TMJ
searchnav-menu
post-thumbnail

Trumpverse

എന്റെ പേര് മഹ്‌മൂദ് ഖലീല്‍, ഞാന്‍ ഒരു രാഷ്ട്രീയ തടവുകാരന്‍

22 Mar 2025   |   4 min Read
മഹ്‌മൂദ് ഖലീല്‍

ന്റെ പേര് മഹ്‌മൂദ് ഖലീല്‍. ഞാന്‍ ഒരു രാഷ്ട്രീയ തടവുകാരനാണ്. ലൂയിസിയാനയിലെ ഒരു തടങ്കല്‍പ്പാളയത്തില്‍ നിന്നാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. അവിടെ തണുത്തുറഞ്ഞ പ്രഭാതങ്ങളില്‍ ഉണരുന്ന ഞാന്‍, നിയമത്തിന്റെ പരിരക്ഷകള്‍ നിഷേധിക്കപ്പെട്ട ധാരാളം ആളുകള്‍ക്കെതിരെ നടക്കുന്ന നിശബ്ദമായ അനീതികള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.

അവകാശങ്ങള്‍ക്കുള്ള അവകാശം ആര്‍ക്കാണ് ഉള്ളത്?  ഈ സെല്ലുകളില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന മനുഷ്യര്‍ അതില്‍ പെടില്ല. തീര്‍ച്ച. ഞാന്‍ കണ്ടുമുട്ടിയ സെനഗലുകാരന്‍, ഒരു വര്‍ഷമായി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്ന, അയാളുടെ നിയമപരമായ സ്ഥിതി ത്രിശങ്കുവിലാണ്. അയാളുടെ കുടുംബം ഒരു സമുദ്രത്തിന് അകലെയാണ്. ഞാന്‍ കണ്ടുമുട്ടിയ 21-കാരന്‍, ഒന്‍പതാം വയസ്സില്‍ ഈ രാജ്യത്ത് കാലുകുത്തിയവന്‍,  ഇപ്പോള്‍ വിചാരണ കൂടാതെ നാടുകടത്തപ്പെടുന്നു.

ഈ രാജ്യത്തിന്റെ കുടിയേറ്റ വകുപ്പുകളുടെ പരിഗണനകളില്‍ നീതിക്ക് ഇടമില്ല.  

മാര്‍ച്ച് 8 ന്,  അത്താഴം കഴിഞ്ഞ് മടങ്ങുന്ന എന്നെയും, ഭാര്യയെയും ഡിഎച്ച്എസ് ഏജന്റുമാര്‍ ആക്രമിച്ചു. വാറന്റ് നല്‍കാന്‍ വിസമ്മതിച്ച അവര്‍ എന്നെ ബലമായി കൊണ്ടുപോയി. ഇപ്പോള്‍ ആ രാത്രിയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അറിയുന്നതിനുമുമ്പ്, ഏജന്റുമാര്‍ എന്നെ വിലങ്ങിട്ട് നമ്പര്‍ ഇല്ലാത്ത ഒരു കാറില്‍ കയറ്റി. ആ സമയത്ത് എന്റെ ഒരേയൊരു ആശങ്ക നൂറിന്റെ സുരക്ഷയെക്കുറിച്ചായിരുന്നു. അവളെയും കൊണ്ടുപോകുമോ എന്ന് എനിക്കറിയില്ലായിരുന്നു, കാരണം, എന്റെ സമീപത്തു നിന്നും മാറാതെ നിന്ന അവളെയും അറസ്റ്റ് ചെയ്യുമെന്ന് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മണിക്കൂറുകളോളം ഡിഎച്ച്എസ് എന്നോട് ഒന്നും പറഞ്ഞില്ല. എന്റെ അറസ്റ്റിനുള്ള കാരണം എനിക്കറിയില്ലായിരുന്നു. ഞാന്‍ ഉടനടി നാടുകടത്തല്‍ നേരിടുന്നുണ്ടോ എന്നും അറിയില്ലായിരുന്നു. 26 ഫെഡറല്‍ പ്ലാസയില്‍, ഞാന്‍ തണുത്ത തറയില്‍ ഉറങ്ങി. അതിരാവിലെ ഏജന്റുമാര്‍ എന്നെ ന്യൂജേഴ്‌സിയിലെ എലിസബത്തിലെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെയും, ഞാന്‍ തണുത്ത നിലത്ത് ഉറങ്ങി. ഒരു പുതപ്പ് വേണമെന്ന എന്റെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു.

മഹ്‌മൂദ് ഖലീല്‍ |PHOTO : WIKI COMMONS
സ്വതന്ത്ര പലസ്തീന് വേണ്ടിയും, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനും വേണ്ടിയും വാദിച്ചതിന്റെ,  അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള എന്റെ അവകാശം വിനിയോഗിച്ചതിന്റെ അനന്തരഫലമായിരുന്നു എന്റെ അറസ്റ്റ്. ജനുവരിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോള്‍ ലംഘിക്കപ്പെട്ടതോടെ, ഗാസയിലെ മാതാപിതാക്കള്‍ വീണ്ടും വളരെ ലോലമായ കവചങ്ങളെ ആശ്രയിക്കുന്നു. പട്ടിണിയും, പലായനവും ബോംബുകളും അവരെ തുറിച്ചു നോക്കുന്നു. അവരുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരേണ്ടത് നമ്മുടെ ധാര്‍മ്മികമായ അനിവാര്യതയാണ്.

പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളുടെ നേരെയുള്ള ഏകപക്ഷീയമായ അച്ചടക്ക പരിപാലനവും, വംശീയതയും, തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഷലിപ്തമായ പ്രചാരണങ്ങളും അനിയന്ത്രിതമായി നിലയില്‍ തുടരാന്‍ അനുവദിച്ച പ്രസിഡന്റ്മാരായ ഷഫീക്ക്, ആംസ്‌ട്രോംഗ്, വകുപ്പ് മേധാവിയും ഡീനുമായ യാര്‍ഹി-മിലോ എന്നിവര്‍ എന്നെ വേട്ടയാടാന്‍ അമേരിക്കന്‍ സര്‍ക്കാരിന് വേണ്ട അടിത്തറയൊരുക്കി.

1948-ലെ നക്ബയ്ക്ക് ശേഷം സ്വന്തം മണ്ണില്‍ നിന്നും പലായനം ചെയ്ത ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. സിറിയയിലെ ഒരു പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഞാന്‍ ജനിച്ചത്. എന്റെ യൗവനകാലം ചെലവഴിച്ചത് എന്റെ മാതൃരാജ്യത്തില്‍ നിന്ന് വളരെ അകലെയാണ്. എന്നാല്‍ പലസ്തീന്‍കാരാകുക എന്നത് അതിരുകള്‍ക്കപ്പുറമുള്ള ഒരു അനുഭവമാണ്. പലസ്തീനികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന, വിചാരണയോ, കുറ്റമോ ഇല്ലാതെ തടവ് ശിക്ഷ നല്‍കുന്ന ഇസ്രായേലിലെ ഭരണപരമായ തടങ്കലുമായി എന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കുള്ള സാമ്യം ഞാന്‍ കാണുന്നു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുറ്റമോ, വിചാരണയോ കൂടാതെ ഇസ്രായേല്‍ തടവിലാക്കിയ ഞങ്ങളുടെ സുഹൃത്ത് ഒമര്‍ ഖത്തീബിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു. ഗാസ ഹോസ്പിറ്റല്‍ ഡയറക്ടറും ശിശുരോഗവിദഗ്ദ്ധനുമായ ഡോ.ഹുസ്സാം അബു സഫിയയെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു, ഡിസംബര്‍ 27 ന് ഇസ്രായേല്‍ സൈന്യം ബന്ദിയാക്കിയ അദ്ദേഹം ഇന്നും ഇസ്രായേലി പീഡന ക്യാമ്പില്‍ കഴിയുന്നു. പലസ്തീനികളെ സംബന്ധിച്ചിടത്തോളം, ശരിയായ നടപടിക്രമങ്ങളില്ലാത്ത ജയില്‍വാസം സാധാരണമാണ്.

REPRESENTATIVE IMAGE | WIKI COMMONS
അടിച്ചമര്‍ത്തലില്‍ നിന്നും എന്നെ മോചിപ്പിക്കുക മാത്രമല്ല, എന്നെ അടിച്ചമര്‍ത്തുന്നവരെ അവരുടെ വിദ്വേഷത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചിപ്പിക്കുക കൂടി എന്റെ കടമായാണെന്ന് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നു. പലസ്തീനികളെ കൊല്ലാനുള്ള ആയുധങ്ങള്‍ അമേരിക്ക ഇസ്രായേലിന് നല്കുന്നത് തുടരുകയും, അന്താരാഷ്ട്ര ഇടപെടല്‍ തടയുകയും ചെയ്യുന്നതിനാല്‍ കഴിഞ്ഞ 16 മാസമായി ബൈഡന്‍, ട്രംപ് ഭരണകൂടങ്ങള്‍ പ്രകടമാക്കിയ പലസ്തീന്‍ വിരുദ്ധ വംശീയതയെ എന്റെ അന്യായമായ തടങ്കലും സാക്ഷ്യപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി, പലസ്തീനികളെയും, അറബി അമേരിക്കക്കാരെയും, മറ്റ് കമ്മ്യൂണിറ്റികളെയും അക്രമാസക്തമായി അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന യുഎസ് നിയമങ്ങളും സമ്പ്രദായങ്ങളും വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പലസ്തീന്‍ വിരുദ്ധ വംശീയത ഉതകി. അതുകൊണ്ടാണ് എന്നെ ലക്ഷ്യം വയ്ക്കുന്നത്.

