TMJ
searchnav-menu
post-thumbnail

Trumpverse

ട്രംപിന്റെ താരിഫ് യുദ്ധം അമേരിക്കയെ രക്ഷിക്കില്ല 

09 Apr 2025   |   6 min Read
മൈക്കല്‍ റോബര്‍ട്ട്‌സ്

റിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് മൈക്കല്‍ റോബര്‍ട്ട്‌സ്. The Long Depression: Marxism and the Global Crisis of Capitalism and Capitalism in the 21st Century: Through the Prism of Value എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. രണ്ടാമത് പറഞ്ഞ പുസ്തകം Guglielmo Carchedi-യുമായി ചേര്‍ന്ന് എഴുതിയതാണ്. കാള്‍ മാര്‍ക്‌സിന്റെ മൂല്യ സിദ്ധാന്തത്തില്‍ (വാല്യൂ തിയറി) ഉറച്ചു നിന്നുകൊണ്ട് വര്‍ത്തമാനകാലത്തെ മുതലാളിത്ത-സാമ്രാജ്യത്വ സംവിധാനത്തെ വിശകലനം ചെയ്യുന്ന സമീപനമാണ് റോബര്‍ട്ട്‌സ് പിന്തുടരുന്നത്.  

ലിങ്ക്‌സ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സോഷ്യലിസ്റ്റ് റിന്യൂവലിനായി ഫെഡറിക്കോ ഫ്യൂന്റസുമായുള്ള ഈ അഭിമുഖത്തില്‍, ഏപ്രില്‍ രണ്ടിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ പറ്റി റോബര്‍ട്ട്‌സ് വിശദീകരിക്കുന്നു. താരിഫ് പ്രഖ്യാപിച്ച ദിവസത്തെ ട്രംപ് 'വിമോചന ദിനം' എന്ന് വിളിച്ചെങ്കിലും വാള്‍സ്ട്രീറ്റ് ജേണല്‍ അതിനെ 'ചരിത്രത്തിലെ ഏറ്റവും മണ്ടന്‍ വ്യാപാര യുദ്ധം' എന്ന് വിശേഷിപ്പിച്ചു. അമേരിക്കയുടെ ആഗോള ആധിപത്യം പുനഃസ്ഥാപിക്കാനുള്ള ട്രംപിന്റെ വിശാലമായ പദ്ധതിയുമായി താരിഫുകള്‍ എങ്ങനെ യോജിക്കുന്നുവെന്നും, ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ എങ്ങനെ പ്രതികരിക്കാനാവുമെന്നും റോബര്‍ട്ട്‌സ് വിശദീകരിക്കുന്നു.

ട്രംപിന്റെ പുതിയ താരിഫുകളുടെ പ്രാധാന്യവും, പ്രചോദനവും വിശദീകരിക്കാമോ? ട്രംപ് ആഗ്രഹിക്കുന്നത് നേടാന്‍ അവ സഹായിക്കുമോ?

130 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണ് ട്രംപിന്റെ താരിഫ് വര്‍ദ്ധന. അമേരിക്കയിലെ ശരാശരി താരിഫ് നിരക്ക് 25 ശതമാനത്തിലധികമായി. ഇത് 'ഗ്ലോബല്‍ സൗത്ത്' രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള ചരക്ക് കയറ്റുമതിയെ സാരമായി ബാധിക്കും. വിയറ്റ്‌നാം പോലുള്ള ഒരു രാജ്യം 45% താരിഫ് വര്‍ദ്ധനവ് അഭിമുഖീകരിക്കുമ്പോള്‍ ചൈന 59% താരിഫ് വര്‍ദ്ധനവ് നേരിടുന്നു. (ചൈനയുടെ മേലുള്ള ഇറക്കുമതി ചുങ്കം 104 ശതമാനമാക്കുന്നതിന് മുന്‍പായിരുന്നു ഈ സംഭാഷണം).

അമേരിക്കയുമായി വ്യാപാരക്കമ്മി ഇല്ലെങ്കിലും എല്ലാ രാജ്യങ്ങള്‍ക്കും 10% താരിഫ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയതിന് പുറമെയാണ് പുതിയ നിരക്കുകള്‍.

