന്നത് യോദ്ധയിലെ തൈപ്പറമ്പില്‍ അശോകന്‍ -അരശുംമൂട്ടില്‍ അപ്പുക്കുട്ടന്‍ ദ്വന്ദ്വമാണ്. നമ്മളില്‍ മിക്കവരും, നമുക്ക് ചുറ്റുമുള്ളവരില്‍ ഭൂരിപക്ഷവും യഥാര്‍ത്ഥത്തില്‍ പ്രതിനിധാനം ചെയ്യുന്നത് ജഗതിയും, ശ്രീനിവാസനും ഒക്കെ അവതരിപ്പിച്ച, മിക്കയിടത്തും തോറ്റ് പിന്മാറേണ്ടി വരുന്ന സാധാരണക്കാരായ കഥാപാത്രങ്ങളാണ്. ഒടുവില്‍ വിജയിക്കുന്ന, മിക്കപ്പോഴും സൂപ്പര്‍ താരങ്ങള്‍ അവതരിപ്പിച്ച നായക കഥാപാത്രങ്ങള്‍ നമ്മുടെ ഫാന്റസിയാണ്. അവരുടെ അയഥാര്‍ത്ഥവും, സ്വപ്നസമാനമായ വിജയങ്ങളില്‍ പൂവണിയുന്നത് നമ്മുടെ ഫാന്റസികള്‍ കൂടിയാണ്. ഇതൊരു തീര്‍ത്തും മോശം കാര്യമാണ് എന്നല്ല പറയുന്നത്, ഈ ദ്വന്ദ്വങ്ങളുടെ വിജയഫോര്‍മുലകളെ ഒന്ന് പരാമര്‍ശിച്ചു എന്ന് മാത്രം. ഓരോ കാലത്തേയും സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളും, ജനങ്ങളുടെ ചിന്തകളും അഭിലാഷങ്ങളും എല്ലാം സിനിമകളെയും, അവ സ്വീകരിക്കപ്പെടുന്ന രീതികളെയും സ്വാധീനിക്കുന്നുണ്ട്. നവഉദാരവല്‍ക്കരണ കാലത്തിന്റെ തുടക്കത്തിന് സമാന്തരമായാണ് നമ്മുടെ പ്രധാന കഥാപാത്രങ്ങള്‍ പലതും സാധാരണക്കാരില്‍ നിന്നും മാറി അതിമാനുഷര്‍ ആയതെന്നതും യാദൃച്ഛികമായി സംഭവിച്ചതാകാനും വഴിയില്ല.
പ്രേമലു | PHOTO: FACEBOOK
പുറമേ അത്രയും സ്മാര്‍ട്ടും, അസാധാരണമാംവിധം സര്‍വ്വകലാവല്ലഭരും, അതിമാനുഷരും അല്ലാത്ത, തൊഴിലാളിവര്‍ഗ്ഗ പശ്ചാത്തലത്തില്‍ നിന്നുവരുന്ന, സ്വതവേ അന്തര്‍മുഖരും, നിരവധി ജീവിത പരാജയങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്നവരുമായ നായകരും വീണ്ടും വിജയസിനിമകളില്‍ നായകകഥാപാത്രമായി അവതരിപ്പിക്കാം എന്ന് ഗിരീഷ് എ.ഡി. തെളിയിക്കുകയാണ്. ഒരുപക്ഷേ, 'മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു' പോലുള്ള സിനിമകളില്‍ മുന്‍പ് നാം പരിചയിച്ചിട്ടുള്ള, മത്സരസംസ്‌കാരത്തിന്റെ ആഗോളവല്‍ക്കരണാനന്തര കാലത്ത് ചുരുക്കം സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള മോള്‍ഡില്‍ ഉള്ള നായകകഥാപാത്രങ്ങളുടെ തിരിച്ചുവരവ് കൂടിയായി പ്രേമലുവിന്റെ വിജയം നമുക്ക് കണക്കാക്കാം. ഇത് ലോകമെങ്ങും സാമ്പത്തിക മാന്ദ്യങ്ങളുടെ കാലത്ത് ദുഷ്‌കരമായ ഭാവിയെ മുന്നില്‍ കണ്ടുകൊണ്ട് ജീവിക്കുന്ന millenial, gen z തലമുറകളേയും ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറച്ചുകൂടി ആഴത്തില്‍ വിശകലനം ചെയ്യാന്‍ ഒരു അവസരമാണ്. വലിയ ഹിറ്റായ കരിക്കിന്റെ 'തേരാ പാരാ' എന്ന കോമഡി-വെബ് സീരീസും സമാനമായ ജീവിതസാഹചര്യങ്ങളെ ആണ് വരച്ചുകാട്ടിയത്.
