
മാര്‍ക്സിസം, നവ മാര്‍ക്സിസം, പോസ്റ്റ് മോഡേണിസം
നിങ്ങൾ ഒരു കോർപ്പറേറ്റ് കഫെയിൽ നിന്ന് കോഫി കുടിക്കുമ്പോൾ അതിനുള്ള പണം നൽകുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഒരു സാമൂഹ്യധർമ്മം കൂടി നിര്‍വ്വഹിക്കുന്നു. നിങ്ങൾ ആ കോഫിക്ക് നൽകുന്ന പണത്തിന്റെ നിശ്ചിത ശതമാനം, പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഓയ്‌ക്കോ പ്രായമായവരുടെ കൂട്ടായ്മയ്ക്കും ഉല്ലാസത്തിനും വേണ്ടി 'കരിയർ തന്നെ വേണ്ടെന്നു വെച്ച്' കോർപ്പറേറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന യുവാക്കളുടെ സന്നദ്ധ സംഘടനയ്ക്കോ നൽകുന്നു. അത്തരത്തിൽ നിങ്ങളുടെ സാമൂഹ്യപ്രതിബദ്ധത കോർപ്പറേറ്റുകൾ തന്നെ പ്രയോഗവൽക്കരിക്കുന്നു. അപരമനുഷ്യരുടെ നിസ്സഹായതയിൽ കൈത്താങ്ങായി മാറി എന്ന സംതൃപ്തി നിങ്ങൾക്ക് 'സൗജന്യമായി' ലഭിക്കുന്നു, അത് നിങ്ങളിലെ കുറ്റബോധം ഇല്ലാതാക്കുന്നു. നിങ്ങൾ സംതൃപ്തി പണം കൊടുത്തുമേടിക്കുന്നു.
സമകാലീന മുതലാളിത്തത്തിലെ ഉപഭോക്തൃ പ്രവണതയെ വിമര്‍ശവിധേയമാക്കുന്ന ഇത്തരം ‘മാർക്സിസ്റ്’ വിമർശനങ്ങൾക്ക് ഇന്ന് നല്ല ജനപ്രീതിയുണ്ട്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം പ്രബലമായ ഇടതുപക്ഷ ബൗദ്ധിക പ്രവണതയെ ഏറെക്കുറെ സംഗ്രഹിക്കുന്ന ഒന്നാണ് വ്യക്തി മനഃശാസ്ത്രത്തിലും മുതലാളിത്തതിന്‍റെ ഐഡിയോളജിയിലും ഊന്നിക്കൊണ്ടുള്ള ഇത്തരം നവ മാര്‍ക്സിസ്റ്റ് വിശകലനങ്ങൾ. ഇടതുവിരുദ്ധമായ പോസ്റ്റ് മോഡേൺ വിമർശന ശൈലിയിൽ നിന്ന് പുറമേക്ക് വ്യത്യസ്തമാണ് ഇവ. പോസ്റ്റ് മോഡേണിസം മുതലാളിത്തത്തിനെതിരായ വിമർശം മുന്നോട്ടുവയ്ക്കുന്നില്ല. അല്ലെങ്കിൽ മുതലാളിത്തവിമർശനത്തെ ശിഥിലീകൃതമാക്കുന്നു. എന്നാൽ നിയോ മാർക്സിസ്റ് വിമർശങ്ങൾ ആകട്ടെ ഇരുപതാം നൂറ്റാണ്ടിൽ സോവിയറ്റ് മാർക്സിസം, പാർട്ടി മാർക്സിസം, ഔദ്യോഗിക മാർക്സിസം എന്നിങ്ങനെയൊക്കെ അറിയപ്പെട്ട മാര്‍ക്സിസ്റ്റ് രാഷ്ട്രീയ പരീക്ഷണങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും എതിർനിർത്തിക്കൊണ്ട് വികസിച്ച പടിഞ്ഞാറൻ സാംസ്കാരിക മാർക്സിസത്തിന്റെ തുടർച്ചയാണ്. ഇത് സമകാലിക മുതലാളിത്തത്തിന്റെ സാംസ്കാരിക പ്രവണതകളെയാണ് പ്രധാനമായും വിശകലനവിധേയമാക്കുന്നത്. ഇവയുടെ ഊന്നൽ വര്‍ഗപരമായ സംഘാടനത്തെ അനിവാര്യമാക്കുന്ന അര്‍ത്ഥശാസ്ത വിശകലനത്തില്‍അല്ല. പൊളിറ്റിക്കൽ ഇക്കണോമി എന്നതിനേക്കാൾ ഫിലോസഫിയിലാണ് ഇവ കേന്ദ്രീകരിക്കുന്നത്. ഭൗതികവാദം എന്നതിനേക്കാൾ ആശയവാദപരമായ ദാർശനിക ധാരയുമായാണ് ഇതിനു കൂടുതൽ അടുപ്പം. തൊഴില്‍നിയമങ്ങളിലെ മാറ്റങ്ങളും തൊഴിലാളി ചൂഷണവും അവകാശനിഷേധങ്ങളും വളരെ മൂര്‍ത്തമായ ചരിത്ര യാഥാര്‍ഥ്യമായിരിക്കുമ്പോഴും ചൂഷണത്തിന്‍റെ സത്താപരതയിലാണ് നിയോ മാര്‍ക്സിസം താല്‍പ്പര്യം പുലര്‍ത്തുന്നത്. അത്തരത്തില്‍ മുതലാളിത്തത്തോടുള്ള നവ മാര്‍ക്സിസ്റ്റ് വിമര്‍ശം സ്വയം ചുവടുപ്പിച്ച് നില്‍ക്കുന്നത് ആശയവാദത്തിന്‍റെ സമകാലികരൂപങ്ങളിലാണ്. വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിലല്ല.