Trump announces sweeping new tariffs to promote US manufacturing, risking  inflation and trade wars | The Seattle TimesREPRESENTATIVE IMAGE | WIKI COMMONS
മോശം വാണിജ്യ രീതികള്‍, അന്യായ നികുതികള്‍, ക്വാട്ടകള്‍, സബ്‌സിഡികള്‍ എന്നിവയിലൂടെ മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പാദനത്തെ (മാനുഫാക്ചറിങ്)  കൊള്ളയടിക്കുന്നത് അവസാനിപ്പിക്കാന്‍ ഈ താരിഫ് വര്‍ദ്ധനവ് ആവശ്യമാണെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. അമേരിക്കയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയോ, ഇല്ലാതാക്കുകയോ ചെയ്യുക, വിദേശ ഉല്‍പ്പാദകരെ അമേരിക്കയില്‍ നേരിട്ട് നിക്ഷേപിക്കാന്‍  നിര്‍ബന്ധിക്കുക എന്നിവയാണ് ലക്ഷ്യം. അമേരിക്കയെ വീണ്ടും മഹത്താക്കി മാറ്റാനായി (മാഗാ) വിദേശ നിര്‍മ്മിത വസ്തുക്കള്‍ സ്വന്തം നാട്ടില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനായി അമേരിക്കയിലെ ആഭ്യന്തര ഉല്‍പ്പാദകരെ പ്രാപ്തരാക്കുക എന്നതും തീരുവ വര്‍ധനയുടെ ലക്ഷ്യമാണ്.

ഇത് ശുദ്ധ അസംബന്ധമാണ്. 1980 കളിലാണ് അമേരിക്കയും, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മിയുടെ തുടക്കം. അതിനുള്ള കാരണം വിലകുറഞ്ഞ തൊഴിലാളികളും ഏറ്റവും പുതിയ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിനായി അമേരിക്ക, തങ്ങളുടെ ഉല്‍പ്പാദനം അഥവാ മാനുഫാക്ചറിങ് ഗ്ലോബല്‍ സൗത്ത്, കാനഡ എന്നിവിടങ്ങളിലേക്ക് മാറ്റി. മെക്‌സിക്കോ, കാനഡ, ചൈന എന്നിവടങ്ങളില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളില്‍ ഭൂരിഭാഗവും അമേരിക്ക ആസ്ഥാനമായുള്ള കമ്പനികളുടെ ഉടമസ്ഥയിലാണ്. യുഎസിന്റെ ഉടമസ്ഥതയിലുള്ള 59 നൈക്കി ഫാക്ടറികളില്‍ നിര്‍മ്മിച്ച ദശലക്ഷക്കണക്കിന് ഷൂസുകളാണ് വിയറ്റ്‌നാം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. ടെസ്ല തങ്ങളുടെ മിക്ക ഇലക്ട്രിക് കാറുകളും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. അമേരിക്കയില്‍ ഉല്‍പ്പാദനച്ചെലവ് മറ്റ് രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ചെലവേറിയ തൊഴില്‍ മേഖല, പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, പ്രത്യേകിച്ച് ചൈനയില്‍, ഉല്‍പാദനക്ഷമത വളരെ വേഗത്തില്‍ വര്‍ദ്ധിക്കുന്നതുമാണ് അതിനുള്ള കാരണങ്ങള്‍.

ഈ താരിഫുകള്‍ എന്താണ് ചെയ്യുക. ഒന്നാമതായി അവ അമേരിക്കന്‍  ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ആവശ്യമായ ചരക്കുകളുടെ ഇറക്കുമതി കുറയ്ക്കുകയോ അല്ലെങ്കില്‍ അവയുടെ വില ഉയര്‍ത്തുകയോ ചെയ്യും. അത് യുഎസ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. രണ്ടാമതായി, മറ്റുള്ള രാജ്യങ്ങള്‍ പകരത്തിനു പകരം എന്ന നിലയില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ അത് അമേരിക്കന്‍ കയറ്റുമതിയെ ബാധിക്കും. ചുരുക്കത്തില്‍ അതിന്റെ ഫലമായി വ്യാപാര കമ്മിയില്‍ ഒരു മാറ്റവും ഉണ്ടാകില്ല. കുതിച്ചുയരുന്ന വ്യാപാരയുദ്ധം വളര്‍ച്ച കുറയ്ക്കുകയും, പണപ്പെരുപ്പം ഉയര്‍ത്തുകയും അമേരിക്കയെയും മറ്റുള്ള  സമ്പദ്‌വ്യവസ്ഥകളെയും മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യും.

