TMJ
searchnav-menu
post-thumbnail

Trumpverse

ദേശീയ-യാഥാസ്ഥിതിക വെള്ളക്കാരുടെ ക്രിസ്ത്യൻ അജണ്ട

09 Mar 2025   |   20 min Read
ഡെബോറ വെനീസിയേൽ

മേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ അസാധാരണവും, ചിലപ്പോൾ അവിശ്വസനീയമെന്നും തോന്നിപ്പിക്കുന്ന പ്രഖ്യാപനങ്ങളും തീരുമാനങ്ങളുമാണ് അമേരിക്കൻ പ്രസിഡന്റായുള്ള ഡൊണാൾഡ് ട്രംപിന്റെ രണ്ടാമൂഴം 100 ദിവസം പൂർത്തിയാക്കിയപ്പോൾ സംഭവിക്കുന്നത്. ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള  ട്രംപ് ഭരണകൂടത്തിന്റെ പ്രവർത്തികൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിൽ ട്രംപ് ഭരണത്തോടുള്ള ചൈനയുടെ സമീപനം എന്തായിരിക്കുമെന്ന കാര്യം ലോകം ഉറ്റുനോക്കുന്നു. ഔദ്യോഗികമായ പ്രസ്താവനകളും, പ്രഖ്യാപനങ്ങളും മാറ്റി നിർത്തിയാൽ ഇക്കാര്യത്തിൽ വലിയ വിവരങ്ങൾ ഒന്നുമില്ല. രാജ്യങ്ങൾ തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളുടെ ഔപചാരികതകൾ നിറഞ്ഞ വിവരണങ്ങൾക്ക് അപ്പുറമുള്ള ചൈനീസ് വിലയിരുത്തലിന്റെ സ്വഭാവം എന്താവും എന്നതാണ് ചോദ്യം. അതായത് ട്രംപ് പ്രതിഭാസത്തെക്കുറിച്ചുള്ള ചൈനയിലെ ബുദ്ധികേന്ദ്രങ്ങളുടെ വിലയിരുത്തൽ. അതിന്റെ ഒരു സൂചനയാണ് ഗ്വാഞ്ച എന്ന ചൈനീസ് ഡിജിറ്റൽ പ്രസിദ്ധീകരണത്തിൽ വന്ന ഒരു ലേഖനം. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒരു ചൈനീസ് പൗരന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണമാണെങ്കിലും ചൈനയുടെ ദേശീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും, പാശ്ചാത്യ വിരുദ്ധവുമായ ഒന്നായാണ് ഗ്വാഞ്ചയെ പല പാശ്ചാത്യ മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്. ട്രംപിന്റെ ദേശീയ-യാഥാസ്ഥിതിക വെള്ളക്കാരുടെ ക്രിസ്ത്യൻ അജണ്ട  (Trump's National Conservative White Christian Agenda) എന്ന പേരിൽ ഡെബോറ വെനീസിയേൽ എഴുതിയ ലേഖനം ചൈനീസ് തിങ്ക്ടാങ്കുകൾ ട്രംപ് പ്രതിഭാസത്തെ മനസ്സിലാക്കുന്ന രീതിയെ പറ്റിയുള്ള വ്യക്തമായ സൂചനകൾ നൽകുന്നു. ഇറ്റലിയിലെ വെനീസിൽ വസിക്കുന്ന വെനീസിയേൽ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ്. ആഗോള സപ്ലൈ ചെയിൻ മേഖലയിൽ 30 വർഷത്തിലധികം പ്രവർത്തി പരിചയമുള്ള അവർ Tricontinental Institute for Social Research ന്റെ ഗവേഷണങ്ങളുമായി സഹകരിക്കാറുണ്ട്. അവരുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

ഡൊണാൾഡ് ട്രംപ് | PHOTO : WIKI COMMONS
2025 ഫെബ്രുവരി പകുതിയിൽ ട്രംപ് ക്യാമ്പിന്റെ സ്ഥിതി

അമേരിക്കൻ ഭരണകൂട സമുച്ചയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ (ഇപ്പോൾ പൂർണ്ണമായും കളങ്കപ്പെട്ടതും തുറന്നുകാട്ടപ്പെട്ടതുമായ യുഎസ്എഐഡി ഉൾപ്പെടെ) വളരെ നന്നായി ആസൂത്രണം ചെയ്ത, അസാധാരണമായ ആക്രമണം അഴിച്ചു വിടുകയും യൂറോപ്യൻ വരേണ്യവർഗത്തോടുള്ള അവജ്ഞ നിർലോഭം പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് ഫെബ്രുവരി പകുതി വരെയുള്ള അവസ്ഥ.

ഇപ്പോൾ മാഗാ (MAGA) തിങ്ക് ടാങ്കുകളുടെ ഒരു സൈന്യത്തിന്റെ പിൻബലത്തിലാണ് ട്രംപ്. അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടും (AFPI) സെന്റർ ഫോർ റിന്യൂവിംഗ് അമേരിക്കയുമാണ് (CRA) ഉദ്ഘാടനത്തിനു മുമ്പുള്ള ആസൂത്രണവും, ട്രംപിന്റെ രണ്ടാമൂഴത്തിലെ അജണ്ടയായ "ട്രംപ് 47" നിർണ്ണയിക്കുന്നതിലും ആധിപത്യം പുലർത്തിയത്. ബ്യൂറോക്രസിയെ ശുദ്ധീകരിക്കുന്നതിനും, എക്സിക്യൂട്ടീവ് അധികാരം കൂടുതൽ ആക്രമണാത്മകമായി  ഉപയോഗിക്കുന്നതിനും CRA യും AFPI യും വാദിക്കുന്നു. പഴയ ഹെറിറ്റേജ് ഫൗണ്ടേഷന്റെ വലതുവശത്താണ് പുതിയ അജണ്ട. യുഎസ് വിദേശനയത്തിന്റെ എതിരാളികളെ ഇല്ലാതാക്കാനുള്ള അപകടകരമായ പദ്ധതിയായ പ്രോജക്റ്റ് 25 ൽ നിന്ന് ട്രംപ് സ്വയം അകന്നു.

മാഗായുടെയും ട്രംപിന്റെയും സാരാംശം യാഥാസ്ഥിതിക വെളുത്ത ക്രിസ്ത്യൻ സ്വഭാവസവിശേഷതകളുള്ള ദേശീയവാദമാണ്. ട്രംപ് ക്യാമ്പ് (ഔദ്യോഗിക ഭരണകൂടവും, അദ്ദേഹത്തിന്റെ സ്വാധീനശക്തിയുള്ള, അനൗപചാരിക ഉപദേഷ്ടാക്കളുടെയും കൂട്ടം) നിരവധി വിഭാഗങ്ങൾ ചേർന്നതാണ്. അവ ചിലപ്പോൾ ഓവർലാപ്പ് ചെയ്യുന്നു. ഓരോന്നിനും അതിന്റേതായ നയങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. മ്യൂണിക്കിൽ വാൻസ് (വൈസ് പ്രസിഡന്റ്) നടത്തിയ പ്രസംഗം സൂചിപ്പിക്കുന്നത് പോലെ, ഇത് വളരെ പ്രത്യയശാസ്ത്രപരമായ ഒരു ഗ്രൂപ്പാണ്. അതിൽ ഏറ്റവും കുറഞ്ഞ പ്രത്യയശാസ്ത്രജ്ഞനാണ് ട്രംപ്. ട്രംപിന്റെ ഒന്നാം ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാമൂഴം കൂടുതൽ ഫലപ്രദവും സംഘടിതവുമാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന ദീർഘകാലമായി വലതുപക്ഷത്തുള്ള വിശ്വസ്തയായ റിപ്പബ്ലിക്കൻ ഓപ്പറേറ്ററാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയ സൂസി വൈൽസ്. ട്രംപ് ക്യാമ്പിലെ നാൽപ്പത് പ്രധാന അംഗങ്ങളിൽ ഒമ്പത് പേർ ക്രിസ്ത്യൻ സയണിസത്തിന് പരസ്യമായി പിന്തുണ നൽകുന്നവരാണ്.  ആറ് പേർക്ക് ക്രിസ്ത്യൻ സയണിസ്റ്റ്നയങ്ങളുമായി ബന്ധമോ പൊതുവായ താല്പര്യമോ ഉണ്ട്. എല്ലാവരും ഈ ഘട്ടത്തിൽ ട്രംപിന്റെ ആഗ്രഹത്തിന് വിധേയരാണ്.

ഇപ്പോൾ കടിഞ്ഞാൺ ട്രംപിന്റെ കൈകളിലാണെങ്കിലും, മാഗാ ( MAGA) ഒരു വിശാലമായ "പ്രസ്ഥാനമാണ്". വോക്ക്-സാംസ്കാരിക വിരുദ്ധ വരേണ്യവർഗം, സൈനിക അനുകൂലികൾ, ബുദ്ധിജീവി വിരുദ്ധർ, ദേശീയവാദികൾ, കുടിയേറ്റ വിരുദ്ധർ എന്നിവരെല്ലാം ചേർന്ന കൂട്ടം. അതിന്റെ ചില വാചാടോപങ്ങൾ, ചിലപ്പോഴൊക്കെ, അമേരിക്കയുടെ ഇടപെടലുകൾക്കും, അമേരിക്കൻ "ഡീപ് സ്റ്റേറ്റ്" താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി തോന്നും. പീറ്റ് ഹെഗ്‌സെത്ത്, സ്റ്റീഫൻ മില്ലർ, ചാർളി കിർക്ക് എന്നിവരുൾപ്പെടെ ട്രംപിന്റെ ക്യാമ്പിലെ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ നേതൃത്വത്തിലെ അംഗങ്ങൾ വ്യത്യസ്തരാണ്. പക്ഷേ പൂർണ്ണമായും ഒറ്റപ്പെട്ട ഒരു ഗ്രൂപ്പായി നിൽക്കുന്നതിന് പകരം മറ്റ് വിഭാഗങ്ങളിൽ അവർ ഉൾച്ചേർന്നിരിക്കുന്നു. മൈക്കൽ പെൻസ് ഉൾപ്പെടെയുള്ള ചില ഇവാഞ്ചലിക്കൽ പ്രസ്ഥാന നേതാക്കളെ ട്രംപ് രണ്ടാമൂഴത്തിൽ ഒഴിവാക്കിയിട്ടുണ്ട്.

ട്രംപ് 2 ന്റെ പ്രത്യയശാസ്ത്ര ശ്രദ്ധ ഫെഡറൽ ബ്യൂറോക്രസിയെയും, "ഭരണ സംവിധാനത്തിനെയും ഇല്ലായ്മ ചെയ്യലായി മാറിയിരിക്കുന്നു. ട്രംപിന്റെ ഒന്നാം ഘട്ടത്തിൽ "ഡീപ് സ്റ്റേറ്റ്" എന്ന് മുദ്രകുത്തപ്പെട്ട ഇന്റലിജൻസ്, പ്രതിരോധ സ്ഥാപനങ്ങളെ അവർ ആക്രമിക്കുന്നു. "സാമ്പത്തിക ബാധ്യതയുടെ" പദാവലിയിൽ പൊതിഞ്ഞ ഈ അക്രമണങ്ങൾ  ഇത്തവണ പ്രത്യയശാസ്ത്രപരമായി ന്യായീകരിക്കപ്പെടുന്നു.

REPRESENTATIVE IMAGE | PHOTO :WIKI COMMONS
ട്രംപ് ഭരണകൂടത്തിന്റെ ദൈനംദിന ദിശ നിയന്ത്രിക്കാൻ അമേരിക്കയുടെ സ്ഥിര സംവിധനമായ ദേശീയ സുരക്ഷാ രാഷ്ട്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പോരടിക്കുന്ന സഹോദരങ്ങളുടെ ഒരു കൂട്ടമാണ് 'മുതലാളിത്ത രാഷ്ട്ര' മെന്ന മാർക്‌സിന്റെ പ്രസിദ്ധമായ അഭിപ്രായത്തെ ഓർമ്മിപ്പിക്കുന്നതാണ് ട്രംപ് ക്യാമ്പിനുള്ളിലെ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ. എന്നിരുന്നാലും, ട്രംപിനെ തലപ്പത്തിരുത്തി, അച്ചടക്കമുള്ള ആക്രമണം നടത്താനും, യുഎസ് ഭരണവർഗത്തിലെ എതിരാളികളെ മറികടക്കാനും  ട്രംപ് ക്യാമ്പിന് കഴിയുന്നു. കുറഞ്ഞത് ഇപ്പോൾ എങ്കിലും.