ഗിരീഷ് എ.ഡി.ക്കൊപ്പം പ്രേമലുവിന്റെ രചന നിര്‍വഹിച്ച കിരണ്‍ ജോസിയും അഭിനന്ദനം അര്‍ഹിക്കുന്നു. അജ്മല്‍ സാനസ്ലന്‍, മമിത ബൈജു, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ഭ്രമയുഗവും മികച്ച പ്രകടനങ്ങളാല്‍ സമ്പന്നമാണ്. മമ്മൂട്ടിയെ മുമ്പെങ്ങും കാണാത്തരീതിയില്‍ രാഹുല്‍ സദാശിവന്‍ അവതരിപ്പിച്ചിരിക്കുന്നു. നിരവധി തലങ്ങളുള്ള, സങ്കീര്‍ണ്ണമായ കഥാപാത്രം അനായാസമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. അര്‍ജ്ജുന്‍ അശോകന്‍ തന്റെ വേഷം നന്നായി ചെയ്തു. എന്നാല്‍ ഏറ്റവും മികച്ച അഭിനയം പുറത്തെടുത്തത് സിദ്ധാര്‍ത്ഥ് ഭരതന്‍ ആണെന്ന് പറയേണ്ടി വരും. Heavy ആയ കഥാപാത്രത്തെ മികച്ച രീതിയില്‍ സിദ്ധാര്‍ത്ഥ് അവതരിപ്പിച്ചു.
നിരവധി പിന്നോക്ക- ദളിത് സമുദായങ്ങളുടെ ആരാധനാമൂര്‍ത്തിയായ ചാത്തന്‍, പിന്നെ മാംസാഹാരം എന്നിവയെ വളരെ നെഗറ്റീവ് ആയി അവതരിപ്പിച്ചു എന്ന വിമര്‍ശനം ഈ സിനിമയ്ക്കുനേരെ ഉയരുന്നുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല നമ്മുടെ ഐതീഹ്യങ്ങളെ ബ്രാഹ്‌മണവല്‍ക്കരിച്ച് അവതരിപ്പിച്ചു എന്നൊരു വിമര്‍ശനം മുന്‍പുണ്ടായിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ ഗ്ലോറിഫിക്കേഷന്‍ എന്ന സമാനമായ വിമര്‍ശനം ഈ സിനിമയ്ക്ക് നേരെയും ഉയരുന്നുണ്ട്.
അന്നത്തെ സമൂഹത്തില്‍ നിലനിന്ന ഉച്ചനീചത്വങ്ങളുടെ പ്രതിഫലനമായും ചിത്രത്തില്‍ പാണന്‍ നേരിടുന്ന സന്ദര്‍ഭങ്ങളെ കാണാവുന്നതാണ്. ബ്രാഹ്‌മണ്യത്തിന്റെ തോളിലേറി ഫ്യൂഡലിസം അന്നത്തെ സമൂഹത്തെ മുറുകെപ്പിടിച്ചത് പോലെയാണ് ചാത്തനും മനയെ തന്റെ കൈക്കുള്ളില്‍ ആക്കിയത് എന്ന് പറയാം. പാശ്ചാത്യ രാജ്യങ്ങളില്‍ സംഭവിച്ചതിനു വിപരീതമായി ഫ്യൂഡലിസത്തിന്റെ വേര് അറുത്തിട്ടല്ല നമ്മുടെ രാജ്യത്ത് വിദേശശക്തികള്‍ ക്യാപിറ്റലിസം കൊണ്ടുവന്നത്. അടിച്ചമര്‍ത്തലിന്റെ പ്രതീകമായ സിനിമയിലെ ചാത്തനെപ്പോലെ അവരുടെ വരവിന് ശേഷവും ഫ്യൂഡലിസം ഇവിടെ നിലനിന്നു, അതും ക്യാപിറ്റലിസവുമായി ഇഴചേര്‍ന്ന് വളരെ മോശപ്പെട്ട രീതിയില്‍. അതിന്റെ ദുരിതങ്ങളും പേറിയാണ് രാജ്യം മുന്നോട്ടുപോകുന്നത്.
