TMJ
searchnav-menu
post-thumbnail

Politics Beyond Modi

പോസ്റ്റ്-മോഡി പൊളിറ്റിക്സിന് വഴിമാറുന്ന സംഘപരിവാര്‍ രാഷ്ട്രീയം

05 May 2025   |   8 min Read
കെ പി സേതുനാഥ്

1980കള്‍ക്ക് ശേഷമുള്ള ഇന്ത്യയുടെ ഭരണാധികാരി രാഷ്ട്രീയത്തെ പൊതുവെ പോസ്റ്റ്-കോണ്‍ഗ്രസ് രാഷ്ട്രീയമായി വിലയിരുത്തുന്ന സമീപനങ്ങള്‍ വിരളമല്ല. പോസ്റ്റ്-കോണ്‍ഗ്രസ് രാഷ്ട്രീയ ഘട്ടത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ 2014ല്‍  ബിജെപി കൈവരിച്ച വിജയം. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഒറ്റക്ക് കേന്ദ്ര ഭരണം കയ്യാളുന്ന പാര്‍ട്ടിയായി ബിജെപി മാറിയെന്നു മാത്രമല്ല 2019ല്‍ കൂടുതല്‍ മികവാര്‍ന്ന വിജയത്തിലൂടെ ഇന്ത്യയുടെ ഭരണാധികാര രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ വാദത്തില്‍ ഊന്നുന്ന പുതിയ ദിശാബോധം ഉറപ്പിക്കാനും മോഡിയുടെ നേതൃത്വത്തിന് കഴിഞ്ഞു. എന്നാല്‍, 2014, 2019 വര്‍ഷങ്ങളില്‍ അധികാരത്തിലെത്തിയ മോഡിയല്ല 2024ല്‍ അധികാരത്തില്‍ എത്തിയത്.

ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം മൂന്നു തവണ തുടര്‍ച്ചയായി അധികാരത്തിലെത്തുന്ന വ്യക്തിയെന്ന ഖ്യാതി ഒഴിച്ചാല്‍ മോഡിയുടെ മൂന്നാമൂഴത്തിന് തിളക്കം കുറവാണ്. ആദ്യ രണ്ടു തവണയും ഒറ്റ കക്ഷിയെന്ന നിലയില്‍ ബിജെപിക്ക്  ഭൂരിപക്ഷം ലഭിച്ചുവെങ്കില്‍ ഒറ്റക്കുള്ള ഭൂരിപക്ഷം ഇല്ലെന്നതാണ് 2024ലെ പ്രധാന സവിശേഷത. അതായത് മോഡിയുടെ അപ്രമാദിത്തം നിറഞ്ഞു നിന്ന 2014ലെയും 19 ലെയും ഭരണ സംവിധാനം അതേ നിലയില്‍ തുടരാനാവില്ലെന്ന അവസ്ഥ ഇപ്പോള്‍ നിലനില്‍ക്കുന്നു. എന്‍ഡിഎ  മുന്നണി ഭരണം എന്നാണ് നേരത്തെയുള്ളവയും അറിയപ്പെട്ടതെങ്കിലും ഫലത്തില്‍ മോഡിയെന്ന ഏകധ്രുവ ലോകമായിരുന്നു അതിന്റെ കാതല്‍. എന്നാല്‍ 2024ല്‍ അതല്ല സ്ഥിതി. ആന്ധ്ര പ്രദേശിലെ ചന്ദ്ര ബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടി, ബീഹാറിലെ നിതീഷ് കുമാറിന്റെ ജനത ദള്‍ യുണൈറ്റഡ്  എന്നീ കക്ഷികളുടെ പിന്തുണ ഇല്ലാതെ ഭരണം സാധ്യമല്ലെന്ന സാഹചര്യത്തിലാണ് മൂന്നാമതും പ്രധാനമന്ത്രിയായി മോഡി സ്ഥാനമേല്‍ക്കുന്നത്. ഒഡീഷയില്‍ കൈവരിച്ച അപ്രതീക്ഷിത നേട്ടം ഇല്ലായിരുന്നുവെങ്കില്‍ ബിജെപി-യുടെയും, മോഡിയുടെയും സ്ഥിതി കൂടുതല്‍ ദുഷ്‌ക്കരമാവുമായിരുന്നു. മോഡിക്കും, ബിജെപിക്കും ബദലുകളില്ലെന്ന വലിയ പ്രചാരണ കോലാഹലങ്ങളെയും, 'വിദഗ്ദ്ധ' വീക്ഷണങ്ങളെയും അമ്പരിപ്പിച്ച 2024ലെ ലോക സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിട്ട് ഒരു വര്‍ഷം തികയാന്‍ പോകുന്ന വേളയില്‍ ഇന്ത്യയുടെ നിലവിലുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം എന്താണ്. അതിനെക്കുറിച്ചുള്ള അവലോകനം വരാനിരിക്കുന്ന ദിവസങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ മനസ്സിലാക്കുവാന്‍ അനിവാര്യമാണ്.

മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ  സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ തിരഞ്ഞെടുപ്പു ഫലത്തിന്റെയും മോഡിയുടെ സ്ഥാനാരോഹണത്തിന്റെയും തുടക്കത്തില്‍ മുന്നിട്ടു നിന്ന പ്രധാന രാഷ്ട്രീയ വിശകലനങ്ങളുടെ, ഇപ്പോഴത്തെ ഫാഷനില്‍ പറഞ്ഞാല്‍ നരേറ്റീവുകളുടെ പരിശോധനയില്‍ നിന്നും തുടങ്ങുന്നതാവും ഉചിതം. പ്രധാനമായും രണ്ടു തരത്തിലുള്ള വിശകലനങ്ങളാണ് അതില്‍ മുന്നിട്ടു നിന്നത്. മോഡിക്കും, ബിജെപിക്കും അനുകൂലമായതും അതിന് വിരുദ്ധമായതും എന്ന നിലയില്‍ അവയെ തരം തിരിക്കാം. ഇന്ത്യ മുന്നണിയിലെ മൊത്തം കക്ഷികള്‍ക്കും കൂടി ബിജെപിക്ക് ലഭിച്ച 243 സീറ്റുകള്‍ കിട്ടിയില്ല എന്ന വാദവുമായാണ് മോഡി അനുകൂലികള്‍ രംഗത്ത് വന്നത്. 235 സീറ്റുകളായിരിന്നു ഇന്ത്യ മുന്നണിയുടെ സമ്പാദ്യം. 2014ല്‍ 282 ഉം 19ല്‍ 303 സീറ്റുകള്‍ ലഭിച്ച ബിജെപി 243 സീറ്റുകളുമായി കേവല ഭൂരിപക്ഷം നേടാന്‍ പരാജയമടഞ്ഞുവെന്ന കാര്യം കഴിയുന്നതും മറച്ചു പിടിക്കുകയായിരുന്നു മോഡി ഭക്തരുടെ ഉന്നം. അതേസമയം മോഡിക്കും ബിജെപിക്കും എതിരായ ജനവിധി എന്ന നറേറ്റീവ് പ്രതിപക്ഷം മുന്നോട്ടു വച്ചു.

PM Modi Cuts Short Saudi Trip After J&K Attack, Lands In India
നരേന്ദ്ര മോഡി | PHOTO: WIKI COMMONS
ഓരോ മുക്കിലും മൂലയിലും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റ സ്‌നാപ്പില്‍ ഒതുക്കാനാവില്ലെന്ന കാര്യത്തില്‍ ഒരു പക്ഷെ ആര്‍ക്കും സംശയമുണ്ടാവില്ല. തിരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളും അതിലേക്ക് നയിക്കുന്ന അല്ലെങ്കില്‍ അതിനെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ പ്രക്രിയയും പരിശോധിക്കുകയാണ് മോഡി 3.0യുടെ ഒരു വര്‍ഷത്തെ മാത്രമല്ല അതിന്റെ ഭാവിയും  വിലയിരുത്താനുള്ള ആദ്യ പടി. മോഡിക്കും, ബിജെപിക്കും ബദല്‍ ഇല്ലെന്ന പ്രചാരണത്തിന് ലഭിച്ച ശക്തമായ തിരിച്ചടിയാണ് 2024ലെ ലോക സഭ തിരഞ്ഞെടുപ്പ് ഫലം. അതാണ് അതിന്റെ പ്രാഥമിക  പ്രസക്തി. പക്ഷെ, അപ്പോഴും ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കണം. അതൊരു തിരിച്ചടി മാത്രമായിരുന്നു. പരാജയമായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നയുടനെ പ്രശസ്ത രാഷ്ട്രീയവിചക്ഷണനും, എഴുത്തുകാരനുമായ സുഹാസ് പല്‍ഷിക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

മോഡിയും കൂട്ടുകക്ഷി ഭരണവും:

'ആസൂത്രിതമായ മാധ്യമ മാനേജ്‌മെന്റിലൂടെ കെട്ടിപ്പൊക്കുന്ന നാടകീയമായ പ്രതീക്ഷകള്‍ നേരിടുന്ന ഒരു പ്രശ്‌നം ചെറിയ തിരിച്ചടി പോലും പരാജയമായി തോന്നിപ്പിക്കുമെന്നതാണ്. പാര്‍ട്ടിയും, നേതാവും അജയ്യരാണെന്ന് വിശ്വസിക്കുമ്പോള്‍, പരിമിതികളോടെ അധികാരം നിലനിര്‍ത്തുക അസഹനീയമായും തോന്നും. ഇതാണ് ബിജെപിയുടെ ദുരവസ്ഥ. വേണ്ട ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി രണ്ട് തവണ ഭരണം ആസ്വദിച്ച ബിജെപിക്ക് മൂന്നാം തവണയും അധികാരത്തിലെത്താം. പക്ഷെ സങ്കീര്‍ണ്ണമായ മൂന്ന് സവിശേഷതകള്‍ ബാക്കി നില്‍ക്കുന്നു.