ഒരു സർക്കാരിലെ വ്യക്തിഗത അംഗങ്ങളുടെ പട്ടികയെടുക്കുമ്പോൾ ലോകവീക്ഷണം നഷ്ടപ്പെടുമെന്ന അപകടം എപ്പോഴുമുണ്ട്. മൂലധനത്തിന്റെ മൂന്ന് വിഭാഗങ്ങളാണ് തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിന് പിന്നിലെ പ്രധാന ശക്തികൾ. സൈനിക-വ്യവസായ സമുച്ചയത്തിന്റെ നേതാവാകാൻ മുന്നേറുന്ന സിലിക്കൺ വാലി. ആമസോൺ, പലന്തിർ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആൻഡൂറിൽ, സ്‌പേസ് എക്‌സ്, ഓപ്പൺഎഐ, ആന്ത്രോപിക് പിബിസി എന്നിവ അമേരിക്കൻ സൈനിക സമുച്ചയത്തിന് വേണ്ടുന്ന സുപ്രധാന ഉൽപ്പന്ന- സേവന ദാതാക്കളാണ്. മിക്കവരും ചൈനയെ അവരുടെ പ്രധാന തടസ്സമായും, ഭീഷണിയായും വിലയിരുത്തുന്നു. സൈനികം, സാങ്കേതികവിദ്യ, ധനകാര്യം എന്നിവയുടെ അവിഭാജ്യ ഘടകമായി അവർ നിലകൊള്ളുന്നു. ഫോസിൽ ഇന്ധന മൂലധന വിഭാഗത്തിന്, പുനരുപയോഗ ഊർജ്ജത്തിന്റെ ഭീഷണി ഇല്ലാതാക്കി സ്വന്തം കുത്തക നിലനിർത്തണം. മൂലധനത്തിലെ മറ്റ് വിഭാഗങ്ങൾ, പ്രധാനമായും, നിശബ്ദത പാലിക്കുകയാണ്. മേൽപ്പറഞ്ഞ മൂന്ന് വിഭാഗങ്ങളിൽ നിന്നുമായി ഭരണത്തിൽ 13 ശതകോടീശ്വരന്മാരും ചില കോടീശ്വരന്മാരുമുണ്ട്.

എല്ലാ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളിലുമെന്ന പോലെ, അമേരിക്കയിലെ നിയോഫാസിസ്റ്റുകൾക്കുള്ളിലെയും പ്രധാന ആന്തരിക വൈരുദ്ധ്യം മുതലാളിമാരും, അടിത്തട്ടിലെ, പ്രധാനമായും താഴ്ന്ന മധ്യവർഗത്തിൽ പെട്ട മാഗാ (MAGA) പ്രസ്ഥാനവും തമ്മിലുള്ളതാണ്. ട്രംപ് ക്യാമ്പിലെ, ചില സുപ്രധാന വ്യക്തികൾ ഉൾപ്പെടെയുള്ളവരുടെ രൂപരേഖ ഇതാണ്. 2025 ഫെബ്രുവരി പകുതിയിൽ ട്രംപ് ക്യാമ്പിൽ എട്ട് വിഭാഗങ്ങളെ കാണാനാവും. അവ ഇപ്രകാരമാണ്:

1: വംശീയവാദ ടെക് വെള്ളക്കാർ

2:  യുഎസ് ദേശീയവാദ പാലിയോകൺസർവേറ്റീവുകൾ

3: മാഗാ  (MAGA) & ട്രംപ് വിശ്വസ്തർ

4: ആഗോള തീവ്ര വലതുപക്ഷ സഖ്യ നിർമ്മാതാക്കൾ

5: വലതുപക്ഷ യാഥാർത്ഥ്യവാദികൾ

6: റീഗൻ കാലഘട്ടത്തിൽ ശക്തി പ്രാപിച്ച ബിസിനസ്സ് അനുകൂല, നിയന്ത്രണ വിരുദ്ധ അപ്പോസ്തലന്മാർ

7: തീവ്ര ചൈന-കമ്മ്യൂണിസ്റ്റ് വിരുദ്ധ ബ്രിഗേഡ്

8: രാഷ്ട്രീയ മാവെറിക്കുകൾ.  ട്രംപിൻറെ അടിത്തറ വികസിപ്പിക്കുകയും, ഡെമോക്രാറ്റുകളെ ദുർബലപ്പെടുത്തുകയും ചെയ്ത കൂട്ടർ.

ടെക് വൈറ്റ് വംശീയവാദി ലിബർട്ടേറിയൻസ്: AI, ക്രിപ്‌റ്റോ തുടങ്ങിയ നിർണ്ണായക സാങ്കേതികവിദ്യകൾ കയ്യടക്കുന്നതിനായി ഭരണകൂടത്തിന്റെ പ്രധാന കണ്ണികളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഈ സംഘം ശ്രമിക്കുന്നു. അതിലെ പ്രധാനികളിലെ ആദ്യ മൂന്ന് പേരുകൾ  'പേ-പാൽ മാഫിയ'യുടെ ഭാഗമാണ്. വർണ്ണവിവേചന കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കൻ/നമീബിയൻ ബാല്യകാല അനുഭവങ്ങളും ബന്ധങ്ങളും അവർക്കുണ്ട്.

പ്രധാന വ്യക്തികൾ: പീറ്റർ തീൽ (സാങ്കേതിക-ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പാലന്തിറിന്റെ ചെയർമാൻ): ഭൗമ-രാഷ്ട്രീയ മേഖലയിൽ ഏറ്റവും തന്ത്രപ്രധാനമായ പങ്കു വഹിക്കുന്ന ടെക് കോടീശ്വരൻ. സൈനിക-വ്യവസായ സമുച്ചയത്തിന്റെ സാങ്കേതികവിദ്യാധിഷ്ഠിത വിഭാഗത്തിന്റെ നേതാവാണ് അദ്ദേഹം. നിരീക്ഷണ-നിയന്ത്രിതമായ ഭരണത്തെയും "ജനാധിപത്യാനന്തര" ഭരണത്തെയും അദ്ദേഹം പിന്തുണയ്ക്കുന്നു. "സ്വാതന്ത്ര്യവും ജനാധിപത്യവും പൊരുത്തപ്പെടുന്നില്ലെന്ന് ഞാൻ ഇനി വിശ്വസിക്കുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വർണ്ണവിവേചന നമീബിയയിൽ ഒരു ബിസിനസുകാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അപ്പോൾ രൂപപ്പെട്ട വംശീയ വീക്ഷണങ്ങൾ കൂടുതൽ ഉറച്ചു.  

ഇലോൺ മസ്‌ക് (സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ [DOGE) യഥാർത്ഥ തലവൻ: പ്രഭുക്കൾ, ദേശീയവാദികൾ, സയണിസ്റ്റുകൾ, ലിബർട്ടേറിയൻ, ട്രാൻസ്‌ഹ്യൂമാനിസ്റ്റുകൾ എന്നിവയാണ് അദ്ദേഹത്തിന്റെ ലോകം. മനുഷ്യരും, AIയും ഒന്നാവുന്ന ഒരു AI ഭാവി അദ്ദേഹം ഭാവന ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെ പിന്തുണച്ച ഒരു തീവ്ര വലതുപക്ഷ കുടുംബത്തിൽ വളർന്നത് അദ്ദേഹത്തെ വെളുത്ത വംശീയതയിലും, നാസി അനുകമ്പയിലേക്കും നയിച്ചു. അദ്ദേഹം യഥാർത്ഥ നാസികളുടെ ചെറുമകനാണ്. അദ്ദേഹത്തിന്റെ നാസി സല്യൂട്ട് ക്ഷമാപണത്തോടെ തള്ളിക്കളയപ്പെട്ടു.

ഇലോൺ മസ്‌ക് | PHOTO : WIKI COMMONS
ഡേവിഡ് സാക്സ് (AI, ക്രിപ്‌റ്റോകറൻസി ):  ടെക്നോ-സ്വേച്ഛാധിപത്യത്തെയും, കോർപ്പറേറ്റ്-ടെക്നോക്രാറ്റിക് ഭരണത്തെയും പിന്തുണയ്ക്കുന്നു. 2016-ൽ അദ്ദേഹം പറഞ്ഞു, "കൊളോണിയൽ വിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യൻ ജനതയ്ക്ക് സാമ്പത്തികമായി വിനാശകരമാണ്"

യുഎസ് ദേശീയവാദികളും പാലിയോകൺസർവേറ്റീവുകളും: ദേശീയ പരമാധികാരം, സാമ്പത്തിക സംരക്ഷണവാദം, "നിയന്ത്രിതമായ" വിദേശനയം എന്നിവയ്ക്ക് വേണ്ടി വാദിക്കുന്നവരിൽ ശ്രദ്ധേയരായവർ.

ജെ.ഡി. വാൻസ് (വൈസ് പ്രസിഡന്റ്): പീറ്റർ തീലിന്റെ സംരക്ഷകൻ.

സ്റ്റീഫൻ മില്ലർ: (സീനിയർ ഉപദേഷ്ടാവ്).

ടക്കർ കാൾസൺ: (മീഡിയ ഇൻഫ്ലുവൻസർ): സാമ്രാജ്യത്വ വിരുദ്ധ വലതുപക്ഷത്തിന്റെ നേതാവ്, വിദേശ ഇടപെടലുകൾക്കെതിരായ ഏറ്റവും സ്ഥിരതയുള്ള ശബ്ദവും പുടിനോട് അനുഭാവവുമുള്ളയാൾ.

മൈക്കൽ ആന്റൺ: (നയ വിശകലനത്തിനായുള്ള ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ്): ഒരുപക്ഷേ തീവ്ര വലതുപക്ഷ ബുദ്ധിജീവികളിൽ ഏറ്റവും മിടുക്കനായി കരുതപ്പെടുന്നയാൾ. അമേരിക്കയിൽ 'സീസറിസത്തിനായി' വാദിക്കുന്നു. വാൻസിനോട് അടുപ്പമുള്ളയാളാണ്.

മൈക്കൽ വാൾട്ട്സ്: (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്).

റാൻഡ് പോൾ: (വിദേശനയ ഉപദേഷ്ടാവ്)

മാഗാ & ട്രംപ് വിശ്വസ്തർ: പ്രസിഡന്റ് ട്രംപിന്റെ അജണ്ടയ്ക്കുള്ള അചഞ്ചലമായ പിന്തുണ നൽകുന്നവർ. അദ്ദേഹത്തിനോടുള്ള വിശ്വസ്തതയും, യോജിപ്പും ഊന്നിപ്പറയുന്ന പ്രമുഖരിൽ ഇവർ ഉൾപ്പെടുന്നു:

പീറ്റ് ഹെഗ്സെത്ത്: (പ്രതിരോധ സെക്രട്ടറി): സൈന്യത്തിൽ നിന്ന് ഡിഇഐ-യെ ഒഴിവാക്കുന്നതിൽ അഭിനിവേശമുള്ള തീവ്ര ക്രിസ്ത്യൻ സയണിസ്റ്റ്.

പാം ബോണ്ടി: (അറ്റോണി ജനറൽ).

ചാർലി കിർക്ക്: ടേണിങ് പോയിന്റ് യുഎസ്എയുടെ (ടിപിയുഎസ്എ) സ്ഥാപകനും പ്രസിഡന്റും: സ്വതന്ത്ര വിപണി, പരിമിത സർക്കാർ എന്നീ ആശയങ്ങൾ യുവജനതക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന പ്രമുഖ യാഥാസ്ഥിതിക സംഘടനയാണ് ടിപിയുഎസ്എ.

ലോറി ചാവേസ്-ഡിറെമർ: (തൊഴിൽ സെക്രട്ടറി).

ഷോൺ ഡഫി: (ഗതാഗത സെക്രട്ടറി).

ഡഗ് കോളിൻസ്: (വെറ്ററൻസ് അഫയേഴ്‌സ് സെക്രട്ടറി).

ക്രിസ്റ്റി നോം: (ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി).

എലിസ് സ്റ്റെഫാനിക്: (യുഎന്നിലെ യുഎസ് അംബാസഡർ)

ആഗോള തീവ്ര വലതുപക്ഷ സഖ്യ നിർമ്മാതാക്കൾ: സ്ഥിരമായ നിലയിൽ ഒരു അന്തർദേശീയ തീവ്ര ദേശീയവാദ ശൃംഖല വളർത്തിയെടുക്കുന്നതിനും ആഗോളതലത്തിൽ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളെ വികസിപ്പിക്കാനും, പിന്തുണയ്ക്കാനും, യോജിപ്പിക്കാനും ശ്രമിക്കുന്ന വിഭാഗം.

സ്റ്റീവ് ബാനൻ: മുഖ്യ തന്ത്രജ്ഞൻ, അനൗദ്യോഗിക ആഗോള ട്രംപ് ഓപ്പറേറ്റർ: ട്രംപിസത്തിന് ബോൾസോനാരോ (ബ്രസീൽ), മിലേ (അർജന്റീന), ലെ പെൻ (ഫ്രാൻസ്), ഓർബൻ (ഹംഗറി) തുടങ്ങിയ ആഗോള തീവ്ര വലതുപക്ഷ നേതാക്കൾക്കും പ്രധാന പ്രത്യയശാസ്ത്ര കണ്ണി. തൊഴിലാളി വർഗത്തിനായുള്ള ഒരു "സാംസ്കാരിക വലതുപക്ഷ" വക്താവായി അദ്ദേഹം സ്വയം മുദ്രകുത്തുന്നു, ചിലപ്പോൾ സമ്പന്നർക്ക് ഉയർന്ന നികുതികൾ ആവശ്യപ്പെടുന്നു. ചൈന വിരുദ്ധമാണ്. പക്ഷേ , അത് അദ്ദേഹത്തിന്റെ പ്രധാന മേഖലയല്ല. ഒരു ആഗോള തീവ്ര വലതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്നതാണ് അത്.

