TMJ
searchnav-menu
post-thumbnail

TMJ Abode

വീടില്ലാത്തവരുടെ കേരളവും പാര്‍പ്പിടങ്ങളുടെ ധാരാളിത്തവും

01 Jul 2024   |   4 min Read
K P Sethunath

കേരളത്തിലെ ഇന്നത്തെ സാമൂഹ്യ ജീവിതത്തിന്റെ പരിച്ഛേദമായി കരുതാവുന്ന ഒന്നാണ് ഭവന നിര്‍മ്മാണം. സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌ക്കാരിക-പാരിസ്ഥിതിക മേഖലകളിലെ പല അടരുകളിലായി കേരളത്തിലങ്ങോളമിങ്ങോളം പടര്‍ന്നുകിടക്കുന്ന പാര്‍പ്പിട നിര്‍മ്മാണത്തിന്റെ അകവും പുറവും എളുപ്പത്തില്‍ മനസ്സിലാവുന്ന വിഷയമല്ല. താമസിക്കാന്‍ ആളില്ലാത്ത വീടുകളുടെ ധാരാളിത്തവും, സ്വന്തമായി വീടില്ലാത്തവരും ചേര്‍ന്നതാണ് കേരളത്തിലെ പാര്‍പ്പിട മേഖല. അമേരിക്കയുമായി താരതമ്യം ചെയ്യാവുന്നതാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി. അമേരിക്കയില്‍ 15 ദശലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ 580,000-ലധികം പേര്‍ വീടില്ലാതെ അലയുന്നവരാണ്. അത്യാഡംബര സൗധങ്ങള്‍ ഒരു വശത്തും, ഗുണമേന്മയുടെയും കാര്യക്ഷമതയുടെയും കാര്യത്തില്‍ വളരെയധികം മെച്ചപ്പെടേണ്ട കെട്ടിടനിര്‍മ്മാണ സംസ്‌ക്കാരവും കേരളത്തിലെ ഈ വൈരുദ്ധ്യത്തെ പെരുപ്പിക്കുന്നു. രൂപകല്‍പ്പന, നൂതനമായ കെട്ടിടനിര്‍മ്മാണ വസ്തുക്കളുടെ കണ്ടെത്തല്‍, സാങ്കേതികവിദ്യയുടെ ഉപയോഗം തുടങ്ങിയ പല മേഖലകളിലും കേരളത്തിലെ ഭവനനിര്‍മ്മാണ മേഖല വളരെയധികം മുന്നോട്ടുപോവാനുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ വിയോജിപ്പുകളുണ്ടാവില്ല. മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലും വളരെയധികം ഇടം ലഭിക്കുന്ന വിഷയങ്ങളിലൊന്നാണ് ഭവന നിര്‍മ്മാണമെങ്കിലും പാര്‍പ്പിട നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങള്‍ക്ക് പലപ്പോഴും വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ല. വാസ്തുവിദഗ്ധര്‍ (ആര്‍ക്കിടെക്ട് അല്ല!) മുതല്‍ ഏറ്റവും പുതിയ ഗൃഹനിര്‍മ്മാണ സാമഗ്രികള്‍ വരെയുള്ളവയുടെ സചിത്ര വിവരണങ്ങളാണ് പൊതുവില്‍ മാധ്യമങ്ങളില്‍ കാണാനാവുക. സ്വപ്ന ഭവനം, സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം, പഴമയുടെ പ്രൗഢി, പുതുമയുടെ സൗകര്യം, പ്രകൃതിയുമായി ഇഴുകിച്ചേരല്‍ എന്നെല്ലാമുള്ള പദാവലികളാല്‍ സമൃദ്ധമാണ് അവയുടെ ഉളളടക്കം.


