
വര്‍ഗീയ-വലതുപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം
മതപരതയെ അടിസ്ഥാനമാക്കിയ രാഷ്ട്രീയ ധ്രുവീകരണം ഉത്തരേന്ത്യയില്‍ രണ്ടു പതിറ്റാണ്ടിലധികമായും, കേരളത്തില്‍ കുറച്ചുകാലമായും വ്യാപകമാവുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ്. കേരളം ഒരു 'മിനി പാകിസ്ഥാന്‍' ആണെന്ന മഹാരാഷ്ട്രയിലെ ഒരു മന്ത്രിയുടെ പ്രസ്‌താവന ഈ ധ്രുവീകരണം വരുത്തിവെക്കുന്ന ആപത്തിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകളിലൊന്നാണ്. അസംഭവ്യമെന്നു കരുതിയിരുന്നവ വളരെ സ്വാഭാവികമെന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്നത് നാട്ടുനടപ്പായതും ആപല്‍സൂചനകളാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഈ സാഹചര്യത്തെ എങ്ങനെയാണ് നാം അഭിമുഖീകരിക്കുക. ധ്രുവീകരണം ആധുനിക രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി കണക്കാക്കപ്പെടുന്നു. ജന്മി-നാടുവാഴി-പൗരോഹിത്യ മേധാവിത്തങ്ങള്‍ക്കെതിരായ ആശയങ്ങളും, പ്രയോഗങ്ങളും യൂറോപ്പില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ സ്രോതസ്സുകളായെങ്കില്‍ ഏഷ്യ-ആഫ്രിക്ക-അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളില്‍ കൊളോണിയല്‍ അധിനിവേശത്തിന് എതിരായ വിചാരങ്ങളും, പ്രവര്‍ത്തനങ്ങളുമാണ് രാഷ്ട്രീയമായ ധ്രുവീകരണത്തിന് വഴിയൊരുക്കിയത്. രാഷ്ട്രീയ അധികാരവും അതിന്റെ മൂര്‍ത്തമായ ആവിഷ്‌ക്കാരമായി തിരിച്ചറിയപ്പെട്ട ഭരണകൂടത്തിനെയും കേന്ദ്രീകരിച്ചുള്ള വ്യത്യസ്‌തങ്ങളായ ആശയങ്ങളുടെ രൂപത്തിലാണ് ധ്രുവീകരണം അനുഭവേദ്യമാവുന്നത്. വ്യത്യസ്‌തങ്ങളായ ഭൗതിക താല്‍പര്യങ്ങളുടെ ആവിഷ്‌ക്കാരങ്ങളായി ഈ ആശയങ്ങളെ ഇപ്പോള്‍ തിരിച്ചറിയുന്നു.
വിശാലമായ അര്‍ത്ഥത്തില്‍ യാഥാസ്ഥിതികവും, പുരോഗമനപരവുമെന്ന നിലയില്‍ അവയെ വേര്‍തിരിക്കാം. പതിനെട്ടും, പത്തൊമ്പതും നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ വിശേഷിച്ചും ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അരങ്ങേറിയ രാഷ്ട്രീയ സംഭവവികാസങ്ങളും അവയ്ക്ക് പ്രചോദനമായിത്തീര്‍ന്ന ആശയങ്ങളും ക്രമേണ സാര്‍വലൗകികമായ വീക്ഷണങ്ങളും, മാതൃകകളുമായി രൂപപ്പെടാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അവ ലോകവ്യാപകമായി സ്വാധീനം ചെലുത്തുന്നവയായി. നവോത്ഥാനം, ആധുനികത, ദേശരാഷ്ട്രം, ഭരണകൂട പരമാധികാരം, ഭൗതിക പുരോഗതി, വ്യക്തി സ്വാതന്ത്യം, പുതിയ നഗരങ്ങള്‍, വംശീയത, അസമത്വം, മതവും, രാഷ്ട്രീയവും തമ്മിലുള്ള വേര്‍പിരിയല്‍, സ്‌ത്രീകളുടെ സവിശേഷമായ അവകാശങ്ങള്‍, പുതിയ ആശയവിനിമയോപാധികള്‍, ജനാധികാരം തുടങ്ങിയ വിവിധ രൂപങ്ങളിലുള്ള അധികാരബന്ധങ്ങളെ നിര്‍വചിക്കുന്ന ആശയങ്ങള്‍ രാഷ്ട്രീയത്തിന്റെ മണ്ഡലത്തിലെ സുപ്രധാന വിഷയങ്ങളായി. അവയുടെ വികാസപരിണാമങ്ങള്‍ ഒരിക്കലും രേഖീയമായ പുരോഗതിയുടെ നേര്‍വരയായിരുന്നില്ല. പല തരത്തിലുള്ള മുന്നേറ്റങ്ങളും, തിരിച്ചടികളും, ഏങ്കോണിപ്പുകളും നിറഞ്ഞ ഒരു തുടര്‍പ്രക്രിയായി ധ്രുവീകരണത്തെ തിരിച്ചറിയുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ മനസ്സിലാക്കുവാന്‍ സഹായകം.REPRESENTATIVE IMAGE | WIKI COMMONS
കേരളത്തിലും, ഇന്ത്യയിലും മാത്രമല്ല ലോകമാകെ ഇപ്പോള്‍ അലയടിക്കുന്ന വലതുപക്ഷ രാഷ്ട്രീയ ധ്രുവീകരണത്തെ മനസ്സിലാക്കുവാന്‍ അങ്ങനെയൊരു സമീപനമാവും ഉപകരിക്കുക. വലതുപക്ഷ ധ്രുവീകരണം ഏതാണ്ട് ലോകമാകെ സമാനമായ തലങ്ങളില്‍ ദൃശ്യമാണെങ്കിലും ഒരോ ദേശത്തും അതിന്റെ സ്വഭാവവും, പ്രവര്‍ത്തന പദ്ധതികളും അതാതു കാലദേശങ്ങളുടെ സവിശേഷതകള്‍ പേറുന്നു. അതോടൊപ്പം പലപ്പോഴും ഈ സവിശേഷതകളെ മറയ്‌ക്കുന്ന തരത്തിലുള്ള ചിലപ്പോഴെങ്കിലും അവയെ അപ്രസക്തമാക്കുന്ന തരത്തിലുള്ള സമാനതകളും വലതുപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തില്‍ കാണാനാവും. ജൂതവിരോധം (ആന്റി സെമിറ്റിസം) ഡിഎന്‍എ-യില്‍ പേറുന്ന അമേരിക്കയിലെ യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ കക്ഷി നേതാക്കളും, സയണിസ്റ്റുകളും തമ്മിലുള്ള ഐക്യം ഉദാഹരണമായി കാണാവുന്നതാണ്. രാഷ്ട്രീയത്തിന്റെ മണ്ഡലത്തിലെ ധ്രുവീകരണത്തെ പൊതുവെ രണ്ടായി വിഭജിക്കാമെന്ന് നേരത്തെ സൂചിപ്പിച്ചു; യാഥാസ്ഥിതികരും, പുരോഗമനക്കാരും. പഴയതില്‍ നിന്നുള്ള മാറ്റങ്ങളെ അംഗീകരിക്കാനുള്ള വിസ്സമതം മാത്രമല്ല പഴയതിനെ പുനഃസ്ഥാപിക്കാനുള്ള ത്വരയും ചേര്‍ന്നതാണ് യാഥാസ്ഥിതികരുടെ ലോകം. പഴയ ഫ്രാന്‍സിലെ ബോര്‍ബണ്‍ രാജകുടംബത്തിലെ അവസാന രാജാവായ ലൂയി 18-ാമന്റെ പേരില്‍ പ്രചരിക്കുന്ന ''ഒന്നും പഠിച്ചിട്ടുമില്ല, ഒന്നും മറന്നിട്ടുമില്ല" എന്ന ചൊല്ല് യാഥാസ്ഥിതികതയുടെ ആപ്‌തവാക്യമായി ഇപ്പോഴും തിരിച്ചറിയപ്പെടുന്നു. "തമ്പ്രാനെന്നു വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും" എന്ന് വിമോചന സമരകാലം കേരളത്തിൽ ഉയർന്ന മുദ്രാവാക്യം ലക്ഷണയുക്തമായ യാഥാസ്ഥിതികതയുടെ മറ്റൊരു പതിപ്പാണ്.