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം മാർക്സിസം ഒരു സൈദ്ധാന്തിക-പ്രയോഗ പദ്ധതി എന്നതിനേക്കാൾ പ്രയോഗത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള സൈദ്ധാന്തിക പ്രശ്നമായി മാറിയതിന്റെ സൂചനയാണോ ഇത്? പൂർണമായും അങ്ങനെ പറയാൻ കഴിയില്ല. സമകാലിക മുതലാളിത്തത്തിന്റെ തന്നെ പ്രത്യേകതകളാണ് നിയോ മാർക്സിസ്റ് വായനകളുടെ പശ്ചാത്തലമായുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ സംഘടിത തൊഴിലാളി വർഗത്തിന്റെയും അതിന്റെ രാഷ്ട്രീയ ബ്ലോക്കായ സോവിയറ്റ് യൂണിയന്റെയും തിരോധാനം ചരിത്രത്തിന്റെ ദിശ ആത്യന്തികമായി നിർണയിച്ചുകഴിഞ്ഞു എന്നായിരുന്നു ലിബറൽ ബുദ്ധിജീവികൾ അവകാശപ്പെട്ടത്. ഇനിയുള്ളത് പ്രത്യയസ്ത്രബാഹ്യമായ (പോസ്റ്റ് ഐഡിയോളജി) ഉദാരവൽക്കരണ സാമ്പത്തിക വ്യവസ്ഥ മാത്രം. എന്നാൽ ഈ അവകാശവാദം അധികം വൈകാതെ പ്രതിസന്ധി നേരിട്ടു. മുതലാളിത്ത സ്വർഗമായ അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പതിച്ചു. വാൾസ്ട്രീറ്റിൽ ജനങ്ങൾ തെരുവിലിറങ്ങി. കരുത്തുറ്റ സോഷ്യലിസ്റ് ബ്ലോക്കിന്റെ അഭാവത്തിൽ അധിനിവേശയുദ്ധങ്ങൾ ലോകത്തെ അരക്ഷിതമാക്കാൻ തുടങ്ങി. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലേക്ക് ധനമൂലധനം നിയന്ത്രണങ്ങൾ ഇല്ലാതെ കടന്നുകയറുകയും അത് ഫാസിസ്റ് പ്രവണതകൾക്ക് വളരാനുള്ള പരിസരമൊരുക്കുകയും ചെയ്തു. ലിബറൽ ബുദ്ധിജീവികൾ പ്രത്യയശാസ്ത്രവിരോധം പ്രകടിപ്പിച്ചത് മാർക്സിസത്തെ ലാക്കാക്കികൊണ്ടാണെങ്കിലും സമകാലീന മുതലാളിത്തത്തിന്റെ ചൂഷണത്തിൻറെയും പ്രതിസന്ധിയുടെയും അനുബന്ധമായി ഉടലെടുക്കുന്ന നവവംശീയ പ്രത്യയശാസ്ത്രവും പാരമ്പര്യവാദങ്ങളുമാണ് അതിനു മുന്നിൽ അവതരിച്ചത്. ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ച ലിബറൽ ബുദ്ധിജീവികൾക്ക് ലിബറൽ ഐഡിയോളജിയുടെ അന്ത്യം കാണേണ്ടി വരുന്നു എന്ന വൈരുധ്യം. ലിബറലിസത്തിന്‍റെ അവകാശവാദങ്ങള്‍ 'പ്രത്യയശാസ്ത്രപരം’ മാത്രമായിരുന്നു എന്ന് തെളിയിക്കാന്‍ ചരിത്രം തന്നെ അവസരമൊരുക്കി എന്ന് ചുരുക്കം. ഇതാകട്ടെ മാര്‍ക്സിസത്തെ ഘടനാപരമായ വിമര്‍ശം എന്നതില്‍ നിന്ന് പ്രത്യയശാസ്ത്ര വിമര്‍ശമാക്കി ചുരുക്കാന്‍ നവ ഇടതു ബുദ്ധിജീവികളെ പ്രേരിപ്പിച്ചു.കാൾ മാർക്സ് | PHOTO: WIKI COMMONS