REPRESENTATIONAL IMAGE | WIKI COMMONS
സുരക്ഷിത സങ്കേതമെന്ന അടിസ്ഥാന ജൈവചോദനയില്‍ നിന്നും പാര്‍പ്പിട സങ്കല്‍പ്പങ്ങള്‍ വളര്‍ന്ന് പന്തലിച്ചതിന്റെ ശേഷിപ്പുകള്‍ കൂടിയാണ് മനുഷ്യകേന്ദ്രിതമായ സാംസ്‌ക്കാരിക ചരിത്രമെന്ന കാഴ്ച്ചപ്പാടില്‍ കേരളത്തിലെ വീടുകളെപ്പറ്റി ആദിമദ്ധ്യാന്ത പൊരുത്തമുള്ള ആലോചനകള്‍ രൂപപ്പെടുത്താനുള്ള ശ്രമമാണിത്. താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന 10-15 ലക്ഷത്തോളം വീടുകളുള്ള കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണവും ലക്ഷങ്ങള്‍ വരുമെന്ന ഔദ്യോഗിക കണക്കുകളുടെ സംഖ്യാശാസ്ത്രത്തില്‍ നിന്നും തുടങ്ങാമെന്ന് കരുതുന്നു. പതിനാലാം പഞ്ചവല്‍സര പദ്ധതിക്കായി (2022-2027) സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് താമസക്കാരില്ലാത്ത വീടുകളുടെ എണ്ണം 10-15 ലക്ഷം വരെയാണെന്ന് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ രണ്ടര ലക്ഷം ഭവനരഹിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു തീരുമാനം. ലൈഫ് പദ്ധതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടില്‍ അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതാണ്.

കഴിഞ്ഞ മൂന്ന് ദശകങ്ങളായി കേരളത്തില്‍ ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തുന്ന മേഖലയാണ് കെട്ടിട നിര്‍മ്മാണം. പാര്‍പ്പിടങ്ങളും, വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും അതില്‍ ഉള്‍പ്പെടുന്നു. 1991-2001 കാലഘട്ടത്തില്‍ 9.42 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ പാര്‍പ്പിട നിര്‍മ്മാണം 2001-2011-ല്‍ 17 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2011-ന് ശേഷമുള്ള കാലഘട്ടത്തിലും സമാനമായ വളര്‍ച്ച രേഖപ്പെടുത്തുന്നതായി കണക്കാക്കപ്പെടുന്നു. ശരാശരി രണ്ടര ലക്ഷം പാര്‍പ്പിടങ്ങള്‍ ഒരു വര്‍ഷം കേരളത്തില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്നു. എന്നാല്‍ മൊത്തം ലഭ്യമായ പാര്‍പ്പിടങ്ങളുടെ എണ്ണത്തില്‍ അത്രയും വര്‍ദ്ധനയുണ്ടാവുന്നതായി കണക്കാക്കുവാനാവില്ല. പഴയ പാര്‍പ്പിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയവ നിര്‍മ്മിക്കുന്നതും, മോശം സ്ഥിതിയിലുള്ളവയെ പുനരുദ്ധരിക്കുന്നതും രണ്ടര ലക്ഷത്തിന്റെ കണക്കിലുള്‍പ്പെടുന്നു. വളര്‍ച്ചയുടെ ഈ കണക്കുകള്‍ ചാരിതാര്‍ത്ഥ്യകരമാണെങ്കിലും അവ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്നില്ല. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയ ജനവിഭാഗങ്ങളില്‍ വീടില്ലായ്മയും, ഭൂമിയില്ലായ്മയും ഇപ്പോഴും ഗുരുതരമായ വിഷയങ്ങളായി തുടരുന്നു. കേരളത്തിലെ ജീവിതഗുണനിലവാരത്തിന്റെ സൂചികകളില്‍ അന്തസ്ഥിതമായ ഏങ്കോണിപ്പുകളുടെ പ്രത്യക്ഷത്തിലുള്ള ഉദാഹരണമായി വീടുകളുടെ ലഭ്യതയിലും, നിലവാരത്തിലും നിലനില്‍ക്കുന്ന ഈ അന്തരങ്ങളെ മനസ്സിലാക്കുവാന്‍ വിഷമമില്ല. കേരളത്തിലെ ആദിവാസി സമൂഹത്തിലെ 16 ശതമാനത്തിലധികം ജനങ്ങളും പൊട്ടിപ്പൊളിഞ്ഞ വീടുകളിലാണ് വസിക്കുന്നത്. ബീഹാറില്‍ അത് 7-ശതമാനം മാത്രമാണ്. ഏറെ പ്രകീര്‍ത്തിക്കപ്പെടുന്ന 'കേരള മാതൃക' വികസനത്തിലെ ഈ വൈരുദ്ധ്യങ്ങള്‍ ഭവനനിര്‍മ്മാണത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന കാര്യം ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നു.


