
ജ്ഞാനഹത്യയുടെ അമേരിക്കൻ ക്യാമ്പസുകൾ
വംശഹത്യ അഥവാ ജനോസൈഡ് എന്ന പദം വ്യാപകമായതു പോലെ ഇപ്പോൾ സർവസാധാരണമായി മാറുന്ന മറ്റൊരു വാക്കാണ് സ്കോളാസ്റ്റിസൈഡ്. പണ്ഡിത-ഗവേഷക-വിദ്യാർത്ഥി സമൂഹവും, വിദ്യാഭ്യാസ സ്ഥാപനങ്ങളും മാത്രമല്ല അവയുമായി ബന്ധപ്പെടുന്നവരെയാകെ സംഘടിതവും, ആസൂത്രിതവുമായ നിലയിൽ ഇല്ലായ്ന്മ ചെയ്യുന്ന പ്രക്രിയയാണ് സ്കോളാസ്റ്റിസൈഡ് അല്ലെങ്കിൽ ജ്ഞാനഹത്യ. ഗാസ യുദ്ധത്തെ തുടർന്നാണ് ഈ വാക്ക് വ്യാപകമായ പ്രചാരം നേടിയത്. ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നൊന്നായി നശിപ്പിക്കുന്നതിന്റെ തത്സമയ ദൃശ്യങ്ങളുടെ, ഇപ്പോഴും അവിശ്വസനീയമായി തോന്നുന്ന, ബീഭത്സത ജ്ഞാനഹത്യയെ സർവ്വസാധാരണമാക്കി. ഗാസ പോലെ തീവ്രമായ സംഘർഷ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല അമേരിക്കയിലെ കേൾവി കേട്ട 'ഐവി ലീഗ്' സർവകലാശാലകളും സ്കോളാസ്റ്റിസൈഡിന് വിധേയമായാൽ അത്ഭുതപ്പെടാനില്ലെന്ന് അമേരിക്കയിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നു.
ജോർജ്‌ടൗൺ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയും ഇന്ത്യക്കാരനുമായ ബദർ ഖാൻ സൂരി എന്ന ഗവേഷകനെ അമേരിക്കയിലെ ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ കസ്റ്റഡിയിൽ എടുത്തതാണ് അമേരിക്കയിൽ നടക്കുന്ന ജ്ഞാനഹത്യയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവം. ഹമാസിന് അനുകൂലമായ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന് എതിരായ കുറ്റം. ജാമിയ മിലിയ സർവകലാശാലയിൽ നിന്നും സമാധാന-സംഘർഷ പഠന മേഖലയിൽ 2020-ൽ ഡോക്ടറേറ്റ് നേടിയ സൂരി അമേരിക്കൻ പൗരത്വം ഉള്ള വ്യക്തിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. അമേരിക്കയിലെ മറ്റൊരു വിഖ്യാത സ്ഥാപനമായ കൊളംബിയ സർവകലാശാലയിലെ ഗവേഷകനായ മഹമൗദ് ഖലീൽ എന്ന പലസ്തീൻ വിദ്യാർത്ഥിയെ ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അറസ്റ്റു ചെയ്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ തുടക്കം. ഗ്രീൻ കാർഡ് ഉള്ള ഖലീലിനെ അമേരിക്കയിൽ നിന്നും നാടുകടത്താനുള്ള നടപടിക്രമങ്ങൾ ട്രംപ് ഭരണകൂടം തുടങ്ങിയിട്ടുണ്ട്. ഖലീലിന് എതിരായ നടപടി ഒരു തുടക്കം മാത്രമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായം സൃഷ്ടിച്ച കടുത്ത ആശങ്കകളെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ. ഖലീലിന് എതിരായ നടപടിക്ക് പിന്നാലെ കൊളംബിയയിലെ തന്നെ മറ്റൊരു ഗവേഷക വിദ്യാർത്ഥിയും ഇന്ത്യൻ വംശജയുമായ രഞ്ജനി ശ്രീനിവാസൻ സ്വയം 'നാടുകടത്തിയിരുന്നു'. അമേരിക്കൻ അധികൃതരുടെ അറസ്റ്റും, നാടുകടത്തലും ഭയന്നാണ് സ്വയം രക്ഷ നേടിയതെന്ന് അവർ പറഞ്ഞു.ഡൊണാള്‍ഡ് ട്രംപ് | PHOTO: WIKI COMMONS