ലിബറൽ വ്യക്തിവാദത്തെ എതിർനിർത്തിക്കൊണ്ടാണ് പോസ്റ്റ് മോഡേണിസവും യൂറോപ്പിൽ പ്രചാരം കൈവരിച്ചത്. വൻകിട ഫാക്ടറികളും സംഘടിത തൊഴിലാളികളും നിർണായകമായിരുന്ന ഉൽപ്പാദനരീതിയിൽ നിന്ന് വ്യത്യസ്തമായി ശിഥിലീകൃതമായ ഉൽപ്പാദനം (പോസ്റ്റ് ഫോഡിസം) പ്രബലരീതിയായി മാറിയ അമേരിക്കയിലാണ് പോസ്റ്റ് മോഡേണിസം ആരംഭിച്ചതെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം ഫ്രാൻസിലാണ് 1960-കൾക്ക് ശേഷം ഇത് സൈദ്ധാന്തികമായി ശക്തിയാർജിച്ചത്. ഫ്രാൻസിന്റെ സവിശേഷമായ മുതലാളിത്ത വികസനം, അനുബന്ധമായി ഉയർന്നുവന്ന സാമൂഹ്യരൂപീകരണം, നാഗരിക വിഭാഗങ്ങളിലെ റാഡിക്കലിസം, ഫ്രഞ്ച് വിദ്യാർത്ഥി പ്രസ്ഥാനത്തിന്‍റെ ഉദയവും കമ്യൂണിസ്റ് പാർട്ടിയെയും സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെയും എതിർനിർത്തി പുത്തൻ വിപ്ലവകാരികളായി സ്വയം സ്ഥാനപ്പെടുത്താനുള്ള അതിന്റെ താല്പര്യവും തുടങ്ങിയ ഘടകങ്ങള്‍ഫ്രഞ്ച് ഘടനാന്തര ചിന്തകൾക്ക് പശ്ചാത്തലമായുണ്ട് (പോസ്റ്റ് മോഡേണിസത്തെ കുറിച്ചുള്ള ഐജാസ് അഹമ്മദിന്റെ ലേഖനം നോക്കുക). എന്നാൽ പിന്നീട് ഫ്രാൻസിൽ നിന്ന് പോസ്റ്റ് സ്ട്രക്ച്ചറൽ സിദ്ധാന്തങ്ങൾ ലോകത്തെ എല്ലാ ഭാഗങ്ങളിലേക്കും കടന്നുകയറി.
ഒരേ സമയം ഇത് മുതലാളിത്തത്തിന്റെ ഉപഭോക്തൃ കേന്ദ്രീകൃതവും ചൂഷണാധിഷ്ഠിതവും ആയ സാമൂഹ്യക്രമത്തിൽ നിന്നുണ്ടാകുന്ന പലവിധ പ്രവണതകളെ അതിന്റേതായ ആന്തരയുക്തി കൊണ്ട് പരിഹരിക്കാമെന്ന വ്യാമോഹം പുലർത്തുന്നു. മറുഭാഗത്ത് ആധുനികതയെ തിരസ്കരിക്കുന്നു. ആധുനികതയുടെ യുക്തി സമഗ്രാധിപത്യപരവും യൂറോപ്യൻ കേന്ദ്രീകൃതവും അധിനിവേശപരവും ആണെന്ന് കേവലമായി വ്യാഖ്യാനിക്കാവുന്ന സൈദ്ധാന്തിക സാമഗ്രികൾ പോസ്റ്റ് മോഡേണിസം ലഭ്യമാക്കുന്നതിനാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ തദ്ദേശീയ മധ്യവർത്തി ബുദ്ധിജീവികൾക്ക് (പെറ്റി ബൂര്‍ഷ്വാ ബുദ്ധിജീവികള്‍) പോസ്റ്റ് മോഡേണിസം പ്രിയങ്കരമാകുന്നു. ആഗോളവൽക്കരണം സാധ്യമാക്കുന്ന സാംസ്‌കാരിക സങ്കലനവും ശിഥീലീകൃത തൊഴിൽ സാഹചര്യങ്ങളും പുതിയ നവ മാധ്യമങ്ങളുടെ വ്യാപക കടന്നുകയറ്റവും ഇതിന് ആഗോളമായ സ്വീകാര്യത നല്‍കുകയും ചെയ്തു. യുദ്ധങ്ങളും കുടിയേറ്റങ്ങളും സൃഷ്ടിക്കുന്ന സങ്കീർണ സാഹചര്യത്തിൽ ഓരോ വിഭാഗത്തിനും ഓരോ സംസ്‌കാരിക സ്വത്വമായി സ്ഥാനപ്പെടുത്താൻ പോസ്റ്റ് മോഡേണിസം അവസരമൊരുക്കി. ഗ്ലോബൽ ക്യാപിറ്റലിസം തുറന്നിടുന്ന പുതിയ ഇടങ്ങളിൽ, അതിന്റെ യൂണിവേഴ്‌സിറ്റികളിലും മാധ്യമങ്ങളിലുമൊക്കെ പ്ലൂരലിസവും യൂറോപ്യൻ ആധുനികതയ്‌ക്കെതിരെ ബഹുവിധ ആധുനിക എന്ന മുദ്രാവാക്യവും (മൾട്ടിപ്പിൾ മോഡേണിറ്റി) ഇടം നേടുന്നതിന്റെ പശ്ചാത്തലം ഇതാണ്.