REPRESENTATIONAL IMAGE | WIKI COMMONS
അവസരസമത്വ നിഷേധങ്ങളുടെയും ചൂഷണത്തിന്റെയും ഭാഗമായി ചരിത്രപരമായി സാമ്പത്തികവും സാമൂഹ്യവുമായി പിന്നണിയിലായ ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം പാര്‍പ്പിടം ഇപ്പോഴും വേണ്ടത്ര ലഭ്യമല്ലെന്ന കാര്യം മേല്‍പ്പറഞ്ഞ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ പാര്‍പ്പിട നിര്‍മ്മാണത്തില്‍ സംഭവിച്ച വലിയ മാറ്റങ്ങളും നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നു. കേരളത്തിന്റെ തനതായ പാര്‍പ്പിട നിര്‍മ്മാണ രീതികളും, നിര്‍മ്മാണ വസ്തുക്കളും അതുമായി ബന്ധപ്പെട്ട അറിവുകളും ഇപ്പോഴും വേണ്ട നിലയില്‍ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. കേരളീയ വാസ്തുശില്‍പ്പ ശാസ്ത്രത്തിന്റെ ലക്ഷണമൊത്ത രൂപങ്ങളായി ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന ജന്മി ഗൃഹങ്ങളുടെ വാര്‍പ്പുമാതൃകകള്‍ക്ക് എത്ര പഴക്കമുണ്ടെന്ന ചോദ്യം മുതല്‍ അവയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച വസ്തുക്കള്‍ വരെയുള്ളവയെക്കുറിച്ചുള്ള അറിവുകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോഴും അത്ര പരിചിതമല്ല. രാഷ്ട്രീയമാറ്റങ്ങള്‍ പാര്‍പ്പിട നിര്‍മ്മാണത്തെ സ്വാധീനിച്ചതിനെക്കുറിച്ചുള്ള അറിവുകളും അതേ അവസ്ഥയിലാണ്. കൊളോണിയല്‍ ആധിപത്യം മലബാറില്‍ ഉറച്ചതിന്റെ പിന്നാലെ 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ പ്രദേശത്ത് എത്തിയ ബാസല്‍ മിഷന്‍ പാതിരിമാര്‍ തുടങ്ങിയ ഓടുനിര്‍മ്മാണ വ്യവസായം കെട്ടിട നിര്‍മ്മാണത്തില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കി. ഓടു മേഞ്ഞ മേല്‍ക്കൂരകള്‍ പാര്‍പ്പിട നിര്‍മ്മാണത്തിന്റെ ഭാഗമായത് 1854-ന് ശേഷമാണ്. ബാസല്‍ മിഷന്റെ പേറ്റന്റ് അവകാശ മുദ്ര പതിപ്പിച്ച ഓടുകള്‍ മലബാറിലെ പഴയ വീടുകളില്‍ ഇപ്പോഴും കാണാവുന്നതാണ്. തെങ്ങിന്റെയും പനയുടെയും ഓലകള്‍, ചില പ്രത്യേകയിനം പുല്ലുകള്‍ എന്നിവ ഉപയോഗിച്ചുള്ള മേല്‍ക്കൂരകള്‍ക്ക് പകരം ഓട് മേഞ്ഞ വീടുകള്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സമ്പത്തിന്റെയും, ആഢ്യത്വത്തിന്റെയും, അധികാരത്തിന്റെയും, ജാതി വിവേചനത്തിന്റെയും ചിഹ്നമായി മാറി. കേരളത്തിന്റെ വാസ്തുശില്‍പ്പ-പാര്‍പ്പിട നിര്‍മ്മാണ ചരിത്രത്തെക്കുറിച്ചുള്ള ആലോചനകളില്‍ ഇത്തരം മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ഒഴിവാക്കാനാവില്ല.