മറ്റൊരു പ്രമുഖ അമേരിക്കൻ സർവകശാലയായ ബ്രൗൺ യൂണിവേഴ്സിറ്റി, ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര ഗവേഷകരോടും, ജീവനക്കാരോടും അവധി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ സ്കൂളിലെ വൃക്കരോഗ വിദ്ഗദ്ധയും ലെബനൻ സ്വദേശിയുമായ ഡോ.റാഷ അലവിഹ് അവധി കഴിഞ്ഞു തിരിച്ചു വരുമ്പോൾ അമേരിക്കയിൽ പ്രവേശനം നിഷേധിച്ചതാണ് ഇത്തരമൊരു ഉപദേശം പുറപ്പെടുവിക്കാനുള്ള കാരണം. "യുഎസ് വിസ ഉടമകളും, സ്ഥിര താമസക്കാരും (അല്ലെങ്കിൽ 'ഗ്രീൻ കാർഡ് ഉടമകൾ') ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ, സ്റ്റാഫ്, ഫാക്കൽറ്റി, പണ്ഡിതർ എന്നിവർ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതുവരെ അമേരിക്കയ്ക്ക് പുറത്തുള്ള വ്യക്തിഗത യാത്ര മാറ്റിവയ്ക്കുന്നതോ, വൈകിപ്പിക്കുന്നതോ പരിഗണിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു," ബ്രൗണിന്റെ ആസൂത്രണ-നയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റസ്സൽ കാരി പറഞ്ഞു. വൃക്കരോഗ വിദഗ്ധയായ റാഷയുടെ ഫോൺ വിമാനത്താവളത്തിൽ വച്ച് പരിശോധിക്കുകയും അതിൽ ഹിസ്ബുള്ള നേതാക്കളുടെ ഫോട്ടോകൾ കണ്ടെത്തുകയും ചെയ്തതിനെത്തുടർന്നാണ് അവർക്ക് അമേരിക്കയിൽ പ്രവേശനത്തിന് അനുമതി നിഷേധിച്ചത്. മതപരമായ കാരണങ്ങളാലാണ് ആ ഫോട്ടോകൾ വാട്ട്സ്ആപ്പിൽ സൂക്ഷിച്ചതെന്നും രാഷ്ട്രീയ കാരണങ്ങളാൽ അല്ലെന്നും പ്രവേശന ഉദ്യോഗസ്ഥരോട് അവർ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. നിയമപരമായ എച്ച് -1 ബി വിസ ഉണ്ടായിരുന്നിട്ടും അവർക്ക് അമേരിക്കയിൽ പ്രവേശനം അനുവദിച്ചില്ല.
കഴിഞ്ഞ വർഷം നടന്ന ഗാസ യുദ്ധവിരുദ്ധ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ തിരഞ്ഞു പിടിച്ചു പുറത്താക്കുന്നതിന് പുറമെ ഇസ്രായേൽ ഭരണകൂടം സ്വീകരിക്കുന്ന നയങ്ങളുടെ വിമർശനം ജൂത വിരോധമായി (ആന്റി-സെമിറ്റിസം) കണക്കാക്കുക, അമേരിക്കൻ സർവകലാശാലകളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമർശനാത്മക ചിന്ത അപ്പാടെ ഒഴിവാക്കുക എന്നിവയാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്നത്. എല്ലാ കാലത്തും ഫാസിസത്തിന്റെ മുഖമുദ്രയായ ധൈഷണിക വിരുദ്ധതയാണ് (ആന്റി ഇന്റലിച്ചുലിസം) ഈ ഭരണകൂട നടപടികളിൽ തെളിയുന്നതെന്ന് Hamline യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡേവിഡ് ഷുൾട്സ് അഭിപ്രായപ്പെടുന്നു. 