ആധുനിക വിദ്യാഭ്യാസത്തിന്‍റെ വ്യാപനം, ഫ്യൂഡല്‍ അവശേഷിപ്പുകളുടെ തുടച്ചുനീക്കല്‍, ലിംഗസമത്വം എന്നിവയ്ക്ക് പകരം അയുക്തിയിലും പാരമ്പര്യ മഹത്വ നിര്‍മ്മിതിയിലും ഊന്നിക്കൊണ്ടുള്ള സാംസ്കാരിക വായനകള്‍ സമൂഹത്തിറന്‍റെ വലതുപക്ഷവല്‍ക്കരണത്തിന് ആക്കം കൂട്ടി. ആധുനികവും ഭാവിയിലേക്ക് നോക്കിക്കൊണ്ടുള്ളതുമായ സമൂഹനിര്‍മ്മാണത്തിന്‍റെ മുദ്രാവാക്യങ്ങള്‍ക്ക് പകരം ആധുനികത എന്നാല്‍ വെറും ആഖ്യാനത്തിന്‍റെ പ്രശ്നമാണ് എന്ന വ്യാഖ്യാനം തദ്ദേശീയ ബുദ്ധിജീവികളിലെ ഒരു പ്രബലവിഭാഗം ഏറ്റെടുത്തു. ആഗോളവത്കൃത വിപണിയിൽ മൂല്യമുള്ള ഒരു ചരക്ക് ആയി മതം മുതൽ തദ്ദേശീയ സംസ്കാരം മുതൽ സമുദായങ്ങൾ വരെ മാറിത്തീരുന്നു. ക്യാപിറ്റലിസത്തിന്റെ ആഗോള മേധാവിത്തം ഒരു ഭാഗത്ത്; ക്ലാസിക്കൽ ലിബറൽ ഐഡിയോളജിയുടെ പ്രതിസന്ധി മറുഭാഗത്ത് - ലിബറലിസത്തെ മറികടന്നു പിൽക്കാല ക്യാപിറ്റലിസ്റ് പ്രവണതകളെ സംഗ്രഹിക്കുന്ന പോസ്റ്റ് മോഡേണിസത്തിന്‍റെ ഉയര്‍ച്ച സംഭവിക്കുന്നത് ഈ സന്ദിഗ്ദ്ധതയിലാണ്. ഇതിനോട് തോളുരുമ്മി നില്‍ക്കുന്നു നവ ഇടതുപക്ഷ വാദങ്ങള്‍.
ലിബറൽ ഐഡിയോളജി, സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളെയും കമ്യൂണിറ്റ് പാർട്ടികളെയും ശത്രുസ്ഥാനത്തതാണ് പ്രതിഷ്ഠിച്ചതെങ്കിൽ സോഷ്യലിസ്റ് ബ്ലോക്കിന്റെ അസാന്നിധ്യം നൽകുന്ന സൗകര്യം ഉപയോഗപ്പെടുത്തി പോസ്റ്റ് മോഡേണിസം ചെയ്യുന്നത് ക്യാപിറ്റലിസത്തെ ഒരു സാംസ്‌കാരിക പ്രവണത എന്ന നിലയിൽ ചുരുക്കിക്കാണുകയാണ്. ഇതോടെ ക്യാപിറ്റലിസ്റ് ഉൽപ്പാദന പ്രക്രിയയുടെ അടിസ്ഥാനമായ മിച്ചമൂല്യസമാഹരണവും മൂലധന ആധിപത്യവും വർഗ വൈരുധ്യവും മിത്ത് ആയി മാറുന്നു. ധനമൂലധനത്തിന്റെ താല്പര്യങ്ങളും സാമ്രാജ്യത്വ അധിനിവേശങ്ങളും തദ്ദേശീയതയുടെയും സൂക്ഷ്മ യാഥാർഥ്യത്തിന്റെയും പ്രശ്നങ്ങൾ ആയി മാറുന്നു. ലിബറൽ ഐഡിയോളജിയെക്കാൾ പോസ്റ്റ് മോഡേണിസത്തിന്റെ ശിഥിലീകൃത യുക്തി സമകാലിക മുതലാളിത്തത്തിന് അനുയോജ്യമായി മാറുന്നത് സ്വാഭാവികം.ലെനിൻ | WIKI COMMONS
ക്യാപിറ്റലിസത്തിന്റെ അടിസ്ഥാനപരമായ വൈരുധ്യത്തിന്റെ ഭാഗമായി സംഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും വെൽഫെയറിസത്തിൽ നിന്നുള്ള സ്റ്റെയ്റ്റിന്റെ പിൻവാങ്ങലോട് കൂടി ആരംഭിച്ച ജീവിത സുരക്ഷിതത്വമില്ലായ്മയും വ്യക്തിമനസ്സുകളുടെ നിസ്സഹായതയും നവ വംശീയവാദങ്ങളും യൂറോപ്പിനെ സംഘര്‍ഷഭരിതമാക്കുന്നു; മറുഭാഗത്ത് ധനമൂലധനത്തിന്റെ കടന്നുകയറ്റത്തോട് കൂടി ശക്തമായ കാർഷിക പ്രതിസന്ധിയും കർഷക ആത്മഹത്യകളും വിലക്കയറ്റവും രൂക്ഷമാകുന്ന തൊഴിലില്ലായ്മയും