സിമന്റും ഉരുക്കു കമ്പികളും ചേര്‍ന്ന കോണ്‍ക്രീറ്റ് വാര്‍ക്ക കെട്ടിടങ്ങളുടെ വരവ് പാര്‍പ്പിട നിര്‍മ്മാണത്തില്‍ മാത്രമല്ല കേരളത്തിലെ മൊത്തം കെട്ടിട നിര്‍മ്മാണത്തില്‍ കാതലായ മാറ്റത്തിന് വഴിയൊരുക്കി. കോണ്‍ക്രീറ്റ് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചുള്ള അറിവുകള്‍ നേരത്തെ ലഭ്യമായിരുന്നുവെങ്കിലും അത് ക്രമേണ പ്രയോഗത്തില്‍ വരുന്നത് 1970-കളുടെ അവസാനത്തോടെയാണ്. എന്നാല്‍ 1980-കളോടെ അത് വ്യാപകമാവാന്‍ തുടങ്ങി. പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ കുടിയേറിയ മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള പാര്‍പ്പിടങ്ങള്‍ ധാരാളമായി ഉയര്‍ന്നുവന്നത്. കേരളത്തിലെ ഭവനനിര്‍മ്മാണ മേഖലയിലെ ആദ്യത്തെ ബൂം കാലഘട്ടമായി അതിനെ വിശേഷിപ്പിക്കാവുന്നതാണ്. കോണ്‍ക്രീറ്റ് പാര്‍പ്പിടങ്ങള്‍ വ്യാപകമായതോടെ അവയുടെ ഗുണനിലവാരത്തെക്കുറിച്ചും കേരളത്തിലെ കാലാവസ്ഥയുമായി അതിനുള്ള പൊരുത്തക്കേടിനെക്കുറിച്ചുമെല്ലാമുള്ള ചര്‍ച്ചകള്‍ അതോടെ സജീവമായി. ലോറി ബേക്കര്‍ എന്ന വിഖ്യാത വാസ്തുശില്‍പ്പി ഇതേ കാലഘട്ടത്തില്‍ കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ നടത്തിയ സൃഷ്ടിപരമായ ഇടപെടലുകള്‍ ഭവനനിര്‍മ്മാണവും സാമൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളുമായുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള നൂതനമായ അറിവുകളും സങ്കല്‍പ്പങ്ങളും രൂപപ്പെടുത്തുന്നതിന് ഇടയാക്കി.


LAURIE BAKER | IMAGE WIKI COMMONS
അത്തരം സംവാദങ്ങള്‍ വളരെ പരിമിതമായ നിലയിലെങ്കിലും കേരളത്തിന്റെ പൊതുമണ്ഡലത്തിന്റെ ശ്രദ്ധയില്‍ വരുന്ന സന്ദര്‍ഭത്തിലാണ് കെട്ടിടനിര്‍മ്മാണ മേഖലയിലെ രണ്ടാമത്തെ ബൂം അരങ്ങേറുന്നത്. 1990-കളുടെ അവസാനത്തോടെ ഈ പ്രവണത കെട്ടിടനിര്‍മ്മാണ മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമായി. സ്വകാര്യ സംരംഭകരുടെ നേതൃത്വത്തില്‍ ബഹുനില പാര്‍പ്പിടസമുച്ചയങ്ങളുടെ നിര്‍മ്മാണമായിരുന്നു അതിന്റെ ഏറ്റവും പ്രകടമായ ആവിഷ്‌ക്കാരം. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ മാറ്റം 2010-കളോടെ കേരളത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം വ്യാപിച്ചു. ഭൂമിയും, പാര്‍പ്പിടവും നിക്ഷേപത്തിനുള്ള ആസ്തികളായി പരിവര്‍ത്തനപ്പെടുന്ന പ്രക്രിയ ഉച്ചസ്ഥായിയിലെത്തിയത് 2000-ത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ്. ഈയൊരു മാറ്റത്തിന്റെ ഏറ്റിറക്കങ്ങളിലാണ് കേരളത്തിലെ ഭവനനിര്‍മ്മാണ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ. ആള്‍പ്പാര്‍പ്പില്ലാത്ത 10-15 ലക്ഷത്തോളം വീടുകളില്‍ പകുതിയെങ്കിലും നിക്ഷേപ ആസ്തിയെന്ന നിലയില്‍ വിഭാവന ചെയ്തവയാണ്. നിക്ഷേപത്തിന്റെ മൂല്യം പ്രദേശിക-ദേശീയ-അന്തര്‍ദേശീയ തലങ്ങളിലുള്ള നിരവധി സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയില്‍ മുതല്‍മുടക്കിയവരുടെ പ്രതീക്ഷകളനുസരിച്ചുള്ള മൂല്യം ഒരു പക്ഷെ ലഭിക്കണമെന്നില്ല. കേരളത്തിലെ ഭവന നിര്‍മ്മാണ മേഖലയില്‍ ചെറിയ തോതിലെങ്കിലും പ്രകടമായിട്ടുള്ള മന്ദത അതിന്റെ ലക്ഷണമായി കരുതപ്പെടുന്നു.