നിഗൽ ഫാരേജ്: യൂറോപ്യൻ കാര്യങ്ങളുടെ ഉപദേഷ്ടാവ്, റിഫോം യുകെയുടെ നേതാവ്: അറ്റ്ലാന്റിക് സമുദ്രത്തിലെ വലതുപക്ഷ ഏകോപനത്തിൽ, പ്രത്യേകിച്ച് യുകെയിലും യൂറോപ്യൻ യൂണിയനിലും അദ്ദേഹം ഒരു പ്രധാന വ്യക്തിയാണ്. എന്നിരുന്നാലും, ട്രംപിന്റെ ക്യാമ്പിലെ അദ്ദേഹത്തിന്റെ സ്വാധീനം അനിശ്ചിതത്വത്തിലാണ്.

വലതുപക്ഷ യാഥാർത്ഥ്യവാദികൾ (റിയലിസ്റ്റുകൾ): ട്രംപിനെ ഒരു വിഡ്ഢിയായി കാണുന്ന ബോൾട്ടനെപ്പോലുള്ളവരുടെ വീക്ഷണങ്ങളെ ഈ സംഘം നിരസിക്കുന്നു. അവർ "നിയന്ത്രണക്കാർ" എന്നറിയപ്പെടുന്നു. അമിതമായ വികാസവാദത്തെ നിരാകരിക്കുന്നു. ഇറാനെ നിയന്ത്രിക്കണം, ആക്രമിക്കരുത്, ആണവ ഇറാൻ പോലും ഇസ്രായേലിനോ, യുഎസിനോ ഭീഷണിയല്ല എന്ന കാഴ്‌ചപ്പാടുകൾ പുലർത്തുന്ന പ്രമുഖർ ഇവരാണ്.  

എൽബ്രിഡ്ജ് കോൾബി (നയരൂപീകരണത്തിനായുള്ള പ്രതിരോധ അണ്ടർ സെക്രട്ടറി): ഇന്തോ-പസഫിക് മേഖലക്ക് മുൻഗണന നൽകുന്നതിനും, ചൈനയെ നിയന്ത്രിക്കുന്നതിനുമൊപ്പം, മിഡിൽ ഈസ്റ്റിലും, യൂറോപ്പിലും യുഎസ് സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നു. നിക്സണിന്റെയും ഫോർഡിന്റെയും കാലഘട്ടത്തിൽ സിഐഎ ഡയറക്ടർ ആയിരുന്ന വില്യം കോൾബിയുടെ മകൻ.

ജോൺ റാറ്റ്ക്ലിഫ്: സിഐഎ ഡയറക്ടർ: ഇന്റലിജൻസ് ഏജൻസികളെ പറ്റി സംശയാലു.  

മൈക്കൽ ഡിമിനോ: മിഡിൽ ഈസ്റ്റിനായുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി: മിഡിൽ ഈസ്റ്റ് അമേരിക്കക്ക് നിർണായക പ്രാധാന്യമുള്ളതല്ലെന്ന് വിശ്വസിക്കുന്നു. ഗാസയിൽ നിന്ന് ഹമാസിനെ ഉന്മൂലനം ചെയ്യാനുള്ള ഏതൊരു ശ്രമവും മണ്ടത്തരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്റ്റീവ് വിറ്റ്കോഫ്: ട്രംപിനോട് അടുപ്പമുള്ള റിയൽ എസ്റ്റേറ്റ് ശതകോടീശ്വരൻ: ഗാസക്കും, യുക്രൈനുമായുള്ള  പ്രതിനിധി.

സ്റ്റീവ് വീറ്റ്കോഫും ട്രംപും | PHOTO : WIKI COMMONS
റീഗനിസ്റ്റ് ബിസിനസ് അനുകൂലികളും നിയന്ത്രണ വിരുദ്ധരുമായ അപ്പോസ്തലരിൽ  പ്രധാനികൾ

സ്കോട്ട് ബെസെന്റ്: ട്രഷറി സെക്രട്ടറി.

റസ്സൽ വോട്ട് : ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടർ: പരമ്പരാഗത ജോൺ ബിർച്ചർ (1960 കളിലെ തീവ്ര വലതുപക്ഷം) വിശ്വാസിയെ പോലെ തോന്നിക്കുന്ന അദ്ദേഹം ഡെമോക്രാറ്റുകൾ കമ്മ്യൂണിസ്റ്റുകളാണെന്ന് വിശ്വസിക്കുന്നു.

ക്രിസ് റൈറ്റ്: ഊർജ്ജ സെക്രട്ടറി: സിഇഒ, ലിബർട്ടി ഓയിൽഫീൽഡ് സർവീസസ്.

ഡഗ് ബർഗം: ആഭ്യന്തര സെക്രട്ടറി.

ബ്രൂക്ക് റോളിൻസ്: കൃഷി സെക്രട്ടറി.

ഹോവാർഡ് ലുട്‌നിക്: കൊമേഴ്‌സ് സെക്രട്ടറി.

ലീ സെൽഡിൻ: ഇപിഎയുടെ അഡ്മിനിസ്ട്രേറ്റർ.

കടുത്ത ചൈന-കമ്മ്യൂണിസ്റ്റ് വിരുദ്ധ ബ്രിഗേഡ്: ഗൂഢാലോചനാപരവും ആരാധനാക്രമം പോലുള്ളതുമായ പെരുമാറ്റങ്ങൾ പ്രകടിപ്പിക്കുകയും, സകല ആഗോള പ്രശ്‌നങ്ങളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ ലെൻസിലൂടെ വീക്ഷിക്കുകയും ചെയ്യുന്നവർ. തീവ്ര പ്രത്യയശാസ്ത്ര തീക്ഷ്ണതയ്ക്ക് പേരുകേട്ടവർ. ചൈനയെ ഒരു ഭൗമരാഷ്ട്രീയ എതിരാളിയായി മാത്രമല്ല, അസ്തിത്വപരമായ പ്രത്യയശാസ്ത്ര ശത്രുവായും അവർ കാണുന്നു, വെനിസ്വേല, ക്യൂബ, മറ്റ് ഇടതുപക്ഷ ഭരണകൂടങ്ങൾ എന്നിവയോട് ശീതയുദ്ധ ശൈലിയിലുള്ള ശത്രുത നിലനിർത്തുന്നു, ചൈനയെ കേന്ദ്ര യുദ്ധക്കളമായി കണ്ട് മുൻഗണന നൽകുന്നു.

പീറ്റർ തീൽ: കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടുള്ളയാൾ. ചൈനയുമായി സഹകരിക്കുന്ന ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ രാജ്യദ്രോഹം ചെയ്യുന്നുവെന്നും, അത് അങ്ങേയറ്റത്തെ വിഘടന തന്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വാദിക്കുന്നു.

മാർക്കോ റൂബിയോ: സ്റ്റേറ്റ് സെക്രട്ടറി: വെനിസ്വേല, ക്യൂബ, ചൈന എന്നിവയ്‌ക്കെതിരായ നിലപാടിന് പേരു കേട്ടയാൾ. തന്റെ നിലപാടുകൾ ഭരണകൂടത്തിനുള്ളിൽ പൂർണ്ണമായും ഉറപ്പിക്കാൻ കഴിയുന്നില്ല യുഎസ്എഐഡിയെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ലാൻഡൻ ഹെയ്ഡ്: എക്സ്പോർട്ട് അഡ്മിനിസ്ട്രേഷനുള്ള കൊമേഴ്‌സ് അസിസ്റ്റന്റ് സെക്രട്ടറി: യുഎസ് സാങ്കേതികവിദ്യ ചൈനക്ക് അപ്രാപ്ര്യമാക്കുന്നതിനും, കയറ്റുമതി നിയന്ത്രണങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.

പീറ്റർ നവാരോ: സീനിയർ കൗൺസിലർ ഫോർ ട്രേഡ് ആൻഡ് മാനുഫാക്ചറിംഗ്: അദ്ദേഹത്തിന്റെ "ഡെത്ത് ബൈ ചൈന" എന്ന പുസ്തകം ട്രംപ് 1 ന്റെ ചൈന വിരുദ്ധ നിലപാട് രൂപപ്പെടുത്താൻ സഹായിച്ചു.

ജാമിസൺ ഗ്രീർ: യുഎസ് വ്യാപാര പ്രതിനിധി.

ട്രംപിന്റെ അടിത്തറ വികസിപ്പിച്ച, ഡെമോക്രാറ്റുകളെ ദുർബലപ്പെടുത്തിയ രാഷ്ട്രീയ മാവെറിക്കുകൾ:

തുളസി ഗബ്ബാർഡ്: ദേശീയ ഇന്റലിജൻസ് ഡയറക്ടർ

റോബർട്ട് എഫ്. കെന്നഡി ജൂനിയർ: ആരോഗ്യ-മനുഷ്യ വിഭവ സേവന സെക്രട്ടറി.

റോബർട്ട് എഫ്. കെന്നഡി ജൂനിയർ | PHOTO : WIKI COMMONS
അമേരിക്കൻ ഗ്രാൻഡ് സ്ട്രാറ്റജി (ജിയോപൊളിറ്റിക്കൽ, മിലിട്ടറി, ന്യൂക്ലിയർ) സംബന്ധിച്ച പ്രസിഡന്റിന്റെ കൗൺസിലാണ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എൻ‌എസ്‌സി). അമേരിക്കൻ ഭരണകൂട സമുച്ചയത്തിന്റെ പൊളിറ്റിക്കൽ ബ്യൂറോ എന്ന് ഇതിനെ വിളിക്കാനാവും. നിലവിലെ നിയമപ്രകാരം അതിലെ സ്റ്റാറ്റ്യൂട്ടറി അംഗങ്ങൾ:

ഡൊണാൾഡ് ട്രംപ്,: പ്രസിഡന്റ്

ജെ.ഡി. വാൻസ്: വൈസ് പ്രസിഡന്റ്

മാർക്കോ റൂബിയോ: സ്റ്റേറ്റ് സെക്രട്ടറി

പീറ്റ് ഹെഗ്സെത്ത്: പ്രതിരോധ സെക്രട്ടറി

ക്രിസ് റൈറ്റ്: ഊർജ്ജ സെക്രട്ടറി

സ്കോട്ട് ബെസെന്റ്: ട്രഷറി സെക്രട്ടറി

ജെറാൾഡ് പാർക്കർ: മഹാമാരി തടയൽ തയ്യാറെടുപ്പ്, പ്രതികരണ നയം എന്നിവയുടെ ഓഫീസ് ഡയറക്ടർ

ട്രംപിന്റെ കീഴിൽ നിയമിതരായ മറ്റുള്ളവർ ഇവരാണ്:

മൈക്കൽ വാൾട്ട്സ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ക്രിസ്റ്റി നോം: ആഭ്യന്തര സുരക്ഷാ സെക്രട്ടറി

പാം ബോണ്ടി: അറ്റോർണി ജനറൽ

ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡർ എലിസ് സ്റ്റെഫാനിക്

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്

ഡഗ് ബർഗം, ആഭ്യന്തര സെക്രട്ടറി: (എണ്ണമേഖലയിലെ ശതകോടീശ്വരൻ ഹരോൾഡ് ഹാമിന്റെ അടുത്തയാൾ)

എപ്പോഴും അപകടകരമായ ഒന്നാണ് എൻ എസ് സി ( NSC). ലോകമെമ്പാടും യുദ്ധങ്ങൾ, അട്ടിമറികൾ, വർണ്ണ വിപ്ലവങ്ങൾ, കൊലപാതകങ്ങൾ, ഉപരോധങ്ങൾ, മറ്റ് രാജ്യങ്ങൾ, പുരോഗമന ശക്തികൾ, വ്യക്തികൾ എന്നിവയ്‌ക്കെതിരായ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അത് നേതൃത്വം നൽകുന്നു. 1947 മുതൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒന്നായി അതിനെ കാണാം.

എൻ എസ് സി (NSC) യിൽ ഏറ്റവും ശക്തമായ സ്വാധീനമുള്ള മുതലാളിയാണ് പീറ്റർ തീലാണ്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ഒരാൾ. അദ്ദേഹം സമർപ്പിത വെളുത്ത മേധാവിത്വവാദിയും ഫാസിസ്റ്റുമാണ്. യുഎസിലെ ഏറ്റവും തിളക്കമുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധൻ. ട്രംപുമായി തീലിന് അടുത്ത ബന്ധമുണ്ട്. ഇനിപ്പറയുന്ന ആറ് എൻ എസ് സി (NSC) അംഗങ്ങളുമായി അദ്ദേഹം സാമ്പത്തികമായും, രാഷ്ട്രീയമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഡൊണാൾഡ് ട്രംപും പീറ്റർ തീലും | PHOTO : WIKI COMMONS  
ജെ.ഡി. വാൻസ്: വാൻസിന്റെ 2022-ലെ കാമ്പെയ്‌നിനെ പിന്തുണയ്ക്കുന്ന ഒരു സൂപ്പർ പി‌എസിയിലേക്ക് തീൽ ദശലക്ഷക്കണക്കിന് ഡോളർ നൽകി. ഒരു ദശാബ്ദം മുമ്പ് തീൽ വാൻസിനെ സംരക്ഷകനായി അംഗീകരിച്ചു.

