മാറുന്ന കേരളത്തിന്റെ വിശാല മുഖങ്ങള്‍
ആധുനിക കേരളത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ കേരളത്തിനകത്തും, പുറത്തുനിന്നുമുള്ള സംഭാവനകളും, സ്വാധീനങ്ങളും സുപ്രധാന ഘടകങ്ങളായിരുന്നു എന്നതിനെ പറ്റി കൂടുതല്‍ വ്യക്തതയാര്‍ന്ന അറിവുകള്‍ ലഭ്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കേരളത്തിനുള്ളിലും, കേരളത്തിന് പുറത്തേക്കുമെല്ലാമുള്ള നിരന്തരമായ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് മലയാളികളുടെ ജീവിതം. ഭൂപ്രദേശം, ഭാഷ തുടങ്ങിയ അതിര്‍വരമ്പുകളെ മറികടക്കുന്ന സ്വത്വമായി മലയാളികള്‍ പരിവര്‍ത്തനപ്പെടുന്ന കാലഘട്ടത്തെ മനസ്സിലാക്കുവാനും തല്‍ഫലമായി സാമൂഹ്യജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ഉയര്‍ന്നുവരുന്ന ഗുണപരവും നിഷേധാത്മകവുമായ പ്രവണതകളെ അഭിസംബോധന ചെയ്യാനും പോയകാലത്തെ വിശകലനോപാധികള്‍ മതിയാവില്ലെന്ന ബോധ്യം അവഗണിക്കാനാവാത്ത സാന്നിദ്ധ്യമായിട്ടുണ്ട്. വളരെ സ്വാഭാവികമെന്ന നിലയില്‍ ഇപ്പോള്‍ കരുതപ്പെടുന്ന കേരളീയ സ്വത്വനിര്‍മ്മിതിയുടെ വാസ്തുഘടന രൂപപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിലാണ്. ജാതി മര്‍ദ്ദനത്തിന് എതിരായ പ്രക്ഷോഭങ്ങള്‍, ജാതി-സമുദായ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍, പ്രജയില്‍ നിന്നും പൗരനിലേക്കുള്ള വളര്‍ച്ച സാധ്യമാക്കിയ രാഷ്ട്രീയബോധ്യങ്ങള്‍ക്ക് വഴിയൊരുക്കിയ പ്രസ്ഥാനങ്ങള്‍, പുതിയ വാര്‍ത്താവിനിമയോപാധികള്‍ തുടങ്ങിയ പല അടരുകളിലായി വ്യാപിച്ചു കിടക്കുന്ന സംഭവങ്ങളാണ് കേരളമെന്ന രാഷ്ട്രീയ യൂണിറ്റിന്റെ രൂപീകരണത്തിന്റെ പിന്നിലെ ഘടകങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിലാണ് അവയില്‍ നല്ല പങ്കും അരങ്ങേറിയത്. അതേ കാലഘട്ടത്തില്‍ തന്നെ സംഭവിക്കുന്ന ഒന്നായിരുന്നു പ്രവാസവും. കേരളത്തിനുള്ളിലും, കേരളത്തിന് പുറത്തേക്കും. ഒന്നാം ലോകയുദ്ധത്തിന്റെ കാലത്താണ് കേരളത്തിന് പുറത്തേക്കുള്ള പോക്കിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നതെങ്കില്‍ കേരളത്തിനുള്ളില്‍ നടന്നത് പ്രധാനമായും തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്കുള്ള കുടിയേറ്റമായിരുന്നു. തേയില-കാപ്പി തുടങ്ങിയ തോട്ടവിളകളുടെ വ്യാപനത്തോടെ ഇടനാടുകളില്‍ നിന്നും മലനാടുകളിലേക്കുള്ള പറിച്ചുനടലും ഈ കാലഘട്ടത്തില്‍ നടന്നിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അനുഭവവേദ്യമായ പ്രവാസവുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലെങ്കിലും നിര്‍ബന്ധിതമായ നാടുകടത്തലും, അടിമ വ്യാപാരവും ആധുനികകാലത്തെ മലയാളി സ്വത്വനിര്‍മ്മിതിയുടെ ചരിത്രത്തില്‍ അവഗണിക്കാനാവാത്ത വിഷയങ്ങളാണ്. തനതായ ചരിത്രവും സംസ്‌ക്കാരവുമുള്ള ഒരു സമൂഹമെന്ന നിലയിലുള്ള മലയാളി സ്വത്വനിര്‍മ്മിതി ഭാഷയുടെയും ഭൂപ്രദേശത്തിന്റെയും അതിരുകളെ ലംഘിക്കുന്ന വിശാല കേരളീയതയായി പരിവര്‍ത്തനപ്പെടുന്നതിനെക്കുറിച്ചുള്ള ഭാവനകള്‍ ഉരുത്തിരിയുന്നതും മേല്‍പ്പറഞ്ഞ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ്.