1960-70 കളിൽ നടന്ന യുദ്ധവിരുദ്ധ പ്രസ്ഥാനം, വിദ്യാർത്ഥി കലാപങ്ങൾ എന്നിവ അമേരിക്കൻ ക്യാമ്പസുകളെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി അമേരിക്കയിലെ സർവകലാശാലകൾ, പ്രതിരോധ വ്യവ്യസായം, രഹസ്യാന്വേഷണ സംവിധാനങ്ങൾ, സ്വകാര്യ മൂലധന താൽപ്പര്യങ്ങൾ എന്നിവ തമ്മിലുള്ള ഗാഢ ബന്ധങ്ങൾ ആ കാലഘട്ടത്തിൽ വിശദമായ പരിശോധനകൾക്കും, പഠനങ്ങൾക്കും വിധേയമായിരുന്നു. എന്നാൽ 1980-ൽ റൊണാൾഡ് റീഗൻ അധികാരത്തിൽ എത്തിയതോടെ ചിത്രം മാറി. വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർക്കാർ മുതൽമുടക്ക് ഗണ്യമായി ഇല്ലാതാക്കിയതായിരുന്നു അതിന്റെ ആദ്യപടി. ഉന്നത വിദ്യാഭ്യാസം സമ്പന്നർക്ക് മാത്രമായി ചുരുക്കിയതിന് വഴിയൊരുക്കിയ ഈ നടപടികളുടെ മറ്റൊരു സൃഷ്ടിയായിരുന്നു വിദ്യാഭ്യാസ വായ്‌പ. സർക്കാർ ധനസഹായം ഇല്ലാതായതോടെ വിദ്യാർഥികൾ വായ്‌പയെടുക്കാൻ നിർബന്ധിതരായി. വായ്‌പ ബാധ്യത ഡെമോക്ലിസിന്റെ വാളു പോലെ ഓരോ വിദ്യാർത്ഥിയുടെയും ചുമലിൽ ആയതോടെ റാഡിക്കലായ ആക്ടിവിസത്തിനുള്ള സാധ്യത ക്യാമ്പസുകളിൽ ഗണ്യമായി ചുരുങ്ങി. അതിനൊപ്പം യാഥാസ്ഥിതിക-വലതുപക്ഷ വീക്ഷണങ്ങളും, ആശയങ്ങളും അക്കാദമിക മേഖലയിൽ പുതിയ ബഹുമാന്യത കൈവരിച്ചു. 1980-കളിൽ ആരംഭിച്ച ഈയൊരു പ്രക്രിയയുടെ പുതിയ ഒരു ഘട്ടമാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടികളിൽ തെളിയുന്നത്. നാടുകടത്താൻ മുദ്ര കുത്തപ്പെട്ട ഖലീലിന്റെ കൊളംബിയ സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷണലിന്റെ മേധാവി ഡോ. കെരെൻ യാർഹി-മിലോ മുൻ ഇസ്രായേലി രഹസ്യാന്വേഷണ ഓഫീസർ ആയിരിന്നു. ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേലി മിഷനിലും പ്രവർത്തിച്ചതിന് ശേഷമാണ് അവർ അക്കാദമിക് മേഖലയിൽ എത്തിയതെന്ന് മിന്റ് പ്രസ് എന്ന ഡിജിറ്റൽ പ്രസിദ്ധീകരണത്തിലെ ലേഖകനായ അലൻ മക്ലിയോഡ് എഴുതുന്നു. സിഐഎ, മൊസാദ് തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളിൽ ദീർഘകാലം പ്രവർത്തിച്ചതിന് ശേഷം അമേരിക്കയിലെ അക്കാദമിക മേഖലയിലും, മാധ്യമ സ്ഥാപനങ്ങളിലും നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്ന നിരവധിയാളുകൾ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തുന്നു. ട്രംപ് പ്രതിഭാസം അമേരിക്കയിലെ സ്വാഭാവിക രാഷ്ട്രീയ പ്രക്രിയയിലുണ്ടായ ഒരു കൈപ്പിഴയല്ലെന്നും ദീർഘകാലമായി അമേരിക്കൻ സമൂഹത്തിന്റെ വിവിധ അടരുകളിൽ സംഭവിക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം കരുതുന്നു.അമേരിക്കൻ സർവകശാലയായ ബ്രൗൺ യൂണിവേഴ്സിറ്റി | PHOTO: WIKI COMMONS