പട്ടിണി നിരക്കിലെ വർധനയും തൊഴിലാളി വിരുദ്ധനയങ്ങളും ഇന്ത്യ അടക്കമുള്ള ഗ്ലോബൽ സൗത്തില്‍ സംഭവിക്കുന്നു. ഇവയെല്ലാം ഒരു ആഗോളവത്കൃത യാഥാർഥ്യമായ മുതലാളിത്തത്തിന്റെ ഘടനാപരമായ വൈരുധ്യത്തില്‍നിന്ന് സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാൽ യാഥാർഥ്യത്തെ അതിന്റെ സമഗ്രതയിൽ കാണാൻ പോസ്റ്റ് മോഡേണിസം തയ്യാറല്ല. സമഗ്രമായ ഏതൊരു വീക്ഷണത്തെയും അത് സമഗ്രാധിപത്യപരമെന്നും സ്റ്റാലിനിസമെന്നും പരിഭാഷപ്പെടുത്തുന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസത്തിന് അന്ത്യം കുറിച്ച സോവിയറ്റ് യൂണിയനെയും അതിനു നേതൃത്വം നൽകിയ സ്റ്റാലിനെയും സമഗ്രാധിപത്യത്തിന്റെ മറുപേരായി ചിത്രീകരിക്കാൻ പടിഞ്ഞാറൻ ബൂർഷ്വാ ഭരണകൂടങ്ങളും അതിനു സൈദ്ധാന്തിക പിൻബലം നൽകുന്ന ലിബറൽ ബുദ്ധിജീവികളും എപ്പോഴും ഉത്സാഹിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയൻ സമം സമഗ്രാധിപത്യം എന്ന പ്രചണ്ഡ പ്രചരണം ഒരുഭാഗത്തും സോവിയറ്റ് യൂണിയനിലെ അമിതാധികാര വാഴ്ചയും സോഷ്യലിസ്റ് നിർമാണത്തിലെ പിഴവുകളും മറുഭാഗത്തും സോവിയറ്റ് കമ്യൂണിസത്തിനുപരിയായ 'അനൗദ്യോഗിക മാർക്സിസം' കണ്ടെത്താൻ പടിഞ്ഞാറൻ നവീന ഇടതുപക്ഷത്തെ പ്രേരിപ്പിച്ചു. ലൂക്കാച്ച് മുതൽ ഗ്രാംഷി വരെയുള്ള മാർക്സിസ്റ് ചിന്തകരുടെ രചനകളും സാർത്രിനെ പോലുള്ളവരുടെ മാനവവാദവും (ഹ്യുമനിസ്റ് മാർക്സിസം) ആധാരമാക്കിയാണ് ആദ്യകാലത്ത് പടിഞ്ഞാറൻ ഇടതുപക്ഷ ചിന്ത വികസിച്ചത്. ലൂക്കാച്ചില്‍ വര്‍ഗഘടനയേക്കാള്‍ 'വർഗബോധം' സവിശേഷ പ്രസക്തി കൈവരിക്കുന്നുണ്ട്. സ്റ്റാലിനിസ്റ് മാർക്സിസത്തിന്റെ 'യാന്ത്രിക മാർക്സിസത്തെ' പ്രതിരോധിക്കാൻ ഇവ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് പല ചിന്തകരും മനസിലാക്കി. എന്നാൽ ഇതിന്റെ ചരിത്രപശ്ചാത്തലം സ്റ്റാലിനിൽ തുടങ്ങുന്നതോ സ്റ്റാലിനിൽ അവസാനിക്കുന്നതോ അല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. സോവിയറ്റ് വിപ്ലവം യൂറോപ്പിൽ വിപ്ലവക്കൊടുങ്കാറ്റ് അഴിച്ചുവിടുമെന്നും അത് മുതലാളിത്തത്തിന്റെ അടിവേര് ഇളക്കുമെന്നുമുള്ള തിരിച്ചറിവിൽ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങൾ ക്ഷേമരാഷ്ട സിദ്ധാന്തത്തെ ഭാഗികമായി ഉൾക്കൊള്ളാൻ നിർബന്ധിതമായി. ഇതുവഴി വിപ്ലവകരമായ തൊഴിലാളിവർഗ രൂപീകരണത്തെ തടുത്തുനിർത്താനും പെറ്റി ബൂർഷ്വാ മാനവികതയെ, സാധ്യമായ ഒരേയൊരു റാഡിക്കൽ സാധ്യതയാക്കി പരിവർത്തനപ്പെടുത്താനും പാശ്ചാത്യ ഭരണകൂടങ്ങൾക്ക് സാധിച്ചു. ഇതാണ് ഇരുപതാം നൂറ്റാണ്ടിലെ ആശയവാദത്തിന്‍റെ പൊതു പശ്ചാത്തലം.
