TMJ
searchnav-menu
post-thumbnail

Trumpverse

ഐക്യത്തോടെ പോരാടണം

24 Mar 2025   |   4 min Read
രഞ്ജനി ശ്രീനിവാസൻ

മേരിക്കയിൽ നിന്നും കാനഡയിലേക്ക് പലായനം ചെയ്ത ശേഷം കൊളംബിയ സർവകലാശാല ഗവേഷക വിദ്യാർത്ഥി രഞ്ജനി ശ്രീനിവാസൻ എഴുതിയ തുറന്ന കത്തിൽ സർവ്വകലാശാലകൾ ശരിയായ നിലയിൽ കാര്യങ്ങൾ ചെയ്യുമെന്ന് ഉറപ്പു വരുത്താൻ എല്ലാവരും യോജിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നു. കത്തിന്റെ സ്വതന്ത്ര പരിഭാഷ.

മാർച്ച് 24, 2025

എന്റെ പേര് രഞ്ജനി ശ്രീനിവാസൻ.  ജിഎസ്എപിയിലെ (കൊളംബിയ ഗ്രാഡുവേറ്റ് സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിംഗ്) നഗരാസൂത്രണ വകുപ്പിൽ അഞ്ചാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നു ഞാൻ. ബർണാർഡ് കോളേജിലെ അർബൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ ടീച്ചർ അസിസ്റ്റന്റും (ടിഎ) ആയിരുന്നു.

നിങ്ങളിൽ ചിലർ എന്റെ കേസിനെക്കുറിച്ച് ഇതിനകം കേട്ടിട്ടുണ്ടാകും. അങ്ങനെയല്ലാത്തവർക്കായി ചില  വിശദാംശങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.  ബുധനാഴ്ച രാത്രി (മാർച്ച് 5) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് എന്റെ വിസ റദ്ദാക്കി.

വ്യാഴാഴ്ച രാവിലെ (മാർച്ച് 6) ഞാൻ ഇമെയിൽ പരിശോധിക്കുന്നതിനിടെ, കാമ്പസ് അവസ്ഥകളെക്കുറിച്ച് ഒരു വിദ്യാർത്ഥി അഭിപ്രായ സർവേ നടത്താൻ കൊളംബിയ യൂണിവേഴ്സിറ്റി (സിയു) നിയമിച്ച കക്ഷിയാണെന്ന് അവകാശപ്പെടുന്ന ഒരു സ്വകാര്യ നമ്പറിൽ നിന്നും  ഒരു ഫോൺ സർവേക്കുള്ള വിളി എനിക്ക് ലഭിച്ചു. സർവേയുടെ ഒരു ഘട്ടത്തിൽ ആ വ്യക്തി എന്റെ കൃത്യമായ വിലാസം അറിയാമെന്ന് വെളിപ്പെടുത്തി. അപ്പോൾ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല.

പകരം, എന്റെ വിസയുടെ നിയമപരമായ സാധുത, ഉറപ്പാക്കാൻ, ഞാൻ ഉടൻ തന്നെ ഐഎസ്എസ്ഒയുമായി (ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി ഓഫീസർ)  ബന്ധപ്പെടാൻ ശ്രമിച്ചു.  പൊതു സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് അവരുടെ അടിയന്തര ഹോട്ട് ലൈൻ കൈകാര്യം ചെയ്യുന്നതെന്ന കാര്യം നിങ്ങളിൽ ചിലർക്ക് അറിയുമായിരിക്കും. എന്റെ ഡിപ്പാർട്മെന്റും, ഐഎസ്എസ്ഒയുമായി നിരവധി മണിക്കൂർ നീണ്ട ഇമെയിൽ ഇടപാടുകൾക്ക്‌ ശേഷം, ഞാൻ കോംപ്ലിയൻസ് ഡയറക്ടറുമായി ബന്ധപ്പെട്ടു.  നിയമപരമായ എന്റെ കാര്യങ്ങൾ സാധുവാണെന്നും ടിഎ എന്ന നിലയിൽ എന്റെ ജോലി തുടരാമെന്നും അദ്ദേഹം രേഖാമൂലം ഉറപ്പ് നൽകി.