വിദ്യാർത്ഥികളും, അധ്യാപകരുമടക്കമുള്ള അക്കാദമിക സമൂഹത്തിന് നേരെ സ്വീകരിക്കുന്ന ശിക്ഷണ നടപടികൾക്ക് പുറമെ സർവകലാശാലകൾക്കുള്ള ധനസഹായം നിർത്തലാക്കുന്ന നയങ്ങളും ട്രംപ് ഭരണകൂടം സ്വീകരിക്കുന്നു. സർവോപരി വിദ്യാഭ്യാസ വകുപ്പിനെ തന്നെ പൂർണ്ണമായും ഇല്ലാതാക്കുന്ന ഉത്തരവിൽ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പു വച്ചിരുന്നു. ട്രംപിസം മുന്നോട്ടു വയ്ക്കുന്ന മത-വംശീയ-മുതലാളിത്തത്തിന് പറ്റിയ യാഥാസ്ഥിതിക-വലതുപക്ഷ ആശയങ്ങളുടെ പ്രഭവ കേന്ദ്രമായി വിദ്യാഭ്യാസ സംവിധാനത്തെ മുഴുവൻ മാറ്റിയെടുക്കുന്ന നയങ്ങളാണ് ഭരണകൂടം നടപ്പിലാക്കുന്നത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ അമേരിക്കയിലുടനീളം അരങ്ങേറുന്നു. വിദ്യാർത്ഥികളും, അധ്യാപകരും, ഗവേഷകരും, മറ്റുള്ളവരും ഈ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നു. പതിവു പോലെ അതു സംബന്ധിച്ച വാർത്തകൾക്ക് മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. കൊളംബിയ സർവകലാശാലയുടെ 400 മില്യൺ ഡോളർ സഹായം തൽക്കാലം മരവിപ്പിക്കുന്ന ഉത്തരവിനെതിരെ സർവകലാശാലയിലെ നിയമവകുപ്പിലെ നാലു പ്രൊഫെസ്സർമാർ ചേർന്നെഴുതിയ കുറിപ്പ് അതിന്റെ ഉദാഹരണമാണ്. ഭരണകൂടത്തിന്റെ ഉത്തരവ് നിയമപരമായി ഒരു തരത്തിലും നിലനിൽക്കുന്നതല്ലെന്ന് അവർ സമർഥിക്കുന്നു. അതു പോലെ, നിരവധി ലേഖനങ്ങളും, കുറിപ്പുകളും ബദൽ മാധ്യമങ്ങളിൽ ദിവസേന പ്രത്യക്ഷപ്പെടുന്നു. അതിനാൽ തന്നെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ വലിയ പ്രസ്ഥാനമായി മാറുമെന്ന ആശങ്കകൾ ഭരണകൂടത്തിനുണ്ട്. പ്രതിഷേധങ്ങളുടെ സംഘാടനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നവരെ തിരഞ്ഞു പിടിച്ചു നാടുകടത്തുന്നതിനും, മറ്റുള്ള ശിക്ഷണ നടപടികൾക്കും വിധേയമാക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഈ ആശങ്കകളാണ്. പ്രതിഷേധക്കാരെ കോടതി വ്യവഹാരങ്ങളിൽ തളച്ചിടാൻ ശിക്ഷണ നടപടികൾ ഉപകരിക്കുമെന്ന കണക്കുകൂട്ടലുകളും ഭരണകൂടം നടത്തുന്നു.
അമേരിക്കൻ സർവകലാശാല അധികൃതർ കൈക്കൊള്ളുന്ന സമീപനങ്ങളും ഇപ്പോൾ ഗൗരവമായി ചർച്ച ചെയ്യുന്നു. ഗാസ യുദ്ധത്തിന് എതിരെ ക്യാമ്പസുകളിൽ കഴിഞ്ഞ വർഷം നടന്ന കുടിൽ കെട്ടി പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ട രീതി ഇപ്പോഴത്തെ നടപടികൾക്ക് വേണ്ട ഉത്തേജനം നൽകുന്ന ഒന്നായിരുന്നുവെന്ന നിരീക്ഷണങ്ങൾ നടത്തുന്നവർ ഏറെയാണ്. 1960-70 കളിലെ സമര തീക്ഷ്ണതക്ക് സമാനമായ പ്രതികരണങ്ങൾ വരുത്തി വയ്ക്കാവുന്ന ആപത്തുകളെപ്പറ്റി മുന്നറിയിപ്പുകൾ നൽകിയവരെ പറ്റിയുള്ള വിമർശനങ്ങളും ചെറുതല്ല. അമേരിക്കയുടെ ഉന്നത വിദ്യാഭ്യാസ മേഖല ഒരു വഴിത്തിരിവിലാണ്.