REPRESENTATIVE IMAGE | WIKI COMMONS
വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തില്‍ നിന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വലിയതോതില്‍ യുവതി-യുവാക്കള്‍ യാത്രയാവുന്ന പ്രവണത വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ പശ്ചാത്തലത്തിലാണ് വിശാല കേരളമെന്ന ആശയത്തിന്റെയും ഭാവനയുടെയും പ്രസക്തി. മലയാളികളുടെ നിരന്തരമായ യാത്രയും പ്രവാസവും അതിന് സവിശേഷമായ നിലയില്‍ ഊര്‍ജ്ജം പകരുന്ന ഘടകങ്ങളാണ്. ഒരു നിര്‍ദ്ദിഷ്ട പ്രദേശത്ത് ലഭ്യമാവുന്നതിനേക്കാള്‍ മെച്ചപ്പെട്ട അവസരങ്ങള്‍ മറ്റുള്ള സ്ഥലങ്ങളില്‍ ലഭ്യമാണെന്ന തിരിച്ചറിവ്, നിര്‍ബന്ധിതമായ പുറത്താക്കലുകള്‍, യുദ്ധം, പ്രകൃതിക്ഷോഭം എന്നിവ മൂലം ആവാസമേഖലകള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായവര്‍ എന്നിവയെല്ലാം പ്രവാസത്തിന്റെ പ്രധാന പ്രേരണകളായി വര്‍ത്തിക്കുന്ന ഘടകങ്ങളെന്നു പൊതുവെ പറയാം. കേരളത്തിന്റെ കാര്യത്തില്‍ പ്രധാനമായുള്ള പ്രേരണ ഒന്നാമത്തെ ഘടകമാണ്. അതായത് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ തേടിയുള്ളവ. ഒരു നൂറ്റാണ്ടിലധികമായുള്ള കേരളത്തിന്റെ പ്രവാസചരിത്രം നല്‍കുന്ന സൂചന അതാണ്. അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കുന്നതുപോലെ പ്രധാനമാണ് ഒരു നൂറ്റാണ്ടിലധികമായി നടക്കുന്ന ഈ പ്രക്രിയ മലയാളിയെന്ന സ്വത്വനിര്‍മ്മിതിയുടെ ഭൗതിക പരിസരങ്ങളില്‍ വരുത്തുന്ന ഉടച്ചുവാര്‍ക്കലുകളും ആവിഷ്‌ക്കാരങ്ങളും. സാമ്പത്തികം, സാമൂഹ്യബന്ധങ്ങള്‍, സാഹിത്യം, സാംസ്‌ക്കാരം, കല, സ്ത്രീകളുടെ പദവി, കീഴാളത, ദളിത് സ്വത്വം, മതന്യൂനപക്ഷങ്ങള്‍, മാധ്യമങ്ങള്‍, വിനോദവ്യവസായം, ലൈംഗിക-ഭാഷാ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ രൂപഭാവങ്ങളില്‍ ഈ ഭൗതികത പ്രത്യക്ഷമായും പരോക്ഷമായും ഇടപെടുന്നതായും സ്വാധീനിക്കുന്നതായും കരുതേണ്ടിയിരിക്കുന്നു. ഭാഷാപരവും ഭൂപ്രദേശപരവുമായ അതിരുകളെ മറികടക്കുന്ന ഇടപെടലുകളായി അവ മാറുന്നതിനെക്കുറിച്ചുള്ള സാധ്യതകളെ എങ്ങനെയാണ് മനസ്സിലാക്കാനാവുക. അതിനെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണമാണ് വിശാല കേരളമെന്ന പ്രമേയം ഏറ്റെടുക്കുവാനുള്ള പ്രേരണ.
REPRESENTATIVE IMAGE | WIKI COMMONS
ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് ഇപ്പോള്‍ പ്രവാസം. സാമ്പത്തികമായി മുന്‍നിരയിലുള്ള രാജ്യങ്ങളായ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വ്യാപകമായ കുടിയേറ്റമാണ് അതിന്റെ കാരണം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്കയിലേക്കുള്ള കുടിയേറ്റം പ്രധാനമായും നടക്കുന്നതെങ്കില്‍ പശ്ചിമേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റം. അമേരിക്കയിലും, യൂറോപ്പിലും നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളില്‍ പ്രധാന വിഷയമായി കുടിയേറ്റം മാറിയിരിക്കുന്നു. വംശീയതയും അപരനിര്‍മ്മിതിയും മുഖമുദ്രയാക്കി ഈ രാജ്യങ്ങളില്‍ ശക്തിപ്രാപിക്കുന്ന വലത് രാഷ്ട്രീയ കക്ഷികളുടെ പ്രധാന ശത്രുവായി കുടിയേറ്റക്കാര്‍ മാറിയിരിക്കുന്നു. അതിന്റെ ലക്ഷണമൊത്ത മാതൃകയാണ് അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ്. യൂറോപ്പിലുടനീളവും സമാനമായ ചിന്താഗതിക്കാരായ നേതാക്കളും, രാഷ്ട്രീയകക്ഷികളും