How Are Trump's Tariff Rates Calculated? - WSJREPRESENTATIVE IMAGE | WIKI COMMONS
അമേരിക്കന്‍ മുതലാളിമാര്‍ ട്രംപിന്റെ താരിഫുകളെ പിന്തുണയ്ക്കുന്നുണ്ടോ?

ധനകാര്യ-വന്‍കിട ബിസിനസ് ഭരണവര്‍ഗം ഞെട്ടലിലാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയിലെ ഇളവുകള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ആയുധമായി താരിഫ് വര്‍ദ്ധനവ് ട്രംപ് ഉപയോഗിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ഭാഗികമായി മാത്രമേ അതില്‍ ശരിയുള്ളു.

ഈ താരിഫുകള്‍ യാഥാര്‍ത്ഥമാണെന്ന് അവര്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു. തല്‍ഫലമായി, യുഎസ് ഓഹരി വിപണി ഇടിഞ്ഞു. മുന്‍നിര സോഷ്യല്‍ മീഡിയ, ടെക് കമ്പനികളുടെ ഓഹരി വില - മാഗ്‌നിഫിഷ്യന്റ് സെവന്‍ എന്ന് വിളിക്കപ്പെടുന്നവ കൂടുതല്‍ ഇടിഞ്ഞു, യുഎസ് ഡോളര്‍ പോലും ഇടിഞ്ഞു. ട്രംപിന്റെ താരിഫുകളെ ഏകകണ്ഠമായാണ് മുഖ്യധാരാ സാമ്പത്തിക വിദഗ്ധര്‍ അപലപിച്ചത്.

അഭിപ്രായ സര്‍വേകള്‍ ട്രംപിന് എതിരാണെങ്കിലും അദ്ദേഹത്തിനെതിരെ ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അവര്‍ ട്രംപിസ്റ്റ് വിഭാഗങ്ങളെ ഭയപ്പെടുന്നു. ഡെമോക്രാറ്റുകള്‍ നിശബ്ദരാണ്. നിക്ഷേപ ബാങ്കുകളും നിശബ്ദരാണ്. എണ്ണക്കമ്പനികള്‍ ഉത്സാഹത്തിലാണ്. യുഎസ് കര്‍ഷകര്‍ മാത്രമാണ് വിലപിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക കയറ്റുമതിയില്‍ ചൈനയും മറ്റ് രാജ്യങ്ങളും പ്രതികാരം ചെയ്യുമെന്ന് അവര്‍ ഭയക്കുന്നു. കര്‍ഷകര്‍ക്ക് ഒരു ബെയ്ല്‍ ഔട്ട് പാക്കേജിനെക്കുറിച്ച്  ട്രംപ് സൂചന നല്‍കുന്നു. വാഹന ഇറക്കുമതിയില്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമെതിരായ താരിഫുകളും അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട് (ഇവയില്‍ ഭൂരിഭാഗവും അതിര്‍ത്തിക്കപ്പുറത്തുള്ള യുഎസ് കമ്പനികളില്‍ നിന്നുള്ളതാണ്). തല്‍ക്കാലം ഭരണവര്‍ഗം സ്തംഭനാസ്ഥയിലാണ്.

National Oil Companies and Climate Change: Economic Challenges and  Potential Responses | International Institute for Sustainable DevelopmentREPRESENTATIVE IMAGE | WIKI COMMONS
ട്രംപിന്റെ വിദേശനയത്തില്‍, പ്രത്യേകിച്ച് ചൈനയുമായുള്ള വര്‍ദ്ധിച്ചുവരുന്ന ഏറ്റുമുട്ടലില്‍ ഈ താരിഫുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ട്രംപിന്റെ 'ഭ്രാന്തി'ന് ചില രീതികളുണ്ട്. ലോകത്തിലെ ആധിപത്യ ശക്തിയായി അമേരിക്കയെ നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു, പക്ഷേ, ഡെമോക്രാറ്റുകള്‍ ചെയ്തതുപോലെ ലോക പൊലീസ് ചമയുന്നതല്ല ട്രംപിന്റെ രീതി. അദ്ദേഹം പഴയ മണ്‍റോ സിദ്ധാന്തത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. 1823-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജെയിംസ് മണ്‍റോ, യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളോട് ലാറ്റിന്‍ അമേരിക്കയില്‍ നിന്നും മാറിനില്‍ക്കാനും, പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തെ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിടാനും നിര്‍ദ്ദേശിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ലാറ്റിന്‍ അമേരിക്ക അമേരിക്കയുടെ 'വീട്ടുമുറ്റം' ആയി മാറി. പിന്നീട് അമേരിക്ക അതിന്റെ സാമ്രാജ്യത്വ അഭിലാഷങ്ങള്‍ ഫിലിപ്പൈന്‍സിലേക്കും, പസഫിക്കിലുടനീളവും വ്യാപിപ്പിക്കുകയും ഉയര്‍ന്നുവരുന്ന ജപ്പാനുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു, ഇത് ഒടുവില്‍ പേള്‍ ഹാര്‍ബറിലേക്കും രണ്ടാം ലോക യുദ്ധത്തിലേക്കുള്ള അമേരിക്കയുടെ ഇടപെടലിലേക്കും നയിച്ചു.

ഇന്ന്, യൂറോപ്പിനെ ഉപേക്ഷിക്കുവാനും, റഷ്യയുമായുള്ള ഇടപെടുകള്‍ യൂറോപ്പിന്റെ പ്രശ്‌നം മാത്രമാക്കുവാനും ട്രംപ് ആഗ്രഹിക്കുന്നു, അതേസമയം, മിഡില്‍ ഈസ്റ്റില്‍ തല്‍സ്ഥിതി നിലനിര്‍ത്താനും, ഇറാനെ നിലക്ക് നിര്‍ത്താനും ഇസ്രായേലിന് വേണ്ട ഒത്താശ ചെയ്യുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, ജപ്പാനെ മാറ്റിയതുപോലെ ചൈനയെ അമേരിക്കയുടെ പാവയാക്കി മാറ്റാനുള്ള 'ഭരണമാറ്റം' നിര്‍ബന്ധിതമായി നടപ്പിലാക്കാനും യുഎസിനെ പ്രാപ്തമാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിനും ഈ മണ്‍റോ പ്ലസ് സിദ്ധാന്തത്തിനും, 60% താരിഫ് വര്‍ദ്ധനവുണ്ടായാലും ചൈനയുടെ ഉയര്‍ച്ച തടയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനുള്ള സമയം വളരെ വൈകിയെന്ന് തോന്നുന്നു.

കഴിഞ്ഞ ഏതാനും ദശകങ്ങളായി, വ്യാപാര നിയന്ത്രണങ്ങളും, തടസ്സങ്ങളും കുറയ്ക്കാന്‍ ശ്രമിച്ച 'ആഗോളവല്‍ക്കരണം' എന്ന് വിളിക്കപ്പെടുന്ന പ്രക്രിയയുടെ പിന്നിലെ ചാലകശക്തിയായിരുന്നു അമേരിക്ക.  ഇപ്പോഴത്തെ താരിഫുകള്‍ 'ആഗോളവല്‍ക്കരണ'ത്തിന്റെ അന്ത്യം കുറിക്കുന്നുണ്ടോ?