അക്കാദമികവും, അല്ലാത്തതുമായ സ്വതന്ത്ര ചിന്തയുടെയും, പ്രവർത്തനങ്ങളുടെയും ഇടങ്ങളെന്ന നിലയിൽ സർവകലാശാലകളുടെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പ് ട്രംപിസ കാലഘട്ടത്തിൽ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. അതിന്റെ ഹൃസ്വ-ദീർഘകാല വിവക്ഷകൾ എന്താവുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാവുമെന്ന് കരുതാം.REPRESENTATIVE IMAGE | WIKI COMMONS
ഇത്രയും എഴുതി കഴിഞ്ഞപ്പോഴാണ് അമേരിക്കയിൽ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈമാറണമെന്ന ആവശ്യം അമേരിക്കൻ കോൺഗ്രസിന്റെ ഒരു പാനൽ ആവശ്യപ്പെട്ട വിവരം പുറത്തു വന്നത്. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആറ് അമേരിക്കൻ സർവകലാശാലകളിലെ ചൈനീസ് വിദ്യാർത്ഥികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കൈമാറാൻ അമേരിക്കൻ കോൺഗ്രസിന്റെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള ഹൗസ് സെലക്ട് കമ്മിറ്റി പാനൽ ആവശ്യപ്പെട്ടു. സെൻസിറ്റീവായ ഉന്നത സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിന് ചൈനീസ് സർക്കാർ ഉന്നത അമേരിക്കൻ സ്ഥാപനങ്ങളിൽ ഗവേഷകരെ ഉൾപ്പെടുത്തുകയാണെന്ന് സ്റ്റാൻഫോർഡ്, കാർനെഗി മെല്ലൺ എന്നിവയുൾപ്പെടെയുള്ള സർവകലാശാലകൾക്ക് അയച്ച കത്തിൽ പാനൽ ആരോപിക്കുന്നു.
കോൺഗ്രസ് പാനൽ മുന്നോട്ടു വച്ച ആവശ്യത്തെ തുടർന്ന് അമേരിക്കയിലെ ചൈനീസ് വിദ്യാർത്ഥികൾക്ക് സംരക്ഷണം നല്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നാലിലൊന്നും ചൈനീസ് വിദ്യാർത്ഥികളാണെന്നും അവരുടെ സാന്നിദ്ധ്യം "യുഎസിന്റെ സാമ്പത്തിക അഭിവൃദ്ധിയും, സാങ്കേതിക വികസനവും" പ്രോത്സാഹിപ്പിച്ചുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രതികരിച്ചു. "അത് ഇരു കക്ഷികളുടെയും താൽപ്പര്യമാണ്," മാവോ ബെയ്‌ജിങ്ങിലെ ദൈനംദിന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. "ദേശീയ സുരക്ഷയെന്ന ആശയത്തെ അമിതമായി അടിച്ചേൽപ്പിക്കാതിരിക്കാനും, ചൈനീസ് വിദ്യാർത്ഥികളുടെ നിയമാനുസൃതമായ അവകാശങ്ങളും താൽപ്പര്യങ്ങളും ഫലപ്രദമായി സംരക്ഷിക്കാനും, ചൈനീസ് വിദ്യാർത്ഥികളുടെ മേൽ വിവേചനപരമായ നിയന്ത്രണ നടപടികൾ ഏർപ്പെടുത്താതിരിക്കാനും ഞങ്ങൾ യുഎസിനോട് അഭ്യർത്ഥിക്കുന്നു."ഹൗസ് സെലക്ട് കമ്മിറ്റി ചെയർമാൻ ജോൺ മൂലേനാർ | PHOTO: WIKI COMMONS
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള ഹൗസ് സെലക്ട് കമ്മിറ്റി ചെയർമാൻ ജോൺ മൂലേനാർ ആണ് നൂതന ശാസ്ത്ര സാങ്കേതിക പ്രോഗ്രാമുകളിൽ ചേരുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിവരങ്ങൾ തേടി ആറു സ്ഥാപനങ്ങൾക്ക് കത്തയച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് വക്താവിന്റെ പ്രതികരണം. സാമ്പത്തിക ആനുകൂല്യങ്ങൾക്കായി മേല്പറഞ്ഞ സ്ഥാപനങ്ങൾ അമേരിക്കൻ ഗവേഷണത്തെ അപകടത്തിലാക്കുകയാണെന്ന് ജോൺ മൂലേനാർ ആരോപിച്ചു.