സുലഭമാണ്. വെറുപ്പും, പകയും, വിദ്വേഷവും പ്രകടമായ നിലയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉദയം പുരോഗമന ശക്തികളുടെ ഭാഗത്തുനിന്നും നാനാതരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദേശപ്പെരുമ, പൗരത്വം, രാഷ്ട്രീയ അവകാശങ്ങള്‍, ദേശരാഷ്ട്ര സങ്കല്‍പ്പനങ്ങളുടെ പുനരാവിഷ്‌ക്കാരങ്ങള്‍, സാംസ്‌ക്കാരിക വിനിമയങ്ങള്‍ തുടങ്ങി സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളെയൊകെ സ്പര്‍ശിക്കുന്ന സംവാദങ്ങള്‍ അതിന്റെ ഭാഗമായി ലോകമാകെ അലയടിക്കുന്നു. കൊളോണിയലിസം, മുതലാളിത്തം, സാമ്രാജ്യത്വം എന്നിവയെക്കുറിച്ചുള്ള വിവിധങ്ങളായ പരിപ്രേക്ഷ്യങ്ങളിലുള്ള പഠനങ്ങളും, വിലയിരുത്തലുകളും കൂടുതല്‍ തെളിമയോടെ പുറത്തുവരാനും ഈ സംവാദങ്ങള്‍ കാരണമായിട്ടുണ്ട്. കൊളോണിയല്‍ അധിനിവേശവും, ചൂഷണവും, വിഭവക്കൊള്ളയും നിരാലംബരാക്കിയ മനുഷ്യര്‍ ഏഷ്യയിലും, ആഫ്രിക്കയിലും, തെക്കനമേരിക്കയില്‍ നിന്നും അഭയാര്‍ത്ഥി പ്രവാഹങ്ങളായി യൂറോപ്പിലും, അമേരിക്കയിലും എത്തിക്കിട്ടാനായി അലയുന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ പഴയ ചൂഷണം പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുന്നതിനെ ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയ-സാമ്പത്തിക-മത മേഖലകളില്‍ അധിനായകത്വം പുലര്‍ത്തിയിരുന്ന വര്‍ഗ്ഗങ്ങളുടെ അധീശ വ്യവഹാര ചിഹ്നങ്ങള്‍ മൊത്തം ജനങ്ങളുടെയും ദേശപ്പെരുമയുടെ അഭിമാന ചിഹ്നങ്ങളായി മാറ്റിയെടുക്കുന്ന ആക്രമണോത്സുകമായ ദേശീയതയെ ചെറുക്കുന്നതിനുള്ള ആശയപരവും പ്രായോഗികവുമായ സമീപനങ്ങള്‍ മേല്‍പ്പറഞ്ഞ സംവാദങ്ങളുടെ ഭാഗമാണ്.
ഡൊണാള്‍ഡ് ട്രംപ് | PHOTO: FACEBOOK
യൂറോപ്പിലും, അമേരിക്കയിലും വലതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ആക്രമണോത്സുകമായ സങ്കുചിത ദേശീയവാദത്തിന്റെ അനുകരണങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രബല രാഷ്ട്രീയശക്തികളായി വളര്‍ന്നിരിക്കുന്നതും വിശാലകേരളമെന്ന പ്രമേയം കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. ആഗോളതലത്തിലും ഇന്ത്യയിലും അരങ്ങേറുന്ന വംശീയത, അപരവിദ്വേഷം, അസഹനീയമായ അസമത്വം, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ കാലങ്ങളായി അനുഭവിക്കുന്ന വിവേചനം തുടങ്ങിയ പല വിഷയങ്ങളും പ്രവാസജീവിതത്തിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. വിശാല കേരളമെന്ന പ്രമേയം ഈ വിഷയങ്ങളെ അവയുടെ സമഗ്രതയില്‍ പരിശോധിക്കുന്നു. ഡോ. പ്രീതി ശേഖറും ദീപക് പച്ചയും ചേർന്നെഴുതിയ ആമുഖ ലേഖനം അതിനുള്ള ദിശാസൂചികയാണ്. കേരളീയരെക്കുറിച്ചുള്ള സങ്കല്‍പ്പനത്തില്‍ തന്നെ കാലോചിതമായ മാറ്റമുണ്ടാവണമെന്ന വീക്ഷണം മുന്നോട്ടുവയ്ക്കുന്ന ഡോ. പ്രീതി ശേഖറും ദീപകും ദേശാതിര്‍ത്തികളെ മറികടക്കുന്ന ഒരു കേരളീയ സ്വത്വത്തിന്റെ അനിവാര്യതയുടെ സാഹചര്യം വിശദീകരിക്കുന്നു. കേരളത്തില്‍ ജീവിക്കുന്നവരും, കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളും മാത്രമല്ല കേരളത്തിനകത്ത് ഇപ്പോള്‍ നിത്യസാന്നിദ്ധ്യമായ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടുന്ന ഒരു വിശാല കേരളീയ സ്വത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണം കൂടുതല്‍ വിശാലമായ സംവാദങ്ങള്‍ ആവശ്യപ്പെടുന്നു. മെയ്-ജൂണ്‍ മാസങ്ങളില്‍ TMJ-360 അതിനുളള വേദിയായി മാറുന്നു.