എന്റെ ഭാര്യയുടെയും, കുട്ടിയുടെയും ഭാവി സന്തുലിതമാക്കുന്ന നിയമപരമായ തീരുമാനങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുമ്പോള്‍, എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കരണമായവര്‍ കൊളംബിയ സര്‍വകലാശാലയില്‍ സുഖമായി തുടരുന്നു. പ്രസിഡന്റ്മാരായ ഷഫീക്ക്, ആംസ്‌ട്രോംഗ്, ഡീന്‍ യാര്‍ഹി-മിലോ എന്നിവര്‍ പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളെ ഏകപക്ഷീയമായി ശിക്ഷിക്കുകയും, വംശീയതയുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിഷലിപ്ത പ്രചാരണം അനിയന്ത്രിതമായി തുടരാന്‍ അനുവദിച്ചതിലൂടെ എന്നെ വേട്ടയാടാന്‍ യുഎസ് സര്‍ക്കാരിന് അടിത്തറയിട്ടു.

എന്റെ വ്യക്തിഗത സാഹചര്യങ്ങളുടെ ഈ ദുര്‍നിമിഷം മറികടക്കാനാവുമെന്ന് പൂര്‍ണ്ണ ബോധ്യമുണ്ടെങ്കിലും എന്റെ ആദ്യ ശിശുവിന്റെ ജനനത്തിന് സാക്ഷ്യം വഹിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ ആക്ടിവിസത്തിന്റെ പേരില്‍ കൊളംബിയ എന്നെ ലക്ഷ്യം വെച്ചു. ന്യായമായ പ്രക്രിയകളെ മറികടക്കാനും, ഇസ്രായേലിനെ വിമര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാനും ഒരു പുതിയ സ്വേച്ഛാധിപത്യ അച്ചടക്ക ഓഫീസ് സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ രേഖകള്‍ കോണ്‍ഗ്രസിന് വെളിപ്പെടുത്തിയും, ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ഭീഷണികള്‍ക്ക് വഴങ്ങിയും കൊളംബിയ സമ്മര്‍ദ്ദത്തിന് കീഴടങ്ങി. എന്റെ അറസ്റ്റ്, കുറഞ്ഞത് 22 കോളേജ് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തതടക്കം, ചിലര്‍ക്ക് ബിരുദം നേടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അവരുടെ ബിഎ ബിരുദം നഷ്ടപ്പെട്ടു, കരാര്‍ ചര്‍ച്ചകളുടെ തലേന്ന് എസ്ഡബ്ല്യുസി പ്രസിഡന്റ് ഗ്രാന്റ് മിനറെ പുറത്താക്കിയത് എന്നിവ അതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്.

പലസ്തീന്‍ മോചനത്തെ പിന്തുണയേറുന്ന നിലയില്‍ പൊതുജനാഭിപ്രായം മാറുന്നതിന് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശക്തി ഉപകരിച്ചുവെന്നതിനുള്ള തെളിവാണ് എന്റെ തടങ്കല്‍. വിദ്യാര്‍ഥികള്‍ എല്ലാ കാലത്തും മാറ്റത്തിനായുള്ള പോരാട്ടങ്ങളുടെ മുന്‍നിരയിലാണ്. വിയറ്റ്‌നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങള്‍, പൗരാവകാശ പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുക, ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തെ നയിക്കുക, വിദ്യാര്‍ത്ഥികള്‍ വളരെക്കാലമായി മാറ്റത്തിന്റെ മുന്‍നിരയിലാണ്. പൊതുജനങ്ങള്‍ അത് ഇന്നും പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, സത്യത്തിലേക്കും നീതിയിലേക്കും നമ്മെ നയിക്കുന്നത് വിദ്യാര്‍ത്ഥികളാണ്.

REPRESENTATIVE IMAGE | WIKI COMMONS
വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം എന്നെ വേട്ടയാടുന്നത്. വിസയുള്ളവര്‍, ഗ്രീന്‍ കാര്‍ഡ് ലഭിച്ചവര്‍, പൗരന്മാര്‍ എന്നിവരെല്ലാം അവരുടെ രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരില്‍ വേട്ടയാടപ്പെടും. വരും ആഴ്ചകളില്‍ പലസ്തീനികള്‍ക്ക് വേണ്ടി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ വിദ്യാര്‍ത്ഥികളും, അഭിഭാഷകരും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഒരുമിക്കണം. അപകടത്തിലായിരിക്കുന്നത് നമ്മുടെ ശബ്ദങ്ങള്‍ മാത്രമല്ല, എല്ലാവരുടെയും അടിസ്ഥാന പൗരസ്വാതന്ത്ര്യങ്ങളാണ്.

എന്റെ വ്യക്തിഗത സാഹചര്യങ്ങളെ മറികടക്കാനാവുമെന്ന് പൂര്‍ണ്ണമായി ബോധ്യമുണ്ടെങ്കിലും, എന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കൊളംബിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സില്‍ നിന്നുള്ള  ബിരുദധാരിയാണ് മഹ്‌മൂദ് ഖലീല്‍.


#Trumpverse
Leave a comment