Apply to Barnard Collegeബർണാർഡ് കോളേജ് | PHOTO: WIKI COMMONS
വെള്ളിയാഴ്ച, (മാർച്ച് 7) ഒരു ഐഎസ്എസ്ഒ ഉപദേഷ്ടാവ്, സൂം കോളിൽ, നിയമപരമായ സാധുതകളെല്ലാം എനിക്ക് ഉറപ്പ് നൽകുന്നത് തുടരുന്നതിനിടെ, ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) വാറന്റില്ലാതെ എന്റെ വാതിലിൽ മുട്ടി. ഞാൻ തനിച്ചായിരുന്നെങ്കിൽ വാതിൽ തുറന്നേനെ. പക്ഷെ, അമേരിക്കൻ പൗരനായ എന്റെ റൂംമേറ്റ് ആ മുട്ട് നിയമപാലകരുടെ ആക്രമണമാണെന്ന് തിരിച്ചറിഞ്ഞു. വാറന്റിന്റെ അഭാവത്തിൽ അവരെ അകത്തേക്ക് കയറാൻ അനുവദിച്ചില്ലെന്നു മാത്രമല്ല അവർ സ്വന്തം ഐഡൻറിറ്റി വെളിപ്പെടുത്തണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. അവർ അത് ചെയ്യാൻ വിസമ്മതിച്ചു.

ഭയവും, ഉത്കണ്ഠയും നിറഞ്ഞ ഞാൻ സൂമിൽ ഉണ്ടായിരുന്ന ഉപദേഷ്ടാവിനോട് ഐസിഇ എന്റെ വാതിൽക്കൽ ഉണ്ടെന്ന് പറഞ്ഞു. തുടക്കത്തിൽ അവർക്ക് ഭ്രാന്തുപിടിച്ചതായി തോന്നി. അവർ ഉയർന്ന ഭരണാധികാരികളെ വിളിച്ചു. പക്ഷേ അവസാനം അവർ ലാഘവത്തോടെ പെരുമാറുന്നതായി തോന്നി. ഞാൻ ബന്ധപ്പെടേണ്ട അഭിഭാഷകരുടെ ഒരു ലിസ്റ്റ് ഐഎസ്എസ്ഒ എനിക്ക് കൈമാറി. പൊതുസുരക്ഷയെ വിളിക്കാൻ എന്നോട് ആവശ്യപ്പെട്ടു - അവർ ഒരു റിപ്പോർട്ട് ഫയൽ ചെയ്യുമെന്നും ഞാൻ വാതിൽ തുറക്കരുതെന്നും അവർ പറഞ്ഞു.

സിയു എന്നെ സഹായിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ, അതേ ദിവസം തന്നെ ഞാൻ എന്റെ വീട് ഉപേക്ഷിച്ച് സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് പോയി.

ശനിയാഴ്ച വൈകുന്നേരം 6:20 ന് (മാർച്ച് 8) ഐസിഇ വീണ്ടും എന്റെ വീട്ടിൽ വന്നു. പുറത്താക്കൽ നടപടികളിൽ എന്നെ ഉൾപ്പെടുത്തുന്നതുവരെ എല്ലാ ദിവസവും ഹാജരാകുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഈ ഘട്ടത്തിൽ എനിക്ക് നിയമപരമായ പദവി ഉണ്ടായിരുന്നു. അപ്പോഴും അവരുടെ പക്കൽ വാറന്റ് ഉണ്ടായിരുന്നില്ല. മഹ്മൂദിനെ ഐസിഇ അപ്രത്യക്ഷമാക്കിയതും ഇതേ ദിവസമായിരുന്നു.