വിപ്ലവകരമായ ദൗത്യം പേറുന്ന തൊഴിലാളി വർഗരൂപീകരണം സംഭവിക്കാത്തിടത്ത് പൊളിറ്റിക്കൽ ഇക്കണോമി മുതലാളിത്ത വിമര്‍ശത്തിന്‍റെ കേന്ദ്രപ്രമേയം അല്ലാതായി മാറും. അതേസമയം മുതലാളിത്ത വികാസം പൂര്‍ണമാകാത്തിടത്ത് പോലും തൊഴിലാളി സംഘാടനത്തിന് ചരിത്രത്തിന്‍റെ ദിശ മാറ്റിമറിക്കാനും വിപ്ലവകരമായ സൈദ്ധാന്തിക പൊസിഷന്‍ സ്വീകരിക്കാനും സാധിക്കും. സോവിയറ്റ് വിപ്ലവവും ലെനിനും ഉദാഹരണം. എന്നാല്‍മുതലാളിത്ത വികാസം സംഭവിച്ചാലും വിപ്ലവകടമയില്‍നിന്ന് പിന്തിരിയുന്ന തൊഴിലാളിവര്‍ഗം പെറ്റി ബൂര്‍ഷ്വാ ആശയലോകത്ത് തന്നെ തുടരും. താൽക്കാലികവും ഉപരിപ്ലവവുമായ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ നിർത്തുന്ന വിവിധ സാമൂഹ്യവിഭാഗങ്ങളുടെ ബൗദ്ധികദാഹം ശമിപ്പിക്കാനും അരാജക പ്രവണതകൾക്ക് ഇന്ധനം പകരാനുമുള്ള ദൗത്യത്തിലേക്ക് അവിടെ മാര്‍ക്സിസം പിന്മടങ്ങും. സോവിയറ്റ് മാർക്സിസത്തിനെതിരെ സൈദ്ധാന്തിക മുഖം തുറന്ന പടിഞ്ഞാറൻ മാർക്സിസം നേരിട്ട പ്രതിസന്ധി ഇതായിരുന്നു. സോവിയറ്റ് യൂണിയന്റെ സമയത്ത് അത് പാർട്ടി മാർക്സിസത്തിനു ഉപരിയായി നിലകൊള്ളാൻ ശ്രമിച്ചു. പൊളിറ്റിക്കൽ ഇക്കണോമിക്ക് പകരം ഫാസിസത്തിന്റെയും ആൾക്കൂട്ട മനശാസ്ത്രത്തിന്‍റെയും പ്രശ്നങ്ങളിലേക്ക് അത് സഞ്ചരിച്ചു. പാർട്ടി തന്നെ ബ്യുറോക്റാറ്റിക് ആയി മാറാനുള്ള സാധ്യതയുള്ളതിനാൽ തൊഴിലാളി വർഗ പാർട്ടി എന്ന സങ്കല്പം, കയ്യൊഴിയേണ്ട ഒരു ലെനിനിസ്റ്റ് ഭൂതമായി അതിനു തോന്നിത്തുടങ്ങി. സ്റ്റാലിനെ പ്രതികൂട്ടിൽ നിർത്തുമ്പോഴും മാനവിക മാർക്സിസത്തിന്റെ വിമർശം നിരാകരിക്കാൻ ശ്രമിക്കുന്നത് ലെനിനെ കൂടിയാണെന്ന് സൂക്ഷ്മവായനയിൽ വ്യക്തമാകും.ഫ്രെഡെറിക് ജെയിംസണ്‍,പോസ്റ്റ് മോഡേണ്‍ക്രിട്ടിക് |PHOTO:WIKI COMMONS
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ശക്തിയാർജിച്ച ഉത്തരാധുനിക പ്രവണതകള്‍ക്ക് മുതലാളിത്തത്തിന്റെ തടുത്തുനിർത്താനാകാത്ത കടന്നുകയറ്റമോ ചൂഷണത്തിന്‍റെ മെക്കാനിസമോ ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിഞ്ഞില്ല. മറിച്ച് ശാസ്ത്രീയവിശകലനത്തിന്‍റെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന ഉപരിപ്ലവതയിലും സിദ്ധാന്ത വിരോധത്തിലുമാണ് അത് അഭിരമിച്ചത്. ഈ ഒരു പ്രതിസന്ധി മാർക്സിസത്തിനു വീണ്ടും പുതുസ്വീകാര്യത സൃഷ്ടിക്കാന്‍ തുടങ്ങി. സിസക്കിനെ പോലുള്ള നവ ഇടതു ബുദ്ധിജീവികള്‍ പോസ്റ്റ് മോഡേണിസത്തെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തി. എന്നാൽ ഇവര്‍ ക്ലാസിക്കൽ മാർക്സിസത്തിനോടും തൊഴിലാളി വർഗ സംഘത്തോടും പുലർത്തുന്ന സമീപനം പലപ്പോഴും സന്ദിഗ്ദ്ധമാണ് എന്ന് കാണാം. പാർട്ടിക്ക് പകരം പലവിധ മൂവ്‌മെന്റുകൾ, സംഘടിത തൊഴിലാളി വർഗത്തിന് പകരം പലവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രതിരോധങ്ങൾ, സോഷ്യലിസ്റ് രാഷ്ട്രങ്ങളോടും (പ്രത്യേകിച്ച് ചൈനയോട്) പുലർത്തുന്ന സംശയാസ്പദ സമീപനം എന്നിവയൊക്കെ ശ്രദ്ധേയമാണ്.