ഒന്നാമതായി, പണച്ചാക്കുകളടെ സഹായത്തോടെ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ലോക സഭയിലെ അംഗബലം കഴിഞ്ഞ അഞ്ച് വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറയും. രണ്ടാമതായി, ഇതിന് വിപരീതമായി, അതിന്റെ വോട്ട് വിഹിതം ശക്തമായി തുടരും. ഏകദേശം 38 ശതമാനം വോട്ട് വിഹിതമുള്ള ഈ ഫലത്തെ ബിജെപിയുടെ പരാജയമായി ആഘോഷിക്കുന്നത് മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കുന്ന ഒട്ടക പ്പക്ഷിക്ക് തുല്യമായ പ്രതികരണമായിരിക്കും. മൂന്നാമതായി, സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും അഞ്ച് വര്‍ഷം  അധികാരത്തില്‍  തുടരുന്നതിനും ബിജെപിക്ക് നിരവധി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും - പാര്‍ട്ടിക്കുള്ളിലും സഖ്യകക്ഷികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്കിടയിലും - അതിന്റെ നേതൃത്വത്തിന് തികച്ചും കഴിവില്ലാത്ത ഒന്നാണിത്', തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടനെ അദ്ദേഹം നടത്തിയ ഒരു വിലയിരുത്തല്‍ ഇതായിരുന്നു.

REPRESENTATIVE IMAGE | WIKI COMMONS
മോഡി ഭരണം ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോവുന്ന ഘട്ടത്തില്‍ പല്‍ഷിക്കര്‍ ചൂണ്ടിക്കാണിച്ച സങ്കീര്‍ണതകളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള പരിശോധന അടുത്ത നാലു വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം എങ്ങനെയാവും എന്നതിനെ പറ്റി ഒരു ദിശാബോധം രൂപീകരിക്കാന്‍ സഹായകമാവും. തിരഞ്ഞെടുപ്പു ഫലവുമായി  ബന്ധപ്പെട്ട താല്‍ക്കാലികമായ ഒന്നായി മാത്രം മേല്‍ സൂചിപ്പിച്ച സങ്കീര്‍ണ്ണതകളെ കണക്കാക്കാനാവില്ല. അത്തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്ക് കാരണമായ ദീര്‍ഘകാല പ്രവണതകളും പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും പല്‍ഷിക്കര്‍ പറഞ്ഞ സങ്കീര്‍ണ്ണതകള്‍ ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍. ചാക്കിട്ടു പിടുത്തം വഴി ലോക സഭയിലെ അംഗബലം വര്‍ധിപ്പിക്കാനുള്ള നീക്കം മോഡിയുടെയും അദ്ദേഹത്തിന്റെ വലംകൈയായ ആഭ്യന്തരമന്ത്രി അമിത് ഷായുടെയും  ഭാഗത്തു നിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. അതു പോലെ തന്നെ ബിജെപിക്കുള്ളില്‍ നിന്നും സഖ്യ കക്ഷികളുടെ ഭാഗത്തു നിന്നും ഇതുവരെ കാര്യമായ വെല്ലുവിളികളൊന്നും മോഡിക്ക് നേരിടേണ്ടി വന്നില്ല.

തിരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷമുള്ള വിശകലനങ്ങളില്‍ മുന്നിട്ടു നിന്ന ഒരു സുപ്രധാന വീക്ഷണം കൂട്ടുകക്ഷി ഭരണം നയിക്കാനുള്ള നരേന്ദ്ര മോഡിയുടെ പ്രാഗല്‍ഭ്യത്തെ കുറിച്ചുള്ള സംശയങ്ങളാണ്. മോഡിയുടെ വ്യക്തിത്വം അതിന് പറ്റിയതല്ലെന്ന വീക്ഷണമാണ് ഭൂരിഭാഗവും പ്രകടിപ്പിച്ചത്. അഭിപ്രായ സമന്വയത്തിന് പകരം തന്റെ വീക്ഷണങ്ങള്‍ നടപ്പിലാക്കുന്ന തന്നിഷ്ടക്കാരനായ ഒരു ഭരണാധികാരിയെന്ന,  ബോധപൂര്‍വം രൂപപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മോഡിയുടെ സുപ്രധാന രാഷ്ട്രീയ മൂലധനം. കൂട്ടുകക്ഷി ഭരണത്തിന് പറ്റിയതല്ല അത്തരമൊരു വ്യക്തിത്വം. ചന്ദ്രബാബു നായിഡുവിനെയും, നിതീഷ് കുമാറിനെയും പോലുള്ള ശക്തരും, രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് പേരുകേട്ടവരുമായി ഒത്തുപോവാന്‍ മോഡിയുടെ വ്യക്തിത്വത്തിന് സാധ്യമാവില്ല എന്നതായിരുന്നു മേല്‍പ്പറഞ്ഞ വീക്ഷണങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ഭരണം ഒരു കൊല്ലം തികയുമ്പോള്‍ പലരും ആശിച്ചത് പോലുള്ള വൈരുദ്ധ്യങ്ങള്‍, മോഡിയും ബിജെപിയുമായും, സഖ്യ കക്ഷികളുമായും ഉണ്ടായിട്ടില്ല. മാത്രമല്ല, കൂട്ടുകക്ഷി ഭരണത്തിന്റെ പരാധീനതകള്‍ കാരണം രാഷ്ട്രീയ ഹിന്ദുത്വം മുന്നോട്ടു വയ്ക്കുന്ന അജണ്ടകള്‍ പലതും തല്‍ക്കാലം ശീത സംഭരണിയില്‍ വയ്ക്കുമെന്ന പ്രതീക്ഷകളും അസ്ഥാനത്തായി. വഖഫ് നിയമ ഭേദഗതി അതിന്റെ നല്ല ഉദാഹരണമാണ്.

ലോക സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നടന്ന സംസ്ഥാന നിയമ സഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി കൈവരിച്ച വിജയം മോഡിയുടെ നേതൃത്വം അഭിമുഖീകരിക്കുമെന്ന് കരുതിയിരുന്ന വൈരുദ്ധ്യങ്ങളെ പിന്നോട്ടടിപ്പിക്കുന്നതില്‍,  താല്‍ക്കാലികമായെങ്കിലും, വിജയിച്ചുവെന്നതാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രധാന രാഷ്ട്രീയ പാഠം.  പ്രത്യേകിച്ചും ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ ബിജെപി വിജയം മോഡി ഭരണത്തിന് വലിയ ആത്മവിശ്വാസം പ്രദാനം ചെയ്യുന്നതായിരുന്നു. എന്നു മാത്രമല്ല, മോഡി-ബിജെപി അച്ചുതണ്ടിനെതിരെ രൂപം കൊണ്ട ഇന്ത്യ മുന്നണിയുടെ ആന്തരിക വൈരുധ്യങ്ങളാണ് ഈ കാലയളവില്‍ മറ നീക്കി പുറത്തു വന്നത്. ലോക സഭ തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട ഐക്യം പ്രതിപക്ഷ കക്ഷികള്‍ക്ക് നില നിര്‍ത്താനായില്ലെന്ന് മാത്രമല്ല നിയമ സഭ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ മുന്നണിയിലെ പ്രമുഖ ഘടക കക്ഷികള്‍ പരസ്പരം പോരടിക്കുന്ന സ്ഥിതിയും സംജാതമായി. ഹരിയാനയിലും, ഡല്‍ഹിയിലും കോണ്‍ഗ്രസ്സും, ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ശണ്ഠകള്‍ ബിജെപിയുടെ ജോലി എളുപ്പമാക്കിയപ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി മുന്നണിയുടെ സംഘടന ശേഷിയും, വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് ആളുകളെ ചേര്‍ക്കുന്നതടക്കമുള്ള ചിട്ടയായ പ്രവര്‍ത്തനവും, മറ്റുള്ള നടപടികളും വിജയം അനായാസമാക്കി. അധികാരത്തിലെത്തി ഒരു കൊല്ലം കഴിയുമ്പോള്‍ കൂട്ടുകക്ഷി ഭരണത്തിന്റെ വൈരുദ്ധ്യങ്ങള്‍ മോഡിക്ക് തലവേദനയാവുന്നതിന് പകരം ഇന്ത്യ മുന്നണിയുടെ ഭാവി ഒരു ചോദ്യചിഹ്നമാക്കി മാറ്റിയെന്നു പറഞ്ഞാല്‍ അധികമാവില്ല.