പീറ്റ് ഹെഗ്‌സെത്ത്: അദ്ദേഹത്തിന്റെ ആഭ്യന്തര വൃത്തത്തിൽ പാലന്തിർ, ആൻഡൂറിൽ എക്സിക്യൂട്ടീവുകൾ ഉൾപ്പെടുന്നു. സൈനിക-സാങ്കേതിക ശൃംഖലയുമായുള്ള തീലിന്റെ അടുത്ത ബന്ധം ഇത് പ്രകടമാക്കുന്നു. തീലിന്റെ ഹെഡ്ജ് ഫണ്ടിൽ നിന്നുള്ള ഒരു മുൻ ഉപദേഷ്ടാവും ഹെഗ്‌സെത്തിന്റെ അറിയപ്പെടുന്ന സഹകാരികളിൽ ഒരാളാണ്.

ക്രിസ് റൈറ്റ്: എനർജി സ്റ്റാർട്ടപ്പ് ആയ ഒക്‌ലോ വഴിയാണ് അദ്ദേഹം തീലുമായി ബന്ധപ്പെട്ടിരിക്കുന്നത്. റൈറ്റ് ഒക്‌ലോയുടെ ബോർഡിൽ ഇരിക്കുന്നു, പീറ്റർ തീലിന്റെ വെഞ്ച്വർ സ്ഥാപനം ആ കമ്പനിയിലെ പ്രധാന നിക്ഷേപകരാണ്.

സൂസി വൈൽസ്: അരിസോണയിലെ ബ്ലേക്ക് മാസ്റ്റേഴ്‌സിനായി തീൽ ഫണ്ട് ചെയ്യുന്ന ഗ്രൂപ്പായ "സേവിംഗ് അരിസോണ പി‌എസി" യുടെ ശമ്പളപ്പട്ടികയിൽ വൈൽസ് ഉണ്ടായിരുന്നു. തീലുമായി അവർ അടുത്ത് പ്രവർത്തിക്കുകയും തീലിന്റെ പിന്തുണയുള്ള വലതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളുടെ സഖ്യമായ റോക്ക്ബ്രിഡ്ജ് നെറ്റ്‌വർക്ക് നടത്തിയ ഒരു പരിപാടിയിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

പാം ബോണ്ടി: ട്രംപിന്റെ 2016 ലെ പ്രസിഡന്റ് പരിവർത്തന ടീമിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീൽ അവരോടൊപ്പം പ്രവർത്തിച്ചു.

മൈക്കൽ വാൾട്ട്സ്: 2022 ലെ ഫ്ലോറിഡയിലെ പ്രചാരണത്തിന് തീൽ നേരിട്ട് സംഭാവനകൾ നൽകി.

തീൽ ഫണ്ട് ചെയ്ത ഒരു പദ്ധതിയായ നാഷണൽ കൺസർവേറ്റീവ് കോൺഫറൻസിൽ (നാറ്റ്കോൺ) മാർക്കോ റൂബിയോയും തീലും പലപ്പോഴും മുഖ്യ പ്രഭാഷകരായി പ്രത്യക്ഷപ്പെടുന്നു. ട്രംപ് 1-ൽ, തീൽ അനുയായികളെ ദേശീയ സുരക്ഷയിലെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചിരുന്നു. തന്ത്രപരമായ ആസൂത്രണത്തിനായി കെവിൻ ഹാരിംഗ്ടണിനെ പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ആയി നിയമിച്ചു. എൻ‌എസ്‌സിയിൽ വലതുപക്ഷ യാഥാർത്ഥ്യവാദികളില്ല എന്നത് ശ്രദ്ധേയമാണ്. ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും അങ്ങനെയല്ല. സൈനിക, രഹസ്യാന്വേഷണ വൃത്തങ്ങളിൽ തീലിന്റെ രാഷ്ട്രീയ സ്വാധീനം അമേരിക്കക്കും അപ്പുറമാണ്. 2007 മുതൽ കുപ്രസിദ്ധമായ ട്രാൻസ്-അറ്റ്ലാന്റിക് ബിൽഡർബർഗ് വാർഷിക മീറ്റിംഗുകളിൽ രണ്ടെണ്ണത്തിൽ ഒഴികെ (2017-2018) ബാക്കി എല്ലാറ്റിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2020-2021ൽ മീറ്റിംഗുകളൊന്നും നടന്നിട്ടില്ല.

2016 ആയപ്പോഴേക്കും അദ്ദേഹം അതിന്റെ ശക്തമായ സ്റ്റിയറിംഗ് കമ്മിറ്റിയിൽ അംഗമായിരുന്നു. ഈ കാലയളവിൽ ഹെൻറി കിസിംഗറും ഒരുപക്ഷേ മേരി-ജോസി ക്രാവിസും ഒഴികെയുള്ള മറ്റ് അമേരിക്കക്കാർ ആരും കൂടുതൽ മീറ്റിംഗുകളിൽ പങ്കെടുത്തില്ല. ഗൂഗിളിൽ നിന്നുള്ള എറിക് ഷ്മിഡ്റ്റാണ് ബിൽഡർബർഗിലെ മറ്റൊരു സ്ഥിരം കക്ഷി. മുൻ വർഷങ്ങളിൽ, ഡേവിഡ് റോക്ക്ഫെല്ലർ, ജോർജ്ജ് ബോൾ (മുൻ അണ്ടർസെക്രട്ടറി ഓഫ് സ്റ്റേറ്റ്, യുഎസ് ട്രഷറി ഉദ്യോഗസ്ഥൻ), പോൾ വോൾക്കർ (മുൻ ഫെഡറൽ റിസർവ് ചെയർമാൻ) എന്നിവർ അതിലെ പ്രബലരായ വ്യക്തികളായിരുന്നു.

ബിൽഡർബർഗ് കോൺഫറൻസിൽ പങ്കെടുക്കുന്നവരുടെ എണ്ണം, 1954ൽ ആരംഭിച്ചതുമുതൽ -- ചാത്തം ഹൗസിന്റെ (Chatham House) രഹസ്യസ്വഭാവം എന്നിവ കണക്കിലെടുക്കുമ്പോൾ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് വിധേയമാണ്. ഗൂഢാലോചന സിദ്ധാന്തങ്ങൾ മാറ്റി നിർത്തിയാൽ പോലും അതിൽ പങ്കെടുക്കുന്നവരുടെ പട്ടിക ശ്രദ്ധേയമാണ്. പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, പ്രമുഖ ജനറൽമാർ, സൈനിക, ഇന്റലിജൻസ് ഡയറക്ടർമാർ, മന്ത്രിമാർ, അക്കാദമിക്കുകൾ, തിങ്ക് ടാങ്കുകൾ, ജേണലിസം എന്നീ മേഖലകളിൽ നിന്നുള്ള വിശ്വസ്തരായ (പാശ്ചാത്യ)  അംഗങ്ങൾ അതിൽ പങ്കെടുക്കുന്നു.

ഓരോ മീറ്റിംഗിലും ഏകദേശം 125 പേർ പങ്കെടുക്കുന്നു. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുന്നവരേക്കാൾ വളരെ കുറവ് ആളുകൾ മാത്രമേ ഇതിൽ പങ്കെടുക്കുന്നുള്ളൂ. 2024ൽ, ആകെ പങ്കെടുത്ത 131 പേരിൽ 32 പേർ അമേരിക്കയിൽ നിന്നുള്ളവരായിരുന്നു. അതിൽ പതിനൊന്ന് പേർ വൻകിട ബിസിനസുകാരായിരുന്നു. സാങ്കേതികവിദ്യയിൽ നിന്നുള്ള ഏഴ് പേർ: തീൽ കാപ്പിറ്റൽ എൽഎൽസി (രണ്ട് പേർ - പീറ്റർ തീലും അദ്ദേഹത്തിന്റെ സിഇഒ അലക്സ് കാർപ്പും) ഗൂഗിൾ, മൈക്രോസോഫ്റ്റ് റിസർച്ച്, പാലന്തിർ ടെക്നോളജീസ് ഇൻകോർപ്പറേറ്റഡ്, ആൻഡൂറിൽ ഇൻഡസ്ട്രീസ്. ആന്ത്രോപിക് പിബിസി എന്നിവരായിരുന്നു മറ്റുള്ളവർ. ഈ ഏഴുപേരും അമേരിക്കൻ സൈനിക കരാറുകാരാണ്.

അമേരിക്കൻ  ഗവൺമെന്റിലെ ഏഴ് അംഗങ്ങളും സന്നിഹിതരായിരുന്നു: സ്ട്രാറ്റജിക് പ്ലാനിംഗിനായുള്ള സീനിയർ ഡയറക്ടർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ ടെക്നോളജി ആൻഡ് നാഷണൽ സെക്യൂരിറ്റിക്കായുള്ള സീനിയർ ഡയറക്ടർ, നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി ഉപദേഷ്ടാവ്, നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ്, സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസി ഡയറക്ടർ, മുൻ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡിപ്പാർട്ട്മെന്റ്.

മുൻ സിഐഎ ഡയറക്ടറും ഫോർ-സ്റ്റാർ ജനറലുമായ ഡേവിഡ് എച്ച്. പെട്രൂസ്, കെകെആറിന്റെ പ്രതിനിധിയായി പങ്കെടുത്തു. അദ്ദേഹം പതിവായി പങ്കെടുക്കുന്ന ആളാണ്. ബോയിംഗും, ലോക്ക്ഹീഡും ക്ഷണിക്കപ്പെട്ടിരുന്നില്ല. പീറ്റർ തീൽ പതിനേഴു വർഷമായി അമേരിക്കൻ സൈനിക-ഇന്റലിജൻസ്-കോർപ്പറേറ്റ് ശൃംഖലയുടെ കേന്ദ്രത്തിൽ സ്വയം ശ്രദ്ധാപൂർവം പ്രതിഷ്ഠിച്ചു. ഡിഫൻസ് ഇന്നൊവേഷൻ ബോർഡിന്റെ (ഡിഐബി) അധ്യക്ഷൻ ഉൾപ്പെടെ യുഎസ് സൈനിക ഇന്റലിജൻസിൽ എറിക് ഷ്മിഡിന് കൂടുതൽ ഔപചാരിക റോളുകൾ ഉണ്ടായിരുന്നു, പക്ഷേ രാഷ്ട്രീയ മേഖലയിലേക്ക് അത്ര സജീവമായി  പ്രവേശിച്ചിട്ടില്ല. ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായി കരുതപ്പെടുന്ന നോൺ-സ്റ്റേറ്റ് വ്യക്തിയാണ് തീൽ.

മറ്റൊരു അപകടകരമായ സൂചന, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ തലവനെ ട്രംപ് പുറത്താക്കിയതായിരുന്നു. പകരം വലതുപക്ഷ ലെഫ്റ്റനന്റ് ജനറൽ ഡാൻ കെയ്‌നെ നിയമിച്ചു. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കാര്യമായ പദവികൾ അദ്ദേഹം വഹിച്ചിട്ടില്ലാത്തതിനാൽ ആ നിയമനം അസാധാരണമായ ഒന്നായി കണക്കാക്കപ്പെടുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ജെ‌എ‌ജികളെ പുറത്താക്കുമെന്ന് പറഞ്ഞു. അവർ കരസേന, നാവികസേന, വ്യോമസേന എന്നിവയ്‌ക്കായി സൈനിക നീതിന്യായ കോഡ് നടപ്പിലാക്കുന്ന സൈനിക അഭിഭാഷകരാണ്. ഇതൊരു  അശുഭകരമായ സൂചനയാണ്.

വിദേശനയത്തിൽ ട്രംപ് ചെലുത്തിയ സ്വാധീനത്തിന്റെ തിരഞ്ഞെടുത്ത വശങ്ങൾ: “അമേരിക്കയ്ക്കുള്ള അയൺ ഡോം” എക്സിക്യൂട്ടീവ് ഉത്തരവ് 2025 ജനുവരി 27-ന് “അമേരിക്കയ്ക്കുള്ള അയൺ ഡോം” എന്ന പേരിൽ ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ബാലിസ്റ്റിക്, ഹൈപ്പർസോണിക്, അഡ്വാൻസ്ഡ് ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെയുള്ള വിവിധ മിസൈൽ ഭീഷണികളിൽ നിന്ന് അമേരിക്കയെ പ്രതിരോധിക്കാൻ കഴിവുള്ള ഒരു സമഗ്ര കവചം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇതിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു: 1. കരയിലും ബഹിരാകാശത്തും അഡ്വാൻസ്ഡ് സെൻസറുകളുടെയും ഇന്റർസെപ്റ്ററുകളുടെയും വിന്യാസം 2. നോൺ-കൈനറ്റിക് ഡിഫൻസ് ശേഷികളുടെ വികസനം (ലേസറുകൾ, ഇഎംപികൾ മുതലായവ) 3. എല്ലാ ഘടകങ്ങൾക്കും സപ്ലൈ ചെയിൻ സുരക്ഷ വർദ്ധിപ്പിക്കൽ.