കേരളത്തില്‍ നിന്നുള്ള യുവജനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി വികസിത രാജ്യങ്ങളിലേക്കും ഇന്ത്യയുടെ മറ്റുള്ള ഭാഗങ്ങളിലേക്കും കുടിയേറുന്ന പ്രവണത ഭവനനിര്‍മ്മാണ മേഖലയില്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളും വരാനിരിക്കുന്ന നാളുകളില്‍ ചര്‍ച്ചയാവുന്ന വിഷയമാണ്. കാലാവസ്ഥ മാറ്റം വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളാണ് മറ്റൊരു കാതലായ വിഷയം. പ്രളയമടക്കമുളള തീവ്രമായ സംഭവങ്ങള്‍ തുടരെ ആവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവാത്തതിനാല്‍ സംസ്ഥാനത്തെ ഇപ്പോഴുള്ള ജനവാസ മേഖലകള്‍ മാറ്റമില്ലാതെ തുടരുമെന്ന് കരുതാനാവില്ല. ആഗോളതാപനത്തെ നിയന്ത്രിക്കുന്നതിനായി ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്ന പ്രവണത ആഗോളതലത്തില്‍ ശക്തി പ്രാപിക്കുന്നതും അവഗണിക്കാനാവാത്ത വിഷയമാണ്. കെട്ടിടനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സിമന്റടക്കമുള്ള പല വസ്തുക്കളും ഇപ്പോള്‍ തന്നെ നോട്ടപ്പുള്ളികളാണ്. അത്തരം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും കൂടുതല്‍ പ്രകൃതി സൗഹൃദമായ ഭവനനിര്‍മ്മാണ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. സര്‍ക്കാരിന്റെ മാത്രമല്ല സ്വകാര്യ മേഖലയുടെ സമീപനങ്ങളും വലിയതോതില്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. മലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും കാരണക്കാരായ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും പേരുകള്‍ വെളിപ്പെടുത്തുന്ന ഗ്രൂപ്പുകള്‍ ലോകത്തിന്റെ പലഭാഗങ്ങളിലും സജീവമാണ്. അതിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

ഈ വിഷയങ്ങളെല്ലാം സമഗ്രമായി പരിശോധിക്കുകയും ഉചിതമായ തരത്തിലുള്ള ഇടപെടലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഉളളടക്കമാണ് TMJ-360 ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ വിഭാവന ചെയ്യുന്നത്. ഞങ്ങളുടെ വിലപ്പെട്ട വായനക്കാരുടെയും പ്രേക്ഷകരുടെയും പിന്തുണയുണ്ടാവുമെന്ന പ്രതീക്ഷയോടെ.


 

 

 

 

 

 

 

 

 

 

#TMJ Abode
Leave a comment