കാലത്തിന്റെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ആശയങ്ങളും, വീക്ഷണങ്ങളും പേറുന്ന കൂട്ടരായി ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ വലിച്ചെറിയപ്പെടുമെന്ന് കരുതപ്പെട്ട യാഥാസ്ഥിതികരാണ് ഇപ്പോള്‍ വ്യാപകമായ ജനപിന്തുണയോടെ ലോകത്തിലെ വലതുപക്ഷ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ഒരുപക്ഷെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ പോലും വിഭാവന ചെയ്യാന്‍ പറ്റാതിരുന്ന കാര്യങ്ങള്‍ വളരെ സ്വാഭാവികമെന്ന നിലയില്‍ അരങ്ങേറാന്‍ അല്ലെങ്കില്‍ നടപ്പിലാക്കുവാന്‍ വലതുപക്ഷ ധ്രുവീകരണത്തിന് സാധിക്കുന്നു. പെട്ടിയിലാക്കി കുഴിച്ചുമൂടിയ ദൂര്‍ഭൂതങ്ങളെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുക മാത്രമല്ല പുതിയ ആരാധനാമൂര്‍ത്തികളായി കൊണ്ടാടപ്പെടുന്ന ഈ സാഹചര്യത്തെ എങ്ങനെയാണ് മനസ്സിലാക്കാനാവുക. മനസ്സിലാക്കുന്നതിലൂടെ മാത്രമാണ് ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള രാഷ്ട്രീയഭാവനകള്‍ സാധ്യമാവുക.REPRESENTATIVE IMAGE | WIKI COMMONS
പുരോഗമനപരവും. യാഥാസ്ഥിതികവുമായ ധ്രുവീകരണത്തെ നിര്‍ണ്ണയിച്ച ഒരു പ്രധാന അളവുകോല്‍ മതവും, രാഷ്ട്രീയവും തമ്മിലുള്ള വിച്ഛേദനമായിരുന്നു. യൂറോപ്പിലെ നവോത്ഥാനം, ദേശരാഷ്ട്ര രൂപീകരണങ്ങള്‍, വിപ്ലവങ്ങള്‍, മുതലാളിത്ത സമ്പദ്‌ഘടനയുടെ ആവിര്‍ഭാവം തുടങ്ങിയ നിരവധി സംഭവവികാസങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് ഈ വിച്ഛേദനം. ഇന്ത്യ പോലുള്ള കൊളോണിയല്‍ ദേശങ്ങളില്‍ സമാനമായി അരങ്ങേറിയ ഒന്നാണ് ജാതി മര്‍ദ്ദനത്തിന് എതിരായ കലാപങ്ങളും, സവര്‍ണ്ണരുടെ ജാതി പരിഷ്‌ക്കരണങ്ങളും. മതവും, രാഷ്ട്രീയവും തമ്മില്‍ യൂറോപ്പില്‍ നടന്നതിന് സമാനമായ വിച്ഛേദനം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ അതിനാല്‍ കാണാനാവില്ല. കാരണം, ജാതി-മത പരിഷ്‌ക്കരണവും, രാഷ്ട്രീയവും തമ്മിലുള്ള കെട്ടുപാടുകള്‍ സങ്കീര്‍ണ്ണമായ നിലയിലാണ് കൊളോണിയല്‍ ആധിപത്യത്തിലുള്ള ദേശങ്ങളില്‍ രൂപപ്പെട്ടത്. കൊളോണിയല്‍ ആധിപത്യത്തിന് എതിരായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ മതം പുതിയൊരു കര്‍തൃത്വമായി ഈ ദേശങ്ങളില്‍ രൂപപ്പെട്ടിരുന്നു. ഇന്നത്തെ സാഹചര്യങ്ങളെ മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഈ പശ്ചാത്തലം അവഗണിക്കാനാവില്ല. കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ മതവും, ദേശരാഷ്ട്രവും തമ്മില്‍ സമരസപ്പെടുന്നതിന്റെ ഭാവനകളില്‍ ഈ പുതിയ കര്‍തൃത്വ രൂപീകരണത്തിന്റെ അനുരണനങ്ങള്‍ വേണ്ടത്ര കാണാനാവും.