അമേരിക്കയുടെ ന്യുക്ലിയർ എംപ്ലോയ്‌മെന്റ് സ്ട്രാറ്റജിയെക്കുറിച്ചുള്ള 2024 ലെ പ്രതിരോധ വകുപ്പിന്റെ റിപ്പോർട്ടിൽ ആവർത്തിച്ച അമേരിക്കൻ സൈനിക പ്രതിരോധ സിദ്ധാന്തത്തിന്റെ ദുഷ്ടകരമായ വികാസമായി അയൺ ഡോമിനെ കാണാം. എതിരാളിയുടെ സൈനിക-ആണവ ശേഷികളിൽ ആദ്യ ആക്രമണത്തിലൂടെ, ആണവ ആക്രമണം നടത്താനുള്ള കഴിവ് പ്രാപ്തമാക്കുക എന്നതാണ് അതിന്റെ സാരാംശം.

റഷ്യയെ നശിപ്പിച്ചുകൊണ്ട് ഒരു ആണവയുദ്ധം "വിജയിക്കുക" എന്ന ലക്ഷ്യം, അമേരിക്കയുടെ ആദ്യ ആക്രമണത്തെ ചെറുക്കാനുള്ള ചൈനയുടെ ശേഷി ഇല്ലാതാക്കൽ എന്നിവ ആണവായുധങ്ങളുടെ ആദ്യ ഉപയോഗമെന്ന യുഎസ് സൈനിക ആസൂത്രണത്തിൽ ഉൾപ്പെടുന്നു. അത്തരമൊരു യുഎസ് സൈനിക തന്ത്രം ധാർമികമല്ല,. അത് മനുഷ്യരാശിക്ക് അങ്ങേയറ്റം ഭീഷണി ഉയർത്തുന്നു.

കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കാനും, ഗ്രീൻലാൻഡ് വാങ്ങാനും, പനാമ കനാലിനെ ഏറ്റെടുക്കാനുമുള്ള ട്രംപിന്റെ വിപുലീകരണ പദ്ധതികൾക്ക് പിന്നിൽ രണ്ട് ഘടകങ്ങളുണ്ട്. ആദ്യത്തേത് അയേൺ ഡോമിന്റെ സംരക്ഷണ മേഖല വികസിപ്പിക്കുക എന്നതാണ്. രണ്ടാമത്തേത് നിർണായക ധാതുക്കളുടെ നിയന്ത്രണം പിടിച്ചെടുക്കുക എന്നതാണ്. രണ്ടാമത്തെ ആഗ്രഹം അമേരിക്കൻ താൽപ്പര്യങ്ങളെ യുക്രെയ്നിലേക്ക് വ്യാപിപ്പിക്കുന്നു. എന്നിരുന്നാലും, ഈ സാഹചര്യത്തിൽ ട്രംപിന്റെ "റിയൽ എസ്റ്റേറ്റ്" എന്ന അഭിനിവേശം തെറ്റായി നയിക്കപ്പെടുന്നതായി തോന്നുന്നു.

പനാമ കനാൽ | PHOTO : WIKI COMMONS
സൈനിക ബജറ്റ് കുറയ്ക്കലും പുനർ വ്യവസായവൽക്കരണ പദ്ധതികളും

അമേരിക്കയിലെ മറ്റ് വകുപ്പുകൾക്ക് പുറമേ സൈനിക ബജറ്റ് കുറയ്ക്കാനും ട്രംപ് ഇതിനകം നീക്കം നടത്തുന്നുണ്ട്. പുനർവ്യവസായവൽക്കരണത്തിൽ വീണ്ടും നിക്ഷേപിക്കാൻ ഈ ഫണ്ടുകൾ നന്നായി ഉപയോഗിക്കാമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വലിയ ചിപ്പ് നിർമ്മാണ ഫാക്ടറികൾ നിർമ്മിക്കാനുള്ള സമീപകാല ശ്രമങ്ങൾ കാണിക്കുന്നത് സ്ഥിര മൂലധനത്തിൽ നിക്ഷേപം മാത്രമല്ല ആവശ്യമെന്നാണ്.

ആധുനികവും, വികസിതവുമായ ഒരു തൊഴിൽ ശക്തിയെ തയ്യാറാക്കാൻ വിദ്യാഭ്യാസ സമ്പ്രദായം പുനർനിർമ്മിക്കുന്നതിന് പതിറ്റാണ്ടുകൾ എടുക്കുമെന്നാണ്. അതിന് വലിയ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. ഊഹക്കച്ചവട, ധനകാര്യവൽക്കരിച്ച വിപണികൾക്ക് വിപരീതമായ "ക്ഷമയുള്ള" മൂലധനമാണ്  അതിന് ആവശ്യം. മുപ്പത് വർഷത്തെ വികസന പ്രക്രിയ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അമേരിക്കയ്ക്ക് ചൈനയിൽ നിന്ന് പഠിക്കാൻ കഴിയുമെന്നതിന് ഒരു തെളിവുമില്ല.

മങ്ങുന്ന യൂറോപ്പ്

കുടിയേറ്റ പ്രശ്നങ്ങൾ ഉൾപ്പെടെ  യൂറോപ്യൻ "ലിബറലിസ"ത്തിനെതിരെ ജെ ഡി വാൻസ് നടത്തിയ ആക്രമണം ലണ്ടൻ, ബെർലിൻ, പാരീസ് എന്നിവിടങ്ങളിൽ പ്രകമ്പനങ്ങൾ ഉളവാക്കിയെന്നതിൽ സംശയമില്ല.

യൂറോപ്പിനെയും, യുക്രെയ്‌നെയും -- ഇരുവരുമില്ലാതെ --- യുക്രെയ്‌ൻ യുദ്ധം പരിഹരിക്കാനുള്ള യുഎസ് ശ്രമങ്ങളിലുള്ള രോഷമാണ് അവിടെ നിന്നുള്ള വിശാല ചിത്രം.

സിംഗപ്പൂരിലെ പ്രമുഖ പൊതു ഉദ്യോഗസ്ഥനായ കിഷോർ മഹ്ബുബാനി, യൂറോപ്പ് മൂന്ന് വഴികൾ എന്ന രേഖയിൽ "ചിന്തിക്കാൻ പോലും കഴിയാത്ത മൂന്ന് കാര്യങ്ങൾ" സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. 1. നാറ്റോ വിടുക. ജിഡിപിയുടെ 5% സൈന്യത്തിന് നീക്കി വച്ചാൽ അവർക്ക് അമേരിക്കയുടെ ആവശ്യമില്ല. നാറ്റോയിൽ തുടരുന്നത് അവർ ദുർബലരാണെന്ന് കാണിക്കുന്നു: " അവരുടെ മുഖത്ത് തട്ടുന്ന ബൂട്ടുകൾ നക്കുന്നു." 2. റഷ്യയുമായി ഒരു പുതിയ തന്ത്രം രൂപപ്പെടുത്തുക. അവിടെ ഓരോ പക്ഷവും പരസ്പരം താൽപ്പര്യങ്ങൾ തിരിച്ചറിയുന്നു. 3. ചൈനയുമായി ഒരു കരാർ ഉണ്ടാക്കുക. യൂറോപ്പും, ചൈനയും തമ്മിലുള്ള ബന്ധം കുറയാനുള്ള ഒരേയൊരു കാരണം അവർ യുഎസ് ഭൗമരാഷ്ട്രീയ താൽപ്പര്യങ്ങളെ അന്ധമായി പിന്തുടരുന്നു എന്നതാണ്. ചുരുക്കത്തിൽ, യൂറോപ്പ് അതിന്റെ നിലവിലെ പാത ഉപേക്ഷിച്ച് സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കണം.

ഫെബ്രുവരി 20 ന്, ജർമ്മൻ പത്രമായ BILD, മുൻ സോവിയറ്റ് യൂണിയന്റെ രാജ്യങ്ങളിൽ നിന്ന് എല്ലാ അമേരിക്കൻ സൈനികരെയും പിൻവലിക്കാൻ ട്രംപ് സമ്മതിക്കുമെന്ന് റിപ്പോർട്ട് ചെയ്തു. ഇത് പാശ്ചാത്യ യൂറോപ്യൻ ഇന്റലിജൻസ് തെറ്റായ വിവരമാണോ അതോ യഥാർത്ഥമാണോ എന്ന് അറിയില്ല. ആർട്ടിക് മേഖലയിൽ സാധ്യമായ സംയുക്ത ഊർജ്ജ പദ്ധതികളെക്കുറിച്ച് റഷ്യയും, യുഎസും ചർച്ച ചെയ്തു.

അപ്പോൾ, ചോദ്യമിതാണ്‌. ധൈര്യമില്ലാത്ത നവലിബറൽ  വാദികൾ യൂറോപ്പിനെ ഭരിക്കുന്നത് തുടരുകയും അതുവഴി യൂറോപ്പിനെ ഈ നൂറ്റാണ്ടിലും ലോകത്തിന്റെ പരിഹാസപാത്രമാക്കുകയും ചെയ്യുമോ എന്നതാണ്? ഫ്രാൻസ് (റാസ്സംബ്ലെമെന്റ് നാഷണൽ, ആർഎൻ), യുകെ (റിഫോം യുകെ), ജർമ്മനി (എഎഫ്ഡി), ഇറ്റലി (ഫ്രാറ്റെല്ലി ഡി ഇറ്റാലിയ, ലെഗ), നെതർലാൻഡ്‌സ് (പിവി) എന്നിവിടങ്ങളിൽ ഒരു പരിധിവരെ തീവ്ര വലതുപക്ഷം വളരുകയാണ്. തീവ്ര വലതുപക്ഷം അധികാരത്തിൽ വന്നാൽ, രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിൽ നിലവിൽ വന്ന വടക്കൻ അറ്റ്ലാന്റിക് സ്ഥാപനങ്ങളിൽ ചിലത് പൊളിച്ചുമാറ്റാനും റഷ്യയുമായി, അടുപ്പം തേടാനും അവർക്ക് കഴിയുമെന്ന് ഊഹിക്കാവുന്നതാണ്. എന്നിരുന്നാലും, ചൈനയുമായി സമാധാനം സൃഷ്ടിക്കുന്നത് അവരുടെ മാഗാ ( MAGA) സഹോദരങ്ങളുമായി സംഘർഷത്തിലാക്കും.

സാധ്യമായതും, എന്നാൽ ഉടനെ അസംഭവ്യവുമായ മറ്റൊന്ന്, വടക്കൻ അറ്റ്ലാന്റിക് സഖ്യത്തിന്റെ തകർച്ച, കാലക്രമേണ തീവ്ര വലതുപക്ഷ നേതൃത്വത്തിലുള്ള ഫ്രഞ്ച്, ജർമ്മൻ താൽപ്പര്യങ്ങൾ തമ്മിൽ വേർ പിരിയുന്നതിലേക്ക് നയിച്ചേക്കാം എന്നതാണ്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
യൂറോപ്പിലുടനീളം ചിതറിക്കിടക്കുന്ന 100 യുഎസ് സൈനിക താവളങ്ങളുണ്ട്. ഇറ്റലിയെയും, ജർമ്മനിയെയും ആ അർത്ഥത്തിൽ യുഎസിന്റെ സൈനിക കോളനികളായി കണക്കാക്കാം. ഇറ്റലിയിലെ വലതുപക്ഷ നേതാവായ മെലോണി, ജി20 ഉച്ചകോടിയിൽ ബൈഡന്റെ മുമ്പാകെ അമേരിക്കയുടെ ആശ്രിതയായി പെരുമാറിയിരുന്നു. എന്നിരുന്നാലും, അവരുടെ വലതുപക്ഷ സഖ്യത്തിലെ അംഗങ്ങൾ റഷ്യയുമായുള്ള സാധാരണ ബന്ധങ്ങളോട് വളരെ സൗഹൃദപരമായിരുന്നു.

അമേരിക്ക തങ്ങളെ അപമാനിച്ചുവെന്ന തോന്നൽ യൂറോപ്പിൽ ഇപ്പോൾ വ്യപകമാണ്; എന്നിരുന്നാലും, യൂറോപ്പ് അതിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പിക്കാനുള്ള സാധ്യത കുറവാണ്. യൂറോപ്പിലെ പ്രധാന വരേണ്യവർഗത്തെ അമേരിക്ക വളർത്തിയെടുത്തുതാണ്. അമേരിക്കയിലെ എലൈറ്റ് യൂണിവേഴ്സിറ്റി കാമ്പസുകളിൽ നിന്നും തലമുറകളായി വളർത്തിയെടുത്ത നേതാക്കളാണ് അവിടെയുള്ളത്. അവരുടെ സമ്പത്ത് അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. അമേരിക്ക ആദ്യമെന്ന ട്രംപിന്റെ പിന്തിരിപ്പൻ വലതുപക്ഷ തന്ത്രത്തിന്റെ വളർച്ച തടയുന്നതിനുള്ള ആഗോള തലത്തിലെ സംയുക്ത പ്രചാരണത്തിൽ ചേരാനുള്ള താൽപ്പര്യം അവരിൽ കാണുക അസാധ്യമാണ്. അവർ റഷ്യ വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ഫ്രാൻസിന്റെ സൈനിക ഇടപെടലുകളും, പശ്ചിമാഫ്രിക്കയുടെ ദേശീയ കറൻസികളുടെ ഫ്രഞ്ച് നിയന്ത്രണവും അവർ ഇപ്പോഴും കുറ്റബോധമില്ലാത്ത സാമ്രാജ്യത്വവാദികളായി തുടരുന്നുവെന്ന് കാണിക്കുന്നു.