REPRESENTATIVE IMAGE | WIKI COMMONS
തിരഞ്ഞെടുപ്പിലെ ജയ-പരാജയങ്ങളുടെ കാലഗണനയില്‍ മാത്രമായി ഫോക്കസ് ചെയ്യുന്ന ഒരു സമീപനം ഈ സ്ഥിതിവിശേഷം മനസ്സിലാക്കുവാന്‍ പര്യാപ്തമല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദീര്‍ഘകാല പ്രവണതകളും അവയുടെ സവിശേഷതകളും പിന്തുടരുന്ന ചരിത്രപരമായ സമീപനമാവും ഇന്നത്തെ സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ കൂടുതല്‍ സഹായിക്കുക. കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ട പരിമിതമായ തോതിലുള്ള സ്വാശ്രയ-സാമ്പത്തിക-ദേശീയവാദമാണ് 1947-നു ശേഷമുള്ള ഇന്ത്യയിലെ  തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകളെ രൂപപ്പെടുത്തിയ പ്രധാന രാഷ്ട്രീയ ഭാവന. പ്രയോഗത്തില്‍ അത് എത്രത്തോളം ഫലപ്രദമായി എന്ന കാര്യത്തില്‍ ഒട്ടേറെ ഭിന്ന വീക്ഷണങ്ങള്‍ ഉണ്ടെങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ അന്നത്തെ പ്രധാന രാഷ്ട്രീയ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്ന പാത അതായിരുന്നു.  അത് ഇന്ത്യയുടെ മാത്രം പ്രത്യേകത ആയിരുന്നില്ല. മുന്‍നിര മുതലാളിത്ത രാജ്യങ്ങള്‍ പോലും ക്ഷേമ മുതലാളിത്ത നയങ്ങള്‍ പിന്തുടര്‍ന്ന ആ കാലഘട്ടത്തില്‍ കൊളോണിയല്‍ അധീശ്വത്തില്‍ നിന്നും പുറത്തുവന്ന പല രാജ്യങ്ങളും ഏറിയും കുറഞ്ഞും സ്വാശ്രയ വികസന നയങ്ങള്‍ സ്വീകരിച്ചു. പക്ഷേ അതിന്റെ പ്രഭാവം ക്രമേണ മങ്ങുകയും 1970 കളോടെ അതൊരു പ്രതിസന്ധിയിലെത്തുകയും ചെയ്തു.

പോസ്റ്റ് കോണ്‍ഗ്രസ് രാഷ്ട്രീയം പോസ്റ്റ് മോഡി പൊളിറ്റിക്‌സിന് വഴിമാറുമ്പോള്‍

ഇന്ത്യയില്‍ പോസ്റ്റ്-കോണ്‍ഗ്രസ് രാഷ്ട്രീയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നിന്റെ ഉദയത്തിന് അത് വഴിയൊരുക്കി. ഇന്ത്യ ആന്‍ഡ് ഇലക്ടറല്‍ പൊളിറ്റിക്‌സ് എന്ന പുസ്തകത്തില്‍ പല്‍ഷിക്കാറും, കെ സി സുരിയും അതിനെ രണ്ടു ഘട്ടങ്ങളായി കണക്കാക്കുന്നു. 1989 മുതല്‍ തുടങ്ങുന്ന പോസ്റ്റ്-കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒന്നാം ഘട്ടത്തെ  അസ്ഥിരവും, ദുര്‍ബലവുമായ മുന്നണി സര്‍ക്കാരുകളുടെ കാലഘട്ടമായി അവര്‍ വിശേഷിപ്പിക്കുന്നു. അതല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഘട്ടത്തിലെ ദേശീയ ഡെമോക്രാറ്റിക് മുന്നണി  സര്‍ക്കാരും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിയും താരതമ്യേന സ്ഥിരതയും, കാലാവധി പൂര്‍ത്തിയാക്കിയവയുമായിരുന്നു. ഇതില്‍ നിന്നും 2014ല്‍ എത്തുമ്പോള്‍ സംഭവിച്ച പ്രധാന മാറ്റം മൂന്ന് ദശകങ്ങള്‍ക്ക് ശേഷം ഒറ്റക്ക് ഭൂരിപക്ഷം നേടുന്ന ഒരു കക്ഷിയായി ബിജെപി മാറിയതാണ്. നരേന്ദ്ര മോഡി ആയിരുന്നു അതിന്റെ ശില്പി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ  അദ്ദേഹത്തെ അതിന് പ്രാപ്തമാക്കിയ ഘടകങ്ങള്‍ എന്താണ്. മോഡി പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ ആരാണ്. വര്‍ഗീയതയും, മതനിരപേക്ഷതയും തമ്മിലുള്ള ദ്വന്ദയുദ്ധം മാത്രമായി മോഡി പ്രതിഭാസത്തെ ചുരുക്കാന്‍  കഴിയുമോ?