തൊഴിലാളി വർഗം എന്നത് മാർക്സിനെ സംബന്ധിച്ച് ചരിത്രത്തിനു ഉപരിയായി നിലനിൽക്കുന്ന വിഭാഗമോ സത്താപരമായ കാറ്റഗറിയോ അല്ല. അത് മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥയിൽ, ചരക്കുവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന സാമൂഹ്യവിഭാഗമാണത്. തൊഴിലാളി വിഭാഗത്തിന്‍റെ അധിക അധ്വാനത്തില്‍ നിന്നാണ് മുതലാളിത്തം മിച്ചമൂല്യം സമാഹരിക്കുന്നത്. ഇത് ഐഡിയോളജിക്കല്‍ എന്നതിനേക്കാള്‍ ഘടനയില്‍ അന്തര്‍ഭൂതമായ കാര്യമാണ്. ഈ മെക്കാനിസത്തിന്‍റെ ശാസ്ത്രീയമായ അപഗ്രഥനമാണ് മാര്‍ക്സിസം. തൊഴിലാളി വര്‍ഗത്തിന് മുതലാളിത്തതില്‍ കൈവരുന്ന സാര്‍വത്രിക കര്‍ത്റ്പദവി ഈ ഘടനാസവിശേഷതയിലാണുള്ളത്. അതായത് തൊഴിലാളി വര്‍ഗത്തിന്‍റെ സംഘടിതശക്തിക്ക് മാത്രമേ മുതലാളിത്തത്തിന്‍റെ അന്ത്യം കുറിക്കാനും സോഷ്യലിസം കെട്ടിപ്പടുക്കാനും കഴിയൂ. മുതലാളിത്ത ബന്ധവ്യവസ്ഥയുടെ സമഗ്രതയ്ക്ക് പുറത്ത് തൊഴിലാളി വർഗത്തിന് സാംഗത്യം ഇല്ല. എന്നാൽ മുതലാളിത്തത്തിനകത്ത് ഈ വർഗത്തിന് സാർവത്രിക സാധുതയുണ്ട്. മാർക്സിസത്തിന്റെ പൊളിറ്റിക്കൽ ഇക്കണോമിക്ക് എതിരായ വിമർശത്തിന്റെ സൈദ്ധാന്തിക സാമഗ്രികൾ ഉപയോഗിച്ച് മാത്രമേ, അതായത് മാർക്സിന്റെ 'മൂലധനം' ഉപയോഗിച്ചുകൊണ്ടു മാത്രമേ മുതലാളിത്തത്തിന്റെ അടിസ്ഥാനപരമായ ഈ വൈരുദ്ധ്യത്തെ അനാവരണം ചെയ്യാൻ കഴിയൂ. ഇതാകട്ടെ വർഗസംഘാടനത്തെയും കമ്യുണിസ്റ്റ് പാർട്ടിയെയും അനിവാര്യമാക്കുകയും ചെയ്യും. എന്നാൽ പൊളിറ്റിക്കൽ എക്കണോമിയുടെ വിമര്‍ശത്തിൽ നിന്ന് ഭിന്നമായി മുതലാളിത്ത വൈരുധ്യങ്ങളുടെ സമകാലിക വിശകലനത്തിന് സാംസ്‌കാരിക പ്രവണതകളെയും ക്യാപിറ്റലിസ്റ്റ് ഐഡിയോളജിയെ തന്നെയും കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചാൽ ഈ ഒരു അനിവാര്യതയ്‌ക്കോ സാര്‍വദേശീയമായ തൊഴിലാളി വർഗ ഐക്യം എന്ന മുദ്രാവാക്യത്തിനോ നിർണാ യകത്വം ഇല്ലാതായി മാറും. സ്വാഭാവികമായും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കും കർഷക-തൊഴിലാളി ഐക്യം പോലുള്ളവയ്ക്കും പ്രസക്തി ഇല്ലാതാകും. തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങൾക്കും കോർപ്പറേറ്റ് ചൂഷണങ്ങൾക്കും എതിരായ അടിസ്ഥാനവിഭാഗങ്ങളുടെ സംഘടിത ചെറുത്തുനില്പിനും സാംഗത്യം ഇല്ലാതാകും. അത് ജനങ്ങളെ വ്യാജ മുദ്രാവാക്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുകയും ഫാസിസത്തിന് നിലമൊരുക്കുകയും ചെയ്യും.