അമേരിക്കയും, റഷ്യയും

ട്രംപിന്റെ കീഴിൽ, റഷ്യയെ വീണ്ടും അമേരിക്കയുടെ ഭ്രമണപഥത്തിലേക്ക് വലിച്ചിഴയ്ക്കാനും, അതുവഴി ചൈനയെ വരുതിയിലാക്കാൻ ഉപകരിക്കുന്ന സഖ്യകക്ഷിയെന്ന നിലയിൽ റഷ്യയെ മാറ്റാമെന്നും അമേരിക്ക പ്രതീക്ഷിക്കുന്നു. ചൈന ഒരു അസ്തിത്വ ഭീഷണിയാണെന്ന വീക്ഷണം ഒരേസമയം രണ്ട് യുദ്ധമുഖങ്ങൾ പാടില്ലെന്ന തന്ത്രവും മുന്നോട്ടു വയ്ക്കുന്നു.

യൂറോപ്പുമായി പിരിഞ്ഞ അമേരിക്ക ഫെബ്രുവരി 24 ന് ഐക്യരാഷ്ട്ര സഭയിൽ റഷ്യയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. പതിനേഴു രാജ്യങ്ങളാണ് യൂറോപ്യൻ നിർദ്ദേശത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയപ്പോൾ ചൈന ഉൾപ്പെടെ 65 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

1972 ഫെബ്രുവരി 14 ന് നിക്സണുമായുള്ള ഒരു ചർച്ചയിൽ ഹെൻറി കിസിംഗർ അമേരിക്കൻ വിദേശനയത്തിലെ തന്ത്രപരമായ പുനഃക്രമീകരണത്തെ ഇങ്ങനെ വിശദീകരിച്ചു. “20 വർഷത്തിനുള്ളിൽ, നിങ്ങളുടെ പിൻഗാമി നിങ്ങളെപ്പോലെ വിവേകശാലിയാണെങ്കിൽ ചൈനക്കാർക്കെതിരെ, റഷ്യക്കാരുടെ നേരെ ചായുമെന്ന് ഞാൻ കരുതുന്നു. അടുത്ത 15 വർഷത്തേക്ക്, റഷ്യക്കാർക്കെതിരെ ചൈനക്കാരുടെ നേരെ നമ്മൾ ചായണം.” ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഒരേയൊരു തെറ്റ് ഈ പ്രക്രിയക്ക് ആവശ്യമായ വർഷങ്ങളുടെ എണ്ണത്തിലായിരുന്നു.

ചരിത്രപരമായ കാഴ്ചപ്പാടിൽ നോക്കിയാൽ അമേരിക്കയുടെ അന്നത്തെ അവസ്ഥയുടെ ഭാഗമായി ആ നയവ്യതിയാനത്തെ കാണാനാവും. വിയറ്റ്നാമിലെ യുദ്ധം പരാജയപ്പെട്ടുവെന്ന് അറിയാമായിരുന്നതിനാലും റഷ്യയും, ചൈനയും, വിയറ്റ്നാമും തമ്മിലുള്ള ഒരു സൗഹൃദം ഉണ്ടാകുമെന്ന് ഭയന്നതിനാലും 1971ൽ ചൈനയുമായി തുറന്ന ബന്ധം സ്ഥാപിക്കാൻ അമേരിക്ക നിർബന്ധിതരായി. റിപ്പബ്ലിക്കൻ ഭരണകൂടത്തിന് കീഴിലുള്ള യാഥാർത്ഥ്യവാദിയായ കിസിഞ്ചറാണ് ബീജിംഗ് സന്ദർശിക്കുന്നതിനായി യുഎസിനുള്ളിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ അവഗണിക്കാൻ തയ്യാറായത്. ഒരു "താൽക്കാലിക പരാജയം" സ്വീകരിച്ച് സോവിയറ്റ് യൂണിയനെ ദുർബലപ്പെടുത്താനുള്ള തന്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത് എന്നായിരുന്നു അതിന്റെ യുക്തി. 1991ൽ സോവിയറ്റ് യൂണിയന്റെ പതനം ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്ന് അവരുടെ മനസ്സിൽ സാധൂകരിച്ചു. യുഎസിലെ ചില വലതുപക്ഷ യാഥാർത്ഥ്യവാദികൾ ചൈനയെ എങ്ങനെ പരാജയപ്പെടുത്താമെന്ന് പതിനഞ്ച് വർഷത്തേക്ക് ഭാവിയിലേക്ക് നോക്കുകയാണ്. പക്ഷെ, 1970-1990 കാലഘട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ചരിത്ര കാലഘട്ടത്തെയാണ് വലതുപക്ഷ യാഥാർത്ഥ്യവാദികൾ  അഭിമുഖീകരിക്കുന്നത്. ചൈന ഇപ്പോൾ ഉയർന്നുവരുന്ന ഒരു സാമ്പത്തിക ശക്തിയാണ്, അതേസമയം അമേരിക്ക ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.

അമേരിക്കയിലെ പിന്തിരിപ്പൻ വെളുത്ത യാഥാസ്ഥിതിക ക്രിസ്ത്യൻ ശക്തികളായ NCWCA-മായുള്ള സഖ്യത്തെ സ്വാഗതം ചെയ്യാൻ കഴിയുന്ന സമാന ചിന്താഗതിക്കാരായ യാഥാസ്ഥിതിക ശക്തികൾ റഷ്യയിലുമുണ്ട്. എന്നിരുന്നാലും, ട്രംപിന്റെ വഞ്ചനാപരവും, സ്ഥിരതയില്ലാത്തതുമായ തന്ത്രങ്ങളെക്കുറിച്ച് അറിയാവുന്ന മുതിർന്ന റഷ്യൻ രാഷ്ട്രീയ,-സൈനിക ശക്തികളെ മറികടക്കാൻ തൽക്കാലം അവർക്ക് സാധ്യതയില്ല.

ഈ ഘട്ടത്തിൽ, പടിഞ്ഞാറൻ രാജ്യങ്ങളുമായി ഒരു ചൂതുകളിക്ക് പുടിൻ തയ്യാറാവുന്നതിനുള്ള സാധ്യത വളരെ കുറവാണ്. 20 വർഷം മുമ്പ്, പാശ്ചാത്യ സാമ്രാജ്യത്വ ക്യാമ്പ് കോറിന്റെ ഭാഗമാകാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു എന്ന കാര്യം ശരിയാണ്. എന്നാൽ അവർ അദ്ദേഹത്തെ പലതവണ വഞ്ചിച്ചിട്ടുണ്ട്. ഇപ്പോൾ, റഷ്യൻ ജനതയുടെ മാനസികാവസ്ഥ ഒരേസമയം ദേശസ്നേഹവും അമേരിക്കൻ വിരുദ്ധവുമാണ്. നാല് വർഷത്തിനുള്ളിൽ ട്രംപ് സ്ഥാനമൊഴിയുമെന്ന് പുടിൻ മനസ്സിലാക്കുന്നു. ഇതെല്ലം കണക്കിലെടുക്കുമ്പോൾ ജി 8 ന്റെ സുരക്ഷിത അംഗമാകാൻ കൈവിട്ട കളിയെന്ന തന്ത്രപരമായ തെറ്റ് പുടിൻ ചെയ്യാൻ സാധ്യതയില്ല.

വ്ളാഡിമർ പുടിൻ | PHOTO :WIKI COMMONS
കഴിഞ്ഞ രണ്ട് വർഷമായി, യൂറോപ്യൻ അനുകൂല റഷ്യക്കാർ (ജനസംഖ്യയുടെ ഏകദേശം 10%) പിൻവാങ്ങലിൽ ആണ്. റഷ്യയുടെ പരമാധികാരത്തിന് ഭാവിയിൽ അപകടമായി അവർ തുടരുന്നു, പക്ഷേ ഇപ്പോൾ അവർക്ക് പല്ലുകളില്ല. പുടിൻ തീവ്ര വലതുപക്ഷ ക്രിസ്ത്യൻ ശക്തികളെ ആശ്രയിക്കുന്നുവെന്ന കാര്യം അവഗണിക്കരുത്. അവരിൽ ചിലർ പ്രത്യയശാസ്ത്രപരമായി ഫാസിസത്തോട് അടുത്തിരിക്കുന്നു. ഇത് സ്ഥിതി സങ്കീർണ്ണമാക്കുന്നു. അമേരിക്ക മുതൽ റഷ്യ വരെ വ്യാപിച്ചുകിടക്കുന്ന വെളുത്ത യാഥാസ്ഥിതിക ക്രിസ്ത്യാനികളുടെ ഒരു പുതിയ യൂണിയൻ അസംഭവ്യമാണെന്ന് തോന്നുന്നു. റഷ്യയുടെ ഭാവി ക്ഷയിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിനും (അവരെ വെറുക്കുന്നവർ) ചരിത്രപരമായി സ്ലാവിക് ജനതയെ  നിന്ദിക്കുന്ന അമേരിക്കക്കും ഒപ്പം ആയിരിക്കില്ല.

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളെല്ലാം തങ്ങളുടെ സൈനിക ബജറ്റുകൾ പകുതിയായി കുറയ്ക്കുമെന്ന ട്രംപിന്റെ നിർദേശം യുഎസ് സൈനിക മേധാവിത്തം നിലനിർത്താനുള്ള ട്രംപിന്റെ നീക്കമാണ്. ലോക സൈനിക ചെലവിന്റെ 50%-ത്തിലധികം അമേരിക്കയുടേത് മാത്രമാണ്. ജർമ്മനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ വഴി മറ്റൊരു 25 ശതമാനവും അമേരിക്ക നിയന്ത്രിക്കുന്നു.

ചരിത്രപരമായ ചെലവുകളും പ്രതിശീർഷ ഘടകങ്ങളും പരിഗണിക്കുകയാണെങ്കിൽ, ട്രംപ് വാഗ്ദാനത്തിന്റെ പൊള്ളത്തരം വ്യക്തമാകും. ഈ നിർദേശം വഴി സമാധാനത്തിന്റെ മേലങ്കി ഏറ്റെടുക്കാൻ അമേരിക്കയെ അനുവദിക്കാൻ ലോകത്തിന് കഴിയില്ല.

പശ്ചിമേഷ്യ സംഘർഷങ്ങളും, ട്രംപ് ഗാസ പദ്ധതിയും

ട്രംപ് മുന്നോട്ടു വച്ച ഗാസ "റിവിയേര" പദ്ധതി മേഖലയിൽ പ്രതികരണങ്ങളുടെ വലിയ അലയൊലികൾ സൃഷ്ടിക്കും. വെടിനിർത്തൽ ഉണ്ടായിരുന്നിട്ടും, ഇസ്രായേലി വർണ്ണവിവേചന അധിനിവേശ സേനയുടെ ദുഷ്‌പ്രവൃത്തി തുടരുകയാണ്. അവസാനിക്കാത്ത പീഡനങ്ങളുടെ വിവരങ്ങളോടൊപ്പം ഗാസയിലെ 160-ലധികം ഡോക്ടർമാർ ഇപ്പോഴും ഇസ്രായേൽ ജയിലുകളിൽ കഴിയുന്നു.

ഇസ്രായേലുമായും യുഎസുമായും ചേരാനുള്ള ആഗ്രഹത്തിൽ നിന്ന് സൗദി അറേബ്യ താൽക്കാലികമായി പരസ്യമായി പിന്മാറേണ്ടി വന്നത് നമ്മൾ ഇതിനകം കണ്ടു. ചൈനയ്‌ക്കെതിരെ അമേരിക്കയെയും, ഇസ്രായേലിനെയും, ഇന്ത്യയെയും ഉപയോഗപ്പെടുത്തി മേഖലയിലെ മുഖ്യ സാമ്പത്തിക മേധാവിത്വമായി സ്വയം സ്ഥാപിക്കുകയാണ് സൗദിയുടെ ലക്ഷ്യം. മിഡിൽ ഈസ്റ്റിന്റെ ഒരു നവോത്ഥാന കാലഘട്ടം അവർ വിഭാവനം ചെയ്യുന്നു. ട്രംപ് ഗാസ പദ്ധതി അതിൽ വിള്ളൽ വീഴ്ത്തുന്നു. നിലവിൽ, എല്ലാ പലസ്തീനികളെയും ഇല്ലാതാക്കാത്ത സ്വന്തം പുനർനിർമ്മാണ പദ്ധതിയെ പറ്റി സൗദികൾ ചർച്ചകൾ നടത്തുന്നുണ്ട്. പലസ്തീനികൾ ഈ പദ്ധതിയെ സ്വാഗതം ചെയ്യുമോ എന്ന് അറിയില്ല.