47ന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദശകങ്ങളില്‍ ഇന്ത്യന്‍ ഭരണകൂട സമുച്ചയത്തെ ഒരുമിച്ചു നിര്‍ത്തിയ സ്വാശ്രയ-സാമ്പത്തിക ദേശീയതയുടെ നയങ്ങള്‍ പ്രധാന ഭരണകക്ഷിയായ കോണ്‍ഗ്രസ് 1980കള്‍ മുതല്‍ കയ്യൊഴിയുന്നതിന്റെ ചരിത്രം ഇന്ന് ഏറെക്കുറെ ലഭ്യമാണ്. നവലിബറല്‍ നയങ്ങള്‍ എന്ന് പില്‍ക്കാലത്തു ഖ്യാതി നേടിയ ഈ ചുവടുമാറ്റം 1990കളോടെ സ്ഥിരപ്രതിഷ്ഠ നേടി. സ്വാശ്രയ-സാമ്പത്തിക നയങ്ങള്‍ ബാക്കിയാക്കിയ വൈരുധ്യങ്ങള്‍ക്കൊപ്പം നവലിബറല്‍ നയങ്ങളുടെ വൈരുദ്ധ്യങ്ങളും അതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയില്‍ പല രൂപഭാവങ്ങളില്‍ പ്രത്യക്ഷമായി. അതില്‍ ഏറ്റവും പ്രകടമായ കാര്യം  സാംസ്‌കാരിക ദേശീയതയുടെ കടന്നു കയറ്റമായിരുന്നു. സ്വാഭാവികമായും രാഷ്ട്രീയ ഹിന്ദുത്വം അതിന്റെ സുപ്രധാന പതാകവാഹകരും, ഗുണഭോക്താക്കളുമായി. സാംസ്‌കാരിക ദേശീയതയിലേക്കുള്ള  ഈ ചുവടുമാറ്റമാണ് മോഡി പ്രതിഭാസത്തിന്റെ പിന്നിലെ പ്രധാന രാഷ്ട്രീയ മൂലധനം. ഇന്ത്യന്‍ ഭരണാധികാര രാഷ്ട്രീയത്തിന്റെയും, ഭരണകൂട സമുച്ചയത്തിന്റെ നിലനില്‍പ്പിനുള്ള പ്രധാന സ്രോതസ്സായി അത് മാറിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ സംഭവിച്ച ഈ ഗതിമാറ്റം തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത് എങ്ങനെയാണെന്ന് വോട്ടിങ്ങിന്റെ സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് വ്യക്തമാവുന്നതാണ്.

Narendra Modi's “two-caste society” is a facade to hide the BJP's casteist  politics | The CaravanREPRESENTATIVE IMAGE | WIKI COMMONS
1947നു ശേഷം ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ഭരണകൂട സമുച്ചയത്തിന്റെ വികാസപരിണാമങ്ങള്‍, ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ച, ആഗോള തലത്തിലെ ശാക്തിക ബന്ധങ്ങള്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉടലെടുത്ത ആഭ്യന്തര വിഷയങ്ങള്‍  തുടങ്ങിയ വിവിധ ഘടകങ്ങള്‍ സ്വാശ്രയ-സാമ്പത്തിക ദേശീയവാദ  നയങ്ങളില്‍ നിന്നും സാംസ്‌കാരിക ദേശീയതയില്‍ ഊന്നിയ രാഷ്ട്രീയ-സാമ്പത്തിക നയങ്ങളിലേക്കുള്ള ചുവടുമാറ്റത്തില്‍ പ്രത്യക്ഷമായും, പരോക്ഷമായും പങ്കു വഹിക്കുന്നു. തിരഞ്ഞെടുപ്പില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഈ മാറ്റം പ്രകടമാണ്. ഹിന്ദുത്വ ഭൂരിപക്ഷവാദം, എത്‌നിക് ഡെമോക്രസി, നവ ഫാസിസം,  ഫാസിസം, ഇരപിടിയന്‍ മുതലാളിത്തം, വര്‍ഗീയത തുടങ്ങിയ വിവിധ സങ്കല്‍പ്പനങ്ങളും, പരികല്പനകളും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ അവലോകനം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്നു. അവയുടെ വെളിച്ചത്തിലാണ് ഇന്ത്യന്‍ ഭരണാധികാര രാഷ്ട്രീയം പോസ്റ്റ്-കോണ്‍ഗ്രസ് ഘട്ടത്തില്‍ എത്തിയതെന്ന് ചില ഗവേഷകര്‍ വാദിക്കുന്നത്. ഭരണാധികാര രാഷ്ട്രീയം ആ  ഘട്ടം പിന്നിടുകയും പോസ്റ്റ്-മോഡി കാലഘട്ടത്തിലേക്ക് പ്രവേശിച്ചതായി കാണാനാവുമോയെന്ന ചോദ്യം പ്രസക്തമാവുന്ന പശ്ചാത്തലമിതാണ്. മോഡി 3.0യുടെ വര്‍ത്തമാനവും, ഭാവിയും അത്തരമൊരു പരിപ്രേക്ഷ്യത്തിലൂടെ പരിശോധിക്കാനുള്ള ശ്രമം നടത്തുകയാണ് മലബാര്‍ ജേര്‍ണല്‍.