Chicago ICE Raids: Inside Trump's Immigration Sweep Targeting Hundreds -  BloombergREPRESENTATIVE IMAGE | WIKI COMMONS
ഈ ഘട്ടം വരെ ഞാൻ കരുതിയത് ഞാൻ കാത്തിരിക്കേണ്ടിവരുമെന്നും എന്നെ സംരക്ഷിക്കാൻ സർവകലാശാല ഇടപെടുമെന്നുമായിരുന്നു. എന്റെ വിദ്യാർത്ഥികളുടെ അസൈൻമെന്റുകൾ ഗ്രേഡുചെയ്യുന്നതിനെക്കുറിച്ച് ഞാൻ അപ്പോഴും ആശങ്കാകുയായിരുന്നു. എനിക്ക് തെറ്റുപറ്റി. ഞായറാഴ്ച (മാർച്ച് 9) ഐസിഇ എന്റെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS)  നിയമവിരുദ്ധമായി റദ്ദു ചെയ്യുകയും, കൊളംബിയ ഏകപക്ഷീയമായി എന്നെ റോളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു. എന്റെ നിയമപരമായ പദവി, തൊഴിലാളി പദവി, പാർപ്പിടം എന്നിവ നഷ്ടപ്പെടാൻ അത് കാരണമായി. ഉടൻ തന്നെ എന്നെ തടങ്കലിൽ വയ്ക്കാൻ അത് പ്രേരണയായി.  ജിഎസ്എപിയിലെ സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ എന്നെ സഹായിക്കുന്നതിനുപകരം, ഞാൻ ഇപ്പോഴും വീട്ടിലുണ്ടെന്നും കത്ത് ലഭിച്ചുവെന്നും ഉറപ്പാക്കാനായി എന്റെ കെട്ടിടത്തിൽ വന്നു. കാര്യങ്ങൾ 'ഐഎസ്എസ്ഒയും കൊളംബിയയും നിയന്ത്രണത്തിലല്ലെന്ന് തോന്നുന്നു' എന്ന് അവകാശപ്പെട്ടെങ്കിലും ഈ ഘട്ടം വരെ അവർ സഹതാപം പ്രകടിപ്പിച്ചു. എന്നെ റോളിൽ നിന്നും നീക്കിയ ശേഷം ഞാനുമായുള്ള എല്ലാ ബന്ധങ്ങളും അവർ വിച്ഛേദിച്ചു.

ഈ ഘട്ടത്തിൽ എനിക്ക് ഏകദേശം രണ്ട് ഓപ്ഷനുകൾ ഉണ്ടെന്ന് എന്റെ അഭിഭാഷകർ പറഞ്ഞു. എനിക്ക് രാജ്യം വിടാം അല്ലെങ്കിൽ എന്റെ പദവി നിയമവിരുദ്ധമായി അവസാനിപ്പിക്കുന്നതിനെതിരെ പോരാടാം. പക്ഷേ, ഗണ്യമായ സമയം തടങ്കലിൽ ചെലവഴിക്കാൻ സാധ്യതയുണ്ട്. അതിനാൽ, ചൊവ്വാഴ്ച ( മാർച്ച് 11) അമേരിക്ക വിട്ട് കാനഡയിലേക്ക് പോകാനുള്ള പ്രയാസകരമായ തീരുമാനം ഞാൻ എടുത്തു. സർവകലാശാല നിയമപാലകരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഈ ഘട്ടത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. സ്വകാര്യ സർവേ എന്റെ വിലാസം സ്ഥിരീകരിക്കാൻ ശ്രമിക്കുന്ന ഐസിഇ ആണെന്ന് ഞാൻ സംശയിച്ചു.

ഞാൻ എന്റെ വീട് ഉപേക്ഷിച്ച് രാജ്യം വിട്ടതായി ഐസിഇ-ക്ക് അപ്പോഴും മനസ്സിലാക്കിയില്ല. വ്യാഴാഴ്ച (മാർച്ച് 13) എന്റെ വീട്ടിൽ ഡിഎച്ച്എസ് (ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി) റെയ്ഡ് നടത്തി. എന്റെ ശൂന്യമായ മുറി കണ്ട് ഏജന്റുമാർ ആശ്ചര്യപ്പെട്ടു.