ഗ്ലോബൽ സൗത്തും എൻ‌സി‌ഡബ്ല്യുസി‌എയും

ട്രംപ് ക്യാമ്പ് അങ്ങേയറ്റം പ്രത്യയശാസ്ത്രപരമാണ്. പക്ഷേ, ഏകീകൃതവും സുസ്ഥിരവുമല്ല. വാൻസിന്റെ യാത്ര കാണിക്കുന്നത് അവർ തങ്ങളുടെ കാഴ്ചപ്പാടുകൾ യുഎസ് വിദേശനയത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് അടിച്ചേൽപ്പിക്കുമെന്നാണ്. ഇത് സാമ്രാജ്യത്വ ക്യാമ്പിന്റെ ആന്തരിക ഐക്യത്തെ ഉലക്കും. ട്രംപിന് ഇപ്പോഴും തന്റെ ടീമിലെ പ്രധാന അംഗങ്ങളുമായി എളുപ്പത്തിൽ പിണങ്ങാൻ കഴിയും. സഖ്യകക്ഷികളുമായുള്ള അമേരിക്കൻ ബന്ധങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാകുന്ന അധിക നാശനഷ്ടങ്ങളും, നാറ്റോയുടെ 80 വർഷത്തെ ഭരണത്തിന്റെ തകർച്ചയും തടയാൻ ദേശീയ സുരക്ഷാ രാഷ്ട്രത്തിന് ഓവർടൈം  പ്രവർത്തിക്കേണ്ടിവരും.  "വൈവിധ്യം/ബഹുസ്വരത" എന്നിവ ഉപേക്ഷിക്കുന്നതടക്കമുള്ള നാഷണലിസ്റ്റ് കൺസർവേറ്റീവ് വൈറ്റ് ക്രിസ്ത്യൻ അജണ്ട (എൻ‌സി‌ഡബ്ല്യുസി‌എ) ഹ്രസ്വകാലത്തേക്ക്  പ്രഖ്യാപിക്കപ്പെടും.  വളർന്നുവരുന്ന വലതുപക്ഷമുള്ള രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

അമേരിക്കയിലെ തീവ്ര വലതുപക്ഷ മൗലികവാദത്തിന്റെ ഉയർച്ച ഗ്ലോബൽ സൗത്തിലെ പ്രതിലോമ ശക്തികളെ അഴിച്ചുവിടും. ഗ്ലോബൽ സൗത്തിലെ ചില പ്രധാന രാജ്യങ്ങളിലെ വരേണ്യർക്ക് അവരുടെ ജനങ്ങളുടെ ക്ഷേമത്തിൽ താൽപ്പര്യവുമില്ല.  എല്ലാ സോഷ്യലിസ്റ്റ് പദ്ധതികളെയും ആക്രമിക്കാൻ അമേരിക്ക അവരെ ഉപയോഗിക്കും.

എൻ സി ഡബ്ല്യു സി എ  യെ നിരാകരിക്കുന്ന പ്രവണത എല്ലാ രാജ്യങ്ങളിലും ഉണ്ടാകില്ല. അമേരിക്കക്കുള്ളിൽ, മാഗാ (MAGA) പ്രസ്ഥാനത്തിന്റെ ആന്തരിക ശ്രദ്ധ ദേശീയവാദവും യാഥാസ്ഥിതികവുമാണ്. എന്നിരുന്നാലും, കറുത്ത, മുസ്ലീം രാജ്യങ്ങളിൽ, വെളുത്ത ക്രിസ്ത്യൻ യാഥാസ്ഥിതിക സ്വഭാവം അതിനെക്കുറിച്ചുള്ള  അവതരണത്തിന്റെ ഒരു നിർണായക ഭാഗമാണ്. ഇന്ന്, ഗ്ലോബൽ സൗത്തിൽ, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കയിൽ, അതിനെ സ്വാഗതം ചെയ്യുന്ന ഒരു കൂട്ടം വലതുപക്ഷ നേതാക്കളുണ്ട്. എൻ സി ഡബ്ല്യു സി എ (NCWCA) യെ എതിർക്കുന്ന രാജ്യങ്ങളിൽ, സ്ഥിതി പെട്ടെന്ന് സങ്കീർണ്ണമാകും. ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്ക. വെളുത്ത കുത്തക മൂലധനത്തിന്റെ ഒരു വിഭാഗമായ ഡി എ (DA), ഇപ്പോൾ വളരെ ദുർബലമായ എ എൻ സി ( ANC) യെ പ്രതിരോധിക്കാൻ, ഇലോൺ മസ്‌കിന്റെ സർക്കാരിനെതിരായ വംശീയ പ്രേരിതമായ വ്യാജ ആക്രമണത്തെ എതിർത്തു. രാജ്യത്തെ ബഹുഭൂരിപക്ഷവും ആ ആക്രമണത്തിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഒന്നിച്ചു, പക്ഷേ, അമേരിക്കയുടെ മൊത്തത്തിലുള്ള പ്രത്യയശാസ്ത്ര മേധാവിത്വത്തെ നിരസിക്കാൻ അവർ ഒരുക്കമല്ല. വരേണ്യവർഗത്തിലെ ഒരു വിഭാഗം (കറുത്തവരും വെള്ളക്കാരും) യുഎസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിർഭാഗ്യവശാൽ, ശരിയായ വർഗ്ഗ-ചരിത്ര വീക്ഷണമില്ലാതെ, എൻ സി ഡബ്ല്യു സി എ (NCWCA) യെ നിരാകരിക്കുന്നത് യഥാർത്ഥ പ്രശ്നം സാമ്രാജ്യത്വ മേധാവിത്വം തന്നെയാണെന്ന അവബോധം ഉളവാക്കാൻ പര്യാപ്‌തമല്ല. അതിനാൽ, എൻ സി ഡബ്ല്യു സി എ (NCWCA)  അമേരിക്കയെ വിചാരിക്കുന്ന അർത്ഥത്തിൽ അത്രയധികം വേദനിപ്പിക്കില്ല. .

ആശയപരമായി മോഡി ചില തീവ്ര വലതുപക്ഷ ആശയങ്ങൾ പങ്കുവെക്കുന്നു. ഇന്ത്യയിലെ പൗരാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ അമേരിക്ക കുറയ്ക്കുന്നത് കാണുന്നതിൽ അദ്ദേഹം സന്തോഷിക്കും. തന്റെ ദീർഘകാല പദ്ധതി ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയിൽ പ്രകടമാവുന്ന മതപരമായ ആവേശവും, വലതുപക്ഷ മൗലികവാദവും ഉപയോഗപെടുത്താൻ മോഡി ശ്രമിക്കും. എന്നിരുന്നാലും, ജനങ്ങൾക്ക് വ്യക്തമായ നേട്ടങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ, അദ്ദേഹത്തിന്റെ വോട്ടർ അടിത്തറയിൽ നിന്നും മോഡി തിരിച്ചടി നേരിടുന്നു. അതിനാൽ, ഇന്ത്യയിലെ മുസ്ലീങ്ങൾക്കും "താഴ്ന്ന" ജാതിക്കാർക്കുമെതിരെ ചിലപ്പോഴൊക്കെ ക്രൂരമായ അക്രമം നടത്താനുള്ള പദ്ധതി എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഇപ്പോൾ വ്യക്തമല്ല. കൂടാതെ, രണ്ട് പ്രധാന വസ്തുതകളിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാവില്ല. വിലകുറഞ്ഞ റഷ്യൻ ഇന്ധനം അദ്ദേഹത്തിന് ഇപ്പോഴും ആവശ്യമാണ്. ചൈനയുമായുള്ള വ്യാപാരം വഷളാകാനും അനുവദിക്കാനാവില്ല.

നരേന്ദ്ര മോഡിയും ഡൊണാൾഡ് ട്രംപും | PHOTO : WIKI COMMONS
അമേരിക്കൻ സോഫ്റ്റ് പവറിന്റെയും, "മനുഷ്യാവകാശ" ആഖ്യങ്ങളുടെയും ഭാവി

വെള്ളക്കാരും, ക്രിസ്ത്യാനികളുമല്ലാത്ത പല രാജ്യങ്ങളിലെയും നേതാക്കൾ പ്രകോപനങ്ങളെ അവഗണിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയുടെ കാതലായ താൽപ്പര്യങ്ങൾ നിലനിൽക്കുമെന്ന് അനുമാനിക്കാനും സാധ്യതയുണ്ട്. "വൈവിധ്യം, സമത്വം" എന്നിവയെ ഇരട്ടത്താപ്പായി ഉപയോഗക്കുന്നത് അമേരിക്കൻ ലിബറലിസത്തോടുള്ള ചിലരുടെ പ്രണയം കുറയ്ക്കും. എന്നാൽ ഇക്കാര്യങ്ങളിൽ ഒരു ദീപസ്തംഭമെന്ന നിലയിലുള്ള അമേരിക്കയുടെ പങ്കിൽ കുറയുമെന്നോ അത് അമേരിക്കയുടെ 'സോഫ്റ്റ് പവറിനെ' ദുർബലപ്പെടുത്താൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല.

ഗ്ലോബൽ സൗത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾ കൂടുതൽ സംഘടിതവും, ഫലപ്രദവുമാകുന്നപക്ഷം , മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള പാശ്ചാത്യരുടെ വഞ്ചനാപരമായ ചിത്രീകരണത്തിന്റെ ആകർഷണം കുറക്കാനാവും.  ഗാസയിലെ വംശഹത്യയോടുള്ള ആഗോള പ്രതികരണം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഒരു അസ്വസ്ഥമായ യാഥാർത്ഥ്യം പറയാതെ വയ്യ;  തുടക്കത്തിലെ ഞെട്ടൽ അഗാധമായിരുന്നെങ്കിലും, പിന്നീട് ക്രൂരത സാധാരണ നിലയിലായ മട്ടാണ്.

വിഘടന പ്രസ്ഥാനങ്ങളിൽ മാറ്റത്തിന്റെ സാധ്യതകൾ

ദേശീയ നിർണ്ണയാധികാരത്തെയും,  അവകാശങ്ങളെയും പുരോഗമനവാദികൾ എപ്പോഴും ആഗോളതലത്തിൽ പിന്തുണക്കുന്നു. പക്ഷെ, ആത്മാർത്ഥമായ അത്തരം ആവശ്യങ്ങളും പാശ്ചാത്യ സ്വാധീനമുള്ള പദ്ധതികളും തമ്മിൽ വേർതിരിച്ചറിയാൻ ശ്രദ്ധിക്കണം. എൻ സി ഡബ്ല്യു സി എ (NCWCA) യുടെ ഉയർച്ച "ബഹുത്വം", "വിഘടനവാദം" എന്നീ ആശയങ്ങൾക്കെതിരെ ദീർഘകാല പ്രത്യാഘാതമുണ്ടാക്കുമോ എന്ന് പറയാൻ പ്രയാസമാണ്. പാശ്ചാത്യ വ്യാജ മനുഷ്യാവകാശ ആഖ്യാനങ്ങളുടെ കാര്യത്തിലുള്ള അങ്ങേയറ്റത്തെ സമവായം ഉടനെ കുറയാൻ സാധ്യതയുണ്ട്. വെൽവെറ്റ് കയ്യുറകളെക്കാൾ  നഗ്നമായ മുഷ്ടിയെ കൂടുതൽ ആശ്രയിക്കുന്ന ഒന്നാവും വരാനിരിക്കുന്ന നാളുകളിൽ അമേരിക്കൻ നയം.

ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും, ആംനസ്റ്റി ഇന്റർനാഷണലിന്റെയും വിവരണങ്ങളെ ആശ്രയിച്ചിള്ള പാശ്ചാത്യ അനുകൂല "വിഘടനവാദി" ക്യാമ്പുകളുടെ സ്വാധീനം നഷ്ടപ്പെടുമോ എന്നതാണ് ഒരു ചോദ്യം. ദക്ഷിണ സുഡാൻ, കുർദുകളുടെ ഒരു ഭാഗം, ഉയ്ഗൂർ എന്നിവ ഉദാഹരണങ്ങളാണ്. ഹ്രസ്വകാലത്തേക്ക്, ട്രംപ് ക്യാമ്പിലെ ചിലർ വിഘടനവാദികളിൽ നിന്ന് അകന്നു നിൽക്കുന്നത് ഇതിനകം കണ്ടുകഴിഞ്ഞു. പൊതു നയതന്ത്ര, പൊതുകാര്യങ്ങളുടെ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ ഡാരൻ ബീറ്റി, ചൈനയുടെ പ്രവർത്തനങ്ങൾ വംശഹത്യയല്ല, മറിച്ച് "ഉയ്ഗൂർ മേധാവിത്വത്തോടുള്ള" എതിർപ്പാണെന്ന് അഭിപ്രായപ്പെട്ടു. ഡിആർസിയിലെ എം-23 വിമതരെ പിന്തുണയ്ക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു റുവാണ്ടൻ സർക്കാർ മന്ത്രിക്കെതിരെ യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. 2012 ന് ശേഷം റുവാണ്ട ഉപരോധങ്ങൾ നേരിടുന്നത് ഇതാദ്യമാണ്.