മോഡിയും, ആര്‍എസ്എസും:

2024ലെ ലോക സഭ തിരഞ്ഞെടുപ്പു വേളയില്‍ പ്രത്യേകിച്ചും തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം മുതല്‍ പുറത്തുവന്ന ഒരു പ്രധാന വിവരം ആര്‍എസ്എസ് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ അത്ര സജീവമല്ലെന്ന കാര്യമാണ്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായ ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഈ പ്രവണത വളരെ പ്രകടമായിരുന്നുവെന്ന വിവരങ്ങള്‍ വ്യാപകമായി. സംഘ പരിവാറിന്റെ ജീവന്മാവും, പരാമന്മാവുമായ  ആര്‍എസ്എസും,  മോഡി-ഷാ ദ്വന്ദവും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്ന്മ യുപി-യിലും മഹാരാഷ്ട്രയിലും ബിജെപി-യുടെ സാധ്യതകള്‍ക്ക് കടുത്ത മങ്ങലേല്‍പ്പിച്ചുവെന്ന കാര്യം ഫലം വന്നപ്പോള്‍ വ്യക്തമായി. ആര്‍എസ് എസിനെ അവഗണിക്കാന്‍ പറ്റുന്ന തരത്തില്‍ വളര്‍ന്നു പന്തലിച്ച ഒരു വ്യക്തിത്വമായി മോഡി മാറിയെന്ന നരേറ്റീവുകള്‍ക്ക് ലഭിച്ച ഷോക്കായിരുന്നു ഫലം. തിരഞ്ഞെടുപ്പു കാലത്തും അത് കഴിഞ്ഞും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ചില മുന വച്ച പ്രസ്താവനകളും പരിവാരത്തിനുള്ളില്‍ എല്ലാം ശുഭമാണെന്ന ധാരണയ്ക്ക് വിരുദ്ധമായിരുന്നു. മോഡിയുടെ മൂന്നാമൂഴത്തെ കുറിച്ചുള്ള വിശകലനങ്ങളില്‍ ഒരു പ്രധാന പോയിന്റ് മോഡി-യും ആര്‍എസ്എസും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങളാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍  ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന ഒന്നായി അതിനെ കാണാനാവുമോ. പോസ്റ്റു-മോഡി രാഷ്ട്രീയത്തിന് വേണ്ടിയുള്ള ആര്‍എസ്എസിന്റെ ഒരു ഡ്രസ്സ് റിഹേഴ്‌സല്‍ ആയി 2024 -നെ കണക്കാക്കുന്ന നിഗമനങ്ങള്‍ എത്രത്തോളം സാധുവാണ്.

എത്‌നോ ഡെമോക്രസിയും ഇന്ത്യയും:

ഭൂരിപക്ഷ വാദത്തില്‍ അധിഷ്ഠിതമായ ഒരു എത്‌നോ ഡെമോക്രസിയായി ഇന്ത്യന്‍ ജനാധിപത്യം പരിവര്‍ത്തനപ്പെടുന്നുവെന്ന വിലയിരുത്തലുകളാണ് പരിശോധന അര്‍ഹിക്കുന്ന മറ്റൊരു വിഷയം.  പരമ്പരാഗതമായ വര്‍ഗീയ-മത നിരപേക്ഷ ബൈനറിയില്‍ ഊന്നുന്ന സമീപനങ്ങള്‍ക്ക് ഈ പരിവര്‍ത്തനത്തെ തിരിച്ചറിയാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്വാശ്രയ-സാമ്പത്തിക നയങ്ങളെ അടിസ്ഥാനമാക്കിയ ദേശീയതയില്‍ നിന്നും സാംസ്‌കാരിക ദേശീയത ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭ്രമണപഥമായി മാറിയെന്ന വീക്ഷണവും ഇതോടൊപ്പം പരിഗണനയര്‍ഹിക്കുന്ന മറ്റൊരു വിഷയമാണ്.