പിറ്റേന്ന് (മാർച്ച് 14) ഞാൻ സ്വയം നാടുകടത്തപ്പെട്ടുവെന്ന് തെറ്റായി റിപ്പോർട്ട് ചെയ്യുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഒരു ഡിഎച്ച്എസ് ട്വീറ്റ് എന്നെ ഞെട്ടിച്ചു.

US universities ask international students to return ahead of Trump's  swearing in | Education News - The Indian ExpressREPRESENTATIVE IMAGE | WIKI COMMONS
എഫ് -1 വിസ ഉടമകൾക്കും, നമുക്കുള്ള കുറച്ച് നിയമപരമായ ഓപ്ഷനുകളിലും സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റിനുള്ള സമ്പൂർണ്ണ അധികാരം മാത്രമല്ല, കൊളംബിയ അതിന്റെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനുപകരം ഐസിഇയുമായി എത്രത്തോളം സഹകരിക്കുന്നുവെന്ന കാര്യവും വ്യക്തമാക്കാനാണ്  ഈ സംഭവങ്ങളുടെ നാൾവഴി രേഖപ്പെടുത്താനുള്ള കാരണം.

രണ്ടാമതായി, നിരപരാധിത്വം നിങ്ങളെ സംരക്ഷിക്കില്ല. 2023 ഓഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെ ഞാൻ രാജ്യത്ത് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 30 ന് എനിക്ക് സമൻസ് ലഭിച്ചപ്പോൾ, കേസ് കോടതികൾ തള്ളിക്കളഞ്ഞു,  അച്ചടക്കവുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. താഴ്ന്ന തലത്തിലുള്ള ചില പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയും ചെയ്തതൊഴിച്ചാൽ, ക്യാമ്പസിലെ പരിപാടികളുമായി എനിക്ക് കാര്യമായ ബന്ധമില്ല. അതിനാൽ എന്തുകൊണ്ടാണ് എന്നെ ലക്ഷ്യമിട്ടതെന്ന് ഒരു വിശദീകരണവുമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ക്രിമിനൽവൽക്കരണം, കുപ്രസിദ്ധമായ യാത്രാ നിരോധനങ്ങൾ, അതിവേഗം രൂക്ഷമാവുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം, എന്നിവ കണക്കിലെടുക്കുമ്പോൾ, എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിക്കാം.

അതിനാൽ, ഈ ഏകപക്ഷീയമായ ഭരണകൂട നടപടികളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കൊളംബിയയിലും മറ്റ് സർവകലാശാലകളിലും പരമാവധി സമ്മർദ്ദം ചെലുത്തണം. ധനസഹായം വെട്ടിക്കുറയ്ക്കുന്നത് മാറ്റാമെന്ന പ്രതീക്ഷയിൽ കൊളംബിയ ബലി കൊടുത്തവരുടെ സമ്പൂർണ്ണ പൊതുമാപ്പിനും പുനരധിവാസത്തിനും വേണ്ടി നാം പോരാടണം.  സർവകലാശാലകൾ ശരിയായ നിലയിൽ കാര്യങ്ങൾ ചെയ്യണമെന്ന് എല്ലാവരും യോജിപ്പോടെ ആവശ്യപ്പെടേണ്ട സമയമാണിത്.

ജിഎസ്എപിപി നഗരാസൂത്രണ വിഭാഗത്തിൽ അഞ്ചാം വർഷ പിഎച്ച്ഡി വിദ്യാർത്ഥിനിയും ബർണാർഡ് കോളേജിലെ അർബൻ സ്റ്റഡീസ് വിഭാഗത്തിൽ ടീച്ചർ അസ്സിസ്റ്റന്റുമായിരുന്ന രഞ്ജനി ശ്രീനിവാസൻ അറസ്റ്റും നാടുകടത്തലും ഒഴിവാക്കാൻ കാനഡയിൽ അഭയം തേടിയിരിക്കുകയാണ്.




#Trumpverse
Leave a comment