1990കളിലെയും 2000ത്തിലെയും ആഗോളവല്‍ക്കരണ തരംഗം 2008-09 ലെ മഹാമാന്ദ്യത്തോടെ അവസാനിച്ചു. 2010കളില്‍, ലോക ജിഡിപിയുടെ ഒരു പങ്ക് എന്ന നിലയില്‍ ആഗോള വ്യാപാരം നിശ്ചലമായി, പ്രത്യേകിച്ചും ആഗോള ചരക്ക് വ്യാപാരം. ട്രംപിന്റെ താരിഫ് അത് കൂടുതല്‍ വഷളാക്കും. ആഗോളവല്‍ക്കരണ ദശകങ്ങളില്‍, അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ ഉല്‍പാദനം വിദേശത്തേക്ക് മാറ്റുകയും അവയില്‍ നിന്നുള്ള ലാഭം ബോധപൂര്‍വം നിര്‍മ്മിച്ച നികുതിരഹിത സങ്കേതങ്ങളിലേക്ക് മാറ്റി പോക്കറ്റിലാക്കുകയും ചെയ്തു. പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ക്കിടയില്‍ മൂലധന ഒഴുക്ക് ത്വരിതപ്പെടുത്തിയപ്പോള്‍ ഗ്ലോബല്‍ സൗത്തിന്റെ ചൂഷണം വര്‍ദ്ധിച്ചു. എന്നാല്‍ 2010കളിലെ ദീര്‍ഘകാല മാന്ദ്യത്തിലും 2020കളിലും മൂലധന ഒഴുക്ക് കുറഞ്ഞു.

In U.S. and UK, Globalization Leaves Some Feeling 'Left Behind' or 'Swept  Up' | Pew Research CenterREPRESENTATIVE IMAGE | WIKI COMMONS
ട്രംപിന്റെ താരിഫ് സാമ്പത്തിക ബന്ധങ്ങളെ കൂടുതലായി ശിഥിലീകരിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്വാശ്രയമായ വികസന തന്ത്രങ്ങള്‍ പിന്തുടരാന്‍ അവസരമൊരുക്കുമോ?

ആഗോള ദക്ഷിണ രാജ്യങ്ങളും, സാമ്രാജ്യത്വ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും മൂലധന ഒഴുക്കും താരതമ്യേന കുറയുന്നത് പ്രധാന ആഗോള ദക്ഷിണ രാജ്യങ്ങളെ കൂടുതല്‍ പുരോഗമനപരമായ സാമ്പത്തിക 'വ്യാവസായിക തന്ത്രങ്ങള്‍' അവതരിപ്പിക്കാനും സാമ്രാജ്യത്വത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനും അനുവദിക്കുമെന്ന് ചിലര്‍ വാദിക്കുന്നു. എനിക്ക് സംശയമുണ്ട്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി അമേരിക്കന് സാമ്രാജ്യത്വം ദുര്‍ബലമായിരിക്കുന്നു. ഭാഗികമായി അത് ട്രംപ് പ്രതിഭാസത്തിന് കാരണമായി. എന്നാല്‍ യുഎസ് ഇപ്പോഴും പ്രബലമായ സാമ്പത്തിക ശക്തിയും (യുഎസ് ഡോളര്‍ ഇപ്പോഴും ലോകം ഭരിക്കുന്നു) ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുമാണ്. ഇതിന് ഇപ്പോഴും മറ്റുള്ള മിക്കവാറും സാമ്രാജ്യത്വ രാജ്യങ്ങളുടെയും പിന്തുണയുണ്ട്.

ബദലായ ബ്രിക്‌സ് ഗ്രൂപ്പ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) രാഷ്ട്രീയമായും സാമ്പത്തികമായും വൈവിധ്യമാര്‍ന്നതാണ്. മിക്ക ബ്രിക്‌സ് രാജ്യങ്ങളും ഭരിക്കുന്നത് സ്വേച്ഛാധിപത്യങ്ങളോ (റഷ്യ, ചൈന, ഇറാന്‍, സൗദി അറേബ്യ) അല്ലെങ്കില്‍ തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കാത്ത ദുര്‍ബലമായ നവലിബറല്‍ മുതലാളിത്ത ഭരണകൂടങ്ങളോ (ദക്ഷിണാഫ്രിക്ക, ഇന്ത്യ) ആണ്. സാമ്രാജ്യത്വത്തെ തകര്‍ക്കുന്നതിനും, സ്വതന്ത്ര സാമ്പത്തിക വികസനം പിന്തുടരുന്നതിനും ഈ സമ്പദ് വ്യവസ്ഥകളുടെ മര്‍മ്മ പ്രധാന മേഖലകളില്‍ പൊതു ഉടമസ്ഥാവകാശം, ആസൂത്രിതമായ ഭരണകൂട നേതൃത്വത്തിലുള്ള നിക്ഷേപം, തൊഴിലാളിവര്‍ഗ ജനാധിപത്യം, ഒരു അന്താരാഷ്ട്ര വിദേശ നയം എന്നിവ ആവശ്യമാണ്. അത് ചൈനയില്‍ പോലും നിലവിലില്ല. എന്നു മാത്രമല്ല പല ബ്രിക്‌സ് നേതാക്കളും ഇത്തരം നയങ്ങളെ ശക്തമായി എതിര്‍ക്കുന്നു.

'തൊഴിലവസരങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനും' 'അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമുള്ള' ഒരു മാര്‍ഗമായാണ് ട്രംപ് തന്റെ താരിഫുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ താരിഫുകളോടും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതികാര തീരുവകളെക്കുറിച്ചും സംസാരിക്കണം തൊഴിലാളിവര്‍ഗ ശക്തികള്‍ 'ഗ്ലോബല്‍ നോര്‍ത്തിലും, സൗത്തിലും ഉള്ള ' എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത്?

REPRESENTATIVE IMAGE | WIKI COMMONS
ട്രംപിന്റെ നയങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും, ആഭ്യന്തര വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും വിശ്വസിച്ച് പല അമേരിക്കന്‍ ട്രേഡ് യൂണിയന്‍ നേതാക്കളും താരിഫുകളെ പിന്തുണയ്ക്കുന്നു. ഇത് തെറ്റാണ്. കാരണം താരിഫ് യുഎസ് കയറ്റുമതി കുറയ്ക്കുകയും പണപ്പെരുപ്പം ത്വരിതപ്പെടുത്തുകയും, യുഎസിനെ മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യും. മാത്രമല്ല, സമ്പന്നര്‍ക്കായി വലിയ നികുതി വെട്ടിക്കുറയ്ക്കാനും ട്രംപ് തയ്യാറാക്കുന്നു, ഇതിനായി വലിയ സര്‍ക്കാര്‍ സേവനങ്ങള്‍, മെഡികെയര്‍, ക്ഷേമം എന്നിവ വെട്ടിക്കുറയ്ക്കുന്നു. അമേരിക്കന്‍ തൊഴിലാളി നേതാക്കള്‍ എല്ലാ സേവന വെട്ടിക്കുറയ്ക്കലുകളെയും എതിര്‍ക്കണം. സമ്പന്നര്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും ഉയര്‍ന്ന നികുതി ആവശ്യപ്പെടണം. ബാങ്കുകളും മാഗ്‌നിഫിഷ്യന്റ് സെവനും ഏറ്റെടുക്കാന്‍ ആവശ്യപ്പെടണം. ഒപ്പം തൊഴിലുകളും, ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നേതൃത്വത്തിലുള്ള നിക്ഷേപ പദ്ധതി വികസിപ്പിക്കുകയും വേണം. ലേബര്‍ നേതാക്കള്‍ ദേശീയ-സംരക്ഷണ-കുടിയേറ്റ വിരുദ്ധ നയങ്ങളെ എതിര്‍ക്കുകയും മറ്റുള്ള രാജ്യങ്ങളിലെ തൊഴിലാളികളുമായി ഐക്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും വേണം. ഗ്ലോബല്‍ സൗത്തില്‍, തൊഴിലാളി നേതാക്കള്‍ താരിഫുകളെ എതിര്‍ക്കുക മാത്രമല്ല, അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മേലുള്ള മുതലാളിത്ത നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടണം.

ആഗോളതാപനം ഇതിനകം തന്നെ ആഗോളതലത്തില്‍ പ്രദേശങ്ങളെ നശിപ്പിക്കുന്നതിനാല്‍ സ്വതന്ത്ര വ്യാപാരത്തിനായി സംയുക്ത നയങ്ങള്‍ സ്ഥാപിക്കുന്നതിനും, കടബാധ്യതകള്‍ അവസാനിപ്പിക്കുന്നതിനും ഫലപ്രദമായ കാലാവസ്ഥാ നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതിനും ഗ്ലോബല്‍ നോര്‍ത്തിലെ തൊഴിലാളി സംഘടനകളുമായി അവര്‍ ഐക്യപ്പെടണം.









#Trumpverse
Leave a comment