മാര്‍ക്സിസത്തിന്‍റെ ശാസ്ത്രീയത അരക്കിട്ടുറപ്പിക്കാന്‍ അതില്‍ നിന്ന് ആശയവാദത്തിന്‍റെ ഘടകങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ച അല്‍തൂസറിനെ പിന്തുടര്‍ന്ന് കൊണ്ടാണ്‌പിന്നീട് ഐഡിയോളജിക്കല്‍ വിമര്‍ശങ്ങള്‍ നവ ഇടതുപക്ഷത്തിന്‍റെ കേന്ദ്രപ്രമേയമായി മാറിയത് എന്നതാണ് രസകരമായ കാര്യം. സ്റ്റാലിനിസ്റ്റ് മാര്‍ക്സിസത്തിലെ ഹെഗലിയന്‍ ഭൂതത്തെ കുടിയൊഴിപ്പിക്കാന്‍ പരോക്ഷമായി ശ്രമിച്ച അല്‍ത്തൂസര്‍ ചരിത്രത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ സത്താപരമായ കാറ്റഗറിയായി തൊഴിലാളി വര്‍ഗത്തെ സ്ഥാനപ്പെടുത്താനുള്ള പ്രവണതയിലേക്കാണ് സഞ്ചരിച്ചത്. ചരിത്രബാഹ്യമായ ഈയൊരു ശാസ്ത്രീയത മാര്‍ക്സിസത്തെ പ്രയോഗത്തില്‍നിന്ന് ഭിന്നമായ സൈദ്ധാന്തിക മാര്‍ക്സിസമായി പരുവപ്പെടുത്താനുള്ള സാധ്യതകള്‍ അവശേഷിപ്പിച്ചു. ഈ വൈരുദ്ധ്യത്തെ മറികടക്കാനുള്ള ശ്രമങ്ങള്‍ പടിഞ്ഞാറന്‍ മാര്‍ക്സിസത്തിന്‍റെ ബൗദ്ധിക അന്വേഷണങ്ങളെ പലതരം പ്രവണതകളിലേക്ക് നയിച്ചു. അതിന്‍റെ വിശദമായ അപഗ്രഥനം ഈ ലേഖനത്തിന്‍റെ പരിധിയില്‍ വരുന്നതല്ല.
പോസ്റ്റ് മോഡേണിസത്തിലും നവ ഇടതുചിന്തകളിലും പൊതുവായുള്ളത് തൊഴിലാളി വര്‍ഗത്തിന്‍റെ അസാന്നിദ്ധ്യമോ വര്‍ഗത്തെ അതിന്‍റെ മൂര്‍ത്തമായ ബലതന്ത്രത്തില്‍നിന്ന് മാറ്റി ദാര്‍ശനികവല്‍ക്കരിക്കുന്ന രീതിയോ ആണ്. യൂറോപ്പില്‍നിന്ന് ഉദയം കൊണ്ട് ലൊകമൊട്ടുക്കും കയറ്റുമതി ചെയ്യപ്പെട്ട ബൌദ്ധിക പ്രവണതയാണ് പോസ്റ്റ് മോഡേണിസമെങ്കില്‍, സമകാലിക മുതലാളിത്തത്തിന്‍റെ അസന്തുലിതത്വത്തിലാണ് നവ മാര്‍ക്സിസത്തിന്‍റെ അവകാശവാദങ്ങളെ പ്രതിഷ്ഠിക്കേണ്ടത്.