അത്തരമൊരു പ്രക്രിയയില്‍ അന്തസ്ഥിതമായ വിവിധ ശാക്തിക ചേരികളുടെ ബലാബലം, അവയുടെ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍, ജാതി-മത പരിഗണനകള്‍, ഭാഷപരവും, പ്രാദേശികവുമായ താല്‍പ്പര്യങ്ങളും, സ്വാധീനങ്ങളുമടക്കമുള്ള നിരവധി അടരുകളിലൂടെയാണ് ഇപ്പോള്‍ അരങ്ങേറുന്ന വലതുപക്ഷ ധ്രുവീകരണത്തിന്റെ ആടയാഭരണങ്ങളെ തിരിച്ചറിയാനാവുക.
ധ്രുവീകരണത്തിന്റെ രാഷ്ട്രീയമെന്ന പ്രമേയം അതിനുള്ള ശ്രമമാണ്. പഴയ നല്ല കാര്യങ്ങളില്‍ നിന്നല്ല പുതിയ ചീത്ത കാര്യങ്ങളില്‍ നിന്നാണ് സംസാരിച്ചു തുടങ്ങേണ്ടതെന്ന കവിവചനം (1) ഈ വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ഊര്‍ജ്ജദായനിയാണ്. വര്‍ഗീയത-മതനിരപേക്ഷത എന്ന പരമ്പരാഗത ബൈനറിയിലൂടെ മാത്രം ഇപ്പോള്‍ സംഭവിക്കുന്ന മത-രാഷ്ട്രീയ ധ്രുവീകരണത്തെ മനസ്സിലാക്കാനാവില്ലെന്ന ബോധ്യം നമ്മുടെ ശ്രമങ്ങളെ കൂടുതല്‍ സൃഷ്ടിപരമാക്കുന്നതിന് സഹായിക്കുമെന്നു കരുതുന്നു. സാധാരണ രാഷ്ട്രീയ വ്യവഹാരങ്ങളിലെ വാഗ്വാദങ്ങള്‍, മാധ്യമങ്ങളിലെ വിവാദങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്ന പേരിലറിയപ്പെടുന്നവയില്‍ ബോധപൂര്‍വ്വം നിര്‍മ്മിക്കപ്പെടുന്ന ആഖ്യാനങ്ങള്‍, വ്യാജവിവരങ്ങളുടെ കുത്തൊഴുക്കുകള്‍ എന്നിവയോടൊപ്പം വര്‍ഗീയ-വലതുപക്ഷ ധ്രുവീകരണത്തിന്റെ ചരിത്രപരമായ നാഴികക്കല്ലുകള്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നു. വര്‍ഗീയ-വലതുപക്ഷ ധ്രുവീകരണത്തിന്റെ ആഗോള പശ്ചാത്തലം, സാമ്രാജ്യത്വ-മുതലാളിത്ത പ്രതിസന്ധികളുമായുള്ള അതിന്റെ കെട്ടുപാടുകള്‍, സാങ്കേതിക വിദ്യയുടെ അതിപ്രസരം സൃഷ്ടിക്കുന്ന ഭാവിയെക്കുറിച്ചുള്ള ഭീതികള്‍, അനിശ്ചിതത്വം, കാലാവസ്ഥ മാറ്റം വരുത്തുന്ന അങ്കലാപ്പുകള്‍ തുടങ്ങിയ വൈവിധ്യങ്ങളായ അടരുകളിലൂടെ മേൽപ്പറഞ്ഞ ധ്രുവീകരണം രാഷ്ട്രീയമായി ബഹുമാന്യത നേടുന്ന പ്രക്രിയയെ തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയോടെ, മലബാര്‍ ജേണലിന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും പുതുവത്സാരംശകളോടെ, ഈ പുതിയ തീം ഞങ്ങള്‍ മുന്നോട്ടു വയ്‌ക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെയും, വായനക്കാരുടെയും സഹകരണവും പിന്തുണയും പതിവുപോലെ ഉണ്ടാവുമെന്ന വിശ്വാസത്തോടെ.