അമേരിക്കയുടെ അതിർത്തി രാജ്യങ്ങൾ

പടിഞ്ഞാറൻ കാനഡയിലും പിന്തിരിപ്പൻ വെള്ളക്കാരുടെ ഒരു നേറ്റിവിസ്റ്റ് പ്രസ്ഥാനമുണ്ട്. പക്ഷെ യുഎസിനേക്കാൾ വളരെ ദുർബലമാണ് അത്. അമേരിക്കയുമായുള്ള വ്യാപാരത്തെ കാനഡ അമിതമായി ആശ്രയിക്കുന്നതിനാൽ അവർക്ക് അമേരിക്കയെ ധിക്കരിക്കാനാവില്ല. അവർ വലതുവശത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പക്ഷേ ട്രംപിന് ശേഷം എന്ത് സംഭവിക്കുമെന്ന് കാണാൻ കാത്തിരിക്കും. പാശ്ചാത്യ ശൈലിയിലുള്ള ലിബറൽ "വൈവിധ്യ" വീക്ഷണങ്ങൾ കുറയുമെങ്കിലും അപ്രത്യക്ഷമാകില്ല.

ജസ്റ്റിൻ ട്രൂഡോയെ ഒരു പരമാധികാര രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്നല്ല, ഗവർണർ എന്നാണ് ട്രംപ് നിരന്തരം ട്രോളുന്നത്. "ജി 7 ന്റെ നിലവിലെ ചെയർമാനായ കാനഡയിലെ ഗവർണർ ജസ്റ്റിൻ ട്രൂഡോയാണ് യോഗം വിളിച്ചുകൂട്ടിയത്" എന്ന് അടുത്തിടെ പറഞ്ഞു.

ജസ്റ്റിൻ ട്രൂഡോ | PHOTO : WIKI COMMONS
കഴിഞ്ഞ ഇരുനൂറ് വർഷമായി, അതിവേഗം വളരുന്നതും, പിന്നീട് പ്രബല സാമ്രാജ്യത്വ ശക്തിയുമായ ഒരു രാജ്യവുമായി അതിർത്തി പങ്കിടിന്നുവെന്നതാണ് മെക്സിക്കോയുടെ വിഷയം. അമേരിക്കയില്ലാതെ അവർക്കും സാമ്പത്തികമായി നിലനിൽക്കാനവില്ല. എന്നാൽ, ആംലോയുടെയും ഇപ്പോൾ ക്ലോഡിയ ഷെയിൻബോം പാർഡോയുടെയും (മെക്സിക്കോയുടെ പ്രസിഡന്റ്) നേതൃത്വത്തിൽ, ഭാഗികമായെങ്കിലും പരമാധികാര വിദേശനയത്തിന്റെ ഘടകങ്ങൾ പിന്തുടരാനുള്ള മെക്സിക്കോയുടെ കഴിവിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. അത് എത്രത്തോളം വർദ്ധിക്കുമെന്ന് ഇനിയും കാണേണ്ടതുണ്ട്.

അമേരിക്കയുടെ ചില ആഭ്യന്തര പരിഗണനകൾ

ആഭ്യന്തരമായി, ഗവൺമെന്റിലും സൈന്യത്തിലും വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ (DEI) സംരംഭങ്ങളെ തുടച്ചുനീക്കാനുള്ള   പ്രവർത്തനങ്ങൾ  ട്രംപ് നടപ്പിലാക്കിയെന്നു മാത്രമല്ല, ഗൂഗിൾ, വാൾമാർട്ട് മുതൽ ആക്‌സഞ്ചർ വരെയുള്ള നിരവധി പ്രമുഖ കോർപ്പറേഷനുകൾ സന്തോഷത്തോടെ അത് പിന്തുടരുകയും ചെയ്യുന്നു.

ഇതൊക്കെയാണെങ്കിലും, അമേരിക്കക്ക് ഉള്ളിലെ വംശീയ മാനങ്ങൾ സങ്കീർണ്ണമാണ്.മാഗാ (MAGA) യിലെ ചില യാഥാസ്ഥിതിക, ക്രിസ്ത്യൻ, ദേശീയവാദ തത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന താഴ്ന്ന മധ്യവർഗത്തിൽ ഉൾപ്പെട്ട കറുത്തവരുടെയും, ലാറ്റിനോകളുടെയും ചെറിയ വിഭാഗം ഉണ്ട്.

1935-ൽ നാഷണൽ ലേബർ റിലേഷൻസ് ആക്ടിലൂടെ ആരംഭിച്ചതും, 1964-ലെ സിവിൽ റൈറ്റ്സ് ആക്ട്, 1972-ലെ വിദ്യാഭ്യാസ ഭേദഗതികൾ തുടങ്ങിയ നാഴികക്കല്ലുകൾ വഴി രൂപപ്പെട്ടതുമായ അമേരിക്കയിലെ പൗരാവകാശങ്ങളുടെ 90 വർഷത്തെ പാത പിന്നോട്ടടിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ പിൻവാങ്ങൽ യുഎസിലെ കുപ്രസിദ്ധമായ ജിം ക്രോ നിയമങ്ങൾ വ്യക്തമായി പുനഃസ്ഥാപിക്കുന്ന തരത്തിൽ ഇതുവരെ തുനിഞ്ഞിട്ടില്ല.

അമേരിക്കയുടെ അതിർത്തിക്കുള്ളിൽ ചൈനക്കാരെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള നീക്കം തുടരാൻ സാധ്യതയുണ്ട്. ചൈനീസ് ജനതയ്‌ക്കെതിരെ, അമേരിക്കയിലെ പോലെ, യൂറോപ്പിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക ശ്രമിക്കുമെങ്കിലും അത് വിജയിക്കാനുള്ള സാധ്യത കാണുന്നില്ല. യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ പ്രത്യയശാസ്ത്രം പ്രധാനമായും കറുത്ത വർഗ്ഗക്കാർക്കും, മുസ്ലീങ്ങൾക്കുമെതിരാണ്.

ഉപസംഹാരം

അനുകരണീയമായ ഭരണഘടനയിൽ   നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും ഉള്ള ഒരു ഭരണഘടന അടിസ്ഥാനപ്പെടുത്തിയ അമേരിക്കൻ ജനാധിപത്യ മാതൃകയാണെന്നും, പാശ്ചാത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ "സ്വേച്ഛാധിപത്യത്തെ" തടയുന്നുവെന്നുമുള്ള നുണ പൂർണ്ണമായും തുറന്നുകാട്ടപ്പെടുന്നു. എല്ലാത്തിനുമുപരി, അമേരിക്ക ഒരിക്കലും സ്വന്തം തൊഴിലാളിവർഗത്തിലെ വലിയൊരു വിഭാഗത്തിന് ഒരു ജനാധിപത്യമായിരുന്നില്ല. ഗ്ലോബൽ സൗത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും അങ്ങനെ ആയിരുന്നില്ല,

ഡൊണാൾഡ് ട്രംപ് | PHOTO : WIKI COMMONS
കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെയും ശതകോടീശ്വരന്മാരുടെയും വളർച്ചയുടെ ഫലമായി മൂലധനത്തിന്റെയും, അധികാരത്തിന്റെയും ചരിത്രപരമായ സാമ്പത്തിക-രാഷ്ട്രീയ കേന്ദ്രീകരണം കൂടുതൽ ഏകീകരിക്കപ്പെടുന്നു. 1947-ൽ ഒരൊറ്റ ട്രാൻസിസ്റ്ററിൽ ആരംഭിച്ച ഈ വ്യവസായം ഇപ്പോൾ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT), ബ്ലോക്ക്ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്രിപ്‌റ്റോ, ഡ്രോണുകൾ, ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ കൂട്ടങ്ങൾ, "കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടറുകൾ, ഇന്റലിജൻസ്" (C4I) സൈനിക പ്രവർത്തനങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്നോളജി എന്നിവയിലേക്ക് വ്യാപിച്ചിരിക്കുന്നു.

ഈ വിപ്ലവം സൃഷ്ടിച്ച കുത്തകകളും, ദ്വന്ദ്വാധിപത്യങ്ങളും ബിസിനസ്-ടു-ബിസിനസ് (ഏകദേശം ഒരു വകുപ്പ്), ബിസിനസ്-ടു-ഉപഭോക്താവ് (ഏകദേശം രണ്ട് വകുപ്പ്), മാധ്യമങ്ങളെയും ആശയങ്ങളെയും (അധിനായകത്വം) സൈന്യത്തെയും ഇന്റലിജൻസിനെയും (ഭരണകൂടം) ബാധിക്കുന്നു. ചരിത്രത്തിൽ ആദ്യമായാണ് സാങ്കേതികവിദ്യ സമൂഹത്തിന്റെ അടിത്തറയിലും ഉപരിഘടനയിലും ഒരേസമയം ഇത്ര വ്യാപകമായ പങ്ക് വഹിക്കുന്നത്.

അമേരിക്കൻ ഭരണകൂടത്തിന്റെ സൈനിക-ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പ്രധാന സ്രോതസ്സുകളിൽ ടെക് ലിബർട്ടേറിയൻമാർ  ഇപ്പോൾ പ്രത്യക്ഷത്തിൽ കൈകോർത്തിരിക്കുന്നു.

1991 ഡിസംബർ മുതൽ, സോവിയറ്റ് യൂണിയന്റെ പരാജയത്തോടെ, ലിബറലുകളിലും, യാഥാസ്ഥിതികരിലും ഉൾപ്പെട്ട പാശ്ചാത്യ വ്യവസ്ഥാപിത പൊതുബുദ്ധിജീവികളുടെ സ്വാധീനം തുടർച്ചയായ ശിഥിലീകരണം നേരിടുന്നു. അവർ കൂടുതൽ അപകടകരമാംവിധം വ്യാമോഹപരവും, ചരിത്രാതീതവുമായി മാറിയിരിക്കുന്നു.

"അവസാന യുദ്ധം പോരാടുന്ന ജനറൽമാരുടെ" രീതി ട്രംപ് ക്യാമ്പ് പിന്തുടരുന്നില്ല. പുതിയ സാഹചര്യങ്ങൾക്കനുസരിച്ചുള്ള  ഒരു പുതിയ തന്ത്രം അവർ സ്വീകരിച്ചു. സാമ്രാജ്യത്വത്തിന്റെ ഇരട്ടത്താപ്പ് നിറഞ്ഞ ലിബറൽ വിഭാഗത്തിന്റെ ലക്ഷണയുക്ത മാതൃകയായ അമേരിക്കൻ ഡെമോക്രാറ്റിക് പാർട്ടിയെയും, മനുഷ്യാവകാശ മേലങ്കിയണിഞ്ഞ പോരാളികളെയും ആശ്രയിച്ചു കൊണ്ട് ഇടതുപക്ഷ-പുരോഗമന രാജ്യങ്ങൾക്ക്  പഴയ പോരാട്ടങ്ങൾ തുടരാൻ കഴിയില്ല. പുതിയൊരു യുദ്ധക്കളമാണ് നമ്മുടെ മുന്നിൽ.

കൂടുതൽ അപകടകരമായ രാഷ്ട്രീയ, സൈനിക അന്തരീക്ഷത്തെ ലോകം അഭിമുഖീകരിക്കുന്നു.

ഒരു പ്രതിപക്ഷ ധ്രുവം വികസിപ്പിക്കാനുള്ള ശ്രമം ആഗോളതലത്തിൽ എത്രയും വേഗം രൂപപ്പെടണം. സാമ്രാജ്യത്വ ക്യാമ്പിനുള്ളിൽ നിന്ന് ഇത് ഉയർന്നുവരില്ല. വസ്തുനിഷ്ഠമായി പറഞ്ഞാൽ, ഗ്ലോബൽ സൗത്ത് ഈ പുതിയ ധ്രുവത്തിന്റെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണാവണം. ഗ്ലോബൽ സൗത്തിലെ ചില വിഭാഗങ്ങൾ യഥാർത്ഥ ദേശസ്നേഹമുള്ള ദേശീയ പദ്ധതികളിൽ പ്രതിജ്ഞാബദ്ധരല്ല. അവരുടെ സമ്പത്ത് പടിഞ്ഞാറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ദുർബലമായ അമേരിക്കൻ സാമ്രാജ്യത്വം വരുത്തുന്ന അങ്ങേയറ്റത്തെ അപകടങ്ങൾ തിരിച്ചറിയാൻ തയ്യാറുള്ള എല്ലാവരെയും ഉൾപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുള്ളതും സൃഷ്ടിപരവുമായ ഒരു തന്ത്രം ആവശ്യമാണ്. പാശ്ചാത്യരുടെ അധഃപതനത്തിനെതിരെ ഒരു പൊതു ധാർമ്മിക ഔന്നത്യം കെട്ടിപ്പടുക്കുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യലിസ്റ്റ് രാജ്യങ്ങൾ ഇതിനകം ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.

(ഫെബ്രുവരി 27 ന് ചൈനീസ് ഭാഷയിലുള്ള  ഗ്വാഞ്ചയിൽ പ്രസിദ്ധീകരിച്ച കുറിപ്പിന്റെ ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം.)


#Trumpverse
Leave a comment