1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍, ശവം, വിത്ത്, സന്തോഷത്തിന്റെ മൂന്നാംരഹസ്യം, Everything is cinema തുടങ്ങി നിരൂപക പ്രശംസ നേടിയ, നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കുശേഷം ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി'- യും ഈ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ഒരു പ്രധാനപ്പെട്ട സിനിമയാണ്. ഡോണ്‍ പാലത്തറയും, ഷെറിന്‍ കാതറിനും രചന നിര്‍വഹിച്ച ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, മാത്യൂ തോമസ്, ദിവ്യ പ്രഭ, നില്‍ജ കെ. ബേബി, ജയിന്‍ ആന്‍ഡ്രൂസ് തുടങ്ങിയവര്‍ വേഷമിട്ടു. കലാമൂല്യം ഉള്ള സിനിമകള്‍ക്ക് പേരുകേട്ട മലയാള സിനിമയില്‍ ഡോണ്‍ പാലത്തറയെ പോലുളള പ്രതിഭകളുടെ സിനിമകള്‍ക്ക് അര്‍ഹിക്കുന്ന തിയേറ്റര്‍ റിലീസ് ലഭിക്കുക എന്നത് സിനിമയുടെ കലാമേന്മ നിലനിര്‍ത്താന്‍ അനിവാര്യമായ ഘടകമാണ്. ടോവിനോ തോമസ് നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രവും മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്നു. OTT റിലീസിനുശേഷം ചിത്രം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് കരുതുന്നു.
കഴിഞ്ഞവര്‍ഷം അവസാനം പ്രദര്‍ശനത്തിന് എത്തിയ മിഥുന്‍ മാനുവല്‍ തോമസിന്റെ ഓസ്ലര്‍, ആനന്ദ് ഏകദര്‍ഷിയുടെ ആട്ടം എന്നിവയും മികച്ച പ്രേക്ഷക അഭിപ്രായം നേടി. 'രോമാഞ്ചം' സംവിധായകന്‍ ജിത്തു മാധവന്റെ ഫഹദ് ഫാസില്‍ ചിത്രം ആവേശം, ബ്ലെസ്സിയുടെ ആടുജീവിതം, മോഹന്‍ലാലിന്റെ ബാരോസ്, 'ജയജയ ജയഹേ' സംവിധായകന്‍ വിപിന്‍ ദാസിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കുശേഷം, ലാല്‍ ജൂനിയറിന്റെ നടികര്‍ തുടങ്ങി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ ഈ വര്‍ഷത്തെ മലയാള സിനിമയെപ്പറ്റി വലിയ പ്രതീക്ഷകള്‍ ആണ് നല്‍കുന്നത്. കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടപോലെ മണ്ണില്‍ ചവിട്ടി നിന്ന് സാധാരണക്കാരായ മനുഷ്യജീവിതങ്ങളെ അടയാളപ്പെടുത്തുന്ന തങ്ങളുടെ ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കുകയും, കേരളത്തിനു വെളിയില്‍ നമ്മുടെ സിനിമകള്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനും വിതരണം ചെയ്യാനും അവസരം ലഭിക്കുകയും ചെയ്താല്‍ മലയാള സിനിമ കൂടുതല്‍ ഉയരങ്ങള്‍ താണ്ടുന്ന സിനിമാവര്‍ഷം ആവും ഇതെന്ന കാര്യത്തില്‍ സംശയമില്ല.