Today in MS Golwalkar's birth anniversary. Golwalkar's views on caste, women's rights and religion are wrapped in the language of nationalism and fascism. The Sangh has not dissociated itself from these pronouncements.REPRESENTATIVE IMAGE | WIKI COMMONS
വംശീയ-ദേശീയത:

വംശീയതയിലും, തീവ്രദേശീയതയിലും അഭിരമിക്കുന്ന രാഷ്ട്രീയം ആഗോള തലത്തില്‍ തന്നെ  വലിയ ശക്തിയായി മാറുന്ന പ്രവണത കാണാനാവും. ലിബറല്‍ പ്രാതിനിധ്യ ജനാധിപത്യം ഇക്കൂട്ടരില്‍ നിന്നും കനത്ത വെല്ലുവിളികള്‍ നേരിടുകയാണെന്നും തിരിച്ചറിയപ്പെടുന്നു. മോഡി പ്രതിഭാസത്തിന്റെ ആവിര്‍ഭാവവും ഇപ്പറഞ്ഞ ആഗോള സാഹചര്യങ്ങളുമായി സമാനതകള്‍ ഉള്ളതാണ്. സ്വാശ്രയ-സാമ്പത്തിക നയങ്ങളെ അടിസ്ഥാനമാക്കിയ ദേശീയത പ്രതിസന്ധിയിലായതും അതിന്റെ ഭാഗമായി ഉടലെടുത്ത വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുവാന്‍ നവലിബറല്‍ നയങ്ങള്‍ സ്വീകരിച്ചതും ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുമായി ഏതു തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന ചോദ്യം ഈ സാഹചര്യത്തില്‍ അവഗണിക്കാനാവില്ല. നവലിബറല്‍ നയങ്ങളുടെ പ്രതിസന്ധി വംശീയതയിലും, അതിദേശീയതയിലും അഭിരമിക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ ആവിര്‍ഭാവത്തിനുള്ള ഭൗതിക സാഹചര്യം ഒരുക്കിയതെന്ന വിലയിരുത്തലുകള്‍ ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.

ആഗോള രാഷ്ട്രീയവും ഇന്ത്യയും:

ആഗോള ശാക്തിക ബന്ധങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അമേരിക്കയുടെ ആധിപത്യത്തിലുള്ള ഏകധ്രുവ ലോകം അവസാനിക്കുകയാണെന്നും അതിന് പകരം ബഹുസ്വരതയുടെ ലോകക്രമം ഉടലെടുക്കുകയാണെന്നും അല്ലെന്നുമുള്ള വാദങ്ങളാണ് ആഗോള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ചര്‍ച്ച വിഷയം. മോഡിയെ വിശ്വ ഗുരുവായി ഭക്തര്‍ വിശേഷിപ്പിക്കുന്നുവെങ്കിലും അതിദ്രുതം മാറിമറിയുന്ന അന്താരാഷ്ട്ര നയതന്ത്ര രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം എന്താണ് എന്നത് വിശദവും, സവിശേഷവുമായ പരിശോധന അര്‍ഹിക്കുന്ന വിഷയമാണ്.

പഹല്‍ഗാമിന് ശേഷം മോഡി 3.0:

കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ മൂന്നാമൂഴത്തിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാവുന്നത്. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം ഏറ്റവും താഴ്ന്ന തലത്തില്‍ എത്തിയെന്ന് മാത്രമല്ല ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സംഘര്‍ഷം ഉണ്ടായാല്‍ അതിശയിക്കാനില്ലെന്ന നിലയിലാണ് കാര്യങ്ങള്‍. പഹല്‍ഗാം സംഭവത്തെ വരും ദിവസങ്ങളില്‍ കൈകാര്യം ചെയ്യുന്നത് മോഡി 3.0യുടെ ഔസ്യത്തിനെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും.

REPRESENTATIVE IMAGE | WIKI COMMONS
ജാതി സെന്‍സസ്:

ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യത്തിന് പച്ചക്കൊടി കാണിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം. ജാതി സെന്‍സസ് രാജ്യത്തെ ശിഥിലീകരിക്കുന്നതിന് മാത്രമാണ് ഉപകരിക്കുകയെന്ന് നിരന്തരം പറഞ്ഞിരുന്ന ഒരു നേതാവും, പാര്‍ട്ടിയുമാണ് പെട്ടെന്ന് നിലപാട് മാറ്റിയത്. എങ്ങനെയാണ് ഈ ചുവടുമാറ്റത്തെ  വിശകലനം ചെയ്യാനാവുക.

വികസനം മോഡി യുഗത്തില്‍

മോഡി കാലഘട്ടത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ വന്ന മാറ്റങ്ങള്‍, രാഷ്ട്രീയത്തിലെ പണത്തിന്റെ സ്വാധീനം, സാമൂഹ്യ നീതി, സ്ത്രീകളുടെ പദവി തുടങ്ങിയ വിഷയങ്ങളും ഗൗരവമായ പരിശോധനകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി പരിശോധിക്കുന്ന ഉള്ളടക്കമാവും മോഡി 3.0 യുടെ കാണാപ്പുറങ്ങള്‍ എന്ന തീം അനാവരണം ചെയ്യുക. മലബാര്‍ ജേര്‍ണലിന്റെ അഭ്യുദയകാംക്ഷികളുടെ സഹകരണവും, പിന്തുണയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.







#Politics Beyond Modi
Leave a comment